കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (05-08-2026) അവധി
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (05-08-2026) അവധി പ്രഖ്യാപിക്കുന്ന. ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ളവ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. എന്നാൽ, പ്രൊഫഷണൽ കോളജുകൾക്ക് അവധി ബാധകമല്ല. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
ഡിഗ്രി സീറ്റൊഴിവ്
തൃശ്ശിലേരി ഗവ. മോഡൽ ഡിഗ്രി കോളേജിൽ (റൂസ) ബി.എസ്.സി ജിയോ ഇൻഫർമാറ്റിക്സ്, ബി.എസ്.സി സൈക്കോളജി, ബി.കോ, ബി.എ ഇംഗ്ലീഷ്, ബി.എ മലയാളം എന്നീ കോഴ്സുകളിൽ എസ്.സി, എസ്.ടി ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളുമായി കോളേജ് ഓഫീസിൽ എത്തണം. ഫോൺ: 9496704769, 9746771075
ഓപ്പറേഷൻ തൂഫാൻ: നിരോധിത പുകയില ഉത്‌പന്നങ്ങൾ പിടികൂടി
പനമരം: ഓപ്പറേഷൻ തൂഫാന്റെ്റെ ഭാഗമായി പനമരം പോലീസ് നടത്തിയ പരിശോധനയിൽ 30 പാക്കറ്റ് ഹാൻസ് പിടികൂടി. പനമരം ടൗണിൽ നെല്ലാ റാട്ട്കുന്ന് റോഡ് ജംഗ്ഷനിൽ വെച്ച് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്‌പന്നമായ ഹാൻസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഹാൻസ് വിൽപ്പനക്കായി കൊണ്ടുവന്ന പനമരം ചങ്ങാടകടവ് മാണിക്കോത്ത് ഷമീർ എം.എ (44) എന്നയാൾക്കെതിരെ കേസെടുത്തു. ഇയാൾ വിദ്യാർത്ഥികളടക്കമുള്ളവർക്ക് ഹാൻസ് വിൽപ്പന നടത്തിവന്നിരു ന്നതായി പോലീസ് വ്യക്തമാക്കി. പനമരം എസ്.ഐ ജിഷ്‌ണു കെ.എസും, സംഘവുമാണ് ഹാൻസ് പിടികൂടിയത്.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
വൈത്തിരി പൊഴുതന തരുവണ റോഡിൽ തരിയോട് പ്രദേശത്ത് (ചെയിനേജ് 12/700) വളവിൽ സ്ഥിതി ചെയ്യുന്ന വീട്ടിമരം നാളെ (05-08-2026) രാവിലെ 8 മണി മുതൽ മുറിച്ചുമാറ്റുന്ന പ്രവൃത്തി നടത്തുന്നതാണ്. ഈ ഭാഗത്ത് ഗതാഗതത്തിന് താൽക്കാലിക തടസ്സമോ കാലതാമസമോ നേരിടാൻ സാധ്യതയുണ്ട്. ഈ റോഡ് ഉപയോഗിക്കുന്ന യാത്രക്കാർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച് യാത്ര ക്രമീകരിക്കുകയോ ബദൽ മാർഗങ്ങൾ ഉപയോഗിക്കുകയോ ചെയ്യണമെന്ന് കെ എസ് ടി പി അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.
വയനാട് ജില്ലയില്‍ 10 ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് 112 കുടുംബങ്ങള്‍
ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്ന് ആരംഭിച്ച 10 ദുരിതാശ്വാസ ക്യാമ്പുകളിലായി 112 കുടുംബങ്ങളിലെ 408 പേരാണുള്ളത്. ഇതിൽ 143 പുരുഷന്മാരും 152 സ്ത്രീകളും 113 കുട്ടികളുമുണ്ട്. വൈത്തിരി താലൂക്കിൽ നാലും മാനന്തവാടിയിൽ അഞ്ചും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഒരു ക്യാമ്പുമാണ് നിലവിൽ പ്രവര്‍ത്തിക്കുന്നത്. വൈത്തിരി താലൂക്കിലെ ഇടിയംവയല്‍ കമ്മ്യൂണിറ്റി ഹാള്‍, മേപ്പാടി ജയ്ഹിന്ദ് അങ്കണവാടി, തെക്കുംതറ എ.യു.പി സ്‌കൂള്‍, വെണ്ണിയോട് എസ്.എ എൽ.പി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. മാനന്തവാടി താലൂക്കില്‍ പുളിഞ്ഞാല്‍ ഗവ ഹൈസ്‌കൂള്‍, മക്കിയാട് ഹോളി ഫെയ്സ് സ്‌കൂള്‍, കൈതകൊല്ലി ഗവ എൽ.പി സ്‌കൂള്‍, കുഞ്ഞോം എ.യു.പി സ്‌കൂള്‍, വള്ളിയൂര്‍ക്കാവ് എന്‍.എം.യു.പി.എസ് എന്നിവിടങ്ങളിലാണ് ക്യാമ്പുള്ളത്. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ശ്രേയസിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്.
സെക്യൂരിറ്റി സ്റ്റാഫ് നിയമനം
മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലികമായി സെക്യൂരിറ്റി ഉദ്യോഗസ്ഥനെ നിയമിക്കുന്നു. 40 മുതൽ 55 വയസ് പ്രായമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. വിമുക്തഭടന്മാർക്ക് മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ അസൽ രേഖകൾ സഹിതം ഓഗസ്റ്റ് പത്ത് ഉച്ചയ്ക്ക് 12ന് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തണം. ഫോൺ: 04936 282854
ടെണ്ടർ ക്ഷണിച്ചു.
സുൽത്താൻ ബത്തേരി, ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലുള്ള സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി, നൂൽപ്പുഴ, മീനങ്ങാടി ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ അങ്കണവാടികളിൽ കോഴിമുട്ടയും പാലും വിതരണം ചെയ്യുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. മത്സര സ്വഭാവത്തിലുള്ള ടെണ്ടറുകൾ ഓഗസ്റ്റ് 19ന് മുമ്പ് ലഭിക്കണം. ഫോൺ: 04936 222844.
വയനാട്ടിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം; അന്തർ സംസ്ഥാന യാത്രകൾക്കും നിയന്ത്രണം
കേന്ദ്ര കാലാവസ്ഥാ വകുപ്പ് വരും ദിവസങ്ങളിൽ ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ജില്ലയിലേക്കും ജില്ലയ്ക്ക് പുറത്തേക്കും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് അത്യാവശ്യമല്ലാത്ത അന്തർ സംസ്ഥാന യാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. അന്തർ സംസ്ഥാനത്ത് നിന്നും ജില്ലയിലേയ്ക്ക് വരുന്ന വാഹനങ്ങൾക്കും മറ്റ് ഹെവി വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് നീലഗിരി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായും ജില്ലാ കളക്ടർ അറിയിച്ചു. വയനാട്ടിലെ കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ നിയന്ത്രണം തുടരാൻ പൊലീസ്, മോട്ടോർ വാഹന വകുപ്പുകൾക്ക് നിർദേശം നൽകി.
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ കണ്ടത്തുവയൽ, പീച്ചങ്കോട് - അകമനച്ചാൽ പ്രദേശങ്ങളിൽ നാളെ (ഓഗസ്റ്റ് 5) രാവിലെ 8.30 മുതൽ 5.30വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും. കമ്പളക്കാട് സെക്ഷനു കീഴില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ചീങ്ങാടി, കൊളിപ്പറ്റ, താഴെ വരദൂർ, വരദൂർ മിൽക്ക്, പൊന്നങ്കര, പാടിക്കര, ചെമ്പകപ്പറ്റ, പൂളക്കൊല്ലി, ഒന്നാം മൈൽ ഭാഗങ്ങളിൽ നാളെ (ഓഗസ്റ്റ് 5) രാവിലെ ഒന്പത് മണി മുതല്‍ വൈകുന്നേരം ആറ് വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
ആശ വർക്കർ നിയമനം
കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ ആശ വർക്കറെ നിയമിക്കുന്നു. പത്താം ക്ലാസ് യോഗ്യതയുള്ള 25 നും 45 നും മദ്ധ്യേപ്രായമുള്ള വിവാഹിതർക്ക് അപേക്ഷിക്കാം. ഏഴാം വാർഡിൽ താമസിക്കുന്നവർക്ക് മുൻഗണന. താത്പര്യമുള്ളവര്‍ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡാറ്റ എന്നിവയുമായി ഓഗസ്റ്റ് 13ന് രാവിലെ 11.30ന് കോട്ടത്തറ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 9947657005
മോണ്ടിസോറി, പ്രീ - പ്രൈമറി ടീച്ചർ ട്രെയിനിങ്
കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ഓഗസ്റ്റിൽ ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസോറി, പ്രീ - പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എൽ.സി യോഗ്യതയുള്ള വനിതകൾക്കാണ് അവസരം. ഫോൺ: 7994449314
തൊഴിലധിഷ്ഠിത കോഴ്സുകളിൽ പ്രവേശനം
മീനങ്ങാടി ഗവ. പോളി ടെക്നിക് കോളേജിൽ തുടർവിദ്യാഭ്യാസ കേന്ദ്രത്തിൽ ഓഗസ്റ്റിൽ ആരംഭിക്കുന്ന ആറ് മാസത്തെ റഫ്രിജറേഷൻ ആന്റ് എയർ കണ്ടീഷനിങ്, 10 മാസത്തെ ഇളക്ട്രിക്കൽ വയറിങ് ആന്റ് സർവീസിങ് കോഴ്സുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസാണ് യോഗ്യത. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‍മെന്റ് ലഭിക്കും. ഫോൺ: 9744134901, 9847699720
മഴക്കെടുതി: ആരോഗ്യ വകുപ്പിന്‍റെ കൺട്രോൾ റൂം പ്രവര്‍ത്തനമാരംഭിച്ചു
മഴക്കെടുതി മൂലമുണ്ടാകുന്ന അടിയന്തര ആരോഗ്യ സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനും പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ആരോഗ്യ വകുപ്പ് കൺട്രോൾ റൂം ആരംഭിച്ചു. എലിപ്പനി, ജലജന്യ രോഗങ്ങൾ, മറ്റ് പകർച്ചവ്യാധികൾ എന്നിവ പടർന്നുപിടിക്കാതിരിക്കാൻ കൺട്രോൾ റൂം കേന്ദ്രീകരിച്ച് കർശന ജാഗ്രതയും പ്രതിരോധ നടപടികളും ഉറപ്പാക്കും. പൊതുജനങ്ങൾക്ക് അടിയന്തര വൈദ്യസഹായത്തിനും സംശയനിവാരണങ്ങൾക്കുമായി 04935 240390, 04936 206606, 8589001117 നമ്പറുകളിൽ ബന്ധപ്പെടാം.
പെൻഷൻ ഗ്യാസ് മെസ്റ്ററിംഗ് ചെയ്യുന്നതിന് പ്രത്യേക കേന്ദ്രം ആരംഭിച്ചു
പടിഞ്ഞാറത്തറ:പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഉപഭോക്താക്കൾക്കും ഗ്യാസ് ഉപഭോക്താക്കൾക്കും സൗകര്യപൂർവ്വം ചെയ്യുന്നതിന് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ അക്ഷയ സെന്ററിന്റെ പ്രത്യേക മസ്റ്ററിങ് കേന്ദ്രം പടിഞ്ഞാറത്തറ ബസ്റ്റാൻഡിൽ ഗ്രാമപഞ്ചായത്തിന് താഴെയുള്ള സ്ഥലത്ത് ആരംഭിച്ചു. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെകെ അസ്മ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ജോസഫ് പുല്ലുമാരിയിൽ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയന്‍, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാജിത നൗഷാദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി.,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം വി ജോണി,നൗഷാദ് എംപി, ശ്രീജിത്ത്,ഷിബു,നജ്മത്ത്, സുഹറ പാലോളി,അസിസ്റ്റന്റ് സെക്രട്ടറി സോമൻ,അക്ഷയ സെന്റർ മാനേജർ അമീൻ തുടങ്ങിയവർ പങ്കെടുത്തു.
കാസർഗോഡ്ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ആഗസ്റ്റ 5 ബുധൻ) അവധി
കാസർഗോഡ്കേന്ദ്ര കാലാവസ്ഥവ കുപ്പ് കാസറഗോഡ് ജില്ലയിൽ ഇന്ന് അതി തീവ്ര മഴയ്ക്കുള്ള റെഡ് അലർട്ടും നാളെ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുള്ളതിനാലും ശക്തമായ മഴയിൽ ജില്ലയിൽ പലയിടങ്ങളിലും ജലാശയങ്ങൾ കര കവിഞ്ഞൊഴുകി വെള്ളക്കെട് രൂപപ്പെട്ടതിനാലും മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ആഗസ്റ്റ് 5 ബുധൻ ) അവധി പ്രഖ്യാപിച്ചു. കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മദ്രസ ഉൾപ്പെടെ മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല
കുവൈത്തിലും സമീപ പ്രദേശങ്ങളിലും സ്ഫോടനങ്ങൾ, ചരക്ക് കപ്പലിന് നേരെയും ആക്രമണം; ക്രൂഡ് ഓയിൽ വിതരണത്തെ ബാധിക്കുമെന്ന് ആശങ്ക
അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ മധ്യേഷ്യയിൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാകുന്നു. കുവൈത്തിലും സമീപ പ്രദേശങ്ങളിലും ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തതിനൊപ്പം ലോകത്തിലെ പ്രമുഖ ഊർജ ഗതാഗത പാതയായ ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെ ആക്രമണവുമുണ്ടായി. വടക്കൻ കുവൈത്തിലെ യുഎസ് സൈനിക കേന്ദ്രത്തിലാണ് സ്ഫോടനം നടന്നതെന്നാണ് പുറത്തുവരുന്ന വിവരം.ഇറാനുമായും കുവൈത്തുമായും അതിർത്തി പങ്കിടുന്ന ഇറാഖിലെ ബസ്ര പ്രവിശ്യയിൽ വലിയ തോതിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെ മേഖലയിലുടനീളം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കടൽപ്പാതകളിൽ ആക്രമണം ശക്തമായതോടെ അന്താരാഷ്ട്ര കപ്പൽ ഗതാഗത രംഗത്ത് സുരക്ഷയെ കുറിച്ച് വലിയ ആശങ്കയാണ് ഉയർന്നിരിക്കുന്നത്. ഹോർമുസ് കടലിടുക്കിൽ വെച്ച് കപ്പലിന് നേരെയുണ്ടായ ആക്രമണം ആഗോള ക്രൂഡ് ഓയിൽ വിതരണത്തെയും അന്താരാഷ്ട്ര വ്യാപാര മേഖലയെയും ബാധിക്കുമെന്ന ഭീതിയിലാണ് വിപണി. സ്ഥിതിഗതികൾ അന്താരാഷ്ട്ര ഏജൻസികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
'ഞാനൊന്ന് ഭക്ഷണം കഴിച്ചുപോയി, ഇനി കഴിക്കാതിരിക്കാം'; വിരുന്ന് വിവാദത്തില്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: വിരുന്ന് വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. ഹീനമായ അപവാദപ്രചരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. താനൊന്ന് ഭക്ഷണം കഴിച്ചുപോയെന്നും തെറ്റ് പറ്റിപ്പോയെന്നുമാണ് അദ്ദേഹം പറഞ്ഞത്. താന്‍ സല്‍ക്കാരത്തിന് അല്ല പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു.'അന്ന് രാവിലെ അഞ്ച് മണി മുതല്‍ റവന്യൂ മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ജില്ലയിലെ ചാര്‍ജുള്ള മന്ത്രിമാരെയും കളക്ടര്‍മാരെയും എംഎല്‍എമാരെയും ബന്ധപ്പെട്ടു. വരേണ്ട ആവശ്യമുണ്ടോയെന്ന് ഞാന്‍ ചോദിച്ചു. ഇല്ലെന്ന് അവര്‍ പറഞ്ഞു. മൂന്ന് മണിയായപ്പോള്‍ ഞാന്‍ ഭക്ഷണം കഴിച്ചുപോയി. 2018ലും 2019ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാനൊന്ന് ഭക്ഷണം കഴിച്ചുപോയി. അപവാദ പ്രചാരണമാണ് നടക്കുന്നത്. ഞാന്‍ ഭക്ഷണം കഴിക്കാന്‍ പാടില്ലേ, എന്തൊരു തെറ്റാണ്. ഭക്ഷണം കഴിച്ചു, തെറ്റ് പറ്റിപോയി. ഇനി മുതല്‍ ഭക്ഷണം കഴിക്കാതിരിക്കാം', മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
കെ.ആലിക്കുട്ടി മുസ് ലിയാർ അനുസ്‌മരണ സംഗമം നടത്തി
ജ്ഞാനത്തിൻ്റെ ആഴിയിൽ വിരാജിച്ചപ്പോഴും ലാളിത്യത്തിൻ്റെ കൊടുമുടി കീഴടക്കിയ സമകാലിക കേരളത്തിൻ്റെ ആത്മീയവും ബൗദ്ധികവുമായ മുന്നേറ്റങ്ങളിൽ വഴി വിളക്കായി ശോഭിച്ച മഹത് ജീവിതമായിരുന്നു സമസ്‌ത ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ് ലിയാരുടേതെന്ന് ടി വി അബ്ദുറഹ് മാൻ ഫൈസി പറഞ്ഞു. കമ്പളക്കാട് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിച്ച അനുസ്‌മരണ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വെണ്ണിയോട് ദാറുൽ ഹുദാ മദ്റസയിൽ നടന്ന ചടങ്ങിൽ മുഫത്തിശ് പി എം മുസ്‌തഫ ഫൈസി അധ്യക്ഷനായി. മഹല്ല് ഖത്തീബ് സിദ്ദീഖ് ഫൈസി കണ്ണൂർ ഉദ്ഘാടനം ചെയ്തു. മഹല്ല് ഭാരവാഹികളായ പി കെ മൊയ്തു , എം അബൂബക്കർ, കെ കെ മമ്മൂട്ടി , വി.കെ അസീസ് , സ്വദ്ർ മുഅല്ലിം മുഹമ്മദ് ബിലാൽ അസ്ഹരി, മുദരിബ് അബ്ദുല്ലത്തീഫ് വാഫി , ശംസുദ്ദീൻ ദാരിമി,പി ഇബ്രാഹിം മൗലവി, അബ്ബാസ് വാഫി, ഷാജഹാൻ ഫൈസി സംസാരിച്ചു . കെ മുഹമ്മദ് കുട്ടി ഹസനി പ്രാർഥനക്ക് നേതൃത്വം നൽകി. ഹാരിസ് ബാഖവി സ്വാഗതവും ശാഫി ഫൈസി നന്ദിയും പറഞ്ഞു
വയനാട് ജില്ലയില്‍ 28 ദുരിതാശ്വാസ ക്യാമ്പുകളിലായി 424 കുടുംബങ്ങള്‍
ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്ന് 28 ദുരിതാശ്വാസ ക്യാമ്പുകളിലായി 424 കുടുംബങ്ങളിലെ 1347 പേരെ മാറ്റി താമസിപ്പിച്ചു. ഇതില്‍ 475 പുരുഷന്മാരും 541 സ്ത്രീകളും 331 കുട്ടികളും 79 പ്രായമായവരും അഞ്ച് ഭിന്നശേഷിക്കാരും നാല് ഗര്‍ഭിണികളുമാണുള്ളത്. വൈത്തിരി താലൂക്കില്‍ 15, മാനന്തവാടി താലൂക്കില്‍ 10, സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ മൂന്നും ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.വൈത്തിരി താലൂക്കിലെ കാപ്പുുവയല്‍ ജി.എല്‍.പി സ്‌കൂള്‍, സുഗന്ധഗിരി ഗവ യു.പി സ്‌കൂള്‍, മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജ്, മുട്ടില്‍ ഡബ്ല്യു.എം.ഒ ഓര്‍ഫനേജ് യു.പി സ്‌കൂള്‍, ചുണ്ടേല്‍ എച്ച്.ഐ.എം സ്‌കൂള്‍, ഇടിയംവയല്‍ കമ്മ്യൂണിറ്റി ഹാള്‍, മേപ്പാടി ജയ്ഹിന്ദ് അങ്കണവാടി, തരിയോട് ഗവ ഹൈസ്‌കൂള്‍, മുണ്ടേരി ജി.വി.എച്ച്.എസ് സ്‌കൂള്‍, അച്ചൂരാനം ജി.എല്‍.പി സ്‌കൂള്‍, തെക്കുംതറ എ.യു.പി സ്‌കൂള്‍, കരിങ്കുറ്റി ഗവ വൊക്കേഷനില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പരളിക്കുന്ന് ഗവ യു.പി സ്‌കൂള്‍, പരിയാരം ഗവ ഹൈസ്‌കൂള്‍, തെക്കുംതറ അമ്മ സഹായം യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. മാനന്തവാടി താലൂക്കില്‍ പുളിഞ്ഞാല്‍ ഗവ. ഹൈസ്‌കൂള്‍, മക്കിയാട് ഹോളി ഫെയ്സ് സ്‌കൂള്‍, പേരിയ ജി.യു.പി സ്‌കൂള്‍, തലപ്പുഴ ഗവ. യു.പി സ്‌കൂള്‍, കൈതകൊല്ലി ഗവ. യു.പി സ്‌കൂള്‍, കുഞ്ഞോം എ.യു.പി സ്‌കൂള്‍, വരടിമൂല അങ്കണവാടി, ഇല്ലത്തുവയല്‍ അങ്കണവാടി, തിരുനെല്ലി എസ്.എ.യു.പി.എസ്, വള്ളിയൂര്‍ക്കാവ് എന്‍.എം.യു.പി.എസ് എന്നിവിടങ്ങളിലാണ് ക്യാമ്പുകളുള്ളത്.സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ശ്രേയസ്, കല്ലിങ്കര ജി.യു.പി സ്‌കൂള്‍, നടവയല്‍ സെന്റ് തോമസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.
സുഗന്ധഗിരി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മന്ത്രി ടി. സിദ്ദീഖ് സന്ദര്‍ശിച്ചു
വൈത്തിരി :ശക്തമായ മഴയെ തുടര്‍ന്ന് വയനാട് സുഗന്ധഗിരി ഗവ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി. സിദ്ദീഖ് സന്ദര്‍ശിച്ചു. ക്യാമ്പില്‍ കഴിയുന്ന കുടുംബങ്ങളുമായി മന്ത്രി നേരിട്ട് സംസാരിച്ച് അവരുടെ ക്ഷേമവും ആവശ്യങ്ങളും വിലയിരുത്തി. ഭക്ഷണം, കുടിവെള്ളം, ആരോഗ്യ സൗകര്യങ്ങള്‍ ഉള്‍പ്പെടെ ക്യാമ്പിലേക്ക് ആവിശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സമയബന്ധിതമായി ഉറപ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

