കേരളാ വനം വന്യജീവി വകുപ്പിന്റെ സഹായത്തോടെ ടോട്ടം റിസോഴ്‌സ് സെന്ററും റൈസ് അപ്പ് ഫോറവും ചേർന്ന് മുത്തങ്ങക്കടുത്തുള്ള കോളൂർ ഗ്രാമത്തിൽ തയ്യാറാക്കിയ ശില്പി ലൈബ്രറിയുടെ ഉദ്‌ഘാടനം സുൽത്താൻ ബത്തേരി അസിസ്റ്റന്റ് വൈൽഡ്ലൈഫ് വാർഡൻ രമ്യ രാഘവൻ നിർവഹിച്ചു. വാർഡ് മെമ്പർ ഗോപിനാഥന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടോട്ടം റിസോഴ്‌സ് സെന്ററിന്റെ സ്റ്റേറ്റ് കോഡിനേറ്റർ ജയ്‌ശ്രീകുമാർ, റൈസ് അപ്പ് ഫോറം പ്രതിനിധി അരുൺ ജിത്ത്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ ബീരാൻകുട്ടി എന്നിവർ സന്നിഹിതരായിരുന്നു. കോളൂർ ഗ്രാമത്തിന്റെ വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്ക് വലിയ മുതൽക്കൂട്ടാവും ഈ ലൈബ്രറി എന്ന് രമ്യ രാഘവൻ തന്റെ ഉദ്‌ഘാടന പ്രസംഗത്തിൽ പ്രത്യാശ പ്രകടിപ്പിച്ചു.
വയനാട്ടിലെ ഗോത്ര വർഗ മേഖലയിലെ യുവാക്കളെ അറിവിന്റെ ലോകത്തേക്ക് ആനയിക്കുക എന്ന ലക്ഷ്യത്തോടെ ടോട്ടം റിസോഴ്‌സ് സെന്റർ നടത്തുന്ന donate a book campaign ന്റെ ഭാഗമാണ് ശില്പി ലൈബ്രറിയും. ഈ ക്യാംപെയ്നിന്റെ ഭാഗമായി 500 ൽ കൂടുതൽ പുസ്തകങ്ങൾ ലൈബ്രറിക്ക് ലഭ്യമാക്കാൻ സാധിച്ചു. റൈസ് അപ് ഫോറം പുസ്തകങ്ങൾക്ക് പുറമെ അത്യാവശ്യ ഫർണിച്ചറുകളും വനം വകുപ്പ് ആവശ്യമായ കസേരകളും നൽകിയാണ് ലൈബ്രറി വീണ്ടും സജീവമാക്കിയത് .
ഇത്തരത്തിലുള്ള 100 ലൈബ്രറികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കാനാണ് ടോട്ടം റിസോഴ്‌സ് സെന്റർ ലക്ഷ്യമിടുന്നത്. ശില്പി ലൈബ്രറിയെ കൂടാതെ മറ്റ് 7 ലൈബ്രറികൾ വയനാട്ടിലെ ഗോത്രവർഗ മേഖലകളായ തോൽപെട്ടി, ഇടിയംവയൽ, കടച്ചിക്കുന്ന്, സുഗന്ധഗിരി, വൈത്തിരി, കൈപ്പാണിമൂല, പരിയാരം എന്നീ സ്ഥലങ്ങളിൽ കൂടി ഉടൻ പ്രവർത്തനം ആരംഭിക്കും.
ലൈബ്രറികളിലേക്ക് പുസ്തകങ്ങൾ, അലമാര, മേശ, കസേര തുടങ്ങിയവ സംഭാവന ചെയ്യാൻ ഉദ്ദേശിക്കുന്നവർ 6235612577 എന്ന നമ്പറിൽ ബന്ധപ്പെടുക.








