പഠനത്തിൽ ഉഴപ്പുന്നതിന് മാതാപിതാക്കൾ വഴക്ക് പറയുന്നത് സാധാരണയാണ്. അത് കേൾക്കുമ്പോൾ അരിശം കയറുന്ന കുട്ടികളും ഉണ്ടാകും. ആ ദേഷ്യം തീർക്കാൻ വഴക്കു പറഞ്ഞവരുടെ പണമെടുത്ത് ഒരു ട്രിപ്പ് പോയാലോ..?
ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. പത്താം ക്ലാസിൽ പഠിക്കുന്ന ഇവനെ പഠനത്തിൽ ഉഴപ്പുന്നതിന് മാതാപിതാക്കളും മുത്തച്ഛനും ശാസിച്ചിരുന്നു. അവനത് ഇഷ്ടപ്പെട്ടില്ല. പിന്നെ ആ 14 വയസ്സുകാരൻ വീട്ടിൽ നിന്ന് ഒന്നര ലക്ഷം രൂപ കട്ടെടുത്ത് അവിടെ നിന്നും മുങ്ങി. പിന്നീട് ആ പണംകൊണ്ട് ഗോവയിൽ ഉല്ലാസ ജീവിതം.
കുട്ടിയെ കാണാനില്ലെന്ന് പോലീസിൽ പരാതിപ്പെട്ടതിന് പിന്നാലെയാണ് വീട്ടിൽ നിന്നും ഒന്നര ലക്ഷം രൂപ കളവുപോയ കാര്യവും മനസ്സിലായത്. അപ്പോഴാണ് മകൻ പണമെടുത്താണ് മുങ്ങിയത് എന്ന കാര്യം വ്യക്തമാകുന്നത്.
തുടർന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്തി. പൂനെ പൊലീസിൻ്റെ സഹായത്തോടെ കണ്ടെത്തിയ കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.







