കൺസർവ്വേഷൻ ബയോളജിസ്റ്റ് നിയമനം
സൗത്ത് വയനാട് ഫോറസ്റ്റ് ഡെവലപ്പ്മെൻറ് ഏജൻസിയ്ക്ക് കീഴിൽ കരാർ വ്യവസ്ഥയിൽ കൺസർവ്വേഷൻ ബയോളജിസ്റ്റിന്‍റെ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അപേക്ഷകൾ നേരിട്ടോ dfoswd@gmail.com എന്ന ഇ-മെയിൽ മുഖേനയോ ഓഗസ്റ്റ് ഏഴിന് വൈകിട്ട് അഞ്ചിനകം സമർപ്പിക്കണം. വിശദവിവരങ്ങൾ www.forest.kerala.gov.in ല്‍ നിന്നും സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ. 04936 203428
കേപ്പ് ക്യാമ്പസ്സിൽ എം ബി എ സീറ്റൊഴിവ്
പുന്നപ്ര കേപ്പ് ക്യാമ്പസ്സിലെ ഇന്‍സ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ആൻഡ് ടെക്നോളജിയിൽ 2026-2028 വർഷത്തേക്കുള്ള ദ്വിവത്സര ഫുൾടൈം എം.ബി.എ പ്രോഗ്രാമിൽ എസ്.സി / എസ്.ടി, ഒ.ഇ.സി വിഭാഗങ്ങൾക്കും ജനറൽ വിഭാഗത്തിനും ഒഴിവുള്ള സീറ്റുകളിക്ക് അപേക്ഷിക്കാം. ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, ഓപ്പറേഷൻസ്, ലോജിസ്റ്റിക്സ്, ബിസിനസ് അനലിറ്റിക്സ് എന്നിവയിൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. ഫിഷറീസ് വിഭാഗക്കാർക്കും എസ്.സി / എസ്.ടി, ഒ.ഇ.സി, ഒ.ബി.സി വിദ്യാർത്ഥികൾക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവര്‍ക്കും സ്കോളർഷിപ് ലഭിക്കും. ഫോൺ: 0477 2267602, 9188067601, 9946488075, 9747272045, www.imtpunnapra.org
ടെണ്ടർ ക്ഷണിച്ചു.
സുൽത്താൻ ബത്തേരി പട്ടികവർഗ്ഗ വികസന ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന അഞ്ച് പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലുകളിൽ താമസിച്ച് പഠനം നടത്തുന്ന 291 വിദ്യാർത്ഥിനികൾക്ക് 2026-27 അധ്യയന വർഷത്തേക്ക് ആവശ്യമായ നൈറ്റ് ഡ്രസ് (2 ജോഡി വീതം) ഏറ്റവും കുറഞ്ഞ നിരക്കിലും ഗുണനിലവാരത്തിലും വിതരണം നടത്തുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്ര വച്ച ടെണ്ടര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 14ന് ഉച്ചക്ക് ശേഷം മൂന്ന് വരെ ടെണ്ടർ സമർപ്പിക്കാം. ഫോണ്‍- 04936221074 *
ഇന്ത്യയുടെ ഭാവിയെ നിങ്ങൾ സംരക്ഷിച്ചു, മാപ്പപേക്ഷിക്കേണ്ട കാര്യമില്ല'; വിദ്യാർത്ഥികളോട് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: സിജെപി സമരത്തില്‍ പങ്കെടുക്കുകയും ഡല്‍ഹി പൊലീസിന്റെ മര്‍ദത്തിനും സമൂഹമാധ്യമങ്ങളിലെ അധിക്ഷേപത്തിനും ഇരയാകുകയും ചെയ്ത യുവതീ യുവാക്കളുമായി കൂടിക്കാഴ്ച നടത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. യുവാക്കളുടെ നിലപാടില്‍ അഭിമാനിക്കുന്നതായി രാഹുൽ ഗാന്ധി പറഞ്ഞു. ഭരണഘടനയ്ക്ക് വേണ്ടി നിലനിന്ന യുവജനത ഇന്ത്യയുടെ ഭാവിയെയും 'ഇന്ത്യയുടെ ആശയ'ത്തെയുമാണ് സംരക്ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ തകര്‍ന്നുകൊണ്ടിരിക്കുന്നതും ഉപയോഗശൂന്യവുമായ വിദ്യാഭ്യാസ വ്യവസ്ഥയ്ക്ക് എതിരെ പരാതി ഉയര്‍ത്തുന്നത് ഒരിക്കലും ഒരു കുറ്റമല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു തെറ്റും ചെയ്യാത്ത വിദ്യാര്‍ത്ഥികള്‍ ആരോടും മാപ്പപേക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു രാഹുലിൻ്റെ പ്രതികരണം. രാഹുല്‍ ഗാന്ധിക്കൊപ്പം മുംബൈ പൊലീസിനെ തടഞ്ഞ മോഡൽ റിയ ആഹിര്‍, പെല്ലറ്റ് ആക്രമണത്തിന് ഇരയായ ജാര്‍ഖണ്ഡ് സ്വദേശിനി, ലാത്തി കൊണ്ട് മര്‍ദനമേറ്റ മുസ്‌കാന്‍ ശര്‍മ എന്നിവരും ഉണ്ടായിരുന്നു.
വസ്ത്രങ്ങളിലും പേസ്റ്റ് രൂപത്തിലും കടത്ത്; കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് പിടികൂടിയത് 11 കോടിയുടെ സ്വർണം
കേരളത്തിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് കസ്റ്റംസിന്റെ വൻ ഓപ്പറേഷൻ. ഇതോടെ ഒരാഴ്ചയ്ക്കിടയിൽ 11 കോടിയിലധികം വിലമതിക്കുന്ന ഏകദേശം 8 കിലോഗ്രാം കടത്തുസ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. സംസ്ഥാനത്തെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിലാണ് കസ്റ്റംസിന്റെ നടപടി.സംഭവവുമായി ബന്ധപ്പെട്ട് 14 കേസുകൾ രജിസ്റ്റർ ചെയ്യുകയും 9 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി കസ്റ്റംസ് അറിയിച്ചു. അറസ്റ്റിലായവരിൽ ആറ് മലയാളികളും മൂന്ന് തമിഴ്നാട് സ്വദേശികളും ഉൾപ്പെടുന്നു.കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വിവരമനുസരിച്ച്, സ്വർണം ശരീരത്തിനുള്ളിലും വസ്ത്രങ്ങളിലും ബാഗേജുകളിലും പേസ്റ്റ് രൂപത്തിലുമടക്കം അതിസൂക്ഷ്മമായ രീതികളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ഓരോ പരിശോധനയിലും കടത്തുകാർ പുതിയ തന്ത്രങ്ങൾ പരീക്ഷിക്കുന്ന സാഹചര്യമാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.ഗൾഫ് രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ കേന്ദ്രീകരിച്ചുള്ള രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനകളിലാണ് ഭൂരിഭാഗം സ്വർണവും പിടികൂടിയത്.സംഘടിത അന്തർദേശീയ സ്വർണക്കടത്ത് ശൃംഖലകൾ കൂടുതൽ സങ്കീർണമായ രീതികൾ ഉപയോഗിക്കുന്നുവെന്ന ആശങ്കയും കസ്റ്റംസ് ഉദ്യോഗസ്ഥർ പങ്കുവച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ വിമാനത്താവളങ്ങളിലെ നിരീക്ഷണവും പരിശോധനയും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
കരൾ രോഗങ്ങൾ: നിസ്സാരമായി കാണരുത് ഈ പ്രാരംഭ ലക്ഷണങ്ങൾ
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. ദഹനം സുഗമമാക്കുക, വിറ്റാമിനുകളും മിനറലുകളും സംഭരിക്കുക, രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോട്ടീനുകൾ നിർമ്മിക്കുക, രക്തത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യുക, പ്രതിരോധശേഷി വർദ്ധിപ്പിക്കുക തുടങ്ങി നിരവധി നിർണായക ചുമതലകളാണ് കരൾ നിർവ്വഹിക്കുന്നത്. എന്നാൽ ഇത്രയധികം ഉത്തരവാദിത്തങ്ങളുണ്ടായിട്ടും പലപ്പോഴും കരളിന്റെ ആരോഗ്യത്തിന് നമ്മൾ വേണ്ടത്ര പരിഗണന നൽകാറില്ല. രോഗത്തിന്റെ ആദ്യഘട്ടങ്ങളിൽ വ്യക്തമായ ലക്ഷണങ്ങളൊന്നും പ്രകടമാകാത്തതാണ് ഇതിന് പ്രധാന കാരണം. കരൾ രോഗങ്ങളുടെ ആദ്യകാല ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.വിട്ടുമാറാത്ത ക്ഷീണം2. ഓക്കാനം, വിശപ്പില്ലായ്മ3. വയറിന്റെ വലതുഭാഗത്ത് (മേൽഭാഗത്ത്) അനുഭവപ്പെടുന്ന അസ്വസ്ഥത.4. കാരണമില്ലാതെ ശരീരഭാരവും പേശികളുടെ ബലവും കുറയുക5. ശരീരത്തിൽ വിട്ടുമാറാത്ത ചൊറിച്ചിൽഇവ കരൾ രോഗത്തിന്റെ മാത്രം ലക്ഷണങ്ങളല്ലെങ്കിലും, ആഴ്ചകളോളം തുടർച്ചയായി കാണപ്പെടുകയാണെങ്കിൽ വൈദ്യസഹായം തേടേണ്ടതാണ്. കരളിന്റെ പ്രവർത്തനം കൂടുതൽ മന്ദഗതിയിലാകുമ്പോൾ പാദങ്ങളിൽ താത്കാലികമായി വീക്കം കാണപ്പെടുക, മലത്തിന് മഞ്ഞയോ വെളുപ്പോ നിറം വരിക, എളുപ്പത്തിൽ രക്തസ്രാവമോ ചതവോ ഉണ്ടാവുക തുടങ്ങിയ മാറ്റങ്ങളും കാണാം.
കെഎസ്‌ആര്‍ടിസി ടിക്കറ്റ് ബുക്കിങ്ങിന് ഇനി വാട്സാപ്പും ; എഐ അധിഷ്‌ഠിത സംവിധാനത്തിന് തുടക്കം
യാത്രക്കാർക്ക് കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ കെഎസ്‌ആർടിസി ടിക്കറ്റുകള്‍ ഇനി വാട്‌സാപ്പ് വഴിയും ബുക്ക് ചെയ്യാം. യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് എടുക്കാനുള്ള പുതിയ എഐ അധിഷ്ഠിത വാട്‌സാപ്പ് ടിക്കറ്റ് ബുക്കിങ് സംവിധാനം വ്യാഴാഴ്ച (ഓഗസ്റ്റ് 6) ഗതാഗതമന്ത്രി സി പി ജോണ്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിക്ക് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിലാണ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്. പൊതുഗതാഗത സംവിധാനത്തെ പൂർണമായും ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പുതിയ സാങ്കേതികവിദ്യ കോർപ്പറേഷൻ നടപ്പിലാക്കുന്നത്.എളുപ്പത്തില്‍ ടിക്കറ്റ് ബുക്കിങ്പുതിയ എഐ അധിഷ്ഠിത വാട്സാപ്പ് സംവിധാനം വരുന്നതോടെ യാത്രക്കാർക്ക് ഏത് സമയത്തും വളരെ വേഗത്തില്‍ തങ്ങളുടെ സീറ്റുകള്‍ ഉറപ്പാക്കാൻ സാധിക്കും. ക്യൂ നില്‍ക്കുന്നതിലെ കാലതാമസവും മറ്റ് ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ പുതിയ മാറ്റം വലിയ തോതില്‍ സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. സ്മാർട്ട്ഫോണ്‍ ഉപയോഗിക്കുന്ന സാധാരണക്കാർക്ക് പോലും എളുപ്പത്തില്‍ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ഈ സംവിധാനം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.പ്രിയദർശിനി പദ്ധതിയും സാമ്പത്തിക പ്രതിസന്ധിയുംയാത്രക്കാർക്കായി പുതിയ ഡിജിറ്റല്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവരുമ്പോഴും, ആസൂത്രണമില്ലാതെ വലിയ അവകാശവാദത്തോടെ നടപ്പാക്കിയ പ്രിയദർശിനി സൗജന്യയാത്ര ഉള്‍പ്പെടെയുള്ള പദ്ധതികളിലെ കടുത്ത പ്രതിസന്ധികളില്‍ നിന്ന് കരകയറാൻ കെഎസ്‌ആർടിസി പാടുപെടുകയാണ്. ഈ പുതിയ സൗജന്യ പദ്ധതി ആരംഭിച്ചതോടെ കോർപ്പറേഷൻ്റെ പ്രതിദിന ടിക്കറ്റ് വരുമാനത്തില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ വരുമാന നഷ്ടം കാരണം കെഎസ്‌ആർടിസിയിലുണ്ടായ സാമ്പത്തിക ബാധ്യത താങ്ങാവുന്നതിലും അപ്പുറമായിരുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വരുമാനത്തില്‍ വലിയ ചോർച്ചയുണ്ടായതോടെ പ്രതിസന്ധി മറികടക്കാനും യാത്രക്കാരെ കൂടുതലായി ആകർഷിക്കാനും ലക്ഷ്യമിട്ടാണ് പുതിയ ഡിജിറ്റല്‍ ബുക്കിങ് സംവിധാനങ്ങള്‍ ഉള്‍പ്പെടെ കെഎസ്‌ആർടിസി ഇപ്പോള്‍ പരീക്ഷിക്കുന്നത്.
സംസ്ഥാനത്ത് അതി ശക്ത മഴ; ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് അതി ശക്തമായ മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. 7 ജില്ലകളിൽ ഓറഞ്ച് അലേർട്ടും 7 ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട,കോട്ടയം ,ഇടുക്കി,എറണാകുളം,ആലപ്പുഴ,കാസർഗോഡ്,കണ്ണൂർ ,ജില്ലകളിലാണ് ഓറഞ്ച് അലർട്ട് . ബാക്കി ജില്ലകളിൽ യെല്ലോ അലേർട്ടും നിലനിൽക്കുന്നുണ്ട്.നാളെയും മറ്റന്നാളും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ അതീവ ജാഗ്രത തുടരണമെന്ന് അധികൃതർ നിർദേശിച്ചു. ഡാമുകൾക്ക് അരികിലും നദീതീരങ്ങളിലും താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ തയ്യാറാകണമെന്നും നിർദേശിച്ചിട്ടുണ്ട്.മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യത നിലനിൽക്കുന്നതിനാൽ യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കോട്ടയം താലൂക്ക്, പത്തനംതിട്ടയിലെ തിരുവല്ല താലൂക്ക്, ആലപ്പുഴയിലെ കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. ഇതിനുപുറമേ, വയനാട്, കോഴിക്കോട്, ഇടുക്കി, കോട്ടയം, തൃശ്ശൂർ, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കോളേജുകൾക്കും അവധി ബാധകമാക്കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാനും ഗതാതടസ്സം ഉണ്ടാകാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും അഭ്യർത്ഥിച്ചു.ശക്തമായ മഴയ്ക്കൊപ്പം മണിക്കൂറിൽ 50കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത തുടരുന്നതിനാൽ മത്സ്യബന്ധന വിലക്കും തുടരുകയാണ്. തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് അധിക ഫീസ് നല്‍കേണ്ടിവരും: നമ്മുടെ പോക്കറ്റ് കീറുമോ?
രാജ്യത്ത് പണമിടപാടുകള്‍ക്കായി ജനങ്ങള്‍ ഏറ്റവുമധികം ആശ്രയിക്കുന്നത് യുപിഐയെയാണ്. ഇതിന്റെ പ്രധാന കാരണം ഇത് പൂർണമായും സൗജന്യമാണെന്നതാണ്.അതിനാല്‍ ബിസിനസ് സ്ഥാപനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് യുപിഐയെയാണ്. എന്നാല്‍ ഇനിമുതല്‍ ഇതില്‍ മാറ്റംവന്നേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. അതിനുള്ള നീക്കങ്ങള്‍ കേന്ദ്ര സർക്കാർ ഇതിനകം ആരംഭിച്ചുകഴിഞ്ഞു.ബിസിനസ് സ്ഥാപനങ്ങളിലെ 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്‌മെന്റുകള്‍ക്ക് 0.25 ശതമാനം മുതല്‍ 0.4 ശതമാനം വരെ മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആർ) അല്ലെങ്കില്‍ നിരക്കുകള്‍ ഈടാക്കാൻ സർക്കാർ അനുമതി നല്‍കിയേക്കും. ഇന്നലെ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച 'ടാക്‌സേഷൻ ആൻഡ് അദർ ലോസ് ഭേദഗതി' ബില്ലില്‍ അംഗീകൃത ഇലക്‌ട്രോണിക് പേയ്‌മെന്റ് രീതികളില്‍ ബാങ്കുകള്‍ക്കും പേയ്‌മെന്റ് സേവന ദാതാക്കള്‍ക്കും എംഡിആർ ഈടാക്കുന്നതിനുള്ള വിലക്ക് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ബില്ല് പാസായാല്‍ വലിയ തിരിച്ചടിയാകും സംഭവിക്കുക. ഈ നിർദ്ദേശം എപ്പോഴാണ് നടപ്പിലാക്കുക എന്നതിനെക്കുറിച്ച് ഔദ്യോഗികമായി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങള്‍ പറയുന്നത്.എന്താണ് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്ഉപഭോക്താക്കള്‍ നടത്തുന്ന ഓണ്‍ലൈന്‍ ഇടപാടുകള്‍ പ്രോസസ് ചെയ്യുന്നതിനായി വ്യാപാരികള്‍ ബാങ്കുകള്‍ക്കും പേയ്‌മെന്റ് പ്രൊവൈഡര്‍മാര്‍ക്കും നല്‍കേണ്ട ഫീസാണിത്. ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2020 മുതല്‍ യുപിഐ, റുപേ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സീറോ എംഡിആര്‍ ആണ് നിശ്ചയിച്ചിരിക്കുന്നത്. ഉദാഹരണമായി ഉപഭോക്താവ് ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ആയിരം രൂപയുടെ ഇടപാട് നടത്തുമ്പോള്‍ അതില്‍ നിന്ന് ചെറിയൊരു ശതമാനം തുക എംഡിആര്‍ ആയി ഈടാക്കിയ ശേഷം ബാക്കി തുകയാണ് വ്യാപാരിക്ക് ലഭിക്കുന്നത്. എന്നാല്‍ യുപിഐ ഇടപാടുകളില്‍ വ്യാപാരിക്ക് മുഴുവന്‍ തുകയും ലഭിക്കുന്നുണ്ട്.സാധാരണക്കാർക്ക് തിരിച്ചടിയോ?ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നായി യുപിഐ ഇടപാടുകള്‍ ഇതിനകം മാറിക്കഴിഞ്ഞു. ചെറുതും വലുതുമായ എല്ലാ ആവശ്യങ്ങള്‍ക്കും ഇന്ന് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് സൗജന്യമായി ലഭിക്കുന്ന ഈ സേവനത്തെയാണ്. അതുകൊണ്ടു തന്നെ ഇത് സാധാരണക്കാർക്ക് തിരിച്ചടിയാകുമോ എന്നതാണ് പ്രധാന ആശങ്ക.2,000 രൂപയില്‍ താഴെയുള്ള യുപിഐ പണമിടപാടുകള്‍ക്ക് പുതിയ ഫീസുകള്‍ ബാധകമല്ലെന്നും ഒരാള്‍ മറ്റൊരാള്‍ക്ക് നേരിട്ട് പണം അയക്കുന്ന ഇടപാടുകളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നുമാണ് കേന്ദ്രത്തിന്റെ വാദം. മൊത്തം യുപിഐ ഇടപാടുകളുടെ 95 ശതമാനവും 2,000 രൂപയില്‍ താഴെയുള്ളവയാണ്. അതിനാല്‍ പാല്‍, പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍, ഓട്ടോ,ടാക്സി യാത്രാക്കൂലി തുടങ്ങിയ നമ്മുടെ ദൈനംദിന ചെറിയ വാങ്ങലുകളെ ഈ തീരുമാനം ബാധിക്കില്ലെന്നും കേന്ദ്രം അവകാശപ്പെടുന്നുണ്ട്.അപ്പോഴും ഇക്കാര്യത്തില്‍ വലിയ ആശങ്ക നിലനില്‍ക്കുന്നു. കാരണം ചെറുകിട ബിസിനസുകള്‍ക്കും വ്യാപാരങ്ങള്‍ക്കുമായി യുപിഐ സേവനം ഉപയോഗിക്കുന്ന സാധാരണക്കാർ രാജ്യത്തുണ്ട്. ചെറിയ തുണിക്കടകള്‍ തുടങ്ങി സാധാരണക്കാർ ഉപജീവനമാർഗമാക്കിയ ബിസിനസുകളുണ്ട്. ഇവരെ ഈ പുതിയ നീക്കം എങ്ങനെ ബാധിക്കുമെന്നതാണ് പ്രധാന ആശങ്ക. എന്നാല്‍ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ എണ്ണത്തില്‍ വെറും 5% മാത്രമാണെങ്കിലും അവയാണ് ആകെ പണമിടപാട് തുകയുടെ 65% വരുന്നത്. അതായത് വലിയ തുകകളുള്ള ബിസിനസ് ഇടപാടുകളെ ഈ നിരക്കുകള്‍ വലിയരീതിയില്‍ ബാധിക്കും. കഴിഞ്ഞ ജൂലായ് മാസം മാത്രം ഇന്ത്യയില്‍ ആകെ 23.7 ബില്യണ്‍ (2370 കോടി) യുപിഐ ഇടപാടുകളാണ് നടന്നത്.നിലവില്‍ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകള്‍ക്ക് എംഡിആർ ബാധകമാണെങ്കിലും ഭൂരിഭാഗം വ്യാപാരികളും അത് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാറില്ല. 20 ലക്ഷം രൂപ വരെയുള്ള ഡെബിറ്റ് കാർഡ് ഇടപാടുകള്‍ക്ക് 0.4% ആണ് പരിധി. ഉയർന്ന തുകയ്ക്ക് ഇത് 0.9% ആണ് നിരക്ക്. എന്നാല്‍ പുതിയ ഫീസ് ഈടാക്കുന്നതുവഴി തങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താൻ ഉല്‍പ്പന്നങ്ങളുടെ വില വ്യാപാരികള്‍ വർദ്ധിപ്പിക്കാനും സാദ്ധ്യതകളേറെയാണ്. ഇത് സാധാരണക്കാരെയാകും കൂടുതല്‍ ബാധിക്കുകയെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.റിപ്പോർട്ട് പ്രകാരം, 2007ലെ പേയ്‌മെന്റ് ആൻഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ടിന്റെ സെക്ഷൻ 10എ-യിലെ നിലവിലെ നിയന്ത്രണം ഒഴിവാക്കാനാണ് മന്ത്രാലയം ശുപാർശ ചെയ്തിരിക്കുന്നത്. യുപിഐ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്ക് നിരക്ക് ഈടാക്കുന്നതില്‍ നിന്ന് ബാങ്കുകളെയും പേയ്‌മെന്റ് കമ്പനികളെയും തടയുന്ന വകുപ്പാണിത്. ഈ ഭേദഗതി യുപിഐക്ക് മേല്‍ നേരിട്ട് നിരക്ക് ചുമത്തില്ലെങ്കിലും ഭാവിയില്‍ ഏതെല്ലാം പേയ്‌മെന്റ് സംവിധാനങ്ങള്‍ക്ക് ഫീസ് ഈടാക്കാമെന്ന് തീരുമാനിക്കാനുള്ള പൂർണ അധികാരം സർക്കാരിന് നല്‍കും. ഇത് ഭാവിയില്‍ സാധാരണക്കാരെ ബാധിക്കുമോ എന്നാണ് അറിയാനുള്ളത്.
ആഗോള പഞ്ചസാര വില ഉയര്‍ന്നു; വിതരണക്കുറവ് ആശങ്കയായി, വിപണിയിൽ പുതിയ മുന്നറിയിപ്പ്
തിരുവനന്തപുരം :ആഗോള വിപണിയില്‍ പഞ്ചസാരയുടെ ലഭ്യത കുറയുമെന്ന ആശങ്കയെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ഇന്റര്‍കോണ്ടിനെന്റല്‍ എക്‌സ്‌ചേഞ്ചില്‍ (ICE) പഞ്ചസാരയുടെ വില ഒരു പൗണ്ടിന് 15 യുഎസ് സെന്റിന് മുകളിലെത്തി. ചൊവ്വാഴ്ച ഒക്ടോബര്‍ ഡെലിവറിക്കുള്ള ന്യൂയോര്‍ക്ക് ഷുഗര്‍ കരാര്‍ ഒരു പൗണ്ടിന് 15.10 സെന്റ് (ടണ്ണിന് ഏകദേശം 331 ഡോളര്‍) എന്ന നിലയിലായിരുന്നു. അതേസമയം, ലണ്ടനില്‍ വൈറ്റ് ഷുഗറിന്റെ ഒക്ടോബര്‍ കരാര്‍ ടണ്ണിന് 475.50 ഡോളറിന് വ്യാപാരം നടന്നു.എന്നാല്‍, ചില വിപണി വിദഗ്ധര്‍ നിലവിലെ പാദത്തിലും അടുത്ത പാദത്തിലും ആഗോള പഞ്ചസാര വില കുറയാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നു. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കുറയുന്നതും പ്രതീക്ഷിച്ചതിലും മികച്ച ഉല്‍പാദനവും വിതരണവും ഇതിന് കാരണമാകുമെന്നാണ് അവരുടെ വിലയിരുത്തല്‍. അതേസമയം, എല്‍ നിനോ കാലാവസ്ഥാ പ്രതിഭാസവും വീണ്ടും ഉയരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും പഞ്ചസാര ഉല്‍പാദനത്തിനും വിതരണത്തിനും വെല്ലുവിളിയാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.ആഗോള പഞ്ചസാര വിപണിയില്‍ 3 ലക്ഷം ടണ്‍ കുറവ് ഉണ്ടാകുമെന്ന് പ്രവചനങ്ങള്‍ വരുന്നുണ്ട്. നേരത്തെ 1 ലക്ഷം ടണ്‍ മിച്ചമുണ്ടാകുമെന്നായിരുന്നു സ്ഥാപനത്തിന്റെ വിലയിരുത്തല്‍. മറ്റൊരു ഗവേഷണ സ്ഥാപനമായ ഗ്രീന്‍ പൂള്‍ കമോഡിറ്റി സ്‌പെഷ്യലിസ്റ്റ്‌സ് ആഗോള പഞ്ചസാര ക്ഷാമം 3.3 ദശലക്ഷം ടണ്‍ ആയിരിക്കുമെന്ന് പ്രവചിച്ചു. നേരത്തെ ഇത് 1.76 ദശലക്ഷം ടണ്‍ ആയിരിക്കുമെന്നായിരുന്നു അവരുടെ കണക്ക്.
അനുശോചനയോഗം ചേര്‍ന്നു
കോറോം: പനമരം ബ്ലോക്ക് കോണ്‍സ് കമ്മറ്റി വൈസ് പ്രസിഡന്റും, തൊണ്ടര്‍നാട് പഞ്ചായത്ത് യു ഡി എഫ് ചെയര്‍മാനുമായ, ഡോ. പി കെ സുനില്‍ മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചിച്ച് പഞ്ചായത്ത് ആസ്ഥാനമായ കോറോം ടൗണില്‍ അനുശോചനയോഗം ചേര്‍ന്നു. കോറോത്ത് നടന്ന മൗനജാഥക്ക് ശേഷം നടന്ന യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് എം പ്രമോദിന്റെ അധ്യക്ഷനായിരുന്നു. ഡി.സി.സി. പ്രസിഡന്റ് അഡ്വ ടി.ജെ. ഐസക്ക് അനുശോചന പ്രഭാഷണം നടത്തി.
ട്രിപ്പിള്‍ അടിച്ചു സ്‌കൂട്ടറില്‍ വന്ന യുവാക്കളില്‍ നിന്ന് എം.ഡി.എം.എ പിടികൂടി
ബത്തേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ പെരിങ്ങളം, പുതിയോട്ടില്‍ വീട്ടില്‍, മുഹമ്മദ് സിരേഷ്(23), കാരന്തൂര്‍, മേലരങ്ങാട്ട് വീട്ടില്‍, എം. ജിതേന്ദ്രദാസ്(25), കാരിക്കണ്ടി മീത്തല്‍, പി. അജുല്‍(22) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഗുണ്ടല്‍പേട്ട ഭാഗത്ത് നിന്ന് ബത്തേരി ഭാഗത്തേക്ക് കെ.എല്‍. 57 എ.ഡി. 9903 നമ്പര്‍ സ്‌കൂട്ടറില്‍ ട്രിപ്പിള്‍ അടിച്ചു വന്ന ഇവരെ പോലീസ് കൈകാണിച്ചു നിര്‍ത്തുകയായിരുന്നു. സ്‌കൂട്ടറില്‍ ഘടിപ്പിച്ചിരുന്ന മൊബൈല്‍ ഹോള്‍ഡറില്‍ ഒസിബി പേപ്പര്‍ ശ്രദ്ധയിൽപ്പെട്ടതോടെ ഇവരുടെ ദേഹപരിശോധന നടത്തുകയും 3.67 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയുമായിരുന്നു. എസ്.ഐ. ജസ്‌വിന്‍ ജോയ്, എ.എസ്.ഐമാരായ ശ്യാം ലാല്‍, വിപിന്‍ കുമാര്‍, ഡ്രൈവര്‍ എസ്.സി.പി.ഒ ലബ്‌നാസ്, സി.പി.ഒമാരായ റോബിന്‍ പൗലോസ്, നിത്യ തുടങ്ങിയവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
വൈദ്യുതി മുടങ്ങും
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ ചെണ്ടക്കുനി, പുറക്കാടി, പാലക്കമൂല, കാര്യമ്പാടി, മാനിക്കുനി, കോലമ്പറ്റ , വെള്ളിത്തോട് , മംഗലംകുന്ന്, ചോമാടി, ഒരപ്പ്‌വയൽ, മാതമൂല,മണിവയൽ,അണ്ണാംവയൽ പ്രദേശങ്ങളിൽ നാളെ (ഓഗസ്റ്റ് 6) രാവിലെ 8:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദുതി വിതരണം തടസപ്പെടുംവെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള പുലിക്കാട്, ആർവാൾ അടിവാരം, പീച്ചങ്കോട് - നെല്ലേരികുന്ന് പ്രദേശങ്ങളിൽ നാളെ (ഓഗസ്റ്റ് 6) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും
ക്വട്ടേഷൻ ക്ഷണിച്ചു
മുട്ടിൽ ഡബ്ല്യൂ.എം.ഒയുടെ എസ്റ്റേറ്റ്, കമ്പളക്കാട് ഫാം, മറ്റു തോട്ടങ്ങൾ എന്നിവിടങ്ങളിൽ ഇക്കൊല്ലത്തെ അടക്കം പാട്ടം എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. താൽപര്യമുള്ളവർ ഓഗസ്റ്റ് 15ന് വൈകിട്ട് നാലിനകം സീൽ ചെയ്ത കവറിലുള്ള ക്വട്ടേഷൻ ഡബ്ല്യൂ.എം.ഒ. ഓഫീസിൽ എത്തിക്കണം. ഫോണ്‍- 7306229273.
ജൂനിയർ റസിഡൻറ് തസ്തികയില്‍ നിയമനം
വയനാട് ഗവ മെഡിക്കൽ കോളേജിൽ ഡെൻ്റിസ്ട്രി (ഒഎംഎഫ്എസ്) വിഭാഗത്തിൽ ജൂനിയർ റസിഡൻറ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. ബിഡിഎസ്/എം.ഡി.എസ് യോഗ്യതയും പിജി/ യുജി കേരള ഡെന്റൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് അപേക്ഷിക്കാം. ഓറൽ ആന്‍ഡ് മാക്സിലോഫേഷ്യൽ സർജറിയിൽ പി ജി യോഗ്യതയുള്ളവര്‍ക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത അസ്സൽ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ്സ് തെളിയിക്കുന്ന അസ്സൽ രേഖകൾ സാഹിതം ഓഗസ്റ്റ് 20ന് ഉച്ചയ്ക്ക് രണ്ടിന് മെഡിക്കൽ കോളേജ് പ്രിൻസിപ്പല്‍ ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തണം.
സ്വയം തൊഴിൽ വായ്പ
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ സ്വയം തൊഴിൽ പദ്ധതിയിലേക്ക് മാനന്തവാടി താലൂക്ക് പരിധിയിലെ പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 50000 രൂപ മുതൽ അഞ്ചുലക്ഷം രൂപ വരെയാണ് വായ്‌പ. കുടുംബവാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ താഴെയുള്ള 18 നും 60 വയസ്സിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. വായ്‌പതുകയ്ക്ക് കോർപ്പറേഷൻ്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ജാമ്യം ഹാജരാക്കണം. അപേക്ഷാഫോമിനും വിശദ വിവരങ്ങൾക്കും കോർപ്പറേഷൻ മാനന്തവാടി ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04935 296512, 9188934102
പി.എസ്.സി അഭിമുഖം ഇന്ന്
വയനാട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ പി.ടി.ജെ.എൽ.ടി അറബിക് (എൽ.പി.എസ്) അഞ്ചാം എൻ.സി.എ വിജ്ഞാപനം എസ്.ടി (കാറ്റഗറി നമ്പർ 677/2025), പി.ടി.ജെ.എൽ.ടി അറബിക് (എൽ.പി.എസ്) ഒമ്പതാം എൻ.സി.എ വിജ്ഞാപനം എസ്.സി (കാറ്റഗറി നമ്പർ 863/2025), എഫ്.ടി.ജെ.എൽ.ടി അറബിക് (എൽ.പി.എസ്) രണ്ടാം എൻ.സി.എ വിജ്ഞാപനം എസ്.സി (കാറ്റഗറി നമ്പർ 847/2025) എന്നീ തസ്തികളിലേക്കുള്ള പൊതു ഇന്റർവ്യൂ ഓഗസ്റ്റ് ആറിന് മലപ്പുറം ജില്ലാ പി.എസ്.സി ഓഫീസിൽ നടക്കും. അർഹരായ ഉദ്യോഗാർത്ഥികൾക്കുള്ള വ്യക്തിഗത അറിയിപ്പ് പ്രൊഫൈലിലും എസ്.എം.എസ് വഴിയും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ ഡൗൺലോഡ് ചെയ്ത റിവൈസ്ഡ് ഇന്റർവ്യൂ മെമ്മോയും അസൽ തിരിച്ചറിയൽ രേഖയും ഒ.ടി.വി സർട്ടിഫിക്കറ്റിന്റെ പകർപ്പും ബയോഡേറ്റ ഫോമും സഹിതം അഭിമുഖത്തിന് എത്തിച്ചേരണമെന്ന് ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു
വനം വന്യജീവി വകുപ്പിന്‍റെ ഡിവിഷൻതല അദാലത്ത് 13ന്
സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി വന്യജീവി ആക്രമണം മൂലം ജനങ്ങൾക്ക് സംഭവിക്കുന്ന ജീവഹാനി, പരിക്ക്, കന്നുകാലി നഷ്ടം, കാർഷികവിള നാശം, സ്വത്ത് നാശം തുടങ്ങിയവയുമായി ബന്ധപ്പെട്ട നഷ്ടപരിഹാര വിതരണ നടപടികൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് സംഘടിപ്പിക്കുന്ന ഫോറസ്റ്റ് ഡിവിഷൻതല അദാലത്ത് ഓഗസ്റ്റ് 13 ന് നടക്കും. മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ ഒന്പത് മുതല്‍ ഉച്ചക്ക് രണ്ടുവരെ നടക്കുന്ന അദാലത്തിന് വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍, കൃഷി വകുപ്പ് മന്ത്രി അഡ്വ.ടി സിദ്ദീഖ് എന്നിവര്‍ നേതൃത്വം നല്‍കും. അദാലത്തിൽ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട നഷ്ടപരിഹാര പരാതികളും അപേക്ഷകളും സ്വീകരിച്ച് അവയ്ക്ക് അതിവേഗ പരിഹാരത്തിന് നടപടി സ്വീകരിക്കും. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട നിയമങ്ങൾ, സർക്കാർ ഉത്തരവുകൾ, അർഹമായ ആനുകൂല്യങ്ങൾ, നിലവിലുള്ള നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനും നിയമസഹായം ലഭ്യമാക്കുന്നതിനുമായി പ്രത്യേക സെഷനുകളും സംഘടിപ്പിക്കും.
വയനാട് ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 65 കുടുംബങ്ങള്‍
ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്ന് നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 65 കുടുംബങ്ങളിലെ 243 പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്. ഇവരിൽ 89 പുരുഷന്മാരും 87 സ്ത്രീകളും 58 കുട്ടികളും ഏഴ് പ്രായമായവരും ഒരു ഭിന്നശേഷിക്കാരനും ഒരു ഗർഭിണിയും ഉൾപ്പെടുന്നു. മാനന്തവാടി താലൂക്കുകളിൽ മൂന്നും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഒരു ക്യാമ്പുമാണ് പ്രവര്‍ത്തിക്കുന്നത്. മാനന്തവാടി താലൂക്കില്‍ പുളിഞ്ഞാല്‍ ഗവ ഹൈസ്‌കൂള്‍, മക്കിയാട് ഹോളി ഫെയ്സ് സ്‌കൂള്‍, കൈതകൊല്ലി ഗവ എൽ.പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകളുള്ളത്. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ശ്രേയസിലാണ് ഒരു ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്.
ആനക്കാം പൊയിൽ കള്ളാടി തുരങ്കപാത ജനപ്രതിനിധി സംഘം സന്ദർശിച്ചു
കള്ളാടി മണ്ണിടിച്ചൽ ദുരന്തത്തെ തുടർന്ന് നിർത്തിവെച്ച വയനാടിന്റെ സ്വപ്ന പദ്ധതിയായ കള്ളാടി ആനക്കാംപൊയിൽ തുരങ്കപാതയുടെ ആനക്കാംപൊയിൽ ഭാഗം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്റെ നേതൃത്വത്തിൽ ജനപ്രതിനിധി സംഘം സന്ദർശിച്ചു.സർക്കാർ നിയോഗിച്ച വിദഗ്ധസമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും പൂർണ്ണ സുരക്ഷിതത്വം ഉറപ്പുനൽകിക്കൊണ്ട് തുരങ്ക പാത നിർമ്മാണം ആരംഭിക്കണമെന്ന് ജന പ്രതിനിധി സംഘം സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണനോടൊപ്പം വൈസ് പ്രസിഡണ്ട് ടി ഹംസ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഹനീഫ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റംല ഹംസ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി ശിഹാബ്, മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോൺ മാതാ, മേപ്പാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർമാരായ നജീബ് കാരാടൻ, ബി നാസർ, എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ചീഫ് എക്സിക്യൂട്ടീവ് എൻജിനീയർ ദിവാകർ ജോഷി, അസിസ്റ്റന്റ് എൻജിനീയർ ഗുൽസാർ അഹമ്മദ്, കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ഉദ്യോഗസ്ഥരും സംഘത്തെ അനുഗമിച്ചു.

