നവജാതശിശുക്കൾക്ക് പലകാരണങ്ങളാൽ മുലപ്പാൽ നൽകാൻ കഴിയാത്ത അമ്മമാർക്ക് ഒരു ആശ്വാസമായിക്കൊണ്ട് മുലപ്പാൽ ബാങ്ക് സേവനം കേരളത്തിലും എത്തുന്നു.തൃശ്ശൂര്‍ ജൂബിലി മിഷൻ ആശുപത്രി, എറണാകുളം ജില്ലാ ആശുപത്രി, കോഴിക്കോട് ഗവൺമെൻറ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലായാണ് ബാങ്ക് സ്ഥാപിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ.
തുടക്കത്തിൽ തൃശ്ശൂരും എറണാകുളത്തും സേവനം ലഭ്യമാകും.47.5 ലക്ഷം രൂപ ഏകദേശ ചിലവിൽ,തൃശ്ശൂര്‍ സെൻട്രൽ റോട്ടറി ക്ലബ്ബിന്റെയും ഇന്നവീലിന്റെയും സഹകരണത്തോടെയാണ് ജൂബിലി മിഷൻ ആശുപത്രിയിലെയും എറണാകുളം ജനറൽ ആശുപത്രിയിലെയും ബാങ്കുകൾ നിര്‍മിയ്ക്കുന്നത്.
രഹസ്യ സ്വഭാവം നിലനിര്‍ത്തിയാകും മുലപ്പാൽ ശേഖരണവും വിതരണവും. അണുസാനിധ്യം ഇല്ലെന്ന് പരിശോധന നടത്തി ഉറപ്പാക്കുന്ന പാൽ 6 മാസത്തോളം ഫ്രീസറിൽ സൂക്ഷിയ്ക്കാം.
കോഴിക്കോട് ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ന്യൂബോൺ ക്രിട്ടിക്കൽ കെയര്‍ യൂണിറ്റുൾപ്പെടെ സ്ഥാപിയ്ക്കാനും പദ്ധതിയുണ്ട്. നവജാത ശിശുക്കൾക്ക് നൽകിയ ശേഷം ബാക്കി വരുന്ന മുലപ്പാൽ ഇവിടെ ശേഖരിയ്ക്കും. ഇതിനായി പ്രത്യേക മുറി,ഫ്രിഡ്ജ്, ഡീപ്പ് ഫ്രീസര്‍ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിലും ബാങ്കിന്റെ പ്രവര്‍ത്തനങ്ങൾ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകൾ.മുലപ്പാൽ കുറവുള്ള അമ്മമാരുടെ നവജാത ശിശുക്കൾക്കും ചികിത്സയിലുള്ളവര്‍ക്കുമൊക്കെ ഇത് ഏറെ സഹായകരമാകും.
ശിശുവുമായി ജൈവശാസ്ത്രപരമായി ബന്ധമില്ലാത്ത അമ്മമാർ സംഭാവന ചെയ്യുന്ന മുലപ്പാൽ ശേഖരിച്ച്, ആവശ്യമായ പരിശോധനകൾ നടത്തി വിതരണം ചെയ്യുന്ന ഒരു സേവനമാണ് മുലപ്പാൽ സംരംഭ ബാങ്കുകൾ നൽകുന്നത്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ഉള്ള ബ്രെസ്റ്റ് മിൽക്ക് ബാങ്ക് 32 വര്‍ഷങ്ങൾക്ക് മുമ്പാണ് ഇന്ത്യയിൽ ആദ്യമായി പ്രവര്‍ത്തനം ആരംഭിച്ചത്.







