വർഷങ്ങളായി പ്രളയകാലത്ത് വയനാട് പൂർണമായും ഒറ്റപ്പെടുന്നത് തടയുവാനും വയനാടിന്‍റെ സമഗ്രവികസനത്തിന് അനിവാര്യമായതും ചുരത്തിൽ ദിനംപ്രതി അനുഭവപ്പെടുന്ന മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകുന്ന വയനാട്ടിലെ ജനങ്ങൾ 1975 മുതൽ നിരന്തരം ആവശ്യപ്പെടുന്ന പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് നിർമ്മാണം സംസ്ഥാന ഗവര്‍ണമെന്‍റിന്‍റെ നൂറിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തീകരിക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്ന് പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് വികസന സമിതി അദ്ദേഹത്തിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ശാസ്ത്രീയ പഠനത്തിനും സർവ്വേയ്ക്കും പരിസ്ഥിതി പഠനത്തിനും ശേഷം 10 കോടി രൂപ അനുവദിച്ച് 26 വർഷം മുമ്പ് തറക്കല്ലിട്ട് 70% പണി പൂർത്തീകരിച്ച ബദൽ റോഡുകളിൽ പ്രഥമസ്ഥാനം ലഭിച്ച പടിഞ്ഞാറത്തറ- പൂഴിത്തോട് റോഡ് നിർമ്മാണം പുനരാരംഭിക്കേണ്ടത് പരമ്പരാഗത കാർഷിക മേഖലയിൽ വൻ തകർച്ച നേരിടുന്ന വയനാടിന്‍റെ വികസന മുന്നേറ്റത്തിന് ടൂറിസം രംഗത്തുള്ള വൻ വളർച്ചക്കും അനിവാര്യമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
വനത്തിലൂടെയുള്ള 8.251 KM റോഡിന്‍റെ നിർമ്മാണം മാത്രമാണ് അവശേഷിക്കുന്നത്. വൻ പാലങ്ങളോ കയറ്റ മോ ഇല്ലാത്ത ചുരുങ്ങിയ ചിലവിൽ 60 കോടി രൂപയോളം മുടക്കി മാസങ്ങൾ കൊണ്ട് പൂർത്തീകരിക്കുവാൻ കഴിയുന്ന പദ്ധതിയാണിത്. ഈ പദ്ധതിക്കു വേണ്ടി സംസ്ഥാന ഗവര്‍ണമെന്‍റ് അപേക്ഷയും സി.പി.ആർ അടക്കം മുഴുവൻ രേഖകളും കഴിഞ്ഞ മാർച്ചിൽ കേന്ദ്ര ഗവര്‍ണമെന്‍റിന് നൽകിയിട്ടുണ്ട്. താമരശ്ശേരി ചുരം നവീകരണത്തിന് കഴിഞ്ഞ വർഷം സംസ്ഥാന ഗവര്‍ണമെന്‍റിന് 2 ഏക്കർ വനഭൂമി കേന്ദ്രം വിട്ടു നൽകിയത് നമ്മൾക്ക് പ്രതീക്ഷ നൽകുന്ന നടപടിയാണ്. 52 ഏക്കർ വനഭൂമിക്ക് പകരം 4 പഞ്ചായത്തുകൾ 104 ഏക്കർ വനഭൂമി വർഷങ്ങൾക്ക് മുമ്പ് കേന്ദ്ര ഗവര്‍ണമെന്‍റിന് കൈമാറിയിട്ടുണ്ട്. ആനക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാതക്കും കേന്ദ്ര ഗവര്‍ണമെന്‍റിന്‍റെ അനുമതി ലഭിച്ച് പണി തുടങ്ങുവാനും നിർമ്മാണം പൂർത്തീകരിക്കുവാനും വർഷങ്ങൾ കഴിയുമെന്നതുകൊണ്ട് വയനാട്ടിലെ ജനങ്ങൾ നേരിടുന്ന യാത്രാദുരിതത്തിനും പരിഹാരമെന്ന നിലയിൽ ഈ പദ്ധതിക്ക് വേണ്ടി സംസ്ഥാന ഗവര്‍ണമെന്‍റ് കേന്ദ്ര ഗവര്‍ണമെന്‍റില്‍ സമ്മർദം ചെലുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട് ബദൽ റോഡ് വികസന സമിതി ചെയർമാൻ കെ.എ ആന്റണി , വൈസ് ചെയർമാൻ കെ.എം ജോസഫ് കൺവീനർ ടി.പി. കുര്യാക്കോസ് തുടങ്ങിയവർ ചേർന്നാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.







