Advertisement

ഓണക്കാലത്ത് റേഷന്‍ അരിയുടെ അളവിലും വിലയിലും മാറ്റമില്ല; മറിച്ചുള്ളത് വ്യാജപ്രചരണം, ഓണം റേഷന്‍ വിഹിതം ഇങ്ങനെ...

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്ന പ്രചാരണം തികച്ചും അവാസ്തവമെന്ന് ഭക്ഷ്യവകുപ്പ്. ഒരോ കാര്‍ഡിനുമുള്ള സാധാരണ റേഷന്‍ അരിവിഹിതം കുറച്ചിട്ടുമില്ല, വില കൂട്ടിയിട്ടുമില്ലെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ടൈഡ് ഓവര്‍ വിഹിതം അരി ലഭ്യതയില്‍ 2026 ജനുവരി മുതല്‍ 6,459 മെട്രിക് ടണ്ണിലധികം കുറവുണ്ടായി. 33,294 മെട്രിക് ടണ്‍ അരി ലഭിച്ചിരുന്നത് ഇപ്പോള്‍ 26,835 മെട്രിക് ടണ്‍ അരിയും 6,459 മെട്രിക് ടണ്‍ ഗോതമ്പുമാണ്. കഴിഞ്ഞ സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടതനുസരിച്ചാണ് കേന്ദ്രം ഈ മാറ്റം വരുത്തിയത്. റ്റൈഡ് ഓവര്‍ വിഹിതത്തില്‍ നിന്നാണ് ഉത്സവകാലങ്ങളില്‍ സ്‌പെഷല്‍ അരി നല്‍കിയിരുന്നത്. എന്നാല്‍, 2025 ഡിസംബറില്‍ കഴിഞ്ഞ സര്‍ക്കാര്‍ അരി വിഹിതത്തില്‍ കുറവു വരുത്തി പകരം അത്രയും ഗോതമ്പ് വാങ്ങിയതാണ് സ്‌പെഷല്‍ അരി കൊടുക്കാന്‍ പരിമിതി ഉണ്ടായത്.കഴിഞ്ഞ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയാണ് അരിവിഹിതം വെട്ടിക്കുറപ്പിച്ചത്. ടൈഡ് ഓവര്‍ വിഹിതത്തില്‍ വന്ന കുറവ് പരിഹരിക്കാനാണ് സാധാരണ റേഷന്‍ വിഹിതത്തിനു പുറമേ നീല, വെള്ള, തവിട്ട് കാര്‍ഡുകാര്‍ക്ക് 26 രൂപയ്ക്ക് അധികം അരി ലഭ്യമാക്കുന്നതെന്ന് ഭക്ഷ്യവുകുപ്പ് വ്യക്തമാക്കി. ഇതിനായി ഉയര്‍ന്ന വിലയ്ക്ക് (23.20 രൂപയ്ക്ക്) ഒഎംഎസ്എസ് അരി വാങ്ങി. പരിമിത സ്റ്റോക്കിനിടയിലും ഓണക്കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമായി അധിക അരി ലഭ്യമാക്കാനുള്ള നടപടികളാണ് ഭക്ഷ്യവകുപ്പ് സ്വീകരിച്ചത്. ഇതിനു കാരണം കഴിഞ്ഞ സര്‍ക്കാര്‍ അരിവിഹിതം വെട്ടിക്കുറപ്പിച്ചതു കൊണ്ടാണ്. ഓണക്കാലത്ത് അരി വില നിയന്ത്രിക്കുക ലക്ഷ്യമിട്ട് ഈ മാസം (ആഗസ്റ്റ്) 1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെട്രിക് ടണ്‍ ഗോതമ്പും പൊതുവിതരണ ശൃംഖലയിലൂടെ വിതരണത്തിന് എത്തിച്ചിട്ടുണ്ടെന്ന് ഭക്ഷ്യ വകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

GENERAL
News Image

കർണാടകയിലെ KSRTC അപകടം: ജീവനക്കാർക്ക് മതിയായ വിശ്രമം ലഭിച്ചിരുന്നു,നിയമപ്രകാരമുള്ള അപാകതയില്ല: മന്ത്രി C P ജോൺ

കര്‍ണാടക ബിഡദിക്ക് സമീപമുണ്ടായ കെഎസ്ആര്‍ടിസി അപകടത്തില്‍ പ്രതികരിച്ച് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍. സംഭവത്തില്‍ പ്രാഥമിക പരിശോധന നടത്തിയെന്നും വാഹനത്തിന് പഴക്കമില്ലെന്ന് വ്യക്തമായെന്നും സി പി ജോണ്‍ പറഞ്ഞു. ഡ്രൈവര്‍ മിഥിലേഷ് ലോങ് ട്രിപ്പ് ഓടിച്ചിരുന്ന ആളാണ്. പതിനാറ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഡ്രൈവർ സൈന്‍ ഓണ്‍ ചെയ്തതെന്നും മതിയായ വിശ്രമം ലഭിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. നിയമപ്രകാരം അപാകതയില്ല. ഇതുമായി ബന്ധപ്പെട്ട് ഉയരുന്നത് തെറ്റിദ്ധാരണാജനകമായ കാര്യങ്ങളാണെന്നും മന്ത്രി പറഞ്ഞു.ഡ്രൈവര്‍ക്ക് മതിയായ വിശ്രമം ലഭിക്കാത്തത് അപകട കാരണമായതായി ആരോപണം ഉയര്‍ന്നിരുന്നു. അപകടത്തിന് തൊട്ടുമുന്‍പുള്ള ദിവസം മൈസൂരുവില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ബസ് ഓടിച്ച ഡ്രൈവറെ അന്ന് രാത്രി തന്നെ ബെംഗളൂരുവിലേക്കുള്ള ദീര്‍ഘദൂര സര്‍വീസിന് വീണ്ടും അയച്ചുവെന്നും ആക്ഷേപമുണ്ടായിരുന്നു. ഇതിന് പുറമേ ദീര്‍ഘദൂര സര്‍വീസുകളില്‍ പരിചയ സമ്പന്നരായ ഡ്രൈവര്‍മാരെ നിയോഗിക്കുന്ന പതിവ് രീതിക്ക് വിരുദ്ധമായി താല്‍ക്കാലിക ജീവനക്കാരനാണ് ബസ് ഓടിച്ചതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ പ്രതികരണം

ARIYIPPU
News Image

സ്വര്‍ണ വിപണിയുടെ തലവര മാറ്റാന്‍ 'ജെന്‍ സി', ലോക്കറുകളിലെ സ്വര്‍ണം പുറത്തേക്ക് വരുമോ?;വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ട് പുറത്ത്

സ്വര്‍ണത്തോടുള്ള ഇന്ത്യക്കാരുടെ പരമ്പരാഗതമായ കാഴ്ച്ചപ്പാട് മാറുകയാണ്. ഈ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതാകട്ടെ ജെന്‍ സിയും. ആഭരണങ്ങള്‍ വാങ്ങിക്കൂട്ടുന്നതിന് പകരം സാങ്കേതികവിദ്യയുടെയും ഡിജിറ്റല്‍ ഫിനാന്‍സിന്റെയും പുതിയ നിക്ഷേപ രീതികളുടെയും പിന്‍ബലത്തിലാകും ഇന്ത്യയിലെ അടുത്ത സ്വര്‍ണ കുതിപ്പ് എന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ പുതിയ റിപ്പോര്‍ട്ടായ 'സ്വര്‍ണിം ഉഡാന്‍ 2047' വ്യക്തമാക്കുന്നു.റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യന്‍ വീടുകളില്‍ നിലവില്‍ 31,000 ടണ്ണിലധികം സ്വര്‍ണമുണ്ട്. ഇതിന് ഏകദേശം 315 ലക്ഷം കോടി രൂപ മൂല്യം വരും. എന്നാല്‍ ഈ വമ്പന്‍ സമ്പത്തിന്റെ സിംഹഭാഗവും വീടുകളിലെ അലമാരകളിലും ലോക്കറുകളിലുമായി വെറുതെ ഇരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ, എന്നാല്‍ ഉപയോഗിക്കപ്പെടാത്ത സാമ്പത്തിക സ്രോതസുകളിലൊന്നാണിത്.

GENERAL
News Image
Advertisement

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കൽപ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐയിലെ ബേക്കർ ആന്റ് കൺഫെക്ഷനർ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. എസ്.സി വിഭാഗത്തിൽ ഒരു ഒഴിവാണുള്ളത്. എസ്.സി വിഭാഗത്തിലുള്ളവരുടെ അഭാവത്തിൽ ഓപ്പൺ വിഭാഗത്തിലുള്ളവരെയും പരിഗണിക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഓഗസ്റ്റ് 14 രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04936 205519.

ARIYIPPU
News Image

ക്ഷീര കർഷകർക്ക് പരിശീലനം

കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീര കർഷകർക്കായി സുരക്ഷിതമായ പാലുത്പാദനം എന്ന വിഷയത്തിൽ കോഴിക്കോട് ബേപ്പൂർ‍ നടുവട്ടത്തെ ക്ഷീര പരിശീലന കേന്ദ്രത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. രജിസ്ട്രേഷൻ ഫീസ് 20 രൂപ. ആധാർ, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് ഹാജരാക്കുന്നവർക്ക് ദിനബത്ത, യാത്രാബത്ത എന്നിവ ലഭിക്കും. താത്പര്യമുള്ളവർ ഓഗസ്റ്റ് 14ന് വൈകുന്നേരം അഞ്ചിന് മുമ്പ് 0495 2414579 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം. ഫോൺ വഴി സ്ഥിരീകരണം ലഭിച്ചവർക്ക് മാത്രമേ പരിശീലനത്തിൽ പങ്കെടുക്കാൻ സാധിക്കൂ.

ARIYIPPU
News Image

പ്രഥമ ഉമ്മൻചാണ്ടി പുരസ്കാര ജേതാവ് ചെറുവയൽ രാമനെ വീട്ടിലെത്തി സന്ദർശിച്ച് മന്ത്രി ടി സിദ്ദീഖ്

കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സ‍ർക്കാറിന്റെ പ്രഥമ ഉമ്മൻചാണ്ടി പുരസ്കാര ജേതാവായ പത്മശ്രീ ചെറുവയൽ രാമനെ കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ് കമ്മനയിലെ വീട്ടിലെത്തി സന്ദർശിച്ചു. ചിങ്ങം ഒന്നിന് ഏറണാകുളത്ത് കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന കർഷക ദിനാചരണം സംസ്ഥാനതല ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശനാണ് പുരസ്കാരം സമ്മാനിക്കും. അഭിനന്ദനം അറിയിക്കുകയും പുരസ്കാര വിതരണ ചടങ്ങിലേക്ക് കുടുംബസമേതം ക്ഷണിക്കുന്നതിനുമാണ് മന്ത്രി ചെറുവയൽ രാമന്റെ വസതിയിലെത്തിയത്. അതിജീവനത്തിനായി പോരാടുന്ന കർഷകന്റെ പ്രതീകമായ പത്മശ്രീ ചെറുവയൽ രാമന് പ്രഥമ ഉമ്മൻചാണ്ടി പുരസ്കാരത്തിനായി തിരഞ്ഞെടുത്തത് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു. അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയും കൃഷി ഡയറക്ടറും അംഗങ്ങളായിരുന്ന പുരസ്കാര നിർണയ കമ്മിറ്റി ഐക്യകണ്ഠേനയാണ് ചെറുവയൽ രാമനെ തിരഞ്ഞെടുത്തത്. കൃത്രിമത്വത്തിന്റെ ഒരു അംശം പോലുമില്ലാതെ മണ്ണിനോടും പ്രകൃതിയോടും കൃഷിയോടും താദാത്മ്യം പ്രാപിച്ചയാളാണ് അദ്ദേഹം. രാജ്യം ആദരിച്ച ചെറുവയൽ രാമനെ സംസ്ഥാന കൃഷി വകുപ്പ് ഈ പുരസ്കാരത്തിലൂടെ ആദരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.അഞ്ച് ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. വ്യക്തിപരമായി ഏറെ ഇഷ്ടപ്പെടുന്ന ഉമ്മൻചാണ്ടിയുടെ പേരിലുള്ള പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പത്മശ്രീ ചെറുവയൽ രാമൻ പ്രതികരിച്ചു. എം.എൽ.എ ഉഷ വിജയൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മീനാക്ഷി രാമൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയോടൊപ്പം ചെറുവയൽ രാമന്റെ വസതിയിലെത്തിയിരുന്നു.

MANANTHAVADY
News Image

വെറ്ററിനറി ഡോക്ടർ നിയമനം

മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് 89 ദിവസത്തെ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി ബിരുദവും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും അംഗീകൃത തിരിച്ചറിയൽ രേഖയും സഹിതം ഓഗസ്റ്റ് 14ന് ഉച്ചയ്ക്ക് 12ന് കൽപ്പറ്റയിലെ ജില്ലാ മൃഗ സംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 04936 202292.

ARIYIPPU
News Image

ഗസ്റ്റ് അധ്യാപക നിയമനം: അഭിമുഖം നാളെ

സുൽത്താൻ ബത്തേരി പൂമലയിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ വിഷ്വൽ ആർട്സ് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. മണിക്കൂറിൽ 600 രൂപയാണ് വേതനം. യോഗ്യത തെളിയിക്കുന്ന സർ‍ട്ടിഫിക്കറ്റുകളും പക‍ർപ്പും സഹിതം ഓഗസ്റ്റ് 11ന് രാവിലെ 11ന് അഭിമുഖത്തിന് എത്തണം. ഫോൺ: 9037030586.

ARIYIPPU
News Image

ഐ.ടി.ഐ സ്പോട്ട് അഡ്മിഷൻ നാളെ

കൽപ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐയിലെ വിവിധ ട്രേഡുകളിൽ എസ്.സി വിഭാഗത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 11ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ അസൽ രേഖകൾ സഹിതം രാവിലെ 10ന് ഐ.ടി.ഐയിൽ നേരിട്ടെത്തണം. ഫോൺ: 04936 205519, 9961702406, 9995914652.

ARIYIPPU
News Image

ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കാൻ കേരള പൊലീസ്; 'ഓപ്പറേഷൻ ഗ്രിപ്പി'ലൂടെ പിടിയിലായത് 501 ഗുണ്ടകള്‍

സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങളുടെ വിളയാട്ടത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ട് കേരള പൊലീസ് ആവിഷ്കരിച്ച 'ഓപ്പറേഷൻ ഗ്രിപ്പ്' സംസ്ഥാനത്തൊട്ടാകെ ഊർജിതമായി തുടരുന്നു.പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ രണ്ടുദിവസത്തിനിടെ മാത്രം 501 ഗുണ്ടകളാണ് പൊലീസിന്റെ പിടിയിലായത്.കുറച്ചുനാളുകള്‍ക്ക് മുൻപ് ആരംഭിച്ച പദ്ധതിയാണെങ്കിലും, അടുത്തിടെ നടന്ന അർജുൻ ആയങ്കിയുടെ അറസ്റ്റിന് പിന്നാലെയാണ് ഗുണ്ടകള്‍ക്കെതിരെയുള്ള നടപടികള്‍ പൊലീസ് കൂടുതല്‍ കർശനമാക്കിയത്.പിടിയിലായവർക്കെതിരെയുള്ള നിയമനടപടികള്‍ നിലവില്‍ പുരോഗമിക്കുകയാണ്. ഗുരുതരമായ കേസുകളില്‍ ഉള്‍പ്പെട്ടവരെയും നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്നവരെയും കർശനമായ നിയമനടപടികള്‍ക്ക് വിധേയമാക്കാനാണ് പൊലീസിന്റെ തീരുമാനം.അതേസമയം, കാര്യമായ മറ്റ് കേസുകളില്ലാത്തവരെ കർശന താക്കീത് നല്‍കി വിട്ടയക്കുന്ന നടപടികളും സ്വീകരിക്കുന്നുണ്ട്. ഗുണ്ടകള്‍ സമൂഹത്തില്‍ സ്വൈര്യവിഹാരം നടത്തുന്നത് അവസാനിപ്പിക്കുക എന്ന പൂർണ ലക്ഷ്യത്തോടെയാണ് പൊലീസ് മുന്നോട്ട് പോകുന്നത്.വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ കസ്റ്റഡിയില്‍ എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സമൂഹത്തില്‍ ഭയമുണ്ടാക്കുന്ന ക്രിമിനലുകളെ മുഴുവനായി പിടികൂടാനായി സംസ്ഥാനത്തുടനീളം പൊലീസ് പരിശോധനകള്‍ ഊർജിതമാക്കിയിരിക്കുകയാണ്.

KERALA
News Image

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കാപ്പുംചാൽ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (ഓഗസ്റ്റ് 11) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം തടസപ്പെടും.

ARIYIPPU
News Image

തൊഴിലധിഷ്ഠിത കോഴ്സുകളിൽ പ്രവേശനം

മീനങ്ങാടി ഗവ. പോളി ടെക്നിക് കോളേജിൽ തുടർവിദ്യാഭ്യാസ കേന്ദ്രത്തിൽ ഓഗസ്റ്റിൽ ആരംഭിക്കുന്ന ആറ് മാസത്തെ റഫ്രിജറേഷൻ ആന്റ് എയർ കണ്ടീഷനിങ്, 10 മാസത്തെ ഇളക്ട്രിക്കൽ വയറിങ് ആന്റ് സർവീസിങ് കോഴ്സുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസാണ് യോഗ്യത. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‍മെന്റ് ലഭിക്കും. ഫോൺ: 9744134901, 9847699720.

ARIYIPPU
News Image

ഹോർമൂസിലെ അനിശ്ചിതത്വം: ഇറാൻ ഉപാധികൾ വെച്ചതിന് പിന്നാലെ എണ്ണവിലയിൽ 1.2 ശതമാനം വർധന ; ബ്രെന്റ് ക്രൂഡിന്റെ വില ഏകദേശം 1.2 ശതമാനം ഉയർന്ന് ബാരലിന് 84.58 ഡോളറിലെത്തി

അമേരിക്കയുമായി ചർച്ചകളിൽ ഏർപ്പെട്ടിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കുകയും, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ആവശ്യങ്ങളുടെ പട്ടിക സമർപ്പിക്കുകയും ചെയ്തതിനെ തുടർന്ന് ഞായറാഴ്ച എണ്ണയുടെ ഫ്യൂച്ചേഴ്സ് വില (ഭാവിയിലെ വിതരണത്തിനായി ഇപ്പോൾ വിപണിയിൽ നിശ്ചയിച്ചിരിക്കുന്ന വില) 1.2 ശതമാനം ഉയർന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡിന്റെ വില ഏകദേശം 1.2 ശതമാനം ഉയർന്ന് ബാരലിന് 84.58 ഡോളറിലെത്തി. യുഎസ് ക്രൂഡിന്റെ വില 1.1 ശതമാനം ഉയർന്ന് ബാരലിന് 79.28 ഡോളറിലുമെത്തി. എണ്ണവില ഉയർന്നതിന്റെ പ്രതിഫലനം യുഎസിലെ ഇന്ധനവിലയിലും തുടരുകയാണ്. ഞായറാഴ്ച ഒരു ഗാലൻ പെട്രോളിന്റെ ദേശീയ ശരാശരി വില 4.01 ഡോളറായിരുന്നു. ഒരാഴ്ച മുമ്പത്തെ വിലയേക്കാൾ കുറവാണെങ്കിലും, യുദ്ധം ആരംഭിക്കുന്നതിന് മുമ്പുണ്ടായിരുന്ന വിലയേക്കാൾ 34.6 ശതമാനം കൂടുതലാണിതെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ഓഹരി വിപണിയിലെ ഫ്യൂച്ചേഴ്സ് സൂചികകൾ കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്.ഇതിനിടെ ഇറാനുമായുള്ള ചർച്ചകൾ അധികം പ്രാധാന്യം നൽകാതെ, പരിമിതമായ രീതിയിലാണ് മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഞായറാഴ്ച വ്യക്തമാക്കി. 'ഞങ്ങൾ അവരുമായി ഭാഗികമായാണ് ചർച്ച നടത്തുന്നത്. ഇറാനിലെ വലിയ തോതിലുള്ള പണപ്പെരുപ്പവും അവരുടെ കൈയിൽ പണമില്ലാത്ത അവസ്ഥയും ഞങ്ങൾ നിരീക്ഷിക്കുകയാണ്' എന്നാണ് ആക്സിയോസിന് നൽകിയ ഫോൺ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ഇറാന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്നും സൈനികർക്ക് ശമ്പളം നൽകാൻ പോലും രാജ്യത്തിന്റെ കൈയിൽ പണമില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.എന്നാൽ അമേരിക്ക ജൂണിൽ ഉണ്ടാക്കിയ പ്രാഥമിക കരാറിലെ വ്യവസ്ഥകൾ തുടർച്ചയായി ലംഘിക്കുന്ന സാഹചര്യത്തിൽ വാഷിംഗ്ടണുമായി ചർച്ച നടത്താൻ ഇറാൻ തയ്യാറല്ലെന്നാണ് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഞായറാഴ്ച വ്യക്തമാക്കിയത്.ഹോർമൂസിലെ പ്രധാന ജലപാതയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിൽ ഏകദേശ ധാരണയായെന്ന് സൂചനകളുണ്ട്. ഇതിന് പിന്നാലെയാണ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് മുമ്പ് അമേരിക്ക പാലിക്കേണ്ടതായ ആറ് ആവശ്യങ്ങൾ ഇറാന്റെ ദേശീയ സുരക്ഷാ മേധാവി ശനിയാഴ്ച മുന്നോട്ടുവച്ചത്. ഇറാനെതിരെയും മേഖലയിലെ സഖ്യകക്ഷികൾക്കെതിരെയും നടത്തുന്ന ആക്രമണങ്ങൾ അമേരിക്ക അവസാനിപ്പിക്കുക, ഇറാന്റെ തുറമുഖങ്ങളിലെ ഉപരോധം പിൻവലിക്കുക, ഇറാനു ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്ന് യുഎസ് സൈനികരെ പിൻവലിക്കുക, അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾ നീക്കുക, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുനൽകുക, യുദ്ധത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവച്ചിരിക്കുന്നത്.ജൂണിൽ ഒപ്പുവച്ച വെടിനിർത്തൽ കരാറിന്റെ ഭാഗമായി കടലിടുക്ക് വീണ്ടും തുറക്കാൻ ധാരണയായിരുന്നെങ്കിലും ജൂലൈയിൽ വീണ്ടും പോരാട്ടം ആരംഭിച്ചതിന് പിന്നാലെയാണ് ഇറാൻ ഹോർമൂസ് കടലിടുക്ക് വീണ്ടും അടച്ചത്. ലോകത്തെ ആകെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനം കടന്നുപോകുന്ന പ്രധാന ജലപാതയാണ് ഹോർമൂസ് കടലിടുക്ക്. കടലിടുക്കിലൂടെ സുരക്ഷിതമായ സഞ്ചാരം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഇറാൻ ഒമാനുമായി ചർച്ചകൾ നടത്തുന്നുണ്ട്. എന്നാൽ സുരക്ഷിതമായ സഞ്ചാരത്തിന് അനുമതി നൽകുന്നത് കടലിടുക്ക് പൂർണമായി തുറക്കുന്നതിന് തുല്യമല്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന്റെ പിന്തുണയുള്ള ഹൂതികൾ ഗൾഫ് ഓഫ് ഏഡനെയും ഇന്ത്യൻ മഹാസമുദ്രത്തെയും ചെങ്കടലുമായി ബന്ധിപ്പിക്കുന്ന ബാബ് അൽ-മന്ദബ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവും തടയുമെന്ന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ആഗോള എണ്ണ ഒഴുക്ക് കൂടുതൽ പ്രതിസന്ധിയിലായിയിട്ടുണ്ട്. ചെങ്കടൽ തീരത്തുള്ള സൗദി അറേബ്യയിലെ എണ്ണ ശുദ്ധീകരണശാലയ്ക്കുനേരെ ഹൂതി വിമതർ ആക്രമണം നടത്തിയതും പ്രതിസന്ധിയായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ARIYIPPU
News Image

ഡി.എൽ.എഡ് പ്രവേശനം

2026-28 വർഷത്തേക്ക് ജില്ലയിലെ ഡി.എൽ.എഡ് സ്വാശ്രയ മെറിറ്റ് സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് ആഗസ്റ്റ് 13ന് രാവിലെ 10 മണി മുതൽ 11.30 വരെ വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ കൂടിക്കാഴ്ച നടത്തും. വിദ്യാർത്ഥികൾ അസ്സൽ രേഖകളുമായി ഹാജരാകണം. ഫോണ്‍- 04936 202593, 9656168061

ARIYIPPU
News Image

സൈക്കോളജി സീറ്റ് ഒഴിവ്

കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള പനമരം ഡബ്ല്യു.എം.ഒ. ഐ.ജി കോളേജിൽഎം.എസ് സി. സൈക്കോളജി കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ ആഗസ്റ്റ് 15ന് ഉച്ചിക്ക് രണ്ടിനകം കോളേജ് ഓഫീസില്‍ നേരിട്ട് ബന്ധപ്പെടണം. ഫോണ്‍-9188663306

ARIYIPPU
News Image

മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

 വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ പുൽപ്പള്ളി വെൽനസ്സ് ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് വ്യാപാരി ദിനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ വിദഗ്ദ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് ചികിത്സ നിർദ്ദേശിക്കുകയും, രക്തസമ്മർദ്ദം,ഷുഗർ മുതലായവ പരിശോധിക്കുകയും ചെയ്തതിനോടൊപ്പം, ആവശ്യമായ മരുന്നുകളും സൗജന്യമായി നൽകുകയുണ്ടായി.യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡണ്ട് ബാബു രാജേഷ് അധ്യക്ഷത വഹിച്ച യോഗം, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ടും സംസ്ഥാന കമ്മറ്റിയംഗവുമായ മാത്യു മത്തായി ആതിര ഉദ്ഘാടനം ചെയ്തു. കെ.എസ്.അജിമോൻ, ജോസ് കുന്നത്ത്,കെ.എ.സ്കറിയ,ജോബിഷ് യോഹൻ, സതീഷ് വെൽനസ്, സുനിൽ ജോർജ്,സലീൽ പൗലോസ് എന്നിവർ പ്രസംഗിച്ചു. ഡോ.സോഫിയ റാണി,ഡോ.ആൽഡിസ്, നഴ്സുമാരായ സി.ജിത്യ, ഷേർലി,ഷാന്റി,അജന്യ, വൈസ് പ്രസിഡണ്ട് ബിജു പൗലോസ്,നിതിൻ,പി.എം. പൈലി,മനൂപ്,പ്രഭാകരൻ, കെ.വി.റഫീഖ്, കെ.ജോസഫ്,ഹാരിസ്, വേണുഗോപാൽ,എം.വി.ബാബു,പ്രസന്നകുമാർ, ശ്രീജിത്ത് മുതലായവർ നേതൃത്വം നൽകി.

PULPALLY
News Image

കർക്കടകവാവുബലി; തിരുനെല്ലിയിലെ തിരക്ക് നിയന്ത്രിക്കാൻ വൺവേ സംവിധാനം

മാനന്തവാടി: കർക്കടകവാവുബലി ദിനമായ ബുധനാഴ്ച തിരുനെല്ലി ക്ഷേത്രത്തിൽ എത്തുന്നവരുടെ തിരക്കും വാഹനങ്ങൾമൂലമുണ്ടാവുന്ന ഗതാഗതക്കുരുക്കും നിയന്ത്രിക്കാൻ വൺവേ സംവിധാനം ഏർപ്പെടുത്തുമെന്ന് ക്രമസമാധാന പ്രവർത്തനങ്ങളുടെ ചുമതലയുള്ള സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡിവൈ.എസ്.പി. ഷജു ജോസഫ് അറിയിച്ചു. സ്വകാര്യ വാഹനങ്ങൾ കടത്തിവിടും. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ്സുകളും ക്ഷേത്രത്തിലേക്ക് സർവീസ് നടത്തും. ക്ഷേത്രത്തിലേക്കുള്ള വാഹനങ്ങൾ കാട്ടിക്കുളം- തെറ്റ്‌റോഡ് വഴിയാണ് കടത്തിവിടുക. ആളുകളെ ബസ് സ്റ്റോപ്പിനു സമീപം ഇറക്കിയ ശേഷം വാഹനങ്ങൾ നിട്ടറപാലം റോഡിൽ പാർക്ക് ചെയ്യണം. ബലിതർപ്പണം കഴിഞ്ഞു മടങ്ങുന്നവരെ ദേവസ്വം ഏർപ്പാടാക്കുന്ന വാഹനത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്ത സ്ഥലത്തെത്തിക്കും. ബലിതർപ്പണം കഴിഞ്ഞു തിരിച്ചുപോകുന്ന ചെറിയ വാഹനങ്ങൾ കരിമം പാലം വഴിയും വലിയ വാഹനങ്ങൾ നിട്ടറപാലം കഴിഞ്ഞ ഉടനെയുള്ള പച്ചങ്ങി- കൊല്ലിമൂല- അറവനാഴി റോഡ് വഴിയും പോത്തുമൂല- പനവല്ലി റോഡിൽ പ്രവേശിച്ച് കാട്ടിക്കുളത്തെത്തണം. തിരുനെല്ലി ക്ഷേത്ര പരിസരത്തും റോഡരികുകളിലും പാർക്കിങ് അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു.

MANANTHAVADY
News Image

ശ്രേയസ് സ്വാശ്രയ സംഘ വാർഷികം നടത്തി.

നെല്ലിമാളം :നെല്ലിമാളം യൂണിറ്റിലെ പുലരി സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം യൂണിറ്റ് ഡയറക്ടർ ഫാ.ചാക്കോ മാടവന ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ്‌ ശ്യാമള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബീന ദേവസ്യ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.യൂണിറ്റ് വൈസ് പ്രസിഡന്റ്‌ ചാമി,സി ഡി ഒ സെലീന സാബു,മിനി എന്നിവർ സംസാരിച്ചു.വിവിധ കായിക മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സ്നേഹ വിരുന്നോടെ പരിപാടികൾ സമാപിച്ചു.

SULTAN BATHERY
News Image

ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മിക്സി വിതരണം ചെയ്ത് കോട്ടത്തറ ഗ്രാമപഞ്ചായത്ത്

ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മിക്സി വിതരണം ചെയ്ത് കോട്ടത്തറ ഗ്രാമപഞ്ചായത്ത്. വെണ്ണിയോട് എസ്.എ.എൽ.പി.എസ്, കോട്ടത്തറ ജി.എച്ച്.എസ്.എസ്, കരിക്കുറ്റി ജി.വി.എച്ച്.എസ്.എസ് എന്നീ സ്കൂളുകൾക്ക് എസ്.ഡി.ആർ.എഫ് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് മിക്സി വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി രജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ഇ.സി അജീഷ്, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ.ആർ പുഷ്പ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി.പി രനീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ജോസഫ്, മെമ്പർമാരായ ജോൺസി സജി, സജീഷ് കുമാർ, വി.ആർ ബാലൻ, ജസ്റ്റിൻ സിറിയക്ക്, എലിസബത്ത്, ബിന്ദു ടീച്ചർ, റംല അസീസ്, സനിലേഷ്, പി.കെ ജോൺ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എ മിനി എന്നിവർ സംസാരിച്ചു.

KALPETTA
News Image

അങ്കണവാടിക്ക് കൊടിമരം സംഭാവന ചെയ്ത് യുവാക്കൾ മാതൃകയായി

കോട്ടവയൽ അങ്കണവാടിക്ക് കൊടിമരം സംഭാവന ചെയ്‌ത്‌ യുവാക്കൾമാതൃകയായി.കോട്ടവയൽ അങ്കണവാടിക്ക് ദീർഘകാലമായി ഒരു കൊടിമരം നിർ മ്മിക്കണമെന്ന് അങ്കണവാടി ടീച്ചറും സഹപ്രവർത്തകരും നിരന്തരമായി ആവശ്യ പ്പെട്ടു വരികയായിരുന്നു. സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ദേശീയ പതാക ഉയത്തുന്നതിന് പരസഹായം തേടുകയോ മറ്റുള്ളവരെ ആശ്രയിക്കുയോ ആയിരുന്നു ഇതുവരെ ചെയ്‌തിരുന്നത്. മുള വെട്ടി കൊണ്ടുവന്ന് താൽക്കാലിക കൊടിമരം ഉയർത്തുകയായിരുന്നു ഇതുവരെ ചെയ്‌തിരുന്നത്‌. സ്ത്രീകളായ അങ്കണവാടി പ്രവർത്തകർക്ക് ഇതു ബുദ്ധിമുട്ടായിരുന്നു. ഈ വിവരം വാർഡ് മെമ്പറും എഡിഎംഎൽപി മെമ്പർമാരും നാട്ടിലെ യുവാക്കളെ അറിയിച്ചു. ഇതി ന്റെ ഭാഗമായി കോട്ടവയൽ പാലം ബോയ്‌സ് എന്ന സംഘടനയിലെ യുവാക്കൾ ഇതിന് പരിഹാരം കണ്ടെത്തുകയായിരുന്നു. സ്റ്റീൽ പൈപ്പിൽ പുതിയ കൊടിമരം അങ്കണവാടിക്ക് നിർമ്മിച്ച് നൽകി അവർ നാടിന് മാതൃകയായി.

KALPETTA
News Image