അതിശക്തമായ മഴ വരുന്നു, മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും സാധ്യത
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, വയനാട്, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ നാല് ദിവസം അതിശക്തമായ മഴയ്ക്കാണ് സാധ്യത. വെള്ളിയും ശനിയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.കള്ളക്കടൽ ജാഗ്രത നിർദേശംകള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ നാളെ പുലർച്ചെ 05.30 വരെ 1.0 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കന്യാകുമാരി തീരത്ത് നാളെ രാത്രി 11.30 വരെ 1.2 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
ലോകകപ്പിന്റെ താരത്തെ സ്വന്തമാക്കാൻ റയല്‍ മാഡ്രിഡ്, സ്പാനിഷ് ക്യാപ്റ്റനെ ടീമിലെത്തിക്കാൻ മുന്നോട്ടുവെച്ചത് വമ്പൻ ഓഫര്‍
മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് മധ്യനിര താരം റോഡ്രിയെ ടീമിലെത്തിക്കാനുള്ള ഔദ്യോഗിക നീക്കങ്ങൾ ആരംഭിച്ച് റയൽ മാഡ്രിഡ്. മാഞ്ചസ്റ്റര്‍ സിറ്റി മാനേജ്മെന്റുമായി റയൽ മാഡ്രിഡ് ആദ്യഘട്ട ചർച്ചകൾ ആരംഭിച്ചതായി പ്രമുഖ കായിക മാധ്യമപ്രവർത്തകൻ ഫബ്രിസിയോ റൊമാനോ വെളിപ്പെടുത്തി. റയൽ പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് പച്ചക്കൊടി കാണിച്ചതോടെയാണ് മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ട്രാൻസ്ഫർ നീക്കങ്ങൾക്ക് വേഗം കൂടിയത്.സ്പെയിനിനായുള്ള ലോകകപ്പ് വിജയം ഉൾപ്പെടെയുള്ള മികച്ച പ്രകടനങ്ങൾക്ക് പിന്നാലെ റോഡ്രിയെ ക്ലബ്ബിലെത്തിക്കുക എന്നത് റയൽ മാഡ്രിഡിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമായി മാറിയിരിക്കുകയാണ്. 50 ദശലക്ഷം യൂറോയിലധികം (ഏകദേശം 450 കോടിയിലധികം രൂപ) തുക വാഗ്ദാനം ചെയ്ത് കരാർ ഉറപ്പിക്കാനാണ് റയൽ മാഡ്രിഡ് തയ്യാറെടുക്കുന്നത്.
പോക്സോ ; പ്രതിക്ക് തടവും പിഴയും
പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. മേപ്പാടി കാപ്പംകൊല്ലി പന്തലം കുന്നേൽ വീട്ടിൽ പി.എ റഷീദ് (50) നെയാണ് 5 വർഷത്തെ തടവിനും 50000 രൂപ പിഴ യടക്കാനും കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പഷ്യൽ കോടതി ജഡ്ജ് കെ.ആർ സുനിൽ കുമാർ ശിക്ഷിച്ചത്. 2022 ഏപ്രിലിൽ ഇയാൾ പ്രായപൂർത്തിയാവാത്ത കുട്ടി ക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ കൽപ്പറ്റ സ്റ്റേഷൻ ഇൻന്ത്പക്ടർ എസ്. എച്ച്.ഓ ആയിരുന്ന പി. പ്രമോദ് കേസിൽ അന്വേ ഷണം നടത്തി കോടതി മുൻപാകെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രോസിക്ക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി.ബബിത ഹാജരായി.
ശ്രേയസ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി
പാമ്പള :പാമ്പള യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് സാമുവേൽ അബ്രഹാം അധ്യക്ഷത വഹിച്ചു.അമ്പലവയൽ സബ് ഇൻസ്പെക്ടർ എൽദോ സാർ ക്ലാസ്സിന് നേതൃത്വം നൽകി.യൂണിറ്റ് സി ഡി ഒ സുനി ജോബി,ആൻസി,ജിൻസി എന്നിവർ സംസാരിച്ചു.
ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതല്‍; 21ന് സ്കൂള്‍ അടയ്ക്കും
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഓഗസ്റ്റ് 13ന് ഓണപ്പരീക്ഷ തുടങ്ങും. എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലാണ് 13ന് പരീക്ഷ തുടങ്ങുക. ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 14നാണ് പരീക്ഷ തുടങ്ങുക.രാവിലെയും ഉച്ചയ്ക്കുമാണ് പരീക്ഷ നടത്തുക. 15 മിനിറ്റ് കൂള്‍ ഓഫ് ടൈം. രാവിലെ 10 മുതലാണ് പരീക്ഷ. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ടു മണിക്കും മറ്റുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.30നും പരീക്ഷ തുടങ്ങും.എല്ലാ വിഭാഗങ്ങളിലും 20ന് പരീക്ഷ അവസാനിക്കും. 21ന് പ്രവൃത്തി ദിവസമായിരിക്കും. അന്ന് ഓണാഘോഷം നടത്താം. ഓണാവധിക്കായി അന്നുതന്നെ സ്കൂളുകള്‍ അടയ്ക്കും. പരീക്ഷയ്ക്കിടെ ഏതെങ്കിലും ദിവസം അവധി വന്നാല്‍, ആ ദിവസത്തെ പരീക്ഷ 21ന് നടക്കും. 31നാണ് അവധി കഴിഞ്ഞ് സ്കൂള്‍ തുറക്കുക
കൂടിയതൊക്കെ കുറയുന്നു; ഒരു ലക്ഷത്തിലേക്ക് എത്തുമോ സ്വർണവില; സംസ്ഥാനത്ത് ഇന്ന് വിലയിൽ ഇടിവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു ഗ്രാമ സ്വർണത്തിന് 60 രൂപയാണ് കുറഞ്ഞത്. 13,155 രൂപയാണ് വിപണിവില. ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് കുറഞ്ഞത്. 1,05,240 രൂപയാണ് വിപണിവില. 22 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു. ഒരു ഗ്രാമിന് 66 രൂപയാണ് കുറഞ്ഞത്. 14 ,351 രൂപയാണ് വില. പവന് 528 രൂപ കുറഞ്ഞ് 1,14,808 രൂപയാണ് വിപണിവില.കഴിഞ്ഞ കുറച്ച് നാളുകളായി ഒരു ലക്ഷത്തി അയ്യായിരം രൂപയിൽ തന്നെ നിൽക്കുകയാണ് സ്വർണവില. ഇതിനിടെ 27ന് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തുകയും ഒരു ലക്ഷത്തി ആറായിരം കടക്കുകയും ചെയ്തിരുന്നു. എന്നാൽ 28ന് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തുകയും വീണ്ടും ഒരു ലക്ഷത്തി അയ്യായിരം രൂപയിൽ എത്തിനിൽകുകയും ചെയ്തു
ജില്ലയില്‍ ക്വാറികള്‍-വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് നിയന്ത്രണം
ജില്ലയില്‍ രണ്ട് ദിവസങ്ങളിലായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ക്വാറികള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ട്രക്കിംഗ് എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീ ഉത്തരവിട്ടു. ക്വാറികള്‍, ഹോം സ്റ്റേ, റിസോര്‍ട്ട് ഉള്‍പ്പെടെയുള്ള എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും അഡ്വഞ്ചര്‍ ടൂറിസം സെന്ററുകള്‍, ട്രക്കിങ് എന്നിവ നിര്‍ത്തിവെയ്ക്കണമെന്നാണ് ഉത്തരവ്. ജില്ലയില്‍ ദുരന്തസാധ്യത നേരിടുന്ന ദുര്‍ബല പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കേണ്ടതുണ്ടെങ്കില്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടൗണ്‍ഷിപ്പ് നിര്‍മ്മാണ മേഖലയില്‍ മണ്ണൊലിപ്പ് ഭീക്ഷണി നേരിടുന്ന പ്രദേശത്തെ കുടുംബങ്ങളെ മാറ്റിതാമസിപ്പിക്കേണ്ട സാഹചര്യം ഉണ്ടെങ്കില്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍, കല്‍പ്പറ്റ നഗരസഭ സെക്രട്ടറിമാര്‍ സംയുക്തമായി നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ അറിയിച്ചിട്ടുണ്ട്. കള്ളാടി- ആനക്കാംപൊയില്‍ തുരങ്കപാത മേഖല, മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിത പ്രദേശങ്ങളിലെ ആളുകളെ ആവശ്യമെങ്കില്‍ മാറ്റിതാമസിപ്പിക്കാന്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടിറിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം 2005 സെക്ഷന്‍ 52(ബി) പ്രകാരം ശിക്ഷാ നടപപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
സ്വിറ്റ്സര്‍ലന്‍ഡിനെ റഫറി ചതിച്ചോ?, അർജന്റീനയെ തുണച്ച 'റെഡ് കാർഡ്'; വൻ വെളിപ്പെടുത്തലുമായി ഐഎഫ്എബി
ലോകകപ്പ് ഫുട്ബോളിൽ അർജന്റീനയ്ക്ക് റഫറിമാരിൽ നിന്നും ഫിഫയിൽ നിന്നും വഴിവിട്ട ആനുകൂല്യങ്ങൾ ലഭിച്ചെന്ന ആരോപണങ്ങൾ കൂടുതൽ ശക്തമാകുന്നു. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സ്വിറ്റ്സർലന്‍ഡ് ഫോർവേഡ് ബ്രീൽ എംബോളോയ്ക്ക് വാര് (VAR) പരിശോധനയ്ക്ക് ശേഷം ചുവപ്പ് കാർഡ് നൽകിയ നടപടി തികച്ചും തെറ്റായിരുന്നുവെന്ന് ഫുട്ബോൾ നിയമനിർമ്മാണ സമിതിയായ ഐഎഫ്എബി (IFAB) വ്യക്തമാക്കി.സ്പെയ്നിനോട് ഫൈനലിൽ പരാജയപ്പെടുന്നതിന് മുൻപ്, ടൂർണമെന്റിലുടനീളം ലയണൽ മെസിയുടെ അർജന്റീനയ്ക്ക് അനുകൂലമായി നിരവധി വിവാദ റഫറിയിംഗ് തീരുമാനങ്ങൾ വന്നിരുന്നു. ഈജിപ്ത്, സ്വിറ്റ്സർലന്‍ഡ് തുടങ്ങിയ ടീമുകൾ പരസ്യമായി റഫറിയിംഗ് പക്ഷപാതിത്വത്തിനെതിരെ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്വിസ് താരത്തെ പുറത്താക്കിയ സംഭവം വാര് പ്രോട്ടോക്കോളിന്റെ തെറ്റായ വിനിയോഗമായിരുന്നുവെന്ന് സമിതി അംഗീകരിച്ചത്.
സംസ്ഥാനത്ത് ഇന്നും മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അലേര്‍ട്ടുള്ളത്. കൂടാതെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.വയനാട് ജില്ലയുടെ വിവിധ ഇടങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. മേപ്പാടി പഞ്ചായത്തിലെ 8,9,10,11,12 വാര്‍ഡുകളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.അതിനിടെ മൂന്നാറില്‍ ദേശീയ പാതയിലേക്ക് മണ്ണും കല്ലും പതിച്ചു. ഹെഡ്വര്ക്ക് ഡാമിന് സമീപമാണ് മണ്ണിടിഞ്ഞത്. ഭാഗികമായി തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു.
വടകര എം ഡി എം എ കേസ്: വയനാട് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം
വടകരയില്‍ അധ്യാപികമാര്‍ അറസ്റ്റിലായ എം ഡി എം എ കേസില്‍ മുഖ്യകണ്ണി വയനാട് സ്വദേശിയാണെന്ന് സൂചന. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘം. അറസ്റ്റിലായ ജിജില്‍ കുര്യാക്കോസില്‍ നിന്നാണ് എം ഡി എം എ ഇടപാടിലെ നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.പ്രതികളുടെ ബേങ്ക് വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്. അറസ്റ്റിലായ അധ്യാപികമാരുടെ സുഹൃത്തായ ഒരു യുവതിയും നിരീക്ഷണത്തിലാണ്. ഇവര്‍ നിലവില്‍ ബെംഗളൂരുവിലാണ് ഉള്ളതെന്നാണ് വിവരം.കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന കാവ്യ, കീര്‍ത്തന എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം സമര്‍പ്പിച്ച അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അധ്യാപിക നീഷ്മയെയും ഓണ്‍ലൈന്‍ ഡെലിവറി ബോയ് ജിജിലിനെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അടുത്ത ദിവസം അപേക്ഷ നല്‍കും. വടകര എന്‍ ഡി പി എസ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക. കേസില്‍ ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായത്.
നീറ്റ് പരിശീലനം
2027 ലെ നീറ്റ്/ ജെഇഇ പ്രവേശന പരീക്ഷാ പരിശീലനത്തിന് പട്ടികവർഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2026 മാർച്ചിലെ പ്ലസ് ടു പൊതു പരീക്ഷയിൽ സയൻസ് വിഷയമെടുത്ത് വിജയിച്ച പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ മാർക്കിൻ്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്താണ് പരിശീലനം നല്‍കുക. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള പട്ടികവർഗ വിദ്യാർത്ഥികൾ പേര്, മേൽവിലാസം, ബന്ധപ്പെടാവുന്ന ഫോൺ നമ്പർ, ലിംഗം, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ച് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള സമ്മതപത്രം, പ്ലസ് ടു പരീക്ഷ സർട്ടിഫിക്കറ്റ്, ജാതി, വരുമാന സർട്ടിഫിക്കറ്റ് പകർപ്പ്, എന്നിവ സഹിതം അപേക്ഷകൾ ആഗസ്റ്റ് ഏഴിന് വൈകിട്ട് അഞ്ചിനകം കൽപ്പറ്റ ഐ.റ്റി.ഡി.പി ഓഫീസിൽ സമർപ്പിക്കണം. സുൽത്താൻ ബത്തേരി, മാനന്തവാടി താലൂക്കുകളിൽ താമസിക്കുന്നവർ അതാത് ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. നീറ്റ് പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 70 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. ഫോണ്‍- 04936 202232
പതിനാറുകാരിയെ തട്ടികൊണ്ടുപോയെന്ന കേസ്: നാല് പേർ അറസ്റ്റിൽ
മാനന്തവാടി: രക്ഷിതാക്കളോടൊപ്പം വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന പതിനാറുകാരിയെ നിയമപരമായ സംരക്ഷണ ചുമതലയുള്ള രക്ഷിതാക്കളറിയാതെ കൂട്ടി ക്കൊണ്ടുപോയെന്നപരാതിയിൽ മാനന്തവാടി പോലിസ് രജിസ്റ്റർ ചെയ്ത കിഡ്നാ പ്പിംഗ് കേസിലെ പ്രതികളായനാല് പേരെ അറസ്റ്റു ചെയ്തു. തൃശ്ശിലേരി മുത്തു മാരി കണ്ണഞ്ചിറ വീട് റോബിൻ കെ ജോയ്(20), മാനന്തവാടി സ്വദേശികളായ കല്ലിയോട്ടുകുന്ന് ലിജു നിവാസ് അമൽ കൃഷ്ണ (19),കുറ്റിമൂല കള്ളമ്പറം ജിതിൻ കെ എസ് (22), എടവക കൊണിയൻമുക്ക് ചിറക്കൽ അജിത് കുമാർ സി(22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജൂലൈ 12ന് രാത്രിയിലാണ് മാനന്തവാടി ടൗ ണിൽനിന്നും 12 കിലോമീറ്ററോളം മാറിയുള്ള സ്ഥലത്തെ വീട്ടിൽ നിന്നും കുട്ടിയെകൂട്ടികൊണ്ടു പോയതെന്നാണ് പരാതി. പിന്നീട് അന്നേ ദിവസം അർധരാത്രിയിൽ മാനന്തവാടികണിയാരത്ത് വെച്ച് ബൈക്കപകടത്തിൽ പരിക്കേറ്റ നിലയിൽ അമലിനോടൊപ്പം കുട്ടിയെകണ്ടെത്തുകയായിരുന്നു. കാലിനും മുഖത്തും സാരമായി പരിക്കേറ്റ കുട്ടി നിലവിൽകോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നതായി പോലീസ് വ്യക്തമാക്കി.പോലീസ് ഇൻസ്പെക്ടർ പി റഫീഖ്, എസ് ഐമാരായ കെ. കെസോബിൻ, മുഹമ്മദ് അലി, സുനിൽ കുമാർ, സി പി ഒ മാരായ നിസാർ, രമേഷ് എം ആർ, അനീഷ് കെ.ആർ,ഷിൻ്റോ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍; ശരിയായ ടയര്‍ പ്രഷര്‍ നിലനിര്‍ത്തിയില്ലെങ്കില്‍ അപകടമുണ്ടാകാം
മഴക്കാലത്ത് റോഡുകള്‍ വഴുക്കലുള്ളതായി മാറുന്നു. അത്തരം സാഹചര്യങ്ങളില്‍ വാഹനമോടിക്കുമ്പോള്‍ ചെറിയ അശ്രദ്ധ പോലും അപകടം ക്ഷണിച്ചുവരുത്തും. മിക്ക ആളുകളും മഴക്കാലത്ത് വാഹനത്തിന്റെ വൈപ്പറുകള്‍, ഹെഡ്ലൈറ്റുകള്, ബ്രേക്കുകള്‍ എന്നിവയിലൊക്കെയാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. പക്ഷേ ഇവയ്ക്കൊപ്പംതന്നെ വളരെ പ്രാധാന്യത്തോടെ കാണേണ്ട ഒന്നാണ് ടയര്‍ പ്രഷറും. കാറിന്റെ ഗ്രിപ്പിനും ബ്രേക്കിംഗിനും സുരക്ഷയ്ക്കും ശരിയായ ടയര്‍ പ്രഷര്‍ നിലനിര്‍ത്തേണ്ടത് നിര്‍ണായകമാണ്. ശരിയായി വായു നിറയ്ക്കാത്ത ടയറുകള്‍ നനഞ്ഞ റോഡുകളില്‍ കാറിന്റെ ബാലന്‍സ് തകരാറിലാക്കും.ടയര്‍ പ്രഷര്‍ അഥവാ ടയര്‍ മര്‍ദ്ദം എന്താണ്?വാഹനത്തിന്റെ ടയര്‍ മര്‍ദം (Tyre Pressure) എന്നത് ടയറിനുള്ളിലെ വായുവിന്റെ സമ്മര്‍ദമാണ്. ഇത് സാധാരണയായി PSI (Pounds per Square Inch) അല്ലെങ്കില്‍ bar എന്ന അളവിലാണ് പറയുന്നത്. ഓരോ കാറിനും ടയര്‍ മര്‍ദ്ദം വ്യത്യാസമാണ്. ഡ്രൈവറുടെ വാതിലിന്റെ അകത്തെ സ്റ്റിക്കറില്‍, വാഹനത്തിന്റെ ഓണേഴ്സ് മാനുവലില്‍, ചില വാഹനങ്ങളില്‍ ഫ്യൂവല്‍ ക്യാപ്പിന്റെ അകത്തും ആ വാഹനത്തിന്റെ ടയര്‍ മര്‍ദ്ദം രേഖപ്പെടുത്തിയിട്ടുണ്ടാകും.മാറുന്ന കാലാവസ്ഥയെ ആശ്രയിച്ച് വാഹനത്തിന്റെ ടയര്‍ മര്‍ദ്ദം ക്രമീകരിക്കാം, എന്നാല്‍ അത് വാഹന നിര്‍മ്മാതാവ് നിശ്ചയിച്ച പരിധിക്കുള്ളില്‍ ആയിരിക്കണം. മഴക്കാലത്തും കാര്‍ നിര്‍മ്മാതാവ് ശുപാര്‍ശ ചെയ്യുന്ന അതേ അളവില്‍ ടയര്‍ മര്‍ദ്ദം നിലനിര്‍ത്തേണ്ടതാണ്
ഒന്നാമൻ! 100 മില്യൺ കടക്കുന്ന ആദ്യ ലോകനേതാവായി നരേന്ദ്ര മോദി! ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സ് കുത്തനെ കൂടി
ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള രാഷ്ട്രീയ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻസ്റ്റഗ്രാമിൽ നരേന്ദ്ര മോദിയുടെ ഫോളോവേഴ്സിന്റെ എണ്ണം നിലവിൽ 105 മില്യൺ പിന്നിട്ടു. ഇതോടെ ഇൻസ്റ്റഗ്രാമിൽ 100 മില്യൺ ഫോളോവേഴ്സ് കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായിരിക്കുകയാണ് മോദി. സമീപദിവസങ്ങളിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പങ്കുവെച്ച റീൽസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലായതോടെയാണ് വെറും ഒരാഴ്ചയ്ക്കുള്ളിൽ 40 ലക്ഷത്തിലധികം പുതിയ ഫോളോവേഴ്സ് അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് എത്തിയത്. ഇൻസ്റ്റഗ്രാമിൽ രണ്ടാം സ്ഥാനത്തുള്ള യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് 43.2 മില്യൺ ഫോളോവേഴ്സാണുള്ളത്. ട്രംപിനേക്കാൾ രണ്ടിരട്ടിയിലധികം ഫോളോവേഴ്സാണ് മോദിക്ക് നിലവില്‍. ഇന്ത്യയിലെ മറ്റ് മുൻനിര രാഷ്ട്രീയ നേതാക്കളേക്കാളും ബഹുദൂരം മുന്നിലാണ് മോദി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 16.1 മില്യണും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 12.6 മില്യണും ഫോളോവേഴ്സാണുള്ളത്.
അതാണ് ഞങ്ങൾക്ക് കിട്ടിയ യഥാർത്ഥ കിരീടം'; ലോകകപ്പ് തോൽവിക്ക് ആരാധകരോട് മാപ്പ് ചോദിച്ച് സ്കലോണി
ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് കനത്ത തോൽവി വഴങ്ങിയതിന് പിന്നാലെ അർജന്റീന ആരാധകരോട് ക്ഷമാപണം നടത്തി പരിശീലകൻ ലയണൽ സ്കലോണി. ഫൈനൽ പോരാട്ടത്തിലെ തോൽവിയുടെ ആഘാതത്തിൽ നിന്ന് മുക്തനാകാൻ ഒരു ആഴ്ച സമയമെടുത്ത ശേഷമാണ് സ്കലോണി ഇൻസ്റ്റഗ്രാമിലൂടെ വികാരാധീനനായ കുറിപ്പ് പങ്കുവെച്ചത്. തനിക്ക് മറ്റൊരു ലോകകപ്പ് കിരീടം ആരാധകർക്ക് സമ്മാനിക്കാൻ സാധിക്കാത്തതിൽ ഖേദമുണ്ടെന്നും എന്നാൽ അർജന്റീനയുടെ കളിക്കാർ തങ്ങളുടെ സർവ്വസ്വവും കളിക്കളത്തിൽ നൽകിയാണ് മടങ്ങിയതെന്നും സ്കലോണി കുറിച്ചു.സങ്കടവും സന്തോഷവും കണ്ണീരും പുഞ്ചിരിയും കലർന്ന ഒരു വാരത്തിന് ശേഷമാണ് താൻ ഇത് എഴുതുന്നതെന്ന് സ്കലോണി കുറിച്ചു. നിങ്ങൾക്ക് മറ്റൊരു കിരീടം കൂടി നൽകാനും കുറച്ചു ദിവസത്തേക്കെങ്കിലും ജീവിതത്തിലെ വിഷമതകൾ മറന്ന് സന്തോഷിപ്പിക്കാനും സാധിക്കാത്തതിന്റെ പേരില്‍ ഞാൻ ക്ഷമ ചോദിക്കുന്നു. എന്നാൽ എന്റെ കളിക്കാർ, അഥവാ ഞാൻ ഭാര്യയോട് എപ്പോഴും പറയാറുള്ളത് പോലെ 'എന്റെ യോദ്ധാക്കൾ', ഗ്രൗണ്ടിൽ എന്താണ് ചെയ്തതെന്ന് നിങ്ങൾ ഓർക്കണം. അസാധ്യമെന്ന് തോന്നുമ്പോഴും വിട്ടുകൊടുക്കാതിരിക്കുക, തളർന്നു വീഴുമ്പോഴും തോൽവി സമ്മതിക്കാതിരിക്കുക, അറിയാത്തവരുടെ വിമർശനങ്ങൾ കേൾക്കുമ്പോഴും ഒന്നിച്ചുനിൽക്കുക, മനസ്സ് പറയുന്നത് ശരീരത്തിന് ചെയ്യാൻ കഴിയാത്തത്ര ക്ഷീണിക്കുമ്പോഴും അവസാന നിമിഷം വരെ പോരാടുക... അത് മാത്രമാണ് അവർ ചെയ്തത്. ആ പോരാട്ടവീര്യമാണ് ഞങ്ങളുടെ യഥാർത്ഥ കിരീടം.
പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ നടന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നൽകിയ കത്ത് പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആഭ്യന്തര വകുപ്പിന് നിർദ്ദേശം നൽകി.നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദറിൽ നടന്ന വിദ്യാർത്ഥി സമരത്തിന് പിന്തുണയർപ്പിച്ച് കേരളത്തിൽ നടന്ന പ്രതിഷേധങ്ങളിലെ കേസുകൾ നിരുപാധികം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിക്ക് കത്തയച്ചത്. വിദ്യാർത്ഥികളും യുവജനങ്ങളും സാംസ്കാരിക പ്രവർത്തകരും അടങ്ങുന്ന പൊതുസമൂഹം കേന്ദ്രത്തിനെതിരായ സമരത്തിന് പിന്തുണയുമായി രംഗത്തിറങ്ങിയിരുന്നു. എന്നാൽ, ഈ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അയ്യായിരത്തോളം പേർക്കെതിരെ കേരള പോലീസ് കേസെടുത്തതായാണ് വിവരങ്ങൾ പുറത്തുവരുന്നതെന്ന് പിണറായി ചൂണ്ടിക്കാട്ടി.
ഐഷിക്കെതിരായ അറസ്റ്റ് നീക്കം: 'ഡല്‍ഹി പൊലീസിന്റെ നടപടി ജനാധിപത്യ ധ്വംസനം': അപലപിച്ച് പിണറായി വിജയന്
എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെതിരായ അറസ്റ്റ് നീക്കത്തെ ശക്തമായി അപലപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ഡല്‍ഹിയിലെ സിപിഐഎം കേന്ദ്രകമ്മിറ്റി ഓഫീസില്‍ കടന്നുകയറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസ് നടത്തിയ ശ്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ താല്പര്യങ്ങള്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഡല്‍ഹി പൊലീസിന്റെ ഈ നടപടി കടുത്ത ജനാധിപത്യ ധ്വംസനവും പൗരന്റെ ഭരണഘടനാ അവകാശങ്ങളുടെ നഗ്നമായ ലംഘനവുമാണെന്നും പിണറായി വിജയന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.കോടതിയിലുള്ള ഒരു പഴയ കേസിന്റെ പേരില്‍ പാര്‍ട്ടി ഓഫീസില്‍ കടന്ന് അറസ്റ്റു ചെയ്യാന്‍ ശ്രമിച്ചത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. ജന്തര്‍ മന്തറില്‍ കേന്ദ്രസര്‍ക്കാരിനും സംഘപരിവാര്‍ ശക്തികള്‍ക്കുമുണ്ടായ കനത്ത തിരിച്ചടിയുടെ ജാള്യത മറയ്ക്കാനുള്ള പ്രതികാര നടപടിയായേ ഇതിനെ കാണാന്‍ കഴിയൂ. രാജ്യത്തെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ സമരവീര്യത്തെ കള്ളക്കേസുകളില്‍ കുടുക്കി ഒതുക്കാമെന്നും ചോദ്യം ചെയ്യുന്നവരെയും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെയും ഭയപ്പെടുത്തി നിശബ്ദരാക്കാമെന്നും കരുതുന്നത് വെറും വ്യാമോഹം മാത്രമാണ്. ഇത്തരം വിരട്ടലുകള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും മുന്നില്‍ മുട്ടുമടക്കുന്നവരല്ല എസ്എഫ്ഐയും ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും പിണറായി വിജയന് പറഞ്ഞു
'ഞങ്ങളുദ്ദേശിച്ചത് അതല്ല!'; സ്പെയ്ൻ കിരീടമുയർത്തിയപ്പോൾ പുറം തിരഞ്ഞുനിന്ന സംഭവത്തിൽ ലിസാൻഡ്രോ
ലോകകപ്പ് ഫൈനലിൽ സ്പെയ്ൻ കിരീടം ഏറ്റുവാങ്ങുമ്പോൾ അർജന്റീന താരങ്ങൾ പുറം തിരിഞ്ഞുനിന്ന സംഭവത്തിൽ വിശദീകരണവുമായി മാർട്ടിനസ്. ചാമ്പ്യന്മാരായ സ്പെയിനോട് യാതൊരുവിധ അനാദരവും കാണിച്ചിട്ടില്ലെന്നും, തോൽവിയിലും തങ്ങളെ പിന്തുണച്ച ആരാധകരോട് സ്നേഹവും നന്ദിയും പ്രകടിപ്പിക്കുക മാത്രമാണ് ആ നിമിഷത്തിൽ ചെയ്തതെന്നും മാർട്ടിനസ് വ്യക്തമാക്കി.ഫൈനലിൽ പരാജയപ്പെട്ടിട്ടും അർജന്റീന ആരാധകർ സ്റ്റേഡിയത്തിൽ പാട്ടുപാടി ടീമിനെ ആവേശത്തോടെ പിന്തുണച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ നിമിഷത്തിൽ നിരാശയിലായിരുന്ന ടീമിന് വലിയ കരുത്തായത് ആരാധകരുടെ ആ പിന്തുണ മാത്രമായിരുന്നുവെന്നും, അതാണ് അവരിലേക്ക് ശ്രദ്ധ തിരിക്കാൻ കാരണമായതെന്നും മാർട്ടിനസ് പറഞ്ഞു.
സ്പോട്ട് അഡ്മിഷൻ
ചുള്ളിയോട് നെൻമേനി ഗവ. വനിത ഐ.ടി.ഐയിൽ ഫാഷൻ ഡിസൈൻ ആന്‍ഡ് ടെക്നോളജി ട്രേഡിൽ (ഒരു വർഷം) ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റുകള്‍, പകർപ്പ്, ടിസി, ഫീസ് എന്നിവ സഹിതം ഐ.ടി.ഐയിൽ നേരിട്ട് എത്തി 100 രൂപ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കണം. ആഗസ്റ്റ് എട്ട് വരെ അപേച്ൽ നല്‍കാം. ഫോൺ: 04936 266700.
കോഴ്സിന് അപേക്ഷ ക്ഷണിച്ചു
മാനന്തവാടി ഗവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംങ് സെന്ററിൽ 2026-27 വർഷത്തേക്കുള്ള ഒന്നാം വർഷ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ www.fdgt.polyadmission.org വെബ് സൈറ്റില്‍ ആഗസ്റ്റ് 12 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഫോണ്‍- 04935295068, 9946153609, 9656061030

