അധ്യാപക നിയമനം
കൽപ്പറ്റ മുണ്ടേരി ജി.വി.എച്ച്.എസ്.എസിൽ എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവർ അസൽ രേഖകളും പകർപ്പും സഹിതം ജൂലൈ ആറ് ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.
അധ്യാപക നിയമനം
സുൽത്താൻ ബത്തേരി ഗവ. സർവജന ഹയർ സെക്കന്ററി സ്കൂൾ പ്ലസ് ടു വിഭാഗത്തിൽ ഒരു മാസത്തേക്ക് ഒഴിവുള്ള സൂവോളജി - ജൂനിയർ (ആഴ്ചയിൽ 3 ദിവസം) അദ്ധ്യാപക തസ്തികകളിലേക്ക് നിയമനം നടത്തുന്നു. താത്പര്യമുള്ളവർ ബയോഡേറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂലൈ ഏഴ് രാവിലെ 9.30ന് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തിച്ചേരണം. ഫോൺ: 9447887798
കെ ടെറ്റ്: കാറ്റഗറി 3, 4 സർട്ടിഫിക്കറ്റ് പരിശോധന
2025 ഡിസംബർ വരെ നടന്ന കെ ടെറ്റ് കാറ്റഗറി-3, കാറ്റഗറി-4 പരീക്ഷകൾ പാസായവരുടെ സർട്ടിഫിക്കറ്റ് പരിശോധന ജൂലൈ ആറ് തിങ്കളാഴ്ച കൽപ്പറ്റ എസ്.കെ.എം.ജെ ഹയർസെക്കന്ററി സ്കൂളിലെ ഹയർ സെക്കന്ററി ബ്ലോക്കിൽ നടക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. കാറ്റഗറി -3ന്റെ പരിശോധന രാവിലെ 10 മണി മുതലും കാറ്റഗറി -4ന്റെ പരിശോധന ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതലും നടക്കും. യഥാർത്ഥ യോഗ്യതാ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും റിസൾട്ട് ഡൗൺലോഡ് ചെയ്ത ഷീറ്റും ഹാൾടിക്കറ്റിന്റെ അസ്സലും പകർപ്പുമായി എത്തിച്ചേരണം. എല്ലാ കാറ്റഗറികളിലും ഇതുവരെ നടന്ന സർട്ടിഫിക്കറ്റ് പരിശോധനകളിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്ക് ബുധൻ, വ്യാഴം ദിവസങ്ങളിൽ പ്രത്യേക അവസരം നൽകും. ഇതിന്റെ വിശദ വിവരങ്ങൾ പിന്നീട് അറിയിക്കും.
സ്കൂൾ പാചക തൊഴിലാളികൾക്കായി ഏകദിന പരിശീലനം നടത്തി
ബത്തേരി ഉപജില്ലയിലെ സ്കൂൾ പാചക തൊഴിലാളികൾക്കായി സർവ്വജന ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ഏകദിന പരിശീലനം പരിപാടി നടത്തി. ഉപജില്ലയിലെ 120 പാചക തൊഴിലാളികൾ പങ്കെടുത്തു. സുൽത്താൻബത്തേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷിജിത. ബിജെ ഉദ്ഘാടനം നിർവഹിച്ചു. സർവ്വജന ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക ബിജി വർഗീസ് അധ്യക്ഷത വഹിച്ചു. സുൽത്താൻബത്തേരി പ്രൈമറി എച്ച് എം ഫോറം സെക്രട്ടറി മിൻസിമോൾ കെ. ജെ ആശംസകൾ നേർന്നു. പാചകത്തിലെ സുരക്ഷാ മുൻകരുതലുകൾ എന്ന വിഷയത്തിൽ സുൽത്താൻബത്തേരി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ധീരജിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി. ജലജന്യ രോഗങ്ങളും ശുചിത്വവും എന്ന വിഷയത്തിൽ ചെതലയം പി എച്ച് സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ ബാബു എം. വി ക്ലാസ്സെടുത്തു. പാചക തൊഴിലാളികളുടെ നിയമനം സംബന്ധിച്ച് ഉപജില്ലാ നൂൺമീൽ ഓഫീസർ ഷാജി വികെ ക്ലാസ് നൽകി. ഷൈജു വി കെ, സജു. എംജി, ജിഷ സി. എൻ എന്നിവർ സംസാരിച്ചു
അടിക്ക് തിരിച്ചടി, അര്‍ജന്റീനയെ വിറപ്പിച്ച് കേപ് വെര്‍ദെ; ഒടുവില്‍ കടന്നുകൂടി, ഇനി അങ്കം ഈജിപ്തിനെതിരെ
മയാമി: പൊരുതി കളിച്ച കേപ് വെര്‍ദയെ അധിക സമയത്ത് മറികടന്ന് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന പ്രീ ക്വാര്‍ട്ടറിലേക്ക്. രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം. ടൂര്‍ണമെന്റിലുടനീളം അട്ടിമറികളിലൂടെ ശ്രദ്ധേയരായ കേപ് വെര്‍ദെയുടെ മികച്ച ചെറുത്തുനില്‍പ്പിനെ അതിജീവിച്ചാണ് ലയണല്‍ മെസിയും സംഘവും അവസാന പതിനാറിലെത്തിയത്. ലിയോണല്‍ മെസി, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ഒരെണ്ണം കേപ് താരം ഡിനിയുടെ സെല്‍ഫ് ഗോളായിരുന്നു. ഡെറോയ് ഡ്വാര്‍തെ, സിഡ്നി ലോപസ് എന്നിവരുടെ വകയായിരുന്നു കേപ് വെര്‍ദെയുടെ ഗോളുകള്‍.മത്സരത്തിന്റെ 29-ാം മിനിറ്റില്‍ ലയണല്‍ മെസി നേടിയ ഗോളിലൂടെ അര്‍ജന്റീന ലീഡ് എടുത്തു. ഇത് താരത്തിന്റെ കരിയറിലെ ഇരുപതാമത് ലോകകപ്പ് ഗോളായിരുന്നു. എന്നാല്‍, രണ്ടാം പകുതിയില്‍ ഡെറോയ് ഡുവാര്‍ട്ടെയുടെ ഗോളിലൂടെ കേപ്പ് വെര്‍ദെ ഒപ്പമെത്തി. 90 മിനിറ്റിനുശേഷം മത്സരം അധികസമയത്തേക്ക് നീണ്ടു. അധികസമയത്തിന്റെ തുടക്കത്തില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് അര്‍ജന്റീനയെ വീണ്ടും മുന്നിലെത്തിച്ചെങ്കിലും, കേപ്പ് വെര്‍ദെയുടെ സിഡ്നി ലോപ്പസ് കാബ്രല്‍ ഒരു തകര്‍പ്പന്‍ ഗോളിലൂടെ വീണ്ടും സമനില പിടിച്ചു.
റീ ടെണ്ടർ ക്ഷണിച്ചു
മന്ദഹാസം പദ്ധതി പ്രകാരം മാനന്തവാടി ജില്ലാ ആശുപത്രിയിലെ വിവിധ ഡിപ്പാർട്ട് മെന്റിലേക്ക് വിവിധ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ /വ്യക്തികളിൽ എന്നിവരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ജൂലൈ 14ന് വൈകിട്ട് അഞ്ച് വരെ ടെണ്ടർ സമർപ്പിക്കാം. ഫോൺ -04935240264
മാധ്യമ കോഴ്സുകൾക്ക് അപേക്ഷിക്കാം
കെൽട്രോൺ ഐ എസ് ഒ അംഗീകാരത്തോടെയുള്ള വിവിധ മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കും പ്ലസ് ടു കഴിഞ്ഞവർക്കും അപേക്ഷിക്കാം. പഠനകാലയളവിൽ അംഗീകൃത മാധ്യമസ്ഥാപനങ്ങളിൽ പ്രായോഗിക പരിശീലനം, ഇൻ്റേൺഷിപ്പ്, കൂടാതെ പ്ലേസ്മെൻ്റ് സപ്പോർട്ട് എന്നിവ നിബന്ധനകൾക്ക് വിധേയമായി ലഭ്യമാകും. കോഴിക്കോട്, പാലക്കാട് ജില്ലകളില കെൽട്രോൺ പരിശീലന കേന്ദ്രങ്ങളിലേക്കാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 10. ഫോൺ: 9544958182.
ദേശീയ ടൂറിസം ഉച്ചകോടി വയനാട്ടിൽ
ദേശീയ ടൂറിസം ഉച്ചകോടി 2027 വയനാട്ടിൽ സംഘടിപ്പിക്കുവാൻ ബത്തേരി സപ്ത റിസോർട്ടിൽ ചേർന്ന വിവിധ ടൂറിസം സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. ടൂർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ( TOAI ) യുടെ വാർഷിക ദേശീയ പരിപാടിയായ നാഷണൽ ടൂറിസം സമ്മിറ്റ് 2027സെപ്റ്റംബർ മാസത്തിൽ വയനാട്ടിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു.രാജ്യത്തിൻ്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂർ ഓപ്പറേറ്റർമാർ,ട്രാവൽ ഏജൻസികൾ,ടൂറിസം മേഖലയിലെ പ്രമുഖർ, കേന്ദ്ര സംസ്ഥാന സർക്കാർ പ്രതിനിധികൾ,വ്യവസായ പങ്കാളികൾ എന്നിവർ പങ്കെടുക്കുന്ന ദേശീയ ഉച്ചകോടി കേരള ടൂറിസത്തിനും പ്രത്യേകിച്ച് വയനാട്ടിൻ്റെ ടൂറിസം മേഖലയ്ക്കും ദേശീയ തലത്തിൽ കൂടുതൽ ശ്രദ്ധയും പ്രചാരണവും ലഭിക്കുന്നതിനും വിനോദസഞ്ചാര വികസനത്തിനും ഗണ്യമായ പ്രചോദനമാകുമെന്നും സംഘാടകർ അറിയിച്ചു. TOAI നാഷണൽ പ്രസിഡണ്ട് അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു. സുനിൽ കുമാർ , ജോസ് കൈനഡി ( WTO ), അലി ബ്രാൻ ( Pan Asia Tourism Council ) മനുമത്തായി , അനീഷ് വരദൂർ ( AKTA ),സയൂജ് , ലൈജു ജോസ് ( WETA ) വിനോദ്കുമാർ ( Tourism operator) സുബൈർ ( Guides Association) പ്രവീൺ രാജ് ( WDM ) പീറ്റർ ജോസ് , ദിലീപ് കുമാർ , ഹോമയു കോറം എന്നിവർ പങ്കെടുത്തു
ഊരുകൂട്ട വളണ്ടിയർ നിയമനം
സുൽത്താൻ ബത്തേരി നഗരസഭയുടെ ഡ്രോപ്പ് ഔട്ട് ഫ്രീ പദ്ധതിയുടെ ഭാഗമായി ചേനാട്, ഓടപ്പള്ളം, കുപ്പാടി, സർവജന, അസംപ്ഷൻ, ബീനാച്ചി, പഴുപ്പത്തൂർ, പൂമല, കൈപ്പഞ്ചേരി, സ്കൂൾ പരിധിയിലെ ഉന്നതികളിൽ താമസിക്കുന്ന യോഗ്യരായ പട്ടിക വർഗ ഉദ്യോഗാർത്ഥികളിൽ നിന്നും ഊരുകൂട്ട വളണ്ടിയർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സിയാണ് യോഗ്യത. ഹോണറേറിയം പ്രതിമാസം 5000 രൂപ. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, റേഷൻ കാർഡ് /ആധാർ എന്നിവ സഹിതം ജൂലൈ 10ന് രാവിലെ10 മണിക്ക് സുൽത്താൻ ബത്തേരി നഗരസഭാ ഓഫീസിൽ കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോൺ: 9447887798*മെന്റർ ടീച്ചർ നിയമനം*സുൽത്താൻ ബത്തേരി പട്ടിക വർഗ വികസന ഓഫീസിൻ്റെ സേവന പരിധിയിൽ വരുന്ന ഗവൺമെൻ്റ്/എയ്ഡഡ് എൽ പി സ്കൂളുകളിൽ മെൻ്റർ ടീച്ചർ നിയമനത്തിന് അപേക്ഷ സമർപ്പിച്ചവർക്കുള്ള എഴുത്ത് പരീക്ഷ ജൂലൈ അഞ്ചിന് രാവിലെ 11 മണി മുതൽ 12.15 വരെ സുൽത്താൻ ബത്തേരി ഗവ: സർവ്വജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തും. പരീക്ഷ എഴുതുന്നവർക്ക് ലഭ്യമാക്കിയിട്ടുള്ള ഹാൾ ടിക്കറ്റ് പൂരിപ്പിച്ച് ഫോട്ടോ പതിച്ച് അന്നേദിവസം രാവിലെ 10.30 ന് പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം. ഫോൺ - 04936221074
മെന്റർ ടീച്ചർ നിയമനം
സുൽത്താൻ ബത്തേരി പട്ടിക വർഗ വികസന ഓഫീസിൻ്റെ സേവന പരിധിയിൽ വരുന്ന ഗവൺമെൻ്റ്/എയ്ഡഡ് എൽ പി സ്കൂളുകളിൽ മെൻ്റർ ടീച്ചർ നിയമനത്തിന് അപേക്ഷ സമർപ്പിച്ചവർക്കുള്ള എഴുത്ത് പരീക്ഷ ജൂലൈ അഞ്ചിന് രാവിലെ 11 മണി മുതൽ 12.15 വരെ സുൽത്താൻ ബത്തേരി ഗവ: സർവ്വജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തും. പരീക്ഷ എഴുതുന്നവർക്ക് ലഭ്യമാക്കിയിട്ടുള്ള ഹാൾ ടിക്കറ്റ് പൂരിപ്പിച്ച് ഫോട്ടോ പതിച്ച് അന്നേദിവസം രാവിലെ 10.30 ന് പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം. ഫോൺ - 04936221074
ചരിത്രം കുറിച്ച് ഈജിപ്ത്; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഓസ്ട്രേലിയയെ വീഴ്ത്തി പ്രീക്വാര്‍ട്ടറില്‍
ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായി ഈജിപ്ത് പ്രീ ക്വാര്‍ട്ടറില്‍. നോക്കൗട്ടില്‍ ഓസ്ട്രേലിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ഈജിപ്ത് ചരിത്രനേട്ടം സ്വന്തമാക്കിയത്. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1 എന്ന നിലയില്‍ സമനില പാലിച്ചതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. 13-ാം മിനിറ്റില്‍ ഇമാം അഷൗറിന്റെ ഗോളില്‍ ഈജിപ്ത് മുന്നിലെത്തിയിരുന്നു. എന്നാല്‍ രണ്ടാം പകുതി, 55-ാം മിനിറ്റില്‍ മുഹമ്മദ് ഹാനിയുടെ സെല്‍ഫ് ഗോളിന് ഈജിപ്ത്തിന് വിനയായി.ഷൂട്ടൗട്ടില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ ഈജിപ്ത് 4-2 എന്ന സ്കോറിനാണ് വിജയം പിടിച്ചെടുത്തത്. ഈജിപ്ത് തങ്ങളുടെ നാല് കിക്കുകളും ഗോളാക്കി മാറ്റിയപ്പോള്‍, ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് പിഴച്ചു. പതിനെട്ടുകാരനായ ലൂക്കാസ് ഹെറിംഗ്ടണിനും പരിചയസമ്പന്നനായ പ്രതിരോധതാരം ഹാരി സൂട്ടറിനും പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. ഇത് ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടിയായി.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴയെ തുടർന്ന് തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. താലൂക്കുകളിൽ നിന്നും ലഭ്യമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും ജില്ലയിലെ ജലാശയങ്ങളിലും ഡാമുകളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലും തുടരുന്ന മഴയുടെ സാഹചര്യവും മുൻനിർത്തിയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കാലാവസ്ഥ മോശമായതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.
ബെംഗളൂരുവിൽ KSRTC ബസിന് തീപിടിച്ചു; പയ്യന്നൂരിൽ നിന്ന് പോയ ബസിനാണ് തീപിടിച്ചത്
ബെംഗളൂരു: പയ്യന്നൂരിൽ നിന്ന് ബെംഗളൂരുവിലേയ്ക്ക് പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. വൈകീട്ട് 7 മണിയോടെ ബെംഗളൂരുവിന് സമീപം കെങ്കേരി എന്ന സ്ഥലത്ത് വച്ചായിരുന്നു തീപിടുത്തം. ബസിന്റെ മുൻഭാഗത്താണ് തീപിടുത്തം ഉണ്ടായത്. പുക ഉയർന്നതോടെ ബസിൽ ഉണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും പുറത്തിറങ്ങുകയായിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
വിമാന ടിക്കറ്റ് നിരക്കിൽ വൻ മാറ്റം! ഈ യാത്രികരെ നെഞ്ചോട് ചേർത്ത് ഇൻഡിഗോ
ക്യാബിൻ ബാഗേജുമായി മാത്രം യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി 'ഇൻഡിഗോ ലൈറ്റ്'; പുതിയ ഇക്കോണമി നിരക്ക് അവതരിപ്പിച്ചു. കുറഞ്ഞ ചെലവിൽ വിമാനയാത്ര ആഗ്രഹിക്കുന്ന യാത്രക്കാർക്കായി ഇൻഡിഗോ പുതിയ'ഇൻഡിഗോ ലൈറ്റ്' (IndiGo Lite) ഇക്കോണമി നിരക്ക് അവതരിപ്പിച്ചു. കാബിൻ ബാഗേജുമായി മാത്രം യാത്ര ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. യാത്രക്കാർക്ക് ആവശ്യമായ സേവനങ്ങൾ മാത്രം തെരഞ്ഞെടുത്ത് അതിന് മാത്രം പണം നൽകാൻ കഴിയുന്ന രീതിയിലാണ് ഈ പുതിയ നിരക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്.2026 ജൂലൈ ഒന്നുമുതൽ ഇൻഡിഗോയുടെ ഔദ്യോഗിക ബുക്കിങ് പ്ലാറ്റ്ഫോമുകൾ വഴി ഈ നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ജൂലൈ 15, 2026 മുതൽ ആരംഭിക്കുന്ന യാത്രകൾക്കാണ് ഈ സൗകര്യം ലഭ്യമാകുക. ഇൻഡിഗോയുടെ എല്ലാ നോൺ-സ്റ്റോപ്പ് ആഭ്യന്തര, അന്തർദേശീയ സർവീസുകളിലും ഏകദിശ, റൗണ്ട് ട്രിപ്പ്, മൾട്ടി-സിറ്റി ബുക്കിങ്ങുകൾക്കും ഈ നിരക്ക് ബാധകമാണ്. മുതിർന്നവർക്കും കുട്ടികൾക്കും ഈ സൗകര്യം ലഭിക്കും.ഇൻഡിഗോ ലൈറ്റ് നിരക്കിൽ യാത്ര ചെയ്യുന്നവർക്ക് പരമാവധി ഏഴ് കിലോഗ്രാം വരെ ഭാരമുള്ള ഒരു കാബിൻ ബാഗ് കൊണ്ടുപോകാൻ അനുമതിയുണ്ടാകും. കൂടാതെ വിമാനത്തിലെ സീറ്റ് സൗജന്യമായി ഓട്ടോ അസൈൻ ചെയ്യപ്പെടും. ചെക്ക്-ഇൻ ബാഗേജ്, ഇഷ്ടാനുസൃത സീറ്റ് തിരഞ്ഞെടുക്കൽ, വിമാനത്തിനുള്ളിലെ ഭക്ഷണം, 'ഫാസ്റ്റ് ഫോർവേഡ്' ഉൾപ്പെടെയുള്ള പ്രാഥമിക സേവനങ്ങൾ എന്നിവ അധിക തുക നൽകി ആവശ്യാനുസരണം വാങ്ങാനാകും. ലഭ്യതയ്ക്ക് അനുസരിച്ചായിരിക്കും ഈ സേവനങ്ങൾ അനുവദിക്കുക.
ഈ 4 തെറ്റുകള്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിക്കാന്‍ കാരണമാകും; കരുതലോടെയിരുന്നാല്‍ അപകടം ഒഴിവാക്കാം
ഭക്ഷണം വേഗത്തില്‍ പാചകം ചെയ്യാനും, കുറഞ്ഞ ഗ്യാസ് മതിയെന്നതിനാലും പ്രഷര്‍ കുക്കറുകള്‍ മിക്കവാറും എല്ലാ വീടുകളിലും ഉപയോഗിക്കുന്നു. പക്ഷേ പ്രഷര്‍ കുക്കര്‍ ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ അത് അപകടം ക്ഷണിച്ചുവരുത്തും. ചിലപ്പോള്‍ ചെറിയ അശ്രദ്ധ പോലും കുക്കര്‍ പൊട്ടിത്തെറിക്കാന്‍ കാരണമാകും. അതുകൊണ്ടുതന്നെ കുക്കര്‍ പൊട്ടിത്തെറിക്കാന്‍ കാരണമാകുന്ന തെറ്റുകള്‍ എന്തൊക്കെയാണെന്നും ഇത് ഒഴിവാക്കാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണമെന്നും എല്ലാവരും അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്.കുക്കറില്‍ അമിതമായി ഭക്ഷണം നിറയ്ക്കുന്നത്അപകടമുണ്ടാക്കുന്നതില് ആദ്യത്തേതും പ്രധാനപ്പെട്ടതുമായ ഒരു കാരണം കുക്കറില്‍ അമിതമായി ഭക്ഷണം നിറയ്ക്കുന്നതാണ്. പക്ഷേ ഇങ്ങനെ ചെയ്യുന്നത് അങ്ങേയറ്റം അപകടകരമാണ്. പാചകം ചെയ്യുമ്പോള്‍ കുക്കറില്‍ എപ്പോഴും കുറച്ച് സ്ഥലം അവശേഷിപ്പിക്കണം. അത് നീരാവി പുറത്തേക്ക് പോകാന്‍ സഹായിക്കും. കുക്കറില്‍ എന്തെങ്കിലും വിഭവം പാചകം ചെയ്യുമ്പോള്‍ നുര രൂപപ്പെടാറുണ്ട്. ഈ നുര പലപ്പോഴും കുക്കറിന്റെ സുരക്ഷാ വാല്‍വുകളെയും ദ്വാരങ്ങളെയും തടയുന്നു. നീരാവി പുറത്തേക്ക് പോകുന്നത് തടയപ്പെട്ടാല്‍ കുക്കറിനുള്ളിലെ മര്‍ദ്ദം അപകടകരമായ നിലയിലേക്ക് ഉയരും. ഇത് പൊട്ടിത്തെറിക്ക് കാരണമാകും.റബ്ബര്‍ ഗാസ്കറ്റിന്റെ തകരാര്മറ്റൊരു പ്രധാന കാരണം കുക്കറിന്റെ റബ്ബര്‍ ഗാസ്കറ്റിന്റെ തകരാറാണ്. കുക്കറിന്റെ മൂടിയിലെ റബ്ബര്‍ വളയം മൂടിക്കും പാത്രത്തിനും ഇടയില്‍ ഒരു ഇറുകിയ സീല്‍ സൃഷ്ടിക്കുന്നു. ഇത് നീരാവി പുറത്തേക്ക് പോകുന്നത് തടയുകയും ശരിയായ മര്‍ദ്ദം നിലനിര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ കാലക്രമേണ ഈ റബ്ബര്‍ വളയം തേഞ്ഞുപോകുകയോ കട്ടിയാവുകയോ, പൊട്ടിപോവുകയോ ചെയ്യുന്നു. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ നീരാവി പുറത്തേക്ക് പോകാന്‍ തുടങ്ങുന്നു. അല്ലെങ്കില്‍ കുക്കറിനുള്ളില്‍ മര്‍ദ്ദം വര്‍ദ്ധിക്കുന്നു. അതുകൊണ്ട് ഈ റബ്ബര്‍ രണ്ടുമൂന്ന് മാസത്തിലൊരിക്കല്‍ പരിശോധിക്കണം. എന്തെങ്കിലും വിള്ളലുകളോ കീറലുകളോ കണ്ടെത്തിയാല്‍ ഉടനടി മാറ്റിസ്ഥാപിക്കുകയും വേണംസേഫ്റ്റി വാല്‍വിനുണ്ടാകുന്ന പ്രശ്നംഅപകടമുണ്ടാകാനുള്ള മൂന്നാമത്തെ കാരണം കുക്കറിന്റെ സേഫ്റ്റി വാല്‍വിനുണ്ടാകുന്ന പ്രശ്നമാണ്. സേഫ്റ്റി വാല്‍വിലൂടെ അധിക നീരാവി പുറത്തേക്ക് പോയി അടഞ്ഞുപോകാറുണ്ട്. പലപ്പോഴും, പാചകം ചെയ്യുമ്പോള്‍ ഭക്ഷണത്തിന്റെ ഭാഗങ്ങളോ നുരയോ ഈ വാല്‍വില്‍ കുടുങ്ങി ദ്വാരം പൂര്‍ണ്ണമായും തടയുന്നു. ദ്വാരം അടഞ്ഞുപോകുമ്പോള്‍ നീരാവിക്ക് പുറത്ത് പോകാന്‍ ഒരു മാര്‍ഗവും ഉണ്ടാവില്ല. കൂടാതെ കുക്കറിനുളളിലെ മര്‍ദ്ദം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും ഒടുവില്‍ പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. അതുകൊണ്ട് പാചകം ചെയ്യുന്നതിനുമുമ്പ് ഈ വാല്‍വ് വൃത്തിയാക്കുകയും അത് അടഞ്ഞുപോയിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.കുക്കര്‍ വളരെ വേഗത്തില്‍ തുറക്കുന്നത്നാലാമത്തെതും വളരെ സാധാരണവുമായ ഒരു തെറ്റ് കുക്കര്‍ നീരാവി പോകുന്നതിന് മുന്‍പ് വളരെ വേഗത്തില്‍ തുറക്കുന്നതാണ്. ഇത് വളരെ അപകടകരമാണ്. കാരണം കുക്കറിനുള്ളില്‍ ധാരാളം മര്‍ദ്ദവും ചൂടുള്ള നീരാവിയും ഉണ്ട്. അത് മുഴുവനായി പുറത്ത് പോകാതെ പെട്ടെന്ന് തുറന്നാല്‍ അത് നിങ്ങളെ പൊള്ളിച്ചേക്കാം. അത്തരമൊരു സാഹചര്യത്തില്‍ കുക്കര്‍ സ്വയം തണുക്കാന്‍ അനുവദിക്കുകയോ വിസിലിന് ശേഷം പ്രഷര്‍ റിലീസ് വാല്‍വിലൂടെ പതുക്കെ നീരാവി പുറത്തുവിടുകയോ ചെയ്യുന്നത് എപ്പോഴും നല്ലതാണ്.ഈ ലളിതമായ കാര്യങ്ങള്‍ ശ്രദ്ധക്കുന്നതിലൂടെ പ്രഷര്‍ കുക്കറുമായി ബന്ധപ്പെട്ട അപകടങ്ങള്‍ എളുപ്പത്തില്‍ ഒഴിവാക്കാനാകും.
30-40 വയസ് പ്രായമുള്ളവരില്‍ കാന്‍സര്‍സാധ്യത വര്‍ധിക്കുന്നുവെന്ന് പഠനം
വാര്‍ദ്ധക്യകാല രോഗമായാണ് കാന്‍സര്‍ കണക്കാക്കപ്പെട്ടിരുന്നെങ്കിലും, ഇക്കാലത്ത് 30 നും 40 നും ഇടയില്‍ പ്രായമുള്ളവരില്‍ കാന്‍സര്‍ കേസുകള്‍ അതിവേഗം വര്‍ദ്ധിച്ചുവരികയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അടുത്തിടെ നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ ഗവേഷണ പഠനം വെളിപ്പെടുത്തുന്നത് യുവതലമുറ മുമ്പത്തേക്കാള്‍ വേഗത്തില്‍ ജൈവശാസ്ത്രപരമായി വാര്‍ദ്ധക്യം പ്രാപിക്കുന്നുവെന്നാണ്. കൂടാതെ ഈ മാറ്റം ചെറുപ്രായത്തില്‍ തന്നെ കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും പഠനത്തില്‍ പറയുന്നുപുതിയ പഠനവുമായി ബന്ധപ്പെട്ട് കാര്‍ഡിയോളജിസ്റ്റ് ഡോ. അഫ്ഷിന് ഇമ്രാനി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പങ്കുവച്ച കുറിപ്പില്‍ യഥാര്‍ത്ഥ പ്രായവും നിങ്ങളുടെ ജൈവിക പ്രായവും തമ്മിലുള്ള വ്യത്യാസം കൂടുന്തോറും രോഗസാധ്യതയും വര്‍ദ്ധിക്കുമെന്ന് പറയുന്നു. യുകെയിലെ, യുകെ ബയോബാങ്കില്‍ നിന്നുള്ള 154,000-ത്തിലധികം ആളുകളുടെ രക്തസാമ്പിളുകളും യുഎസിലെ 'ഓള് ഓഫ് അസ്' ഗവേഷണ പരിപാടിയില്‍ നിന്നുള്ള 10,000-ത്തിലധികം ആളുകളുടെ ആരോഗ്യ ഡാറ്റയും ഗവേഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. 1950-കളില്‍ ജനിച്ചവരെയും 1965-നും 1974-നും 1990-നും ഇടയില്‍ ജനിച്ചവരെയും ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. പുതിയ തലമുറയില്‍ ജൈവിക വാര്‍ദ്ധക്യത്തിന്റെ നിരക്ക് മുമ്പത്തേക്കാള്‍ വളരെ വേഗത്തിലാണെന്ന് ഗവേഷണം കണ്ടെത്തിഗവേഷണ പ്രകാരം, ജൈവിക പ്രായവും യഥാര്‍ത്ഥ പ്രായവും തമ്മിലുള്ള വ്യത്യാസം കൂടുന്തോറും കാന്‍സറിനുള്ള സാധ്യതയും വര്‍ധിക്കുന്നു. രോഗപ്രതിരോധ സംവിധാനങ്ങള്‍ യഥാര്‍ത്ഥ പ്രായത്തില്‍ ഉണ്ടാവേണ്ടതിനേക്കാള്‍ ദുര്‍ബലമായി കാണപ്പെടുന്ന ആളുകള്‍ക്ക് ചെറുപ്പത്തില്‍ തന്നെ ശ്വാസകോശ അര്‍ബുദ സാധ്യത കൂടുതലാണെന്നും പഠനം കണ്ടെത്തി. കൊഴുപ്പ് കലകള്‍ വേഗത്തില്‍ വാര്‍ദ്ധക്യം പ്രാപിക്കുന്നവര്‍ക്ക് വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത കൂടുതലാണ്.
ഫോണ്‍ ചാര്‍ജ് ചെയ്ത ശേഷം ചാര്‍ജര്‍ പ്ലഗ് ഇന്‍ ചെയ്ത് വയ്ക്കാറുണ്ടോ?; എങ്കില്‍ ഇക്കാര്യം അറിഞ്ഞിരുന്നോളൂ.
സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കാത്തവര്‍ കുറവാണ്. എന്നാല്‍ നിങ്ങളില്‍ എത്രപേര്‍ ചാര്‍ജ് ചെയ്തതിന് ശേഷം ചാര്‍ജര്‍ അവിടെത്തന്നെ പ്ലഗ് ഇന്‍ ചെയ്ത് വയ്ക്കാറുണ്ട്. അത് പ്ലഗില്‍നിന്ന് വേര്‍പെടുത്തി വയ്ക്കാനുള്ള മടികൊണ്ടാവാം അല്ലേ?. എന്നാല്‍ ഈ ചെറിയ അശ്രദ്ധ ഗണ്യമായ വൈദ്യുതി നഷ്ടത്തിന് കാരണമാകുമെന്ന് നിങ്ങള്‍ക്ക് അറിയാമോ?.ഇങ്ങനെ ചെയ്യുമ്പോള്‍ ഫോണ്‍ ചാര്‍ജ് ചെയ്താലും ഇല്ലെങ്കിലും, വൈദ്യുതി ഉപഭോഗം തുടര്‍ന്നുകൊണ്ടേയിരിക്കും. ഒരു ചാര്‍ജര്‍ ഒരു വര്‍ഷം മുഴുവന്‍ പ്ലഗ് ഇന്‍ ചെയ്തുവച്ചാല്‍ ഏകദേശം 150 രൂപയുടെ വൈദ്യുതി നഷ്ടമായേക്കാം. ഈ ചെലവ് ക്രമേണ വര്‍ദ്ധിക്കുകയും വരുമാനത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുകയും ചെയ്യുംഎങ്ങനെയാണ് ചാര്‍ജര്‍ വൈദ്യുതി ഉപയോഗം വര്ധിപ്പിക്കുന്നത്ആവശ്യമില്ലാതെ ചാര്‍ജര്‍ പ്ലഗ് ഇന്‍ ചെയ്തിരിക്കുമ്പോള്‍, അത് വളരെ ചെറിയ അളവില്‍ മാത്രമേ വൈദ്യുതി ഉപയോഗിക്കുന്നുള്ളൂ. ഇതിനെ വാമ്പയര്‍ പവര്‍ അല്ലെങ്കില്‍ ഫാന്‍ഡം ലോഡ് എന്ന് വിളിക്കുന്നു. ഈ ഉപഭോഗം നിസ്സാരമാണെന്ന് തോന്നുമെങ്കിലും, പലരും ഇത്തരത്തില്‍ ചെയ്യുമ്പോള്‍ വൈദ്യുതി നഷ്ടം ഗണ്യമായി വര്‍ദ്ധിക്കുന്നു.വൈദ്യുതി പാഴാക്കലിന്റെ വര്‍ദ്ധിച്ചുവരുന്ന ആഘാതംഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകള്‍ സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുന്നു. അവരില്‍ പലര്‍ക്കും ഈ ശീലം ഉണ്ടെങ്കില്‍, അത് ഗണ്യമായ ഊര്‍ജ്ജ നഷ്ടത്തിലേക്ക് നയിച്ചേക്കാം. ഇത് പ്രതിവര്‍ഷം ആയിരക്കണക്കിന് കോടി രൂപയുടെ ഊര്‍ജ്ജം പാഴാക്കുന്നുവെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഇത് സാമ്പത്തിക സ്ഥിതിയെ മാത്രമല്ല, വൈദ്യുതി ഉത്പാദനത്തിനും പരിസ്ഥിതിക്കും അപകടകരമാണ്വൈദ്യുതി പാഴാക്കാതിരിക്കാനുള്ള വഴികള്‍ഫോണ്‍ ചാര്‍ജ് ചെയ്ത ശേഷം, ചാര്‍ജര്‍ ഉടന്‍ പ്ലഗില്‍നിന്ന് ഊരിവയ്ക്കണം.സ്വിച്ച് ഓഫ് ചെയ്ത ശേഷം, ചാര്‍ജര്‍ ഊരി മാറ്റി വയ്ക്കുക.രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജില്‍ വയ്ക്കരുത്.മള്‍ട്ടി-പ്ലഗ് സ്വിച്ച് ഉപയോഗിച്ച് എല്ലാ ഉപകരണങ്ങളും ഒരേസമയം ഓഫ് ചെയ്യുക.
തൈറോയ്ഡ് തകരാറിലാണോ?ഹൈപ്പോതൈറോയ്ഡിസവും ഹൈപ്പർതൈറോയ്ഡിസവും തിരിച്ചറിയാനുള്ള ലക്ഷണങ്ങൾ
ശരീരത്തിന്റെ മെറ്റബോളിസം പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഒന്നാണ് തൈറോയ്ഡ് ഗ്രന്ഥി. നമ്മുടെ ആരോഗ്യത്തെയും ഊർജ്ജസ്വലതയെയും നിലനിർത്താൻ ഈ ഗ്രന്ഥി കൃത്യമായി പ്രവർത്തിക്കേണ്ടതുണ്ട്. തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് ഹോർമോൺ ഉത്പാദിപ്പിക്കാതിരിക്കുന്ന അവസ്ഥയെ 'ഹൈപ്പോതൈറോയ്ഡിസം' (അണ്ടർആക്റ്റീവ് തൈറോയിഡ്) എന്നും, അമിതമായി ഹോർമോൺ ഉത്പാദിപ്പിക്കുന്ന അവസ്ഥയെ 'ഹൈപ്പർതൈറോയ്ഡിസം' (ഓവർആക്റ്റീവ് തൈറോയിഡ്) എന്നും വിളിക്കുന്നു. തുടക്കത്തിൽ പലരും ഈ ലക്ഷണങ്ങളെ മാനസിക സമ്മർദ്ദമോ ജീവിതശൈലിയിലെ മാറ്റങ്ങളോ ആണെന്ന് കരുതി അവഗണിക്കാറാണ് പതിവ്. എന്നാൽ കൃത്യമായ സമയത്ത് ഇത് തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കിൽ പെട്ടെന്നുള്ള ശരീരഭാര വ്യത്യാസം മുതൽ മാനസികാവസ്ഥയിലെ മാറ്റങ്ങൾ വരെ ശരീരത്തെ ഗുരുതരമായി ബാധിക്കാം. ഒരേ ഗ്രന്ഥിയെയാണ് ബാധിക്കുന്നതെങ്കിലും ഈ രണ്ട് അവസ്ഥകളുടെയും ലക്ഷണങ്ങൾ തികച്ചും വ്യത്യസ്തമാണ്. ശരീരത്തിലെ ഊർജ്ജ നില, താപനില, ഹൃദയത്തിന്റെ പ്രവർത്തനം, ഹോർമോൺ സന്തുലിതാവസ്ഥ, മെറ്റബോളിസം എന്നിവ നിയന്ത്രിക്കുന്നതിൽ തൈറോയ്ഡ് ഗ്രന്ഥിക്ക് വലിയ പങ്കുണ്ട്. അതിനാൽ തന്നെ രക്തത്തിലെ തൈറോയ്ഡ് ഹോർമോണിന്റെ അളവിലുണ്ടാകുന്ന നേരിയ വ്യതിയാനം പോലും ശരീരത്തിലുടനീളം പലവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും,1. ഹൈപ്പോതൈറോയ്ഡിസംതൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണിത്. ലക്ഷണങ്ങൾ വളരെ പതിയെ മാത്രം പ്രകടമാകുന്നതിനാൽ പലരും തങ്ങൾക്ക് ഈ രോഗമുണ്ടെന്ന കാര്യം തിരിച്ചറിയാറില്ല.പ്രധാന ലക്ഷണങ്ങൾകടുത്ത ക്ഷീണം2. അകാരണമായി ശരീരഭാരം കൂടുക3. ചർമ്മം വരണ്ടുപോവുക4. കഠിനമായ മുടികൊഴിച്ചിൽ5. മലബന്ധം6. മുഖത്ത് ഉണ്ടാകുന്ന വീക്കം7. തണുപ്പ് സഹിക്കാൻ കഴിയാതെ വരിക8. വിഷാദം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്9. രാത്രിയിൽ നന്നായി ഉറങ്ങിയാലും പകൽ സമയത്ത് കടുത്ത മടിയും ഉറക്കവും തോന്നുക10. ആർത്തവചക്രത്തിലെ വ്യതിയാനങ്ങൾ അല്ലെങ്കിൽ വന്ധ്യതാ പ്രശ്നങ്ങൾ2. ഹൈപ്പർതൈറോയ്ഡിസംതൈറോയ്ഡ് ഹോർമോൺ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണിത്. ഇത് മാനസികാരോഗ്യം, ദഹനം, ഹൃദയമിടിപ്പ് എന്നിവയെ പെട്ടെന്ന് ബാധിക്കുന്നു.പ്രധാന ലക്ഷണങ്ങൾനന്നായി ഭക്ഷണം കഴിച്ചിട്ടും ശരീരഭാരം അമിതമായി കുറയുക2. ഹൃദയമിടിപ്പ് അസാധാരണമായി വർദ്ധിക്കുക3. പെട്ടെന്ന് ദേഷ്യം വരിക, മൂഡ് സ്വിങ്സ്4. കൈകാലുകളിൽ ഉണ്ടാകുന്ന വിറയൽ5. അമിതമായി വിയർക്കുക6. ഉറക്കമില്ലായ്മ7. ചൂട് ഒട്ടും സഹിക്കാൻ കഴിയാതെ വരിക8. ഇടയ്ക്കിടെ മലവിസർജ്ജനം നടത്തേണ്ടി വരിക9. ചിലരിൽ കഴുത്തിന് ചുറ്റും വീക്കം10. കണ്ണുകൾ പുറത്തേക്ക് തള്ളി വരിക11. രോഗസാധ്യത ആർക്കാണ് കൂടുതൽ?പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്കാണ് തൈറോയ്ഡ് സംബന്ധമായ തകരാറുകൾ ഉണ്ടാകാൻ കൂടുതൽ സാധ്യത. രക്തപരിശോധനയിലൂടെ TSH, T₃, T₄ എന്നീ ഹോർമോണുകളുടെ അളവ് നോക്കിയാണ് തൈറോയ്ഡ് രോഗങ്ങൾ നിർണ്ണയിക്കുന്നത്. തൈറോയ്ഡ് വ്യതിയാനങ്ങൾ കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ അത് ഹൃദയത്തിന്റെ പ്രവർത്തനം, മെറ്റബോളിസം, അസ്ഥികളുടെ ആരോഗ്യം, പ്രത്യുത്പാദന ശേഷി, മാനസികാവസ്ഥ എന്നിവയെ ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ട്.
തൊട്ടാല്‍ പൊള്ളും ബീഫ്; 15-ാം തീയതി മുതല്‍ വില കൂടും
കോഴിക്കോട്: മലബാര്‍ മേഖലയില്‍ ഈ മാസം 15 മുതല്‍ ബീഫിന് വില കൂടും. ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ ജനറല്‍ ബോഡി യോഗമാണ് വിലകൂട്ടാനുള്ള തീരുമാനമെടുത്തത്. പുതുക്കിയ വിലയനുസരിച്ച് എല്ലുള്ളതിന് കിലോയ്ക്ക് 400 രൂപയും എല്ലില്ലാത്തതിന് കിലോയ്ക്ക് 460 രൂപയുമാകും. പഴയ നിരക്കനുസരിച്ച് എല്ലുള്ളതിന് കിലോയ്ക്ക് 340 രൂപയും എല്ലില്ലാത്തതിന് കിലോയ്ക്ക് 360 രൂപയുമായിരുന്നു വില.കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും കന്നുകാലികള്‍ക്ക് വില വര്‍ദ്ധിച്ചതാണ് ഇറച്ചിയുടെ വില വര്‍ദ്ധിക്കാന്‍ കാരണം.മാംസ വ്യാപാര മേഖലയിലെ ഉപോത്പ്പന്നങ്ങളായ തുകല്‍, എല്ല്, നെയ്യ് എന്നിവയ്ക്കുണ്ടായ വിലയിടിവും വില വര്‍ദ്ധിക്കാന്‍ കാരണമായി. മറ്റ് ജില്ലകളിലും സാഹചര്യമനുസരിച്ച് വില വര്‍ദ്ധിക്കും. നിലവില്‍ തെക്കന്‍ മേഖലകളില്‍ 520 മുതല്‍ 600 രൂപക്ക് വരെ കച്ചവടം ചെയ്യുന്നവരുണ്ട്.ട്രോളിങ് നിരോധനക്കാലമായതിനാൽ മത്സ്യലഭ്യത കുറഞ്ഞതോടെ മീൻവിലയും കുത്തനെ കൂടിയിട്ടുണ്ട്. മഴ കനത്തതോടെ ചെറുവള്ളങ്ങൾ കടലിലിറങ്ങുന്നത് കുറഞ്ഞിട്ടുണ്ട്. മത്തി കിലോയ്ക്ക് 600 രൂപയോളമാണ് നിലവിലെ വില.
കൈത്താങ്ങായി കായകൽപ്പം ജനസമ്പർക്കം : വയനാടിന് ഹെൽത്ത് പാക്കേജ് പ്രഖ്യാപിച്ച് മന്ത്രി കെ.മുരളീധരൻ
ആരോഗ്യ രംഗത്ത് വയനാട് ജില്ല നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ നിർദ്ദേശിച്ച് ജനകീയ ഇടപെടലായി ആരോഗ്യം - ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്റെ കായകൽപ്പം ജനസമ്പർക്ക പരിപാടി. ജില്ലയ്ക്കായി ഒരു ഡസനിൽ അധികം പദ്ധതികൾ ഉൾപ്പെടുന്ന പ്രത്യേക ഹെൽത്ത് പാക്കേജും മന്ത്രി പ്രഖ്യാപിച്ചു. വയനാട് കളക്ടറേറ്റിലെ എ.പി.ജെ ഹാളിൽ നടന്ന കായകൽപ്പം ജനസമ്പർക്ക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വയനാടിന്റെ ആരോഗ്യമേഖലയ്ക്ക് പുതുജീവൻ നൽകുന്ന കർമ്മ പദ്ധതികളാണ് മന്ത്രി പ്രഖ്യാപിച്ചത്.ജില്ലയിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ഉടനുണ്ടാകും. വയനാട് മെഡിക്കൽ കോളേജിന് നിലവിൽ മെഡിക്കൽ കോളേജിനായി കണ്ടെത്തിയ സ്ഥലം സംരക്ഷിത വനഭൂമിയായതിനാൽ അനിയോജ്യമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. മാനന്തവാടിയിൽ മറ്റൊരു സ്ഥലം ലഭ്യമാക്കാനുള്ള സാധ്യതകൾ തേടുകയാണ്. ഇക്കാര്യത്തിൽ വേഗത്തിൽ തീരുമാനമെടുത്ത് അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കിയില്ലെങ്കിൽ അടുത്ത വർഷം കോളേജിന് അംഗീകാരം നഷ്ടമാവുന്ന സ്ഥിതിയുണ്ടാവും. ഇത് തടയാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് എത്രയും വേഗം ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. വൈത്തിരി ആശുപത്രിയെ ജില്ലാ മാതൃകാ ആശുപത്രിയാക്കി ഉയർത്തും. ഇവിടെ ക്രിട്ടിക്കൽ കെയർ വിഭാഗത്തിന് ഉടൻ തറക്കല്ലിടും. ജില്ലയിലെ സർക്കാർ മേഖലയിലുള്ള എം.ആർ.ഐ സ്കാനിംഗ് അപര്യാപ്തത പരിഹരിക്കാൻ ഒരു പ്രധാന ആശുപത്രിയിൽ എം.ആർ.ഐ സ്കാനിംഗ് ഉടൻ സജ്ജമാക്കും. ജില്ലയിലെ എല്ലാ ആശുപത്രികളിലും മതിയായ തസ്തിക സൃഷ്ടിച്ച് ജീവനക്കാരെ നിയോഗിക്കും.മുടങ്ങിക്കിടക്കുന്ന ഫണ്ടുകൾ ലഭ്യമാക്കുന്നതും ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ നടപടിയുണ്ടാകും. ജില്ലാ മെഡിക്കൽ ഓഫിസിന് (ആരോഗ്യം) സ്വന്തമായി കെട്ടിടമില്ലാത്ത സാഹചര്യത്തിൽ ഓഫീസ് കെട്ടിടം നിർമ്മിക്കും. ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കി ഉയർത്തും. മനുഷ്യ - വന്യജീവി സംഘർഷം നിലനിൽക്കുന്ന സ്ഥലങ്ങളിൽ മൊബൈൽ മെഡിക്കൽ യൂണിറ്റ് സ്ഥാപിക്കും. ജില്ലയ്ക്ക് ഒരു സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രി ഉടനുണ്ടാകും. വയനാട് ക്യാൻസർ ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ വിശദമായ പഠനം നടത്തും. മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കമ്പളക്കാട് സ്വദേശി അനീഷിന്റെ കുടുംബത്തിന് ആരോഗ്യകിരണം പദ്ധതിവഴി ചികിത്സാ സഹായം നൽകുമെന്നും മന്ത്രി അറിയിച്ചു.ഷിഗെല്ല ഉൾപ്പെടെയുള്ള ജനജന്യ രോഗങ്ങൾ തടയുന്നതിന് ജലപരിശോധനകൾ കർശനമാക്കും. ആരോഗ്യ വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടൽ കൊണ്ട് നിപയുടെ വ്യാപനം ഫലപ്രദമായി തടയാനായി. കൂട്ടായ പ്രവർത്തനം കൊണ്ട് ഷിഗെല്ല നിയന്ത്രിക്കാനായെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ മേഖലയിലെ വെല്ലുവിളികൾ, പ്രതിസന്ധികൾ, ആരോഗ്യ രംഗത്ത് മുൻഗണനാടിസ്ഥാനത്തിൽ നടപ്പാക്കേണ്ട പദ്ധതി നിശ്ചയിക്കൽ എന്നിവയും മണ്ഡലാടിസ്ഥാനത്തിൽ ഉയർന്നു വരുന്ന അഭിപ്രായങ്ങളും നിർദേശങ്ങളും ഉൾപ്പെടുത്തി ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിനായി പദ്ധതി തയ്യാറാക്കുകയാണ് ജനസമ്പർക്ക പരിപാടിയുടെ ലക്ഷ്യം.ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഓരോ നിയമസഭാ മണ്ഡലത്തിന്റെയും അടിസ്ഥാനത്തിൽ പ്രത്യേക യോഗം നടത്തിയാണ് മന്ത്രി അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും കേട്ടത്. പരാതികളും നിർദേശങ്ങളും സ്വീകരിക്കാൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിരുന്നു.കൃഷി വകുപ്പ് മന്ത്രി അഡ്വ.ടി.സിദ്ദീഖ് അദ്ധ്യക്ഷനായി. വയനാടിന്റെ ആരോഗ്യമേഖലയുടെ താളംതെറ്റൽ പുനഃക്രമീകരിക്കാനാണ് ജനസമ്പർക്ക പരിപാടിയിൽ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വയനാടിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ സർക്കാർ ഒപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.എൽ.എമാരായ ഐ.സി ബാലകൃഷ്ണൻ, ഉഷ വിജയൻ, വയനാട് എം.പി പ്രിയങ്കാ ഗാന്ധിയുടെ പ്രതിനിധി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, വൈസ് പ്രസിഡന്റ് ടി. ഹംസ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ്, ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ, എൻ എച്ച് എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ അനു എസ് നായർ ഐ.എ എസ്., സബ് കളക്റ്റർ അതുൽ സാഗർ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി മീനാക്ഷി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. കെ.വി വിശ്വനാഥൻ, ഐ.എസ്.എം ഡയറക്ടർ ഡോ. പ്രീയ കെ.എസ്, ഹോമിയോ വകുപ്പ് ഡയറക്ടർ ഡോ. എം.പി ബീന, കല്പറ്റ വാർഡ് കൗൺസിലർ ദ്വീപ, എ ഡി എം കെ അജീഷ്, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ മൊയ്തീൻ ഷാ പി.എം, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ വി ആർ ഷീജ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

