Advertisement

രാജ്യത്തെ കുപ്പിവെള്ള വിപണിയിൽ പ്രമുഖ ബ്രാൻഡായ ബിസ് ലെരിയിലെപരിശോധനയ്ക്ക് പിന്നിലും അംബാനിയോ...? വിവാദത്തിന് തൊട്ടുപിന്നാലെ 15 രൂപയുടെ കുപ്പിവെള്ളമിറക്കി റിലയൻസ്

രാജ്യത്തെ കുപ്പിവെള്ള വിപണിയിൽ പ്രമുഖ ബ്രാൻഡായ ബിസ്‌ലെറിയുടെ നിർമ്മാണശാലയിൽ നടന്ന ഭക്ഷ്യസുരക്ഷാ പരിശോധനയും, അതേ കാലയളവിൽ റിലയൻസ് കുറഞ്ഞ വിലയിൽ പുതിയ കുപ്പിവെള്ളം വിപണിയിലിറക്കിയതും തമ്മിലുള്ള ബന്ധം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. 2025 സെപ്റ്റംബറിൽ നടന്ന തുടർച്ചയായ സംഭവവികാസങ്ങളുടെ നാൾവഴി ചൂണ്ടിക്കാട്ടിയാണ് വിവിധ കോണുകളിൽനിന്ന് ചോദ്യങ്ങൾ ഉയരുന്നത്.2025 സെപ്റ്റംബറിലാണ് പാക്ക് ചെയ്ത കുപ്പിവെള്ളത്തിന്റെ ജി.എസ്.ടി 18 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമായി കുറച്ചത്. ഈ നികുതി ഇളവ് പ്രാബല്യത്തിൽ വന്ന അതേ മാസം തന്നെ റിലയൻസ് തങ്ങളുടെ പുതിയ കുപ്പിവെള്ള ബ്രാൻഡായ 'ക്യാമ്പ ഷുവർ' വിപണിയിലിറക്കി. വിപണിയിൽ മുൻനിരയിലുള്ള ബിസ്‌ലെറി ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 20 രൂപ ഈടാക്കുമ്പോൾ, അതിനേക്കാൾ അഞ്ച് രൂപ കുറച്ച് 15 രൂപയ്ക്കാണ് റിലയൻസ് ഉൽപ്പന്നം അവതരിപ്പിച്ചത്.ഇതിനിടെ, സെപ്റ്റംബർ 30-ന് ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ എഫ്.എസ്.എസ്.എ.ഐ ബിസ്‌ലെറിയുടെ ഗോവയിലെ പ്ലാന്റിൽ പരിശോധന നടത്തുകയും ആറ് സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. നികുതി കുറച്ചതും റിലയൻസ് വിപണിയിലേക്ക് കടന്നുവന്നതും പ്രധാന എതിരാളിയായ ബിസ്‌ലെറിയിൽ പരിശോധന നടന്നതും ഒരേ മാസത്തിനുള്ളിൽ സംഭവിച്ചതാണ് ഇപ്പോൾ സംശയങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.'നാൾവഴി മനസ്സിലാക്കൂ' എന്ന കുറിപ്പോടെ മാധ്യമപ്രവർത്തകനും വസ്തുതാപരിശോധകനുമായ മുഹമ്മദ് സുബൈർ അടക്കമുള്ളവർ ഈ വിവരങ്ങൾ എക്സിൽ പങ്കുവെച്ചതോടെ സംഭവം വ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ സർക്കാർ നയങ്ങളും പരിശോധനാ ഏജൻസികളും സഹായകമാകുന്നുണ്ടോ എന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. അതേസമയം, ഈ വിഷയത്തിൽ ബന്ധപ്പെട്ട കമ്പനികളിൽനിന്നോ അധികൃതരിൽനിന്നോ ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

GENERAL
News Image

കടുത്ത നടപടിക്ക് വിദ്യാഭ്യാസ വകുപ്പ്; സ്കൂളുകളിൽ സൗന്ദര്യവർധക വസ്തുക്കൾ കൊണ്ടുവരുന്നത് വിലക്കും.

സൗന്ദര്യവർധക വസ്തുക്കളോടുള്ള വിദ്യാർത്ഥികളുടെ അമിതാവേശത്തിന് തടയിടാൻ കടുത്ത നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്. മുഖകാന്തി ലേപനം, ലിപ്സ്റ്റിക് അടക്കമുള്ളവയുടെ അമിത ഉപയോഗത്തിനെതിരെ സ്കൂളുകളിൽ മുന്നറിയിപ്പ് നൽകാനും ഇവ സ്കൂളുകളിലേക്ക് കൊണ്ടുവരുന്നത് വിലക്കാനുമാണ് നിർദ്ദേശം.അരീക്കോട്ട് 'എഫ് ട്യൂൺ' ഫെയർനെസ് ക്രീം ഉപയോഗിച്ച പെൺകുട്ടിക്ക് വൃക്കരോഗം ബാധിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പും കർശന പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. ക്ലാസ് മുറിയിൽ മറ്റൊരു കുട്ടി ഉപയോഗിക്കുന്നത് കണ്ടാണ് രോഗബാധയേറ്റ വിദ്യാർത്ഥിനി ഓൺലൈൻ വഴി ക്രീം വാങ്ങി ഉപയോഗിച്ചു തുടങ്ങിയത്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇതുസംബന്ധിച്ച് അവബോധം നൽകാനും വകുപ്പ് ഒരുങ്ങുകയാണ്.​പെൺകുട്ടികളും ആൺകുട്ടികളും ഒരുപോലെ ഇത്തരം ക്രീമുകളിൽ ആകൃഷ്ടരാകുന്നുണ്ട്.**കലോത്സവ നഗരികളിലും ഇവ സുലഭമാണ്. മലപ്പുറം ജില്ലയിൽ മൂന്നുവർഷം മുമ്പ് 'യൂത്ത് ഫെയ്സ്', 'ഫെയ്സ്' തുടങ്ങിയ ക്രീമുകൾ ഉപയോഗിച്ച 11 പെൺകുട്ടികൾക്ക് ഗുരുതരമായ വൃക്കരോഗമായ നെഫ്രോട്ടിക് സിൻഡ്രോം ബാധിച്ചിരുന്നു. ഇതിൽ 14 വയസ്സുകാരിയുടെ നില ഗുരുതരമായതിനെ തുടർന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് റിപ്പോർട്ട് നൽകിയിരുന്നു.* എഫ് ട്യൂൺ, ഫൈസ, ഗോറി തുടങ്ങി പല പേരുകളിൽ 400 മുതൽ 550 രൂപ വരെ വില ഈടാക്കി ഓൺലൈൻ വഴി വിൽക്കുന്നത് ഒരേതരം വ്യാജ ക്രീമുകളാണെന്നും വ്യക്തമായിട്ടുണ്ട്.

THIRUVANANTHAPURAM
News Image

ഇനി വാട് സ് ആപ്പിൽ മറുപടി പറയുന്നത് ജഗതിയും സലിംകുമാറും സുരാജും! ചാറ്റിൽ ചിരിപ്പിക്കാൻ സൗണ്ട് സ്റ്റിക്കറുകൾ

സുഹൃത്ത് ഒരു മെസേജ് അയച്ചു. നമ്മള്‍ക്ക് മറുപടി പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. എന്ത് പറയണമെന്നറിയാതെ കുഴങ്ങുമ്പോള്‍ ഒരു ജഗതി ഡയലോഗ് അയച്ചാലോ?. അല്ലെങ്കില്‍ സലിംകുമാറിന്റെ ഒരു കോമഡി ഭാവം! സംഗതി സൂപ്പറായിരിക്കും അല്ലേ?. മറുപടി കിട്ടിയ ആള്‍ക്ക് ചിരിയും നമുക്ക് വലിയൊരു വിശദീകരണം നല്‍കേണ്ട ബാധ്യതയില്‍നിന്ന് മോചനവും ലഭിക്കും.സന്തോഷം, ദേഷ്യം, പരിഹാസം, സങ്കടം, അത്ഭുതം തുടങ്ങി ഏത് വികാരവും മലയാള സിനിമയിലെ ഒരു ഡയലോഗുകൊണ്ട് അവതരിപ്പിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. ഇപ്പോഴിതാ സ്റ്റിക്കറുകള്‍ക്ക് ശബ്ദം കൂടി നല്‍കുന്ന പുതിയ ഫീച്ചറിലൂടെ ചാറ്റുകളെ കൂടുതല്‍ രസകരമാക്കാനുള്ള സാധ്യതയാണ് വാട്‌സാപ്പ് തുറക്കുന്നത്.സാധാരണ സ്റ്റിക്കറുകള്‍ അയക്കുമ്പോള്‍ ഒരു ചിത്രത്തിലൂടെയോ കഥാപാത്രത്തിന്റെ ഭാവത്തിലൂടെയോ ആണ് നമ്മള്‍ പ്രതികരിക്കുന്നത്. അനിമേറ്റഡ് സ്റ്റിക്കറുകള്‍ വരുമ്പോള്‍ ആ ചിത്രത്തിന് ചലനവും ലഭിക്കും. എന്നാല്‍ സൗണ്ട് സ്റ്റിക്കറുകള്‍ ഈ അനുഭവത്തിലേക്ക് മറ്റൊരു ഘടകം കൂടി കൂട്ടിച്ചേര്‍ക്കുന്നു. സ്റ്റിക്കറിനൊപ്പം ചേര്‍ത്തിരിക്കുന്ന ശബ്ദം അതില്‍ ടാപ്പ് ചെയ്യുമ്പോള്‍ കേള്‍ക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പില്‍ ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്കായി ലഭ്യമാകുമെന്ന് ടെക്‌നോളജി വെബ്‌സൈറ്റായ WABetaInfo റിപ്പോര്‍ട്ട് ചെയ്യുന്നത്. വീഡിയോയില്‍നിന്ന് അനിമേറ്റഡ് സ്റ്റിക്കര്‍ ഉണ്ടാക്കാനും അതിനൊപ്പം ശബ്ദം ചേര്‍ക്കാനുമുള്ള സംവിധാനവും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

KALPETTA
News Image
Advertisement

വ്യാജ സൗന്ദര്യവർധക വസ്തുക്കൾ; ബ്യൂട്ടി പാർലറുകളിലും ജിമ്മുകളിലും പരിശോധന

സംസ്ഥാനത്ത് വ്യാജവും നിലവാരമില്ലാത്തതുമായ സൗന്ദര്യവർധക വസ്തുക്കൾ, പ്രത്യേകിച്ച് ഫെയ്സ് ക്രീമുകൾ ഉപയോഗിച്ചതിനെത്തുടർന്ന് പലർക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായ സാഹചര്യത്തിൽ പരിശോധനക്ക് ആരോഗ്യ വകുപ്പ് നിർദേശം. വ്യാജ സൗന്ദര്യവർധക വസ്തുക്കളും സപ്ലിമെന്റുകളും വ്യാപകമായി ഉപയോഗിക്കുന്നത് ബ്യൂട്ടിപാർലറുകളിലും ജിമ്മുകളിലുമാണെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് കർശന പരിശോധന നടത്തുന്നത്. ഇതുസംബന്ധിച്ച് അടിയന്തര സർക്കുലർ പുറപ്പെടുവിക്കാൻ ആരോഗ്യ മന്ത്രി കെ. മുരളീധരൻ, ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. അനുവദനീയ അളവിലും കൂടുതൽ രാസവസ്തുക്കളടങ്ങിയ സൗന്ദര്യവർധക ഉൽപന്നങ്ങൾ വിപണിയിലെത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. അംഗീകൃത ലൈസൻസില്ലാതെയും ചേരുവകൾ, നിർമാണ തീയതി, കാലാവധി എന്നിവ രേഖപ്പെടുത്താതെയും പുറത്തിറക്കുന്ന വ്യാജ ഫെയ്സ് ക്രീമുകൾ വ്യാപകമായി വിറ്റഴിക്കുന്നു. ബ്യൂട്ടി പാർലറുകൾ, കോസ്മെറ്റിക് സെന്ററുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ വഴിയാണ് വിൽപനയും ഉപയോഗവും. വ്യാജവും ലൈസൻസില്ലാത്തതും നിലവാരമില്ലാത്തതുമായ സൗന്ദര്യവർധക വസ്തുക്കൾ കണ്ടെത്താൻ എല്ലാ ബ്യൂട്ടി പാർലറുകളിലും കോസ്മെറ്റിക് സെന്ററുകളിലും മറ്റു സ്ഥാപനങ്ങളിലും ഡ്രഗ്സ് കൺട്രോൾ വകുപ്പ് സമഗ്ര പരിശോധന നടത്തും. ജിമ്മുകൾ, വെൽനസ് സെന്ററുകൾ എന്നിവ വഴി വിൽക്കുന്ന പ്രോട്ടീൻ പൗഡറുകളുടെയും മറ്റു പോഷക സപ്ലിമെന്റുകളുടെയും ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പും ഡ്രഗ്സ് കൺട്രോൾ വകുപ്പും ചേർന്നാണ് പരിശോധന നടത്തുക. കൃത്യമായ ഇടവേളകളിൽ പരിശോധന നടത്താനും ആഴ്ചതോറും റിപ്പോർട്ട് സമർപ്പിക്കാനും നിർദേശമുണ്ട്.

ARIYIPPU
News Image

ഇ-ദർഘാസ് ക്ഷണിച്ചു

മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ നവജാതശിശു പരിചരണ വിഭാഗത്തിലേക്ക് ഇൻകുബേറ്റർ വിത്ത് ട്രോളി, നിയോനേറ്റൽ മൾട്ടിപാരാ മോണിറ്റർ, പോർട്ടബിൾ സക്ഷൻ അപ്പാരറ്റസ് എന്നിവ വിതരണം ചെയ്യുന്നതിന് ഇ-ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ഡിസംബർ രണ്ടിന് രാവിലെ 10 വരെ സമർപ്പിക്കാം. ഫോൺ: 04935-240264. വെബ്സൈറ്റ്:https://etenders.kerala.gov.in/nicgep/app.

ARIYIPPU
News Image

ക്വട്ടേഷന്‍ ക്ഷണിച്ചു

കോളേരി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കോമ്പൗണ്ടില്‍ മുറിച്ചുമാറ്റിയ തടികള്‍ വില്‍ക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഡിസംബര്‍ മൂന്നിന്രാവിലെ 11.30 വരെ ക്വട്ടേഷനുകള്‍ സമര്‍പ്പിക്കണം. ഫോണ്‍- 6238491308.

ARIYIPPU
News Image

അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷപരിപാടികൾ: രജിസ്ട്രേഷൻ 27 വരെ

ജില്ലാ സാമൂഹികനീതി ഓഫീസിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷം ഡിസംബർ മൂന്നിന് രാവിലെ ഒമ്പത് മുതൽ മുട്ടിൽ വയനാട് ഓർഫനേജ് സ്പീച്ച് ആൻഡ് ഹിയറിംഗ് സ്കൂളിൽ സംഘടിപ്പിക്കും. ഭിന്നശേഷിക്കാർക്കായി ഗ്രൂപ്പ് സോങ്, ഗ്രൂപ്പ് ഡാൻസ്, സിംഗിൾ സോങ്, സിംഗിൾ ഡാൻസ്, ഫാൻസി ഡ്രസ്, മോണോ ആക്ട്, മിമിക്രി തുടങ്ങിയ കലാപരിപാടികളും മ്യൂസിക്കൽ ചെയർ, പെനാൽറ്റി ഷൂട്ടൗട്ട്, ബോൾ പാസിങ് തുടങ്ങിയ കായിക വിനോദങ്ങളും ഒരുക്കും. കലാപരിപാടികൾ മത്സരാധിഷ്ഠിതമായിരിക്കില്ല. ഒരാൾക്ക് ഗ്രൂപ്പ് ഇനങ്ങൾ ഉൾപ്പെടെ പരമാവധി മൂന്ന് ഇനങ്ങളിൽ പങ്കെടുക്കാം. പ്രായപരിധിയില്ല. പങ്കെടുക്കാൻ താൽപര്യമുള്ളവർ നവംബർ 27-നകം രജിസ്റ്റർ ചെയ്യണം. ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യാം: https://docs.google.com/forms/d/e/1FAIpQLSc5knm_T1gpChSaN0woDJK23ru-2E4vEXYjwgfgy7VwBg358g/viewformഫോൺ: 04936 205307, 7559055263 ഇ-മെയിൽ:disabilityfestwayanad@gmail.com

WAYANAD
News Image

ക്ലർക്ക് റാങ്ക് പട്ടിക റദ്ദാക്കി

വയനാട് ജില്ലയിൽ വിവിധ വകുപ്പുകളിലെ ക്ലർക്ക് (എസ്.ടി വിഭാഗത്തിന് മാത്രം സംവരണം,കാറ്റഗറി നമ്പർ 370/2021) തസ്തികയിലേക്കുള്ള നിയമനത്തിനായി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി പൂർത്തിയായതിനെ തുടർന്ന് 2026 നവംബർ 21 അർധരാത്രി മുതൽ നിലവിലില്ലാത്തവിധംറദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

WAYANAD
News Image

ചവിട്ടുനാടകത്തില്‍ വിജയം തുടര്‍ക്കഥയാക്കി മാനന്തവാടി എം.ജി.എം

ഹൈസ്‌കൂള്‍ വിഭാഗം ചവിട്ടുനാടക മത്സരത്തില്‍ ആറാം വര്‍ഷവും വിജയം തുടര്‍ക്കഥയാക്കി മാനന്തവാടി എം.ജി.എം എച്ച്.എസ് സ്‌കൂള്‍. സ്വര്‍ഗത്തിലെ ലൂസിഫറും മിഖായേലും തമ്മിലുള്ള പോരാട്ടമാണ് ചവിട്ടുനാടകത്തിന്റെ പ്രമേയം. അധ്യയനവര്‍ഷാരംഭത്തോടെ തുടര്‍ച്ചയായ പരിശീലനത്തിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ അരങ്ങിലെത്തിയത്. ചവിട്ടു നാടക പരിശീലകന്‍ റോയ് ജോര്‍ജാണ് കഴിഞ്ഞ ആറു വര്‍ഷമായി ടീമിന് പരിശീലനം നല്‍കുന്നത്. ആര്‍. തനുശ്രീ, വി. ഋതിക, സിയ ഡൊമിനിക്, എസ്. അനിക, അലീന, അധിനിയ, ബെനിറ്റ, ബി. സെബാസ്റ്റ്യന്‍ ലൊറൈന്‍, അലോണ, ആന്‍ഡ്രിയ എന്നിവരാണ് ടീമംഗങ്ങള്‍.

WAYANAD
News Image

കുട്ടികള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങളില്‍ നിര്‍ണായക ഹൈക്കോടതി പരാമര്‍ശം; പലരും കുറ്റം ചെയ്യുന്നത് 18 വയസ് ആയില്ലെന്ന ബോധ്യത്തില്‍, പ്രായ പരിധിയിലും പരാമര്‍ശം

18 വയസ്സില്‍ താഴെയാണെന്ന ബോധ്യത്തോടെയാണ് പല കുട്ടികളും കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്നതെന്നും എന്നിട്ടും അവരെ പ്രായപൂർത്തിയായവരായി പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചു.പ്രായപൂർത്തി നിർണയിക്കാൻ 18 വയസ്സ് എന്ന പരിധി നിശ്ചയിച്ചതിനെക്കുറിച്ചായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം. മദ്യപിച്ച്‌ 19കാരൻ ഓടിച്ച ആഡംബരക്കാറിടിച്ച്‌ നെടുമ്പാശ്ശേരിയില്‍ മൂന്നുപേർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഇക്കാര്യം പറഞ്ഞത്. സംഭവത്തില്‍ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയായിരുന്നു കോടതിയുടെ പരിഗണനയില്‍.സൂര്യൻ ഉദിക്കുന്ന ദിശയെ ഉദാഹരണമാക്കി കോടതി നിലപാട് വിശദീകരിച്ചു. സൂര്യൻ ഉദിക്കുന്നിടമാണ് കിഴക്ക്. അതുപോലെ പ്രായപൂർത്തിയാകുന്നത് 18 വയസ്സിലാണെന്ന മുൻകൂട്ടിയുള്ള ധാരണയല്ല, പ്രായപൂർത്തിയാകുന്ന പ്രായത്തിനാണ് പ്രാധാന്യം. പ്രായപൂര്‍ത്തിയാകുന്നത് 16 വയസ്സാണെങ്കില്‍ പ്രായപൂർത്തിയുടെ പരിധിയും 16 ആകണമല്ലോ എന്നും കോടതി നിരീക്ഷിച്ചു.അതേസമയം, 19കാരന് മദ്യം നല്‍കിയ ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതായി സർക്കാർ കോടതിയെ അറിയിച്ചു. പുതിയ മദ്യനയത്തില്‍ ഇതുസംബന്ധിച്ച വ്യവസ്ഥ ഉള്‍പ്പെടുത്തുമെന്നും വ്യക്തമാക്കി. തുടർന്ന് ഹർജി രണ്ടാഴ്ചയ്ക്കു ശേഷം പരിഗണിക്കാനായി തീരുമാനിച്ചു.

GENERAL
News Image

സംസ്ഥാനത്ത് ടാർ റോഡിന് പകരം കോൺക്രീറ്റ് റോഡ്; ചെലവ് കൂടും അറ്റകുറ്റപ്പണി കുറയും, പഠനം നടത്തുമെന്ന് മന്ത്രി

സംസ്ഥാനത്ത് ടാർ റോഡുകൾക്കുപകരം കോൺക്രീറ്റ് റോഡ് നിർമാണത്തിന്റെ സാധ്യത പ്രയോജനപ്പെടുത്താൻ സർക്കാർ. നിലവിൽ ബിറ്റുമിൻ ഉപയോഗിച്ചാണ് (ബ്ളാക്ക് ടോപ്പിങ്) റോഡ് നിർമാണം. ഇതിനുപകരം കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ചുള്ള വൈറ്റ് ടോപ്പിങ് നിർമാണരീതി സ്വീകരിക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ ആലോചന.ദീർഘകാലം തകരാതെ നിൽക്കുമെന്നതാണ് കോൺക്രീറ്റ് റോഡുകളുടെ മെച്ചം. പരിപാലനച്ചെലവും കുറയുന്നത് നേട്ടമാകും. അതേസമയം, നിർമാണച്ചെലവ് ഉയരും. പ്രതലത്തിൽ കോൺക്രീറ്റ് പാളി ഉപയോഗിക്കുമ്പോൾ റോഡിന് റിജിഡ് പേവ്‌മെന്റ് സ്വഭാവം ലഭിക്കുന്നതിനാൽ 25-30 വർഷംവരെ ഈടുനിൽക്കും.സംസ്ഥാനത്ത് ആലപ്പുഴയിൽ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായി 7.20 കിലോമീറ്റർ 24.50 കോടി രൂപ മുടക്കി വൈറ്റ് ടോപ്പിങ് നടപ്പാക്കിയിട്ടുണ്ട്. കളമശ്ശേരിയിലും അഞ്ച് കിലോമീറ്റർ റോഡ് ഇത്തരത്തിൽ നിർമിച്ചു. ദേശീയപാതയിൽ കഴക്കൂട്ടം-കാരോട് റോഡിൽ മുക്കോല മുതൽ കാരോട് വരെയുള്ള 16.4 കിലോമീറ്റർ ദൂരം കോൺക്രീറ്റ് പാതയാണ്.ഈ റോഡുകളെ വിലയിരുത്തിയാണ് കോൺക്രീറ്റ് റോഡുകളുടെ സാധ്യത പരിശോധിക്കുന്നത്. ബെംഗളൂരുവിൽ വൈറ്റ് ടോപ്പിങ്ങിലൂടെ 9000 കോടിയുടെ നഗരറോഡുകൾ നിർമിച്ചിട്ടുണ്ട്. വൈറ്റ് ടോപ്പിങ് പദ്ധതിയെക്കുറിച്ച് പഠിക്കാൻ പൊതുമരാമത്ത് വകുപ്പിലെ വിദഗ്‌ധസംഘം ബെംഗളൂരു സന്ദർശിക്കും. കോൺക്രീറ്റ് റോഡുകൾ അനുയോജ്യം:സംസ്ഥാനത്ത് മഴ കൂടുതൽ പെയ്യുന്നതിനാൽ കോൺക്രീറ്റ് റോഡുകൾ കൂടുതൽ അനുയോജ്യമാകുമെന്നാണ് വിലയിരുത്തൽ. തകരാറുണ്ടായാൽ ആ ഭാഗം മാത്രം പൊളിച്ചുപണിതാൽ മതിയാകും. പ്രതലം കൂടുതൽ ഉറപ്പുള്ളതിനാൽ ഭാരവാഹനങ്ങൾക്ക് കൂടുതൽ മൈലേജ് ലഭിക്കും. ടയറുകളുടെ ആയുസ്സും കൂടും.പഠനം നടത്തുംമന്ത്രി പി.കെ. ബഷീർ:വൈറ്റ് ടോപ്പിങ്ങിന്റെ സാധ്യതയെക്കുറിച്ച് പഠനംനടത്തും. സാമ്പത്തിക പ്രായോഗികതകൂടി കണക്കിലെടുത്ത് പ്രധാന റോഡുകളിൽ ഇത് പ്രയോജനപ്പെടുത്തുംമന്ത്രി പി.കെ. ബഷീർ.

GENERAL
News Image

വരുന്നു ഒറ്റപ്പെട്ട മഴയും ഇടിമിന്നലും, 9 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും മാഹിയിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. നവംബർ 25 മുതൽ നവംബർ 27ന് വരെയാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം വിശദമാക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നവംബർ 25 മുതൽ നവംബർ 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.25/11/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്.

KERALA
News Image

ഉമ്മൻ ചാണ്ടി പെരുമാറിയത് വാത്സല്യത്തോടെ, ഒരിക്കലും തന്നെ എതിർത്തിരുന്നില്ല; ആർക്കെതിരെയും സൈബർ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ വിശദീകരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. ആർക്കെതിരെയും സൈബർ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. ഷാഫിയുമായി ഉള്ളത് സഹോദര ബന്ധമാണെന്നും ​ഗുരുശിഷ്യ ബന്ധമല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ‌ പറഞ്ഞു. യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിലും വിശദീകരണം നൽകി. ഉമ്മൻ ചാണ്ടി പെരുമാറിയത് വാത്സല്യത്തോടെയാണെന്നും ഒരിക്കലും തന്നെ എതിർത്തിട്ടില്ലെന്നും രാഹുൽ പറഞ്ഞു.ഉണ്ണിത്താൻ തന്‍റെ പേര് പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ രാഹുൽ താൻ കോൺഗ്രസ്സിൽ ഉള്ള ആർക്കും എതിരെ സൈബർ ആക്രമണം നടത്തിയിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. പൊലീസിൽ പരാതി കൊടുത്താൽ ആര് ആണെന്ന് കണ്ടുപിടിക്കാം. ഇപ്പോൾ നടക്കുന്നത് സൈബർ അറ്റാക്ക് ആണെങ്കിൽ താനും അത് നേരിട്ട ആളാണ്. നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ് കാലത്ത് പി വി അൻവറിനെ കാണാൻ പോയതിൽ വലിയ വിമർശനം നേരിട്ടു. കേസിന്റെ സമയത്തും അത്തരം അഭിപ്രായ പ്രകടനങ്ങൾ ഉണ്ടായി. വിഡി സതീശനും കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും സൈബർ അറ്റാക് നേരിടുന്നുവെന്നും രാഹുൽ പറഞ്ഞു.

THIRUVANANTHAPURAM
News Image

പാരമ്പര്യച്ചുവടുകള്‍ക്ക് പൊന്‍തിളക്കം; പളിയ നൃത്തത്തില്‍ മാനന്തവാടി എം.ജി.എമ്മിന് ഒന്നാം സ്ഥാനം

ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ പരമ്പരാഗത നൃത്തത്തില്‍ ഒന്നാം സ്ഥാനം നേടി മാനന്തവാടി എം.ജി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. പളിയ സമുദായത്തിന്റെ തനതായ ആരാധനാ നൃത്തരൂപമാണ് പളിയനൃത്തം. പളിയ സമുദായത്തിന്റെ കുലദൈവമായ ഏടാത്ത് പളിച്ചിയമ്മയെ സ്തുതിച്ചുകൊണ്ടാണ് നൃത്തം അവതരിപ്പിക്കുന്നത്. മഴയ്ക്കും മണ്ണിനും കാലാവസ്ഥയ്ക്കും രോഗശാന്തിക്കുമായി പ്രാര്‍ത്ഥിക്കുന്ന ഈ കലാരൂപം പളിയ സമുദായത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളും പ്രകൃതിയുമായുള്ള ആത്മബന്ധവുമാണ് പ്രതിഫലിപ്പിക്കുന്നത്. ഗോത്ര സമൂഹത്തിന്റെ സാംസ്‌കാരിക പൈതൃകം കലോത്സവ വേദിയില്‍ പുതുതലമുറയുടെ ചുവടുകളിലൂടെ അവതരിപ്പിച്ചത് വിജയത്തിന് പ്രത്യേക തിളക്കമേകുന്നുണ്ട്. പ്രസ്റ്റിന്‍ പ്രിജി, ഇമ്മാനുവല്‍ ബൈജു, അലീന ഇ.വി ജോസ്, കീര്‍ത്തന പി ഗിരീഷ്, അയിന ബാബു, ആയിഗ, തന്‍ഹ, അലന, ഡെല്‍ന, ഹയില്‍ ദിയ, അളകനന്ദ, വിനയ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രശാന്ത് ഇടുക്കിയാണ് പരിശീലകന്‍. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് വിദ്യാലയം ഈ നേട്ടം സ്വന്തമാക്കുന്നത്.

GENERAL
News Image

മോഹിനിയാട്ടത്തില്‍ തിളങ്ങി അവന്തിക

കലോത്സവ വേദികളില്‍ ഓരോ തവണയും കഴിവ് തെളിയിച്ച് മുന്നേറുകയാണ് കല്ലോടി സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ടി.എസ് അവന്തിക. 45-ാം മത് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം മോഹിനിയാട്ടത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് അവന്തിക സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലേക്ക് യോഗ്യത നേടിയത്. മുന്‍വര്‍ഷങ്ങളിലെ സംസ്ഥാനതല മത്സരത്തില്‍ മികവ് തെളിയിച്ചിട്ടുള്ള അവന്തികക്ക് കലോത്സവ വേദികള്‍ പുതുമയുള്ളതല്ല. 2025 ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മോഹിനിയാട്ടത്തില്‍ എ ഗ്രേഡ് നേടിയിരുന്നു. തുടര്‍ച്ചയായ രണ്ട് തവണ കേരളനടനത്തില്‍ എ ഗ്രേഡ് സ്വന്തമാക്കി. ഇത്തവണ മോഹിനിയാട്ടത്തിലെ വിജയത്തിനൊപ്പം മോണോആക്ടിലും എ ഗ്രേഡ് നേടിയതോടെ വിവിധ കലാ മേഖലയിലെ കഴിവ് തെളിയിച്ചിരിക്കുകയാണ് അവന്തിക. മോഹിനിയാട്ടത്തിന്റെ ചാരുതയും ഭാവാഭിനയവും ചുവടുകളില്‍ മനോഹരമായി സമന്വയിപ്പിക്കാന്‍ അവന്തികയ്ക്ക് കഴിയുന്നുണ്ട്. ആഷിഷ് പയ്യന്നൂരാണ് അവന്തികയുടെ കലാപരിശീലകന്‍. പി ശ്രീജിത്തിന്റെയും ടി അര്‍ച്ചനയുടെയും മകളാണ് അവന്തിക. പഠനത്തോടൊപ്പം കലാപരിശീലനം മുന്നോട്ടുകൊണ്ടുപോകുന്ന അവന്തികയുടെ അടുത്ത ലക്ഷ്യം സംസ്ഥാന കലോത്സവ വേദിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുക എന്നതാണ്. ജില്ലാ വേദിയിലെ ഒന്നാം സ്ഥാനത്തിന്റെ ആത്മവിശ്വാസവുമായി സംസ്ഥാന വേദിയിലേക്ക് ചുവടുവെക്കുമ്പോള്‍ അവന്തികയുടെ കലായാത്രയില്‍ പ്രതീക്ഷകള്‍ ഏറെയാണ്.

GENERAL
News Image

ശ്രേയസ് പുരുഷന്മാരെ ആദരിച്ചു.

കാര്യമ്പാടി : -കാര്യമ്പാടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര പുരുഷ ദിനാചരണത്തിന്റെ ഭാഗമായി പുരുഷന്മാരെ ആദരിച്ചു.മുട്ടിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നിഷിദ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ജോൺ ചരുവിള അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.ഷാഹുൽ ഹമീദ്, ഡോ.മെറീന,ഡോ.ദിയ ഫാത്തിമ,സി ഡി ഒ ലെയോണ ബിജു എന്നിവർ സംസാരിച്ചു.പ്രസിഡന്റ്‌ സജി ഇലവുങ്കൽ സ്വാഗതവും,ടി.ഒ.പൗലോസ് നന്ദിയും രേഖപ്പെടുത്തി.

GENERAL
News Image

മികച്ച ഐസിഡിഎസ് സൂപ്പർവൈസർക്കുള്ള സംസ്ഥാന അവാർഡ് ഷംനയ്ക്ക്

വനിതാ ശിശു വികസന വകുപ്പിന്റെ 2025-26 വർഷത്തെ മികച്ച ഐ സി ഡി എസ് സൂപ്പർവൈസർക്കുള്ള സംസ്ഥാന അവാർഡിന് കൽപ്പറ്റ ഐ സി ഡി എസ് പ്രോജെക്ടിലെ ഷംന കെ അർഹയായി.സ്ത്രീകൾക്കും കുട്ടികൾക്കുമായി അങ്കണവാടി വഴി നടപ്പിലാക്കിയ കൃത്രീമ മധുരം ഒഴിവാക്കുന്നതിന്നായി ആരംഭിച്ച “നോ മിഠായി ക്യാമ്പയിൻ”, പ്രീ സ്കൂൾ കുട്ടികൾക്കായുള്ള പുസ്തക സമാഹരണ യജ്ഞത്തിന്റെ “പുസ്തകവട്ടി”,കുട്ടികളിൽ കൃഷി പാഠം നൽകുന്നതിന്നായി ആരംഭിച്ച “കുട്ടിവിത്ത്ബാങ്ക്”,കുട്ടികളിലെ സർഗ്ഗവാസനകൾ വളർത്താൻ രൂപം നൽകിയ “ആകാശമിഠായി” ആർട്ട്‌ ചല്ലഞ്ച്, സ്വീപ്‌ വയനാടിന്റെ തിരഞ്ഞെടുപ്പ് ബോധവത്കരണ ക്യാമ്പയിനിൽ അങ്കണവാടി തലത്തിൽ നടത്തിയ ബോധവത്കരണ പരിപാടികൾ, ST ഉന്നതികൾ കേന്ദ്രീകരിച്ചുള്ള പോഷക പാചക പഠന ക്ലാസുകൾ,ജാഗ്രത സമിതിയുമായി ബന്ധപെട്ടു നടത്തിയ സ്ത്രീ ശാക്തീകരണ പരിപാടികൾ, വകുപ്പ് നിർദേശിച്ച പരിപാടികളുടെ ഫലപ്രദമായ നടത്തിപ്പ്,വാർഷിക പദ്ധതി നിർവഹണം,അങ്കണവാടികളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ഇടപെടലുകൾ തുടങ്ങി പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളാണ് അവാർഡിന് അർഹയാക്കിയത്. 2021 ഇൽ ജോലിയിൽ പ്രവേശിച്ച് വേങ്ങപ്പള്ളി, കോട്ടത്തറ എന്നീ പഞ്ചായത്തുകളിൽ സേവനം അനുഷ്ഠിച്ചു. പടിഞ്ഞാറത്തറ സ്വദേശിയാണ്. ‌ അരീക്കോട് ഐ സി ഡി എസിലെ അങ്കണവാടി വർക്കർ മൈമൂനയുടെയും അബ്‌ദുൾ സമദിന്റെയും മകളാണ്. ഭർത്താവ്: ജിജിത്ത് സി പോൾ, മകൾ: ജഹനാര ഗലിയ.

KALPETTA
News Image

വിലക്കയറ്റം അതിരൂക്ഷം; 20 ശതമാനം വിലകൂട്ടാൻ കാറ്ററിംഗ് അസോസിയേഷൻ; ഒരു പ്ലേറ്റിന് 360 രൂപ വരെ; ആഘോഷങ്ങൾക്ക് തിരിച്ചടി

നിത്യോപയോഗ സാധനങ്ങളുടെയും പാചകവാതകത്തിന്റെയും വില കുത്തനെ ഉയർന്നതിനെത്തുടർന്ന് കാറ്ററിംഗ് നിരക്കുകൾ 20 ശതമാനം വരെ വർധിപ്പിക്കാൻ കാറ്ററിംഗ് അസോസിയേഷൻ തീരുമാനിച്ചു. ഇതോടെ വിവാഹം ഉൾപ്പെടെയുള്ള ആഘോഷങ്ങളുടെ ചെലവ് ഗണ്യമായി വർധിക്കും.പ്രധാന വിവരങ്ങൾ• പുതിയ നിരക്കുകൾ. വിലവർധനവ് പ്രാബല്യത്തിൽ വരുന്നതോടെ ഒരു പ്ലേറ്റ് ഭക്ഷണത്തിന് 360 രൂപ വരെയാകാൻ സാധ്യതയുണ്ട്. നിലവിൽ ഒരു ചിക്കൻ ബിരിയാണി തയ്യാറാക്കാൻ ഏകദേശം 140 രൂപയും, രണ്ട് പായസം ഉൾപ്പെടുന്ന സദ്യയ്ക്ക് 200 രൂപയോളവും നിർമ്മാണച്ചെലവ് വരുന്നുണ്ടെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.• വിലക്കയറ്റത്തിന്റെ കാരണങ്ങൾ. അരി (കൈമ അരി 200-250 രൂപ), വെളിച്ചെണ്ണ, സവാള (50 രൂപയ്ക്ക് മുകളിൽ), ചുവന്നുള്ളി (100-160 രൂപ), ഇഞ്ചി, വെളുത്തുള്ളി (200 രൂപയ്ക്ക് മുകളിൽ) എന്നിവയുടെ വിലയിലുണ്ടായ വൻ വർധനവാണ് പ്രധാന കാരണം. ഇതിനുപുറമെ പാചകവാതക സിലിണ്ടർ, വിറക്, ഇറച്ചി, മത്സ്യം എന്നിവയുടെ വിലവർധനവും തൊഴിലാളികളുടെ വേതനവും മേഖലയെ പ്രതിസന്ധിയിലാക്കി.• മുൻകൂർ ബുക്കിംഗുകൾ. മാസങ്ങൾക്ക് മുൻപ് കുറഞ്ഞ നിരക്കിൽ ബുക്കിംഗ് എടുത്ത വിവാഹങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും നിലവിലെ വിപണി വിലയിൽ ഭക്ഷണം നൽകുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായി ഓൾ കേരള കാറ്റേഴ്സ് അസോസിയേഷൻ (AKCA) വ്യക്തമാക്കുന്നു.

THIRUVANANTHAPURAM
News Image

അന്താരാഷ്ട്ര ചലചിത്രോസവം; ഡോക്യുമെന്‍ററി മത്സര വിഭാഗത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു

സുൽത്താൻ ബത്തേരി നഗരസഭ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് വയനാടിൻ്റെ (ഐ എഫ് എഫ് ഡബ്ല്യൂ) മത്സര വിഭാഗത്തിലേക്ക് ഡോക്യുമെൻ്ററികൾ ക്ഷണിക്കുന്നു. ഗോത്രജീവിതം പ്രമേയമാക്കിയ ഡോക്യുമെൻ്ററികളാണ് പരിഗണിക്കുന്നത്. സമയ നിയന്ത്രണം ഇല്ലാതെ ഒറ്റ കാറ്റഗറി ആയിട്ടാകും മത്സരം. മലയാളം ഒഴികെയുള്ള ഭാഷയിൽ തയ്യാറാക്കുന്ന ഡോക്യുമെൻ്ററികൾക്ക് ഇംഗ്ലീഷ് സബ്ടൈറ്റിലുകൾ നിർബന്ധമാണ്. 2020 ജനുവരിക്ക് ശേഷം നിർമ്മാണം പൂർത്തിയാക്കിയ ചിത്രങ്ങൾ പരിഗണിക്കും. മത്സരവിഭാഗത്തിൽ ലഭിക്കുന്ന ഡോക്യമെൻ്ററികൾ ജനുവരി ആറ്, ഏഴ്, എട്ട് തീയതികളിലായി ബത്തേരിയിൽ പ്രദർശിപ്പിക്കും. മത്സര വിഭാഗത്തിലേക്കായി rootandroutescollective@gmail.com എന്ന ഇ മെയിലിലേക്ക് ഗൂഗിൾ ഡ്രൈവ് അല്ലെങ്കിൽ വിമിയോ ലിങ്കായി ഡിസംബർ 15 നകം എൻട്രികൾ അയക്കണം. ഫോണ്‍: 8075254314.

SULTAN BATHERY
News Image

സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബർ 19 ന്

മാനന്തവാടി: എക്യുമെനിക്കൽ ക്രിസ്മസ് ഫോറം മാനന്തവാടി യുടെ നേതൃത്വത്തിൽ ഐക്യ ക്രിസ്മസ് ആഘോഷം ഡിസംബർ 19 ന് നടക്കും. വിവിധ അപ്പൊസ്തലിക സഭകൾ ചേർന്ന് ഐക്യ ക്രിസ്മസ് റാലിയും പൊതുസമ്മേളനവും കലാ പരിപാടികളും നടത്തും. ആലോചനാ യോഗത്തിൽ ഇ സി എഫ് പ്രസിഡൻ്റ് ഫാ.സോണി വാഴക്കാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റോജർ ഹിൽട്ടൻ, വൈസ് പ്രസിഡൻ്റ് ഫാ. തോമസ് തുണ്ടിയിൽ, അഡ്വ ഫാ സ്റ്റീഫൻ ചീക്കപ്പാറ, ഫാ. ടി.എം. കുര്യാക്കോസ്, ജോ. സെക്രട്ടറിമാരായ സൽജു പള്ളിപ്പാടൻ, കെ. എം. ഷിനോജ് എന്നിവർ പ്രസംഗിച്ചു സംയുക്ത ക്രിസ്മസ് പ്രോഗ്രാമിന് അനുയോജ്യമായ ഒരു പേര് നിർദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരമുണ്ട്. തിരഞ്ഞെടുക്കു പെടുന്ന പേര് നിർദേശിക്കുന്ന ആൾക്ക് സമ്മാനവും നൽകും. പേരുകൾ 28/11/26 ന് വൈകിട്ട് 5ന് മുൻപ് 99470 76349 എന്ന നമ്പറിൽ വാട്സാപ് ചെയ്യണം.

MANANTHAVADY
News Image