തൊലിയിൽ സ്പർശിക്കാതെ വസ്ത്രത്തിനു മുകളിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചാൽ അത് പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമം ആവില്ലെന്ന മുംബൈ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. ഉത്തരവിന് അടിസ്ഥാനമായ കേസിലെ പ്രതിയെ പോക്സോ സെക്ഷൻ 8 ൽ നിന്നും കുറ്റവിമുക്തനാകുന്ന ഉത്തരവ് കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തത്.
ചീഫ് ജസ്റ്റിസ് എസ്.എസ് ബോബ്ഡേ അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. വിവാദമായ മുംബൈ കോടതിയുടെ ഉത്തരവ് ടോണി ജനറൽ കെ കെ വേണുഗോപാൽ ശ്രദ്ധയിൽപ്പെടുത്തിയതിന് പിന്നാലെയാണ് സുപ്രീംകോടതിയുടെ ഈ നടപടി. ഉത്തരവ് ചോദ്യം ചെയ്ത് വിശദമായ ഹർജി സമർപ്പിക്കാൻ എ.ജിയോട് കോടതി നിർദ്ദേശിച്ചു. പോക്സോ സെക്ഷൻ 8 പ്രകാരം നേരിട്ടുള്ള സ്പർശനം ഉണ്ടായാൽ മാത്രമേ ലൈംഗിക അതിക്രമത്തിന് കേസ് രജിസ്റ്റർ ചെയ്യാൻ സാധിക്കൂ എന്ന നിരീക്ഷണം ഗുരുതരമായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ബോംബെ ഹൈക്കോടതിയുടെ നാഗൂർ ബെഞ്ചിലെ ജസ്റ്റിസ് പുഷ്പ വി ഗാനേടിവാലയാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. 12 വയസ്സുകാരിയെ പേരയ്ക്ക നൽകാമെന്ന് പറഞ്ഞു വിളിച്ചുവരുത്തി മാറിടത്തിൽ സ്പർശിക്കുകയും വസ്ത്രം മാറ്റാൻ ശ്രമിക്കുകയും ചെയ്തു എന്നതാണ് കേസ്. പോസ്കോ സെക്ഷൻ 8 പ്രകാരം വസ്ത്രം മാറ്റാതെ ശരീരഭാഗങ്ങൾ തമ്മിൽ സ്പർശിക്കാതെ മാറിടത്തിൽ തൊടുന്നത് ലൈംഗിക അതിക്രമത്തിന്റെ പരിധിയിൽപ്പെട്ടതല്ലെന്നായിരുന്നു കോടതി പറഞ്ഞത്.







