ഇന്നും കുതിച്ചുകയറി സ്വര്‍ണവില
തിരുവനന്തപുരം :തുടര്‍ച്ചയായ ഇടിവുകള്‍ക്കൊടുവില്‍ സ്വര്‍ണവിലയില്‍ കയറ്റം. ഇന്ന് ഗ്രാമിന് 115 രൂപയും പവന് 920 രൂപയുമാണ് വര്‍ധിച്ചത്.ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 93,720 രൂപയായി. ഗ്രാം വില 11,715 രൂപയാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 9,585 രൂപയും പവന് 76,680 രൂപയുമാണ്. 14 കാരറ്റിന് 7,505 രൂപയാണ് ഗ്രാമിന്. പവന് 60,040 രൂപയും.കഴിഞ്ഞ ആഴ്ചയിലെ കനത്ത വിലയിടിവിനുശേഷം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവും വെള്ളിയും തുടര്‍ച്ചയായ രണ്ടാം ദിവസവും ശക്തമായ തിരിച്ചുകയറ്റം നടത്തിയെന്നതാണ് ഇൗയാഴ്ചയിലെ ഹൈലൈറ്റ്. വില കുറഞ്ഞപ്പോള്‍ നിക്ഷേപകര്‍ നടത്തിയ വാങ്ങലും ആഗോള ഓഹരി വിപണികളിലെ മുന്നേറ്റവുമാണ് ഈ തിരിച്ചുകയറ്റത്തിന് പ്രധാന പിന്തുണയായത്.എന്നാല്‍, ഈ മുന്നേറ്റത്തിന്റെ തുടര്‍ച്ച നിര്‍ണയിക്കുക അമേരിക്കയുടെ സാമ്പത്തിക സൂചികകളായിരിക്കും. ഫെഡറല്‍ റിസര്‍വിന്റെ പലിശനയവും ഡോളറിന്റെ മൂല്യവും അമേരിക്കന്‍ ട്രഷറി യീല്‍ഡും സ്വര്‍ണവിലയെ സ്വാധീനിക്കും. ബുധനാഴ്ച പുറത്തുവരുന്ന പണപ്പെരുപ്പ കണക്കുകള്‍ പലിശനിരക്കുകളെക്കുറിച്ചുള്ള വിപണിയുടെ പ്രതീക്ഷകളില്‍ നിര്‍ണായക മാറ്റമുണ്ടാക്കാം.നിര്‍മിത ബുദ്ധി (എഐ) മേഖലയിലെ കമ്പനികളുടെ ഉയര്‍ന്ന കടബാധ്യതയെക്കുറിച്ചുള്ള ആശങ്കകളും ഓഹരി വിപണിയിലെ കൂട്ടവില്‍പ്പനയും സ്വര്‍ണത്തെ ബാധിച്ചു. സാമ്പത്തിക വിപണികളില്‍ നഷ്ടം നേരിട്ട നിക്ഷേപകര്‍ പണം കണ്ടെത്തുന്നതിനായി സ്വര്‍ണം ഉള്‍പ്പെടെയുള്ള ആസ്തികള്‍ വിറ്റഴിക്കുന്നതും വിലയില്‍ സമ്മര്‍ദം സൃഷ്ടിക്കാം.ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷസാധ്യതയും റഷ്യ-യുക്രെയ്ന്‍ യുദ്ധവും പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും സ്വര്‍ണവിപണിയില്‍ ചാഞ്ചാട്ടം സൃഷ്ടിക്കുന്ന ഘടകങ്ങളാണ്.സ്വര്‍ണ വായ്പാ സ്ഥാപനങ്ങള്‍ക്ക് ആശങ്കവിവാഹ സീസണില്‍ ആഭരണങ്ങള്‍ വാങ്ങാനൊരുങ്ങുന്നവര്‍ക്ക് വിലയിടിവ് ആശ്വാസമാണ്. എന്നാല്‍ ഉയര്‍ന്ന വിലയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയ നിക്ഷേപകര്‍ക്കും വ്യാപാരികള്‍ക്കും തിരിച്ചടിയാണ് ഇപ്പോഴത്തെ സാഹചര്യം.സ്വര്‍ണ വായ്പാ രംഗത്തും വിലയിടിവ് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പണയംവെച്ച സ്വര്‍ണത്തിന്റെ വിപണി മൂല്യം കുറയുന്നതോടെ വായ്പയും ഈടിന്റെ മൂല്യവും തമ്മിലുള്ള അനുപാതം (LTV) ഉയരും. കേരളത്തില്‍ ശക്തമായ സാന്നിധ്യമുള്ള സ്വര്‍ണ വായ്പാ കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും വായ്പാ തിരിച്ചടവും ഈടിന്റെ മൂല്യവും സൂക്ഷ്മമായി നിരീക്ഷിക്കേണ്ട സാഹചര്യമാണിത്.ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഇപ്പോള്‍ എത്രയാകും?തിങ്കളാഴ്ച പുതുക്കി നിശ്ചയിച്ച വിപണി വിലയ്‌ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും സ്വര്‍ണത്തിനും പണിക്കൂലിക്കും മേല്‍ ഈടാക്കുന്ന മൂന്ന് ശതമാനം നിരക്കിലുള്ള ജി.എസ്.ടിയും, ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലുള്ള 45 രൂപ, അതിനുമേല്‍ ഈടാക്കുന്ന 18 ശതമാനം ജി.എസ്.ടിയും ഒക്കെ കൂട്ടിച്ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണാഭരണം ഇപ്പോള്‍ വാങ്ങുന്നതിന് 1,02,012 രൂപയിലധികം ചെലവാക്കേണ്ടിവരും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈനില്‍ വരുന്ന മാറ്റത്തിനനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം നേരിടാമെന്നതും ശ്രദ്ധിക്കുക.
സംസ്ഥാന ശാസ്ത്രമേളയിൽ മികച്ച നേട്ടവുമായി തരിയോട് നിർമ്മല ഹൈസ്ക്കൂൾ
തരിയോട്: മണ്ണാർക്കാട് നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിപരിചയമേളയിൽ തരിയോട് നിർമ്മല ഹൈസ്ക്കൂൾ 56 പോയന്റുമായി ഓവറോൾ കിരീടം നേടി. പങ്കെടുത്ത 10 ഇനങ്ങളിൽ രണ്ട് രണ്ടാം സ്ഥാനമടക്കം എല്ലാ കുട്ടികളും എ ഗ്രേഡ് നേടി. വുഡ് കാർവിങിൽ നിഹാര പി ആർ ,ഫൈബർ ഫാബ്രിക്കേഷൻ - ഗസൽ സാഗർ എന്നിവർ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടി.മികച്ച വിജയം നേടുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കിയ വർക്ക് എക്സ്പിരിയൻസ് അധ്യാപിക അമ്പിളി തോമസിനെയും, വിജയികളായ വിദ്യാർത്ഥികളെയും മാനേജ്മെൻ്റും പിടിഎ യും സ്റ്റാഫ് കൗൺസിലും അനുമോദിച്ചു. മാനേജർ ഫാ. സ്റ്റീഫൻ കോട്ടയ്ക്കൽ, പിടിഎ പ്രസിഡണ്ട് ജോൺസൻ എം വി., എംപിടിഎ പ്രസിഡണ്ട് ദിവ്യ പ്രതീഷ്, ഹെഡ്മാസ്റ്റർ ജോബി മാനുവൽ, സ്റ്റാഫ് സെക്രട്ടറി സ്റ്റെല്ല സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
വാഹന പരിശോധനയ്ക്കിടെ നിർത്താതെപോയി 17 കാരൻ; കാറിന് പൂട്ടിട്ട് പൊലീസ്; പൂട്ട് പൊളിച്ച പ്രതിയും അറസ്റ്റിൽ
കൊച്ചി: പൊന്നുരുന്നിയിൽ പൊലീസിൻ്റെ വാഹന പരിശോധനയ്ക്കിടെ കാർ നിർത്താതെപോയി പതിനേഴുകാരൻ. തുടർന്നുള്ള അന്വേഷണത്തിലൂടെ കാർ പാർക്ക് ചെയ്തതായി കണ്ടെത്തിയ പൊലീസ് ഇത് പ്രത്യേക ലോക്കിട്ട് പൂട്ടി. എന്നാൽ അടുത്ത ദിവസം ഈ പൂട്ട് തകർത്തതിന് പൊന്നുരുന്നി സ്വദേശി ദീപക് എം നായരെ(24) പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ കോടതി പ്രതിയെ റിമാൻഡ് ചെയ്തു. കൗമാരക്കാരനോടിച്ച വാഹനത്തിൻ്റെ ആർസി ഉടമയ്ക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.കടവന്ത്ര എസ്ഐ അതുൽ രാജിൻ്റെ നേതൃത്വത്തിൽ പൊന്നുരുക്കി ഭാഗത്ത് നടത്തിയ വാഹന പരിശോധനക്കിടെയാണ് കൈ കാണിച്ചിട്ടും കാർ നിർത്താതെ പോയത്. തുടർന്നുള്ള പൊലീസ് അന്വേഷണത്തിൽ ഈ കാർ പൊന്നുരുന്നി റെയിൽവേ മാർഷൽ യാർഡിന് സമീപം പാർക്ക് ചെയ്ത രീതിയിൽ കണ്ടെത്തി. തുടർനടപടികൾക്കായി പൊലീസ് ലോക്കിങ് സംവിധാനം ഉപയോഗിച്ച് കാറിന് പൂട്ടിട്ടു. എന്നാൽ, പിറ്റേന്ന് രാവിലെ പൊലീസെത്തിയപ്പോൾ ഈ പൂട്ട് തകർത്ത നിലയിലായിരുന്നു.
ഫേസ് ക്രീം ഉപയോഗിച്ച് വൃക്കരോഗം: അന്വേഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോള്‍; ചികിത്സാ രേഖകള്‍ തേടി
തിരുവനന്തപുരം :ഫേസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ മലപ്പുറത്ത് പെണ്‍കുട്ടിക്ക് വൃക്കരോഗം കണ്ടെത്തിയ പശ്ചാത്തലത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം വിശദമായ അന്വേഷണം ആരംഭിച്ചു.സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കോഴിക്കോട് സീനിയര്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരാതിക്കാരിയെ സന്ദര്‍ശിച്ച് വിവരങ്ങള്‍ തേടി.ആശുപത്രിയില്‍ നിന്ന് പെണ്‍കുട്ടിയുടെ ചികിത്സാ രേഖകളും തേടിയിട്ടുണ്ട്. വിശദമായ പരിശോധനക്ക് ശേഷം റിപോര്‍ട്ട് സര്‍ക്കാറിന് കൈമാറും. ഓണ്‍ലൈന്‍ വഴി വാങ്ങിയ എഫ് ട്യൂണ്‍ ക്രീമിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ലെന്നാണ് പ്രാഥമിക വിവരം. വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കളുടെ വിപണനം തടയാന്‍ നടപടി ശക്തമാക്കിയ ആരോഗ്യ വകുപ്പ്, ഡ്രഗ്‌സ് കണ്‍ട്രോളറുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സമിതി രൂപവത്കരിക്കും.വരുന്നത് പുറത്തുനിന്ന്വ്യാജ ക്രീമുകള്‍ നിര്‍മിക്കുന്ന കമ്പനി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നില്ലെന്നും മറ്റു രാജ്യങ്ങളില്‍ നിന്ന് കടത്തിക്കൊണ്ടുവരുന്ന ക്രീമുകളാണ് ഇവിടെ വിറ്റഴിക്കപ്പെടുന്നതെന്നുമാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം. ഈ സാഹചര്യത്തില്‍ അതിര്‍ത്തികളിലും തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കണമെന്ന ശിപാര്‍ശ ആരോഗ്യ വകുപ്പ് ആഭ്യന്തര വകുപ്പിന് കൈമാറി. മലപ്പുറം, കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലാണ് ഈ ക്രീമുകള്‍ കൂടുതലും വിറ്റഴിച്ചതെന്നാണ് പരിശോധനയില്‍ വ്യക്തമായത്.വ്യാജനെ കാണാനില്ലവ്യാജ ക്രീമുകള്‍ സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെ കടകളില്‍ നിന്ന് ഇവ അപ്രത്യക്ഷമായെങ്കിലും സജീവമായ ഓണ്‍ലൈന്‍ വില്‍പ്പന തടയാന്‍ സര്‍ക്കാറിനാകുന്നില്ല. ഇന്‍സ്റ്റഗ്രാം, യൂ ട്യൂബ്, വാട്‌സ് ആപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പല ഉത്പന്നങ്ങളും വില്‍ക്കുന്നത്. എല്ലാ ജില്ലകളിലും ഓപറേഷന്‍ സൗന്ദര്യയുടെ ഭാഗമായി വ്യാപക പരിശോധന തുടരുന്നുണ്ട്. ഇത്തരത്തിലുള്ള ക്രീമകുള്‍ക്ക് പ്രചാരണം നല്‍കുന്ന വ്‌ലോഗേഴ്സിന് എതിരെയും നടപടിയുണ്ടാകും.ഇതിനിടെ, എഫ് ട്യൂണ്‍ ക്രീം ഉപയോഗിച്ച പെണ്‍കുട്ടിക്ക് ഗുരുതര വൃക്കരോഗം സ്ഥിരീകരിച്ച സംഭവത്തില്‍ അരീക്കോട് പോലീസ് കേസെടുത്ത് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഭാരതീയ ന്യായസംഹിത, ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്‌ട്, കേരള പോലീസ് ആക്‌ട് എന്നിവയിലെ വിവിധ വകുപ്പുകളാണ് നിര്‍മാതാവിനെതിരെ ചുമത്തിയത്.
സൗജന്യ രക്തസമ്മർദ്ദ – പ്രമേഹ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.
അമ്പലവയൽ:ലോക പ്രമേഹദിനത്തോടനുബന്ധിച്ച് സെന്റ് മാർട്ടിൻസ് ഹോസ്പിറ്റൽ അമ്പലവയലിന്റെ ആഭിമുഖ്യത്തിൽ അമ്പലവയൽ ബസ് സ്റ്റാൻഡിൽ പൊതുജനങ്ങൾക്കായി സൗജന്യ ബിപി, ഷുഗർ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിലൂടെ നൂറോളം പേർക്ക് സൗജന്യമായി പരിശോധനകൾ നടത്തിക്കൊടുക്കാൻ സാധിച്ചു. പരിപാടിയുടെ ഉദ്ഘാടനം അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എൻ. സി. കൃഷ്ണകുമാർ നിർവഹിച്ചു.ചടങ്ങിൽ സെന്റ് മാർട്ടിൻസ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ മേബിൾ, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ സെറിൻ, പി.ആർ.ഒ സനൂപ് ബാബു, ആശുപത്രി ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു.ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും കൃത്യമായ ഇടവേളകളിൽ ആരോഗ്യപരിശോധന നടത്തേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയുമായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം
സൃഷ്ടി ടാക്കീസ് മൂവി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ: മുണ്ടേരി സൃഷ്ടിഗ്രന്ഥശാ ല നേതിഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ പുതുതായി രൂപികരിച്ച സൃഷ്ടി ടാക്കീസ് മൂവി ക്ലബ്ബ് സംവിധായകൻ പ്രസീത് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഷാങ് യി മോ സംവിധാനം ചെയ്ത ചൈനീസ് ചിത്രം "നോട്ട് വൺ ലെസ് " പ്രദർശിപ്പിച്ചു. സിനിമാ ചർച്ചയും നടത്തി. മുണ്ടേരി വയോമിത്രം ഹാളിൽ നടന്ന ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡൻ്റ് എം.പി മത്തായി അധ്യക്ഷത വഹിച്ചു. നേതി ഫിലിം സൊസൈറ്റി സെക്രട്ടറി സി.ആർ രാധാകൃഷ്ണൻ, പി.കെ അബു, ഗ്രന്ഥശാല സെക്രട്ടറി സി. ജയരാജൻ, എം.കെ ഷിബു, കെ.ടി ശ്രീവത്സൻ, കെ ഉണ്ണികൃഷ്ണൻ, കെ.വി സെയ്തലവി ,കെ സതീഷ് കുമാർ, കെ ആർ ചിത്രാവതി എന്നിവർ സംസാരിച്ചു.
കൊളവയൽ ഇടവകയിൽ ഫാ. സുനിൽ തെക്കേപ്പേരയുടെ പൗരോഹിത്യ രജത ജൂബിലി സമാപിച്ചു.
കൊളവയൽ: ജൂബിലി വൃക്ഷ തൈ ഫാ.സുനിൽ തെക്കേപ്പേര നട്ടുകൊണ്ടാണ് സിൽവർ ജൂബിലിയുടെ സമാപനം കുറിച്ചത്.ജൂബിലി കമ്മറ്റി ചെയർപേഴ്സൺ ജോർജ് കുട്ടി നെല്ലിക്കുന്നേൽ, കൺവീനർ ജോയി തറപ്പു തൊട്ടിയിൽ ട്രഷർ എം.പി ജോർജ് കൈക്കാരന്മാരായ ലിജു നെല്ലിക്കുന്നേൽ സെബാസ്‌റ്റ്യൻ തറപ്പു തൊട്ടിയിൽ ജെയിംസ് അറയ്‌ക്കൽ , സെക്രട്ടറി മാത്യു കന്നു കെട്ടിയിൽ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.
'പുഞ്ചിരി 'മുഖവൈകല്യ നിവാരണ ക്യാംപ് 28ന്
മാനന്തവാടി: വയനാടിനെ മുഖ വൈകല്യ രഹിത ജില്ലയായി മാറ്റാനുള്ള പുഞ്ചിരി പദ്ധതിയുടെ ഭാഗമായി 28 ന് രാവിലെ 10 മണി മുതൽ 12 മണി വരെ മുഖവൈകല്യ നിവാരണ ക്യാംപ് നടത്തും.മാനന്തവാടി ടെലഫോൺ എക്സ്ചേഞ്ചിന് സമീപത്തെ വയനാട് സ്‌ക്വയറിൽ രാവിലെ 10ന് ക്യാംപ് ആരംഭിക്കും. ജ്യോതിർഗമയ, പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിലാണ് പുഞ്ചിരി പദ്ധതി നടപ്പിലാക്കുന്നത്. കഴുത്തിന് മുകളിലുള്ള വൈകല്യങ്ങളായ മുച്ചിറി , മുറിമൂക്ക് , അണ്ണാക്കിലെ ദ്വാരം, മുഖത്തും കഴുത്തിലും തലയിലും കാണുന്ന ചില മുഴകൾ, മാംസ വളർച്ച, ഉന്തിയ മോണ, തലയോട്, താടിയെല്ല് , നെറ്റി, വളരുന്ന താടിയെല്ല്, ഉള്ളോട്ട് ഉന്തിയ താടിയെല്ല്, വായ തുറക്കുവാൻ ബുദ്ധിമുട്ട്, വളഞ്ഞ മൂക്ക് എന്നീ രോഗങ്ങൾക്ക് വിദഗ്ദ ഡോക്ടർമാരുടെ നേത്ര്യത്വത്തിൽ അത്യാധുനിക രീതിയിലൂടെ സൗജന്യമായി മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്ഡെ ഹോസ്പിറ്റലിൽ വച്ച് ശസ്ത്രക്രിയ നടത്തും. . തുടർ ചികിൽസയും സൗജന്യമായിരിക്കും. 3 മാസം പ്രായമായ കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ ഈ അവസരം പ്രയോജനപ്പെടുത്താം മുൻ കൂട്ടി ബുക്കിങ്ങിനും വിശദവിവരങ്ങൾക്കും വിളിക്കാം. ഫോൺ: 9645370145, 94970 43287
വയനാട് ജില്ല സ്കൂൾ കലോത്സവം;മലയാളം കഥാരചനയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഋതു നിവേദ്യ.പി
വയനാട് റവന്യു ജില്ല സ്‌കൂൾ കലോത്സവത്തിൽ പടിഞ്ഞാറത്തറ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ ഋതു നിവേദ്യ പി ഹൈസ്കൂൾ വിഭാഗം മലയാളം കഥാരചനയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി സംസ്ഥാന തല മത്സരത്തിന് യോഗ്യത നേടി. പടിഞ്ഞാറത്തറ ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപകരായ ബിജുകുമാറി ന്റെയും, ഷിമിന.ഇ യുടേയും മകളാണ്.
ലോഗ് ഔട്ട് ചെയ്യാൻ മറക്കരുത്, ഔദ്യോഗിക വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കരുത്, വാട്‌സ്ആപ്പ് ഉപയോഗത്തിന് മുന്നറിയിപ്പുമായി കേന്ദ്രം
വാട്‌സ്ആപ്പ് ഉപയോഗത്തിന് മുന്നറിയിപ്പുമായി കേന്ദ്രം. ഔദ്യോഗികവും രഹസ്യവുമായ വിവരങ്ങൾ വാട്‌സ്ആപ്പിലൂടെ കൈമാറരുതെന്നാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വാട്‌സ്ആപ്പ് വെബ് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യാൻ സാധ്യത. ഉപയോഗശേഷം നിർബന്ധമായും ലോഗ് ഔട്ട് ചെയ്യണം. നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റ്ക്സ് യൂണിറ്റാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ആക്ടീവ് ആയിട്ടുള്ള വാട്ട്സ് ആപ്പ് വെബ് സെഷനുകളിൽ നിന്ന് അക്കൌണ്ട് ഹോൾഡർ അറിയാതെ പ്രൈവറ്റ് മെസേജുകൾ സൈബർ ക്രിമിനലുകൾ അയച്ചേക്കാമെന്നാണ് കേന്ദ്ര സൈബർ സുരക്ഷാ വിഭാഗം നൽകുന്ന മുന്നറിയിപ്പ്. ഔദ്യോഗികവും സാമ്പത്തികവുമായ വിവരങ്ങൾ വാട്ട്സാപ്പിലൂടെ പങ്കുവയ്ക്കരുതെന്നാണ് കർശന നിർദ്ദേശം. പൊതുവായ കംപ്യൂട്ടറുകളിൽ വാട്ട്സ് ആപ്പ് വെബ് ഉപയോഗിച്ചാൽ കർശനമായി ലോഗ് ഔട്ട് ചെയ്യണമെന്നും മുന്നറിയിപ്പ് വിശദമാക്കുന്നത്.
സാമൂഹ്യ സേവനം ; മനുഷ്യരാശിയുടെ നില നില്പിന് അനിവാര്യം : സയ്യിദ് കെ.വി. എസ് തങ്ങൾ
കണിയാമ്പറ്റ സ്വാർഥത മുച്ചൂടും ബാധിച്ച വർത്തമാന കാലത്ത് സാമൂഹ്യ സേവനത്തിന് സ്വയം സന്നദ്ധരാവുന്ന വർ ഏറെ മഹത്വമുള്ളവരാണെന്നും സാമൂഹ്യ സേവനം ഇല്ലാതായാൽ മനുഷ്യരാശിയുടെ നില നിൽപ് തന്നെ ചോദ്യം ചെയ്യപ്പെടുമെന്നും എസ് കെ ജെ എം ജില്ലാ പ്രസിഡണ്ട് സയ്യിദ് കെ വി എസ് ഇമ്പിച്ചിക്കോയ തങ്ങൾ പറഞ്ഞു. മില്ലുമുക്ക് ജവാഹിറുൽ ഉലൂം കോളേജിൽ വെച്ച് നടത്തിയ കിഫായ അംഗങ്ങളുടെ പ്രീ ക്യാംപ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡണ്ട് അശ്‌റഫ് ഫൈസി പനമരം അദ്ധ്യക്ഷനായി. ജംഇയ്യത്തുൽ മുഅല്ലിമീൻ 70 -ാം വാർഷികത്തിൻ്റെ ഭാഗമായി മയ്യിത്ത് പരിപാലനം , ആതുര ശുശ്രൂഷ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവക്കായി രൂപം നൽകുന്ന സന്നദ്ധ വിഭാഗമാണ് കിഫായ. ജനുവരി ആറിന് മലപ്പുറത്ത് നടക്കുന്ന കിഫായ സമർപ്പണത്തിൻ്റെ മുന്നോടിയായാണ് ജില്ലകളിൽ പ്രീ ക്യാംപ് നടന്നു വരുന്നത്. ആനമങ്ങാട് അബൂബക്കർ മുസ് ലിയാരുടെ ഖബ്ർ സിയാറത്തോടെയാണ് തുടക്കം കുറിച്ചത്. ടി വി അബ്ദുറഹ് മാൻ ഫൈസി പ്രാർഥനക്ക് നേതൃത്വം നൽകി. സാമൂഹ്യ സേവനത്തിൻ്റെ ഇസ് ലാമിക മാനം എന്ന വിഷയത്തിൽ അബ്ബാസ് വാഫി ചെന്ദ ലോട് ക്ലാസെടുത്തു. ജില്ലാ ഭാരവാഹികളായ അബ്ദുൽ മജീദ് അൻസ്വരി, അബ്ദു റസാഖ് ദാരിമി, പ്രിൻസിപ്പാൾ സുലൈമാൻ ബാഖവി മച്ചൂർ നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും കിഫായ ജില്ലാ ചെയർമാൻ ഇസ്മായിൽ ദാരിമി ആനപ്പാറ നന്ദിയും പറഞ്ഞു പടം എസ് കെ.ജെ എം കിഫായ ജില്ലാ പ്രീ ക്യാംപ് സയ്യിദ് കെ.വി എസ് ഇമ്പിച്ചിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
ശ്രേയസ് പുരുഷ ദിനാചരണവും ബാലജ്യോതി സംഗമവും നടത്തി.
ബഡേരി :ബഡേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര പുരുഷ ദിനാചരണവും,ബാലജ്യോതി സംഗമവും നടത്തി.യൂണിറ്റ് ഡയറക്ടർ ഫാ.ഡാനിയേൽ കടകംപള്ളിൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് തങ്കച്ചൻ വെട്ടിക്കുന്നേൽ അധ്യക്ഷത വഹിച്ചു. പുരുഷന്മാരെ ഷാൾ അണിയിച്ച് ആദരിച്ചു.സി ഡി ഒ ബിന്ദു വിൽസൺ,സെക്രട്ടറി ജിനി രഞ്ജു, ഹസീന എന്നിവർ സംസാരിച്ചു.
പനമരം കൈപ്പാട്ടുകുന്നിൽ പിക്കപ്പ് വാൻ മറിഞ്ഞ് ഡ്രൈവർ മരിച്ചു.
പനമരം: കൈപ്പാട്ടുകുന്ന് ക്ഷേത്രത്തിന് സമീപം പിക്കപ്പ് വാൻ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. കൂളിവയൽ കാളിയാർ സലീം (52) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 4.30ഓടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം മാന ന്തവാടി വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഭാര്യ: ഹസീന. മക്കൾ: അസീബ്, റാനിയ, അൻഷിദ് അനി.
അക്ഷയ സംരംഭക തിരഞ്ഞെടുപ്പ്: സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് 27ന് അവസരം
ജില്ലയിൽ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് നവംബർ 27ന് അന്തിമ അവസരം നൽകും. നവംബർ 11 മുതൽ രണ്ടു ഘട്ടങ്ങളായി പരിശോധനയ്ക്ക് അവസരം നൽകിയിരുന്നെങ്കിലും ഹാജരാകാൻ കഴിയാത്തവർക്കാണ് അവസാന അവസരം അനുവദിച്ചിരിക്കുന്നത്. പരിശോധനയിൽ പങ്കെടുക്കേണ്ട ഉദ്യോഗാർത്ഥികൾ അപേക്ഷയിൽ നൽകിയ വിവരങ്ങൾ തെളിയിക്കുന്നതിനുള്ള എല്ലാ അസൽ രേഖകളും പകർപ്പുകളും അപേക്ഷയുടെ പ്രിന്റൗട്ടും സഹിതം നവംബർ 27ന് രാവിലെ 10ന് കളക്ടറേറ്റിലെ അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിൽ നേരിട്ട് ഹാജരാകണം.ഫോൺ :04936 206267
ഓട്ടോറിക്ഷകളുടെ ഹാൾട്ടിംഗ് പ്ലേസ് രജിസ്ട്രേഷൻ: പരിശോധന 25ന്
കൽപ്പറ്റ നഗരസഭാ പരിധിയിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ ഹാൾട്ടിംഗ് പ്ലേസ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് നേരത്തെ നടത്തിയ പരിശോധനയിൽ പങ്കെടുക്കാൻ കഴിയാത്ത വാഹനങ്ങൾക്കായി നവംബർ 25ന് വീണ്ടും പരിശോധന നടത്തും. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ മുണ്ടേരി മുനിസിപ്പൽ ഹാളിലാണ് പരിശോധന. രജിസ്ട്രേഷൻ ഫോറം പൂരിപ്പിച്ച് ആധാർ കാർഡിന്റെ പകർപ്പും വാഹനത്തിന്റെ മറ്റ് രേഖകളും സഹിതം വാഹനവുമായി എത്തണം.
കൗൺസലർമാരുടെ പാനൽ രൂപീകരിക്കുന്നു
കൽപ്പറ്റ കുടുംബകോടതിയിൽ അഡീഷണൽ കൗൺസലർമാരുടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം. കൂടാതെ ഫാമിലി കൗൺസലിങ്ങിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. സ്ത്രീകൾക്ക് മുൻഗണന. താത്പര്യമുള്ളവർ ബയോഡാറ്റ സഹിതമുള്ള അപേക്ഷകൾ ജഡ്ജ്, കുടുംബകോടതി, കൽപ്പറ്റ, പിൻ 673122 എന്ന വിലാസത്തിൽ ഡിസംബർ 14നകം നൽകണം. ഫോൺ : 04936-203630, വെബ് സൈറ്റ് fckpt@kerala.gov.in
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട സർവീസ് സ്റ്റേഷൻ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (നവംബർ 24) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.പനമരം കെഎസ്ഇബി പരിധിയിലെ പരക്കുനി, പരിയാരം, മഞ്ചേരി പരക്കുനി പ്രദേശങ്ങളിൽ നാളെ (നവംബർ 24) രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതിമുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.
ലേലം
ബത്തേരി–പുൽപള്ളി–പെരിക്കല്ലൂർ റോഡിൽ താഴെയങ്ങാടിയിൽ റോഡ് പ്രവൃത്തികൾക്ക് തടസ്സമായി മുറിച്ചുമാറ്റിയ മഴമരം നവംബർ 27ന് ലേലം ചെയ്യും. രാവിലെ 11ന് മരം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തുവെച്ചാണ് ലേലം നടത്തുക. ഫോൺ :7594971311
ഇ-ദർഘാസ് ക്ഷണിച്ചു
മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ റേഡിയോളജി വിഭാഗത്തിൽ ടെലി റിപ്പോർട്ടിംഗ് സേവനം ലഭ്യമാക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ, വ്യക്തികളിൽ നിന്നും ഇ-ദർഘാസ് ക്ഷണിച്ചു. ഡിസംബർ എട്ടിന് വൈകിട്ട് അഞ്ചുവരെ ദർഘാസുകൾ സമർപ്പിക്കാം. വെബ്സൈറ്റ് :https://etenders.keral.gov.in/nicgep/appഫോൺ: 04935 240264.
ക്വട്ടേഷൻ ക്ഷണിച്ചു
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ജില്ലാ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾക്കായി ഒരു വർഷത്തേക്ക് കാർ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽനിന്നും ക്വട്ടേഷൻ ക്ഷണിച്ചു. 2021 അല്ലെങ്കിൽ അതിനുശേഷമുള്ള മോഡലും ടാക്സി രജിസ്ട്രേഷനുമുള്ള വാഹനങ്ങളാണ് പരിഗണിക്കുക. ക്വട്ടേഷൻ നവംബർ 28ന് ഉച്ചയ്ക്ക് 12നകം ജില്ലാ ശുചിത്വമിഷൻ ഓഫീസിൽ സമർപ്പിക്കണം. ഫോൺ :04936 203223.

