ജപ്തി നടപടിക്കിടെ ആത്മഹത്യചെയ്ത നെയ്യാറ്റിൻകര സ്വദേശി രാജനെതിരെ ആത്മഹത്യാശ്രമം,കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തൽ എന്നിവ ചൂണ്ടിക്കാട്ടി എഫ്ഐആർ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്.അഭിഭാഷക കമ്മീഷന്റെ മൊഴിയിൽ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. അതേസമയം രാജന്റെയും ഭാര്യയുടെയും മരണത്തിൽ പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടോ എന്ന് കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
മരിച്ച രാജൻ ഭൂമി കൈയേറ്റം ചെയ്തുവെന്ന് കാണിച്ച് അയൽവാസിയായ വസന്ത നെയ്യാറ്റിൻകര പ്രിൻസിപ്പൽ മുൻസിഫ് കോടതിയെ സമീപിച്ചിരുന്നു.ഇതേ തുടർന്ന് കോടതി അഭിഭാഷക കമ്മീഷനെ നിയമിച്ച് അന്വേഷണം നടത്തുകയും തുടർന്ന് രാജനെയും കുടുംബത്തെയും ഈ സ്ഥലത്ത് നിന്ന് ഒഴിപ്പിക്കാൻ ഉത്തരവിറക്കുകയും ചെയ്തു.ഇവരെ ഒഴിപ്പിക്കാനായി ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് രാജനും ഭാര്യ അമ്പിളിയും തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യാ ശ്രമം നടത്തിയത്.ഗുരുതരമായി പൊള്ളലേറ്റ ഇവർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേയാണ് മരിച്ചത്.
സംഭവത്തിൽ ഇവരുടെ മക്കൾ പോലീസുകാർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. സാമ്പത്തിക സഹായം വേണമെന്നും ഈ പരാതിയിൽ ആവശ്യപ്പെട്ടു.ഈ സംഭവത്തിൽ തിരുവനന്തപുരം ജില്ലാ കളക്ടർ ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകും.ഈ കുട്ടികളുടെ വിദ്യാഭ്യാസം, പുനരധിവാസം എന്നിവയിൽ എന്ത് അടിയന്തര നടപടിയാണ് എടുക്കാൻ ആവുക എന്നതിന്റെ പ്രാഥമിക റിപ്പോർട്ട് ആണ് നൽകുക.
മരിച്ച രാജന്റെയും അമ്പിളിയുടെയും കുടുംബങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുക, അവർക്ക് അതേ സ്ഥലത്ത് തന്നെ വീട് നിർമ്മിച്ച് നൽകുക, മക്കളിൽ ഒരാൾക്ക് ജോലി നൽകുക, അയൽവാസിയായ വസന്തയെ അറസ്റ്റ് ചെയ്യുക തുടങ്ങിയവയാണ് ഇവരുടെ മറ്റ് ആവശ്യങ്ങൾ.മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം ബാക്കി ആവശ്യങ്ങൾ തീരുമാനിക്കുമെന്നും കലക്ടർ അറിയിച്ചു. കലക്ടറ പൂർണമായും വിശ്വസിക്കുന്നുവെന്ന് മരിച്ച ദമ്പതികളുടെ മക്കളായ രാഹുലും രഞ്ജിത്തും മാധ്യമങ്ങളോട് പറഞ്ഞു.








