ജനനത്തീയതി ചോദിച്ച് വാട്സ്ആപ്പ്; ഇന്ത്യയിൽ പുതിയ നിയന്ത്രണങ്ങളോ?
തിരുവനന്തപുരം :ജനപ്രിയ മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് ഇന്ത്യയിലെ ചില ഉപയോക്താക്കളോട് ജനനത്തീയതി നൽകാൻ ആവശ്യപ്പെടുന്നതായി റിപ്പോർട്ട്. ഇതോടെ രാജ്യത്ത് ഭാവിയിൽ പ്രായപരിശോധനാ സംവിധാനങ്ങൾ കൊണ്ടുവരുന്നതിനുള്ള മുന്നൊരുക്കമാണോ ഇതെന്ന ചർച്ചകൾ സജീവമായി.ടിപ്സ്റ്ററായ അഭിഷേക് യാദവ് സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച സ്ക്രീൻഷോട്ടിലൂടെയാണ് ഈ വിവരം പുറത്തുവന്നത്. വാട്സ്ആപ്പിൽ ഉപയോക്താക്കളോട് ജനനത്തീയതി ചേർക്കാൻ ആവശ്യപ്പെടുന്ന സന്ദേശമാണ് സ്ക്രീൻഷോട്ടിലുള്ളത്. "വരാനിരിക്കുന്ന ഇന്ത്യൻ നിയമങ്ങളുടെ ഭാഗമായാണ് ഇത് ആവശ്യപ്പെടുന്നത്" എന്ന സൂചനയും സന്ദേശത്തിലുണ്ടെന്നാണ് റിപ്പോർട്ട്.എന്നാൽ, വാട്സ്ആപ്പോ ഇന്ത്യൻ സർക്കാരോ പുതിയ പ്രായപരിശോധനാ നിർബന്ധം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. അതിനാൽ നിലവിൽ പുറത്തുവരുന്ന വിവരങ്ങൾ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളായി മാത്രമേ പരിഗണിക്കാനാകൂ.
മഴക്കെടുതി: ‘മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകും, പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കും’; മുഖ്യമന്ത്രി
സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്ന് സർക്കാർ. പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും. വീടുകളും, കൃഷിയും, ജീവനോപാധികളും നഷ്ടപ്പെട്ടവർക്ക് സർക്കാർ മതിയായ സഹായം നൽകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ റവന്യൂ മന്ത്രിയുമായും ജില്ലകളുടെ ഏകോപന ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടങ്ങളുമായും മുഖ്യമന്ത്രി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഏഴ് മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ആറു പേരെ കാണാതായി. കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ വിവിധ സേനാവിഭാഗങ്ങൾ ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും സഹായത്തോടെ തുടരുന്നുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.സംസ്ഥാനത്തൊട്ടാകെ 65 ദുരുതാശ്വാസ ക്യാമ്പുകൾ തുറന്നു. 1465 പേർ ക്യാമ്പുകളിലുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള സജ്ജീകരണം ഏർപ്പെടുത്തയിട്ടുണ്ട്. 17 വീടുകൾ പൂർണമായും 127 വീടുകൾ ഭാഗികമായും തകർന്നു. രക്ഷാ പ്രവർത്തനത്തിനായി മറ്റു ജില്ലകളിൽ നിന്നും വള്ളങ്ങൾ ആവശ്യാനുസരണം എത്തിച്ചു. വിവിധ അണക്കെട്ടുകളിലെ നീരൊഴുക്ക് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. മലയോര മേഖലകളിൽ ജാഗ്രത തുടരണം. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ മേഖലയിൽ കഴിഞ്ഞ 35 മണിക്കൂറിനിടെ 340 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. വയനാട് മേപ്പാടിയിൽ 177 മില്ലി മീറ്റർ മഴ പെയ്തു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജമാണ്. സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശിച്ചു.
മഴക്കെടുതി; സംസ്ഥാനത്താകെ 8 മരണം, 8പേരെ കാണാനില്ല, 13 പേർ ചികിത്സയിലെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി റിപ്പോർട്ട്
സംസ്ഥാനത്തെ മഴക്കെടുതിയുമായി ബന്ധപ്പെട്ട പുതിയ കണക്കുകൾ പുറത്ത് വിട്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. മഴക്കെടുതിയിൽ സംസ്ഥാനത്താകെ ആകെ 8 പേർ മരിച്ചതായും എട്ട് പേരെ കാണാതായെന്നും കണക്കുകൾ പറയുന്നു. 13 പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. 27 വീടുകൾ പൂർണ്ണമായും196 വീടുകൾക്ക് ഭാഗികമായും തകർന്നു. 209 ക്യാമ്പുകളിലായി 5792 പേരെ മാറ്റിപ്പാർപ്പിച്ചെന്നും കണക്കുകൾ പറയുന്നു.
കനത്ത മഴയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞു
പള്ളിക്കൽ: പള്ളിക്കൽ രണ്ടേനാൽ എള്ളുമന്ദം റോഡിൽ ഇസായിൽറസീന ദമ്പതികളുടെ വീടിന്റെ പരിസരത്തിലേക്ക് സമീപത്ത് നിർമാണ ത്തിലിരിക്കുന്ന വീടിന്റെ സംരക്ഷണ ഭിത്തി മറിഞ്ഞു വീണു. ഇന്ന് പുലർച്ചെ 3 മണിക്ക് ശബ്ദം കേട്ട് ഉണർന്ന റസീനയും മകളും ഭാഗ്യം കൊണ്ടുമാത്രമാണ് അപകടത്തിൽ നിന്നും രക്ഷപെട്ടതെന്ന് വീട്ടുകാർ പറഞ്ഞു. വീടിന്റെ മുന്നിൽ നിർത്തിയ കാർ ഭാഗികമായി തകർന്നു. ഇവരുടെ വീടിന് വിള്ളലുമുണ്ടായിട്ടുണ്ട്. പഞ്ചായത്ത് അധികൃതരുടെ നിർദ്ദേശ പ്രകാരം ഇസ്മാഈലും കുടുംബവും വാടക വീട്ടിലേക്ക് മാറാൻ ഒരുങ്ങുകയാണ്.
താമരശ്ശേരി ചുരത്തിൽ ബൊലറോ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം
ചുരം ഒമ്പതാം വളവിന് താഴെ ഭാഗത്ത് ബൊലറോജിപ്പ് കൊക്കയിലേക്ക് പതിച്ചു.യാത്രക്കാർക്ക് പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം ജില്ലയിലുള്ളവരാണ് അപകടത്തിൽ പെട്ടത്.യാത്രക്കാർ സുരക്ഷിതരാണ്. ഹൈവേ പോലീസും ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും സ്ഥലത്തെത്തി.
വയനാട് ജില്ലയില്‍ 28 ക്യാമ്പുകളിലായി 1328 പേരെ മാറ്റി താമസിപ്പിച്ചു
ജില്ലയില്‍ മഴക്കെടുതിയെ തുടർന്ന് 28 ദുരിതാശ്വാസ ക്യാമ്പുകളിലായി 1328 പേരെ മാറ്റി താമസിപ്പിച്ചു. വൈത്തിരി, മാനന്തവാടി, സുൽത്താൻ ബത്തേരി താലൂക്കുകളിൽ വെള്ളപൊക്കം- മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളിലെ ആളുകളെയാണ് മാറ്റിതാമസിപ്പിച്ചത്. ക്യാമ്പുകളിൽ 414 കുടുംബങ്ങളിലെ 1328 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. 465 പുരുഷന്മാരും 533 സ്ത്രീകളും 330 കുട്ടികളും 73 പ്രായമായവരും അഞ്ച് ഭിന്നശേഷിക്കാരും നാല് ഗർഭിണികളെയുമാണ് ക്യാമ്പിലേക്ക് മാറ്റിയത്. വൈത്തിരി താലൂക്കിൽ 15 ഉം മാനന്തവാടി താലൂക്കിൽ പത്തും സുൽത്താൻ ബത്തേരി താലൂക്കിൽ മൂന്നും ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. വൈത്തിരി താലൂക്കിലെ കാപ്പുവയല്‍ ജി.എൽ.പി സ്കൂൾ, സുഗന്ധഗിരി ഗവ യു.പി സ്കൂള്‍, മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജ്, മുട്ടിൽ ഡബ്ല്യു.എം.ഒ ഓർഫനേജ് യു.പി സ്കൂൾ, ചുണ്ടേൽ എച്ച്.ഐ.എം സ്കൂൾ, ഇടിയംവയൽ കമ്മ്യൂണിറ്റി ഹാൾ, മേപ്പാടി ജയ്ഹിന്ദ് അങ്കണവാടി, തരിയോട് ഗവ ഹൈസ്കൂൾ, മുണ്ടേരി ജി.വി.എച്ച്.എസ് സ്കൂൾ, അച്ചൂരാനം ജി.എൽ.പി സ്കൂൾ, തെക്കുംതറ എ.യു.പി സ്കൂൾ, കരിങ്കുറ്റി ഗവ വൊക്കേഷനിൽ ഹയർ സെക്കൻഡറി സ്കൂൾ, പരളിക്കുന്ന് ഗവ യു.പി സ്കൂൾ, പരിയാരം ഗവ ഹൈസ്കൂൾ, തെക്കുംതറ അമ്മ സഹായം യു.പി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്.മാനന്തവാടി താലൂക്കിൽ പുളിഞ്ഞാൽ ഗവ. ഹൈസ്കൂൾ, മക്കിയാട് ഹോളി ഫെയ്സ് സ്കൂൾ, പേരിയ ജി.യു.പി സ്കൂൾ, തലപ്പുഴ ഗവ. യു.പി സ്കൂൾ, കൈതകൊല്ലി ഗവ. യു.പി സ്കൂൾ, കുഞ്ഞോം എ.യു.പി സ്കൂൾ, വരടിമൂല അങ്കണവാടി, ഇല്ലത്തുവയൽ അങ്കണവാടി, തിരുനെല്ലി എസ്.എ.യു.പി.എസ്, വള്ളിയൂർക്കാവ് എൻ.എം.യു.പി.എസ് എന്നിവിടങ്ങളിൽ ക്യാമ്പുകൾ തുറന്നു. സുൽത്താൻ ബത്തേരി താലൂക്കിൽ ശ്രേയസ്, കല്ലിങ്കര ജി.യു.പി സ്കൂൾ, നടവയൽ സെൻ്റ് തോമസ് ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്.*കാലവർഷക്കെടുതി: ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകന യോഗം*കാലവർഷത്തെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ എം.എൽ.എ ഐ.സി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ സുൽത്താൻ ബത്തേരിയിൽ അവലോകന യോഗം ചേർന്നു. അപകട ഭീഷണിയുള്ള പ്രദേശങ്ങളിലെ മണ്ണിടിച്ചിൽ സാധ്യതകളും ഭൂവിള്ളലുകളും പരിശോധിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയോട് ശുപാർശ ചെയ്യാൻ യോഗം തീരുമാനിച്ചു. അപകട സാധ്യത നേരിടുന്ന കുടുംബങ്ങളെ അനുയോജ്യമായ പുനരധിവാസ പദ്ധതികളിൽ ഉൾപ്പെടുത്തി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാന്നുള്ള നടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് എം.എൽ.എ നിർദേശം നൽകി.ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന എല്ലാവർക്കും യഥാസമയം ഭക്ഷണം, കുടിവെള്ളം, ആരോഗ്യപരിരക്ഷ, ശുചിത്വം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുകയാണ് പ്രധാനം. അപകട പ്രദേശങ്ങളിലുള്ളവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിച്ച് ആവശ്യമായ സാഹചര്യങ്ങളിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറാൻ തയ്യാറാകണമെന്നും എം.എൽ.എ അറിയിച്ചു.സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ, തഹസിൽദാർ വി. ആർ ജയപ്രകാശ്, ഡി.വൈ.എസ്.പി. എൻ. രാജേഷ് കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ആരോഗ്യ, റവന്യൂ, പൊലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ, വില്ലേജ് ഓഫീസർമാർ, സ്റ്റേഷൻ ഹൗസ് ഓഫീസർമാർ യോഗത്തിൽ പങ്കെടുത്തു.
മഴക്കെടുതിയിൽ തരിയോടും
കാവുംമന്ദം: തരിയോട് പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. വെള്ളപ്പൊക്ക ഭീഷണിയിൽ തയ്യിൽ, പൊയിൽ നിവാസികളെ തരിയോട് ജി എൽ പി സ്കൂളിലും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന കമ്പനിക്കുന്ന് നിവാസികളെ തരിയോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലും ആണ് ക്യാമ്പ് തുടങ്ങി താമസിപ്പിച്ചത്. ഏതാനും കുടുംബങ്ങൾ ബന്ധു വീടുകളിലേക്കും മാറി താമസിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വീടുകൾക്ക് കേടുപാടുകളും ചെറിയ രീതിയിലുള്ള മണ്ണിടിച്ചിലുകളും ഉണ്ടായിട്ടുണ്ട്. നിലവിൽ മറ്റ് അപകടങ്ങൾ ഇല്ല. ജനപ്രതിനിധികളും വില്ലേജ്, പഞ്ചായത്ത് ജീവനക്കാരും സന്നദ്ധപ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
മുൻ മന്ത്രി വീണജോർജിനെ ആക്രമിച്ചെന്ന കേസ്; തുടരന്വേഷണത്തിന് തീരുമാനം, എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും
കണ്ണൂരിൽ മുൻമന്ത്രി വീണജോർജിനെ ആക്രമിച്ചുവെന്ന കേസിൽ തുടരന്വേഷണത്തിന് തീരുമാനം. വീണ ജോർജിനെ കെഎസ്യു പ്രവത്തകർ ആയുധം കൊണ്ട് ആക്രമിച്ചുവെന്നായിരുന്നു പരാതി. പിന്നീട് ആയുധം ഒഴിവാക്കിയിരുന്നു. പ്രതികളായ കെഎസ്യു പ്രവർത്തകർ നൽകിയ പരാതിലാണ് തുടരന്വേഷണം നടത്താനുള്ള സർക്കാർ തീരുമാനം. എസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കും. ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രി നിർദ്ദേശം നൽകിക്കഴിഞ്ഞു. ഉത്തരവ് നാളെ ഇറങ്ങും. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവവികാസങ്ങളുണ്ടായത്.ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചെന്നായിരുന്നു മുൻ മന്ത്രിയുടെ ഗണ്‍മാന്റെ പരാതി. എന്നാൽ കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തുംതള്ളും മാത്രമാണ് ഉണ്ടായതെന്ന് വീണാ ജോർജിന്റെ മൊഴി നൽകുകയായിരുന്നു. കേസില്‍ കെഎസ്യുക്കാരായ അഞ്ച് പ്രതികള്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയാണ് രണ്ടാഴ്ചയിലധികം ജയിലില്‍ അടച്ചത്. പ്രമാദമായ കേസില്‍ തെരഞ്ഞെടുപ്പ് കഴിയും വരെ മന്ത്രി മൊഴി നല്‍കിയിരുന്നില്ല.
ഓണക്കാല റേഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും; ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്
റേഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. മഞ്ഞ കാര്‍ഡിന് 30 കിലോ അരിയും രണ്ട് കിലോ ഗോതമ്പും സൗജന്യമായും മൂന്ന് പാക്കറ്റ് ആട്ട ഏഴ് രൂപാ നിരക്കിലും ലഭിക്കും. പിങ്ക് കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായും ആട്ട ഒന്‍പത് രൂപാ നിരക്കിലും ലഭിക്കും. ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അതിനായി സര്‍ക്കാര്‍ വിപണിയില്‍ ഫലപ്രദമായി ഇടപെടുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു. നീല കാര്‍ഡില്‍ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപയ്ക്കും രണ്ട് കിലോ സ്പെഷല്‍ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപയ്ക്കും മൂന്ന് കിലോ അരി 10.90 രൂപാ നിരക്കിലും ലഭിക്കും. താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാര്‍ഡിന് നാല് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപയ്ക്ക് നല്‍കും. വെള്ള കാര്‍ഡിന് ഏഴ് കിലോ അരി കിലോയ്ക്ക് 10.90 രൂപാ നിരക്കിലും സ്പെഷല്‍ വിഹിതമായി രണ്ട് കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപയ്ക്കും ലഭിക്കും. താലൂക്കിലെ സ്റ്റോക്ക് അനുസരിച്ച് കാര്‍ഡിന് നാല് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപയ്ക്ക് ലഭിക്കും. ഇതിനുപുറമേ വെള്ള, നീല, തവിട്ട് കാര്‍ഡുകള്‍ക്ക് അധികവിഹിതമായി പരമാവധി 10 കിലോ അരി 26 രൂപ നിരക്കില്‍ ഈ മാസം 10 മുതല്‍ ലഭിക്കും.
വയനാട് ജില്ലയില്‍ 23 ക്യാമ്പുകളിലായി 1068 പേരെ മാറ്റി താമസിപ്പിച്ചു
ജില്ലയില്‍ മഴക്കെടുതി തുടർന്ന് 23 ദുരിതാശ്വാസ ക്യാമ്പുകളിലായി 1068 പേരെ മാറ്റി താമസിപ്പിച്ചു. വൈത്തിരി, മാനന്തവാടി, സുൽത്താൻ ബത്തേരി താലൂക്കുകളിൽ വെള്ളപൊക്കം- മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളിലെ ആളുകളെയാണ് മാറ്റിതാമസിപ്പിച്ചത്. ക്യാമ്പുകളിൽ 324 കുടുംബങ്ങളിലെ 1068 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. 379 പുരുഷന്മാരും 407 സ്ത്രീകളും 246 കുട്ടികളും 32 പ്രായമായവരും മൂന്ന് ഗർഭിണികളും ഭിന്നശേഷി വിഭാഗത്തിലെ ഒരാളെയുമാണ് ക്യാമ്പിലേക്ക് മാറ്റിയത്. വൈത്തിരി താലൂക്കിൽ 14 ഉം മാനന്തവാടി താലൂക്കിൽ ആറും സുൽത്താൻ ബത്തേരി താലൂക്കിൽ മൂന്നും ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. വൈത്തിരി താലൂക്കിലെ കാപ്പുവയല്‍ ജി.എൽ.പി സ്കൂൾ, സുഗന്ധഗിരി ഗവ യു.പി സ്കൂള്‍, മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജ്, മുട്ടിൽ ഡബ്ല്യു.എം.ഒ ഓർഫനേജ് യു.പി സ്കൂൾ, ചുണ്ടേൽ എച്ച്.ഐ.എം സ്കൂൾ, ഇടിയംവയൽ കമ്മ്യൂണിറ്റി ഹാൾ, മേപ്പാടി ജയ്ഹിന്ദ് അങ്കണവാടി, തരിയോട് ഗവ ഹൈസ്കൂൾ, മുണ്ടേരി ജി.വി.എച്ച്.എസ് സ്കൂൾ, അച്ചൂരാനം എൽ.പി സ്കൂൾ, തെക്കുംതറ എയുപി സ്കൂൾ, കരിങ്കുറ്റി ഗവ വൊക്കേഷനിൽ ഹയർ സെക്കൻഡറി സ്കൂൾ, പള്ളിക്കുന്ന് ഗവ യുപി സ്കൂൾ, പരിയാരം ഗവ ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്.മാനന്തവാടി താലൂക്കിൽ പുളിഞ്ഞാൽ സ്കൂൾ, മക്കിയാട് ഹോളി ഫെയ്സ് സ്കൂൾ, പേരിയ ജി.യു.പി സ്കൂൾ, തലപ്പുഴ ഗവ യുപി സ്കൂൾ, കൈതകൊല്ലി ഗവ യുപി സ്കൂൾ, കുഞ്ഞോം എ യുപി സ്കൂൾ, എന്നിവിടങ്ങളിൽ ക്യാമ്പുകൾ തുറന്നു. സുൽത്താൻ ബത്തേരി താലൂക്കിൽ ശ്രേയസ്, കല്ലിങ്കര ജി.യു.പി സ്കൂൾ, നടവയൽ സെൻ്റ് തോമസ് ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്.
മുത്തങ്ങയിൽ വൻ ലഹരിവേട്ട; 51 ഗ്രാം എം.ഡി.എം.എയുമായി 16-കാരനടക്കം നാലുപേർ പിടിയിൽ
മുത്തങ്ങ : ലഹരിക്കെതിരെയുള്ള 'ഓപ്പറേഷൻ തൂഫാൻ' ദൗത്യത്തിന്റെ ഭാഗമായി മുത്തങ്ങ പോലീസ് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 51.350 ഗ്രാം എം.ഡി.എം.എയുമായി 16 വയസ്സുകാരൻ ഉൾപ്പെടെ നാലുപേരെ പോലീസ് പിടികൂടി. കൽപ്പറ്റ മണിയങ്കോട് സ്വദേശി ബി. വിഷ്ണു (30), കുപ്പാടി പഴേരി സ്വദേശി മുഹമ്മദ് അൻസിൽ (21), വെള്ളമുണ്ട നാരോക്കടവ് സ്വദേശി സി.എസ്. അമൽ (33) എന്നിവർക്കൊപ്പമാണ് പ്രായപൂർത്തിയാകാത്ത ബാലനെയും പോലീസ് കസ്റ്റഡിയിലെടുത്തത്.കർണാടക ഭാഗത്തുനിന്നും വരികയായിരുന്ന ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ തടഞ്ഞുനിർത്തി ദേഹപരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ വിഷ്ണുവിന്റെ അരക്കെട്ടിൽ ഒളിപ്പിച്ച നിലയിലാണ് മാരക ലഹരിമരുന്നായ എം.ഡി.എം.എ കണ്ടെടുത്തത്. ജില്ലാ ലഹരിവിരുദ്ധസ്ക്വാഡും ബത്തേരി പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.ബത്തേരി സബ് ഇൻസ്പെക്ടർ കെ. ശ്രീതുവിന്റെ നേതൃത്വത്തിൽ എ.എസ്.ഐ അജികുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ് ബാബു, രാജു, ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങൾ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
ഡ്രൈവർക്ക് ദേഹാസ്വസ്ഥ്യം നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് ഇലക്ട്രിക്കൽ പോസ്റ്റിലിടിച്ചു
എടവക അമ്പലവയൽ ജംഗ്ഷന് സമീപമാണ് അപകടം. അപകടത്തിൽ വീടിൻ്റെ സംരക്ഷണമതിലിനും കേടുപാടുകൾ സംഭവിച്ചു. ഡ്രൈവർ അനിൽ കുമാറിനെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആർക്കും പരിക്കില്ല.
പോത്തിറച്ചി വില കുതിക്കുന്നു; കയറ്റുമതിയില്‍ ആദ്യ 3 രാജ്യങ്ങളില്‍ ഇന്ത്യയും; നേട്ടമുണ്ടാക്കി യുപിയും ഹരിയാനയും
കാര്‍ഷികോത്പന്നങ്ങളുടെ കയറ്റുമതിയില്‍ പോത്ത്, എരുമ ഇറച്ചിക്ക് വില കുതിക്കുന്നു. അഗ്രികള്‍ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോര്ട് ഡെവലപ്മെന്റ് അതോറിറ്റിയുടെ കണക്കനുസരിച്ച് ആ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഏകദേശം 1,493 മില്യണ്‍ ഡോളറിന്റെ ബഫലോ മീറ്റാണ് വിവിധ രാജ്യങ്ങളിലേക്ക് കയറ്റിയയച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 896 മില്യണ്‍ ഡോളിനാണ് കയറ്റുമതി ചെയതത്. ഇതില്‍ കൂടുതലും ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ്.കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ എപിഇഡിഎയുടെ പരിധിയിലുള്ള കാര്‍ഷികോത്പന്നങ്ങളില്‍ പോത്തിറച്ചി, ബസുമതിയല്ലാത്ത അരി, ബസുമതി അരി എന്നിവയുടെ കയറ്റുമതി മൂല്യം ഏകദേശം 7,641 ബില്യണ്‍ ഡോളറായിരുന്നു. ഇതും മുന്‍വര്‍ഷത്തേക്കാള്‍ കൂടുതലാണ്. 2026ലെ ആഗോള ബീഫ് കയറ്റുമതി പട്ടികയില്‍ ബ്രസീല്‍, ഓസ്ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്.വിയറ്റ്നാം, മലേഷ്യ, ഈജിപ്ത്, ഇന്തൊനേഷ്യ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും പോത്തിറച്ചി കയറ്റുമതി ചെയ്യുന്നത്. പോത്തിറച്ചി എന്ന പരിധിയില്‍ വരുന്ന പശു, കാള, ക്ടാവ് എന്നിവയുടെ കയറ്റുമതി ചെയ്യുന്നത് രാജ്യത്തു നിരോധിച്ചിട്ടുണ്ട്. അതേസമയം, പോത്തിറച്ചി, പോള്‍ട്രി, ആട്ടിറച്ചി എന്നിവ വലിയ തോതില്‍ കയറ്റുമതി ചെയ്യുന്നുണ്ട്.
എച്ച്എസ്എസ്ടി റഷ്യൻ നിയമനം
തിരുവനന്തപുരം, വെള്ളനാട് ജി. കാർത്തികേയൻ സ്മാരക വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി (ജൂനിയർ) റഷ്യൻ തസ്തികയിലേക്ക് താത്കാലിക അധ്യാപക നിയമനം നടത്തുന്നു. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 14ന് രാവിലെ 11.30 ന് സ്കൂൾ ഓഫീസിൽ അഭിമുഖത്തിനെത്തണം. ഫോണ്‍: 0472 2882032.
സ്പെയിനിലേക്ക് പോകുന്നോ? ഈ 10 തെറ്റുകൾ ചെയ്താൽ പിഴ ലക്ഷങ്ങൾ; യാത്രയ്ക്ക് മുമ്പ് അറിയാം
ലോകത്തിലെ ഏറ്റവും കൂടുതൽ സന്ദർശകരെ ആകർഷിക്കുന്ന രാജ്യങ്ങളിലൊന്നാണ് സ്പെയിൻ. എന്നാൽ വിനോദസഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ പൊതുസ്ഥലങ്ങളിലെ അച്ചടക്കലംഘനങ്ങൾ നിയന്ത്രിക്കാൻ സ്പെയിനിലെ വിവിധ നഗരങ്ങളും പ്രാദേശിക ഭരണകൂടങ്ങളും കർശന നിയമങ്ങളാണ് നടപ്പാക്കുന്നത്. യാത്രയ്ക്ക് മുമ്പ് പ്രാദേശിക നിയമങ്ങൾ അറിയാതെ പോയാൽ വലിയ പിഴകൾ നേരിടേണ്ടി വന്നേക്കാം. സ്പെയിനിലെ പല നഗരങ്ങളിലും നിയമങ്ങൾ ഒരുപോലെയല്ല. പ്രത്യേകിച്ച് ബാഴ്സലോണ, മല്ലോർക്ക, ഇബിസ, ബെനിഡോം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രാദേശിക ചട്ടങ്ങൾ കർശനമായി നടപ്പാക്കുന്നുണ്ട്. അതിനാൽ യാത്രക്കാർ സന്ദർശിക്കുന്ന സ്ഥലത്തെ നിയമങ്ങൾ മുൻകൂട്ടി പരിശോധിക്കുന്നത് സുരക്ഷിതമാണ്.1. പൊതുസ്ഥലങ്ങളിൽ മദ്യപിച്ചാൽ പിഴതെരുവുകളിലും ചില പൊതുസ്ഥലങ്ങളിലും മദ്യപിക്കുന്നത് സ്പെയിനിലെ പല മേഖലകളിലും നിയന്ത്രിച്ചിട്ടുള്ളതാണ്. പ്രത്യേകിച്ച് ബാലിയാറിക് ദ്വീപുകൾ പോലുള്ള വിനോദസഞ്ചാര മേഖലകളിൽ നിയമലംഘനം നടത്തിയാൽ സ്ഥലത്തുവെച്ചുതന്നെ പിഴ ചുമത്താൻ സാധിക്കും. ചില പ്രദേശങ്ങളിൽ പിഴ ആയിരക്കണക്കിന് യൂറോ വരെ ഉയരാം.2. ബീച്ചിൽ പുകവലി സൂക്ഷിക്കണംസ്പെയിനിലെ നിരവധി ബീച്ചുകളിൽ പുകവലിക്ക് നിയന്ത്രണമുണ്ട്. ചില പ്രദേശങ്ങളിൽ സിഗരറ്റ് വലിക്കുന്നതിനും ബീച്ചിൽ മാലിന്യം ഉപേക്ഷിക്കുന്നതിനും പിഴ ചുമത്തുന്നുണ്ട്. പുതിയ പുകയില നിയന്ത്രണ നിർദേശങ്ങൾ പ്രകാരം ബീച്ചുകൾ ഉൾപ്പെടെയുള്ള കൂടുതൽ തുറന്ന ഇടങ്ങളിൽ പുകവലി നിരോധനം വ്യാപിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.3. ബീച്ച് ഷവറിൽ സോപ്പ് ഉപയോഗിക്കരുത്കടൽത്തീരത്തെ ഷവറുകളിൽ സോപ്പ്, ഷാംപൂ തുടങ്ങിയവ ഉപയോഗിക്കുന്നത് ചില നഗരങ്ങളിൽ നിരോധിച്ചിട്ടുണ്ട്. ജല മലിനീകരണം ഒഴിവാക്കാനാണ് ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.4. ബീച്ചിൽ സ്ഥലം പിടിച്ചിടുന്നത് പ്രശ്നമാകാംഅനുമതിയില്ലാതെ കുട, കസേര തുടങ്ങിയവ ഉപയോഗിച്ച് ബീച്ചിൽ വലിയ സ്ഥലം കൈവശപ്പെടുത്തുന്നതും ചില പ്രദേശങ്ങളിൽ നിയമവിരുദ്ധമായി കണക്കാക്കുന്നു. പ്രാദേശിക ചട്ടങ്ങൾ അനുസരിച്ച് പിഴ ലഭിക്കാം.5. സ്വിംവെയറിൽ നഗരത്തിലൂടെ നടക്കുന്നത് ഒഴിവാക്കുകബീച്ചിന് പുറത്തുള്ള നഗരവീഥികളിൽ സ്വിംസ്യൂട്ട് മാത്രം ധരിച്ച് നടക്കുന്നത് ചില വിനോദസഞ്ചാര നഗരങ്ങളിൽ നിരോധിച്ചിട്ടുണ്ട്. പൊതുശീലങ്ങളും നഗരത്തിന്റെ അന്തരീക്ഷവും സംരക്ഷിക്കാനാണ് ഈ നിയന്ത്രണം.6. അമിത ശബ്ദവും രാത്രി ബഹളവും ഒഴിവാക്കണംഹോട്ടലുകളിലും താമസസ്ഥലങ്ങളിലും രാത്രി സമയത്ത് അമിത ശബ്ദമുണ്ടാക്കി മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയാൽ പിഴ നേരിടേണ്ടിവരും. പ്രത്യേകിച്ച് വിനോദസഞ്ചാര മേഖലകളിൽ ശബ്ദ നിയന്ത്രണ നിയമങ്ങൾ കർശനമാണ്.7. പൊതുമുതൽ നശിപ്പിച്ചാൽ നടപടിപൊതു സ്ഥലങ്ങളിലെ സൗകര്യങ്ങൾ നശിപ്പിക്കൽ, ചുമരുകളിൽ എഴുത്തുകൾ വരയ്ക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കും സ്പെയിനിൽ കർശന നടപടിയുണ്ട്.8. ലഹരിവസ്തു ക്കളുടെ കാര്യത്തിൽ ജാഗ്രതഅനധികൃത ലഹരിവസ്തുക്കളുടെ കൈവശംവെക്കലും ഉപയോഗവും ഗുരുതര കുറ്റമാണ്. പൊതുസ്ഥലങ്ങളിൽ ഇത്തരം വസ്തുക്കളുമായി പിടിക്കപ്പെട്ടാൽ നിയമനടപടികൾ നേരിടേണ്ടി വരാം.9. പ്രാദേശിക നിയമങ്ങൾ അറിയാതെ യാത്ര ചെയ്യരുത്സ്പെയിനിലെ ഓരോ നഗരത്തിനും സ്വന്തം നിയമങ്ങളുണ്ട്. ബാഴ്സലോണയിലെ നിയമങ്ങൾ മാഡ്രിഡിൽ നിന്ന് വ്യത്യസ്തമായിരിക്കാം. അതിനാൽ യാത്രയ്ക്ക് മുമ്പ് സന്ദർശിക്കുന്ന നഗരത്തിന്റെ ഔദ്യോഗിക നിർദേശങ്ങൾ പരിശോധിക്കുന്നത് നല്ലതാണ്.10. വിനോദം ആസ്വദിക്കുമ്പോൾ നിയമം മറക്കരുത്സ്പെയിൻ യാത്ര കൂടുതൽ മനോഹരമാക്കാൻ പ്രാദേശിക സംസ്കാരത്തെയും നിയമങ്ങളെയും മാനിക്കുക എന്നതാണ് പ്രധാന കാര്യം. ചെറിയൊരു അശ്രദ്ധ പോലും വലിയ പിഴയിലേക്കും യാത്രാ ബുദ്ധിമുട്ടുകളിലേക്കും നയിക്കാം.
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് സ്മാരകം ഒരുങ്ങും; പ്രഖ്യാപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് സ്മാരകം നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രം ദേശീയ സെമിനാര്‍ സമാപന സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ച് ഭാവി തലമുറയ്ക്ക് പഠിക്കാന്‍ ഇടം ഉണ്ടാകണമെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ 17ാം ചരമവാര്‍ഷികമായിരുന്നു ഇന്ന്. പാണക്കാട് തങ്ങളുടെ ഓര്മ ദിവസത്തില്‍ വൈകാരികമായ ഓര്മക്കുറിപ്പാണ് പി കെ കുഞ്ഞാലിക്കുട്ടി പങ്കുവെച്ചത്. അല്‍ അസ്ഹറിലെ പഠനം കഴിഞ്ഞ് തങ്ങള്‍ നാട്ടിലെത്തിയത് മുതല്‍ ഒരുമിച്ചുണ്ടായ ബന്ധമാണ് 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലച്ചുപോയതെന്ന് കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. പാണക്കാട് തങ്ങള്‍ ഒരേ സമയം വഴികാട്ടിയും ജ്യേഷ്ഠ സഹോദരനുമായിരുന്നുവെന്നും അദ്ദേഹം കുറിച്ചു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട വേളയിലടക്കം സമാധാനവും സൗഹാര്‍ദ്ദവും നിലനിര്‍ത്താന്‍ ശിഹാബ് തങ്ങള്‍ സ്വീകരിച്ച ദീര്‍ഘവീക്ഷണമുള്ള തീരുമാനങ്ങളെക്കുറിച്ചും കുഞ്ഞാലിക്കുട്ടി ഓര്‍മിച്ചു.
മഴ: വയനാട് ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
ജില്ലയില്‍ മഴ ശക്തമായി തുടരുന്നതിനാല്‍ വെള്ളപൊക്ക-മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളിലെ ആളുകളെ മാറ്റിതാമസിപ്പിക്കുന്നതിന് വൈത്തിരി, മാനന്തവാടി താലൂക്കുകളിലായി എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. എട്ട് ക്യാമ്പുകളിലായി 76 കുടുംബങ്ങളിലെ 181 പേരെയാണ് മാറ്റി താമസിപ്പിച്ചിട്ടുള്ളത്. വൈത്തിരി താലൂക്കിലെ കാപ്പുവയല്‍ ഗവ എല്‍.പി സ്കൂള്‍, സുഗന്ധഗിരി യു.പി സ്കൂള്‍, അച്ചൂരാനം എല്‍.പി സ്കൂള്‍, കുട്ടമംഗലം ഓര്‍ഫനേജ് സ്കൂള്‍, എച്ച്.ഐ.എം സ്കൂള്‍, മുട്ടില്‍ ഡബ്ല്യൂ.എം.ഒ ഓര്‍ഫനേജ് സ്കൂള്‍, മാനന്തവാടി താലൂക്കിലെ പുളിഞ്ഞാല്‍ സ്കൂള്‍, മക്കിയാട് ഹോളി ഫെയ്സ് സ്കൂളുകളിലാണ് നിലവില്‍ ക്യാമ്പ് ആരംഭിച്ചത്.
അഡ്മിഷൻ ആരംഭിച്ചു.
കെൽട്രോണിൻ്റെ സുൽത്താൻ ബത്തേരി നോളജ് സെന്ററിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ടീച്ചേർസ് ട്രെയിനിംഗ് , കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് , ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് , ഡിപ്ലോമ ഇൻ ടാലി ആന്‍ഡ് ഫോറിൻ അക്കൗണ്ടിങ് മാനേജെന്റ്, വേർഡ് പ്രോസസ്സിംഗ് ആന്‍ഡ് ഡാറ്റ എൻട്രി, ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആന്‍ഡ് സേഫ്റ്റി തുടങ്ങിയ കോഴ്സുകളിലേക് അഡ്മിഷൻ ആരംഭിച്ചു. താല്പര്യമുള്ളവർ ചുങ്കം ഐശ്വര്യ മാളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ട് എത്തി അഡ്മിഷൻ നേടണം. ഫോണ്‍- 7902281422, 8606446162.
ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും മാറ്റി
ജില്ലയിൽ വനം വന്യ ജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നം. 211/2025, 213/25, 214/25) തസ്തികയിലേക്ക് ഓഗസ്റ്റ് നാല്, അഞ്ച് തിയ്യതികളിൽ സുൽത്താൻബത്തേരി സെൻ്റ് മേരീസ് കോളേജ് ഗ്രൗണ്ടിൽ നടത്താൻ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റി. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
എക്സൈസ് വകുപ്പ് കൺട്രോൾ റൂം ആരംഭിച്ചു.
ഓണാഘോഷത്തോടനുബന്ധിച്ച് അബ്കാരി/എൻ.ഡി.പി.എസ് മേഖലയിൽ ഉണ്ടാകാൻ സാധ്യതയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് എക്സൈസ് വകുപ്പ് ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതായി ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. കൽപ്പറ്റയിലെ എക്സൈസ് ഡിവിഷൻ ഓഫീസ് കേന്ദ്രമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. അബ്കാരി/എൻ.ഡി.പി.എസ് എന്നിവയുമായി ബന്ധപ്പെട്ട ഉല്‍പ്പാദനം, വിൽപന, കടത്ത് സംബന്ധിച്ചുള്ള പരാതികളും വിവരങ്ങളും 04936-288215 എന്ന നമ്പറിലും 1800 425 2848 എന്ന ടോൾഫ്രീ നമ്പറിലും വിളിച്ചറിയിക്കാം. എക്സൈസ് കൺട്രോൾ റൂം കൽപ്പറ്റ-04936-288215, എക്സൈസ് റെയിഞ്ച് ഓഫീസ്, കൽപ്പറ്റ-04936-208230, എക്സസ് സർക്കിൾ ഓഫീസ്, കൽപ്പറ്റ- 04936-202219, എക്സൈസ് റെയിഞ്ച് ഓഫീസ്. മാനന്തവാടി- 04935-244923, എക്സൈസ് സർക്കിൾ ഓഫീസ്. മാനന്തവാടി-04935-240012, എക്സൈസ് റെയിഞ്ച് ഓഫീസ്, ബത്തേരി, 04936-227227, എക്സൈസ് സർക്കിൾ ഓഫീസ് ബത്തേരി-04936-248190, എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്, മീനങ്ങാടി- 04936-246180, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ-9447178064, അസി.എക്സൈസ് കമ്മിഷണർ- 9496002872, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, കൽപ്പറ്റ- 9400069663, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, മാനന്തവാടി-9400069667, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, സു. ബത്തേരി- 9400069665, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, സ്പെഷ്യൽ സ്ക്വാഡ്- 9400069666, എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ, കൽപ്പറ്റ- 9400069668, എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ, മാനന്തവാടി- 9400069670, എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ, സുൽത്താൻ ബത്തേരി- 9400069669

