സ്വര്‍ണം തൊട്ടാല്‍ പൊള്ളും; പവന് ഒറ്റയടിക്ക് 2320 രൂപ വര്‍ധിച്ചു.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വലിയ കുതിപ്പ്. 1 ഗ്രാമിന് 290 രൂപ വര്‍ധിച്ച് 14,220 രൂപയിലെത്തി. പവന് ഒറ്റയടിക്ക് 2320 രൂപ വര്‍ധിച്ച് 1,13,760 രൂപയായി. കഴിഞ്ഞ ജൂണിനുശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 8160 രൂപയാണ് പവന് കൂടിയത്.രാജ്യാന്തര വിപണിയിലെ കുതിപ്പാണ് കേരളത്തിലെയും ആവേശം. ഇന്നലെ ഔണ്‍സിന് 4300 ഡോളര്‍ നിലവാരത്തിലായിരുന്ന രാജ്യാന്തര വില ഇപ്പോഴുള്ളത് 4418 ഡോളറിലാണ്. ഇത് ആഗോള വിപണിയില്‍ വാങ്ങല്‍ സമ്മര്‍ദ്ദം വര്‍ധിച്ചു. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലെ പ്രാദേശിക വിപണിയിലും പ്രകടമായത്. പശ്ചിമേഷ്യയിലെ സമാധാന ചര്‍ച്ചകള്‍, ഡോളറിലെ ചാഞ്ചാട്ടം, ആഗോള സാമ്പത്തിക അനിശ്ചിതത്വം എന്നിവയും സ്വര്‍ണവിലയെ സ്വാധീനിച്ച പ്രധാന ഘടകങ്ങളായാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.
ഭരണംമാറിയപ്പോള്‍ സ്ഥലംമാറ്റി, ഹെല്‍ത്ത് ഇൻസ്പെക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു.
ഭരണം മാറിയതിനെത്തുടർന്ന് സ്ഥലംമാറ്റപ്പെട്ട ഹെല്‍ത്ത് ഇൻസ്പെക്ടർ പഞ്ചായത്ത് ഓഫീസില്‍ കുഴഞ്ഞുവീണ് മരിച്ചു.ചൊക്ലി കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇൻസ്പെക്ടർ വടകര മേപ്പയില്‍ ശ്രീസ്ഥയില്‍ ആർ.ദീപലേഖയാണ് (52) മരിച്ചത്. പ്രഭാതനടത്തത്തിനിടെ വാഹനമിടിച്ചുണ്ടായ അപകടത്തില്‍ കാലിന്റെ എല്ലുകള്‍ തകർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു.ഇന്നലെ ഉച്ചയ്ക്ക് ചൊക്ലി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി യോഗത്തിനു മുൻപ് സ്ഥലംമാറ്റം സംബന്ധിച്ചുള്ള പ്രയാസം സ്ഥിരംസമിതി ചെയർമാനോട് സംസാരിക്കവെ കുഴഞ്ഞുവീഴുകയായിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ കരട് പട്ടികയില്‍ ദീപലേഖയെ മട്ടന്നൂരിലേക്ക് സ്ഥലംമാറ്റിയിരുന്നു. തുടർന്ന് ഭർത്താവുമായി ജൂലായ് 30ന് കളക്ടറേറ്റിലെത്തി ഡി.എം.ഒ വിവേക് കുമാറിനോട്, യാത്രയ്ക്കും നടക്കാനും നില്ക്കാനുമുള്ള പ്രയാസങ്ങള്‍ നേരില്‍ ബോദ്ധ്യപ്പെടുത്തി. എന്നാല്‍, തിങ്കളാഴ്ച രാവിലെ പുറത്തിറങ്ങിയ പട്ടികയില്‍ പിണറായി സി.എച്ച്.സിയിലേക്ക് മാറ്റി. ഇതോടെ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു.മൂന്നുമാസം ചികിത്സയിലായിരുന്ന ദീപലേഖ മൂന്നാഴ്ച മുമ്പാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്. മുഖമിടിച്ച് നിലത്തു വീണ ദീപലേഖയെ ഉടൻ തൊട്ടടുത്തെ ചൊക്ലി മെഡിക്കല്‍ സെന്ററിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഫെബ്രുവരിയിലാണ് ചൊക്ലി എഫ്.എച്ച്.സിയിലേക്ക് ദീപലേഖ സ്ഥലംമാറിയെത്തിയത്. അഞ്ചുമാസം തികയും മുമ്പാണ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് വീണ്ടും സ്ഥലം മാറ്റം. നാടകസംവിധായകൻ സുരേഷ്ബാബുവാണ് ഭർത്താവ്. മകള്‍: അമ്മലു ലക്ഷ്മി (എൻജിനിയർ, സ്നൈഡർ ബംഗളൂരു).
ചീരാൽ പ്രദേശത്തെ വന്യമൃഗ ശല്യം; ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങി ആക്ഷൻ കമ്മിറ്റി
കഴിഞ്ഞ കാലങ്ങളിൽ ചീരാൽ പ്രദേശത്ത് ഉണ്ടായ വന്യമൃഗ അക്രമണങ്ങളിൽ ശക്തമായ രീതിയിൽ പ്രതിഷേധിക്കാൻ തയ്യാറെടുക്കുകയാണ് പ്രദേശവാസികൾ, ഇതിനായി രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം ശക്തമാക്കും. പുലി, കടുവ തുടങ്ങിയവയുടെ ആക്രമണങ്ങളും പ്രദേശത്ത് നിത്യ സംഭവം ആവുകയാണ്. കഴിഞ്ഞദിവസം വെള്ളച്ചാലിൽ രണ്ട് പോത്തുകളെ കടുവ ഭക്ഷിച്ചിരുന്നു. തൊട്ടുമുന്നത്തെ ദിവസമാണ് ചീരാലിൽ നിന്നും ഒരു ആടിനെയും കടുവ കൊണ്ടുപോയത്. വെള്ളച്ചാലിൽ ഒരു യുവാവ് കടുവയെ നേരിൽ കാണുകയുണ്ടായി. ഭീതിയോടെയാണ് പ്രദേശവാസികൾ ഇവിടെ ജീവിക്കുന്നത്. എന്നാൽ വന്യമൃഗങ്ങൾ നാട്ടിൽ പൊറുക്കുമ്പോൾ ഇവയെ നേരിടാനുള്ള വനംവകുപ്പിന്റെ സംവിധാനം പ്രവർത്തിക്കുന്നത് വളരെ ദൂരത്താണ്. ഇത്തരം കേസുകൾ നിലവിൽ കൈകാര്യം ചെയ്യുന്നത് മേപ്പാടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ്. 40 കിലോമീറ്റർ അകലെയുള്ള മേപ്പാടി സ്റ്റേഷനാണ് നിലവിൽ ചീരാൽ പ്രദേശത്തിന്റെ ചുമതല. തൊട്ട് അടുത്ത് തോട്ടാമൂല സ്റ്റേഷൻ ഉണ്ടായിട്ടും ഇത്തരം അടിയന്തര കാര്യങ്ങൾക്ക് മേപ്പാടി സ്റ്റേഷനേ ആശ്രയിക്കേണ്ടി വരുന്നത് വൻ ദുരന്തമാണെന്ന് ചീരാലിൽ ചേർന്ന ആക്ഷൻ കമ്മിറ്റിയുടെ ജനറൽബോഡി വിലയിരുത്തി. ഉടനടി ചീരാൽ പ്രദേശത്തിന്റെ ചുമതല തോട്ടാമൂല സ്റ്റേഷൻ പരിധിയിലേക്ക് തിരിച്ചു കൊണ്ടുവരണം, പ്രദേശത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന കടുവ വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണണം, വന്യജീവി ആക്രമണങ്ങൾ മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്ക് മാന്യമായ നഷ്ടപരിഹാരം നൽകണം ... തുടങ്ങിയ ആവശ്യങ്ങൾ ശക്തമാക്കി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം ശക്തമാക്കും. ഇതിൻറെ ആദ്യപടിയായി ഈ മാസം 13ന് ജില്ലയിൽ എത്തുന്ന വനം വകുപ്പ് മന്ത്രിക്ക് നിവേദനം നൽകും. 14ന് പഴൂരിൽ സ്ഥിതി ചെയ്യുന്ന തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ബഹുജന പ്രക്ഷോഭം നടത്തും.സാങ്കേതികമായി തങ്ങളുടെ പരിസരത്ത് ഉള്ള തോട്ടാമൂല സ്റ്റേഷൻ പരിധിയിൽ നിന്നും തങ്ങളുടെ പ്രശ്നങ്ങളെ മാറ്റിയെങ്കിലും തുടർ പരാതികളും സമരങ്ങളും തോട്ടാമൂല സ്റ്റേഷനിൽ തന്നെ തുടരാനാണ് ജനകീയ സമിതിയുടെ തീരുമാനം.
`ഞാൻ കാശിക്കു പോകുന്നു', കത്തെഴുതിവച്ച് 17കാരൻ നാടുവിട്ടതായി പരാതി; കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
കണ്ണൂർ പെരിങ്ങത്തൂരിൽ കത്തെഴുതിവച്ച് 17കാരൻ നാടുവിട്ടതായി പരാതി. പ്ലസ് ടു വിദ്യാർത്ഥി ശിവസൂര്യയെയാണ് കാണാതായത്. `ഞാൻ കാശിക്കു പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും' എന്നാണ് കത്തിൽ എഴുതിയിരിക്കുന്നത്. മൊബൈൽ ഗെയിം പതിവാക്കിയത് വിലക്കിയതോടെയാണ് വിദ്യാർത്ഥി നാടുവിട്ടത്. ശിവസൂര്യയുടെ കൈയിൽ നിന്നും ഫോൺ വാങ്ങി വെച്ചിരുന്നു എന്ന് അച്ഛൻ ജിഗീഷ് പറയുന്നു. ശിവസൂര്യ വീട് വിട്ട് ഇറങ്ങുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. മൂന്നുദിവസം മുൻപാണ് കാണാതായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.
വിമാനയാത്രയുണ്ടോ? എയർപോർട്ടിൽ നേരത്തെയെത്തണം; സുരക്ഷാ പരിശോധന കർശനമാക്കാൻ എയർ ഇന്ത്യ
വിമാനയാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? എങ്കിൽ ഇത്തവണ എയർപോർട്ടിൽ പതിവിലും നേരത്തെ എത്തുന്നതാണ് നല്ലത്. ഓഗസ്റ്റ് 10 മുതൽ 20 വരെ സുരക്ഷാ പരിശോധനകൾക്ക് കൂടുതൽ സമയം വേണ്ടിവന്നേക്കാമെന്ന മുന്നറിയിപ്പുമായി എയർ ഇന്ത്യ രംഗത്തെത്തി.യാത്രക്കാരുടെ സുരക്ഷാ പരിശോധനയുമായി ബന്ധപ്പെട്ട നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അധിക സമയമെടുക്കാൻ സാധ്യതയുള്ളത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ പോസ്റ്റിലൂടെയാണ് എയർ ഇന്ത്യ ഇക്കാര്യം അറിയിച്ചത്.യാത്രക്കാർ വിമാനത്താവളങ്ങളിൽ നേരത്തെ എത്തണമെന്നും സുരക്ഷാ പരിശോധനയ്ക്കായി മതിയായ സമയം മാറ്റിവയ്ക്കണമെന്നും എയർ ഇന്ത്യ നിർദേശിച്ചു. പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിൽ ചെക്ക്-ഇൻ, സുരക്ഷാ പരിശോധന, ബോർഡിങ് എന്നിവയ്ക്ക് സാധാരണയേക്കാൾ കൂടുതൽ സമയം വേണ്ടിവന്നേക്കാം.അതിനാൽ യാത്രക്കാർ വിമാന ടിക്കറ്റ്, തിരിച്ചറിയൽ രേഖകൾ തുടങ്ങിയ ആവശ്യമായ രേഖകൾ കൈവശം കരുതുകയും എയർപോർട്ടിലെത്താൻ വൈകാതിരിക്കുകയും ചെയ്യുന്നത് പ്രധാനമാണ്. സുരക്ഷാ പരിശോധനയിലെ താമസം മൂലം വിമാനം നഷ്ടപ്പെടാതിരിക്കാൻ യാത്രക്കാർ മുൻകരുതൽ സ്വീകരിക്കണമെന്നും എയർ ഇന്ത്യ അറിയിച്ചു.
വെറ്ററിനറി സർവ്വകലാശാലയില്‍ സ്പോട്ട് അഡ്മിഷൻ
കേരള വെറ്ററിനറി സർവ്വകലാശാല നടത്തിവരുന്ന എം.എസ്, എം എസ് സി, ബി എസ് സി, പിപിബിഎം, ഡിപ്ലോമ, പിജി ഡിപ്ലോമ കോഴ്സുകളിലേക്ക് പൂക്കോട് വെറ്ററിനറി സർവ്വകലാശാല ക്യാമ്പസിൽ ഓഗസ്റ്റ് 18ന് രാവിലെ 10.30ന് സ്പോട്ട് അഡ്മിഷന് നടത്തുന്നു. വിശദവിവരങ്ങൾക്ക് www.kvasu.ac.in സന്ദർശിക്കുക. ഫോണ്‍-04936 209272, 04936 209269, 9446027876, 9495442035
ക്വട്ടേഷൻ ക്ഷണിച്ചു.
വയനാട് ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബ്ലഡ് സെന്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന രക്തദാന ക്യാമ്പുകളിലേക്ക് മെഡിക്കൽ ടീമിനെയും അനുബന്ധ സാമഗ്രികളും കൊണ്ടുപോകുന്നതിനും തിരികെ കൊണ്ടുവരുന്നതിനുമായി ഗവ അംഗീകൃത നിരക്കിൽ ഡ്രൈവർ ഉൾപ്പെടെ വാഹനം ലഭ്യമാക്കുന്നതിന് തയ്യാറുള്ള വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഓഗസ്റ്റ് 22ന് വൈകിട്ട് അഞ്ചുവരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍- 04935 240264
ബാര്‍ബര്‍ഷോപ്പ് നവീകരണ ധനസഹായ പദ്ധതിക്ക് അപേക്ഷിക്കാം
സംസ്ഥാനത്ത് ബാര്‍ബര്‍ഷോപ്പ്, യൂണിസെക്സ് സലൂണ്‍ തുടങ്ങിയ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് തൊഴിലിടം നവീകരിക്കുന്നതിന് ധനസഹായം നല്കുന്ന ബാര്‍ബര്‍ഷോപ്പ് നവീകരണ ധനസഹായ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കരുത്. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള പരമാവധി പ്രായപരിധി 60 വയസ്സ്. www.bwin.kerala.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം.
ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്മെന്റ്
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ് ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്മെന്റ് പ്രോഗ്രാം, ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട് മാനേജ്മെന്ററ് പ്രോഗ്രാം എന്നിവയിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസാണ് യോഗ്യത. ഫോണ്‍- 0471 2570471, 9846033001, 9846033009
ദേശീയ ലോക് അദാലത്ത്
ദേശീയ നിയമ സേവന അതോറിറ്റിയുടെ നിർദേശപ്രകാരം ജില്ലയിലെ കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി കോടതികളിൽ സെപ്റ്റംബർ 12ന് ലോക് അദാലത്ത് നടത്തുന്നു. പൊതുജനങ്ങൾക്ക് ചെക്ക് കേസുകൾ സംബന്ധിച്ച പരാതികൾ, തൊഴിൽ തർക്കങ്ങൾ, ഇലക്ട്രിസിറ്റി, വെള്ളക്കരം, മെയിന്റനൻസ് കേസുകൾ, ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകൾ എന്നിവ സംബന്ധിച്ച പരാതികൾ അദാലത്തിലേക്ക് നേരിട്ട് നൽകാം. വിവിധ കോടതികളിൽ നിലവിലുള്ള ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകൾ, ചെക്ക് കേസുകൾ, മോട്ടോർ വാഹന നഷ്ട പരിഹാര കേസുകൾ, ലേബർ കോടതിയിലെ കേസുകൾ, കുടുംബ കോടതിയിലുള്ള വിവാഹമോചനം ഒഴികെയുള്ള കേസുകൾ, ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച കേസുകൾ, സർവീസ് സംബന്ധമായ കേസുകൾ, സിവിൽ കോടതികളിൽ നിലവിലുള്ള കേസുകൾ എന്നിവയും അദാലത്തിൽ ഒത്തുതീർപ്പാക്കാൻ സാധിക്കും. പുതിയ പരാതികൾ ഓഗസ്റ്റ് 17ന് വൈകുന്നേരം അഞ്ച് വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുമായോ (ഫോൺ: 04936 207800) താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റികളുമായോ (മാനന്തവാടി-8281668101, സുൽത്താൻ ബത്തേരി -8304882641, വൈത്തിരി-9995167835) ബന്ധപ്പെടാം.
ഓണക്കാലത്ത് റേഷന്‍ അരിയുടെ അളവിലും വിലയിലും മാറ്റമില്ല; മറിച്ചുള്ളത് വ്യാജപ്രചരണം, ഓണം റേഷന്‍ വിഹിതം ഇങ്ങനെ...
ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്ന പ്രചാരണം തികച്ചും അവാസ്തവമെന്ന് ഭക്ഷ്യവകുപ്പ്. ഒരോ കാര്‍ഡിനുമുള്ള സാധാരണ റേഷന്‍ അരിവിഹിതം കുറച്ചിട്ടുമില്ല, വില കൂട്ടിയിട്ടുമില്ലെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ടൈഡ് ഓവര്‍ വിഹിതം അരി ലഭ്യതയില്‍ 2026 ജനുവരി മുതല്‍ 6,459 മെട്രിക് ടണ്ണിലധികം കുറവുണ്ടായി. 33,294 മെട്രിക് ടണ്‍ അരി ലഭിച്ചിരുന്നത് ഇപ്പോള്‍ 26,835 മെട്രിക് ടണ്‍ അരിയും 6,459 മെട്രിക് ടണ്‍ ഗോതമ്പുമാണ്. കഴിഞ്ഞ സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടതനുസരിച്ചാണ് കേന്ദ്രം ഈ മാറ്റം വരുത്തിയത്. റ്റൈഡ് ഓവര്‍ വിഹിതത്തില്‍ നിന്നാണ് ഉത്സവകാലങ്ങളില്‍ സ്പെഷല്‍ അരി നല്‍കിയിരുന്നത്. എന്നാല്‍, 2025 ഡിസംബറില്‍ കഴിഞ്ഞ സര്‍ക്കാര്‍ അരി വിഹിതത്തില്‍ കുറവു വരുത്തി പകരം അത്രയും ഗോതമ്പ് വാങ്ങിയതാണ് സ്പെഷല്‍ അരി കൊടുക്കാന്‍ പരിമിതി ഉണ്ടായത്.കഴിഞ്ഞ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയാണ് അരിവിഹിതം വെട്ടിക്കുറപ്പിച്ചത്. ടൈഡ് ഓവര്‍ വിഹിതത്തില്‍ വന്ന കുറവ് പരിഹരിക്കാനാണ് സാധാരണ റേഷന്‍ വിഹിതത്തിനു പുറമേ നീല, വെള്ള, തവിട്ട് കാര്‍ഡുകാര്‍ക്ക് 26 രൂപയ്ക്ക് അധികം അരി ലഭ്യമാക്കുന്നതെന്ന് ഭക്ഷ്യവുകുപ്പ് വ്യക്തമാക്കി. ഇതിനായി ഉയര്‍ന്ന വിലയ്ക്ക് (23.20 രൂപയ്ക്ക്) ഒഎംഎസ്എസ് അരി വാങ്ങി. പരിമിത സ്റ്റോക്കിനിടയിലും ഓണക്കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമായി അധിക അരി ലഭ്യമാക്കാനുള്ള നടപടികളാണ് ഭക്ഷ്യവകുപ്പ് സ്വീകരിച്ചത്. ഇതിനു കാരണം കഴിഞ്ഞ സര്‍ക്കാര്‍ അരിവിഹിതം വെട്ടിക്കുറപ്പിച്ചതു കൊണ്ടാണ്. ഓണക്കാലത്ത് അരി വില നിയന്ത്രിക്കുക ലക്ഷ്യമിട്ട് ഈ മാസം (ആഗസ്റ്റ്) 1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെട്രിക് ടണ്‍ ഗോതമ്പും പൊതുവിതരണ ശൃംഖലയിലൂടെ വിതരണത്തിന് എത്തിച്ചിട്ടുണ്ടെന്ന് ഭക്ഷ്യ വകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
കർണാടകയിലെ KSRTC അപകടം: ജീവനക്കാർക്ക് മതിയായ വിശ്രമം ലഭിച്ചിരുന്നു,നിയമപ്രകാരമുള്ള അപാകതയില്ല: മന്ത്രി C P ജോൺ
കര്‍ണാടക ബിഡദിക്ക് സമീപമുണ്ടായ കെഎസ്ആര്‍ടിസി അപകടത്തില്‍ പ്രതികരിച്ച് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍. സംഭവത്തില്‍ പ്രാഥമിക പരിശോധന നടത്തിയെന്നും വാഹനത്തിന് പഴക്കമില്ലെന്ന് വ്യക്തമായെന്നും സി പി ജോണ്‍ പറഞ്ഞു. ഡ്രൈവര്‍ മിഥിലേഷ് ലോങ് ട്രിപ്പ് ഓടിച്ചിരുന്ന ആളാണ്. പതിനാറ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഡ്രൈവർ സൈന്‍ ഓണ്‍ ചെയ്തതെന്നും മതിയായ വിശ്രമം ലഭിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. നിയമപ്രകാരം അപാകതയില്ല. ഇതുമായി ബന്ധപ്പെട്ട് ഉയരുന്നത് തെറ്റിദ്ധാരണാജനകമായ കാര്യങ്ങളാണെന്നും മന്ത്രി പറഞ്ഞു.ഡ്രൈവര്‍ക്ക് മതിയായ വിശ്രമം ലഭിക്കാത്തത് അപകട കാരണമായതായി ആരോപണം ഉയര്‍ന്നിരുന്നു. അപകടത്തിന് തൊട്ടുമുന്‍പുള്ള ദിവസം മൈസൂരുവില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ബസ് ഓടിച്ച ഡ്രൈവറെ അന്ന് രാത്രി തന്നെ ബെംഗളൂരുവിലേക്കുള്ള ദീര്‍ഘദൂര സര്‍വീസിന് വീണ്ടും അയച്ചുവെന്നും ആക്ഷേപമുണ്ടായിരുന്നു. ഇതിന് പുറമേ ദീര്‍ഘദൂര സര്‍വീസുകളില്‍ പരിചയ സമ്പന്നരായ ഡ്രൈവര്‍മാരെ നിയോഗിക്കുന്ന പതിവ് രീതിക്ക് വിരുദ്ധമായി താല്‍ക്കാലിക ജീവനക്കാരനാണ് ബസ് ഓടിച്ചതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ പ്രതികരണം
സ്വര്‍ണ വിപണിയുടെ തലവര മാറ്റാന്‍ 'ജെന്‍ സി', ലോക്കറുകളിലെ സ്വര്‍ണം പുറത്തേക്ക് വരുമോ?;വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ട് പുറത്ത്
സ്വര്‍ണത്തോടുള്ള ഇന്ത്യക്കാരുടെ പരമ്പരാഗതമായ കാഴ്ച്ചപ്പാട് മാറുകയാണ്. ഈ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതാകട്ടെ ജെന്‍ സിയും. ആഭരണങ്ങള്‍ വാങ്ങിക്കൂട്ടുന്നതിന് പകരം സാങ്കേതികവിദ്യയുടെയും ഡിജിറ്റല്‍ ഫിനാന്‍സിന്റെയും പുതിയ നിക്ഷേപ രീതികളുടെയും പിന്‍ബലത്തിലാകും ഇന്ത്യയിലെ അടുത്ത സ്വര്‍ണ കുതിപ്പ് എന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ പുതിയ റിപ്പോര്‍ട്ടായ 'സ്വര്‍ണിം ഉഡാന്‍ 2047' വ്യക്തമാക്കുന്നു.റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യന്‍ വീടുകളില്‍ നിലവില്‍ 31,000 ടണ്ണിലധികം സ്വര്‍ണമുണ്ട്. ഇതിന് ഏകദേശം 315 ലക്ഷം കോടി രൂപ മൂല്യം വരും. എന്നാല്‍ ഈ വമ്പന്‍ സമ്പത്തിന്റെ സിംഹഭാഗവും വീടുകളിലെ അലമാരകളിലും ലോക്കറുകളിലുമായി വെറുതെ ഇരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ, എന്നാല്‍ ഉപയോഗിക്കപ്പെടാത്ത സാമ്പത്തിക സ്രോതസുകളിലൊന്നാണിത്.
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
കൽപ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐയിലെ ബേക്കർ ആന്റ് കൺഫെക്ഷനർ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. എസ്.സി വിഭാഗത്തിൽ ഒരു ഒഴിവാണുള്ളത്. എസ്.സി വിഭാഗത്തിലുള്ളവരുടെ അഭാവത്തിൽ ഓപ്പൺ വിഭാഗത്തിലുള്ളവരെയും പരിഗണിക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഓഗസ്റ്റ് 14 രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04936 205519.
ക്ഷീര കർഷകർക്ക് പരിശീലനം
കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീര കർഷകർക്കായി സുരക്ഷിതമായ പാലുത്പാദനം എന്ന വിഷയത്തിൽ കോഴിക്കോട് ബേപ്പൂർ നടുവട്ടത്തെ ക്ഷീര പരിശീലന കേന്ദ്രത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. രജിസ്ട്രേഷൻ ഫീസ് 20 രൂപ. ആധാർ, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് ഹാജരാക്കുന്നവർക്ക് ദിനബത്ത, യാത്രാബത്ത എന്നിവ ലഭിക്കും. താത്പര്യമുള്ളവർ ഓഗസ്റ്റ് 14ന് വൈകുന്നേരം അഞ്ചിന് മുമ്പ് 0495 2414579 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം. ഫോൺ വഴി സ്ഥിരീകരണം ലഭിച്ചവർക്ക് മാത്രമേ പരിശീലനത്തിൽ പങ്കെടുക്കാൻ സാധിക്കൂ.
പ്രഥമ ഉമ്മൻചാണ്ടി പുരസ്കാര ജേതാവ് ചെറുവയൽ രാമനെ വീട്ടിലെത്തി സന്ദർശിച്ച് മന്ത്രി ടി സിദ്ദീഖ്
കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാറിന്റെ പ്രഥമ ഉമ്മൻചാണ്ടി പുരസ്കാര ജേതാവായ പത്മശ്രീ ചെറുവയൽ രാമനെ കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ് കമ്മനയിലെ വീട്ടിലെത്തി സന്ദർശിച്ചു. ചിങ്ങം ഒന്നിന് ഏറണാകുളത്ത് കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന കർഷക ദിനാചരണം സംസ്ഥാനതല ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശനാണ് പുരസ്കാരം സമ്മാനിക്കും. അഭിനന്ദനം അറിയിക്കുകയും പുരസ്കാര വിതരണ ചടങ്ങിലേക്ക് കുടുംബസമേതം ക്ഷണിക്കുന്നതിനുമാണ് മന്ത്രി ചെറുവയൽ രാമന്റെ വസതിയിലെത്തിയത്. അതിജീവനത്തിനായി പോരാടുന്ന കർഷകന്റെ പ്രതീകമായ പത്മശ്രീ ചെറുവയൽ രാമന് പ്രഥമ ഉമ്മൻചാണ്ടി പുരസ്കാരത്തിനായി തിരഞ്ഞെടുത്തത് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു. അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയും കൃഷി ഡയറക്ടറും അംഗങ്ങളായിരുന്ന പുരസ്കാര നിർണയ കമ്മിറ്റി ഐക്യകണ്ഠേനയാണ് ചെറുവയൽ രാമനെ തിരഞ്ഞെടുത്തത്. കൃത്രിമത്വത്തിന്റെ ഒരു അംശം പോലുമില്ലാതെ മണ്ണിനോടും പ്രകൃതിയോടും കൃഷിയോടും താദാത്മ്യം പ്രാപിച്ചയാളാണ് അദ്ദേഹം. രാജ്യം ആദരിച്ച ചെറുവയൽ രാമനെ സംസ്ഥാന കൃഷി വകുപ്പ് ഈ പുരസ്കാരത്തിലൂടെ ആദരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.അഞ്ച് ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. വ്യക്തിപരമായി ഏറെ ഇഷ്ടപ്പെടുന്ന ഉമ്മൻചാണ്ടിയുടെ പേരിലുള്ള പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പത്മശ്രീ ചെറുവയൽ രാമൻ പ്രതികരിച്ചു. എം.എൽ.എ ഉഷ വിജയൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മീനാക്ഷി രാമൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയോടൊപ്പം ചെറുവയൽ രാമന്റെ വസതിയിലെത്തിയിരുന്നു.
വെറ്ററിനറി ഡോക്ടർ നിയമനം
മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് 89 ദിവസത്തെ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി ബിരുദവും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും അംഗീകൃത തിരിച്ചറിയൽ രേഖയും സഹിതം ഓഗസ്റ്റ് 14ന് ഉച്ചയ്ക്ക് 12ന് കൽപ്പറ്റയിലെ ജില്ലാ മൃഗ സംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 04936 202292.
ഗസ്റ്റ് അധ്യാപക നിയമനം: അഭിമുഖം നാളെ
സുൽത്താൻ ബത്തേരി പൂമലയിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ വിഷ്വൽ ആർട്സ് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. മണിക്കൂറിൽ 600 രൂപയാണ് വേതനം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഓഗസ്റ്റ് 11ന് രാവിലെ 11ന് അഭിമുഖത്തിന് എത്തണം. ഫോൺ: 9037030586.
ഐ.ടി.ഐ സ്പോട്ട് അഡ്മിഷൻ നാളെ
കൽപ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐയിലെ വിവിധ ട്രേഡുകളിൽ എസ്.സി വിഭാഗത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 11ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ അസൽ രേഖകൾ സഹിതം രാവിലെ 10ന് ഐ.ടി.ഐയിൽ നേരിട്ടെത്തണം. ഫോൺ: 04936 205519, 9961702406, 9995914652.
ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കാൻ കേരള പൊലീസ്; 'ഓപ്പറേഷൻ ഗ്രിപ്പി'ലൂടെ പിടിയിലായത് 501 ഗുണ്ടകള്‍
സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങളുടെ വിളയാട്ടത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ട് കേരള പൊലീസ് ആവിഷ്കരിച്ച 'ഓപ്പറേഷൻ ഗ്രിപ്പ്' സംസ്ഥാനത്തൊട്ടാകെ ഊർജിതമായി തുടരുന്നു.പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ രണ്ടുദിവസത്തിനിടെ മാത്രം 501 ഗുണ്ടകളാണ് പൊലീസിന്റെ പിടിയിലായത്.കുറച്ചുനാളുകള്‍ക്ക് മുൻപ് ആരംഭിച്ച പദ്ധതിയാണെങ്കിലും, അടുത്തിടെ നടന്ന അർജുൻ ആയങ്കിയുടെ അറസ്റ്റിന് പിന്നാലെയാണ് ഗുണ്ടകള്‍ക്കെതിരെയുള്ള നടപടികള്‍ പൊലീസ് കൂടുതല്‍ കർശനമാക്കിയത്.പിടിയിലായവർക്കെതിരെയുള്ള നിയമനടപടികള്‍ നിലവില്‍ പുരോഗമിക്കുകയാണ്. ഗുരുതരമായ കേസുകളില്‍ ഉള്‍പ്പെട്ടവരെയും നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്നവരെയും കർശനമായ നിയമനടപടികള്‍ക്ക് വിധേയമാക്കാനാണ് പൊലീസിന്റെ തീരുമാനം.അതേസമയം, കാര്യമായ മറ്റ് കേസുകളില്ലാത്തവരെ കർശന താക്കീത് നല്കി വിട്ടയക്കുന്ന നടപടികളും സ്വീകരിക്കുന്നുണ്ട്. ഗുണ്ടകള്‍ സമൂഹത്തില്‍ സ്വൈര്യവിഹാരം നടത്തുന്നത് അവസാനിപ്പിക്കുക എന്ന പൂർണ ലക്ഷ്യത്തോടെയാണ് പൊലീസ് മുന്നോട്ട് പോകുന്നത്.വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ കസ്റ്റഡിയില്‍ എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സമൂഹത്തില്‍ ഭയമുണ്ടാക്കുന്ന ക്രിമിനലുകളെ മുഴുവനായി പിടികൂടാനായി സംസ്ഥാനത്തുടനീളം പൊലീസ് പരിശോധനകള്‍ ഊർജിതമാക്കിയിരിക്കുകയാണ്.

