വിമാന യാത്രക്കാരെ ദുരിതത്തിലേക്ക് തള്ളിവിട്ട ഇൻഡിഗോ കമ്പനിക്കെതിരെ കടുത്ത നടപടി തുടങ്ങി കേന്ദ്ര സർക്കാർ. അടിയന്തരമായി ഇൻഡിഗോയുടെ അഞ്ച് ശതമാനം സർവ്വീസുകൾ വെട്ടിക്കുറച്ച് മറ്റ് വിമാനകമ്പനികൾക്ക് നൽകാനാണ് സർക്കാർ തീരുമാനം. എയർ ഇന്ത്യ, ആകാസ എന്നീ എയർലൈനുകൾക്ക് ഈ സർവ്വീസുകൾ ഏറ്റെടുക്കാൻ കഴിയുമെങ്കിൽ കൈമാറാനാണ് നീക്കം. ഇൻഡിഗോയുടെ മുതിർന്ന ഉദ്യോഗസ്ഥരെ തൽസ്ഥാനങ്ങളിൽ നിന്ന്നീക്കാനും നിർദ്ദേശം നല്കും.
സ്ഥിതി സാധാരണനിലയിലേക്ക് മടങ്ങുന്നുവെന്നും യാത്രക്കാർക്ക് പ്രതിസന്ധിയുണ്ടാക്കുന്ന ഒരു നടപടിയും അനുവദിക്കില്ലെന്ന് വ്യോമയാന മന്ത്രി റാംമോഹന്‍ നായിഡു ലോക്സഭയില്‍ പറഞ്ഞു. വ്യോമയാന രംഗത്ത് മികച്ചതും മത്സരാധിഷ്ഠിതവുമായ സാഹചര്യം ഉറപ്പാക്കും. കൂടുതൽ വിമാന കമ്പനികളെ സർക്കാർ പ്രോത്സാഹിപ്പിക്കും. ഇതിലൂടെ കുത്തകവത്ക്കരണം അടക്കം ഇല്ലാതാക്കാനുള്ള നടപടി സ്വീകരിക്കുമെന്നുമാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം.







