Advertisement

അഞ്ചുവര്‍ഷത്തിനകം സംസ്ഥാനത്തെ പൂര്‍ണമായും മാലിന്യമുക്തമാക്കുക ലക്ഷ്യം: മന്ത്രി കെ.എം ഷാജി

അഞ്ചുവര്‍ഷത്തിനകം സംസ്ഥാനത്തെ പൂര്‍ണമായും മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി. ഇ-മാലിന്യമുക്ത വയനാട് പ്രഖ്യാപന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ പൂര്‍ണമായും മാലിന്യ മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി ആരംഭിച്ച നിര്‍മലം പദ്ധതിയുടെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണ്. ഐ.സി 100 ചലഞ്ചിലൂടെ നൂറുദിവസത്തിനകം ശുചീകരണ ചിത്രങ്ങള്‍ പോര്‍ട്ടലില്‍ പങ്കുവെയ്ക്കണം. സംസ്ഥാനത്തെ മുഴുവന്‍ ജനപ്രതിനിധികളും ചലഞ്ചില്‍ പങ്കാളികളാകണമെന്നും മന്ത്രി പറഞ്ഞു. മാലിന്യത്തെ സമ്പത്താക്കി മാറ്റാന്‍ കഴിയുന്ന സാഹചര്യമാണ് ഇന്നുള്ളത്. മാലിന്യം ശേഖരിക്കുന്നതിന്റെ പേരില്‍ വ്യാജ ഏജന്‍സികള്‍ നടത്തുന്ന ചൂഷണങ്ങള്‍ തടയേണ്ടതുണ്ട്. ഇതിന് പരിഹാരമായി സര്‍ക്കാര്‍ സംവിധാനത്തിന് കീഴില്‍ ഗ്രീന്‍ കേരള കമ്പനിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

KALPETTA
News Image

ഇ-മാലിന്യ ശേഖരണത്തിന് പ്രത്യേക ഡ്രൈവ് സംഘടിപ്പിക്കണം: മന്ത്രി ടി. സിദ്ദിഖ്

ഇ-മാലിന്യ ശേഖരണത്തിനായി എല്ലാ വര്‍ഷവും പ്രത്യേക ഡ്രൈവ് സംഘടിപ്പിക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. ഇ- വേസ്റ്റ് ഫ്രീ ഡിസ്ട്രിക്ട് പ്രോട്ടോകോള്‍, പ്ലാസ്റ്റിക് ഫ്രീ ഡെസ്റ്റിനേഷന്‍ രൂപരേഖ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പുന:രുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ കൃത്യമായ പ്രോട്ടോക്കോള്‍ രൂപീകരിച്ച് വയനാടിനെ പ്രകൃതി സൗഹൃദ ജില്ലയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. വ്യാപാരികള്‍, വിനോദസഞ്ചാരികള്‍, വിവിധ മേഖലകളിലെ ആളുകള്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കണമെന്നും മന്ത്രി പറഞ്ഞു. കൃഷിയും വിനോദസഞ്ചാരവുമാണ് വയനാടിന്റെ സാമ്പത്തിക അടിത്തറ. മികച്ച വായുഗുണനിലവാരം നിലനിര്‍ത്തുന്നതിനൊപ്പം കാര്‍ബണ്‍ ന്യൂട്രാലിറ്റിയിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ല പ്രാധാന്യം നല്‍കണം. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ലോകത്തിന് മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളുമായി വയനാട് മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണ മുഖ്യാതിഥിയായി. ഇ-മാലിന്യമുക്ത പദ്ധതി മറ്റു ജില്ലകള്‍ക്കും മാതൃകയാകണമെന്ന് മന്ത്രി പറഞ്ഞു. നൂറ് ടണ്ണിലധികം ഇലക്ട്രോണിക് മാലിന്യങ്ങള്‍ വിജയകരമായി ശേഖരിക്കാനായത് വയനാട്ടിലെ ജനങ്ങളുടെ കൂട്ടായ പ്രതിബദ്ധതയും ദൃഢനിശ്ചയവുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് എം.പി പ്രിയങ്ക ഗാന്ധി സന്ദേശത്തിലൂടെ അറിയിച്ചു. ഇ-മാലിന്യ ശേഖരണത്തിന് നേതൃത്വം നല്‍കിയ ജില്ലയിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍, കൂടുതല്‍ ഇ-മലിന്യം കൈമാറിയ തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സര്‍ട്ടിഫിക്കറ്റുകളും മെമന്റോകളും വിതരണം ചെയ്തു. എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഉഷാ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ വി ചെല്‍സാസിനി, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍, ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ ഹരികുമാര്‍, ജില്ലാ പോലീസ് മേധാവി എസ് ദേവമനോഹര്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി മജീദ്, മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പി വിശ്വനാഥന്‍, ജേക്കബ് സെബാസ്റ്റ്യന്‍, റസീന അബ്ദുല്‍ ഖാദര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മീനാക്ഷി രാമന്‍, കെ.കെ ഹനീഫ, ടി.എസ് ദിലീപ് കുമാര്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി ജാസര്‍ പാലക്കല്‍, ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.എസ് സജീഷ്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

KALPETTA
News Image

രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ലയായി വയനാട് സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്തമെന്നത് വിലമതിക്കാനാവാത്ത നേട്ടം: മുഖ്യമന്ത്രി വി.ഡി സതീശന്‍

വയനാടിനെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ലയായി മുഖ്യമന്ത്രി വി.ഡി സതീശന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കൂട്ടായ്മയോടെയും അര്‍പ്പണബോധത്തോടെയും ജില്ല കൈവരിച്ച നേട്ടം വിലമതിക്കാനാവാത്തതാണെന്നും കേരളത്തിന് മാത്രമല്ല രാജ്യത്തിന് മാതൃകയായണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ല ഇ-വേസ്റ്റ് മുക്തമായി പ്രഖ്യാപിക്കപ്പെടുന്നതിലൂടെ മറ്റ് ജില്ലകള്‍ക്കും ഇത് സാധ്യമാണെന്ന വലിയൊരു സന്ദേശമാണ് വയനാട് നല്‍കുന്നത്. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ഉള്‍പ്പെടയുള്ളവരുടെ പൂര്‍ണ്ണ സഹകരണത്തോടെയാണ് ചരിത്രനേട്ടം സാധ്യമായത്. സംസ്ഥാനത്തെ പൂര്‍ണ്ണമായും ഇ-വേസ്റ്റ് മുക്തമാക്കാന്‍ സാധിക്കുമെന്ന വലിയ ആത്മവിശ്വാസമാണ് ഈ ദൗത്യത്തിലൂടെ ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ-മാലിന്യങ്ങളില്‍ അടങ്ങിയിട്ടുള്ള മാരകമായ രാസവസ്തുക്കള്‍ മണ്ണില്‍ അലിഞ്ഞുചേരുന്നത് മണ്ണിന്റെ സ്വാഭാവികതയും ഉത്പാദനക്ഷമതയും പൂര്‍ണ്ണമായി നഷ്ടപ്പെടുത്തും. മനുഷ്യന്റെയും പ്രകൃതിയുടെയും ആരോഗ്യത്തെ ഒരുപോലെ ബാധിക്കുന്ന ഈ വിപത്തിനെയാണ് കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വയനാട് അതിജീവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നതിനായി ജനപ്രതിനിധികള്‍ ഐ.സി 100 ചലഞ്ച് പോര്‍ട്ടലിലെ ചലഞ്ച് ഏറ്റെടുക്കണം. ഓരോ ജനപ്രതിനിധിയും തങ്ങളുടെ വാര്‍ഡില്‍ കൂടുതല്‍ മാലിന്യമുള്ള സ്ഥലത്തിന്റെ ഫോട്ടോ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ഇതിലൂടെ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും. ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കുന്നത് പൊതുജനങ്ങള്‍ക്കും വലിയ ആവേശമാകും. റസിഡന്റ്‌സ് അസോസിയേഷനുകള്‍, യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരെയെല്ലാം ഈ ഉദ്യമത്തില്‍ പങ്കാളികളാക്കണം. ഇത്തരത്തില്‍ എല്ലാ വാര്‍ഡുകളും മാലിന്യമുക്തമാകുന്നതോടെ കേരളം സ്വാഭാവികമായും സമ്പൂര്‍ണ്ണ മാലിന്യമുക്ത സംസ്ഥാനമായി മാറും. കേരളത്തെ മാലിന്യ മുക്തമാക്കാനുള്ള സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്ക് വയനാട് ജില്ല നല്‍കിയ വലിയ പിന്തുണയ്ക്ക് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി. ഇ-മാലിന്യമുക്ത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ല കൈവരിച്ച നേട്ടങ്ങള്‍ ഉള്‍പ്പെടുത്തിയ ഡോക്യുമെന്ററിയുടെ പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിച്ചു.

GENERAL
News Image
Advertisement

കാട്ടുതീ തടയാൻ വിബിജിറാംജി പദ്ധതിയിൽ ഫയർ ലൈൻ പ്രവർത്തിയുമായി തരിയോട് ഗ്രാമപഞ്ചായത്ത്.

തരിയോട്: കാട്ടുതീ പടരുന്നത് തടയുന്നതിനും അതിന്റെ വ്യാപനം കുറയ്ക്കുന്നതിനും വന്യമൃഗ ശല്യം കുറക്കുന്നതിനും വേണ്ടി കാട്ടിലെ പുല്ലുകൾ, കുറ്റിച്ചെടികൾ, ഉണങ്ങിയ ഇലകൾ, മറ്റ് സസ്യാവശിഷ്ടങ്ങൾ എന്നിവ നീക്കം ചെയ്ത് മണ്ണിന്റെ അടിത്തട്ട് വരെ വൃത്തിയാക്കി തൊഴിലുറപ്പ് പദ്ധതിയുടെ പുതിയ പദ്ധതിയായ വിബിജിറാംജിയിൽ ഉൾപ്പെടുത്തി നൂതന സൗകര്യം ഒരുക്കിയ കൽപ്പറ്റ ബ്ലോക്കിലെ ആദ്യ ഗ്രാമപഞ്ചായത്തായി തരിയോട് മാറി. പദ്ധതിയുടെ പ്രവർത്തി ഉദ്ഘാടനം വനാതിർത്തിയിൽ വെച്ച് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ കെ ഹനീഫ നിർവഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജിൻസി സണ്ണി മുഖ്യാതിഥിയായി. ഈ പ്രവർത്തി നടപ്പിലാക്കുന്നതോടെ വന്യമൃഗ ശല്യം ഗണ്യമായി കുറക്കുന്നതിന് സാധിക്കുമെന്നതിനൊപ്പം തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകുന്നതിനും സാധിക്കും. തരിയോട് വന സംരക്ഷണ സമിതി പ്രസിഡന്റ്‌ സണ്ണി ജോർജ്, കൽപ്പറ്റ ബിഡിഒ രാജേന്ദ്രൻ എം പി, ജോ.ബിഡിഒ സുരേന്ദ്രൻ പി എൻ, അക്രഡിറ്റഡ് എൻജിനീയർ പാർവതി രാജ്, ബിഎഫ്ഒമാരായ കേളു പി സി, സി എസ്‌ ബിനീഷ് തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി ബിജു ടി സ്വാഗതവും എസ്‌എഫ്ഒ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

GENERAL
News Image

അൻപ് വീട് പദ്ധതി; താത്പര്യപത്രം ക്ഷണിച്ചു

ബൗദ്ധികവും വളർച്ചാപരവുമായ ഭിന്നശേഷിയുള്ള വ്യക്തികൾക്ക് അടിയന്തര സാഹചര്യങ്ങളിൽ സുരക്ഷിതമായ താത്കാലിക പരിചരണവും താമസവും ഉറപ്പാക്കുന്ന അൻപ് വീട് പദ്ധതിയുടെ ഭാഗമായി താത്പര്യപത്രം ക്ഷണിച്ചു. ഭിന്നശേഷി മേഖലയിൽ പ്രവൃത്തിപരിചയമുള്ള സർക്കാർ അംഗീകൃത സന്നദ്ധ സംഘടനകൾ നടത്തുന്ന റസിഡൻഷ്യൽ സ്പെഷ്യൽ സ്കൂളുകൾ, കെയർ ഹോമുകൾ, റസിഡൻഷ്യൽ വൊക്കേഷണൽ ട്രെയിനിങ് സെന്ററുകൾ, ഭിന്നശേഷിക്കാർക്കായി അനുയോജ്യമായ താമസസൗകര്യങ്ങളുള്ള തദ്ദേശ സ്ഥാപനങ്ങൾ, ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങൾ എന്നിവയിൽ നിന്നാണ് താത്പര്യപത്രം ക്ഷണിച്ചത്. താത്പര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം നിർദിഷ്ട അപേക്ഷാ ഫോറത്തിൽ ഡിസംബർ 10നകം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. പദ്ധതി മാർഗരേഖ, അപേക്ഷാ ഫോറം, യോഗ്യതാ മാനദണ്ഡങ്ങൾ എന്നിവ sjid.kerala.gov.in ൽ ലഭിക്കും. ഫോൺ: 04936-205307

ARIYIPPU
News Image

പാരാ ലീഗൽ വളണ്ടിയർ നിയമനം

സുൽത്താൻ ബത്തേരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാരാ ലീഗൽ വളണ്ടിയർമാരെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പാസായതും സേവനസന്നദ്ധതയുള്ളവരുമായവർക്ക് അപേക്ഷിക്കാം. സുൽത്താൻ ബത്തേരി താലൂക്കിൽ സ്ഥിരതാമസക്കാരായ യുവതീയുവാക്കൾ, അധ്യാപകർ (വിരമിച്ചവരടക്കം), വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ, എം.എസ്.ഡബ്ല്യു വിദ്യാർഥികൾ, അങ്കണവാടി പ്രവർത്തകർ, നിയമവിദ്യാർഥികൾ, മറ്റ് വിദ്യാർഥികൾ, രാഷ്ട്രീയ ചായ്‌വില്ലാത്ത എൻ.ജി.ഒകൾ, ക്ലബ്ബുകൾ എന്നിവയിലെ അംഗങ്ങൾ, അയൽക്കൂട്ടങ്ങൾ, മൈത്രി സംഘങ്ങൾ, സ്വയംസഹായ സംഘങ്ങൾ എന്നിവയിലെ അംഗങ്ങൾക്കും അപേക്ഷിക്കാം. ഫോട്ടോ പതിച്ച ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതമുള്ള അപേക്ഷ ഡിസംബർ നാലിന് വൈകിട്ട് അഞ്ചിനകം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ ലഭിക്കണം.വിലാസം: താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, കോടതി സമുച്ചയം, സുൽത്താൻ ബത്തേരി – 673592. ഫോൺ: 8304882641, 9048990307.

GENERAL
News Image

പുതിയ ബാച്ചുകളിലേക്ക് അഡ്മിഷൻ

കെൽട്രോണിൻ്റെ സുൽത്താൻ ബത്തേരി നോളജ് സെൻ്ററിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ടീച്ചേർസ് ട്രെയിനിംഗ്, കമ്പ്യൂട്ടറൈസ്‌ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ ടാലി ആന്‍ഡ് ഫോറിൻ അക്കൗണ്ടിങ് മാനേജെന്റ് ഉള്‍പ്പെടെയുള്ള വിവിധ കോഴ്സുകളിലേക് അഡ്മിഷൻ ആരംഭിച്ചു. താല്പര്യമുള്ളവർ ചുങ്കം ഐശ്വര്യ മാളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ടെത്തി അഡ്മിഷൻ ഉറപ്പാക്കണം. ഫോണ്‍- 7902281422, 8606446162

ARIYIPPU
News Image

ക്വട്ടേഷൻ ക്ഷണിച്ചു

ജില്ലയിലെ ഡിജിറ്റൽ റീസർവേ പ്രവർത്തനങ്ങൾക്കായി ജീപ്പ്, ബൊലേറോ, ടവേര വിഭാഗത്തിലുള്ള ഫോർ വീൽ ടാക്സി വാഹനങ്ങൾ പ്രതിമാസ വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഡിസംബർ മൂന്നിന് ഉച്ചയ്ക്ക് രണ്ടിനകം മാനന്തവാടി റീസർവേ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ ലഭിക്കണം. ഫോൺ: 04935-246993

ARIYIPPU
News Image

രാജ്യത്തെ കുപ്പിവെള്ള വിപണിയിൽ പ്രമുഖ ബ്രാൻഡായ ബിസ് ലെരിയിലെപരിശോധനയ്ക്ക് പിന്നിലും അംബാനിയോ...? വിവാദത്തിന് തൊട്ടുപിന്നാലെ 15 രൂപയുടെ കുപ്പിവെള്ളമിറക്കി റിലയൻസ്

രാജ്യത്തെ കുപ്പിവെള്ള വിപണിയിൽ പ്രമുഖ ബ്രാൻഡായ ബിസ്‌ലെറിയുടെ നിർമ്മാണശാലയിൽ നടന്ന ഭക്ഷ്യസുരക്ഷാ പരിശോധനയും, അതേ കാലയളവിൽ റിലയൻസ് കുറഞ്ഞ വിലയിൽ പുതിയ കുപ്പിവെള്ളം വിപണിയിലിറക്കിയതും തമ്മിലുള്ള ബന്ധം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. 2025 സെപ്റ്റംബറിൽ നടന്ന തുടർച്ചയായ സംഭവവികാസങ്ങളുടെ നാൾവഴി ചൂണ്ടിക്കാട്ടിയാണ് വിവിധ കോണുകളിൽനിന്ന് ചോദ്യങ്ങൾ ഉയരുന്നത്.2025 സെപ്റ്റംബറിലാണ് പാക്ക് ചെയ്ത കുപ്പിവെള്ളത്തിന്റെ ജി.എസ്.ടി 18 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമായി കുറച്ചത്. ഈ നികുതി ഇളവ് പ്രാബല്യത്തിൽ വന്ന അതേ മാസം തന്നെ റിലയൻസ് തങ്ങളുടെ പുതിയ കുപ്പിവെള്ള ബ്രാൻഡായ 'ക്യാമ്പ ഷുവർ' വിപണിയിലിറക്കി. വിപണിയിൽ മുൻനിരയിലുള്ള ബിസ്‌ലെറി ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 20 രൂപ ഈടാക്കുമ്പോൾ, അതിനേക്കാൾ അഞ്ച് രൂപ കുറച്ച് 15 രൂപയ്ക്കാണ് റിലയൻസ് ഉൽപ്പന്നം അവതരിപ്പിച്ചത്.ഇതിനിടെ, സെപ്റ്റംബർ 30-ന് ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ എഫ്.എസ്.എസ്.എ.ഐ ബിസ്‌ലെറിയുടെ ഗോവയിലെ പ്ലാന്റിൽ പരിശോധന നടത്തുകയും ആറ് സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. നികുതി കുറച്ചതും റിലയൻസ് വിപണിയിലേക്ക് കടന്നുവന്നതും പ്രധാന എതിരാളിയായ ബിസ്‌ലെറിയിൽ പരിശോധന നടന്നതും ഒരേ മാസത്തിനുള്ളിൽ സംഭവിച്ചതാണ് ഇപ്പോൾ സംശയങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.'നാൾവഴി മനസ്സിലാക്കൂ' എന്ന കുറിപ്പോടെ മാധ്യമപ്രവർത്തകനും വസ്തുതാപരിശോധകനുമായ മുഹമ്മദ് സുബൈർ അടക്കമുള്ളവർ ഈ വിവരങ്ങൾ എക്സിൽ പങ്കുവെച്ചതോടെ സംഭവം വ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ സർക്കാർ നയങ്ങളും പരിശോധനാ ഏജൻസികളും സഹായകമാകുന്നുണ്ടോ എന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. അതേസമയം, ഈ വിഷയത്തിൽ ബന്ധപ്പെട്ട കമ്പനികളിൽനിന്നോ അധികൃതരിൽനിന്നോ ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

GENERAL
News Image

കടുത്ത നടപടിക്ക് വിദ്യാഭ്യാസ വകുപ്പ്; സ്കൂളുകളിൽ സൗന്ദര്യവർധക വസ്തുക്കൾ കൊണ്ടുവരുന്നത് വിലക്കും.

സൗന്ദര്യവർധക വസ്തുക്കളോടുള്ള വിദ്യാർത്ഥികളുടെ അമിതാവേശത്തിന് തടയിടാൻ കടുത്ത നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്. മുഖകാന്തി ലേപനം, ലിപ്സ്റ്റിക് അടക്കമുള്ളവയുടെ അമിത ഉപയോഗത്തിനെതിരെ സ്കൂളുകളിൽ മുന്നറിയിപ്പ് നൽകാനും ഇവ സ്കൂളുകളിലേക്ക് കൊണ്ടുവരുന്നത് വിലക്കാനുമാണ് നിർദ്ദേശം.അരീക്കോട്ട് 'എഫ് ട്യൂൺ' ഫെയർനെസ് ക്രീം ഉപയോഗിച്ച പെൺകുട്ടിക്ക് വൃക്കരോഗം ബാധിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പും കർശന പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. ക്ലാസ് മുറിയിൽ മറ്റൊരു കുട്ടി ഉപയോഗിക്കുന്നത് കണ്ടാണ് രോഗബാധയേറ്റ വിദ്യാർത്ഥിനി ഓൺലൈൻ വഴി ക്രീം വാങ്ങി ഉപയോഗിച്ചു തുടങ്ങിയത്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇതുസംബന്ധിച്ച് അവബോധം നൽകാനും വകുപ്പ് ഒരുങ്ങുകയാണ്.​പെൺകുട്ടികളും ആൺകുട്ടികളും ഒരുപോലെ ഇത്തരം ക്രീമുകളിൽ ആകൃഷ്ടരാകുന്നുണ്ട്.**കലോത്സവ നഗരികളിലും ഇവ സുലഭമാണ്. മലപ്പുറം ജില്ലയിൽ മൂന്നുവർഷം മുമ്പ് 'യൂത്ത് ഫെയ്സ്', 'ഫെയ്സ്' തുടങ്ങിയ ക്രീമുകൾ ഉപയോഗിച്ച 11 പെൺകുട്ടികൾക്ക് ഗുരുതരമായ വൃക്കരോഗമായ നെഫ്രോട്ടിക് സിൻഡ്രോം ബാധിച്ചിരുന്നു. ഇതിൽ 14 വയസ്സുകാരിയുടെ നില ഗുരുതരമായതിനെ തുടർന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് റിപ്പോർട്ട് നൽകിയിരുന്നു.* എഫ് ട്യൂൺ, ഫൈസ, ഗോറി തുടങ്ങി പല പേരുകളിൽ 400 മുതൽ 550 രൂപ വരെ വില ഈടാക്കി ഓൺലൈൻ വഴി വിൽക്കുന്നത് ഒരേതരം വ്യാജ ക്രീമുകളാണെന്നും വ്യക്തമായിട്ടുണ്ട്.

THIRUVANANTHAPURAM
News Image

ഇനി വാട് സ് ആപ്പിൽ മറുപടി പറയുന്നത് ജഗതിയും സലിംകുമാറും സുരാജും! ചാറ്റിൽ ചിരിപ്പിക്കാൻ സൗണ്ട് സ്റ്റിക്കറുകൾ

സുഹൃത്ത് ഒരു മെസേജ് അയച്ചു. നമ്മള്‍ക്ക് മറുപടി പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. എന്ത് പറയണമെന്നറിയാതെ കുഴങ്ങുമ്പോള്‍ ഒരു ജഗതി ഡയലോഗ് അയച്ചാലോ?. അല്ലെങ്കില്‍ സലിംകുമാറിന്റെ ഒരു കോമഡി ഭാവം! സംഗതി സൂപ്പറായിരിക്കും അല്ലേ?. മറുപടി കിട്ടിയ ആള്‍ക്ക് ചിരിയും നമുക്ക് വലിയൊരു വിശദീകരണം നല്‍കേണ്ട ബാധ്യതയില്‍നിന്ന് മോചനവും ലഭിക്കും.സന്തോഷം, ദേഷ്യം, പരിഹാസം, സങ്കടം, അത്ഭുതം തുടങ്ങി ഏത് വികാരവും മലയാള സിനിമയിലെ ഒരു ഡയലോഗുകൊണ്ട് അവതരിപ്പിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. ഇപ്പോഴിതാ സ്റ്റിക്കറുകള്‍ക്ക് ശബ്ദം കൂടി നല്‍കുന്ന പുതിയ ഫീച്ചറിലൂടെ ചാറ്റുകളെ കൂടുതല്‍ രസകരമാക്കാനുള്ള സാധ്യതയാണ് വാട്‌സാപ്പ് തുറക്കുന്നത്.സാധാരണ സ്റ്റിക്കറുകള്‍ അയക്കുമ്പോള്‍ ഒരു ചിത്രത്തിലൂടെയോ കഥാപാത്രത്തിന്റെ ഭാവത്തിലൂടെയോ ആണ് നമ്മള്‍ പ്രതികരിക്കുന്നത്. അനിമേറ്റഡ് സ്റ്റിക്കറുകള്‍ വരുമ്പോള്‍ ആ ചിത്രത്തിന് ചലനവും ലഭിക്കും. എന്നാല്‍ സൗണ്ട് സ്റ്റിക്കറുകള്‍ ഈ അനുഭവത്തിലേക്ക് മറ്റൊരു ഘടകം കൂടി കൂട്ടിച്ചേര്‍ക്കുന്നു. സ്റ്റിക്കറിനൊപ്പം ചേര്‍ത്തിരിക്കുന്ന ശബ്ദം അതില്‍ ടാപ്പ് ചെയ്യുമ്പോള്‍ കേള്‍ക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പില്‍ ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്കായി ലഭ്യമാകുമെന്ന് ടെക്‌നോളജി വെബ്‌സൈറ്റായ WABetaInfo റിപ്പോര്‍ട്ട് ചെയ്യുന്നത്. വീഡിയോയില്‍നിന്ന് അനിമേറ്റഡ് സ്റ്റിക്കര്‍ ഉണ്ടാക്കാനും അതിനൊപ്പം ശബ്ദം ചേര്‍ക്കാനുമുള്ള സംവിധാനവും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

KALPETTA
News Image

വ്യാജ സൗന്ദര്യവർധക വസ്തുക്കൾ; ബ്യൂട്ടി പാർലറുകളിലും ജിമ്മുകളിലും പരിശോധന

സംസ്ഥാനത്ത് വ്യാജവും നിലവാരമില്ലാത്തതുമായ സൗന്ദര്യവർധക വസ്തുക്കൾ, പ്രത്യേകിച്ച് ഫെയ്സ് ക്രീമുകൾ ഉപയോഗിച്ചതിനെത്തുടർന്ന് പലർക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായ സാഹചര്യത്തിൽ പരിശോധനക്ക് ആരോഗ്യ വകുപ്പ് നിർദേശം. വ്യാജ സൗന്ദര്യവർധക വസ്തുക്കളും സപ്ലിമെന്റുകളും വ്യാപകമായി ഉപയോഗിക്കുന്നത് ബ്യൂട്ടിപാർലറുകളിലും ജിമ്മുകളിലുമാണെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് കർശന പരിശോധന നടത്തുന്നത്. ഇതുസംബന്ധിച്ച് അടിയന്തര സർക്കുലർ പുറപ്പെടുവിക്കാൻ ആരോഗ്യ മന്ത്രി കെ. മുരളീധരൻ, ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. അനുവദനീയ അളവിലും കൂടുതൽ രാസവസ്തുക്കളടങ്ങിയ സൗന്ദര്യവർധക ഉൽപന്നങ്ങൾ വിപണിയിലെത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. അംഗീകൃത ലൈസൻസില്ലാതെയും ചേരുവകൾ, നിർമാണ തീയതി, കാലാവധി എന്നിവ രേഖപ്പെടുത്താതെയും പുറത്തിറക്കുന്ന വ്യാജ ഫെയ്സ് ക്രീമുകൾ വ്യാപകമായി വിറ്റഴിക്കുന്നു. ബ്യൂട്ടി പാർലറുകൾ, കോസ്മെറ്റിക് സെന്ററുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ വഴിയാണ് വിൽപനയും ഉപയോഗവും. വ്യാജവും ലൈസൻസില്ലാത്തതും നിലവാരമില്ലാത്തതുമായ സൗന്ദര്യവർധക വസ്തുക്കൾ കണ്ടെത്താൻ എല്ലാ ബ്യൂട്ടി പാർലറുകളിലും കോസ്മെറ്റിക് സെന്ററുകളിലും മറ്റു സ്ഥാപനങ്ങളിലും ഡ്രഗ്സ് കൺട്രോൾ വകുപ്പ് സമഗ്ര പരിശോധന നടത്തും. ജിമ്മുകൾ, വെൽനസ് സെന്ററുകൾ എന്നിവ വഴി വിൽക്കുന്ന പ്രോട്ടീൻ പൗഡറുകളുടെയും മറ്റു പോഷക സപ്ലിമെന്റുകളുടെയും ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പും ഡ്രഗ്സ് കൺട്രോൾ വകുപ്പും ചേർന്നാണ് പരിശോധന നടത്തുക. കൃത്യമായ ഇടവേളകളിൽ പരിശോധന നടത്താനും ആഴ്ചതോറും റിപ്പോർട്ട് സമർപ്പിക്കാനും നിർദേശമുണ്ട്.

ARIYIPPU
News Image

ഇ-ദർഘാസ് ക്ഷണിച്ചു

മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ നവജാതശിശു പരിചരണ വിഭാഗത്തിലേക്ക് ഇൻകുബേറ്റർ വിത്ത് ട്രോളി, നിയോനേറ്റൽ മൾട്ടിപാരാ മോണിറ്റർ, പോർട്ടബിൾ സക്ഷൻ അപ്പാരറ്റസ് എന്നിവ വിതരണം ചെയ്യുന്നതിന് ഇ-ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ഡിസംബർ രണ്ടിന് രാവിലെ 10 വരെ സമർപ്പിക്കാം. ഫോൺ: 04935-240264. വെബ്സൈറ്റ്:https://etenders.kerala.gov.in/nicgep/app.

ARIYIPPU
News Image

ക്വട്ടേഷന്‍ ക്ഷണിച്ചു

കോളേരി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കോമ്പൗണ്ടില്‍ മുറിച്ചുമാറ്റിയ തടികള്‍ വില്‍ക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഡിസംബര്‍ മൂന്നിന്രാവിലെ 11.30 വരെ ക്വട്ടേഷനുകള്‍ സമര്‍പ്പിക്കണം. ഫോണ്‍- 6238491308.

ARIYIPPU
News Image

അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷപരിപാടികൾ: രജിസ്ട്രേഷൻ 27 വരെ

ജില്ലാ സാമൂഹികനീതി ഓഫീസിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷം ഡിസംബർ മൂന്നിന് രാവിലെ ഒമ്പത് മുതൽ മുട്ടിൽ വയനാട് ഓർഫനേജ് സ്പീച്ച് ആൻഡ് ഹിയറിംഗ് സ്കൂളിൽ സംഘടിപ്പിക്കും. ഭിന്നശേഷിക്കാർക്കായി ഗ്രൂപ്പ് സോങ്, ഗ്രൂപ്പ് ഡാൻസ്, സിംഗിൾ സോങ്, സിംഗിൾ ഡാൻസ്, ഫാൻസി ഡ്രസ്, മോണോ ആക്ട്, മിമിക്രി തുടങ്ങിയ കലാപരിപാടികളും മ്യൂസിക്കൽ ചെയർ, പെനാൽറ്റി ഷൂട്ടൗട്ട്, ബോൾ പാസിങ് തുടങ്ങിയ കായിക വിനോദങ്ങളും ഒരുക്കും. കലാപരിപാടികൾ മത്സരാധിഷ്ഠിതമായിരിക്കില്ല. ഒരാൾക്ക് ഗ്രൂപ്പ് ഇനങ്ങൾ ഉൾപ്പെടെ പരമാവധി മൂന്ന് ഇനങ്ങളിൽ പങ്കെടുക്കാം. പ്രായപരിധിയില്ല. പങ്കെടുക്കാൻ താൽപര്യമുള്ളവർ നവംബർ 27-നകം രജിസ്റ്റർ ചെയ്യണം. ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യാം: https://docs.google.com/forms/d/e/1FAIpQLSc5knm_T1gpChSaN0woDJK23ru-2E4vEXYjwgfgy7VwBg358g/viewformഫോൺ: 04936 205307, 7559055263 ഇ-മെയിൽ:disabilityfestwayanad@gmail.com

WAYANAD
News Image

ക്ലർക്ക് റാങ്ക് പട്ടിക റദ്ദാക്കി

വയനാട് ജില്ലയിൽ വിവിധ വകുപ്പുകളിലെ ക്ലർക്ക് (എസ്.ടി വിഭാഗത്തിന് മാത്രം സംവരണം,കാറ്റഗറി നമ്പർ 370/2021) തസ്തികയിലേക്കുള്ള നിയമനത്തിനായി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി പൂർത്തിയായതിനെ തുടർന്ന് 2026 നവംബർ 21 അർധരാത്രി മുതൽ നിലവിലില്ലാത്തവിധംറദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

WAYANAD
News Image

ചവിട്ടുനാടകത്തില്‍ വിജയം തുടര്‍ക്കഥയാക്കി മാനന്തവാടി എം.ജി.എം

ഹൈസ്‌കൂള്‍ വിഭാഗം ചവിട്ടുനാടക മത്സരത്തില്‍ ആറാം വര്‍ഷവും വിജയം തുടര്‍ക്കഥയാക്കി മാനന്തവാടി എം.ജി.എം എച്ച്.എസ് സ്‌കൂള്‍. സ്വര്‍ഗത്തിലെ ലൂസിഫറും മിഖായേലും തമ്മിലുള്ള പോരാട്ടമാണ് ചവിട്ടുനാടകത്തിന്റെ പ്രമേയം. അധ്യയനവര്‍ഷാരംഭത്തോടെ തുടര്‍ച്ചയായ പരിശീലനത്തിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ അരങ്ങിലെത്തിയത്. ചവിട്ടു നാടക പരിശീലകന്‍ റോയ് ജോര്‍ജാണ് കഴിഞ്ഞ ആറു വര്‍ഷമായി ടീമിന് പരിശീലനം നല്‍കുന്നത്. ആര്‍. തനുശ്രീ, വി. ഋതിക, സിയ ഡൊമിനിക്, എസ്. അനിക, അലീന, അധിനിയ, ബെനിറ്റ, ബി. സെബാസ്റ്റ്യന്‍ ലൊറൈന്‍, അലോണ, ആന്‍ഡ്രിയ എന്നിവരാണ് ടീമംഗങ്ങള്‍.

WAYANAD
News Image

കുട്ടികള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങളില്‍ നിര്‍ണായക ഹൈക്കോടതി പരാമര്‍ശം; പലരും കുറ്റം ചെയ്യുന്നത് 18 വയസ് ആയില്ലെന്ന ബോധ്യത്തില്‍, പ്രായ പരിധിയിലും പരാമര്‍ശം

18 വയസ്സില്‍ താഴെയാണെന്ന ബോധ്യത്തോടെയാണ് പല കുട്ടികളും കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്നതെന്നും എന്നിട്ടും അവരെ പ്രായപൂർത്തിയായവരായി പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചു.പ്രായപൂർത്തി നിർണയിക്കാൻ 18 വയസ്സ് എന്ന പരിധി നിശ്ചയിച്ചതിനെക്കുറിച്ചായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം. മദ്യപിച്ച്‌ 19കാരൻ ഓടിച്ച ആഡംബരക്കാറിടിച്ച്‌ നെടുമ്പാശ്ശേരിയില്‍ മൂന്നുപേർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഇക്കാര്യം പറഞ്ഞത്. സംഭവത്തില്‍ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയായിരുന്നു കോടതിയുടെ പരിഗണനയില്‍.സൂര്യൻ ഉദിക്കുന്ന ദിശയെ ഉദാഹരണമാക്കി കോടതി നിലപാട് വിശദീകരിച്ചു. സൂര്യൻ ഉദിക്കുന്നിടമാണ് കിഴക്ക്. അതുപോലെ പ്രായപൂർത്തിയാകുന്നത് 18 വയസ്സിലാണെന്ന മുൻകൂട്ടിയുള്ള ധാരണയല്ല, പ്രായപൂർത്തിയാകുന്ന പ്രായത്തിനാണ് പ്രാധാന്യം. പ്രായപൂര്‍ത്തിയാകുന്നത് 16 വയസ്സാണെങ്കില്‍ പ്രായപൂർത്തിയുടെ പരിധിയും 16 ആകണമല്ലോ എന്നും കോടതി നിരീക്ഷിച്ചു.അതേസമയം, 19കാരന് മദ്യം നല്‍കിയ ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതായി സർക്കാർ കോടതിയെ അറിയിച്ചു. പുതിയ മദ്യനയത്തില്‍ ഇതുസംബന്ധിച്ച വ്യവസ്ഥ ഉള്‍പ്പെടുത്തുമെന്നും വ്യക്തമാക്കി. തുടർന്ന് ഹർജി രണ്ടാഴ്ചയ്ക്കു ശേഷം പരിഗണിക്കാനായി തീരുമാനിച്ചു.

GENERAL
News Image

സംസ്ഥാനത്ത് ടാർ റോഡിന് പകരം കോൺക്രീറ്റ് റോഡ്; ചെലവ് കൂടും അറ്റകുറ്റപ്പണി കുറയും, പഠനം നടത്തുമെന്ന് മന്ത്രി

സംസ്ഥാനത്ത് ടാർ റോഡുകൾക്കുപകരം കോൺക്രീറ്റ് റോഡ് നിർമാണത്തിന്റെ സാധ്യത പ്രയോജനപ്പെടുത്താൻ സർക്കാർ. നിലവിൽ ബിറ്റുമിൻ ഉപയോഗിച്ചാണ് (ബ്ളാക്ക് ടോപ്പിങ്) റോഡ് നിർമാണം. ഇതിനുപകരം കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ചുള്ള വൈറ്റ് ടോപ്പിങ് നിർമാണരീതി സ്വീകരിക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ ആലോചന.ദീർഘകാലം തകരാതെ നിൽക്കുമെന്നതാണ് കോൺക്രീറ്റ് റോഡുകളുടെ മെച്ചം. പരിപാലനച്ചെലവും കുറയുന്നത് നേട്ടമാകും. അതേസമയം, നിർമാണച്ചെലവ് ഉയരും. പ്രതലത്തിൽ കോൺക്രീറ്റ് പാളി ഉപയോഗിക്കുമ്പോൾ റോഡിന് റിജിഡ് പേവ്‌മെന്റ് സ്വഭാവം ലഭിക്കുന്നതിനാൽ 25-30 വർഷംവരെ ഈടുനിൽക്കും.സംസ്ഥാനത്ത് ആലപ്പുഴയിൽ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായി 7.20 കിലോമീറ്റർ 24.50 കോടി രൂപ മുടക്കി വൈറ്റ് ടോപ്പിങ് നടപ്പാക്കിയിട്ടുണ്ട്. കളമശ്ശേരിയിലും അഞ്ച് കിലോമീറ്റർ റോഡ് ഇത്തരത്തിൽ നിർമിച്ചു. ദേശീയപാതയിൽ കഴക്കൂട്ടം-കാരോട് റോഡിൽ മുക്കോല മുതൽ കാരോട് വരെയുള്ള 16.4 കിലോമീറ്റർ ദൂരം കോൺക്രീറ്റ് പാതയാണ്.ഈ റോഡുകളെ വിലയിരുത്തിയാണ് കോൺക്രീറ്റ് റോഡുകളുടെ സാധ്യത പരിശോധിക്കുന്നത്. ബെംഗളൂരുവിൽ വൈറ്റ് ടോപ്പിങ്ങിലൂടെ 9000 കോടിയുടെ നഗരറോഡുകൾ നിർമിച്ചിട്ടുണ്ട്. വൈറ്റ് ടോപ്പിങ് പദ്ധതിയെക്കുറിച്ച് പഠിക്കാൻ പൊതുമരാമത്ത് വകുപ്പിലെ വിദഗ്‌ധസംഘം ബെംഗളൂരു സന്ദർശിക്കും. കോൺക്രീറ്റ് റോഡുകൾ അനുയോജ്യം:സംസ്ഥാനത്ത് മഴ കൂടുതൽ പെയ്യുന്നതിനാൽ കോൺക്രീറ്റ് റോഡുകൾ കൂടുതൽ അനുയോജ്യമാകുമെന്നാണ് വിലയിരുത്തൽ. തകരാറുണ്ടായാൽ ആ ഭാഗം മാത്രം പൊളിച്ചുപണിതാൽ മതിയാകും. പ്രതലം കൂടുതൽ ഉറപ്പുള്ളതിനാൽ ഭാരവാഹനങ്ങൾക്ക് കൂടുതൽ മൈലേജ് ലഭിക്കും. ടയറുകളുടെ ആയുസ്സും കൂടും.പഠനം നടത്തുംമന്ത്രി പി.കെ. ബഷീർ:വൈറ്റ് ടോപ്പിങ്ങിന്റെ സാധ്യതയെക്കുറിച്ച് പഠനംനടത്തും. സാമ്പത്തിക പ്രായോഗികതകൂടി കണക്കിലെടുത്ത് പ്രധാന റോഡുകളിൽ ഇത് പ്രയോജനപ്പെടുത്തുംമന്ത്രി പി.കെ. ബഷീർ.

GENERAL
News Image

വരുന്നു ഒറ്റപ്പെട്ട മഴയും ഇടിമിന്നലും, 9 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും മാഹിയിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. നവംബർ 25 മുതൽ നവംബർ 27ന് വരെയാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം വിശദമാക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നവംബർ 25 മുതൽ നവംബർ 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.25/11/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്.

KERALA
News Image