Advertisement

വയനാട്ടിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം; അന്ത‍ർ സംസ്ഥാന യാത്രകൾക്കും നിയന്ത്രണം

കേന്ദ്ര കാലാവസ്ഥാ വകുപ്പ് വരും ദിവസങ്ങളിൽ ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ജില്ലയിലേക്കും ജില്ലയ്ക്ക് പുറത്തേക്കും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് അത്യാവശ്യമല്ലാത്ത അന്തർ സംസ്ഥാന യാത്രകൾക്കും നിയന്ത്രണം ഏ‍ർപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. അന്തർ സംസ്ഥാനത്ത് നിന്നും ജില്ലയിലേയ്ക്ക് വരുന്ന വാഹനങ്ങൾക്കും മറ്റ് ഹെവി വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് നീലഗിരി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായും ജില്ലാ കളക്ടർ അറിയിച്ചു. വയനാട്ടിലെ കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ നിയന്ത്രണം തുടരാൻ പൊലീസ്, മോട്ടോർ വാഹന വകുപ്പുകൾക്ക്  നിർദേശം നൽകി.

KALPETTA
News Image

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ കണ്ടത്തുവയൽ, പീച്ചങ്കോട് - അകമനച്ചാൽ പ്രദേശങ്ങളിൽ നാളെ (ഓഗസ്റ്റ് 5) രാവിലെ 8.30 മുതൽ 5.30വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും. കമ്പളക്കാട് സെക്ഷനു കീഴില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ചീങ്ങാടി, കൊളിപ്പറ്റ, താഴെ വരദൂർ, വരദൂർ മിൽക്ക്, പൊന്നങ്കര, പാടിക്കര, ചെമ്പകപ്പറ്റ, പൂളക്കൊല്ലി, ഒന്നാം മൈൽ ഭാഗങ്ങളിൽ നാളെ (ഓഗസ്റ്റ് 5) രാവിലെ ഒന്പത് മണി മുതല്‍ വൈകുന്നേരം ആറ് വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

ARIYIPPU
News Image

ആശ വർക്കർ നിയമനം

കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ ആശ വർക്കറെ നിയമിക്കുന്നു. പത്താം ക്ലാസ് യോഗ്യതയുള്ള 25 നും 45 നും മദ്ധ്യേപ്രായമുള്ള വിവാഹിതർക്ക് അപേക്ഷിക്കാം. ഏഴാം വാർഡിൽ താമസിക്കുന്നവർക്ക് മുൻഗണന. താത്പര്യമുള്ളവര്‍ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡാറ്റ എന്നിവയുമായി ഓഗസ്റ്റ് 13ന് രാവിലെ 11.30ന് കോട്ടത്തറ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 9947657005

ARIYIPPU
News Image
Advertisement

മോണ്ടിസോറി, പ്രീ - പ്രൈമറി ടീച്ചർ ട്രെയിനിങ്

കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ഓഗസ്റ്റിൽ ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസോറി, പ്രീ - പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എൽ.സി യോഗ്യതയുള്ള വനിതകൾക്കാണ് അവസരം. ഫോൺ: 7994449314

ARIYIPPU
News Image

തൊഴിലധിഷ്ഠിത കോഴ്സുകളിൽ പ്രവേശനം

മീനങ്ങാടി ഗവ. പോളി ടെക്നിക് കോളേജിൽ തുടർവിദ്യാഭ്യാസ കേന്ദ്രത്തിൽ ഓഗസ്റ്റിൽ ആരംഭിക്കുന്ന ആറ് മാസത്തെ റഫ്രിജറേഷൻ ആന്റ് എയർ കണ്ടീഷനിങ്, 10 മാസത്തെ ഇളക്ട്രിക്കൽ വയറിങ് ആന്റ് സർവീസിങ് കോഴ്സുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസാണ് യോഗ്യത. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‍മെന്റ് ലഭിക്കും. ഫോൺ: 9744134901, 9847699720

ARIYIPPU
News Image

മഴക്കെടുതി: ആരോഗ്യ വകുപ്പിന്‍റെ കൺട്രോൾ റൂം പ്രവര്‍ത്തനമാരംഭിച്ചു

മഴക്കെടുതി മൂലമുണ്ടാകുന്ന അടിയന്തര ആരോഗ്യ സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനും പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ആരോഗ്യ വകുപ്പ് കൺട്രോൾ റൂം ആരംഭിച്ചു. എലിപ്പനി, ജലജന്യ രോഗങ്ങൾ, മറ്റ് പകർച്ചവ്യാധികൾ എന്നിവ പടർന്നുപിടിക്കാതിരിക്കാൻ കൺട്രോൾ റൂം കേന്ദ്രീകരിച്ച് കർശന ജാഗ്രതയും പ്രതിരോധ നടപടികളും ഉറപ്പാക്കും. പൊതുജനങ്ങൾക്ക് അടിയന്തര വൈദ്യസഹായത്തിനും സംശയനിവാരണങ്ങൾക്കുമായി 04935 240390, 04936 206606, 8589001117 നമ്പറുകളിൽ ബന്ധപ്പെടാം.

ARIYIPPU
News Image

പെൻഷൻ ഗ്യാസ് മെസ്റ്ററിംഗ് ചെയ്യുന്നതിന് പ്രത്യേക കേന്ദ്രം ആരംഭിച്ചു

പടിഞ്ഞാറത്തറ:പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഉപഭോക്താക്കൾക്കും ഗ്യാസ് ഉപഭോക്താക്കൾക്കും സൗകര്യപൂർവ്വം ചെയ്യുന്നതിന് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ അക്ഷയ സെന്ററിന്റെ പ്രത്യേക മസ്റ്ററിങ് കേന്ദ്രം പടിഞ്ഞാറത്തറ ബസ്റ്റാൻഡിൽ ഗ്രാമപഞ്ചായത്തിന് താഴെയുള്ള സ്ഥലത്ത് ആരംഭിച്ചു. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെകെ അസ്മ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ജോസഫ് പുല്ലുമാരിയിൽ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയന്‍, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാജിത നൗഷാദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി.,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം വി ജോണി,നൗഷാദ് എംപി, ശ്രീജിത്ത്,ഷിബു,നജ്മത്ത്, സുഹറ പാലോളി,അസിസ്റ്റന്റ് സെക്രട്ടറി സോമൻ,അക്ഷയ സെന്റർ മാനേജർ അമീൻ തുടങ്ങിയവർ പങ്കെടുത്തു.

KALPETTA
News Image

കാസർഗോഡ്ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ആഗസ്റ്റ 5 ബുധൻ) അവധി

കാസർഗോഡ്കേന്ദ്ര കാലാവസ്ഥവ കുപ്പ് കാസറഗോഡ് ജില്ലയിൽ ഇന്ന് അതി തീവ്ര മഴയ്ക്കുള്ള റെഡ് അലർട്ടും നാളെ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുള്ളതിനാലും ശക്തമായ മഴയിൽ ജില്ലയിൽ പലയിടങ്ങളിലും ജലാശയങ്ങൾ കര കവിഞ്ഞൊഴുകി വെള്ളക്കെട് രൂപപ്പെട്ടതിനാലും മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ആഗസ്റ്റ് 5 ബുധൻ ) അവധി പ്രഖ്യാപിച്ചു. കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മദ്രസ ഉൾപ്പെടെ മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല 

KERALA
News Image

കുവൈത്തിലും സമീപ പ്രദേശങ്ങളിലും സ്ഫോടനങ്ങൾ, ചരക്ക് കപ്പലിന് നേരെയും ആക്രമണം; ക്രൂഡ് ഓയിൽ വിതരണത്തെ ബാധിക്കുമെന്ന് ആശങ്ക

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ മധ്യേഷ്യയിൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാകുന്നു. കുവൈത്തിലും സമീപ പ്രദേശങ്ങളിലും ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തതിനൊപ്പം ലോകത്തിലെ പ്രമുഖ ഊർജ ഗതാഗത പാതയായ ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെ ആക്രമണവുമുണ്ടായി. വടക്കൻ കുവൈത്തിലെ യുഎസ് സൈനിക കേന്ദ്രത്തിലാണ് സ്ഫോടനം നടന്നതെന്നാണ് പുറത്തുവരുന്ന വിവരം.ഇറാനുമായും കുവൈത്തുമായും അതിർത്തി പങ്കിടുന്ന ഇറാഖിലെ ബസ്ര പ്രവിശ്യയിൽ വലിയ തോതിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെ മേഖലയിലുടനീളം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കടൽപ്പാതകളിൽ ആക്രമണം ശക്തമായതോടെ അന്താരാഷ്ട്ര കപ്പൽ ഗതാഗത രംഗത്ത് സുരക്ഷയെ കുറിച്ച് വലിയ ആശങ്കയാണ് ഉയർന്നിരിക്കുന്നത്. ഹോർമുസ് കടലിടുക്കിൽ വെച്ച് കപ്പലിന് നേരെയുണ്ടായ ആക്രമണം ആഗോള ക്രൂഡ് ഓയിൽ വിതരണത്തെയും അന്താരാഷ്ട്ര വ്യാപാര മേഖലയെയും ബാധിക്കുമെന്ന ഭീതിയിലാണ് വിപണി. സ്ഥിതിഗതികൾ അന്താരാഷ്ട്ര ഏജൻസികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

GENERAL
News Image

'ഞാനൊന്ന് ഭക്ഷണം കഴിച്ചുപോയി, ഇനി കഴിക്കാതിരിക്കാം'; വിരുന്ന് വിവാദത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: വിരുന്ന് വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. ഹീനമായ അപവാദപ്രചരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. താനൊന്ന് ഭക്ഷണം കഴിച്ചുപോയെന്നും തെറ്റ് പറ്റിപ്പോയെന്നുമാണ് അദ്ദേഹം പറഞ്ഞത്. താന്‍ സല്‍ക്കാരത്തിന് അല്ല പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു.'അന്ന് രാവിലെ അഞ്ച് മണി മുതല്‍ റവന്യൂ മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ജില്ലയിലെ ചാര്‍ജുള്ള മന്ത്രിമാരെയും കളക്ടര്‍മാരെയും എംഎല്‍എമാരെയും ബന്ധപ്പെട്ടു. വരേണ്ട ആവശ്യമുണ്ടോയെന്ന് ഞാന്‍ ചോദിച്ചു. ഇല്ലെന്ന് അവര്‍ പറഞ്ഞു. മൂന്ന് മണിയായപ്പോള്‍ ഞാന്‍ ഭക്ഷണം കഴിച്ചുപോയി. 2018ലും 2019ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാനൊന്ന് ഭക്ഷണം കഴിച്ചുപോയി. അപവാദ പ്രചാരണമാണ് നടക്കുന്നത്. ഞാന്‍ ഭക്ഷണം കഴിക്കാന്‍ പാടില്ലേ, എന്തൊരു തെറ്റാണ്. ഭക്ഷണം കഴിച്ചു, തെറ്റ് പറ്റിപോയി. ഇനി മുതല്‍ ഭക്ഷണം കഴിക്കാതിരിക്കാം', മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

KERALA
News Image

കെ.ആലിക്കുട്ടി മുസ് ലിയാർ അനുസ്‌മരണ സംഗമം നടത്തി

ജ്ഞാനത്തിൻ്റെ ആഴിയിൽ വിരാജിച്ചപ്പോഴും ലാളിത്യത്തിൻ്റെ കൊടുമുടി കീഴടക്കിയ സമകാലിക കേരളത്തിൻ്റെ ആത്മീയവും ബൗദ്ധികവുമായ മുന്നേറ്റങ്ങളിൽ വഴി വിളക്കായി ശോഭിച്ച മഹത് ജീവിതമായിരുന്നു സമസ്‌ത ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ് ലിയാരുടേതെന്ന് ടി വി അബ്ദുറഹ് മാൻ ഫൈസി പറഞ്ഞു. കമ്പളക്കാട് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിച്ച അനുസ്‌മരണ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വെണ്ണിയോട് ദാറുൽ ഹുദാ മദ്റസയിൽ നടന്ന ചടങ്ങിൽ മുഫത്തിശ് പി എം മുസ്‌തഫ ഫൈസി അധ്യക്ഷനായി. മഹല്ല് ഖത്തീബ് സിദ്ദീഖ് ഫൈസി കണ്ണൂർ ഉദ്ഘാടനം ചെയ്തു. മഹല്ല് ഭാരവാഹികളായ പി കെ മൊയ്തു , എം അബൂബക്കർ, കെ കെ മമ്മൂട്ടി , വി.കെ അസീസ് , സ്വദ്ർ മുഅല്ലിം മുഹമ്മദ് ബിലാൽ അസ്ഹരി, മുദരിബ് അബ്ദുല്ലത്തീഫ് വാഫി , ശംസുദ്ദീൻ ദാരിമി,പി ഇബ്രാഹിം മൗലവി, അബ്ബാസ് വാഫി, ഷാജഹാൻ ഫൈസി സംസാരിച്ചു . കെ മുഹമ്മദ് കുട്ടി ഹസനി പ്രാർഥനക്ക് നേതൃത്വം നൽകി. ഹാരിസ് ബാഖവി സ്വാഗതവും ശാഫി ഫൈസി നന്ദിയും പറഞ്ഞു

KALPETTA
News Image

വയനാട് ജില്ലയില്‍ 28 ദുരിതാശ്വാസ ക്യാമ്പുകളിലായി 424 കുടുംബങ്ങള്‍

ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്ന് 28 ദുരിതാശ്വാസ ക്യാമ്പുകളിലായി 424 കുടുംബങ്ങളിലെ 1347 പേരെ മാറ്റി താമസിപ്പിച്ചു. ഇതില്‍ 475 പുരുഷന്മാരും 541 സ്ത്രീകളും 331 കുട്ടികളും 79 പ്രായമായവരും അഞ്ച് ഭിന്നശേഷിക്കാരും നാല് ഗര്‍ഭിണികളുമാണുള്ളത്. വൈത്തിരി താലൂക്കില്‍ 15, മാനന്തവാടി താലൂക്കില്‍ 10, സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ മൂന്നും ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.വൈത്തിരി താലൂക്കിലെ കാപ്പുുവയല്‍ ജി.എല്‍.പി സ്‌കൂള്‍, സുഗന്ധഗിരി ഗവ യു.പി സ്‌കൂള്‍, മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജ്, മുട്ടില്‍ ഡബ്ല്യു.എം.ഒ ഓര്‍ഫനേജ് യു.പി സ്‌കൂള്‍, ചുണ്ടേല്‍ എച്ച്.ഐ.എം സ്‌കൂള്‍, ഇടിയംവയല്‍ കമ്മ്യൂണിറ്റി ഹാള്‍, മേപ്പാടി ജയ്ഹിന്ദ് അങ്കണവാടി, തരിയോട് ഗവ ഹൈസ്‌കൂള്‍, മുണ്ടേരി ജി.വി.എച്ച്.എസ് സ്‌കൂള്‍, അച്ചൂരാനം ജി.എല്‍.പി സ്‌കൂള്‍, തെക്കുംതറ എ.യു.പി സ്‌കൂള്‍, കരിങ്കുറ്റി ഗവ വൊക്കേഷനില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പരളിക്കുന്ന് ഗവ യു.പി സ്‌കൂള്‍, പരിയാരം ഗവ ഹൈസ്‌കൂള്‍, തെക്കുംതറ അമ്മ സഹായം യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. മാനന്തവാടി താലൂക്കില്‍ പുളിഞ്ഞാല്‍ ഗവ. ഹൈസ്‌കൂള്‍, മക്കിയാട് ഹോളി ഫെയ്സ് സ്‌കൂള്‍, പേരിയ ജി.യു.പി സ്‌കൂള്‍, തലപ്പുഴ ഗവ. യു.പി സ്‌കൂള്‍, കൈതകൊല്ലി ഗവ. യു.പി സ്‌കൂള്‍, കുഞ്ഞോം എ.യു.പി സ്‌കൂള്‍, വരടിമൂല അങ്കണവാടി, ഇല്ലത്തുവയല്‍ അങ്കണവാടി, തിരുനെല്ലി എസ്.എ.യു.പി.എസ്, വള്ളിയൂര്‍ക്കാവ് എന്‍.എം.യു.പി.എസ് എന്നിവിടങ്ങളിലാണ് ക്യാമ്പുകളുള്ളത്.സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ശ്രേയസ്, കല്ലിങ്കര ജി.യു.പി സ്‌കൂള്‍, നടവയല്‍ സെന്റ് തോമസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.

KALPETTA
News Image

സുഗന്ധഗിരി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മന്ത്രി ടി. സിദ്ദീഖ് സന്ദര്‍ശിച്ചു

വൈത്തിരി :ശക്തമായ മഴയെ തുടര്‍ന്ന് വയനാട് സുഗന്ധഗിരി ഗവ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി. സിദ്ദീഖ് സന്ദര്‍ശിച്ചു. ക്യാമ്പില്‍ കഴിയുന്ന കുടുംബങ്ങളുമായി മന്ത്രി നേരിട്ട് സംസാരിച്ച് അവരുടെ ക്ഷേമവും ആവശ്യങ്ങളും വിലയിരുത്തി. ഭക്ഷണം, കുടിവെള്ളം, ആരോഗ്യ സൗകര്യങ്ങള്‍ ഉള്‍പ്പെടെ ക്യാമ്പിലേക്ക് ആവിശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സമയബന്ധിതമായി ഉറപ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

KALPETTA
News Image

മഴ മുന്നറിയിപ്പ്; ജില്ലാ പോലിസ് കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി.

വയനാട് ജില്ലയിൽ വരും ദിവസങ്ങളിൽ അതീതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലിസ് കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. ജില്ലാ പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും കണ്ട്രോൾ റൂം പ്രവർത്തിക്കും. പോലിസ് സഹായത്തിനായി പൊതുജനങ്ങൾക്ക് 04936-202521, 9497980833 എന്നീ നമ്പറുകളിലോ എമർജൻസി ഹെൽപ്‌ ലൈൻ നമ്പരായ 112 ലോ ബന്ധപ്പെടാവുന്നതാണ്.പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പോലീസ് അറിയിച്ചു. മണ്ണിടിച്ചിൽ ഭീഷണി ഉൾപ്പെടെയുള്ള ദുരന്തസാധ്യതയുള്ളതിനാൽ മലയോരമേഖലകളിൽ താമസിക്കുന്നവർ ശ്രദ്ധിക്കണം. കനത്ത മഴയെ തുടർന്ന് ജലാശയങ്ങളിൽ പെട്ടെന്ന് വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയോരത്ത് താമസിക്കുന്ന ജനങ്ങളും ജാഗ്രത പാലിക്കേണ്ടതാണ്. തീവ്ര മഴയത്ത് നദികളിലോ വെള്ളക്കെട്ടുകളിലോ ഇറങ്ങാൻ ശ്രമിക്കരുത്. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കുക. സുരക്ഷിതയിടങ്ങളിലേക്ക് മാറുക. അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അറിയിച്ചു.

KALPETTA
News Image

കള്ളാടി മണ്ണിടിച്ചില്‍: അപകടത്തില്‍പ്പെട്ടവര്‍ക്ക് 49.25 ലക്ഷം രൂപയുടെ ധനസഹായം കൈമാറി

കള്ളാടി തുരങ്കപാത നിര്‍മ്മാണ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും സര്‍ക്കാര്‍ അനുവദിച്ച 49,25,000 രൂപയുടെ ധനസഹായം കൈമാറി. അപകടത്തില്‍ മരണപ്പെട്ട എട്ട് പേരുടെ ചന്ദ്രബാന്‍ (മദ്ധ്യപ്രദേശ്), ബികാഷ് കുമാര്‍ (ബീഹാര്‍), അന്‍മോല്‍ (ജാര്‍ഖണ്ഡ്), ബിക്രം സിംഗ് റാണ (ഹിമാചല്‍ പ്രദേശ്), രാഹുല്‍ ശര്‍മ (ഹിമാചല്‍ പ്രദേശ്), മുഹമ്മദ് ഇംറാന്‍ അന്‍സാരി (ബീഹാര്‍), രാകേഷ് ഗുച്ചൈത് (പശ്ചിമബംഗാള്‍), അസ്ഹറുദ്ദീന്‍ അന്‍സാരി (ഉത്തര്‍പ്രദേശ്) കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ആകെ 40 ലക്ഷം രൂപ കൈമാറി. ഗുരുതരമായി പരിക്കേറ്റ നാല് പേര്‍ക്ക് സൂരജ് യാദവ്, സഞ്ജയ് ഠാക്കൂര്‍, രജനീഷ് റാവത്ത്, ദിലീപ് യാദവ് രണ്ട് ലക്ഷം രൂപ വീതം എട്ട് ലക്ഷവും സാരമായി പരിക്കേറ്റ അഞ്ച് പേര്‍ക്ക് ടി.കെ.കുഞ്ചു, ഹിര്‍ കുമാര്‍, തന്മയ് ഘോഷ്, കൂടമ്മാല്‍, സന്തോഷ് കുമാര്‍ 25,000 രൂപ വീതം ആകെ 1,25,000 രൂപ അനുവദിച്ചു. ദുരന്ത ബാധിതരുടെ ബാങ്ക് അകൗണ്ടുകളിലേക്ക് പണം കൈമാറിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

ARIYIPPU
News Image

ശ്വാസകോശാര്‍ബുദ ദിനാചരണം: പരിശോധനാ ക്യാമ്പ് നടത്തി

നടവയല്‍: ശ്വാസകോശാര്‍ബുദ ദിനാചരണത്തിന്റെ ഭാഗമായി എയിംസ്‌വേ ഡെവലപ്‌മെന്റ് സൊസൈറ്റി പൂതാടി യൂണിറ്റും ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജും സംയുക്തമായി ജൂബിലി ഹാളില്‍ ബോധവത്കരണ ക്ലാസും സൗജന്യ പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എയിംസ്‌വേ ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ സുപ്രിയ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യ ലിഷു, വാര്‍ഡ് അംഗം ബിജു, ഫാ.വിന്‍സന്റ് കളപ്പുരയ്ക്കല്‍, എയിംസ്‌വേ യൂണിറ്റ് പ്രസിഡന്റ് ധന്യ പ്രദീഷ്, സെക്രട്ടറി അനില്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ഓങ്കോളജി വിഭാഗം മേധാവി ഡോ.എ.കെ. രാധിക വിഷയാവതരണം നടത്തി

KALPETTA
News Image

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: കേസ് കെട്ടിച്ചമച്ചതെന്ന് പ്രതികളുടെ ബന്ധുക്കൾ; പോലീസ് മേധാവിക്ക് പരാതി നൽകി

മാനന്തവാടി: 16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി എന്ന പേരിൽ പോലീസെടുത്ത കേസ് തികച്ചും അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന ആരോപ ണവുമായി പ്രതികളുടെ ബന്ധുക്കൾ രംഗത്ത്. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനും മാനന്തവാടി പോലീസും ചേർന്ന് ഗൂഢാലോചന നടത്തിയതാണെന്ന് ആരോപിച്ച് കേസിൽ പ്രതിയായ അജിത് കുമാറിൻ്റെ അമ്മ പോലീസ് മേധാവി ക്ക് പരാതി നൽകി. കഴിഞ്ഞ ജൂലൈ 12ന് രാത്രിയാണ് കേസിനാസ്‌പദമായ സംഭവം. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി എന്ന് കാണിച്ച് അച്ഛൻ നൽകിയ പരാതിയിൽ മാനന്തവാടി പോലീസ് (ക്രൈം നമ്പർ 721/2026) കേസ് രജിസ്റ്റർ ചെയ്യുകയും ആറുപേരെ അറസ്റ്റ് ചെയ്‌ത് റിമാൻഡ് ചെയ്യുക യും ചെയ്തിരുന്നു. എന്നാൽ അന്നേദിവസം അത്തരം കുറ്റകൃത്യങ്ങളൊന്നും നടന്നിട്ടില്ലെന്നാണ് പ്രതിഭാഗത്തിൻ്റെ വാദം. ജൂലൈ 12ന് രാത്രി 9 മണിക്ക് സുഹൃ ത്തായ ജനീലിയക്കൊപ്പം രക്ഷിതാക്കളുടെ അറിവോടെയും സമ്മതത്തോടെയു മാണ് പെൺകുട്ടി ഭക്ഷണം കഴിക്കാൻ ഇറങ്ങിയത്. ജനീലിയ മുൻപും ഈ വീട്ടിൽ താമസിച്ചിട്ടുള്ള അടുത്ത സുഹൃത്താണ്. തട്ടിക്കൊണ്ടുപോയെന്നോ ഭീഷ ണിപ്പെടുത്തിയെന്നോ തെളിയിക്കുന്ന സന്ദേശങ്ങളൊന്നും മൊബൈൽ ഫോണു കളിൽനിന്ന് ലഭിച്ചിട്ടില്ല. പെൺകുട്ടിക്ക് നേരെ ശാരീരികമോ മാനസികമോ ആയ അതിക്രമങ്ങളോ നിർബന്ധിച്ച് മദ്യപിപ്പിക്കലോ ഉണ്ടായിട്ടില്ല. അപകടം നടന്ന വിവരം 13ന് തന്നെ വീട്ടുകാർ അറിഞ്ഞിട്ടും കേസ് കൊടുത്തിരുന്നില്ല. എന്നാൽ അപകടത്തിന് ശേഷം സോഷ്യൽ മീഡിയയിൽ ലഹരി മാഫിയ ബന്ധം ആരോ പിച്ച് വാർത്തകൾ വന്നതോടെ, പെൺകുട്ടിക്കെതിരെ നിയമനടപടി ഉണ്ടാകുമെന്ന ഭയത്താലാണ് അച്ഛൻ വ്യാജ പരാതി നൽകിയതെന്നും പ്രതിഭാഗം ആരോപിക്കുന്നു.

MANANTHAVADY
News Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; പുതുക്കിയ മുന്നറിയിപ്പ് പ്രകാരം കനത്ത മഴ തുടരും, 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റു ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. അതേസമയം, നാളെ 10 ജില്ലകളിലും യെല്ലോ അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. നിലവിൽ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. പത്തനംതിട്ടയിലെ സാഹചര്യം അതീവ ഗുരുതരമാണ്.

KERALA
News Image

പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡ് ഗതാഗതയോഗ്യമാക്കണം; ന്യൂസ്പേപ്പർ ഏജൻ്റ് ആൻ്റ് വിതരണ തൊഴിലാളി യൂണിയൻ

താമരശ്ശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്പത്രവിതവിതരണത്തിനും പലപ്പോഴും തടസ്സം നേരിടുന്നതിനാലുംവയനാട് ജില്ലയിലെ യാത്രക്കാരുടെ യാത്ര പ്രശനം പരിഹരിക്കുന്നതിന്പൂഴിതോട് പടിഞ്ഞാറത്തറ റോഡ് യാഥാർത്ഥ്യമാക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ന്യൂസ്പേപ്പർ ഏജൻ്റ് ആൻ്റ് വിതരണ തൊഴിലാളി യൂണിയൻ (എസ്ടിയു)വയനാട് ജില്ലാ കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടുയോഗത്തിൽ വയനാട് ജില്ലാ കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.കെ ടി കുഞ്ഞബ്ദുള്ളപടിഞ്ഞാറത്തറ(പ്രസിഡണ്ട്),പി.വി.സമദ്മാനന്തവാടി(ജനറൽസെക്രട്ടറി),അലിക്കുഞ്ഞ് ഇരുളം(ട്രഷറർ),മൊയ്തു പാലമൊക്ക്(വൈ.പ്രസി)തുടങ്ങിയവരാണ് ഭാരവാഹികൾ.

KALPETTA
News Image

ഇനി അമേരിക്കയും ഇറാനും തീരുമാനിക്കും! കേരളത്തിൽ മാറ്റമില്ലാതെ സ്വർണം, വെള്ളി വിലകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇക്കഴിഞ്ഞ ശനിയാഴ്ച്ച രേഖപ്പെടുത്തിയ അതേ വില തന്നെയാണ് നിലവിൽ തുടരുന്നതെന്ന് കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഗ്രാമിന് 13,220 രൂപയും പവന് 1,05,760 രൂപയുമാണ് ഇന്ന് കേരളത്തിലെ സ്വർണ വില. 18 കാരറ്റ് സ്വ‍ർണത്തിന് ഗ്രാമിന് 10,860 രൂപയും പവന് 86,880 രൂപയുമാണ് വില വരുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വലിയ വില വർധനവ് ഉണ്ടാകാത്തത് കൊണ്ടാണ് കേരളത്തിലും വില മാറ്റമില്ലാതെ തുടരുന്നത്. കേരളത്തിലെ വെള്ളി വിലയിലും മാറ്റമില്ലാതെ തുടരുന്നു. നിലവിൽ, കേരളത്തിൽ ഒരു ഗ്രാം വെളളിക്ക് 235 രൂപയും 10 ഗ്രാമിന് 2350 രൂപയും ആണ് വില.

KERALA
News Image