ലോകത്ത് ഏറ്റവും കൂടുതൽ മരണകാരണമായ രോഗമാണ് ഹൃദ്രോഗം. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും 17.9 ദശലക്ഷം പേര്‍ ഹൃദ്രോഗം മൂലം മരണപ്പെടുന്നു. ഹൃദ്രോഗം വരാന്‍ പ്രത്യേകിച്ച് ഒരു പ്രായമൊന്നുമില്ല. യുവാക്കള്‍ക്ക് പോലും ഹൃദ്രോഗം പിടിപെടാന്‍ സാധ്യതയുണ്ട്. 55 വയസ്സില്‍ താഴെയുള്ള ടൈപ്പ്-2 പ്രമേഹ രോഗികളായ സ്ത്രീകള്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
ഒരു ദശാബ്ദം നീണ്ട പഠനത്തില്‍ 28,024 സ്ത്രീകളാണ് പങ്കെടുത്തത്. ഇവരുടെ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട 50 സൂചനകളും വിലയിരുത്തപ്പെട്ടു. യുവാക്കളില്‍ ഹൃദ്രോഗ പ്രശ്‌നമുണ്ടാകുന്നത് അവരുടെ ജീവിത നിലവാരത്തെയും ഉത്പാദനക്ഷമതയെയും സമൂഹത്തിന് അവര്‍ക്ക് നല്‍കാന്‍ സാധിക്കുന്ന സംഭാവനകളെയും ബാധിക്കുമെന്ന് പഠനത്തിന് സഹ നേതൃത്വം നല്‍കിയ ഹാര്‍വഡ് മെഡിക്കല്‍ സ്‌കൂളിലെ അസോഷ്യേറ്റ് പ്രഫസര്‍ സാമിയ മാര പറഞ്ഞു.
ഭക്ഷണ രീതിയിലെയും ജീവിതശൈലിയിലെയും മാറ്റം കൊണ്ട് ഒരളവ് വരെ ഹൃദ്രോഗവും പ്രമേഹവും വരാതെ ശരീരത്തെ സംരക്ഷിക്കാനാകും.
ഈ വിഭാഗക്കാര്‍ക്ക് അടുത്ത രണ്ട് ദശാബ്ദത്തിനുള്ളില്‍ ഹൃദ്രോഗം വരാനുള്ള സാധ്യത 10 മടങ്ങ് അധികമാണെന്ന് ജാമാ കാര്‍ഡിയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു. ഇവരില്‍ ലിപോ പ്രോട്ടീന്‍ ഇന്‍സുലിന്‍ പ്രതിരോധവും വളരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
പച്ചിലകള്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ മത്സ്യ വിഭവങ്ങള്‍, ഒലീവ് ഓയില്‍, ആല്‍മണ്ട്, വാള്‍നട്ട്, അവക്കാഡോ, ഫൈബര്‍ കൂടുതലുള്ള ഹോള്‍ ഗ്രെയിനുകള്‍ തുടങ്ങിയവ മെനുവില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹവും രക്തസമ്മര്‍ദവും കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡ് തോതുമെല്ലാം നിയന്ത്രിക്കാന്‍ സഹായിക്കും.








