കോഴ്സിന് അപേക്ഷ ക്ഷണിച്ചു
മാനന്തവാടി ഗവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംങ് സെന്ററിൽ 2026-27 വർഷത്തേക്കുള്ള ഒന്നാം വർഷ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ www.fdgt.polyadmission.org വെബ് സൈറ്റില്‍ ആഗസ്റ്റ് 12 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഫോണ്‍- 04935295068, 9946153609, 9656061030
ടൗണ്‍ഷിപ്പില്‍ കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യണം: മന്ത്രി അഡ്വ. ടി സിദ്ദീഖ്
ടൗണ്‍ഷിപ്പിലെ നിര്‍മ്മാണ പ്രവൃത്തികളുടെ ഭാഗമായി കൂട്ടിയിട്ട മണ്ണ് സമീപ പ്രദേശത്തെ കുടുംബങ്ങള്‍ക്ക് ഭീഷണിയായതിനാല്‍ നീക്കം ചെയ്യണമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്. ടൗണ്‍ഷിപ്പില്‍ പ്രവൃത്തി നടക്കുന്ന പ്രദേശത്ത് നിന്നും ഒലിച്ചിറങ്ങുന്ന മണ്ണ് പ്രദേശത്തെ വീടുകള്‍ക്കും കുടുംബങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനാല്‍ പ്രദേശത്തെ കുടുംബങ്ങളോട് മാറി താമസിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. പുല്‍പ്പാറയിലെ കുടുംബങ്ങളെ വീട്ടിലെത്തി നേരില്‍ കണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബങ്ങള്‍ മാറി താമസിക്കുന്ന കാലയളവില്‍ പ്രദേശത്തെ മണ്ണ് അടിയന്തിരമായി നീക്കം ചെയ്യാന്‍ യു.എല്‍.സി.സിക്കും വീടുകളോട് ചേര്‍ന്ന് അപകടാവസ്ഥയിലുള്ള വൈദ്യുതി പോസ്റ്റ് മാറ്റി സുരക്ഷിതമായി സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി അധികൃതര്‍ക്കും മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്കി. ടൗണ്‍ഷിപ്പ് ചീഫ് ഓപറേറ്റീങ് ഓഫീസര്‍ ഇ.ടി രാകേഷ്, കല്‍പ്പറ്റ വില്ലേജ് ഓഫീസര്‍ കെ ബാലന്, കല്‍പ്പറ്റ നഗരസഭാ ഉദ്യോഗസ്ഥര്‍, യു.എല്‍.സിസി പ്രതിനിധികള്‍, പ്രദേശവാസികള്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഫൈനലിലെ അടിപിടി, ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനര്‍; അര്‍ജന്റീനയ്ക്കെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ
ലോകകപ്പ് ഫുട്ബോള്‍ മത്സരിത്തിനിടെയുണ്ടായ സംഭവങ്ങളില്‍ അര്‍ജന്റീന ഫുട്ബോള്‍ ടീമിനെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനറിലും, ഫൈനലിലെ അടിപിടികളിലുമാണ് അന്വേഷണം.കളികഴിഞ്ഞതും സ്പാനിഷ് സംഘവുമായി അര്‍ജന്റീനിയന്‍ താരങ്ങള്‍ കൊമ്പുകോര്‍ത്തു. സ്പെയിന് നായകന് റോഡ്രിയുമായി മൊളീന വാക്കേറ്റമുണ്ടാക്കി. നെഞ്ചില്‍ പിടിച്ച് തളളി. പിന്നാലെ ഒട്ടാമെന്‍ഡി എത്തി റോഡ്രിയോട് കയര്‍ത്തു. നിന്റെ കരച്ചില് ഇനിയും കഴിഞ്ഞില്ലേ എന്നായിരുന്നു ഒട്ടാമെന്‍ഡിയുടെ പരിഹാസ ചോദ്യം. പിന്നീട് കൂട്ടത്തിലെ ഇടിക്കാരനെത്തി. ലിയനാര്‍ഡോ പരേഡസ്. ഗാവിയെയും പെഡ്രിയേയും തള്ളിവീഴ്ത്തി. അരിശംപൂണ്ട് ചവിട്ടാനോങ്ങി. റെഡ് കാര്‍ഡ് നല്‍കിയിട്ടും റഫറിയുടെ കയ്യില്‍ ഒതുങ്ങാതിരുന്നോതടെ പരിശീലകന് ലയണല്‍ സ്കലോണിയെത്തിയാണ് പരേഡസിനെ പിടിച്ചുമാറ്റിയത്.സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയുള്ള വിജയത്തിന് ശേഷം പൊട്ടിപ്പുറപ്പെട്ട ഫോക്ക്ലാന്‍ഡ് ബാനര്‍ വിവാദത്തിലാണ് അടുത്ത അന്വേഷണം. സ്പോര്‍ട്സിനെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തിയതിന് അര്‍ജന്റീനയെ അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടനയായ ഫിഫ വിലക്കണമെന്നടക്കം അന്ന് ആവശ്യമുയര്‍ന്നിരുന്നു. ‘ലാസ് മാല്‍വിനാസ് സോണ്‍ അര്‍ജന്റീനാസ്’ എന്ന് എഴുതിയ ബാനര്‍ പിടിച്ച് താരങ്ങള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തതാണ് വിവാദമായത്. ‘ഫോക്ക്ലാന്‍ഡ് ദ്വീപുകള്‍ അര്‍ജന്റീനയുടേതാണ്’ എന്നാണ് ഈ വാചകത്തിന്റെ അര്‍ഥം.
തദ്ദേശ വകുപ്പിലെ ഡ്രൈവർ നിയമന ക്രമക്കേട്: പ്രത്യേക അന്വേഷണ സംഘം വയനാട്ടിൽ മൊഴിയെടുത്തു
കമ്പളക്കാട്: തദ്ദേശ സ്വയംഭരണ വകുപ്പിലെ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (കാറ്റഗറി നമ്പർ 621/2024) നിയമനങ്ങളിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ തിരുവനന്തപുരത്തുനിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഉദ്യോഗാർത്ഥികളിൽ നിന്ന് മൊഴിയെടുത്തു. ബുധനാഴ്ച രാവിലെ കമ്പളക്കാട് ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ചായിരുന്നു ഹിയറിംഗ്. ഐ.ജി. അജിതാ ബീഗം ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ എസ്.ഐ. മുനീർ, എസ്.ഐ. രതീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സനൂജ് എന്നിവരാണ് പരാതിക്കാരായ ഉദ്യോഗാർത്ഥികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്.പി.എസ്.സി. വഴിയുള്ള നിയമനം അകാരണമായി തടഞ്ഞുവെച്ചതിനും വെബ്സൈറ്റിൽ നിന്ന് ഒഴിവുകൾ പിൻവലിച്ചതിനും എതിരെ വയനാട്ടിലെ ഒരു കൂട്ടം ഉദ്യോഗാർത്ഥികൾ നൽകിയ പരാതിയിലാണ് നടപടി. വയനാട്, ഇടുക്കി ജില്ലകളിലെ ഒഴിവുകളാണ് പ്രധാനമായും തടഞ്ഞുവെച്ചിട്ടുള്ളത്. വിവരാവകാശ രേഖകൾ പ്രകാരം വകുപ്പിൽ നിലവിൽ 2500-ഓളം താൽക്കാലിക ഡ്രൈവർമാരാണ് ജോലി ചെയ്യുന്നത്. 2022-ലെ ചില സർക്കാർ തീരുമാനങ്ങളുടെ മറവിൽ, പുതിയ തസ്തികകൾ സൃഷ്ടിച്ചും വീണ്ടും വിജ്ഞാപനം ഇറക്കിയും ഈ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നതായാണ് ഉദ്യോഗാർത്ഥികളുടെ പ്രധാന ആരോപണം.വിവിധ തസ്തികകളിലായി നിലവിൽ നൂറിലധികം കാറ്റഗറികളിൽ നിന്നായി പി.എസ്.സി.ക്കെതിരെ സമാനമായ പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് മൊഴിയെടുക്കുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഉദ്യോഗാർത്ഥികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ഉടൻ തന്നെ അന്തിമ കരട് റിപ്പോർട്ട് തയ്യാറാക്കും. ഇതിന് അംഗീകാരം ലഭിച്ച ശേഷം തുടർനടപടികൾക്കായി അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.ഉദ്യോഗാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് റാങ്ക് ഹോൾഡേഴ്സ് കമ്മിറ്റി ഭാരവാഹികളായ അൻസാർ, വിനേഷ് എന്നിവർ ആവശ്യപ്പെട്ടു. ഡ്രൈവർ റാങ്ക് ഹോൾഡേഴ്സിനോടുള്ള സർക്കാരിന്റെ അവഗണനയ്ക്കെതിരെ ഓൾ കേരള ഡ്രൈവർ റാങ്ക് ഹോൾഡേഴ്സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് ഒന്ന് ശനിയാഴ്ച മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ സൂചനാ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുമുണ്ട്.
എസ്എസ്എൽസി, പ്ലസ് ടു വിജയികളെ ഗ്രാമസഭയിൽ ആദരിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് കാപുണ്ടിക്കൽ ഗ്രാമസഭ യോഗത്തിൽ വച്ച് ഈ വർഷത്തെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് സിഡിഎസ് എക്സിക്യൂട്ടീവ് ആയി തെരഞ്ഞെടുത്ത റഹ്മത് ഗഫൂറിന് ഗ്രാമസഭയിൽ വെച്ച് ഉപഹാരം നൽകി. 2026- 27 വർഷത്തെ പദ്ധതി അവലോകനവും. വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനും. തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിംഗ് അവതരിപ്പിക്കുന്നതിനും വേണ്ടി നടന്ന ഗ്രാമസഭയിൽ വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഹാരിസ് കണ്ടിയൻ വിദ്യാർത്ഥികളെ ഉപഹാരം നൽകിആദരിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് മുൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ബഷീർ ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. വികസന സമിതി കൺവീനർ വി പി അബ്ദുറഹ്മാൻ. എഡിഎസ് എക്സിക്യൂട്ടീവ് അംഗം റഹ്മത്ത് ഗഫൂർ. വികസന സമിതി അംഗങ്ങളായ ടൈറ്റസ്. എ വി അഷ്റഫ്. വി അബ്ദുള്ള. സാജിത. തുടങ്ങിയവർ സംസാരിച്ചു.
ചങ്ങരംകുളത്ത് വാഹനാപകടത്തിൽ വയനാട് സ്വദേശിയായ യുവാവ് മരിച്ചു
ചങ്ങരംകുളം: ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച്യുവാവ് മരിച്ചു. സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. കോട്ടത്തറ മെച്ചന നാരകത്തറ സന്തോഷിൻ്റെ മകൻ സെൽവിൻ(20)ആണ് മരിച്ചത്. കൂടെയു ണ്ടായിരുന്ന കോട്ടത്തറ മെച്ചന ദാസൻ്റെ മകൻ അമൽ(29)ന് ഗുരുതരമായി പരിക്കേറ്റു. കുറ്റിപ്പുറംതൃശ്ശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം സൺ റൈസ് ആശുപത്രിക്ക് മുൻവശം പുലർച്ചെ 12 മണിയോടെ ആണ് അപ കടം. സെൽവിനും അമലും സഞ്ചരിച്ച ബൈക്ക് എതിരെവന്ന ഇന്നോവ യിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ ഇരുവരെയും നാട്ടുകാർ ചേർന്ന് സമീപത്ത് സൺറൈസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സെൽവിൻ്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ അമലിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.സിമിയാണ് സെൽവിന്റെ മാതാവ്. സഹോദരൻ എബിൻ. മൃത സംസ് കാര ചടങ്ങങ്ങുകൾ ഇന്ന് വൈകുന്നേരം അരമ്പറ്റക്കുന്ന് സെൻ്റ്ജോസഫ് പള്ളി സെമിത്തേരിയിൽ.
സ്കൂളുകളില്‍ ഇനി ചിക്കന്‍ ബിരിയാണി?; ഉച്ചഭക്ഷണ പദ്ധതി പരിഷ്കരിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍
പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു പരിഷ്കരിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ആലോചിക്കുന്നു. ഉച്ചയ്ക്ക് നൽകുന്ന ഭക്ഷണത്തിൽ ചിക്കന്‍ ബിരിയാണി ഉള്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. സ്കൂള്‍ അധ്യാപകരുടെയും അധ്യാപകേതര ജീവനക്കാരുടെയും സംഘടനകളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എ രാജ്മോഹന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.നൂറിലധികം അധ്യാപക-അധ്യാപകേതര സംഘനകളുടെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ നിരവധി പരാതികളും ആവശ്യങ്ങളും ഉയര്‍ന്നു. സ്കൂളുകളിലെ ഉച്ചഭക്ഷണ മെനു പരിഷ്കരിക്കണമെന്നത് അത്തരത്തില്‍ ഒരാവശ്യമായിരുന്നു. ഉച്ചഭക്ഷണത്തിന് ചിക്കന്‍ ബിരിയാണി നല്‍കണമെന്ന് പലരും ആവശ്യപ്പെട്ടു. ഇക്കാര്യം നേരത്തേ തന്നെ മുഖ്യമന്ത്രിക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി എ രാജ്മോഹന്‍ പറഞ്ഞത്. ബിരിയാണി നല്കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു
എങ്ങനെ നന്ദി പറയും ലോകം! ആരാധകരെ ഞെട്ടിച്ച് മഞ്ഞക്കുപ്പായത്തിൽ ഇനി ഇല്ല എന്ന് പ്രഖ്യാപിച്ച് നെയ്മർ
ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ രാജ്യാന്തര ഫുട്ബോളിൽ നിന്ന് പടിയെറങ്ങുന്നു. 2026ലെ ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ഇനി ദേശീയ ടീമിനായി പന്ത് തട്ടാനില്ലെന്ന് താരം ഏതാണ്ട് ഉറപ്പിച്ചുപറഞ്ഞു. ചൊവ്വാഴ്ച കോപ്പ സുഡാമേരിക്കാനയിൽ വെനസ്വേലൻ ക്ലബ്ബായ യൂണിവേഴ്സിഡാഡ് സെൻട്രലിനെതിരായ മത്സരത്തിന് ശേഷമാണ് 34കാരനായ നെയ്മർ മനസ് തുറന്നത്. നോർവേയ്ക്കെതിരെയേറ്റ പരാജയത്തിന് പിന്നാലെ താരം സൂചന നൽകിയിരുന്നെങ്കിലും, ഇപ്പോൾ അത് അടിവരയിട്ട് വ്യക്തമാക്കിയിരിക്കുകയാണ്.ദേശീയ ടീമിനൊപ്പമുള്ള തന്റെ സമയം അവസാനിച്ചുവെന്നാണ് വിശ്വസിക്കുന്നതെന്ന് നെയ്മർ മാധ്യമങ്ങളോട് പറഞ്ഞു. മഞ്ഞക്കുപ്പായത്തിനായി സർവ്വസ്വവും നൽകി പോരാടിയ ചരിത്രമാണ് തനിക്കുള്ളതെന്നും അതിൽ ഏറെ സന്തോഷവാനാണെന്നും കൂട്ടിച്ചേർത്ത താരം, എന്നാൽ ഇനി ദേശീയ കുപ്പായത്തിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും വെളിപ്പെടുത്തി. ലോകകപ്പിൽ നോർവേയ്ക്കെതിരായ തോൽവിക്ക് ശേഷം വൈകാരികമായി പ്രതികരിച്ച നെയ്മർ, താൻ പരമാവധി ശ്രമിച്ചെന്നും എന്നാൽ ഇനി എല്ലാം അവസാനിച്ചുവെന്നും പറഞ്ഞിരുന്നു.
കേരളത്തിന്റെ കണ്ണീരോര്‍മ്മയായി വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം; രണ്ടാണ്ട് പിന്നിടുമ്പോഴും വിതുമ്പി ദുരന്തഭൂമി
കേരളത്തെ ഒന്നാകെ നടുക്കിയ വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ മഹാദുരന്തത്തിന് ഇന്ന് രണ്ട് വർഷം തികയുന്നു.ഔദ്യോഗിക കണക്കുകള്‍ പ്രകാരം 298 പേർ മരിക്കുകയും കാണാതായ 32 പേരെ പിന്നീട് മരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്ത ഈ ദുരന്തം മൂന്ന് ഗ്രാമങ്ങളെയാണ് തുടച്ചുനീക്കിയത്. ദുരന്തത്തിന് രണ്ടാണ്ട് പിന്നിടുമ്പോള്‍ ജീവൻ പൊലിഞ്ഞവരുടെ സ്മരണ പുതുക്കി പുത്തുമലയിലെ ഹൃദയഭൂമിയില്‍ ഇന്ന് സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും സംഘടിപ്പിക്കും.പുഞ്ചിരിമട്ടത്തുനിന്ന് പൊട്ടിയൊഴുകിയെത്തിയ മലവെള്ളപ്പാച്ചിലും പാറക്കെട്ടുകളും മുണ്ടക്കൈ, ചൂരല്‍മല ഗ്രാമങ്ങളിലെ നൂറുകണക്കിന് ജീവനുകളും മനുഷ്യരുടെ പ്രതീക്ഷകളുമാണ് കവർന്നെടുത്തത്. ഇന്ന് നിശ്ചലമായി കിടക്കുന്ന ഈ പ്രദേശങ്ങളില്‍ തകർന്ന കെട്ടിടങ്ങളും ആളൊഴിഞ്ഞ വീടുകളും മാത്രമാണ് അവശേഷിക്കുന്നത്. ഒരു രാത്രികൊണ്ട് സർവ്വതും നഷ്ടപ്പെട്ട മനുഷ്യരുടെ വേദനയേറിയ ഓർമ്മകളോടെ നാട് നില്ക്കുമ്പോള്, വിനോദസഞ്ചാരികളുടെ വരവോടെ ചൂരല്‍മല പതിയെ അതിജീവനത്തിന്റെ പാതയിലേക്ക് ചുവടുവെക്കുകയാണ്.
വില്ലേജ് ഓഫീസിൽ പോകേണ്ട; നിങ്ങളുടെ ഭൂമിയുടെ കരം (Land Tax) മൊബൈൽ ഫോൺ വഴി ഓൺലൈനായി എങ്ങനെ അടയ്ക്കാം?
വില്ലേജ് ഓഫീസുകളിൽ പോയി ക്യൂ നിന്ന് കരം അടയ്ക്കുന്ന ബുദ്ധിമുട്ടുകൾ ഇനി ഒഴിവാക്കാം. കേരള സർക്കാരിൻ്റെ റവന്യൂ വകുപ്പ് ഒരുക്കിയിട്ടുള്ള ഓൺലൈൻ സംവിധാനം വഴി ലോകത്തിൻ്റെ ഏത് കോണിലിരുന്നും നിങ്ങളുടെ സ്മാർട്ട്ഫോൺ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഭൂമിയുടെ കരം അടയ്ക്കാൻ സാധിക്കും.ഓൺലൈനായി കരം അടയ്ക്കാൻ എന്തൊക്കെ വേണം?ഇൻ്റർനെറ്റ് സൗകര്യമുള്ള ഒരു സ്മാർട്ട്ഫോൺ അല്ലെങ്കിൽ കമ്പ്യൂട്ടർ.ഭൂമിയുടെ തണ്ടപ്പേർ (Thandaper) നമ്പറും, സർവേ നമ്പറും (പഴയ കരമടച്ച രസീതിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ടാകും).ബാങ്ക് അക്കൗണ്ട് വിവരങ്ങൾ (UPI, Debit Card അല്ലെങ്കിൽ Net Banking).ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ.എങ്ങനെ അടയ്ക്കാം?Mapsആദ്യം കേരള റവന്യൂ വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ revenue.kerala.gov.in സന്ദർശിക്കുക.ഇതിൽ 'Quick Pay' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.നിങ്ങളുടെ ജില്ല, താലൂക്ക്, വില്ലേജ് എന്നിവ സെലക്ട് ചെയ്ത ശേഷം തണ്ടപ്പേർ നമ്പർ നൽകുക.ഉടൻ തന്നെ ഭൂമിയുടെ ഉടമസ്ഥൻ്റെ പേരും അടയ്ക്കേണ്ട തുകയും സ്ക്രീനിൽ കാണാൻ സാധിക്കും.വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം നിങ്ങളുടെ മൊബൈൽ നമ്പറും ഇമെയിൽ വിലാസവും നൽകി പണമടയ്ക്കാം (Google Pay പോലെയുള്ള UPI ആപ്പുകൾ വഴിയും പണമടയ്ക്കാം).പണമടച്ചുകഴിഞ്ഞാൽ ഉടൻ തന്നെ ഡിജിറ്റലായി ഒപ്പിട്ട രസീത് (e-Receipt) ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.
നിങ്ങളുടെ കരള്‍ അപകടത്തിലാണോ? ഹെപ്പറ്റെറ്റിസ് വരാനുള്ള സാധ്യത എങ്ങനെ മനസിലാക്കാം
കരളിന് ഉണ്ടാകുന്ന നീര്‍വീക്കമാണ് ഹെപ്പറ്റൈറ്റിസ്. വൈറസ് ബാധയാണ് ഹെപ്പറ്റെറ്റിസ് ഉണ്ടാകാനുള്ള പ്രധാന കാരണം. എന്നാല്‍ അമിതമായ മദ്യപാനം, ചില മരുന്നുകള്‍, ശരീരത്തിലെത്തുന്ന വിഷപദാര്‍ത്ഥങ്ങള്‍, ഫാറ്റി ലിവര്‍ രോഗം, സ്വയംപ്രതിരോധ രോഗങ്ങള്‍, അപൂര്‍വമായ ജനിതക രോഗങ്ങള്‍ എന്നിവയും ഹെപ്പറ്റെറ്റിസ് ഉണ്ടാകാന്‍ കാരണമാകും.കരള്‍ രോഗങ്ങള്‍ പലപ്പോഴും ലക്ഷണങ്ങള്‍ പ്രകടമാക്കാതെ ഉണ്ടാകുന്നവയാണ്. ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോഴേക്കും കരളിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാകും. ഹെപ്പറ്റെറ്റിസ് പല തരത്തിലുണ്ട്. ചിലത് പൂര്‍ണമായും ഭേദമാകുന്നു. മറ്റ് ചിലത് ലക്ഷണങ്ങള്‍ കാണിക്കാതെ വര്‍ഷങ്ങളോളം ശരീരത്തില്‍ കാണപ്പെടുകയും പിന്നീട് ഗുരുതരമായ കരള്‍ രോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഹെപ്പറ്റെറ്റിസ് A,B,C,D,E എന്നിങ്ങനെയുള്ള വിഭാഗങ്ങളായാണ് രോഗം കാണപ്പെടുന്നത്.ഹെപ്പറ്റെറ്റിസ് രോഗം വളരെ അപൂര്‍വ്വമായി മാത്രമേ ലക്ഷണങ്ങളോടെ പുറത്തുവരുന്നുളളൂ. രോഗങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് തന്നെ ഇടയ്ക്കുള്ള പരിശോധനകള്‍ അപകട സാധ്യതാഘടകങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നു.ഹെപ്പറ്റെറ്റിസിന്റെ അപകട ഘടകങ്ങളെ മനസിലാക്കാംഹെപ്പറ്റെറ്റിസ് പല വഴികളിലൂടെ ബാധിക്കാമെന്ന് ഡോക്ടര്‍ പറയുന്നു. ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ സാധാരണയായി മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്നവയാണ്. അതേസമയം ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ രോഗബാധിതമായ രക്തത്തിലൂടെയും ശരീരദ്രവങ്ങളിലൂടെയും പടരുന്നു. അമിതമായ മദ്യപാനം, പൊണ്ണത്തടിയുമായി ബന്ധപ്പെട്ട ഫാറ്റി ലിവര്‍ രോഗം, മരുന്നുകളുടെ ദീര്‍ഘകാല, (മേല്നോട്ടമില്ലാത്ത) ഉപയോഗം എന്നിവയും കരള്‍ വീക്കത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.ശ്രദ്ധിക്കേണ്ട കാര്യങ്ങള്ക്ഷീണം, വയറുവേദന, മഞ്ഞപ്പിത്തം ഇവ രോഗം മൂര്‍ച്ഛിച്ച ശേഷമായിരിക്കും കാണപ്പെടുകരക്തം സ്വീകരിക്കുന്നത് അണുവിമുക്തമാക്കാത്ത സൂചികള്‍ ഉപയോഗിച്ച് ടാറ്റൂ ചെയ്യുകയോ കുത്തിവയ്ക്കുകയോ ചെയ്യുക ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടതാണ്.ഗര്‍ഭിണികള്‍ ഹെപ്പറ്റെറ്റിസ് പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്. risk of developing hepatitisഹെപ്പറ്റൈറ്റിസ് ബിക്കെതിരായ വാക്സിനേഷന് അണുബാധയുടെ സാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ്.അതേസമയം സുരക്ഷിതമായ കുത്തിവയ്പ്പ് ശീലങ്ങള്‍ പരിശീലിക്കുക, ടാറ്റൂകള്‍ക്കോ മെഡിക്കല്‍ നടപടിക്രമങ്ങള്‍ക്കോ വേണ്ടിയുള്ള അണുവിമുക്തമായ ഉപകരണങ്ങള്‍ ഉറപ്പാക്കുക. സുരക്ഷിതമല്ലാത്ത രക്തം സ്വീകരിക്കല്‍ ഒഴിവാക്കുക എന്നിവയും ഒരുപോലെ പ്രധാനമാണ്.വാക്സിനേഷനുകള്‍ക്കപ്പുറം, ആരോഗ്യകരമായ ജീവിതശൈലി ശീലങ്ങള്‍ നിലനിര്‍ത്തുന്നതും കരളിനെ സംരക്ഷിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. മദ്യപാനം പരിമിതപ്പെടുത്തുക, ആരോഗ്യകരമായ ശരീര ഭാരം നിലനിര്‍ത്തുക, സമീകൃതാഹാരം കഴിക്കുക, ദീര്‍ഘകാല മരുന്നുകള്‍ കഴിക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കുക എന്നിവ കരള്‍ രോഗ സാധ്യത ഗണ്യമായി കുറയ്ക്കും.ലഖ്നൗവിലെ സുകൃതി ഗ്യാസ്ട്രോ ലിവര്‍ ക്ലിനിക്കിലെ ഗ്യാസ്ട്രോഎന്‍ട്രോളജിസ്റ്റ് ഡോ. ശുധാകര്‍ പാണ്ഡെ ഒരു മാധ്യമത്തിന് നല്കിയ വിവരങ്ങളില്‍നിന്ന്
'ഇറാന് ശക്തമായ തിരിച്ചടി നേരിടേണ്ടിവരും'; മിസൈല്‍ ആക്രമണത്തിന് പിന്നാലെ മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: ഇറാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജോര്‍ദാനിലെ യുഎസ് സേനയ്ക്കും ഹോര്‍മൂസ് കടലിടുക്കിലെ കപ്പലുകള്‍ക്കും നേരെ ഇറാന് ആക്രമണം നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഇറാന് കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും എന്നാണ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് നടത്തിയ നീക്കം അപ്രതീക്ഷിതമായ ആക്രമണമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക താവളത്തെ ലക്ഷ്യമിട്ട് ഇറാന് വിക്ഷേപിച്ച ഓരോ ബാലിസ്റ്റിക് മിസൈലുകളും ലക്ഷ്യസ്ഥാനത്ത് എത്തും മുന്‍പേ തന്നെ തകര്‍ത്തെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ സൈനികര്‍ മിസൈലുകളുടെ സ്ഥാനം കൃത്യമായി നിരീക്ഷിക്കുകയും അവയെ തകര്‍ക്കുകയും ചെയ്തെന്നും അത് താന്‍ തത്സമയം കണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.ഇറാഖില്‍ ഇറാന് അനുകൂല സായുധ സംഘങ്ങളെ ലക്ഷ്യമിട്ട് സൗദി-യുഎസ് സംയുക്ത ആക്രമണം നടന്നിരുന്നു. സൗദി അറേബ്യയിലെ എണ്ണ സംസ്കരണ ശാലകള്‍ക്ക് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദികള്‍ എന്ന് ആരോപിച്ചാണ് ഇറാഖി പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സിന് നേരെ ആക്രമണം നടത്തിയത്. ഇറാഖിലെ ബസ്റ മേഖലയില്‍ പിഎംഎഫിന് നേരെ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സൗദി മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു.
അര്‍ദ്ധരാത്രി പതിനാറുകാരിയെ കൂട്ടികൊണ്ടു പോയ കേസില്‍ രണ്ട് പേര് കൂടി അറസ്റ്റില്‍
മാനന്തവാടി: രക്ഷിതാക്കളറിയാതെ അര്‍ദ്ധരാത്രി പതിനാറുകാരിയെ കൂട്ടികൊണ്ടു പോയി ലഹരി നല്കിയ കേസില്‍ രണ്ട് പേര് കൂടി അറസ്റ്റിലായിഅഞ്ചുകുന്ന് കല്ലിട്ടാംകുഴി ജെനീലിയ (19), കണിയാരം പാലാക്കുളി പോത്തനാട്ടില്‍ എ.വി അജിത്ത് (23) എന്നിവരാണ് ഇന്ന് അറസ്റ്റിലായത്.ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.ഇന്നലെ തൃശിലേരി മുത്തുമാരി കണ്ണഞ്ചിറ വീട്ടില്‍, റോബിന് കെ. ജോയ്(20), മാനന്തവാടി സ്വദേശികളായ കല്ലിയോട്ടുകുന്ന് ലിജുനിവാസ്, അമല്‍ കൃഷ്ണ(20), കുറ്റിമൂല, കള്ളമ്പറമ്പില്‍, കെ.വി. ജിതിന്(22), എടവക, ചാമാടിപൊയില്‍, ചിറക്കല്‍ സി. അജിത്കുമാര്‍(23) എന്നിവര്‍ അറസ്റ്റിലായിരുന്നു. 12.07.2026 തീയതി അര്‍ദ്ധരാത്രിയാണ് കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടികൊണ്ടുപോയത്. നിര്‍ബന്ധിച്ച് മദ്യം നല്‍കുകയും സിഗരറ്റ് വലിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ബൈക്കപകടത്തില്‍ ഗുരുതര പരിക്കേറ്റ നിലയില്‍ കുട്ടിയെ അമലിനൊപ്പം കണ്ടെത്തി. പിന്നീട് കേസെടുത്ത മാനന്തവാടി പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മാനന്തവാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി. റഫീഖ്, എസ്ഐമാരായ കെ.കെ. സോബിന്‍, മുഹമ്മദ് അലി, സുനില്‍ കുമാര്‍, സി.പി.ഒമാരായ നിസാര്‍, എം.ആര്. രമേഷ്, കെ.ആര്. അനീഷ്, ഷിന്റോ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ചക്കയും കസ്കസും പ്രശ്നമാണേ…യുഎഇയിലേക്ക് മടങ്ങുന്നവരുടെ ബാഗില്‍ ഇക്കാര്യങ്ങള്‍ പാടില്ല
വേനലവധി കഴിഞ്ഞ് യുഎഇയിലേക്ക് തിരികെ മടങ്ങാന്‍ നില്ക്കുന്ന പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ടതാണ് യുഎഇയുടെ ഏവിയേഷന്‍ ആന്‍ഡ് കസ്റ്റംസ് നിയമങ്ങള്‍. യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഈ നിയമങ്ങളെങ്കിലും പ്രവാസികള്‍ക്ക് ഏറെ ഇഷ്ടമുള്ള പലതും കൊണ്ടുപോകാന്‍ സാധിക്കില്ലെന്നത് പലരെയും വിഷമത്തിലാക്കും. എന്നാല്‍ മറ്റ് എയര്‍ലൈനുകളില്‍ നിന്നും വ്യത്യസ്തമായ കടുത്ത നിബന്ധനകളാണ് ഇത്തിഹാദ് എയര്‍വേഴ്സ് മുന്നോട്ട് വെക്കുന്നത്.ചക്ക, ഡ്യൂറിയന്, പെഡലായ്, മറാങ് തുടങ്ങിയ മണം അധികമുള്ള പഴങ്ങള്‍ കൊണ്ടുപോകുന്നതില്‍ നിന്നും ഇത്തിഹാദ് എയര്‍വേഴ്സ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇയിലെ വിമാനത്താവളങ്ങളില്‍ പൊതുവായി നിരോധിച്ച പല വസ്തുക്കളും നമുക്ക് പരിശോധിക്കാം. അളക്കുന്ന ടാപ്പ്, ക്രിക്കറ്റ് ബാറ്റുകള്‍, സ്കേറ്റ്ബോര്‍ഡുകള്‍, മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് ദുബായ് വിമാനത്താവളങ്ങളില്‍ വിലക്കുണ്ട്.
230 സ്ഥാനങ്ങള്‍ മറികടന്നു, ടി20 റാങ്കിംഗിന് വന്‍ കുതിപ്പുമായി വൈഭവ് സൂര്യവംശി; അഭിഷേകിന് തിരിച്ചടി
അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ മിന്നുന്ന തുടക്കത്തിന് പിന്നാലെ ഇന്ത്യന്‍ യുവ ഓപ്പണര്‍ വൈഭവ് സൂര്യവംശിക്ക് ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ നേട്ടം. സിംബാബ്വെയ്ക്കെതിരായ പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ 230 സ്ഥാനങ്ങള്‍ ഉയര്‍ന്ന് കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗായ 48-ാം സ്ഥാനത്തേക്കെത്തി വൈഭവ്. ഹരാരെയില്‍ നടന്ന മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയില്‍ ഇന്ത്യക്കായി മികച്ച പ്രകടനമാണ് 15 കാരനായ താരം കാഴ്ചവെച്ചത്. 50.33 ശരാശരിയില്‍ 151 റണ്‍സ് നേടിയ താരം പരമ്പരയിലെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരനായി മാറി.താരത്തിന്റെ മികവില്‍ സിംബാബ്വെയെ ഇന്ത്യ 3-0ത്തിന് തൂത്തുവാരി. തകര്‍ത്താടിയ സൂര്യവംശി തന്റെ കരിയറിലെ ആദ്യ മാന്‍ ഓഫ് ദി സീരീസ് പുരസ്കാരവും സ്വന്തമാക്കി. പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെറും 19 പന്തില്‍ അര്‍ധ ശതകം നേടി ഗംഭീര തുടക്കമാണ് താരം നല്‍കിയത്. പരമ്പരയുടെ അവസാന മത്സരത്തിലാകട്ടെ 49 പന്തില്‍ നിന്ന് കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്കോറായ 81 റണ്‍സും താരം നേടി. ഇതോടെ അന്താരാഷ്ട്ര പുരുഷ ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ 16 വയസ് തികയുന്നതിന് മുന്‍പ് ഒന്നിലധികം അര്‍ധ ശതകങ്ങള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും സൂര്യവംശി സ്വന്തം പേരിലാക്കി.
റിലേഷൻഷിപ്പ് നിർത്തിയതിലുള്ള വൈരാഗ്യം ; പ്രായപൂർത്തി ആവാത്ത കുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്ത യുവാവ് പിടിയിൽ
മാനന്തവാടി : റിലേഷൻഷിപ്പ് നിർത്തിയതിലുള്ള വൈരാഗ്യത്തിൽ പ്രായപൂർത്തിയാവാത്ത കുട്ടിയെ പൊതു ഇടങ്ങളിൽ ശല്യം ചെയ്ത യുവാവ് പിടിയിൽ. മാനന്തവാടി ചെറുപുഴ മഠത്തി മണ്ണിൽ വീട്ടിൽ ക്രിസ്റ്റി ഷിബു (20)വിനെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. കുട്ടിക്കെതിരെ ഇയാൾ ലൈംഗീക ഉദ്ദേശത്തോടു കൂടി പെരുമാറുകയും പൊതുസ്ഥലത്തു വച്ച് മാനഹാനി വരുത്തുകയും സ്ഥിരമായി പിന്തുടർന്ന് ശല്യം ചെയ്യുകയുമായിരുന്നു. കുട്ടിയുടെ പരാതിയിൽ ബി.എൻ.എസ്, പോക്സോ ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഇൻസ്പെക്ടർ റഫീക്ക്, നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ കെ സോബിൻ, സുനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സി. ലിഥിൻ,സി.എം നിസാർ മുഹമ്മദ് റാഷിദ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.
പി.ആര്.ഡിയില്‍ ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍ പാനല്‍ തയ്യാറാക്കുന്നതിന് ഫോട്ടോഗ്രാഫര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജില്ലയില്‍ സ്ഥിര താമസക്കാരായിരിക്കണം. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ ഫോട്ടാഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചവര്‍, പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചവര്‍, വൈഫൈ സംവിധാനമുള്ള ക്യാമറകള്‍ കൈവശമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരായിരിക്കരുത്. അപേക്ഷകര്‍ ഡിജിറ്റല്‍ എസ്.എൽ.ആര്/മിറര്‍ലെസ് ക്യാമറകള്‍ ഉപയോഗിച്ച് ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ എടുക്കുവാന്‍ കഴിവുള്ളവരായിരിക്കണം. അപേക്ഷകരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ രേഖപ്പെടുത്തിയ ബയോഡാറ്റ, സ്വന്തമായുള്ള ക്യാമറയുടെ വിവരങ്ങള്‍ സഹിതം ഓഗസ്റ്റ് ഏഴിന് വൈകിട്ട് അഞ്ചിനകം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നല്‍കണം. അസല്‍ സര്‍ട്ടിഫിക്കറ്റ്, ഉപകരണങ്ങളുടെ പരിശോധന, പ്രായോഗികപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍- 04936 202529
ജെ.ആര്.എഫ് അഭിമുഖം
മാനന്തവാടി ഗവ കോളേജില്‍ ഇലക്ട്രോണിക്സ് വിഭാഗത്തില്‍ ഐ.എസ്.ആര്.ഒ റസ്പോണ്ട് മേജര്‍ റിസര്‍ച്ച് പ്രൊജക്ടിലേക്ക് ജൂനിയര്‍ റിസര്‍ച്ച് ഫെലോ തസ്തികയിലേക്ക് പുനർഅഭിമുഖം നടത്തുന്നു. മൈക്രോവേവ് ഇലക്ട്രോണിക്സ് സ്പെഷ്യലൈസേഷനോടെ എം.എസ്.സി അല്ലെങ്കില്‍ എം.ടെക് ഇലക്ട്രോണിക്സ് ബിരുദത്തോടൊപ്പം യു.ജി.സി നെറ്റ്, ഗേറ്റ്, കോളേജ് വെബ്സൈറ്റില്‍ നല്കിയ മറ്റ് യോഗ്യതാ പരീക്ഷകളോ പാസായിരിക്കണം. സി.എസ്.ടി/എച്ച്.എഫ്.എസ്.എസ് സോഫ്റ്റ്വെയറുകള്, മൈക്രോസ്ട്രിപ്പ് ആന്റിന അറേകള്‍, ആന്റിന മെഷര്‍മെന്റുകള്‍, ഹീറ്റ് സിങ്ക് ഡിസൈന്‍, തെര്‍മല്‍ സിമുലേഷന്‍ എന്നിവയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും രേഖകളുമായി ഓഗസ്റ്റ് മൂന്നിന് രാവിലെ 10 ന് കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 9447959305, 8848629527. കൂടുതല്‍ വിവരങ്ങള്‍ http://gcmananthavady.ac.in/wp-content/uploads/sites/127/2026/06/respond.pdf ല്‍ ലഭിക്കും.
പി.ജി പ്രവേശനം സീറ്റ് ഒഴിവ്
കൽപ്പറ്റ എൻ.എം.എസ്.എം ഗവ കോളേജിൽ എം.എ ഹിസ്റ്ററി, എം.എ ഇക്കണോമിക്സ്, എം.കോം കോഴ്സുകളില്‍ സീറ്റൊഴിവ്. റിസർവേഷൻ തിരിച്ചുള്ള ഒഴിവുകളുടെ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ ലഭ്യമാണ്. പി.ജി പ്രവേശനം ആഗ്രഹിക്കുന്ന സർവകലാശാല ക്യാപ് രജിസ്ട്രേഷൻ പൂർത്തിയാക്കിയവർ ഓഗസ്റ്റ് മൂന്നിനകം കോളേജിൽ റിപ്പോർട്ട് ചെയ്യണം. ഫോൺ: 04936 204569
ഗസ്റ്റ് അധ്യാപക നിയമനം
മാനന്തവാടി സർക്കാർ പോളിടെക്നിക് കോളേജിലെ മെക്കാനിക്കൽ എന്‍ജിനീയറിങ് ബ്രാഞ്ചിൽ ലക്ചറർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒന്നാം ക്ലാസ് ബി.ടെക് ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ ഓഗസ്റ്റ് നാലിന് ഉച്ചയ്ക്ക് രണ്ടിന് കോളേജ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി പങ്കെടുക്കണം. ഫോൺ: 04935 293024.

