തിരുവനന്തപുരം: മനുഷ്യജീവിതത്തിലെ പച്ചയായ യാഥാർത്ഥ്യങ്ങളെ പൊള്ളുന്ന തരത്തിൽ തന്റെ കവിതകളിലൂടെ ആവിഷ്‌കരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി പത്മശ്രീ സുഗതകുമാരി അന്തരിച്ചു. വാർദ്ധക്യകാല അസുഖങ്ങളെ തുടർന്ന് വീട്ടിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെയാണ് ആരോഗ്യനില വഷളായതും മരണം സംഭവിച്ചതും. അരനൂറ്റാണ്ടിലേറെയായി തുടരുന്ന കാവ്യജീവിതത്തിനിടെ നിരാലംബർക്കിടയിലേക്കും തെരുവിലേക്കും കടന്നുചെന്ന സുഗതകുമാരി പരിസ്ഥിതി, ജനകീയ പ്രക്ഷോഭങ്ങളിലെ മുന്നണിപ്പോരാളിയുമായിരുന്നു.
പ്രശസ്ത കവിയും സ്വാതന്ത്ര്യസമരസേനാനിയുമായ ബോധേശ്വരന്റെയും തിരുവനന്തപുരം വിമൻസ് കോളേജിൽ സംസ്‌കൃതം പ്രൊഫസറായിരുന്ന കാർത്യായനിയമ്മയുടേയും മകളായി 1934 ജനുവരി 22നാണ് സുഗതകുമാരിയുടെ ജനനം. തത്വശാസ്ത്രത്തിൽ എം.എ ബിരുദം നേടിയ സുഗതകുമാരി തളിര് എന്ന മാസികയുടെ പത്രാധിപരായും സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷയായും തിരുവനന്തപുരം ജവഹർ ബാലഭവന്റെ മേധാവിയായും സേവനമനുഷ്ഠിച്ചു. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയും സാമൂഹിക അനീതികൾക്കെതിരായും പ്രവർത്തിക്കുകയും തൂലിക പടവാളാക്കി പൊരുതുകയും ചെയ്തു. അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം, അഭയഗ്രാമം എന്നിവയെല്ലാം സുഗതകുമാരിയുടെ സംഭാവനകളാണ്.