ലാബ് പരിശോധനകൾക്ക് ദർഘാസ് ക്ഷണിച്ചു
മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്ന ആർ.എസ്.ബി.വൈ, ആർ.ബി.എസ്.കെ, ജെ.എസ്.എസ്.കെ, ആരോഗ്യകിരണം, എസ്.റ്റി, മെഡിസെപ് തുടങ്ങിയ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് ഡോക്ടർമാർ നിർദേശിക്കുന്ന ലാബ് ടെസ്റ്റുകൾ ചെയ്തുകൊടുക്കാൻ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ആശുപത്രി ലബോറട്ടറിയിൽ ലഭ്യമല്ലാത്ത ടെസ്റ്റുകളാണ് റണ്ണിങ് കോൺട്രാക്ട് വ്യവസ്ഥയിൽ ആവശ്യാനുസരണം ചെയ്തുകൊടുക്കേണ്ടത്. ആശുപത്രി പരിസരത്ത് രണ്ട് കിലോമീറ്റർ ചുറ്റളവിൽ പരിശോധനാ സംവിധാനം ഒരുക്കാൻ കഴിയുന്ന സ്ഥാപനങ്ങൾ ഓഗസ്റ്റ് 20 വൈകുന്നേരം അഞ്ചിനകം ദർഘാസുകൾ സമർപ്പിക്കണം. ഫോൺ: 04935 240264.
ക്ഷേമനിധി സ്പെഷ്യൽ റിവാർഡിന് അപേക്ഷ ക്ഷണിച്ചു
മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികളിൽ സംസ്ഥാന, ദേശീയ തലങ്ങളിൽ കലാ-കായിക-അക്കാദമിക രംഗങ്ങളിൽ മികവ് പുലർത്തിയവരിൽ നിന്ന് 2024-25 വർശത്തെ സ്പെഷ്യൽ റിവാർഡിന് അപേക്ഷ ക്ഷണിച്ചു. 2024 മാർച്ച് 31 വരെ അംഗത്വമെടുത്ത തൊഴിലാളികൾക്ക് അപേക്ഷിക്കാം. അവസാന തീയ്യതി സെപ്റ്റംബർ അഞ്ച്. ഫോൺ: 04936 206355, 9188519862
അദ്ധ്യാപകർ പ്രതിയായ എംഡിഎംഎ കേസ്; മയക്കുമരുന്ന് കടത്തിന് വിദ്യാർത്ഥികളെ ഉപയോഗിച്ചോ എന്ന് സംശയം, അമ്പേഷണം ശക്തമാക്കി
വടകര അദ്ധ്യാപകർ പ്രതിയായ എംഡിഎംഎ കേസിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. അദ്ധ്യാപികമാർ വിദ്യാർത്ഥികളെ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചോ എന്നാണ് അന്വേഷണം. മയക്കുമരുന്ന് കൈമാറ്റത്തിനും പണ ഇടപാടിനും കുട്ടികളെ മറയാക്കിയോ എന്നാണ് പരിശോധന. പണ ഇടപാടിന് വിദ്യാർത്ഥികളുടെ അക്കൗണ്ട് ഉപയോഗിച്ചോ എന്നും സംശയം ഉയരുന്നുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം ശക്തമാക്കി.അതേസമയം, കീർത്തനയുടെ കസ്റ്റഡി കാലാവധി ഇന്ന് തീരും. കാവ്യയേയും നീശ്മയേയും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകും. മൂന്ന് അധ്യാപികമാരെയും ഒരുമിച്ച് ചോദ്യം ചെയ്യാനും നീക്കമുണ്ട്. നിലവിൽ മുഖ്യപ്രതിയെ കണ്ടെത്താൻ ഇതുവരേയും കഴിഞ്ഞിട്ടില്ല. വയനാട് സ്വദേശി ഷിന്റോ ഷിബുവിനായാണ് അന്വേഷണം നടത്തുന്നത്. ലഹരി എത്തിച്ചിരുന്നത് ഷിന്റോ എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.
ഫ്രീസറില്ലാത്ത ആംബുലൻസിൽ രാജേഷിൻ്റെ മൃതദേഹം; വീഴ്ചയിൽ വിശദീകരണം തേടി കണ്ണൂർ എഡിഎം
ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപെട്ട് മരിച്ച രാജേഷിന്റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ചയുണ്ടായ സംഭവത്തിൽ പയ്യന്നൂർ തഹസീൽദാരോടും പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ടിനോടും വിശദീകരണം തേടി കണ്ണൂർ എഡിഎം. ഫ്രീസറില്ലാത്ത ആംബുലൻസിൽ മൃതദേഹം കൊണ്ടുപോയ സാഹചര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു നോട്ടീസ് നൽകി. ഇന്ന് മൂന്ന് മണിക്കുള്ളിൽ മറുപടി നൽകണമെന്നാണ് നിർദേശം. സംഭവത്തിൽ റവന്യൂ മന്ത്രി എ പി അനിൽ കുമാർ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയിരുന്നു. ഇതിന് പിന്നാലെ കണ്ണൂർ എഡിഎമ്മിനെ ജില്ലാ കളക്ടർ അന്വേഷണത്തിന് ചുമതലപ്പെടുത്തുകയായിരുന്നു
ആര്.രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; ‘ആരോഗ്യവകുപ്പിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കും’; കെ മുരളീധരന്
കണ്ണൂര്‍ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച തിരുവനന്തപുരം സ്വദേശി ആര്.രാജേഷിന്റെ മൃതദേഹത്തോട് അനാദരവുണ്ടായതില്‍ ആരോഗ്യവകുപ്പിന് വീഴ്ചയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്. അനാദരവാണ് മൃതദേഹത്തോട് കാണിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് സൂപ്രണ്ടിനോട് കാര്യങ്ങള്‍ സംസാരിക്കും. ഇത്തരത്തില്‍ മൃതദേഹം കൊണ്ടുപോകുമ്പോള്‍ ജില്ലാഭരണകൂടമാണ് ആശുപത്രികള്‍ക്ക് നിര്‍ദേശം കൊടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.ദൂരെ സ്ഥലത്തേക്കാണ് കൊണ്ടുപോകേണ്ടതെങ്കില്‍ എംബാം ചെയ്ത് കൊടുക്കണമെന്നാണ്. അതുപോലെ ഫ്രീസറുള്ള ആംബുലന്‍സില്‍ കൊണ്ടുപോകണമെന്നുമാണ് നിയമം. മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്നത് യാഥാര്‍ഥ്യമാണ്. പരിയാരം മെഡിക്കല്‍ കോളജ് സൂപ്രണ്ടുമായി വിളിച്ച് സംസാരിക്കും. ആശുപത്രിയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കും. സാധാരണ ജില്ലാ കളക്ടറാണ് ഇതിന്റെ അറേഞ്ച്മെന്റ്സ് നടത്തേണ്ടത്. ജില്ലാ ഭരണകൂടമാണ് ആശുപത്രികള്‍ക്ക് നിര്‍ദേശം കൊടുക്കേണ്ടത്. അത്തരത്തില്‍ നിര്‍ദേശം ലഭിച്ചോ എന്നറിയില്ല. സൂപ്രണ്ടിനെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കും. ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കും – അദ്ദേഹം പറഞ്ഞു.
ക്യാഷ് അവാർഡിന് അപേക്ഷിക്കാം
കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചവരിൽ നിന്നും കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2025-2026 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ സ്റ്റേറ്റ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസിൽ എല്ലാ വിഷയങ്ങൾക്കും 90 ശതമാനമോ അതിൽ കൂടുതലോ മാർക്കു നേടിയവർക്കുമാണ് അവാർഡ് നൽകുന്നത്. കൂടാതെ ഡിപ്ലോമ, ഡിഗ്രി, പിജി (പ്രൊഫഷണൽ കോഴ്സ് ഉൾപ്പെടെ) കോഴ്സുകളിൽ 60 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയവര്‍ക്കും കലാകായിക സംസാരിക രംഗങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ച വിദ്യാർത്ഥികള്‍ക്കും ക്യാഷ് അവാർഡും നൽകും. അംഗത്വ രജിസ്ട്രേഷന്റെ കോപ്പി, അംഗത്തിന്റെ ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, മാർക്ക് ലിസ്റ്റുകളുടെയും ഗ്രേഡ് ഷീറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ്, വിദ്യാർത്ഥിയുടെ ഫോട്ടോ എന്നിവ സഹിതം peedika.kerala.gov.in-സൈറ്റിലൂടെ ഒക്ടോബർ 31 വരം അപേക്ഷ സമർപ്പിക്കാം. ഫോണ്‍- 04936 206878
ആധാറിൽ സൗജന്യമായി ഇ-മെയിൽ വിലാസം ചേർക്കാം
ആധാർ ആപ്പിലൂടെ പൊതുജനങ്ങൾക്ക് ഇ-മെയിൽ വിലാസം ചേർക്കാനും സൗജന്യമായി മാറ്റം വരുത്താനും സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ വർഷം ഡിസംബർ 31 വരെ മാത്രമാണ് ഈ സൗജന്യം ലഭിക്കുക. നിലവിൽ ആധാറിൽ സജീവമായ മൊബൈൽ നമ്പർ ചേർത്തിട്ടുള്ളവർക്കു മാത്രമേ ഈ സൗജന്യം പ്രയോജനപ്പെടുത്താൻ സാധിക്കൂ. ആധാറുമായി ഇമെയിൽ ഐ.ഡി ബന്ധിപ്പിച്ചാൽ തങ്ങളുടെ ആധാർ വിവരങ്ങൾ ഉപയോഗിക്കപ്പെടുന്ന ഓരോ തവണയും ഉപഭോക്താവിന് ഇമെയിൽ വഴി അറിയിപ്പ് ലഭിക്കും. ഇതിലൂടെ സ്വന്തം ആധാർ വിവരങ്ങൾ എവിടെ, എപ്പോൾ ഉപയോഗിക്കപ്പെടുന്നു എന്ന് വ്യക്തമായി അറിയാൻ സാധിക്കുമെന്നതാണ് പ്രധാന സവിശേഷത. നിലവിൽ ആധാറിൽ മൊബൈൽ നമ്പർ ചേർത്തിട്ടുള്ളവർക്കു ആധാർ ആപ്പിലൂടെ പുതിയ മൊബൈൽ നമ്പർ ചേർക്കാനും അനുബന്ധ രേഖകൾ സമർപ്പിച്ച് മേൽവിലാസം തിരുത്താനും കഴിയും. ഇതിന് 75 രൂപ ഫീസ് ഈടാക്കും.ഇതിനുപുറമെ ആധാറിൽ സജീവമായ മൊബൈൽ നമ്പർ ചേർത്തിട്ടുള്ളവർക്കു ആധാര്‍ അനുബന്ധ രേഖകള്‍ യു.ഐ.ഡി.എ.ഐ പോര്‍ട്ടല്‍ വഴി സൗജന്യമായി പുതുക്കാനും അവസരമുണ്ട്. 2027 ജൂൺ 14 വരെയാണ് ഈ സൗജന്യം ലഭ്യമാവുക. https://myaadhaar.uidai.gov.in/ എന്ന വെബ്സൈറ്റില്‍ ഡോക്യുമെന്റ് അപ്ഡേഷൻ എന്ന ഓപ്ഷന് വഴിയാണ് രേഖകൾ പുതുക്കേണ്ടത്. എന്നാൽ ആധാര്‍ കേന്ദ്രങ്ങളില്‍ പോയി ഡോക്യുമെന്റ് അപ്ഡേറ്റ് ചെയ്യുന്നതിന് 75 രൂപ ഫീസ് ഈടാക്കും.അഞ്ച് വയസുവരെയുള്ള കുട്ടികൾക്കും അതിന് മുകളിൽ പ്രായമുള്ളവർക്കും ആധാർ എൻറോൾമെന്റ് സൗജന്യമാണ്. അഞ്ച് വയസ്സിലെയും 15 വയസ്സിലെയും നിർബന്ധിത ബയോമെട്രിക് പുതുക്കലും അഞ്ച് വയസിനും 17 വയസിനുമിടയിൽ സൗജന്യമായി ചെയ്യാനാവും. പുതിയ ആധാർ എടുക്കൽ, ബയോമെട്രിക് പുതുക്കൽ, മൊബൈൽ അല്ലെങ്കിൽ ഇ-മെയിൽ വിലാസം മാറ്റൽ തുടങ്ങിയ എല്ലാ സേവനങ്ങളും സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റ് അംഗീകൃത ആധാർ കേന്ദ്രങ്ങൾ വഴിയും ലഭിക്കും. ആധാർ സേവനങ്ങളിൽ പരാതിയുണ്ടെങ്കിൽ 1800-4251-1800 എന്ന ടോൾ ഫ്രീ നമ്പറിലൂടെയോ അല്ലെങ്കിൽ 0471-2335523 നമ്പറിലൂടെയോ സിറ്റിസൺ കോൾ സെന്ററുമായി ബന്ധപ്പെടാം. ഇതിനുപുറമെ സംസ്ഥാന ഐ.ടി. മിഷൻ ആധാർ സെക്ഷനിൽ 0471-2525442 എന്ന നമ്പറിലും ബന്ധപ്പെടാം. ഇ-മെയിൽ വിലാസം: uidhelpdesk@kerala.gov.in
സ്വര്‍ണം വാങ്ങുന്ന രീതിയില്‍ വന്‍ മാറ്റം; ജെന്‍സിയുടെ പുതിയ നിക്ഷേപ രഹസ്യം ഇതാണ്
പണം സമ്പാദിക്കുന്നതിനൊപ്പം നിക്ഷേപിക്കുന്നതും സാധാരണമാണ്. സ്വര്‍ണമായും പണമായും റിയല്‍ എസ്റ്റേറ്റ്, ഓഹരിവിപണി അങ്ങനെ പലതിലും ആളുകള്‍ നിക്ഷേപങ്ങള്‍ നടത്താറുണ്ട്. ഇനി സ്വര്‍ണത്തിന്റെ കാര്യമെടുത്താല്‍ ഇന്ത്യക്കാര്‍ സ്വര്‍ണ്ണത്തെ ഒരു ആഭരണ വസ്തുവായി മാത്രമല്ല നല്ലൊരു നിക്ഷേപ മാര്‍ഗമായും കാണുന്നു. ഏറ്റവും കൗതുകകരമായ കാര്യം പുത്തന്‍ തലമുറയിലെ Gen Z അഥവാ ജെന്‍സികളും നിക്ഷേപം നടത്താന്‍ മുന്‍പന്തിയിലാണെന്നാണ്. അതും ഡിജിറ്റല്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാനാണ് അവര്‍ക്ക് കൂടുതല്‍ താല്പര്യമത്രേ. വെറും 100 രൂപ മുതല്‍ ഡിജിറ്റല്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്താം.Imageജെന്‍സികള്‍ സ്വര്‍ണ്ണ വിപണിയുടെ മുഖച്ഛായ മാറ്റുന്നുവേള്ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ (WGC) ഗോള്‍ഡന്‍ ഫ്ലൈറ്റ് 2047 റിപ്പോര്‍ട്ട് അനുസരിച്ച് സമീപഭാവിയില്‍ ഇന്ത്യയുടെ സ്വര്‍ണ്ണ വിപണിയില്‍ Gen Z ഒരു പ്രധാന പങ്ക് വഹിക്കുമെന്നാണ് പറയപ്പെടുന്നത്. ഇന്നത്തെ തലമുറ നിക്ഷേപത്തില്‍ താല്പര്യമുള്ളവരാണെന്നും സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു നല്ല ഓപ്ഷനായി സ്വര്‍ണ്ണത്തെയും പരിഗണിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.റിപ്പോര്‍ട്ട് അനുസരിച്ച് സ്വര്‍ണ്ണവും ആഭരണങ്ങളും വാങ്ങുന്നതിനേക്കാള്‍ ഡിജിറ്റല്‍ സ്വര്‍ണ്ണം, ഗോള്‍ഡ് ഇടിഎഫുകള്‍, സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ (എസ്ജിബി) എന്നിവയില്‍ Gen Z ഇപ്പോള്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നു. ഡിജിറ്റല്‍ സ്വര്‍ണ്ണം കുറഞ്ഞ പണത്തില്‍ നിക്ഷേപം നടത്താന്‍ യുവാക്കളെ സഹായിക്കുന്നു. വീട്ടില്‍ സ്വര്‍ണ്ണം സൂക്ഷിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കയും ഇത് കുറച്ചിട്ടുണ്ട്.ഡിജിറ്റല്‍ സ്വര്‍ണ്ണം വാങ്ങുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണ്?100 രൂപയ്ക്കും ഡിജിറ്റല്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്താമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം.ഇതോടൊപ്പം മിക്ക പ്ലാറ്റ്ഫോമുകളും 24 കാരറ്റ് 99.9 ശതമാനം ശുദ്ധമായ സ്വര്‍ണ്ണം നല്കുന്നു.ഡിജിറ്റല്‍ സ്വര്‍ണ്ണം സൂക്ഷിക്കുന്നതും സുരക്ഷിതമായാണ്. അത് ലോക്കറിലോ വീട്ടിലോ സൂക്ഷിക്കേണ്ട ആവശ്യമില്ല. ആവശ്യമെങ്കില്‍ അത് എപ്പോള്‍ വേണമെങ്കിലും വില്‍ക്കാനും സാധിക്കും.100 രൂപയ്ക്ക് ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാന്‍ കഴിയുമോ? എങ്ങനെ വാങ്ങാംഡിജിറ്റല് സ്വര്‍ണ്ണം വാങ്ങുന്ന പ്രക്രിയ വളരെ എളുപ്പമാണ്. ഇതിനായി ഫോണ്‍പേ, പേടിഎം, ഗൂഗിള്‍ പേ അല്ലെങ്കില്‍ ജാര് പോലുള്ള ആപ്പുകള്‍ ഉപയോഗിക്കാം.ഇതിനുശേഷം ആപ്പിലെ ഗോള്‍ഡ് അല്ലെങ്കില്‍ ഡിജിറ്റല്‍ ഗോള്‍ഡ് വിഭാഗത്തിലേക്ക് പോകുക.തുടര്‍ന്ന് 100 രൂപ, 500 രൂപ അല്ലെങ്കില്‍ നിങ്ങളുടെ ഇഷ്ടാനുസരണം ഏത് തുകയും നല്‍കാവുന്നതാണ്.ഇനി യുപിഐ അല്ലെങ്കില്‍ നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് പണമടയ്ക്കുക.പണമടച്ചുകഴിഞ്ഞാല്‍ ആ തുകയ്ക്ക് വിലയുള്ള 24 കാരറ്റ് സ്വര്‍ണ്ണം നിങ്ങളുടെ ഡിജിറ്റല്‍ അക്കൗണ്ടിലേക്ക് ചേര്‍ക്കപ്പെടും.
'ആസ്ക് മീ എനിത്തിങ്'; ജെന്‍സിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് INSTAGRAM ക്യാമ്പയിനുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ജെന്‍സിയുമായി കൂടുതല്‍ അടുത്തിടപഴകാന്‍ കഴിയുന്ന ഇന്‍സ്റ്റഗ്രാം ക്യാമ്പയിനുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്‍സ്റ്റഗ്രാമില്‍ ട്രെന്‍ഡിങ് ആയിട്ടുള്ള 'ആസ്ക് മീ എനിത്തിങ്' ക്യാമ്പയിനുമായാണ് രാഹുല്‍ഗാന്ധി എത്തിയിരിക്കുന്നത്. തന്നോട് എന്തും ചോദിക്കാമെന്നും കഴിയുന്നത്ര ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കമെന്നുമാണ് രാഹുല്‍ഗാന്ധി അറിയിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ വഴിയാണ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക.ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഇതിനോടകം തന്നെ അദ്ദേഹം ഉത്തരം നല്കി കഴിഞ്ഞു. ജാര്‍ഖണ്ഡില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കുമോ എന്ന് ഒട്ടനവധി വിദ്യാര്‍ത്ഥികള്‍ ചോദിച്ചിരുന്നു. ജാര്‍ഖണ്ഡിലെ ജെഎംഎം മുന്നണിയില്‍ കോണ്‍ഗ്രസ് ഉണ്ടെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ മറുപടി. രാജ്യത്ത് നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന് എതിരെയാണ്. ഡെറാഡൂണിലെ കോട്ടയില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. നാളെ അലഹബാദില്‍ നടക്കുന്ന പരിപാടിയിലും ഇത് പറയും. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം തകര്‍ന്നു. കേന്ദ്ര സര്‍ക്കാരോ, കോണ്‍ഗ്രസ് സര്‍ക്കാരോ, ജാര്‍ഖണ്ഡ് സര്‍ക്കാരോ ആകട്ടെ, എല്ലാ സര്‍ക്കാരുകളും വിദ്യാര്‍ത്ഥികള്‍ പറയുന്നത് കേള്‍ക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
സ്കോളർഷിപ്പ്
കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കളിൽ പ്ലസ് വൺ മുതൽ പിജി വരെയുള്ള കോഴ്സുകൾക്കും പ്രെഫഷണൽ ഡിപ്ലോമ കോഴ്സുകൾക്കും പഠന കാലയളവിൽ ലഭിക്കുന്ന സ്കോളർഷിപ്പിന് ഒക്ടോബർ 31 വരെ അപേക്ഷ സമർപ്പിക്കാം. അംഗത്വ രജിസ്ട്രേഷന്റെ കോപ്പി, അംഗത്തിന്റെ ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, മാർക്ക് ലിസ്റ്റുകളുടെയും ഗ്രേഡ് ഷീറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഇൻസ്റ്റിറ്റിയൂഷൻ സർട്ടിഫിക്കറ്റ്, അംഗത്തിന്റെ ആധാർ കാർഡിന്റെ കോപ്പി, അലോട്ട്മെന്റ് മെമ്മോ എന്നിവ സഹിതം peedika.kerala.gov.in- സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. ഫോണ്‍- 04936 206878
നേരിട്ടുള്ള ക്ഷേമ പെൻഷൻ വിതരണം നിർത്തുന്നത് അർഹതയില്ലാത്തവർക്ക് കിട്ടുന്നത് ഒഴിവാക്കാൻ'; സർക്കാർ വിശദീകരണം
തിരുവനന്തപുരം: നേരിട്ടുള്ള ക്ഷേമ പെന്ഷന് വിതരണം ഒഴിവാക്കുന്നതില്‍ വിശദീകരണവുമായി സര്‍ക്കാര്‍. വിതരണം ചെയ്യാത്ത തുക തിരിച്ചടയ്ക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നുവെന്നും പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്കുന്നതില് പൊരുത്തക്കേടുകളുണ്ടെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. അര്‍ഹതയില്ലാത്തവര്‍, ഒന്നില്‍ കൂടുതല്‍ പെന്ഷന് വാങ്ങുന്നവര്‍ എന്നിവരെ ഒഴിവാക്കാനാണ് നടപടി. കേന്ദ്ര സഹായം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് ബാങ്ക് വഴി വിതരണമെന്നും വിശദീകരണത്തില്‍ പറയുന്നു.ഇന്നലെയാണ് സാമൂഹ്യ ക്ഷേമ പെൻഷൻ ഇനി മുതൽ വീടുകളിൽ എത്തിക്കില്ലെന്ന സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചിരുന്നു.ഇനി സാമൂഹ്യ ക്ഷേമ പെൻഷൻ ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രമായിരിക്കും ലഭിക്കുക. സഹകരണ ബാങ്കുകളിലൂടെ വിതരണം ചെയ്യുന്നതിൽ ചെലവ് കൂടുതലാണെന്നും ഉത്തരവിലുണ്ട്. ഇനി വാണിജ്യ ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രം പെൻഷൻ വിതരണം ചെയ്യാനാണ് തീരുമാനം. പൂർണ്ണമായും കിടപ്പിലായ രോഗികൾക്ക് പെൻഷൻ വീട്ടിലെത്തിക്കും.
വനമിത്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു
ജൈവ വൈവിധ്യ സംരക്ഷണ രംഗത്തെ അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾക്ക് വനം വന്യജീവി വകുപ്പ് വനമിത്ര അപേക്ഷ ക്ഷണിച്ചു. 25,000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാർഡ്. കാവുകൾ, ഔഷധ സസ്യങ്ങൾ, കൃഷി, ജൈവവൈവിധ്യം മുതലായവ പരിരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്ക് ഓരോ ജില്ലയിലും ഒരു അവാർഡ് വീതമാണ് നൽകുന്നത്. താത്പര്യമുള്ള വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കർഷകർ എന്നിവർ സെപ്റ്റംബർ അഞ്ച് വൈകുന്നേരം അഞ്ചിന് മുമ്പ് കൽപ്പറ്റയിലെ സാമൂഹിക വനവത്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾ കൽപ്പറ്റയിലെ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിലും കൽപ്പറ്റയിലെയും മാനന്തവാടിയിലെയും സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഓഫീസുകളിലും ലഭിക്കും. ഫോൺ: 04936 202623, 8547603846, 8547603851
കാവുകൾക്ക് ധനസഹായം: അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ കാവുകൾ സംരക്ഷിച്ച് പരിപാലിക്കുന്നതിന് സാമ്പത്തിക സഹായം നൽകാൻ സംസ്ഥാന വനം വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. കാവുകളുടെ വന വിസ്തൃതി, ജൈവ വൈവിധ്യം എന്നിവ പരിഗണിച്ച് അവ സംരക്ഷിക്കുന്നതിനുള്ള കർമപദ്ധതികൾക്കാണ് ധനസഹായം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം കാവുകളുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ, കാവ് സംരക്ഷണത്തിനുള്ള കർമപദ്ധതികൾ എന്നിവയും ഉൾപ്പെടുത്തണം. അപേക്ഷകൾ സെപ്റ്റംബർ അഞ്ചിന് മുമ്പ് കൽപ്പറ്റയിലെ സാമൂഹിക വനവത്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിൽ ലഭിക്കണം. വിശദ വിവരങ്ങൾ കൽപ്പറ്റയിലെ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിലും കൽപ്പറ്റയിലെയും മാനന്തവാടിയിലെയും സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഓഫീസുകളിലും ലഭിക്കും. അപേക്ഷ ഫോറം www.keralaforest.gov.in വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 04936 202623, 8547603846, 8547603851
പി.കെ കാളൻ മെമ്മോറിയൽ കോളേജിൽ ബിരുദ പ്രവേശനം
ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ മാനന്തവാടിയിൽ പ്രവർത്തിക്കുന്ന പി.കെ കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസസിൽ ബി.എസ്.സി കംപ്യൂട്ടർ സയൻസ്, ബി.കോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബി.കോം കോഓപ്പറേഷൻ എന്നീ കോഴ്സുകളിൽ എസ്.സി, എസ്.ടി സംവരണ സീറ്റുകൾ ഉൾപ്പെടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 9387288283.
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
കൽപ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐയിലെ ബേക്കർ ആന്റ് കൺഫെക്ഷനർ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. എസ്.സി വിഭാഗത്തിൽ ഒരു ഒഴിവാണുള്ളത്. എസ്.സി വിഭാഗത്തിലുള്ളവരുടെ അഭാവത്തിൽ ഓപ്പൺ വിഭാഗത്തിലുള്ളവരെയും പരിഗണിക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഓഗസ്റ്റ് 14 രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04936 205519
വയനാട് ജില്ലയിൽ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 242 പേര്
ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്ന് ആരംഭിച്ച നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 67 കുടുംബങ്ങളിലെ 242 പേരാണുള്ളത്. ഇവരില്‍ 90 പുരുഷന്മാരും 91 സ്ത്രീകളും 61 കുട്ടികളുമാണുള്ളത്. ഇതില്‍ ഏഴ് പ്രായമായവരും ഭിന്നശേഷി വിഭാഗത്തിലെ ഒരാളും ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു. മാനന്തവാടി താലൂക്കിലെ പുളിഞ്ഞാല്‍ ഗവ ഹൈസ്കൂള്‍, മക്കിയാട് ഹോളി ഫെയ്സ് സ്കൂള്‍, കൈതക്കൊല്ലി ഗവ എല്‍.പി സ്കൂളിലും സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ശ്രേയസിലുമാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്.
ട്രേഡ്സ്മാൻ നിയമനം
മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിൽ ഇലക്ട്രോണിക്സ്, സിവിൽ എഞ്ചിനീയറിങ് ട്രേഡ്സ്മാൻ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. എഴുത്ത് പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. താത്പര്യമുള്ളവർ ഓഗസ്റ്റ് 10 രാവിലെ 10ന് അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ എത്തിച്ചേരണം. ഫോൺ: 04936 247420
മദ്യക്കുപ്പികള്‍ തിരികെ വാങ്ങുന്ന പദ്ധതി നിര്‍ത്താനുള്ള തീരുമാനം; അതൃപ്തി വ്യക്തമാക്കി മന്ത്രി എം ലിജു
തിരുവനന്തപുരം: മദ്യക്കുപ്പികള്‍ തിരികെ വാങ്ങുന്ന പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ അതൃപ്തി വ്യക്തമാക്കി എക്സൈസ് മന്ത്രി എം ലിജു. കേരള സ്റ്റേറ്റ് ബിവറേജസ് കോര്പ്പറേഷന് എംഡി യോഗേഷ് ഗുപ്തയുമായി ഇന്ന് കൂടിക്കാഴ്ച നടത്തി മന്ത്രി എതിര്‍പ്പ് നേരിട്ട് അറിയിക്കുമെന്നാണ് വിവരം. കൂടിയാലോചന നടത്താതെ എടുത്ത തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് മന്ത്രിയുടെ നിലപാട്. ഓണത്തിന് ശേഷം തദ്ദേശ സ്ഥാപനങ്ങള്‍ വഴി കുപ്പികള്‍ ശേഖരിക്കാന്‍ ക്രമീകരണം ഒരുക്കാനാണ് തീരുമാനം.മന്ത്രിയുടെ അനുമതി ലഭിക്കാതെ മന്ത്രിയുടെ ഓഫീസ് അടക്കം അറിയാതെ എങ്ങനെയാണ് സ്വന്തം നിലയ്ക്ക് അധികാരം ഏറ്റയുടന്‍ തന്നെ എംഡിയ്ക്ക് ഒരു സുപ്രധാന തീരുമാനമെടുക്കാന്‍ കഴിയുക എന്നാണ് ചോദ്യം ഉയര്‍ന്നത്. നിലവില്‍ നല്ലരീതിയില്‍ നടന്നു പോകുന്ന പദ്ധതി കൂടിയാലോചനകള്‍ ഇല്ലാതെ അവസാനിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് മന്ത്രിയുടെ നിലപാട്.
അക്കൗണ്ടന്റ് നിയമനം
അമ്പലവയൽ, സുൽത്താൻ ബത്തേരി 2 കുടുംബശ്രീ സി.ഡി.എസ് ഭരണ സമിതികളില്‍ അക്കൗണ്ടന്റ് നിയമനത്തിന് ഓഗസ്റ്റ് 14 രാവിലെ 10 മുതൽ 11 വരെ വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. 22 മുതൽ 36 വയസ് വരെ പ്രായമുള്ള അയല്‍ക്കൂട്ട അംഗങ്ങൾ, കുടുംബാംഗങ്ങൾ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് പങ്കെടുക്കാം. അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ബി.കോം ബിരുദവും, ടാലി യോഗ്യതയും, എം.എസ്.ഓഫീസ്, ഇന്റർനെറ്റ് ആപ്ലിക്കേഷൻസ് കംപ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. ബി.കോം ബിരുദം നേടിയതിനു ശേഷം അക്കൗണ്ടിംഗിൽ രണ്ട് വർഷത്തെ പരിചയവും വേണം. സർക്കാർ, അർദ്ധ സർക്കാർ, സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ, സഹകരണ സംഘങ്ങൾ, സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ അക്കൗണ്ടിങ് പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ഫോണ്‍: 04936 299370, 206589
കായികക്ഷമതാ പരീക്ഷ മാറ്റിവെച്ചു
ജില്ലയിൽ വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ 211/2025, 213/25, 214/25) തസ്തികയിലേക്ക് ഓഗസ്റ്റ് 11ന് സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിൽ നടത്താൻ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവെച്ചതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.

