സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് 2024 ലെ സ്വാമി വിവേകാനന്ദന് യുവ പ്രതിഭാ പുരസ്കാരത്തിനുള്ള അപേക്ഷാ തിയതി സെപ്റ്റംബര്‍ 25 ന് വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചു. വ്യക്തിഗത അവാര്‍ഡിന് അതത് മേഖലകളിലെ 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങളെയാണ് നാമനിര്‍ദേശം ചെയ്യേണ്ടത്. സാമൂഹ്യ പ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം (പ്രിന്റ്), മാധ്യമ പ്രവര്‍ത്തനം (ദൃശ്യ മാധ്യമം), കല, സാഹിത്യം, കായികം (വനിത), കായികം (പുരുഷന്), സംരംഭകത്വം, കൃഷി, ഫോട്ടോഗ്രഫി മേഖലകളില്‍ നിന്നും മികച്ച ഓരോ വ്യക്തിക്ക് വീതം ഒന്‍പത് പേര്‍ക്കാണ് പുരസ്കാരം നല്‍കുക. പുരസ്കാരത്തിനായി സ്വയം അപേക്ഷ നല്കാന് കഴിയില്ല. അതത് മേഖലകളുമായി ബന്ധപ്പെട്ട ഏതൊരാള്‍ക്കും മറ്റൊരാളെ നോമിനേറ്റ് ചെയ്യാം. പുരസ്കാരത്തിന് അര്‍ഹരാകുന്നവര്‍ക്ക് 50,000 രൂപയും പ്രശസ്തി പത്രവും നല്‍കും.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.