സുൽത്താൻ ബത്തേരി ഫെസ്റ്റിവൽ:ലോഗോ പ്രകാശനം ചെയ്തു
സുൽത്താൻ ബത്തേരി നഗരസഭയുടെ നേതൃത്വത്തിൽ ഡിസംബർ 18 നടക്കുന്ന സുൽത്താൻ ബത്തേരി ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം എം.എൽ.എ ഐ.സി ബാലകൃഷ്ണൻ നിർവഹിച്ചു. ആദിവാസി ഗോത്രസമൂഹത്തെ ഇതിവൃത്തമാക്കി വിപുലമായ സാംസ്കാരിക മേളയാണ് 20 ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ചുള്ളിയോട് റോഡിലെ ബൈപ്പാസിന് സമീപമുള്ള 10 ഏക്കർ സ്ഥലമാണ് പ്രധാന വേദി. ജനുവരി രണ്ട്, മൂന്ന്, നാല്, തീയതികളിൽ ലിറ്ററേച്ചർ ഫെസ്റ്റിവലും അഞ്ചിന് നാടക ചർച്ചയും ആറ്, ഏഴ്, എട്ട് തീയതികളിൽ അന്താരാഷ്ട്ര ചലച്ചിത്രമേളയും നടക്കും. വിവിധ അതിഥികളും സെലിബ്രിറ്റികളും പങ്കെടുക്കുന്ന കലാപരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറും. ഫെസ്റ്റിവൽ ദിനങ്ങളിൽ ദസറയുടെ മാതൃകയിൽ റോഡിന്റെ ഇരുവശങ്ങളിലും ദീപാലങ്കാരങ്ങൾ ഒരുക്കി നഗരത്തെ ആഘോഷവേദിയാക്കും.നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൽ ഖാദർ, ഡെപ്യൂട്ടി ചെയർപേഴ്സൺ എം.ജി ഇന്ദ്രജിത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി. സംഷാദ്, ലീലാ പൽപാത്ത്, കെ. ഷിഫാനത്ത്, ഷെറീന അബ്ദുള്ള, കെ.എസ് പ്രമോദ്, കൗൺസിലർമാരായ രാധാ രവീന്ദ്രൻ, എം.എസ് വിശ്വനാഥൻ, കെ. മൊയ്തു, ആസൂത്രണ സമിതി അംഗങ്ങൾ, നഗരസഭ സെക്രട്ടറി, ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെയും ചലച്ചിത്രമേളയുടെയും ഡയറക്ടർ എം.കെ രാമദാസ്, എ.ഡി.എസ് ചെയർപേഴ്സൺമാർ തുടങ്ങിയവർ പങ്കെടുത്തു.
ഇഎംഎസിന്റെ മകൾ ഇ.എം.രാധ അന്തരിച്ചു
ഇഎംഎസ് നമ്പൂതിരിപ്പാടിന്റെയും ആര്യ അന്തർജനത്തിന്റെയും മകൾ ഇ.എം.രാധ (70) അന്തരിച്ചു. വയോജന കമ്മിഷൻ അംഗമാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. വനിതാ കമ്മിഷൻ മുൻ അംഗവും ദേശാഭിമാനി മുൻ അഡ്മിനിസ്ട്രേഷൻ മാനേജരുമായിരുന്നു. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്നു. ‘ഇഎംഎസ്: മകളുടെ ഓർമകൾ’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. ഭർത്താവ്: സി.കെ.ഗുപ്തൻ. മകൻ: സിദ്ധാർഥ് ഗുപ്തൻ.________________________
യൂത്ത് പാർലമെന്റ് 2027: റൂസ കോളേജിന്റെ അഭിമാനമായി സന ഹുസൈൻ
മേരാ യുവ ഭാരത് വയനാടും നാഷണൽ സർവീസ് സ്കീം (NSS) വയനാടും സംയുക്തമായി സംഘടിപ്പിച്ച യൂത്ത് പാർലമെന്റ് 2027 മത്സരത്തിൽ ഗവൺമെന്റ് മോഡൽ ഡിഗ്രി കോളേജ് – RUSA, തൃശ്ശിലേരിയിലെ ഒന്നാം വർഷ ബി.എസ്സി ജിയോ ഇൻഫർമാറ്റിക്സ് വിദ്യാർഥിനി സന ഹുസൈൻ മൂന്നാം സ്ഥാനം നേടി.'ലീഡ് ദി പാത്ത് ടു വികസിത് ഭാരത്' എന്ന ആശയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് സന ഈ നേട്ടം കൈവരിച്ചത്.വിദ്യാർഥിനിയുടെ നേട്ടത്തിൽ കോളേജ് പ്രിൻസിപ്പൽ, അധ്യാപകർ, അനാധ്യാപകർ, വിദ്യാർഥികൾ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു. കോളേജിന്റെ അഭിമാനമായി മാറിയ ഈ നേട്ടം മറ്റ് വിദ്യാർഥികൾക്കും പ്രചോദനമാണ്.
ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി
ഇനിമുതൽ ഡിജിറ്റൽ,ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ബസ്സുകളുടെ സമയക്രമം പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ബോർഡുകൾ എല്ലാ ഡിപ്പോകളിലും സ്ഥാപിക്കും. ഡിസംബർ പകുതിയോടെ പദ്ധതി നടപ്പിലാക്കാൻ കെഎസ്ആർടിസിയിൽ ആലോചന.പാലാ ഡിപ്പോയിലെ കണ്ടക്ടറായ കെ.എം. അരുൺ വികസിപ്പിച്ച ‘ട്രംപറ്റ്’ എന്ന ആപ്പ് വഴിയുള്ള ഡിജിറ്റൽ അനൗൺസ്മെന്റ് സംവിധാനം മറ്റ് ഡിപ്പോകളിലേക്കും വ്യാപിപ്പിക്കാൻ കെഎസ്ആർടിസി പദ്ധതിയിട്ടിരുന്നു.ഡിസംബർ രണ്ടാം വാരത്തോടെ ബസ് സ്റ്റാൻഡുകളിലെ അനൗൺസ്മെന്റ് അവസാനിപ്പിക്കുന്നത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതോടെ, കാഴ്ചപരിമിതിയുള്ള യാത്രക്കാർക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്. എന്നാൽ തത്സമയ ബസ് വിവരങ്ങൾ നൽകുന്ന പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം , മൊബൈൽ ആപ്പുകൾ, വാട്സാപ്പ് ടിക്കറ്റിംഗ് എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ സേവനങ്ങൾ കെഎസ്ആർടിസി ഘട്ടംഘട്ടമായി നടപ്പാക്കിവരികയാണ്.
എൽ.പി അറബിക് കലോത്സവത്തിൽ തുടർച്ചയായ മൂന്നാം തവണയും ജിഎൽപി സ്കൂൾ കെല്ലൂർ ഓവറോൾ കിരീടം നേടി
കെല്ലൂർ: മാനന്തവാടി ഉപജില്ല സ്കൂൾ കലോത്സവത്തിൽ എൽ.പി അറബി വിഭാഗത്തിൽ തുടർച്ചയായി മൂന്നാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പും എൽ.പി ജനറൽ വിഭാഗത്തിൽ റണ്ണേഴ്സപ്പും നേടി ജിഎൽപി സ്കൂൾ കെല്ലൂർ ചരിത്രം കുറിച്ചിരിക്കുകയാണ്. സ്കൂളിന്റെ ഈ ഹാട്രിക് വിജയ ത്തിന് പിന്നിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളു ടെയും കഠിനാധ്വാനവും ഒത്തൊരുമയുമാണ്.
ദ്വിദിന സഹവാസ ക്യാമ്പ് നടത്തി
"പിരെക്കൂട്ടം"SEP സഹവാസ ക്യാമ്പ്ജി.യു.പി എസ് പുളിയാർ മലയിൽ സ്പെഷ്യൽ എൻറീച്ച്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി കുട്ടികൾക്കായി ദ്വിദിന സഹവാസ ക്യാമ്പ് നടന്നു.വാർഡ് കൗൺസിലർ രഞ്ജിത്ത് കെ ഉദ്ഘാടനം നിർവഹിച്ചു.പിടിഎ പ്രസിഡണ്ട് മുംതാസ് അധ്യക്ഷയായിരുന്നു.ഹെഡ്മിസ്ട്രസ് ഷൈനി എ കെ,ആഷിക്ക് കെ.കെ, അധ്യാപകരായ ലിനേഷ് ടി.കെ,സജീഷ് വികെ,സ്റ്റാഫ് സെക്രട്ടറി രജിത എൻ സി എന്നിവർ സംസാരിച്ച .സ്പോക്കൺ ഇംഗ്ലീഷ് , ഗണിതം മധുരം, ശാസ്ത്ര കൗതുകം, വാനനിരീക്ഷണം, പ്രകൃതി നടത്തം, കലാ കായിക പ്രവർത്തനങ്ങൾ എന്നീ വിവിധ സെഷനുകളായിട്ടാണ് ക്യാമ്പിലെ പ്രവർത്തനങ്ങൾ നടന്നത്.
കണ്ണൂരിൽ വൈദ്യുതി മന്ത്രിയുടെ പരിപാടിക്കിടെ പവർ കട്ട്, മൈക്കില്ലാതെ സ്വാഗത പ്രസംഗം നടത്തി; പിന്നീട് ജനറേറ്റർ എത്തിച്ച് പരിപാടി തുടർന്നു
കണ്ണൂരിൽ വൈദ്യുതി മന്ത്രിയുടെ പരിപാടിക്കിടെ പവർ കട്ട്. കേരള സഹകരണ റിസ്ക് ഫണ്ട് ധനസഹായ വിതരണ പരിപാടിയിലാണ് സംഭവം. മന്ത്രി സണ്ണി ജോസഫ് വേദിയിൽ എത്തിയതിനുശേഷമാണ് സംഭവം. മൈക്കില്ലാതെയാണ് സ്വാഗത പ്രസംഗം നടത്തിയത്. പിന്നീട് ജനറേറ്റർ എത്തിച്ച് പരിപാടി തുടർന്നു. കണ്ണൂരിൽ പകൽ സമയത്ത് വിവിധ ഇടങ്ങളിൽ കറന്റ് പോകുന്നത് പതിവാണ്.ഏറെ നേരം വൈദ്യുതി പ്രതിസന്ധി നേരിട്ടു. നേരത്തെ കൊച്ചിയിൽ കെഎസ്ഇബി ഓഫീസേഴ്സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിൽ മന്ത്രി സംസാരിക്കവെ സമാന സംഭവം നടന്നിരുന്നു. വൈദ്യുതി തടസം കാരണം പ്രസംഗം പാതിവഴിയിൽ നിർത്തേണ്ടിവന്നെങ്കിലും ആ സാഹചര്യത്തെ രസകരമായാണ് അദ്ദേഹം നേരിട്ടത്. ‘എന്റെ പ്രസംഗം എപ്പോൾ അവസാനിപ്പിക്കണമെന്ന് ഇവിടുത്തെ കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് അറിയാം’ എന്ന് സണ്ണി ജോസഫ് ഇരുട്ടിൽ നിന്നുകൊണ്ട് പറഞ്ഞു.
ഓരോ കുഞ്ഞും നാടിന്റെ സമ്പത്ത് ; പോളിയോയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നത് നമ്മുടെ ഉത്തരവാദിത്തം-മന്ത്രി കെ. മുരളീധരൻ
5 വയസു വരെയുള്ള എല്ലാ കുഞ്ഞുങ്ങളെയും ഇന്ന് തന്നെ ബൂത്തിലെത്തിച്ചു പോളിയോ പ്രതിരോധം ഉറപ്പാക്കണംപൾസ് പോളിയോ ദിനമായ ഇന്നുതന്നെ 5 വയസു വരെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും തൊട്ടടുത്ത ബൂത്തിലെത്തിച്ച് പ്രതിരോധ മരുന്ന് നൽകണമെന്ന് ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ പറഞ്ഞു. സംസ്ഥാനത്ത് ഇതിനായി 13000 ത്തോളം ബൂത്തുകൾ ക്രമീകരിച്ചിട്ടുണ്ട്. ആരോഗ്യകേന്ദ്രങ്ങൾ, ആശുപത്രികൾ, അങ്കണവാടികൾ, വായനശാലകൾ, സ്കൂളുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബോട്ടുജെട്ടികൾ തുടങ്ങിയ സ്ഥലങ്ങളിൽ ബൂത്തുകൾ പ്രവർത്തിക്കും. തിരുവനന്തപുരം പേരൂർക്കട മാതൃകാ ജില്ലാ ആശപത്രിയിൽ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ പോളിയോ രോഗം റിപ്പോർട്ട് ചെയ്യുന്നില്ലെങ്കിലും അയൽ രാജ്യങ്ങളിൽ നിലവിൽ പോളിയോ റിപ്പോർട്ട് ചെയ്യുന്നതിനാൽ ഇതിന് എതിരെ ജാഗ്രത പുലർത്തേണ്ടതുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, ഇടുക്കി തുടങ്ങി സംസ്ഥാനത്ത് നാല് ജില്ലകളിൽ നിലവിൽ തുള്ളി മരുന്ന് നൽകാത്തത് കേന്ദ്ര ഗവണ്മിൻ്റെ നിർദ്ദേശപ്രകാരമാണെന്നും എല്ലാ ജില്ലകളിലും പരിപാടി അനുവദിക്കാൻ കേന്ദ്രത്തോട് മുൻകൂട്ടി സംസ്ഥാനം ആവശ്യപ്പെട്ടിരുന്നതാണെന്നും മന്ത്രി പറഞ്ഞു. ഓരോ കുഞ്ഞും ഭാവിയുടെ സ്വത്ത് ആയതിനാൽ എല്ലാ കുഞ്ഞുകൾക്കും പോളിയോ തുള്ളിമരുന്ന് ഉറപ്പാക്കേണ്ടതായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം വീണ്ടും കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നു മന്ത്രി ഉറപ്പു നൽകി.പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയുടെ വികസനത്തിനായി നബാർഡ് പ്രത്യേക തുക അനുവദിച്ചിട്ടുണ്ട്. സമയബന്ധിതമായി ആശുപത്രി വികസന പ്രവർത്തനങ്ങൾ നടത്തുമെന്ന് മന്ത്രി അറിയിച്ചു. ആശുപത്രിയിലെ ഡോക്ടർമാരുടെ ഒഴിവുകൾ നികത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ നടപടികൾ ഉടനെ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയുടെ വികസനത്തിനായി വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവർത്തനം അനിവാര്യമാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ആരോഗ്യകേരളം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രേണുരാജ് ഐ.എ.എസ്, ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർമാരായ ഡോ. കെ. സക്കീന, ഡോ. റീത്ത കെ.പി., ഡോ. ബി. ഉണ്ണികൃഷ്ണൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സരിതകുമാരി എൽ.ടി. പോളിയോ സർവൈലൻസ് മെഡിക്കൽ ഓഫീസർ ഡോ. സൈറ ബാനു, വാർഡ് കൗൺസിലർ ശ്രീ. വിനീത് വി.ജി., ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി. പ്രസന്നകുമാരി, ആരോഗ്യകേരളം സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. അർണോൾഡ് ദീപക്, ആർ.സി.എച്ച്. ഓഫീസർ ഡോ. ശിൽപ ബാബു തോമസ്, പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രി സൂപ്രണ്ട് ഡോ. അനു എം.എസ്., സ്റ്റേറ്റ് മാസ് എജ്യുക്കേഷൻ മീഡിയ ഓഫീസർ ശ്രീ. ഡോമി ജോൺ എന്നിവർ സംസാരിച്ചു.
കേരളത്തിൽ പഠിച്ച് ഇറങ്ങുമ്പോൾ തന്നെ ജോലി കിട്ടുന്ന സാഹചര്യം വരും, സർക്കാരും AI ഉപയോഗത്തിലേക്ക് കടക്കാൻ പോകുന്നു: മുഖ്യമന്ത്രി
കേരളത്തിൽ പഠിച്ച് ഇറങ്ങുമ്പോൾ തന്നെ ജോലി കിട്ടുന്ന സാഹചര്യം വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പല സംസ്ഥാനങ്ങളിലും വേണ്ട സൗകര്യങ്ങൾ ഇല്ലാത്ത കോളേജുകളിൽ ലക്ഷങ്ങൾ മുടക്കി വിദ്യാർത്ഥികൾ പോകുന്നു. സർക്കാർ യൂണിവേഴ്സിറ്റികൾക്കും കോളേജുകൾക്കും സ്വാതന്ത്ര്യം കൊടുക്കാൻ പോകുന്നു. പുതിയ കോഴ്സുകൾ തുടങ്ങാൻ ഉന്നത വിദ്യാഭ്യാസം റിസർച്ച് ഓറിയെന്റേഡ് ആയിരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കേരളത്തിൽ നിലവിലെ സ്ഥിതി അങ്ങനെ അല്ല. അതിൽ മാറ്റം വരണം. സർക്കാരും AI ഉപയോഗത്തിലേക്ക് കടക്കാൻ പോകുകയാണ്. ഫയലുകൾ തീർപ്പാക്കാൻ AI സഹായം ഉപയോഗിക്കാൻ പോകുന്നു. അങ്ങനെയുള്ള സംവിധാനം മുഖ്യമന്ത്രിയുടെ ഓഫീസ് സജീകരിക്കുന്നുണ്ട്. തീർപ്പാക്കാൻ ബാക്കിയുള്ള ഫയലുകളുടെ എണ്ണം അടുത്ത ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
റേഷൻകട ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ
പനമരം: നടവയലിൽ റേഷൻകട ജീവനക്കാരനെ കത്തിയുപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. നടവയൽ പാതിരിയമ്പം കൊല്ലകോണത്ത് കെ.ആർ. ഷിജു (44)വിനെയാണ് കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ എസ്.എച്ച്.ഒ. കെ. സിൻഷയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശനിയാഴ്ച ഇയാളെ അറസ്റ്റ് ചെയ്തത്. മുൻപ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലും ഷിജു പ്രതിയാണ്.2026 നവംബർ 20ന് വൈകിട്ടായിരുന്നു സംഭവം. നടവയൽ റേഷൻകടയ്ക്ക് സമീപം ഷിജുവും മറ്റൊരാളും മദ്യലഹരിയിൽ തർക്കിക്കുന്നത് കണ്ട റേഷൻകട ജീവനക്കാരൻ ഇവരോട് സ്ഥലത്തുനിന്ന് പോകാൻ ആവശ്യപ്പെട്ടു. ഇതിലുള്ള വിരോധം മൂലം ജീവനക്കാരനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം ഷിജു അവിടെനിന്ന് പോയി. പിന്നീട് കത്തിയുമായി തിരിച്ചെത്തിയ ഇയാൾ റേഷൻകടയുടെ വരാന്തയിലേക്ക് അതിക്രമിച്ചുകയറി ജീവനക്കാരനെ തടഞ്ഞുനിർത്തി പുറംഭാഗത്ത് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ജീവനക്കാരൻ ഒഴിഞ്ഞുമാറിയതിനാൽ വലിയ അപകടം ഒഴിവായി. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധവും പോലീസ് പിടിച്ചെടുത്തു.
ഇന്ത്യയുടെ 4 റഫാൽ വിമാനങ്ങൾ കാണാതായി', വിവാദ റിപ്പോർട്ട് തള്ളി മുൻ വ്യോമസേന ഉപമേധാവി
ഇന്ത്യൻ വ്യോമസേനയുടെ കൈവശം പ്രവർത്തനക്ഷമമായ 32 റഫാൽ വിമാനങ്ങൾ എന്ന വിവാദ റിപ്പോർട്ട് തള്ളി മുൻ വ്യോമസേന ഉപമേധാവി. 36 റഫാൽ വിമാനങ്ങളാണ് ഇന്ത്യ ഫ്രാൻസിൽ നിന്ന് വാങ്ങിയിരുന്നത്. എന്നാൽ ബ്രിട്ടീഷ് വ്യോമയാന മാഗസിനായ ഫ്ലൈറ്റ് ഗ്ലോബലിന്റെ വേൾഡ് എയർഫോഴ്സ് ഡയറക്ടറി പുറത്ത് വിട്ട രേഖകളിൽ ഇന്ത്യക്ക് പ്രവർത്തന ക്ഷമമായ 32 റഫാൽ മാത്രമമാണ് ഉള്ളതെന്നായിരുന്നു വിശദമാക്കിയത്. ഈ റിപ്പോർട്ട് വലിയ രീതിയിൽ വിവാദമായതിന് പിന്നാലെയാണ് ഓപ്പറേഷൻ സിന്ദൂർ നടന്ന സമയത്തെ സേവനം ചെയ്തിരുന്ന ഇന്ത്യൻ വ്യോമസേന ഉപമേധാവിയായിരുന്ന എയർ മാർഷൽ നർമദേശ്വർ തിവാരിയുടെ പ്രതികരണം. വിമാനങ്ങളുടെ എണ്ണം കുറഞ്ഞതിന് കൃത്യമായ രേഖകളോ വിശദീകരണങ്ങളോ ഉൾപ്പെടുത്താതെയായിരുന്നു ഫ്ലൈറ്റ് ഗ്ലോബലിന്റെ റിപ്പോർട്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനമെന്താണെന്നാണ് എയർ മാർഷൽ നർമദേശ്വർ തിവാരി ചോദിക്കുന്നത്. നിങ്ങളുടെ റിപ്പോർട്ട് കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തൂവെന്നാണ് എയർ മാർഷൽ നർമദേശ്വർ തിവാരി എക്സിലെ കുറിപ്പിൽ വിശദമാക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിനെതിരായ ബലാത്സംഗ കേസ്; രണ്ട് കുറ്റപത്രങ്ങൾ വൈകാതെ സമർപ്പിക്കും, നിയമോപദേശം തേടി എസ്ഐടി
യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിനെതിരായ ബലാത്സംഗ കേസിൽ രണ്ട് കുറ്റപത്രങ്ങൾ വൈകാതെ സമർപ്പിക്കും. തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും കേസുകളിലാണ് കുറ്റപത്രം തയ്യാറാകുന്നത്. കുറ്റപത്രം ഉടൻ സമര്പ്പിക്കുന്നതിനായി എസ്ഐടി നിയമോപദേശം തേടി. തിരുവനന്തരത്തെ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ഗർഭഛിദ്രം നടത്തിയ കേസും പത്തനംതിട്ടയിലെ പെൺകുട്ടിയെ ആളൊഴിഞ്ഞ വീട്ടിൽകൊണ്ടുപോയി പീഡിപ്പിച്ച കേസിലുമാണ് കുറ്റപത്രം സമര്പ്പിക്കുന്നത്.രാഹുലിനെതിരെ മൂന്ന് ബലാത്സംഗ കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതില് ഒരു കേസില് മാത്രമാണ് കുറ്റപത്രം സമർപ്പിച്ചത്. തിരുവനന്തപുരത്ത് യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിലെ കേസിൽ കുറ്റപത്രം അന്തിമഘട്ടത്തിലാണ്. വിരലടയാളം, ഡി.എൻ.എ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനാഫലങ്ങൾ ലഭിക്കാൻ വൈകുന്നതാണ് കുറ്റപത്രം നൽകുന്നതിന് കാരണമായി അന്വേഷണ സംഘം നേരത്തെ വിശദീകരിച്ചത്. അന്വേഷണ നടപടികൾ വേഗത്തിലാക്കാൻ ചുമതലപ്പെടുത്തിയ എസ്.ഐ.ടി ഉദ്യോഗസ്ഥരിൽ പലരെയും വിവിധ സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയതും കേസിന്റെ തുടർനടപടികളെ സാരമായി ബാധിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുടെ മാറ്റവും ശാസ്ത്രീയ തെളിവുകൾ ലഭിക്കാനുള്ള വൈകലും കേസ് നടപടികൾ അനന്തമായി നീളാൻ കാരണമാകുന്നു എന്ന വിമർശനം ശക്തമാണ്.
സൗദി ലക്ഷ്യമിട്ടെത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തകർത്തു; സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയുമടക്കമുള്ള എയർലൈനുകൾ
സൗദി അറേബ്യയ്ക്ക് നേരെ ഹൂതി വിമതർ തൊടുത്തുവിട്ട മൂന്ന് ബാലിസ്റ്റിക് മിസൈലുകളും ഒരു ഡ്രോണും സൈന്യം ആകാശത്തുവെച്ച് തന്നെ തകർത്തു. സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള സർവീസുകള് റദ്ദാക്കി എയർലൈനുകൾ. ഇത്തിഹാദ് എയർവേയ്സ് റിയാദ്, ദമാം വിമാന സർവീസുകൾ റദ്ദാക്കി. ഇൻഡിഗോയുടെ ജിദ്ദ, മദീന, റിയാദ്, ദമ്മാം സർവീസുകൾ റദ്ദാക്കി. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും റിയാദ്, ദമ്മാം, ജിദ്ദ സർവീസ് റദ്ദാക്കിയിട്ടുണ്ട്. ജിദ്ദ, റിയാദ് സർവീസുകൾ അകാശ എയറും റദ്ദാക്കി. ബ്രിട്ടീഷ് എയർവേയ്സ് ലണ്ടൻ -റിയാദ് സർവീസ് റദ്ദാക്കി.റിയാദ് നഗരത്തിന് നേരെ വന്ന മൂന്ന് മിസൈലുകളും, ദക്ഷിണ മേഖല ലക്ഷ്യമാക്കി എത്തിയ ഒരു ഡ്രോണുമാണ് സൗദി വ്യോമപ്രതിരോധ സേന നിർവീര്യമാക്കിയത്. സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികിയാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് പുറമെ, കഴിഞ്ഞ ദിവസവും സൗദിക്ക് നേരെ ഹൂതികൾ അയച്ച മൂന്ന് മിസൈലുകളും അഞ്ച് ഡ്രോണുകളും സൈന്യം തകർത്തിരുന്നു. ആക്രമണ സാധ്യത കണക്കിലെടുത്ത് നജ്റാൻ പ്രവിശ്യയിലും, അൽ-സുലൈൽ മേഖലയിലും, റിയാദ് നഗരത്തിൽ രണ്ട് തവണയും സിവിൽ ഡിഫൻസ് അപായ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മിനിറ്റുകൾക്കുള്ളിൽ തന്നെ അപകടഭീഷണി പൂർണ്ണമായും ഒഴിഞ്ഞതായി അധികൃതർ അറിയിച്ചു.
ആര് എന്ത് കളി കളിച്ചിട്ടും കാര്യമില്ല, വി ഡി സതീശൻ സർക്കാർ 5 വർഷം പൂർത്തിയാക്കും: കെ മുരളീധരൻ
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പിന്തുണയുമായി കെ മുരളീധരൻ. മന്ത്രി സഭാ യോഗത്തിലെ തർക്കത്തിൽ ആര് എന്ത് കളിച്ചിട്ടും കാര്യമില്ല. 5 വർഷം വി ഡി സതീശൻ പൂർത്തിയാക്കും. ജനാധിപത്യ രീതിയിൽ ചില വിമർശനങ്ങൾ ഉണ്ടാകും. മുഖ്യമന്ത്രി ശക്തമായി തന്നെ മുന്നോട്ട് പോകും. ക്യാബിനറ്റിന്റെയും ജനങ്ങളുടെയും പിന്തുണ അദ്ദേഹത്തിനുണ്ടെന്നും കെ മുരളീധരന്റെ പ്രതികരണം. നിലക്കലിൽ പൊലീസ് ഉദ്യോഗസ്ഥൻ ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭയിൽ പരസ്പര വിശ്വാസം നഷ്ടപ്പെടുന്ന കാഴ്ച; ഒരു സർക്കാർ എങ്ങനെ പ്രവർത്തിക്കരുത് എന്നതിന് ഉദാഹരണമാണ് UDF, പിണറായി വിജയൻ
ഒരു സർക്കാർ എങ്ങനെ പ്രവർത്തിച്ചുകൂടാ എന്നതിന് ഉദാഹരണമാണ് യുഡിഎഫ് സർക്കാരെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. മന്ത്രിസഭയിൽ പരസ്പര വിശ്വാസം നഷ്ടപ്പെടുന്ന കാഴ്ച.ഉദ്യോഗസ്ഥരെ ശത്രുപക്ഷത്ത് എന്ന നിലയിലാണ് സർക്കാർ കാണുന്നത്. അങ്ങനെയൊരു സാഹചര്യം സംസ്ഥാനത്ത് ഉണ്ടാകാൻ പാടില്ല.സർക്കാരിന് വേണ്ടി കാര്യങ്ങൾ നിർവഹിക്കുന്നവരാണ് സർക്കാർ ഉദ്യോഗസ്ഥൻ. അവർ സർക്കാരിന്റെ ഭാഗമാണ്. അവരെ സർക്കാർ വിശ്വാസത്തിൽ എടുക്കണം പിണറായി വിജയൻ പറഞ്ഞു.
ക്ഷേമനിധി പെൻഷൻ മസ്റ്ററിങ് നവംബർ 30 വരെ നീട്ടി
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളി പെൻഷൻ, കുടുംബ-സാന്ത്വന പെൻഷൻ ഗുണഭോക്താക്കൾക്കുള്ള 2026-27 വർഷത്തെ മസ്റ്ററിങ് പൂർത്തിയാക്കുന്നതിനുള്ള സമയം നവംബർ 30 വരെ നീട്ടി. ആധാര് ഇല്ലാതെ 85 വയസ് കഴിഞ്ഞവർ, 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ളവർ, സ്ഥിരമായി രോഗശയ്യയിലുള്ളവർ, ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർ, കിടപ്പുരോഗികൾ, വൃദ്ധജനങ്ങൾ എന്നിവർക്ക് അക്ഷയ കേന്ദ്രങ്ങളിൽ അറിയിച്ചാൽ ജീവനക്കാർ വീട്ടിലെത്തി മാസ്റ്ററിങ് നടത്തും. ഫോൺ:0495-2384355
ഡോക്ടർ നിയമനം
ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ താത്കാലിക അടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിക്കുന്നു. എം.ബി.ബി.എസും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം മാനന്തവാടി ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) നവംബർ 23ന് രാവിലെ 10 ന് അഭിമുഖത്തിന് എത്തണം. ഫോണ്- 04935 240390
ലാബ് ടെക്നിഷ്യൻ, ലാബ് അസിസ്റ്റന്റ് നിയമനം
വാളാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നിഷ്യൻ, ലാബ് അസിസ്റ്റന്റ് തസ്തികകളില് താത്കാലിക നിയമനം നടത്തുന്നു. 18 മുതൽ 40 വയസ്സുവരെയാണ് പ്രായപരിധി. ലാബ് ടെക്നിഷ്യൻ തസ്തികയിലേക്ക് ബി.എസ്.സി -എം.എൽ.ടി, ഡിപ്ലോമ ഇൻ എം.എൽ.ടി യോഗ്യതയും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും നിർബന്ധമാണ്. ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് വി.എച്ച്.എസ്.ഇ എം.എൽ.ടി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തവിഞ്ഞാൽ പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകള്, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്പ്പ് എന്നിവ സഹിതം നവംബർ 26ന് രാവിലെ 10 ന് തവിഞ്ഞാൽ പഞ്ചായത്ത് ഹാളിൽ അഭിമുഖത്തിന് എത്തണം. ഫോൺ :04935 2665
ഇ.എ.ആർ.എ.എസ് വാർഷിക പരിശീലന പരിപാടി 24ന്
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2026-27 വർഷത്തെ കാർഷിക സ്ഥിതി വിവരക്കണക്ക് ജില്ലാതല വാർഷിക പരിശീലന പരിപാടി നവംബർ 24ന് നടക്കും. രാവിലെ 10ന് സിവിൽ സ്റ്റേഷന് ആസൂത്രണ ഭവനിലുള്ള ഡോ. എ.പി.ജെ അബ്ദുൽ കലാം മെമ്മോറിയൽ ഹാളിൽ ജില്ലാ കളക്ടർ വി. ചെൽസാസിനി ഉദ്ഘാടനം ചെയ്യും. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.സെലീന മുഖ്യാതിഥിയാകും. കാർഷിക മേഖലയിലെ സ്ഥിതി വിവരക്കണക്കുകൾ ശേഖരിക്കുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനുമായി ഫീൽഡ് ഉദ്യോഗസ്ഥർക്കായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
ശുചീകരണ തൊഴിലാളികൾക്ക് ശ്രേയസിന്റെ സ്നേഹാദരം.
അമ്പുകുത്തി : -അമ്പുകുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര പുരുഷ ദിനാചരണത്തിന്റെ ഭാഗമായി അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ പുരുഷ ശുചീകരണ തൊഴിലാളികളായ കനകരാജൻ,അനിൽകുമാർ, അഷ്റഫ്,സാജൻ എന്നിവരെ ആദരിച്ചു.നെന്മേനി ഗ്രാമപഞ്ചായത്ത് മെമ്പർ ഷീന ഷാജി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് സെക്രട്ടറി ബബിത അധ്യക്ഷത വഹിച്ചു. സി ഡി ഒ ജാൻസി ബെന്നി ആശംസകൾ അർപ്പിച്ചു.

