കുട്ടികള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങളില്‍ നിര്‍ണായക ഹൈക്കോടതി പരാമര്‍ശം; പലരും കുറ്റം ചെയ്യുന്നത് 18 വയസ് ആയില്ലെന്ന ബോധ്യത്തില്‍, പ്രായ പരിധിയിലും പരാമര്‍ശം
18 വയസ്സില്‍ താഴെയാണെന്ന ബോധ്യത്തോടെയാണ് പല കുട്ടികളും കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്നതെന്നും എന്നിട്ടും അവരെ പ്രായപൂർത്തിയായവരായി പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചു.പ്രായപൂർത്തി നിർണയിക്കാൻ 18 വയസ്സ് എന്ന പരിധി നിശ്ചയിച്ചതിനെക്കുറിച്ചായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം. മദ്യപിച്ച് 19കാരൻ ഓടിച്ച ആഡംബരക്കാറിടിച്ച് നെടുമ്പാശ്ശേരിയില്‍ മൂന്നുപേർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഇക്കാര്യം പറഞ്ഞത്. സംഭവത്തില്‍ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയായിരുന്നു കോടതിയുടെ പരിഗണനയില്‍.സൂര്യൻ ഉദിക്കുന്ന ദിശയെ ഉദാഹരണമാക്കി കോടതി നിലപാട് വിശദീകരിച്ചു. സൂര്യൻ ഉദിക്കുന്നിടമാണ് കിഴക്ക്. അതുപോലെ പ്രായപൂർത്തിയാകുന്നത് 18 വയസ്സിലാണെന്ന മുൻകൂട്ടിയുള്ള ധാരണയല്ല, പ്രായപൂർത്തിയാകുന്ന പ്രായത്തിനാണ് പ്രാധാന്യം. പ്രായപൂര്‍ത്തിയാകുന്നത് 16 വയസ്സാണെങ്കില്‍ പ്രായപൂർത്തിയുടെ പരിധിയും 16 ആകണമല്ലോ എന്നും കോടതി നിരീക്ഷിച്ചു.അതേസമയം, 19കാരന് മദ്യം നല്കിയ ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതായി സർക്കാർ കോടതിയെ അറിയിച്ചു. പുതിയ മദ്യനയത്തില്‍ ഇതുസംബന്ധിച്ച വ്യവസ്ഥ ഉള്‍പ്പെടുത്തുമെന്നും വ്യക്തമാക്കി. തുടർന്ന് ഹർജി രണ്ടാഴ്ചയ്ക്കു ശേഷം പരിഗണിക്കാനായി തീരുമാനിച്ചു.
സംസ്ഥാനത്ത് ടാർ റോഡിന് പകരം കോൺക്രീറ്റ് റോഡ്; ചെലവ് കൂടും അറ്റകുറ്റപ്പണി കുറയും, പഠനം നടത്തുമെന്ന് മന്ത്രി
സംസ്ഥാനത്ത് ടാർ റോഡുകൾക്കുപകരം കോൺക്രീറ്റ് റോഡ് നിർമാണത്തിന്റെ സാധ്യത പ്രയോജനപ്പെടുത്താൻ സർക്കാർ. നിലവിൽ ബിറ്റുമിൻ ഉപയോഗിച്ചാണ് (ബ്ളാക്ക് ടോപ്പിങ്) റോഡ് നിർമാണം. ഇതിനുപകരം കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ചുള്ള വൈറ്റ് ടോപ്പിങ് നിർമാണരീതി സ്വീകരിക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ ആലോചന.ദീർഘകാലം തകരാതെ നിൽക്കുമെന്നതാണ് കോൺക്രീറ്റ് റോഡുകളുടെ മെച്ചം. പരിപാലനച്ചെലവും കുറയുന്നത് നേട്ടമാകും. അതേസമയം, നിർമാണച്ചെലവ് ഉയരും. പ്രതലത്തിൽ കോൺക്രീറ്റ് പാളി ഉപയോഗിക്കുമ്പോൾ റോഡിന് റിജിഡ് പേവ്മെന്റ് സ്വഭാവം ലഭിക്കുന്നതിനാൽ 25-30 വർഷംവരെ ഈടുനിൽക്കും.സംസ്ഥാനത്ത് ആലപ്പുഴയിൽ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായി 7.20 കിലോമീറ്റർ 24.50 കോടി രൂപ മുടക്കി വൈറ്റ് ടോപ്പിങ് നടപ്പാക്കിയിട്ടുണ്ട്. കളമശ്ശേരിയിലും അഞ്ച് കിലോമീറ്റർ റോഡ് ഇത്തരത്തിൽ നിർമിച്ചു. ദേശീയപാതയിൽ കഴക്കൂട്ടം-കാരോട് റോഡിൽ മുക്കോല മുതൽ കാരോട് വരെയുള്ള 16.4 കിലോമീറ്റർ ദൂരം കോൺക്രീറ്റ് പാതയാണ്.ഈ റോഡുകളെ വിലയിരുത്തിയാണ് കോൺക്രീറ്റ് റോഡുകളുടെ സാധ്യത പരിശോധിക്കുന്നത്. ബെംഗളൂരുവിൽ വൈറ്റ് ടോപ്പിങ്ങിലൂടെ 9000 കോടിയുടെ നഗരറോഡുകൾ നിർമിച്ചിട്ടുണ്ട്. വൈറ്റ് ടോപ്പിങ് പദ്ധതിയെക്കുറിച്ച് പഠിക്കാൻ പൊതുമരാമത്ത് വകുപ്പിലെ വിദഗ്ധസംഘം ബെംഗളൂരു സന്ദർശിക്കും. കോൺക്രീറ്റ് റോഡുകൾ അനുയോജ്യം:സംസ്ഥാനത്ത് മഴ കൂടുതൽ പെയ്യുന്നതിനാൽ കോൺക്രീറ്റ് റോഡുകൾ കൂടുതൽ അനുയോജ്യമാകുമെന്നാണ് വിലയിരുത്തൽ. തകരാറുണ്ടായാൽ ആ ഭാഗം മാത്രം പൊളിച്ചുപണിതാൽ മതിയാകും. പ്രതലം കൂടുതൽ ഉറപ്പുള്ളതിനാൽ ഭാരവാഹനങ്ങൾക്ക് കൂടുതൽ മൈലേജ് ലഭിക്കും. ടയറുകളുടെ ആയുസ്സും കൂടും.പഠനം നടത്തുംമന്ത്രി പി.കെ. ബഷീർ:വൈറ്റ് ടോപ്പിങ്ങിന്റെ സാധ്യതയെക്കുറിച്ച് പഠനംനടത്തും. സാമ്പത്തിക പ്രായോഗികതകൂടി കണക്കിലെടുത്ത് പ്രധാന റോഡുകളിൽ ഇത് പ്രയോജനപ്പെടുത്തുംമന്ത്രി പി.കെ. ബഷീർ.
വരുന്നു ഒറ്റപ്പെട്ട മഴയും ഇടിമിന്നലും, 9 ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും മാഹിയിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. നവംബർ 25 മുതൽ നവംബർ 27ന് വരെയാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം വിശദമാക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നവംബർ 25 മുതൽ നവംബർ 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.25/11/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്.
ഉമ്മൻ ചാണ്ടി പെരുമാറിയത് വാത്സല്യത്തോടെ, ഒരിക്കലും തന്നെ എതിർത്തിരുന്നില്ല; ആർക്കെതിരെയും സൈബർ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ വിശദീകരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. ആർക്കെതിരെയും സൈബർ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. ഷാഫിയുമായി ഉള്ളത് സഹോദര ബന്ധമാണെന്നും ഗുരുശിഷ്യ ബന്ധമല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് അധ്യക്ഷ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിലും വിശദീകരണം നൽകി. ഉമ്മൻ ചാണ്ടി പെരുമാറിയത് വാത്സല്യത്തോടെയാണെന്നും ഒരിക്കലും തന്നെ എതിർത്തിട്ടില്ലെന്നും രാഹുൽ പറഞ്ഞു.ഉണ്ണിത്താൻ തന്റെ പേര് പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ രാഹുൽ താൻ കോൺഗ്രസ്സിൽ ഉള്ള ആർക്കും എതിരെ സൈബർ ആക്രമണം നടത്തിയിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. പൊലീസിൽ പരാതി കൊടുത്താൽ ആര് ആണെന്ന് കണ്ടുപിടിക്കാം. ഇപ്പോൾ നടക്കുന്നത് സൈബർ അറ്റാക്ക് ആണെങ്കിൽ താനും അത് നേരിട്ട ആളാണ്. നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ് കാലത്ത് പി വി അൻവറിനെ കാണാൻ പോയതിൽ വലിയ വിമർശനം നേരിട്ടു. കേസിന്റെ സമയത്തും അത്തരം അഭിപ്രായ പ്രകടനങ്ങൾ ഉണ്ടായി. വിഡി സതീശനും കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും സൈബർ അറ്റാക് നേരിടുന്നുവെന്നും രാഹുൽ പറഞ്ഞു.
പാരമ്പര്യച്ചുവടുകള്ക്ക് പൊന്‍തിളക്കം; പളിയ നൃത്തത്തില്‍ മാനന്തവാടി എം.ജി.എമ്മിന് ഒന്നാം സ്ഥാനം
ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ പരമ്പരാഗത നൃത്തത്തില്‍ ഒന്നാം സ്ഥാനം നേടി മാനന്തവാടി എം.ജി.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. പളിയ സമുദായത്തിന്റെ തനതായ ആരാധനാ നൃത്തരൂപമാണ് പളിയനൃത്തം. പളിയ സമുദായത്തിന്റെ കുലദൈവമായ ഏടാത്ത് പളിച്ചിയമ്മയെ സ്തുതിച്ചുകൊണ്ടാണ് നൃത്തം അവതരിപ്പിക്കുന്നത്. മഴയ്ക്കും മണ്ണിനും കാലാവസ്ഥയ്ക്കും രോഗശാന്തിക്കുമായി പ്രാര്‍ത്ഥിക്കുന്ന ഈ കലാരൂപം പളിയ സമുദായത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളും പ്രകൃതിയുമായുള്ള ആത്മബന്ധവുമാണ് പ്രതിഫലിപ്പിക്കുന്നത്. ഗോത്ര സമൂഹത്തിന്റെ സാംസ്കാരിക പൈതൃകം കലോത്സവ വേദിയില്‍ പുതുതലമുറയുടെ ചുവടുകളിലൂടെ അവതരിപ്പിച്ചത് വിജയത്തിന് പ്രത്യേക തിളക്കമേകുന്നുണ്ട്. പ്രസ്റ്റിന്‍ പ്രിജി, ഇമ്മാനുവല്‍ ബൈജു, അലീന ഇ.വി ജോസ്, കീര്‍ത്തന പി ഗിരീഷ്, അയിന ബാബു, ആയിഗ, തന്‍ഹ, അലന, ഡെല്‍ന, ഹയില്‍ ദിയ, അളകനന്ദ, വിനയ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രശാന്ത് ഇടുക്കിയാണ് പരിശീലകന്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് വിദ്യാലയം ഈ നേട്ടം സ്വന്തമാക്കുന്നത്.
മോഹിനിയാട്ടത്തില്‍ തിളങ്ങി അവന്തിക
കലോത്സവ വേദികളില്‍ ഓരോ തവണയും കഴിവ് തെളിയിച്ച് മുന്നേറുകയാണ് കല്ലോടി സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ടി.എസ് അവന്തിക. 45-ാം മത് ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം മോഹിനിയാട്ടത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് അവന്തിക സംസ്ഥാന സ്കൂള്‍ കലോത്സവത്തിലേക്ക് യോഗ്യത നേടിയത്. മുന്‍വര്‍ഷങ്ങളിലെ സംസ്ഥാനതല മത്സരത്തില്‍ മികവ് തെളിയിച്ചിട്ടുള്ള അവന്തികക്ക് കലോത്സവ വേദികള്‍ പുതുമയുള്ളതല്ല. 2025 ലെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മോഹിനിയാട്ടത്തില്‍ എ ഗ്രേഡ് നേടിയിരുന്നു. തുടര്‍ച്ചയായ രണ്ട് തവണ കേരളനടനത്തില്‍ എ ഗ്രേഡ് സ്വന്തമാക്കി. ഇത്തവണ മോഹിനിയാട്ടത്തിലെ വിജയത്തിനൊപ്പം മോണോആക്ടിലും എ ഗ്രേഡ് നേടിയതോടെ വിവിധ കലാ മേഖലയിലെ കഴിവ് തെളിയിച്ചിരിക്കുകയാണ് അവന്തിക. മോഹിനിയാട്ടത്തിന്റെ ചാരുതയും ഭാവാഭിനയവും ചുവടുകളില്‍ മനോഹരമായി സമന്വയിപ്പിക്കാന്‍ അവന്തികയ്ക്ക് കഴിയുന്നുണ്ട്. ആഷിഷ് പയ്യന്നൂരാണ് അവന്തികയുടെ കലാപരിശീലകന്‍. പി ശ്രീജിത്തിന്റെയും ടി അര്‍ച്ചനയുടെയും മകളാണ് അവന്തിക. പഠനത്തോടൊപ്പം കലാപരിശീലനം മുന്നോട്ടുകൊണ്ടുപോകുന്ന അവന്തികയുടെ അടുത്ത ലക്ഷ്യം സംസ്ഥാന കലോത്സവ വേദിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുക എന്നതാണ്. ജില്ലാ വേദിയിലെ ഒന്നാം സ്ഥാനത്തിന്റെ ആത്മവിശ്വാസവുമായി സംസ്ഥാന വേദിയിലേക്ക് ചുവടുവെക്കുമ്പോള്‍ അവന്തികയുടെ കലായാത്രയില്‍ പ്രതീക്ഷകള്‍ ഏറെയാണ്.
ശ്രേയസ് പുരുഷന്മാരെ ആദരിച്ചു.
കാര്യമ്പാടി : -കാര്യമ്പാടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര പുരുഷ ദിനാചരണത്തിന്റെ ഭാഗമായി പുരുഷന്മാരെ ആദരിച്ചു.മുട്ടിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നിഷിദ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ജോൺ ചരുവിള അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.ഷാഹുൽ ഹമീദ്, ഡോ.മെറീന,ഡോ.ദിയ ഫാത്തിമ,സി ഡി ഒ ലെയോണ ബിജു എന്നിവർ സംസാരിച്ചു.പ്രസിഡന്റ് സജി ഇലവുങ്കൽ സ്വാഗതവും,ടി.ഒ.പൗലോസ് നന്ദിയും രേഖപ്പെടുത്തി.
മികച്ച ഐസിഡിഎസ് സൂപ്പർവൈസർക്കുള്ള സംസ്ഥാന അവാർഡ് ഷംനയ്ക്ക്
വനിതാ ശിശു വികസന വകുപ്പിന്റെ 2025-26 വർഷത്തെ മികച്ച ഐ സി ഡി എസ് സൂപ്പർവൈസർക്കുള്ള സംസ്ഥാന അവാർഡിന് കൽപ്പറ്റ ഐ സി ഡി എസ് പ്രോജെക്ടിലെ ഷംന കെ അർഹയായി.സ്ത്രീകൾക്കും കുട്ടികൾക്കുമായി അങ്കണവാടി വഴി നടപ്പിലാക്കിയ കൃത്രീമ മധുരം ഒഴിവാക്കുന്നതിന്നായി ആരംഭിച്ച “നോ മിഠായി ക്യാമ്പയിൻ”, പ്രീ സ്കൂൾ കുട്ടികൾക്കായുള്ള പുസ്തക സമാഹരണ യജ്ഞത്തിന്റെ “പുസ്തകവട്ടി”,കുട്ടികളിൽ കൃഷി പാഠം നൽകുന്നതിന്നായി ആരംഭിച്ച “കുട്ടിവിത്ത്ബാങ്ക്”,കുട്ടികളിലെ സർഗ്ഗവാസനകൾ വളർത്താൻ രൂപം നൽകിയ “ആകാശമിഠായി” ആർട്ട് ചല്ലഞ്ച്, സ്വീപ് വയനാടിന്റെ തിരഞ്ഞെടുപ്പ് ബോധവത്കരണ ക്യാമ്പയിനിൽ അങ്കണവാടി തലത്തിൽ നടത്തിയ ബോധവത്കരണ പരിപാടികൾ, ST ഉന്നതികൾ കേന്ദ്രീകരിച്ചുള്ള പോഷക പാചക പഠന ക്ലാസുകൾ,ജാഗ്രത സമിതിയുമായി ബന്ധപെട്ടു നടത്തിയ സ്ത്രീ ശാക്തീകരണ പരിപാടികൾ, വകുപ്പ് നിർദേശിച്ച പരിപാടികളുടെ ഫലപ്രദമായ നടത്തിപ്പ്,വാർഷിക പദ്ധതി നിർവഹണം,അങ്കണവാടികളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ഇടപെടലുകൾ തുടങ്ങി പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളാണ് അവാർഡിന് അർഹയാക്കിയത്. 2021 ഇൽ ജോലിയിൽ പ്രവേശിച്ച് വേങ്ങപ്പള്ളി, കോട്ടത്തറ എന്നീ പഞ്ചായത്തുകളിൽ സേവനം അനുഷ്ഠിച്ചു. പടിഞ്ഞാറത്തറ സ്വദേശിയാണ്. അരീക്കോട് ഐ സി ഡി എസിലെ അങ്കണവാടി വർക്കർ മൈമൂനയുടെയും അബ്ദുൾ സമദിന്റെയും മകളാണ്. ഭർത്താവ്: ജിജിത്ത് സി പോൾ, മകൾ: ജഹനാര ഗലിയ.
വിലക്കയറ്റം അതിരൂക്ഷം; 20 ശതമാനം വിലകൂട്ടാൻ കാറ്ററിംഗ് അസോസിയേഷൻ; ഒരു പ്ലേറ്റിന് 360 രൂപ വരെ; ആഘോഷങ്ങൾക്ക് തിരിച്ചടി
നിത്യോപയോഗ സാധനങ്ങളുടെയും പാചകവാതകത്തിന്റെയും വില കുത്തനെ ഉയർന്നതിനെത്തുടർന്ന് കാറ്ററിംഗ് നിരക്കുകൾ 20 ശതമാനം വരെ വർധിപ്പിക്കാൻ കാറ്ററിംഗ് അസോസിയേഷൻ തീരുമാനിച്ചു. ഇതോടെ വിവാഹം ഉൾപ്പെടെയുള്ള ആഘോഷങ്ങളുടെ ചെലവ് ഗണ്യമായി വർധിക്കും.പ്രധാന വിവരങ്ങൾ• പുതിയ നിരക്കുകൾ. വിലവർധനവ് പ്രാബല്യത്തിൽ വരുന്നതോടെ ഒരു പ്ലേറ്റ് ഭക്ഷണത്തിന് 360 രൂപ വരെയാകാൻ സാധ്യതയുണ്ട്. നിലവിൽ ഒരു ചിക്കൻ ബിരിയാണി തയ്യാറാക്കാൻ ഏകദേശം 140 രൂപയും, രണ്ട് പായസം ഉൾപ്പെടുന്ന സദ്യയ്ക്ക് 200 രൂപയോളവും നിർമ്മാണച്ചെലവ് വരുന്നുണ്ടെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.• വിലക്കയറ്റത്തിന്റെ കാരണങ്ങൾ. അരി (കൈമ അരി 200-250 രൂപ), വെളിച്ചെണ്ണ, സവാള (50 രൂപയ്ക്ക് മുകളിൽ), ചുവന്നുള്ളി (100-160 രൂപ), ഇഞ്ചി, വെളുത്തുള്ളി (200 രൂപയ്ക്ക് മുകളിൽ) എന്നിവയുടെ വിലയിലുണ്ടായ വൻ വർധനവാണ് പ്രധാന കാരണം. ഇതിനുപുറമെ പാചകവാതക സിലിണ്ടർ, വിറക്, ഇറച്ചി, മത്സ്യം എന്നിവയുടെ വിലവർധനവും തൊഴിലാളികളുടെ വേതനവും മേഖലയെ പ്രതിസന്ധിയിലാക്കി.• മുൻകൂർ ബുക്കിംഗുകൾ. മാസങ്ങൾക്ക് മുൻപ് കുറഞ്ഞ നിരക്കിൽ ബുക്കിംഗ് എടുത്ത വിവാഹങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും നിലവിലെ വിപണി വിലയിൽ ഭക്ഷണം നൽകുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായി ഓൾ കേരള കാറ്റേഴ്സ് അസോസിയേഷൻ (AKCA) വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര ചലചിത്രോസവം; ഡോക്യുമെന്ററി മത്സര വിഭാഗത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു
സുൽത്താൻ ബത്തേരി നഗരസഭ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് വയനാടിൻ്റെ (ഐ എഫ് എഫ് ഡബ്ല്യൂ) മത്സര വിഭാഗത്തിലേക്ക് ഡോക്യുമെൻ്ററികൾ ക്ഷണിക്കുന്നു. ഗോത്രജീവിതം പ്രമേയമാക്കിയ ഡോക്യുമെൻ്ററികളാണ് പരിഗണിക്കുന്നത്. സമയ നിയന്ത്രണം ഇല്ലാതെ ഒറ്റ കാറ്റഗറി ആയിട്ടാകും മത്സരം. മലയാളം ഒഴികെയുള്ള ഭാഷയിൽ തയ്യാറാക്കുന്ന ഡോക്യുമെൻ്ററികൾക്ക് ഇംഗ്ലീഷ് സബ്ടൈറ്റിലുകൾ നിർബന്ധമാണ്. 2020 ജനുവരിക്ക് ശേഷം നിർമ്മാണം പൂർത്തിയാക്കിയ ചിത്രങ്ങൾ പരിഗണിക്കും. മത്സരവിഭാഗത്തിൽ ലഭിക്കുന്ന ഡോക്യമെൻ്ററികൾ ജനുവരി ആറ്, ഏഴ്, എട്ട് തീയതികളിലായി ബത്തേരിയിൽ പ്രദർശിപ്പിക്കും. മത്സര വിഭാഗത്തിലേക്കായി rootandroutescollective@gmail.com എന്ന ഇ മെയിലിലേക്ക് ഗൂഗിൾ ഡ്രൈവ് അല്ലെങ്കിൽ വിമിയോ ലിങ്കായി ഡിസംബർ 15 നകം എൻട്രികൾ അയക്കണം. ഫോണ്‍: 8075254314.
സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബർ 19 ന്
മാനന്തവാടി: എക്യുമെനിക്കൽ ക്രിസ്മസ് ഫോറം മാനന്തവാടി യുടെ നേതൃത്വത്തിൽ ഐക്യ ക്രിസ്മസ് ആഘോഷം ഡിസംബർ 19 ന് നടക്കും. വിവിധ അപ്പൊസ്തലിക സഭകൾ ചേർന്ന് ഐക്യ ക്രിസ്മസ് റാലിയും പൊതുസമ്മേളനവും കലാ പരിപാടികളും നടത്തും. ആലോചനാ യോഗത്തിൽ ഇ സി എഫ് പ്രസിഡൻ്റ് ഫാ.സോണി വാഴക്കാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റോജർ ഹിൽട്ടൻ, വൈസ് പ്രസിഡൻ്റ് ഫാ. തോമസ് തുണ്ടിയിൽ, അഡ്വ ഫാ സ്റ്റീഫൻ ചീക്കപ്പാറ, ഫാ. ടി.എം. കുര്യാക്കോസ്, ജോ. സെക്രട്ടറിമാരായ സൽജു പള്ളിപ്പാടൻ, കെ. എം. ഷിനോജ് എന്നിവർ പ്രസംഗിച്ചു സംയുക്ത ക്രിസ്മസ് പ്രോഗ്രാമിന് അനുയോജ്യമായ ഒരു പേര് നിർദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരമുണ്ട്. തിരഞ്ഞെടുക്കു പെടുന്ന പേര് നിർദേശിക്കുന്ന ആൾക്ക് സമ്മാനവും നൽകും. പേരുകൾ 28/11/26 ന് വൈകിട്ട് 5ന് മുൻപ് 99470 76349 എന്ന നമ്പറിൽ വാട്സാപ് ചെയ്യണം.
ഡിസംബർ 06 ബാബരി ദിനത്തിൽ ബഹുജന സംഗമം സംഘടിപ്പിക്കും: എസ്ഡിപിഐ
ഡിസംബർ 06 ബാബരി ദിനത്തോടനുബന്ധിച്ച് മാനന്തവാടി ഗാന്ധിപാർക്കിൽ വൈകുന്നേരം 4 മണിക്ക് ബഹുജന സംഗമം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി അറിയിച്ചു.ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന്റെ ഓർമ പുതുക്കുന്നതിനൊപ്പം രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഉയർത്തിപ്പിടിച്ചാണ് സംഗമം സംഘടിപ്പിക്കുന്നത്. രാജ്യത്ത് വർധിച്ചുവരുന്ന വർഗീയതയ്ക്കും ന്യൂനപക്ഷ വേട്ടയ്ക്കുമെതിരെ ജനാധിപത്യ വിശ്വാസികളുടെ കൂട്ടായ ശബ്ദമായി സംഗമം മാറും.വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ സംഗമത്തിൽ പങ്കെടുക്കും. പരിപാടിയിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും മതേതര സമൂഹവും പങ്കാളികളാകണമെന്ന് മണ്ഡലം കമ്മിറ്റി അഭ്യർഥിച്ചു.യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ അധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി സജീർ എം.ടി, ഓർഗനൈസിങ് സെക്രട്ടറി ഷുഹൈബ് ടി കെ, ജോയിന്റ് സെക്രട്ടറി നൗഫൽ പി കെ, കമ്മിറ്റിയംഗങ്ങളായ ഖദീജ ടി, സുമയ്യ പി കെ, സകരിയ്യ കെ എസ് തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിൽ മുട്ട വില കുത്തനെ ഇടിയും? കയറ്റുമതി ചെയ്യാനാകാതെ നാമക്കല്ലിൽ കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ട
പക്ഷിപ്പനി കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള മുട്ട ഇറക്കുമതിക്ക് ഒമാൻ വിലക്കേർപ്പെടുത്തി. ഇതോടെ ആറ് കോടി മുട്ടകളാണ് കയറ്റുമതി ചെയ്യാനാകാതെ നാമക്കൽ മേഖലയിൽ കെട്ടിക്കിടക്കുന്നത്.നാമക്കൽ, സേലം, ഈറോഡ്, പെരുന്തുറൈ, കോയമ്പത്തൂർ ജില്ലകളിലായി ആയിരത്തിലധികം കോഴിഫാമുകൾ പ്രവർത്തിക്കുന്നുണ്ട്. എല്ലായിടത്തുമായി ദിവസം പത്ത് കോടിയോളം മുട്ടകൾ ഉൽപാദിപ്പിക്കുന്നു. ഇവ തമിഴ്നാട് സർക്കാരിന്റെ സൗജന്യ വിതരണ പദ്ധതികൾക്കും വിദേശ കയറ്റുമതിക്കുമാണ് കൂടുതലായി ഉപയോഗിക്കുന്നത്.കേരളം, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങൾക്കും തമിഴ്നാട്ടിലെ വിവിധ ജില്ലകൾക്കും ഇവിടെ നിന്നാണ് മുട്ട എത്തിക്കുന്നത്. ഇന്ത്യയിൽ നിന്ന് ഇറാൻ, തായ്ലൻഡ്, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് മുട്ട കയറ്റുമതി ചെയ്യുന്നത്.
ക്രീം വാരി തേച്ചാലൊന്നും സൗന്ദര്യം വരില്ല'; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെ നടപടി വേണം, അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി
വ്യാജ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെ അന്വേഷണം വേണമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ക്രീം വാരി തേച്ചാൽ ഒന്നും സൗന്ദര്യം വരില്ലെന്നും ഇത്തരം ക്രീമുകൾ പരീക്ഷിക്കാൻ പാടില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. വ്യാജ ഫേസ് ക്രീം വിവാദത്തിൽ ആഭ്യന്തരവകുപ്പിനോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇൻഫ്ളുവൻസർമാർക്കെതിരെ നടപടിയെടുക്കാൻ പൊലീസ് മേധാവിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ആരോഗ്യമന്ത്രി കെ.മുരളീധരൻ കത്തുനൽകി.ലൈസൻസ് ഇല്ലാതെ ഇത്തരം സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ വിൽക്കുന്നവരുണ്ട്. ഇത് സംബന്ധിച്ച് വിപുലമായി അന്വേഷിക്കണം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെയും അന്വേഷണം വേണം. കൂടുതൽ പരിശോധന നടത്താൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമലയിൽ സ്പോട്ട് ബുക്കിങ് വർദ്ധിപ്പിക്കുമെന്നും മന്ത്രി പ്രതികരിച്ചു. ഇത് സംബന്ധിച്ച് ഹൈക്കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്ന ആറായിരത്തോളം ആളുകൾ എത്തുന്നില്ല. ബുക്ക് ചെയ്ത് മറിച്ചു വിൽക്കുകയാണോ എന്ന് സംശയം ഉണ്ട്. അർദ്ധരാത്രി കൂട്ടമായി ബുക്കിംഗ് നടത്തുന്നുണ്ട്. അങ്ങനെ ഉണ്ടെങ്കിൽ അവരെ പിടിക്കും. ബുക്ക് ചെയ്തിട്ട് വരാത്തവരെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും കെ മുരളീധരൻ വ്യക്തമാക്കി. ബിജെപി വിട്ട പത്മജ വേണുഗോപാലിനെ തിരിച്ച് കോൺഗ്രസിലെടുക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും.
സ്വത്തെല്ലാം എഴുതി വാങ്ങി മാതാപിതാക്കളെ പുറത്താക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍വാസം; നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി
കൊല്ലം: മാതാപിതാക്കളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയ ശേഷം അവരെ വീട്ടില്‍ നിന്നും പുറത്താക്കുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി. ഇത്തരത്തില്‍ മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ ജയില്‍വാസം ലഭിക്കുന്നതിനുള്ള വ്യവസ്ഥ പുതിയ നിയമത്തില്‍ എഴുതി ചേര്‍ത്തിട്ടുണ്ടെന്നും, നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇത്തരക്കാരെ ഉറപ്പായും ജയിലിലേക്കയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണത്തിനും അവകാശങ്ങള്‍ക്കും പ്രഥമ പരിഗണന നല്കുന്ന സമഗ്രമായ നിയമനിര്‍മാണത്തിനാണ് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്തനാപുരം ഗാന്ധിഭവനില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാര്ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കാന്‍ ഈ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും, ലോകത്ത് ഒരിടത്തും ഇല്ലാത്ത തരത്തില്‍ വയോജനങ്ങള്‍ക്ക് അവകാശങ്ങള്‍ നല്കുന്ന നിയമമാണ് കൊണ്ടുവരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അമ്മമാര്‍ മക്കളെ വളര്‍ത്താന്‍ സഹിക്കുന്ന ത്യാഗങ്ങളെക്കുറിച്ച് വൈകാരികമായാണ് മുഖ്യമന്ത്രി പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചത്. പട്ടിണിയുടെ കാലത്ത് പാടത്ത് കൊയ്ത്ത് കഴിഞ്ഞ് വീണുകിടക്കുന്ന നെന്മണികള് വെയിലത്ത് നിന്ന് പെറുക്കിയെടുത്ത് കഞ്ഞിവെച്ച്, അതിലെ വറ്റ് മക്കള്‍ക്ക് നല്കി കഞ്ഞിവെള്ളം മാത്രം കുടിച്ച് ഉറങ്ങിയിരുന്ന അമ്മമാരുടെ നാടാണ് കേരളം. അത്രയേറെ കഷ്ടപ്പെട്ട് വളര്‍ത്തിയ മാതാപിതാക്കളെ, മക്കള്‍ വലിയ നിലയിലെത്തുമ്പോള്‍ ഉപേക്ഷിക്കുന്ന ഒരു സംസ്കാരം കേരളത്തില്‍ ഉണ്ടാകാന്‍ പാടില്ല. മാതാപിതാക്കളെ ചേര്‍ത്തുപിടിക്കുന്ന പുതിയൊരു സംസ്കാരം ഇവിടെ വളര്‍ന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വര്‍ണം വില്ക്കാന് പ്ലാന്‍ ഉണ്ടോ? ഈ 5 തെറ്റുകള്‍ ചെയ്യരുത്; പണം നഷ്ടമായേക്കാം
സ്വര്‍ണവില ഉയരുമ്പോഴും താഴുമ്പോഴും ആഭരണങ്ങള്‍ വില്‍ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ അന്നത്തെ വിപണിവിലയ്ക്ക് തുല്യമായ തുക പഴയ ആഭരണങ്ങള്‍ വില്ക്കുമ്പോള് ലഭിക്കണമെന്നില്ല. ആഭരണത്തിലെ യഥാര്‍ഥ സ്വര്‍ണത്തിന്റെ അളവ്, പരിശുദ്ധി, മറ്റ് ലോഹങ്ങളുടെയും കല്ലുകളുടെയും സാന്നിധ്യം എന്നിവയെല്ലാം ലഭിക്കുന്ന തുകയെ സ്വാധീനിക്കും. പഴയ സ്വര്‍ണം വില്ക്കാന് തീരുമാനിച്ചാല്‍ ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കണം.സ്വര്‍ണത്തിന്റെ പരിശുദ്ധി പരിശോധിക്കാതെ വില്ക്കരുത്പഴയ ആഭരണങ്ങളില്‍ 22 കാരറ്റ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അറ്റകുറ്റപ്പണികള്‍, കൂട്ടിച്ചേര്‍ക്കലുകള്‍ തുടങ്ങിയവ കാരണം യഥാര്‍ഥ പരിശുദ്ധിയില്‍ വ്യത്യാസമുണ്ടാകാം. അതിനാല്‍ വില്‍ക്കുന്നതിന് മുമ്പ് സ്വര്‍ണത്തിന്റെ പരിശുദ്ധി പരിശോധിക്കണം.ആഭരണത്തില്‍ ബിഐഎസ് ഹാള്‍മാര്‍ക്കും എച്ച്യുഐഡി (HUID) നമ്പറും ഉണ്ടെങ്കില്‍ BIS Care ആപ്പ് വഴി വിവരങ്ങള്‍ പരിശോധിക്കാം.ആഭരണത്തിന്റെ ആകെ തൂക്കം മാത്രം നോക്കരുത്ആഭരണത്തിന്റെ തൂക്കം മുഴുവനും സ്വര്ണത്തിന്റേതായിരിക്കണമെന്നില്ല. അതില്‍ കല്ലുകള്‍, മുത്തുകള്‍, മറ്റ് ലോഹഭാഗങ്ങള്‍ എന്നിവയുണ്ടെങ്കില്‍ അവയുടെ തൂക്കം കുറച്ച ശേഷമായിരിക്കും സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കുക. ഉദാഹരണത്തിന് 20 ഗ്രാം തൂക്കമുള്ള ഒരു മാലയില്‍ രണ്ട് ഗ്രാം കല്ലുകളുണ്ടെങ്കില്‍ യഥാര്‍ഥ സ്വര്‍ണത്തിന്റെ തൂക്കം 18 ഗ്രാം മാത്രമായിരിക്കാം. അതിനാല്‍ ആഭരണത്തിന്റെ ആകെ തൂക്കവും സ്വര്‍ണത്തിന്റെ നെറ്റ് തൂക്കവും പ്രത്യേകം ചോദിച്ചറിയണം.Imageഒരു ജ്വല്ലറിയിലെ വില മാത്രം സ്വീകരിക്കരുത്പഴയ സ്വര്‍ണം വില്ക്കുമ്പോള് ഒരു കട നല്കുന്ന വിലയ്ക്ക് കൊടുക്കാന്‍ സമ്മതിക്കേണ്ടതില്ല. രണ്ട് മൂന്ന് ജ്വല്ലറികളിലെങ്കിലും വില അന്വേഷിക്കുന്നത് നല്ലതാണ്. ഒരേ ആഭരണത്തിന് വിവിധ കടകളില്‍ ലഭിക്കുന്ന തുകയില്‍ വ്യത്യാസമുണ്ടാകാം. ഓരോ കടയും സ്വര്‍ണത്തിന്റെ പരിശുദ്ധി, തൂക്കം, ഗ്രാമിന് നല്കുന്ന വില, മറ്റ് കുറവുകള്‍ എന്നിവ എങ്ങനെ കണക്കാക്കുന്നു എന്ന് ചോദിച്ചറിയുക. സാധ്യമെങ്കില്‍ വിലനിര്‍ണയത്തിന്റെ വിശദാംശങ്ങള്‍ എഴുതി വാങ്ങുകയും ചെയ്യാം.പണിക്കൂലിയും നികുതിയും തിരികെ ലഭിക്കുമെന്ന് കരുതരുത്പുതിയ സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ സ്വര്‍ണത്തിന്റെ വിലയ്ക്ക് പുറമേ പണിക്കൂലിയും നികുതിയും നല്‍കേണ്ടിവരും. എന്നാല്‍ പഴയ ആഭരണം വില്ക്കുമ്പോള് സാധാരണയായി ഈ തുകകള്‍ തിരികെ ലഭിക്കില്ല. അതുകൊണ്ട് ആഭരണം വാങ്ങിയപ്പോള്‍ നല്കിയ മുഴുവന്‍ തുകയും വില്ക്കുമ്പോള് ലഭിക്കുമെന്ന് പ്രതീക്ഷിക്കരുത്. വാങ്ങിയ ബില്ലിലെ തുകയും ഇപ്പോള്‍ ലഭിക്കുന്ന തുകയും താരതമ്യം ചെയ്യുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണം.ജ്വലറികള് പറയുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കരുത്പഴയ സ്വര്‍ണം വാങ്ങുമ്പോള്‍ ഉരുക്കുന്നതിന്റെയോ ശുദ്ധീകരിക്കുന്നതിന്റെയോ ചെലവുകള്‍ പറഞ്ഞ് ചില ജ്വല്ലറികള്‍ തുക കുറച്ചേക്കാം. ഇത്തരം കുറവുകള്‍ എല്ലായ്പ്പോഴും അന്യായമാണെന്ന് പറയാനാകില്ല. എന്നാല്‍ എന്തിനാണ് പണം കുറയ്ക്കുന്നതെന്നും എത്രയാണ് കുറയ്ക്കുന്നതെന്നും വ്യക്തമായി ചോദിച്ചറിയണം. സ്വര്‍ണത്തിന്റെ പരിശുദ്ധിയും തൂക്കവും കണക്കാക്കിയ ശേഷം വീണ്ടും അതേ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തുക കുറയ്ക്കുന്നുണ്ടോ എന്നും പരിശോധിക്കുക. മറ്റൊരു ജ്വല്ലറിയുടെ അഭിപ്രായം തേടുന്നതും നന്നായിരിക്കും.
കുട്ടി സ്കൂളിൽ കൊണ്ട് വന്നത് നാടൻ തോക്ക്, വീട്ടുകാർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്
പാലക്കാട്ട് സ്കൂളിലെ വെടിവയ്പ്പിൽ കുട്ടി മനഃപൂർവം വെടിയുതിർത്തതല്ലെന്ന് വിശദീകരിച്ച് പൊലീസ്. തോക്ക് കൂട്ടുകാരെ കാണിക്കാൻ കൊണ്ടുവന്നപ്പോൾ അബദ്ധത്തിൽ ട്രിഗർ വലിച്ചതാണ്. ലൈസൻസ് ഇല്ലാത്ത നാടൻ തോക്കാണ് പൊട്ടിയത്. തോക്ക് കൈവശം വച്ച വീട്ടുകാർക്കെതിരെ കേസെടുക്കുമെന്ന് തൃത്താല എസ്ഐ സത്യജിത്ത് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്തശേഷം കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ നാളെ ഹാജരാക്കും. രണ്ട് റൗണ്ട് മാത്രമാണ് വെടിയുതിർത്തത്. ബാക്കി തിരകൾ തോക്കിൽ ഉണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ക്ലാസ് റൂമിൽ വച്ചാണ് സഹപാഠിയുടെ വെടിയേറ്റത്. പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് രാവലെ 11 മണിക്കാണ് സംഭവമുണ്ടായത്. രാവിലെ കുട്ടി സ്കൂളിലേക്ക് കൊണ്ടുവന്നത് നാടൻ തോക്കിൽ നിന്നാണ് വെടിയേറ്റത്. തോളിനാണ് വെടിയേറ്റത്. പരിക്കേറ്റ വിദ്യാർത്ഥിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പാലക്കാട് സ്കൂളില്‍ വെടിവെപ്പ്, വിദ്യാര്‍ത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പാലക്കാട് : പാലക്കാട്ട് സ്കൂളില്‍ വെടിവെപ്പ്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ക്ലാസ് റൂമില്‍ വച്ച് സഹപാഠിയുടെ വെടിയേറ്റു.പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളില്‍ ഇന്ന് രാവലെ 11 മണിക്കാണ് സംഭവമുണ്ടായത്. രാവിലെ കുട്ടി സ്കൂളിലേക്ക് കൊണ്ടുവന്നത് നാടൻ തോക്കില്‍ നിന്നാണ് വെടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം. തോളിനാണ് വെടിയേറ്റത്. പരിക്കേറ്റ വിദ്യാർത്ഥിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.അടിയന്തിര റിപ്പോർട്ട് തേടി മന്ത്രിപാലക്കാട് പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ക്ലാസ് റൂമില്‍ വച്ച് സഹപാഠിയുടെ വെടിയേറ്റ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടു.
കൗമാര കലാമേളയ്ക്ക് തുടക്കം കുട്ടികളുടെ കഴിവും സർഗാത്മകതയുമാണ് നാടിന്റെ സമ്പത്ത്: എം.എൽ.എ ഉഷ വിജയൻ
കുട്ടികളുടെ കഴിവുകളും സർഗാത്മകതയുമാണ് നാടിന്റെ യഥാർത്ഥ സമ്പത്തെന്ന് എം.എൽ.എ ഉഷ വിജയൻ പറഞ്ഞു. മുട്ടിൽ ഡബ്ല്യു.എം.ഒ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന 45 മത് ജില്ലാ റവന്യൂ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ. എ. കലോത്സവങ്ങൾ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി വളർത്താനും ആത്മവിശ്വാസം, കൂട്ടായ്മ, സഹിഷ്ണുത എന്നിവ പരിപോഷിപ്പിക്കുന്നതിനും വലിയ പങ്കുവഹിക്കുന്നുണ്ട്. മത്സരത്തിലെ തോൽവി ജീവിതത്തിലെ തോൽവിയല്ലെന്നും മത്സരാനുഭവങ്ങൾ ഭാവിയിലെ വിജയങ്ങൾക്ക് അടിത്തറയാകുമെന്നും എം.എൽ.എ പറഞ്ഞു. നവംബർ 26 വരെ നാല് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് മത്സരിക്കുന്നത്. എട്ട് വേദികളിലാണ് കലാപ്രകടനങ്ങൾ അരങ്ങേറുന്നത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷയായ ഉദ്ഘാടന സമ്മേളനത്തിൽ സിനിമാതാരം സണ്ണി വെയ്ൻ മുഖ്യാതിഥിയായി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ ശശീന്ദ്രവ്യാസ്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി രഞ്ജിത്ത്, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലക്കൽ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ ഇ ചെയർപേഴ്സൺ സൽമാ മോയിൻ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിര സമിതി ചെയർമാൻ വി.എൻ ശശീന്ദ്രൻ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജിൻസി സണ്ണി, മുട്ടിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലീന സി നായർ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ നസീമ ടീച്ചർ, മുട്ടിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്ഥിര സമിതി ചെയർപേഴ്സൺ നിഷീദ് ചാഴിവയൽ,വടകര വി.എച്ച്. എസ്.ഇ അസിസ്റ്റൻ്റ് ഡയറക്ടർ കെ റസീന, എസ്.എസ്.കെ കോ-ഓർഡിനേറ്റർ നിസാർ കമ്പ, കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ സി. ഹസീന, എ .ഇ ഒമരായ ബി.ജെ ഷിജിത, കെ.ടി അഷ്റഫ്, എം സുനിൽ കുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ,ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, സംഘാടക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.നാലു ദിവസങ്ങളിലായി നടക്കുന്ന കലാമേളയിൽ ജില്ലയിലെ നൂറോളം സ്കൂളുകളിൽ നിന്നായി മൂവായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും. കലാപ്രതിഭകളുടെ സംഗമവേദിയായ കലോത്സവം നവംബർ 26 ന് സമാപിക്കും. കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ അധ്യക്ഷത വഹിക്കും. എം.എൽ.എ ഐ.സി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും.കുച്ചുപ്പുടിയിൽ മികവിന്റെ ചുവടുവെപ്പ്; സംസ്ഥാന കലോത്സവത്തിലേക്ക് അക്സ മരിയ നൃത്തത്തോടുള്ള ഇഷ്ടവും വർഷങ്ങളായുള്ള പരിശീലനവും ഒത്തുചേർന്നപ്പോൾ കുച്ചുപ്പുടിയിൽ മിന്നും വിജയം സ്വന്തമാക്കി അക്സ മരിയ ജിലീഷ്. ജില്ലാ റവന്യൂ സ്കൂൾ കലോത്സവത്തിൽ കുച്ചുപ്പുടിയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയാണ് അക്സ സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടിയത്.പുൽപ്പള്ളി വേലിയമ്പം സ്വദേശിനിയായ അക്സ മുള്ളൻകൊല്ലി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. മുൻ വർഷങ്ങളിൽ കുച്ചുപ്പുടിയിൽ മത്സരിച്ചിട്ടുണ്ടെങ്കിലും ഇത്തവണത്തെ വിജയം അക്സയ്ക്ക് ഏറെ പ്രത്യേകതയുള്ളതാണ്. ആദ്യമായാണ് കുച്ചുപ്പുടി ഇനത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിൽ വയനാടിനെ പ്രതിനിധീകരിക്കാൻ അവസരം ലഭിക്കുന്നത്.നൃത്ത വേദിയിൽ അക്സയുടെ നേട്ടം കുച്ചുപ്പുടിയിൽ മാത്രം ഒതുങ്ങുന്നതല്ല. ഫോക്ക് ഡാൻസിൽ ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചു. വ്യത്യസ്ത നൃത്ത ഇനങ്ങളിൽ ഒരുപോലെ മികവ് തെളിയിച്ച അക്സയ്ക്ക് ഇത്തവണ കുച്ചുപ്പുടിയിലൂടെ ലഭിച്ച വിജയം പുതിയൊരു നേട്ടമായി. സംസ്ഥാന വേദിയിലും മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള ഒരുക്കത്തിലാണ് കൊച്ചുകലാകാരി.
വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത! സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കും, പുതിയ മാറ്റങ്ങൾ അടുത്ത അധ്യയന വർഷം
സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കൽ പ്രാഥമിക രൂപരേഖ തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പ്. എൽപി സ്കൂളുകളിലാണ് ഇത് ആദ്യ ഘട്ടത്തിൽ നടപ്പാക്കുക. ബാഗുകളുടെ ഭാരത്തിന്റെ പത്ത് ശതമാനത്തിൽ താഴെയായി ബാഗിന്റെ ഭാരം കുറയ്ക്കാനാണ് നീക്കം. അടുത്ത അധ്യയന വർഷം നടപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. കുടിവെള്ളവും ഉച്ചഭക്ഷണവും സ്കൂളിൽ തന്നെ ലഭ്യമാക്കും. ഒരു ദിവസം നാല് വിഷയങ്ങളുടെ ക്ലാസുകൾ മാത്രം വരുന്ന രീതിയിലായിരിക്കും പുതിയ ക്രമീകരണം. രണ്ട് സെറ്റ് പാഠ പുസ്തകങ്ങൾ ഒന്ന് വീട്ടിലും ഒന്ന് സ്കൂളിലും സൂക്ഷിക്കുന്ന രീതിയിലുള്ള ക്രമീകരണം നടപ്പാക്കും. ഡിജിറ്റൽ പഠനസൗകര്യങ്ങൾ കൂട്ടാനും ആലോചന.

