സായാഹ്ന ഒ.പി ഡോക്ടര്‍: കൂടിക്കാഴ്ച 16 ന്
പടിഞ്ഞാറത്തറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പി ഡോക്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. എം.ബി.ബി.എസ്, കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനാണ് യോഗ്യത. പ്രവൃത്തിപരിചയമുള്ളവര്‍, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് സഹിതം ഒക്ടോബര്‍ 16 ന് രാവിലെ 10 ന് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം.
ആശാ വര്‍ക്കര്‍ നിയമനം
വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തില്‍ പത്താം വാര്‍ഡിലേക്ക് ആശാവര്‍ക്കറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പത്താം ക്ലാസ് യോഗ്യതയുള്ള 25 നും 45 നുമിടയില്‍ പ്രായമുള്ള വിവാഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ പത്താം വാര്‍ഡിലെ സ്ഥിരതാമസക്കാരായിരിക്കണം. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം ഒക്ടോബര്‍ 23 ന് രാവിലെ 10.30 ന് വെങ്ങപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍- 04936 288344
ജോഷ് ക്യാമ്പയിന് ജില്ലയിൽ തുടക്കമായി
ടിബി മുക്ത ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി ദേശീയതലത്തിൽ രൂപീകരിച്ച ജോഷ് ക്യാമ്പയിനിൻ്റെ ജില്ലാതല ഉദ്ഘാടനം സുൽത്താൻ ബത്തേരിയിൽ എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ നിർവ്വഹിച്ചു. ജനപ്രതിനിധികളെയും യുവജനങ്ങളെയും സംയോജിപ്പിച്ചുകൊണ്ട് താഴെത്തട്ടിൽ ക്ഷയരോഗ നിവാരണത്തിനുള്ള ആരോഗ്യ അവബോധം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതിയാണ് ജോഷ്. ക്യാമ്പയിൻ പോസ്റ്റർ, ടീമുകൾക്കുള്ള പ്രവർത്തന ബാഗ് എന്നിവയുടെ പ്രകാശനവും എം.എൽ.എ നിർവ്വഹിച്ചു. പരിശീലനം പൂർത്തിയാക്കിയ എൻ.സി.സി, എൻ.എസ്.എസ് വളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റുകൾ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എം. മൊയ്തീൻ ഷാ വിതരണം ചെയ്തു. ക്ഷയരോഗം ശാസ്ത്രീയമായി ചികിത്സിച്ച് പൂർണ്ണമായി ഭേദമായ ടിബി വിജയേതാക്കളെ ആദരിച്ചു. ക്ഷയരോഗ ബാധിതരുടെ കുടുംബങ്ങൾക്കുള്ള പോഷകാഹാര കിറ്റിൻ്റെ വിതരണോദ്ഘാടനവും നടന്നു. അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ.സി. കൃഷ്ണകുമാർ ക്ഷയരോഗ നിവാരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ജില്ലാ ടിബി ഓഫീസർ ഡോ. പ്രിയ സേനൻ, എൻ.പി.എൻ.സി.ഡി നോഡൽ ഓഫീസർ ഡോ. പി.എസ്. സുഷമ, അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ, ജനപ്രതിനിധികൾ, എൻ.സി.സി, എൻ.എസ്.എസ് വളണ്ടിയർമാർ, സാമൂഹ്യ-സന്നദ്ധപ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.
ടെന്‍ഡര്‍ ക്ഷണിച്ചു
വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് ആവശ്യമായ വിവിധ വാങ്ങലുകള്‍/ സേവനങ്ങള്‍ക്കുമായി ടെന്‍ഡറുകള്‍ ക്ഷണിച്ചു. മാതൃയാനം വാഹനത്തിനായി ഒക്ടോബര്‍ 12 ഉച്ചയ്ക്ക് ഒന്ന് വരെയും വ്യത്യസ്ത രോഗനിര്‍ണയ സേവനങ്ങള്‍ക്ക് ഒക്ടോബര്‍ ഒന്‍പതിന് ഉച്ചയ്ക്ക് ഒന്ന് വരെയും വാടകയ്ക്ക് ആംബുലന്‍സ് ലഭ്യമാക്കാന്‍ ഒക്ടോബര്‍ 14 ഉച്ചയ്ക്ക് ഒന്ന് വരെയും ടെന്‍ഡറുകള്‍ സമര്‍പ്പിക്കാം. ഫോണ്‍- 04936 256 229.
വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ശാന്തിനഗര്‍, കാവുംമന്ദം എച്ച്.എസ്, താഴെയിടം, ചെന്നലോട്, കല്ലങ്കാരി, മൊയ്തുട്ടിപ്പടി, മയിലാടുംകുന്ന്, ലൂയിസ് മൗണ്ട്, കാപ്പുവയല്‍, ബി.എസ്.എന്‍.എല്‍ കാവുംമന്ദം, ചെന്നലോട് ആശുപത്രി പ്രദേശങ്ങളില്‍ നാളെ (ഒക്ടോബര്‍ 9) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണ്ണമായി തടസ്സപ്പെടും.വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പീച്ചംങ്കോട് ബേക്കറി, വെള്ളമുണ്ട ചിറവയല്‍ ഭാഗങ്ങളില്‍ നാളെ (ഒക്ടോബര്‍ 9) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും
തുല്യതാ കോഴ്സുകള്‍ക്ക് 17 വരെ അപേക്ഷിക്കാം
പൊതു വിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും സംയുക്തമായി നടത്തുന്ന നാല്, ഏഴ്, 10, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് ഒക്ടോബര്‍ 12 വരെ പിഴയില്ലാതെയും 50 രൂപ പിഴയോടെ ഒക്ടോബര്‍ 17 വരെയും അപേക്ഷിക്കാം. പത്താം തരത്തിന് 17 വയസ് തികയുകയും ഏഴാം ക്ലാസ് വിജയിക്കുകയും വേണം. ഹയര്‍ സെക്കന്‍ഡറി തുല്യതക്ക് പത്താം ക്ലാസ് വിജയിക്കുകയും 22 വയസ് തികയുകയും വേണം. പട്ടികവര്‍ഗ്ഗ-പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക് കോഴ്സ് ഫീസ് സൗജന്യമാണ്. രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രേരക്മാരുമായി ബന്ധപ്പെടാം. ഫോണ്‍- 04936 202091.
ജി.യു.പി.എസ്. കമ്പളക്കാട് ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു.
കമ്പളക്കാട് ജി.യു.പി. സ്കൂളിൽ വിദ്യാർഥികളുടെ പഠനാനുഭവങ്ങൾ കൂടുതൽ മികവുറ്റതാക്കുന്നതിനായി ഒരുക്കിയ ഡിജിറ്റൽ സ്ക്വയറിന്റെ ഉദ്ഘാടനം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസഫ് നിർവഹിച്ചു.വിദ്യാഭ്യാസരംഗത്തെ ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി വിദ്യാർഥികൾക്ക് കൂടുതൽ മികച്ച പഠനാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റൽ സ്ക്വയർ സജ്ജീകരിച്ചത്. ഉദ്ഘാടനച്ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപകൻ, അധ്യാപകർ, പി.ടി.എ. ഭാരവാഹികൾ, എസ്.എം.സി. അംഗങ്ങൾ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.വിദ്യാർഥികളുടെ അറിവും സർഗാത്മകതയും സാങ്കേതിക പരിജ്ഞാനവും വികസിപ്പിക്കുന്നതിന് ഡിജിറ്റൽ സ്ക്വയർ സഹായകരമാകുമെന്ന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു.
ഗ്യാനേഷ് കുമാർ രാജിവെക്കുക- യു.ഡി.എഫ്
വൈത്തിരി: വോട്ട് ചോരിക്കെതിരെ, ഇന്ത്യൻ ജനാധിപത്യത്തെ വിൽപ്പനച്ചരക്കാക്കിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും, ജനാധിപത്യം സംരക്ഷിക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എംപിമാരും നടത്തുന്ന പോരാട്ടത്തിന് ഐക്യദാർഢ്യം അർപ്പിച്ചും, UDF വൈത്തിരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രകടനവും, ദേശീയ നേതാക്കൾക്കെതിരായ ഡൽഹി പോലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രതിഷേധ യോഗവും നടത്തി. യു.ഡി.എഫ് കൽപ്പറ്റ നിയോജകമണ്ഡലം ചെയർമാൻ സലീം മേമന, പോൾസൻ കൂവക്കൽ, ഷെമീർ പന്ത്രണ്ടാംപാലം, സി.വി. രാജൻ, എ.എ. വർഗീസ്, ഫൈസൽ.കെ.വി, സാജിത് കുന്നത്ത്, ഡോളി, പി.ഇ. ഷംസുദ്ദീൻ, നാണി, ആർ. രാമചന്ദ്രൻ, പൗലോസ് ടി.ജെ, ഷെമീർ. ഇ, മൈക്കിൾ.പി.ഡി, ഷൈനി ദേവസ്യ, ഷിനിൽ തോമസ്, ആഷിഖ് എന്നിവർ നേതൃത്വം നൽകി.
‘നിസാർ വയനാട് മെഗാഷോ-2026’ പോസ്റ്റർ പ്രകാശനം ചെയ്തു.
അകാലത്തിൽ വേർപിരിഞ്ഞ പ്രിയ ഗായകൻ നിസാർ വയനാടിന്റെ സ്മരണാർത്ഥം സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് സംഘടിപ്പിക്കുന്ന 'നിസാർ വയനാട് മെഗാഷോ 2026'-ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കൃഷി മന്ത്രി ടി. സിദ്ദിഖ് പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു.2026 നവംബർ 20-ന് കൽപ്പറ്റ SKMJ ഹൈസ്കൂൾ ഗ്രൗണ്ടിലാണ് മെഗാഷോ അരങ്ങേറുന്നത്. സിനിമ-സാംസ്കാരിക രംഗത്തെ പ്രമുഖരും പ്രശസ്ത കലാകാരന്മാരും അണിനിരക്കുന്ന വിപുലമായ കലാസന്ധ്യയ്ക്കാണ് വയനാട് സാക്ഷ്യം വഹിക്കുക. പരിപാടിയിലേക്കുള്ള പ്രവേശനം പ്രവേശന പാസ് മുഖേന ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
വൈത്തിരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കരിദിനറാലിയും പൊതു യോഗവും നടത്തി
ഗ്യാനേഷ്കുമാർ രാജിവെക്കണം എന്നാവശ്യപ്പെട്ട് വൈത്തിരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കരിദിനറാലിയും പൊതു യോഗവും നടത്തി.യോഗം വൈത്തിരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പോൾസൺ കൂവയ്ക്കൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ്മാരായ എ.എ വർഗീസ്, രാജൻ മാസ്റ്റർ, എ.ശിവദാസൻ, രാജൻ സി.വി, ഫൈസൽ കെ.വി, ആർ.രാമചന്ദ്രൻ, പൗലോസ് കെ.ജെ, ഷെമ്മർ വൈതീരി, മൈക്കിൽ പി.ഡി, ഷിനിൽ തോമസ്, ഡോലി ജോസ്, ഷൈനി ദേവസിയ, വിനിത വിജയൻ,റിയാസ് എ.എം എന്നിവർ പങ്കെടുത്തു
രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: കരിദിനാചരണ പൊതുയോഗം നടത്തി
വെണ്ണിയോട് : വോട്ടുകൊള്ള നടത്തിയ ഗ്യാനേഷ്കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിൽ ആഴ്ചകളായി സമരം ചെയ്യുന്ന ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ മൃഗീയമായി അറസ്റ്റ് ചെയ്യുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ദേശവ്യാപക കരിദിനാചരണത്തിൻ്റെ ഭാഗമായി കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുസമ്മേളനം നടത്തി. ബ്ലോക്ക് പ്രസിഡൻ്റ് പോൾസൺ കൂവക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് സി.സി തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ഡിസി സിസെക്രട്ടറി മാണി ഫ്രാൻസിസ്, യു ഡി എഫ് കൺവീനർ സുരേഷ് ബാബുവാളൽ, പാർലമെൻ്ററി പാർട്ടി ലീഡർ പി പി റെനീഷ് പഞ്ചായത്ത് പ്രസിഡൻ്റ് രജിത സി സി, ജോസ് മേട്ടയിൽ ,ജെനി മോൾ എം ജി , ജസ്റ്റിൻ സിറിയക്ക്,കെ ടി ജെയിംസ് , രശ്മി ജോസഫ്, ആശ ആൻ്റണി , പി കെ ജോസഫ്, പ്രജീഷ് ജയിൻ ,പുഷ്പ സുന്ദരൻ ,വി കെ ശങ്കരൻകുട്ടിഎന്നിവർ സംസാരിച്ചു
കാൻസർ ബോധവൽകരണ ക്ലാസും പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു
പനമരം: പനമരം പഞ്ചായത്ത് കുടുംബശ്രീ CDS-ന്റെയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ പനമരം പഞ്ചായത്ത് ഹാളിൽ കാൻസർ ബോധവൽകരണ ക്ലാസും പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു.പഞ്ചായത്ത് CDS ചെയർപേഴ്സൺ ജാനകി ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ രജനി ജിനീഷ് അധ്യക്ഷത വഹിച്ചു. FNHW പ്രതിനിധി ജയന്തി എം.എസ് സ്വാഗതവും അനുശ്രീ, ലിസി പത്രോസ് എന്നിവർ ആശംസകളും അറിയിച്ചു.ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ കാൻസർ വിഭാഗം മേധാവി ഡോ. രാധിക എ.കെ. ബോധവൽകരണ ക്ലാസിനും പരിശോധനാ ക്യാമ്പിനും നേതൃത്വം നൽകി. ബിസിനസ് ഡെവലപ്മെന്റ് മാനേജർ നൗഷാദ് കെ., അസിസ്റ്റന്റ് മാനേജർ ജിബിൻ ജോർജ്, ലിബിൻ സണ്ണി എന്നിവർ പങ്കെടുത്തു.പരിപാടിയിൽ 150-ലധികം പേർ പങ്കെടുത്തു.
വയോസേവന അവാര്‍ഡിന് നാമനിര്‍ദ്ദേശം നല്‍കാം
സാമൂഹ്യനീതി വകുപ്പ് നല്കുന്ന വയോസേവന അവാര്‍ഡിന് വയോജനങ്ങളുടെ ക്ഷേമം സുരക്ഷ ഉറപ്പാക്കാന്‍ വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുന്ന സര്‍ക്കാര്‍/സര്‍ക്കാരിതര വിഭാഗങ്ങള്‍, വിവിധ കലാകായിക, സാംസ്കാരിക മേഖലകളില്‍ മികവ് തെളിയിച്ച മുതിര്‍ന്ന പൗരന്മാര് എന്നിവര്‍ക്ക് നോമിനേഷന് സമര്‍പ്പിക്കാം. മികച്ച പ്രകടനം കാഴ്ച വെച്ച വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്ന വിഭാഗത്തില്‍ വയോജന മേഖലയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച എന്‍.ജി.ഒ, മികച്ച ഗവ വൃദ്ധസദനം, കായിക താരം, കല- സാഹിത്യ-സാംസ്കാരിക മേഖലയിലെ മികച്ച പ്രവര്‍ത്തനം, ആജീവനാന്ത ബഹുമതി - വയോജന മേഖലയില്‍ എന്നിങ്ങനെ നോമിനേഷന് നല്‍കാം. വയോജന മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയ്ക്ക് മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്ന വിഭാഗത്തില്‍ നേമിനേഷന് നല്‍കാം. അവാര്‍ഡിനുള്ള നാമനിര്‍ദ്ദേശങ്ങള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ഒക്ടോബര്‍ 31 വരെ സ്വീകരിക്കും. ഫോണ്‍: 04936-205307
ക്ഷീരവികസന വകുപ്പ് പരിശീലനം നല്കുന്നു
ബേപ്പൂര്‍ നടുവട്ടത്ത് പ്രവര്‍ത്തിക്കുന്ന ക്ഷീര പരിശീലന കേന്ദ്രത്തില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ലാബ് അസിസ്റ്റന്റ്/പ്രൊക്യൂര്‍മെന്റ് അസിസ്റ്റന്റുമാര്‍ക്കായി പരിശീലനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 27, 28, 29 തിയതികളിലാണ് പരിശീലനം. രജിസ്ട്രേഷന് ഫീസ് 20 രൂപ. പങ്കെടുക്കുന്നവര്‍ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് ഹാജരാക്കണം. ഒക്ടോബര്‍ 23 ന് വൈകിട്ട് അഞ്ചിനകം 0495-2414579 നമ്പറിലോ, നേരിട്ടോ രജിസ്റ്റര്‍ ചെയ്യണം.
ടെന്‍ഡര്‍ ക്ഷണിച്ചു
കല്‍പ്പറ്റ ജനറല്‍ ആശുപത്രി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രൈമറി യൂണിറ്റിലേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. കല്‍പ്പറ്റ നഗരസഭാ പരിധിയിലെ രോഗികള്‍ക്ക് പരിചരണം നല്‍കുന്നതിന് ജീവനക്കാരെയും പരിശോധന സംവിധാനങ്ങളും മരുന്നും എത്തിച്ച് നല്‍കുന്നതിനാണ് വാഹനം ഉപയോഗിക്കുന്നത്. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബര്‍ ഒന്‍പത്. ഫോണ്‍- 04936-206768.
വാഹനങ്ങളുടെ നിറവും രൂപവും മാറ്റാം; കര്‍ശന നിബന്ധനകളോടെ ഏഴ് മാറ്റങ്ങള്‍ക്ക് അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവ്
പ്രധാന മാറ്റങ്ങള്‍ക്ക് കര്‍ശന നിബന്ധനകളോടെ സര്‍ക്കാര്‍ അനുമതി നല്കി.ഗതാഗത കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. എഞ്ചിനും ഷാസിയും ഉള്‍പ്പെടെയുള്ള ഏഴ് മാറ്റങ്ങള്‍ക്കാണ് പുതിയ ഉത്തരവിലൂടെ അനുമതി ലഭിച്ചിരിക്കുന്നത്. എന്നാല്‍ എല്ലാ മാറ്റങ്ങളും ഗതാഗത വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയോടെയും രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയതിനു ശേഷം മാത്രമേ ചെയ്യാന്‍ പാടുള്ളൂ എന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. 1988ലെ മോട്ടോർ വാഹന നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ കര്‍ശനമായി പാലിച്ചായിരിക്കണം മാറ്റങ്ങള്‍ വരുത്തേണ്ടത്.പ്രധാന വിവരങ്ങള്നിറം മാറ്റം: വാഹനത്തിന്റെ നിറം മാറ്റുന്നതിന് രജിസ്റ്ററിങ് അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങി ആര്‍സിയില്‍ രേഖപ്പെടുത്തണം. കേന്ദ്ര മോട്ടോര്‍വാഹന ചട്ടം (സിഎംവിആര്‍) 121 പ്രകാരമോ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനപ്രകാരമോ നിരോധിക്കപ്പെട്ട നിറങ്ങള്‍ വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ല.എഞ്ചിൻ മാറ്റം: വാഹനത്തില്‍ ഉപയോഗിച്ചിട്ടുള്ള അതേ സ്പെസിഫിക്കേഷനിലുള്ള (ഒരേ മോഡല്‍, കപ്പാസിറ്റി, പവര്‍ മുതലായവ) എഞ്ചിൻ മാത്രമേ മാറ്റിവയ്ക്കാന്‍ പാടുള്ളൂ. ഒരേ നിര്‍മാതാവിന്റെ എഞ്ചിൻ തന്നെയായിരിക്കണം ഇത്. മറ്റേതെങ്കിലും വാഹനത്തിന്റെ എഞ്ചിൻ ഘടിപ്പിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു.ഷാസിയും ബോഡിയും:ഷാസി ഫ്രെയിം മാറ്റുന്നതിനും ബോഡി ഘടനയില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്കും മുന്‍കൂര്‍ അനുമതിയോടെ ആര്‍സിയില്‍ രേഖപ്പെടുത്തേണ്ടതുണ്ട്. ഒരു തരത്തിലുള്ള വാഹനത്തിനായി നിര്‍മിച്ച ഷാസി മറ്റൊരു തരത്തിലുള്ള വാഹനത്തിനായി മാറ്റാന്‍ അനുമതിയുണ്ടാകില്ല.മറ്റ് പ്രധാന മാറ്റങ്ങള്‍:വാഹനത്തിന്റെ ഇന്ധന തരം മാറ്റുന്നതിനും, പ്രൊപ്പല്‍ഷന്‍ സിസ്റ്റം പരിഷ്കരിക്കുന്നതിനും, വാഹനം ഭിന്നശേഷി സൗഹൃദമാക്കി മാറ്റുന്നതിനും പുതിയ ഉത്തരവ് പ്രകാരം അനുമതി ലഭിക്കും.ഇതുസംബന്ധിച്ച വിശദമായ ഉത്തരവ് എല്ലാ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍മാര്‍ക്കും റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍മാര്‍ക്കും (ആര്‍ടിഒ) സബ് റീജിയനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍മാര്‍ക്കും (എസ്ആര്‍ടിഒ) ഗതാഗത കമ്മീഷണര്‍ അയച്ചിട്ടുണ്ട്. അനധികൃത വാഹന രൂപമാറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരുന്നതിനിടയിലാണ് ഔദ്യോഗികമായി നിബന്ധനകളോടെയുള്ള ഈ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.
സേഫ് പദ്ധതിയിലേക്ക് അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പിന്റെ സേഫ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗക്കാരുടെ ഭവന പൂര്‍ത്തീകരണം, ഭവന പുനരുദ്ധാരണം എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തവരും 1000 ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ള വീടുകളില്‍ താമസിക്കുന്നവരും 2006 ഏപ്രില്‍ ഒന്നിന് ശേഷം ഭവന പൂര്‍ത്തീകരണം നടത്തിയ വ്യക്തികള്‍ക്ക് അപേക്ഷിക്കാം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനകം ഭവന നിര്‍മാണത്തിനോ ഭവന പൂര്‍ത്തീകരണത്തിനോ സര്‍ക്കാരില്‍ നിന്ന് ധനസഹായം കൈപ്പറ്റിയവര്‍ അപേക്ഷിക്കാന്‍ യോഗ്യരല്ല. ജാതി-വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബില്‍ഡിംഗ് ഡിറ്റെയില്‍സ് സര്‍ട്ടിഫിക്കറ്റ്, ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്/മുന്‍സിപ്പാലിറ്റിയില്‍ നിന്നും ഭവന പുനരുദ്ധാരണത്തിന് ധനസഹായം ലഭിച്ചെങ്കില്‍ അവസാന ഗഡു ലഭിച്ച തിയതി രേഖപ്പെടുത്തിയ ആയ സാക്ഷ്യപത്രം, ഭൂമിയുടെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, വീടിന്റെ ഫോട്ടോ, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം ഒക്ടോബര്‍ 31-നകം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0493-6203824.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വില്ലേജുകളില്‍ ഹെല്പ് ഡെസ്ക്
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന്റെ ഭാഗമായി ജല്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലും ഒക്ടോബര്‍ 15 മുതല്‍ 31 വരെ ഹെല്പ്ഡെസ്ക്കുകള് പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ വി ചെലസാസിനി അറിയിച്ചു. അപേക്ഷകര്‍ ഫോറം 6 voters.eci.gov.in മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം ഫോട്ടോ, വയസ് തെളിയിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന് നല്‍കണം. ആധാര്‍ സമര്‍പ്പിക്കുന്നവര്‍ മറ്റൊരു രേഖ കൂടി സമര്‍പ്പിക്കണം. വോട്ടര്‍ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവായി പോയിട്ടുള്ള അര്‍ഹരായവരെ കണ്ടെത്താന്‍ ബി.എല്‍.ഒമാര്‍ ഒക്ടോബര്‍ 15 മുതല്‍ 31 വരെ വീടുകള്‍ സന്ദര്‍ശിക്കും. തിരികെ ലഭിക്കാത്ത അപേക്ഷകളില്‍ എത്ര എണ്ണം തെരഞ്ഞെടുപ്പിന് ശേഷം പ്രസിദ്ധീകരിച്ച പട്ടികയില്‍ ഉള്‍പ്പെടാതെയുണ്ട് എന്നതില്‍ ഇ.ആര്.ഒ തലത്തില്‍ പരിശോധന നടത്തും. യുവ വോട്ടര്‍മാര്‍ക്കിടയില്‍ വോട്ടര്‍ അവബോധം നടത്തുന്നതിന് കോളേജ്, ഹയര്‍സെക്കന്‍ഡറി സ്കൂള്‍ തലത്തില്‍ ക്യാമ്പസ് ടു ബൂത്ത് എന്ന പേരില്‍ എന്റോള്‍മെന്റ് ഡ്രൈവ് നടത്തും. സ്റ്റെപ്പ് ഫോര്വേര്ട്, ഗെറ്റ് കൗണ്ട് എന്ന ടാഗ് ലൈനോടെ നവംബര്‍ രണ്ടിന് എന്റോള്‍മെന്റ് ഡ്രൈവിനും ജില്ലയില്‍ തുടക്കമാകും.
സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലാ അലര്‍ട്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.അതേസമയം കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂർ വരെ) ജില്ലയിലെ തീരങ്ങളില്‍ വെള്ളിയാഴ്ച രാത്രി 11.30 വരെ 0.9 മുതല്‍ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രംകടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പിലുണ്ട്.
30 കോടിയുടെ ആ ഭാഗ്യശാലി കണ്ണൂരിലുണ്ട്, സമ്മാനവും വാങ്ങി; പേര് വെളിപ്പെടുത്താതെ ലോട്ടറിവകുപ്പ്
തിരുവനന്തപുരം: ഓണം ബമ്പര്‍ 30 കോടി അടിച്ച ഭാഗ്യശാലി ടിക്കറ്റ് നല്കി പണം കൈപ്പറ്റി. എന്നാല്‍ ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു. ഭാഗ്യശാലി പേര് വെളിപ്പെടുത്താത്തതിനാല്‍ ലോട്ടറി വകുപ്പിനും പേര് വിവരങ്ങള്‍ പുറത്ത് വിടാനാകില്ലെന്നാണ് വിവരം. കണ്ണൂരിലെ തളിപ്പറമ്പില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ടിഎല്‍ 360615 എന്ന ടിക്കറ്റിനായിരുന്നു ഇത്തവണത്തെ ഓണം ബമ്പര്‍ അടിച്ചത്.വലിയ തുകയ്ക്കുള്ള ലോട്ടറി അടിച്ചവരെ തേടി പല സ്ഥലങ്ങളില്‍ നിന്നു പോലും വിവിധ ആവശ്യങ്ങളുമായി ആളുകള്‍ എത്തുന്ന അനുഭവം നേരത്തെ ബമ്പർ അടിച്ചവർ പങ്കുവെച്ചിട്ടുണ്ട്. ഇതാവാം ആ ഭാഗ്യശാലി അജ്ഞാതനായി തുടരാന്‍ കാരണമെന്നാണ് നിഗമനം. നികുതിയും സെസും ഏജന്റ് കമ്മിഷനും കിഴിച്ച ശേഷം 16.47 കോടി രൂപയാണ് സമ്മാനാര്ഹന് ലഭിച്ചത്. 10 ശതമാനമാണ് ഏജന്റിനുള്ള കമ്മിഷന്. 30 ശതമാനം ആദായനികുതിയായും 25 സര്‍ചാര്‍ജായും 4 ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസായും ഈടാക്കും.

