ആപ്പിൾ കമ്പനിയുടെ ഓൺലൈൻ സംവിധാനത്തിലുള്ള സുരക്ഷാപിഴവ് കണ്ടെത്തിയ മലയാളിക്ക് കമ്പനിയുടെ വക 3.6 ലക്ഷം രൂപ സമ്മാനം. കഴക്കൂട്ടം സ്വദേശിയും യുഎസ്ടിയിലെ സെക്യുരിറ്റി എൻജിനീയറുമായ മുഹമ്മദ് ഷൈനാണ് പിഴവ് കണ്ടുപിടിച്ചത്.
ആപ്പിളിന്റെ കീഴിലുള്ള ഷാസം എന്ന ആപ്ലിക്കേഷന്റെ അഡ്മിൻ പാനലിൽ കടന്നുകയറാൻ കഴിയുന്ന പിഴവാണ് കണ്ടത്തിയത്. ആപ്പിൾ ജീവനക്കാർക്ക് മാത്രം പ്രവേശനമുള്ള ഡാഷ്ബോർഡായിരുന്നു ഇത്. ഗാനശകലങ്ങൾ നോക്കി ആ ഗാനമേതെന്ന് തിരിച്ചറിയാനും അവ വാങ്ങാനും ഉപയോക്താക്കളെ സഹായിക്കുന്ന ആപ്ലിക്കേഷനാണ് ഷാസം. 2017ലാണ് ഷാസത്തിനെ ആപ്പിൾ ഏറ്റെടുത്തത്.
എത്തിക്കൽ ഹാക്കർമാരുടെ കൂട്ടായ്മയായ ഡെഫ്കോണിന്റെ ഭാഗമാണ് ഷൈൻ. ബിഎസ്‍സി കംപ്യൂട്ടർ സയൻസ് കോഴ്സ് പൂർത്തിയാക്കി രണ്ടു കമ്പനികളിൽ ജോലി ചെയ്ത ശേഷമാണ് ഷൈൻ യുഎസ്ടിയിലെത്തിയത്. 2020ൽ ഫെയ്സ്ബുക്കിന്റെ ബൗണ്ടികോൺ എന്ന മത്സരത്തിലും വിജയിയായിരുന്നു. ഗൂഗിൾ ഉൾപ്പടെയുള്ള കമ്പനികളുടെ സുരക്ഷാപിഴവുകൾ പരിഹരിച്ചതിന് ‘ഹാൾ ഓഫ് ഫെയിം’ അംഗീകാരം നേടിയിട്ടുണ്ട്.







