കൂടുതൽ ജനകീയമാകാൻ കെഎസ്ആർടിസി, എളുപ്പത്തിൽ ടിക്കറ്റ് ബുക്കിംഗ്; വാട്സാപ്പ് ടിക്കറ്റിങ് സംവിധാനം നാളെ നിലവിൽ വരും
തിരുവനന്തപുരം :കെഎസ്ആർടിസിയുടെ ഡിജിറ്റൽ യാത്രാസേവനങ്ങളുടെ ഭാഗമായി യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാൻ സഹായിക്കുന്ന എഐ പവേർഡ് വാട്സാപ്പ് ടിക്കറ്റിങ് സംവിധാനം നാളെ (ഓഗസ്റ്റ് ആറ്) നിലവിൽ വരും. കെഎസ്ആർടിസിയുടെ ഡിജിറ്റൽ യാത്രാസേവനങ്ങളിലെ പുതിയ ചുവടുവയ്പ്പാണിത്. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നാളെ രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി പി ജോൺ പദ്ധതി ഉദ്ഘാടനം ചെയ്യും.ഉദ്ഘാടനച്ചടങ്ങിൽ, മികച്ച പ്രവർത്തനം കാഴ്ചവച്ച ജീവനക്കാർക്കും കെഎസ്ആർടിസി യൂണിറ്റുകൾക്കുമുള്ള സംസ്ഥാനതല അവാർഡുകളും മന്ത്രി വിതരണം ചെയ്യും. കൂടാതെ കെഎസ്ആർടിസിയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ ടോൾ ഫ്രീ സേവനമായ 149ന്റെയും നവീകരിച്ച കൊറിയർ സംവിധാനത്തിന്റെയും ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. ആരോഗ്യ ദേവസ്വം മന്ത്രി കെ മുരളീധരൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഗതാഗത സെക്രട്ടറി ടി വി അനുപമ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ പദ്ധതികളുടെ റിപ്പോർട്ട് അവതരിപ്പിക്കും.
വാഹനാപകടത്തിൽ യുവാവ് മരിച്ചു:ഒരാൾക്ക് പരിക്ക്
പുൽപ്പള്ളി: പുൽപ്പള്ളി പാക്കത്ത് ബൈക്കും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. സഹയാത്രികനായ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു.പാക്കം മാനിക്കാട്ട് തിമ്മപ്പൻ്റെ മകൻ സരീഷ് (35) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭൂദാനം ഉന്നതി സ്വദേശി ദിനേഷിന് (36) ഗുരുതരമായി പരിക്കേറ്റു.ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച ബൈക്ക് എതിരെ വരികയായിരുന്ന സ്വകാര്യ ബസ്സിലിടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ സാരമായി പരിക്കേറ്റ ഇരുവരേയും ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും, അതീവ ഗുരുതരാവസ്ഥയിലായിരുന്ന സരീഷ് മരണപ്പെടുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ദിനേഷിനെ വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
പതുങ്ങിയത് കുതിക്കാനായിരുന്നോ? സ്വർണ വിലയിൽ അപ്രതീക്ഷിത മുന്നേറ്റം
സംസ്ഥാനത്ത് സ്വർണ വിലയിൽ മുന്നേറ്റം. ഒറ്റയടിക്ക് പവന് 1,280 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,06,880 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 160 രൂപയുടെ മുന്നേറ്റത്തോടെ 13,360 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് ഒന്ന് മുതൽ മൂന്നാം തിയതി വരെ സ്വർണ വില മാറ്റമില്ലാതെ 1,05,760 എന്ന നിലയിൽ തുടരുകയായിരുന്നു .3% GST ഉൾപ്പെടെ സ്വർണത്തിന്റെ വില ഏകദേശം 1,10,086.40 വരും. എന്നാൽ ആഭരണം വാങ്ങുമ്പോൾ മേക്കിംഗ് ചാർജ് കൂടി ഈടാക്കും. ജ്വല്ലറിയും ഡിസൈനും അനുസരിച്ച് മേക്കിംഗ് ചാർജിൽ വ്യത്യാസമുണ്ടാകും. മേക്കിംഗ് ചാർജിന് 5% GST കൂടി ബാധകമാണ്. അതിനാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്നത്തെ നിരക്കനുസരിച്ച് ഏകദേശം 1.15 ലക്ഷം മുതൽ 1.25 ലക്ഷം വരെയോ അതിലധികമോ ചെലവാകാം. വെള്ളി വിലയില്‍ ഇന്ന് അഞ്ച് രൂപയുടെ വര്‍ധനയുണ്ട്. ഗ്രാം വില 240 രൂപയായി.
മഴക്കെടുതി: വീടും സ്ഥലവും നഷ്ടമായവർക്ക് 12 ലക്ഷം; വെള്ളം കയറിയ വീടുകൾക്ക് 10,000 രൂപ: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയില്‍ വിവിധ മേഖലകളിൽ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്. മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂപ സഹായം നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വെള്ളം കയറിയ വീടുകളിലുള്ളവർക്ക് അടിയന്തരമായി 10,000 രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൂർണമായും കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ക്ക് 6 ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 12 ലക്ഷം രൂപയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 1882 ഹെക്ടര്‍ ഭൂമിയില്‍ കൃഷിനാശം സംഭവിച്ചെന്നും അതിനായി 6.44 കോടിരൂപ സര്‍ക്കാര്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര് രാജേഷിന് സംസ്ഥാനത്തിന്റെ ആദരം നല്‍കുമെന്നും രാജേഷിന്റെ പൂര്ത്തിയാകാത്തഭവനനിര്മ്മാണം സര്‍ക്കാര്‍ പൂര്‍ത്തിയാക്കി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 462 ക്യാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് പ്രധാന ക്യാമ്പുകള്‍. മഴക്കെടുതിയില്‍ സംസ്ഥാനത്ത് 26 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തെന്നും 11 പേര് അപകടത്തില്‍പ്പെട്ടെന്നും 4 പേരെയാണ് കാണതായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആദ്യ പ്രണയം ആരും മറക്കാത്തത് എന്തുകൊണ്ടാണെന്നറിയാമോ? ശാസ്ത്രത്തിനും ചിലത് പറയാനുണ്ട്
പലര്‍ക്കും ആദ്യ പ്രണയം വര്‍ഷങ്ങള്‍ കഴിഞ്ഞാലും മറക്കാന്‍ പ്രയാസമുള്ള ജീവിത ഓര്‍മ്മകളില്‍ ഒന്നാണ്. ആദ്യമായി കണ്ടുമുട്ടിയ സ്ഥലം, അന്ന് ധരിച്ചിരുന്ന വസ്ത്രം, ഉപയോഗിച്ചിരുന്ന പെര്‍ഫ്യൂമിന്റെ സുഗന്ധം, ഒരുമിച്ച് ചെലവഴിച്ച ചെറിയ നിമിഷങ്ങള്‍ അങ്ങനെ പലതും. ഇതെല്ലാം മറക്കാനാകാത്ത ഓര്‍മ്മകളായിരിക്കും. ചിലപ്പോള്‍ കാലങ്ങള്‍ മുന്നോട്ട് പോയതിനുശേഷവും ഒരു പാട്ടോ സ്ഥലമോ സുഗന്ധമോ പെട്ടെന്ന് ആദ്യ പ്രണയത്തിന്റെ ഓര്‍മ്മകള്‍ തിരികെ കൊണ്ടുവരുന്നു. എന്തുകൊണ്ടായിരിക്കും ഈ ഓര്‍മ്മകള്‍ ഒരിക്കലും മറക്കാത്തത്. വികാരങ്ങള്‍ മാത്രമല്ല ഇതില്‍ പങ്ക് വഹിക്കുന്നത്. മറിച്ച് നമ്മുടെ തലച്ചോറിലും ശരീരത്തിലുമുള്ള രാസമാറ്റങ്ങളും ഈ ഓര്‍മ്മകളില്‍ വലിയ പങ്ക് വഹിക്കുന്നു.ചെറുപ്പത്തിലെ ഓര്‍മ്മകള്‍ കൂടുതല്‍ ശക്തമായിരിക്കാംകൗമാരത്തിലോ യൗവനാരംഭത്തിലോ ആയിരിക്കുമല്ലോ പലര്‍ക്കും ആദ്യ പ്രണയം ഉണ്ടാകുന്നത്. വെസ്റ്റ്മിന്‍സ്റ്റര്‍ സര്‍വകലാശാലയിലെ ന്യൂറോ സൈക്കോളജി പ്രൊഫസറായ കാതറിന് ലവ്ഡേയുടെ അഭിപ്രായത്തില്‍ ഈ പ്രായത്തില്‍ നമ്മുടെ തലച്ചോറിന് ഓര്‍മ്മകള്‍ കൂടുതല്‍ വ്യക്തമായി രേഖപ്പെടുത്താന്‍ കഴിയും. മാത്രമല്ല, തീവ്രമായ വികാരങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ തലച്ചോറിന് കൂടുതല്‍ ശക്തമായി ഓര്‍മ്മിക്കാന്‍ കഴിയും. ആദ്യമായി പ്രണയത്തിലാകുന്നത് അത്തരമൊരു അനുഭവമാണ്. അതില്‍ സന്തോഷം, ആവേശം, അടുപ്പം, ചിലപ്പോള്‍ ഹൃദയഭേദകമായ വേദന എന്നിവ ഉള്‍പ്പെടാം. അതുകൊണ്ടാണ് അതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ മറ്റ് സാധാരണ ഓര്‍മ്മകളേക്കാള്‍ കൂടുതല്‍ ആഴത്തില്‍ മനസ്സില്‍ പതിഞ്ഞിരിക്കുന്നത്.ആവര്‍ത്തിച്ചുള്ള ചിന്തകളിലൂടെ ഓര്‍മ്മകള്‍ കൂടുതല്‍ ശക്തമാകുന്നു.ആദ്യ പ്രണയത്തിന്റെ ഓര്‍മ്മകള്‍ ദീര്‍ഘനേരം നിലനില്‍ക്കാനുള്ള ഒരു കാരണം ആവര്‍ത്തിച്ചുള്ള ചിന്തകളായിരിക്കാം. ഒരു അനുഭവം വീണ്ടും ഓര്‍മിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട നാഡീ പാതകള്‍ കൂടുതല്‍ ശക്തമാകും. അതുകൊണ്ടാണ് ആദ്യ ഡേറ്റിന്റെയോ, ഒരാളുടെ കൈ ആദ്യമായി പിടിച്ചതിന്റെയോ, ആദ്യ ചുംബനത്തിന്റെയോ, അല്ലെങ്കില്‍ ഒരുമിച്ച് ചെലവഴിച്ച ഒരു പ്രത്യേക ദിവസത്തിന്റെയോ ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും നിലനില്‍ക്കുന്നത്. വേര്‍പിരിയലിനു ശേഷവും ഒരാള്‍ ആ നിമിഷങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നാല്‍ ആ ഓര്‍മ്മകള്‍ കൂടുതല്‍ ശക്തമാകും.ഹോര്‍മോണുകളും ഒരു വലിയ പങ്ക് വഹിക്കുന്നുആദ്യ പ്രണയത്തില്‍ അനുഭവപ്പെടുന്ന സന്തോഷത്തിനും അടുപ്പത്തിനും ശരീരത്തിലെ രാസമാറ്റങ്ങളും കാരണമാകുന്നു. പ്രത്യേകിച്ച് കൗമാരപ്രായത്തില്‍ ശരീരത്തില്‍ നിരവധി ഹോര്‍മോണ്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഡോപാമൈന്‍, സെറോടോണിന്‍, ഓക്സിടോസിന്‍ തുടങ്ങിയ രാസവസ്തുക്കള്‍ ആകര്ഷണത്തിലും പ്രണയത്തിലും ഒരു പങ്കു വഹിക്കുന്നു. സന്തോഷം, ബന്ധം, അടുപ്പം എന്നിവയുടെ വികാരങ്ങളുമായി ഇവ ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ആദ്യമായി പ്രണയത്തിലാകുന്ന അനുഭവം വളരെ സവിശേഷവും ചിലപ്പോള്‍ വളരെ തീവ്രവുമായി തോന്നുന്നത്. ഓക്സിടോസിന്‍ പലപ്പോഴും ബോണ്ടിംഗ് ഹോര്‍മോണ്‍ എന്ന് വിളിക്കപ്പെടുന്നു. കെട്ടിപ്പിടിക്കുക, ചുംബിക്കുക, അല്ലെങ്കില്‍ ഒരു പങ്കാളിയുമായി അടുത്ത നിമിഷങ്ങള്‍ ചെലവഴിക്കുക തുടങ്ങിയ കാര്യങ്ങള്‍ രണ്ട് ആളുകള്‍ തമ്മിലുള്ള വൈകാരിക ബന്ധം ശക്തിപ്പെടുത്തും.
ഓണം; കെ.എസ്.ആർ.ടി.സി ഏർപ്പെടുത്തിയ പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു
ഓണത്തോടനുബന്ധിച്ച് യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി ഏർപ്പെടുത്തിയ പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു.ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ രണ്ട് വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും നടത്തുന്ന സർവീസുകൾക്കാണ് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരമൊരുക്കിയിരിക്കുന്നത്.യാത്രക്കാരുടെ എണ്ണം വർധിക്കുന്നതനുസരിച്ച് കൂടുതൽ സർവീസുകൾ ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ നഗരങ്ങളിലേക്ക് ഈമാസം പതിനെട്ട് മുതൽ സെപ്റ്റംബർ ഒന്ന് വരെയും തിരികെ കേരളത്തിലേക്ക് 19 മുതൽ സെപ്റ്റംബർ രണ്ട് വരെയുമാണ് പ്രത്യേക സർവീസുകൾ ഉള്ളത്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് എട്ടും കണ്ണൂരിലേക്ക് നാലും എറണാകുളത്തേക്ക് നാലും തൃശൂരിലേക്ക് മൂന്നും കോട്ടയത്തേക്ക് രണ്ടും ബസുകൾ സർവീസ് നടത്തും. ഇതിനുപുറമെ മലപ്പുറം, ആലപ്പുഴ, കൊല്ലം, കൊട്ടാരക്കര, പുനലൂർ, ചേർത്തല, ഹരിപ്പാട്, പയ്യന്നൂർ, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും ബെംഗളൂരുവിൽ നിന്ന് സൂപ്പർ ഡീലക്സ്, സ്പെഷ്യൽ ഫാസ്റ്റ് സർവീസുകൾ ഒരുക്കിയിട്ടുണ്ട്.മൈസൂരുവിൽ നിന്ന് കണ്ണൂരിലേക്ക് രണ്ടും എറണാകുളം, തൃശൂർ എന്നിവിടങ്ങളിലേക്ക് ഓരോ ബസുകളും സർവീസ് നടത്തും. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സൂപ്പർ ഡീലക്സും എറണാകുളത്തേക്ക് മൾട്ടി ആക്സിൽ എ.സിയുമാണ് സർവീസ് നടത്തുക. ഈ നഗരങ്ങളിൽ നിന്ന് തിരികെ മേൽപ്പറഞ്ഞ സ്ഥലങ്ങളിലേക്കും സമാന രീതിയിൽ സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.എല്ലാ പ്രത്യേക ബസുകൾക്കും ഓൺലൈൻ വഴി ടിക്കറ്റെടുക്കാം. യാത്രികർക്ക് www.keralartc.com എന്ന വെബ്സൈറ്റിലൂടെയും എന്റെ കെ.എസ്.ആർ.ടി.സി നിയോ ഒ.പി.ആർ.എസ് എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും ടിക്കറ്റുകൾ മുൻകൂട്ടി ഉറപ്പാക്കാം. സംസ്ഥാനത്തെ എല്ലാ കെ.എസ്.ആർ.ടി.സി റിസർവേഷൻ കൗണ്ടറുകളിലും ബുക്കിങ് സൗകര്യമുണ്ടാകും. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ നേരത്തെ തന്നെ ടിക്കറ്റുകൾ റിസർവ് ചെയ്യണമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അഭ്യർഥിച്ചു.
റൊണാള്‍ഡോയുടെ വിവാഹ ക്ഷണക്കത്ത് ചോര്‍ന്നു; മെസ്സി പങ്കെടുക്കുമോ?
പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പങ്കാളി ജോര്‍ജിന റോഡ്രിഗസും തമ്മിലുള്ള വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ കായിക ലോകത്തെ ചര്‍ച്ച. ഇവരുടെ വിവാഹത്തിന്റെതെന്ന് പറയപ്പെടുന്ന ക്ഷണക്കത്ത് ചോര്‍ന്നതാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ഫുട്ബോള്‍ രംഗത്തെയും വിനോദലോകത്തെയും പ്രമുഖര്‍ പങ്കെടുക്കുന്ന അതിഥി പട്ടികയില്‍ ലയണല്‍ മെസ്സിയുടെ പേരുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.കായിക-വിനോദ മേഖലകളിലെ പ്രമുഖരെ ഉള്‍പ്പെടുത്തി വന്‍ ആഘോഷം സംഘടിപ്പിക്കാനാണ് റൊണാള്‍ഡോ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. റിയോ ഫെര്‍ഡിനാന്‍ഡ്, കിലിയന്‍ എംബാപ്പെ, വിനീഷ്യസ് ജൂനിയര്‍, വിന് ഡീസല്‍, റിഹാന, ജെന്നിഫര്‍ ലോപ്പസ്, ഡ്രേക്ക്, ട്രെവിസ് സ്കോട്ട് തുടങ്ങിയ പ്രമുഖരുടെ പേരുകള്‍ പ്രചരിക്കുന്ന അതിഥി പട്ടികയിലുണ്ട്. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ലയണല്‍ മെസ്സിയെയും വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട്. ഫുട്ബോള്‍ മൈതാനത്തെ ദീര്‍ഘകാല വൈരികളായ ഇരുവരും ഒന്നിക്കുന്ന അപൂര്‍വ്വ നിമിഷത്തിന് ഇത് വഴിയൊരുക്കിയേക്കാം
യുപിഐ പേമെന്റുകൾക്ക് ചാർജ്ജ് വരുമോ? കേന്ദ്രത്തിന്റെ പുതിയ നിയമം സൗജന്യ സേവനം അവസാനിപ്പിക്കുമോ?
രാജ്യത്ത് സൗജന്യമായി ലഭിക്കുന്ന യുപിഐ പേമെന്റ് സംവിധാനത്തിൽ വലിയ മാറ്റത്തിന് വഴിയൊരുങ്ങുന്നു. പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് നിയമത്തിൽ കേന്ദ്ര സർക്കാർ നിർദേശിച്ച ഭേദഗതി ഭാവിയിൽ ചില യു.പി.ഐ. ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൌണ്ട് റേറ്റ് എന്ന പേരിൽ സേവനനിരക്ക് ഏർപ്പെടുത്താൻ നിയമപരമായ അനുമതി നൽകുന്നതാണ്. എന്നാൽ നിലവിൽ പുതിയ നിരക്ക് പ്രഖ്യാപിച്ചിട്ടില്ലെന്നും ഉടൻ ചാർജ് ഈടാക്കില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു.ഉടൻ ചാർജ് ഇല്ല, നിയമപരമായ വഴി മാത്രംധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ഭേദഗതി ബില്ലിലൂടെ ഭാവിയിൽ ആവശ്യമെങ്കിൽ മർച്ചന്റ് ഡിസ്കൌണ്ട് റേറ്റ് നടപ്പാക്കാനുള്ള നിയമപരമായ അടിത്തറയാണ് ഒരുക്കുന്നത്. നിരക്ക് എത്രയായിരിക്കണം, ഏതെല്ലാം ഇടപാടുകൾക്ക് ബാധകമാക്കണം തുടങ്ങിയ കാര്യങ്ങളിൽ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.പരിഗണനയിൽ അര ശതമാനം വരെ സേവനനിരക്ക്നിലവിൽ ചർച്ചയിലുള്ള നിർദേശങ്ങളിൽ ഒന്നനുസരിച്ച് രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 0.3 ശതമാനം മുതൽ 0.5 ശതമാനം വരെ മർച്ചന്റ് ഡിസ്കൌണ്ട് റേറ്റ് ഈടാക്കാനാണ് ആലോചന. എന്നാൽ വാർഷിക വിറ്റുവരവ് ഒന്നര കോടി രൂപയ്ക്ക് മുകളിലുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് മാത്രമായിരിക്കും ഇത് ബാധകമാകുക. ഉപഭോക്താക്കൾ അധിക തുക നൽകേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും ചെറുകിട വ്യാപാരികളെ ചാർജിൽ നിന്ന് ഒഴിവാക്കാനുമാണ് സാധ്യത.
രോഹിത്തിനെ പുറത്താക്കാൻ നോക്കി, പണി കിട്ടിയത് അഗാർക്കർക്ക്; ചീഫ് സെലക്ടറെ പുറത്താക്കാൻ ബിസിസിഐ; പകരക്കാരനായി ആ താരം
ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടും വൻ മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കിടെ മുന്‍ നായകന് രോഹിത് ശർമയുടെ ഭാവിയെച്ചൊല്ലി ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെ ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ സ്ഥാനം തെറിച്ചേക്കുമെന്ന് റിപ്പോർട്ട്. അടുത്ത ഒരു മാസത്തിനുള്ളിൽ അഗാർക്കറെ മാറ്റി പകരം മുൻ ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം വി.വി.എസ് ലക്ഷ്മണെ പുതിയ ചീഫ് സെലക്ടറായി ബി.സി.സി.ഐ നിയമിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.നിലവിൽ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമി (എൻ.സി.എ) സെന്റർ ഓഫ് എക്സലൻസ് തലവനാണ് ലക്ഷ്മൺ. ചീഫ് സെലക്ടര്‍ സ്ഥാനത്ത് അജിത് അഗാർക്കറുടെ കരാർ കാലാവധി കഴിഞ്ഞെങ്കിലും മൂന്ന് മാസത്തേക്ക് ബിസിസിഐ നീട്ടി നൽകിയിരുന്നു. 2027 ഏകദിന ലോകകപ്പ് വരെ അദ്ദേഹം തുടരുമെന്നാണ് കരുതിയെങ്കിലും രോഹിത് ശർമയെ പുറത്താക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളും തര്‍ക്കങ്ങളും തിരിച്ചടിയായെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയോടെ രോഹിത് ശർമയുടെ ഏകദിന കരിയർ അവസാനിക്കുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. പരിശീലകൻ ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള ടീം മാനേജ്മെന്റും അഗാർക്കറുടെ സെലക്ഷൻ കമ്മിറ്റിയും ചേർന്ന് രോഹിതിനെ വരാനിരിക്കുന്ന പരമ്പരകളിൽ നിന്ന് ഒഴിവാക്കാൻ നീക്കം നടത്തിയതായി ദൈനിക് ജാഗരൺ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങളില്‍ നിരാശപ്പെടുത്തിയ രോഹിത് ലോർഡ്സിൽ നടന്ന മൂന്നാം ഏകദിനത്തിൽ തകർപ്പൻ സെഞ്ചുറി നേടിയതോടെ സെലക്ടർമാരുടെയും മാനേജ്മെന്റിന്റെയും കണക്കുകൂട്ടലുകൾ തെറ്റി. ഇതിന് തൊട്ടുപിന്നാലെ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ, സെലക്ടർമാരോട് ആലോചിക്കാതെ തന്നെ രോഹിതിന് പരസ്യ പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു.
മൊബൈല്‍ നിരക്കുകള്‍ കുത്തനെ ഉയരും; ചാര്‍ജ് വര്‍ധനയുടെ വിവരങ്ങള്‍ പുറത്ത്
രാജ്യത്തെ മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ന്നേക്കും. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവരാണ് നിരക്ക് കൂട്ടാന്‍ ഒരുങ്ങുന്നത്. അടുത്ത നാല് മാസത്തിനുള്ളില്‍ വര്‍ധനവുണ്ടാവുമെന്ന് സെന്‍ട്രൂം റിപ്പോര്‍ട്ടില്‍ പറയുന്നു. പരമാവധി 15 ശതമാനം വര്‍ധന നിരക്കില്‍ ഉണ്ടാവും. 28 ദിവസത്തെ പ്ലാനിന് നിലവില്‍ 349 രൂപയാണ് നല്കുന്നതെങ്കില് അത് 389 രൂപയായി ഉയരും. 899 രൂപയുടെ പാക്കിന് 1,007 രൂപയായും 3599 രൂപയുടെ പാക്കിന് 4,031 രൂപയും നല്‍കേണ്ടി വരും. കഴിഞ്ഞ മാസം തന്നെ ഇതുസംബന്ധിച്ച ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതേസമയം, ജൂണില്‍ പുതിയ സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തില്‍ വോഡഫോണ്‍ ഐഡിയയേയും ജിയോയേയും എയര്‍ടെല്‍ മറികടന്നു. ട്രായ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളെ ചേര്‍ത്തത് എയര്‍ടെല്ലായിരുന്നു. ജിയോ 2.14 മില്യണ്‍ വയര്‍ലെസ്സ് സബ്സ്ക്രൈബേഴ്സിനെ ചേര്‍ത്തപ്പോള്‍ എയര്‍ടെല്‍ 2.98 മില്യണ്‍ പേരെ ചേര്‍ത്തു. ഡാബറിന് 198.82 മില്യണ്‍ പേരെയാണ് ചേര്‍ക്കാന്‍ കഴിഞ്ഞത്.
സർവേ എന്യൂമറേറ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് നടപ്പിലാക്കുന്ന അസംയോജിത കാർഷികേതര മേഖലയിലെ വാർഷിക സർവേക്കായി കരാർ അടിസ്ഥാനത്തിൽ എന്യൂമറേറ്റർമാരെ നിയമിക്കുന്നു. ഉത്പാദനം, വ്യാപാരം, നിർമ്മാണ മേഖല ഒഴികെയുള്ള മറ്റ് സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നുമുള്ള വിവരശേഖരണത്തിനാണ് നിയമനം. 2027 മാർച്ച് 31 വരെയായിരിക്കും കാലാവധി. ഓരോ ജില്ലയിലും രണ്ട് ഒഴിവുകളാണുള്ളത്. ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്സ് അല്ലെങ്കിൽ കോമേഴ്സ് ബിരുദമാണ് യോഗ്യത. സ്റ്റാറ്റിസ്റ്റിക്സ് ഒരു പ്രധാന/ഉപവിഷയമായി പഠിച്ചിരിക്കണം. പ്രായപരിധി 35 വയസ്. കമ്പ്യൂട്ടർ/ഡാറ്റ എൻട്രി പരിജ്ഞാനം, ഫീൽഡ് വർക്കിനുള്ള ശാരീരികക്ഷമത. സർവേ പ്രവർത്തനങ്ങളിൽ മുൻപരിചയം എന്നിവയുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ https://forms.gle/t3PYBhPc1TpC88Cs9 എന്ന ഗൂഗിൾ ഫോം ലിങ്ക് വഴി ഓഗസ്റ്റ് പത്തിനകം അപേക്ഷ സമർപ്പിക്കണം. ഒരാൾക്ക് ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. ഫോൺ: 04936 296253
ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടി
ന്യൂഡൽഹി∙ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടിക്ക് കേന്ദ്രത്തിന് നിർദേശം നൽകി സുപ്രീംകോടതി. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ ഇന്ധനം നിഷേധിക്കുന്ന പൈലറ്റ് പദ്ധതിക്ക് രൂപം നൽകാൻ സുപ്രീംകോടതി കേന്ദ്രത്തിനും ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും നിർദേശം നൽകി. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളെ തിരിച്ചറിയാനും പിഴയീടാക്കാനും സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സംവിധാനങ്ങൾ രൂപപ്പെടുത്താനും കോടതി പറഞ്ഞു.ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടി.ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളുണ്ടാക്കുന്ന അപകടങ്ങളിലെ ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് ജഡ്ജിമാരായ സഞ്ജയ് കരോൾ, പ്രശാന്ത് കുമാർ മിശ്ര എന്നിവരുടെ നിർണായക ഇടപെടൽ. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഓട്ടമാറ്റിക് ഇ–ചെലാനുകൾ നൽകുന്നതിനായി ഇൻഷുറൻസ് ഡേറ്റാബേസിനെ ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റെകഗ്നിഷൻ (എഎൻപിആർ) ക്യാമറകളുമായി ബന്ധിപ്പിക്കുക, വാഹനങ്ങൾക്ക് ഇൻഷുറൻസ് ഉണ്ടോയെന്ന് കണ്ടെത്താൻ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്ക് കയ്യിൽ കൊണ്ടുനടക്കാവുന്ന ഉപകരണങ്ങൾ നൽകുക, പുതിയ വാഹനങ്ങൾക്കുള്ള നിർബന്ധിത തേഡ് പാർട്ടി ഇൻഷുറൻസ് കാലാവധി വർധിപ്പിക്കുക, പഴയ വാഹനാപകട നഷ്ടപരിഹാരക്കേസുകൾ വേഗത്തിൽ ഒത്തുതീർപ്പാക്കുക എന്നീ നിർദേശങ്ങളും കോടതി നൽകി. ഇന്ത്യയിലെ നിരത്തുകളിലുള്ള 56 ശതമാനം വാഹനങ്ങൾക്കും ഇൻഷുറൻസ് ഇല്ലെന്നും ഇത് വാഹനാപകടങ്ങളിലെ ഇരകൾക്കുള്ള നഷ്ടപരിഹാരം വൈകിപ്പിക്കുന്നുവെന്നും കോടതി പറഞ്ഞു.
ജില്ലാ സൈനിക ബോർഡ് പുനഃസംഘടിപ്പിക്കാൻ അപേക്ഷ ക്ഷണിച്ചു
ജില്ലാ സൈനിക ബോർഡ് പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി നോൺ ഒഫീഷ്യൽ അംഗങ്ങളെ നാമനിർദേശം ചെയ്യുന്നതിന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അപേക്ഷ ക്ഷണിച്ചു. ബോര്‍ഡിന്റെ നോൺ ഒഫീഷ്യൽ അംഗങ്ങളായി ആർമി, നേവി, എയർഫോഴ്സ് എന്നിവയിൽ നിന്ന് വിരമിച്ച സൈനികരെയും അഭിഭാഷകർ, ഡോക്ടർമാർ, വ്യവസായികൾ, ബിസിനസുകാർ തുടങ്ങി വിവിധ മേഖലകളിൽ പ്രാവീണ്യമുള്ള വ്യക്തികളെയും പരിഗണിക്കും. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിരമിച്ച സീനിയർ സൈനിക ഓഫീസർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. താത്പര്യമുള്ളവർ അപേക്ഷയും ബയോഡേറ്റയും സമ്മതപത്രവും കൽപ്പറ്റ സിവിൽ സ്റ്റേഷനിലുള്ള ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ഓഗസ്റ്റ് 22നകം സമർപ്പിക്കണം. ഫോൺ: 04936 202668
സ്ത്രീകളെ കുറിച്ചുള്ള വിവാദപരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സിപി ജോൺ; ആരേയും അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ല, വിവാദം അവസാനിപ്പിക്കണം
സ്ത്രീകളെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പറഞ്ഞു മന്ത്രി സിപി ജോൺ. ആരേയും അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വിവാദം അവസാനിപ്പിക്കണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കണമായിരുന്നു. ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. ഖേദം പ്രകടിപ്പിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പ്രിയദർശിനിയിൽ സ്ത്രീകൾ തിക്കിതിരക്കി കയറുന്നുവെന്നും സ്വകാര്യ സ്കൂളുകളിൽ മക്കളെ പഠിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു. പരാമർശം വാർത്തയായതോടെ നിരവധി പേരാണ് മന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചത്. സൗജന്യ യാത്ര ആരുടെയും ഔദാര്യമല്ല. അവകാശമാണ്. ഞാൻ ശ്രദ്ധിക്കണമായിരുന്നു. പക്ഷേ കേരളത്തിൽ കടുത്ത ദാരിദാര്യമുണ്ട്. പ്രിയദർശിനി അത് ഇളവ് ചെയ്യാനുള്ള മാർഗമാണ്. പ്രിയദർശിനി കെ എസ് ആർ ടി സി ക്ക് ബാധ്യതയല്ല. കൂടുതൽ ആളുകൾ ബസ്സുകളിൽ കയറുന്ന ചുരമുള്ള ഇടങ്ങളിൽ കൂടുതൽ വണ്ടികൾ ഇടും. വണ്ടികൾക്ക് പഴക്കം ഉണ്ടെന്നും സിപി ജോൺ പറഞ്ഞു.
കണ്ണൂരില്‍ എട്ടു വയസുകാരന് കുളത്തില്‍ മരിച്ച നിലയില്‍; കളിക്കാന്‍ പോയ കുട്ടി കാല് വഴുതി കുളത്തില്‍ വീണതെന്ന് നിഗമനം
കണ്ണൂര്‍: കണ്ണൂര്‍ പട്ടുവത്ത് എട്ട് വയസുകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടുവം ഗവണ്മെന്റ് എല്‍ പി സ്കൂള്‍ വിദ്യാര്‍ത്ഥി കെ പി അമാന്‍ ആണ് മരിച്ചത്. കളിക്കാന്‍ പോയ കുട്ടി മടങ്ങിയെത്താത്തിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടി കാല് വഴുതി കുളത്തില്‍ വീണതാണെന്നാണ് നിഗമനം. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
അധ്യാപനത്തിന്റെ വേറിട്ട മാതൃകയുമായി അധ്യാപിക
കോട്ടത്തറ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ യു. പി വിഭാഗം മലയാളം അധ്യാപികയും എഴുത്തുകാരിയുമായ ഷിനു ആന്റണി.ക്ലാസ് മുറിയുടെ അതിരുകൾക്കപ്പുറത്തേക്ക് പഠനത്തെ വളർത്തിക്കൊണ്ടുപോകുന്ന ഈ അധ്യാപിക വേറിട്ട മാതൃകയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. ഏഴാം ക്ലാസിലെ അടിസ്ഥാന പാഠാവലിയിലെ "വിത്ത് എന്ന മഹത്ഭുതം" എന്ന പാഠഭാഗം വെറുമൊരു പുസ്തകവായനയായി ഒതുക്കാതെ പാരമ്പര്യ വിത്തുകളുടെ സംരക്ഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമന്റെ ഭവനം സന്ദർശിക്കാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കിയ ഷിനു ടീച്ചറുടെ വൈവിധ്യമാർന്ന പരിശ്രമത്തിന് നിറഞ്ഞ കയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അധ്യാപനത്തിൽ മാത്രമല്ല എഴുത്ത് മേഖലയിലും സജീവ സാന്നിധ്യമായ ടീച്ചർ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.ഗുണനിലവാരമുള്ള വിദ്യാഭ്യാസവും അനുഭവപാഠങ്ങളും കുട്ടികളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന ഇത്തരം മിടുക്കരായ അധ്യാപകർ വരുംതലമുറയ്ക്ക് വലിയൊരു മാതൃകയും പ്രചോദനവുമാണ്.
റെഡ് അലേർട്ടുകൾ വരുമ്പോൾ സഞ്ചാര വിലക്ക് ഏർപ്പെടുത്തുന്നത് പ്രതിഷേധാർഹം; കേരള ടൂറിസം വർക്കേഴ്സ് കോൺഗ്രസ്
റെഡ് അലേർട്ടുകൾവരുമ്പോൾ ജില്ലയിലുടനീളം ഏർപ്പെടുത്തുന്ന സഞ്ചാര വിലക്ക് പ്രതിഷേധാർഹമെന്ന് കേരള ടൂറിസം വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ. ടി.യു.സി) വയനാട് ജില്ലാ ഘടകം അറിയിച്ചു . ഇത് വയനാടിലെ ടൂറിസം രംഗത്തിന് വലിയ തിരിച്ചടിയാവുമെന്ന് യോഗം വിലയിരുത്തി. പഞ്ചായത്ത് തലത്തിൽ അലേർട്ടുകൾ പ്രഖ്യാപിച്ച് കൊണ്ട് സുരക്ഷിത അലർട്ടുകൾ ഉള്ള പ്രദേശങ്ങളിൽ ടൂറിസം കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കാനുളള സാഹചര്യം ഒരുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു . ജില്ലാ സെക്രട്ടറി സുബൈർ ഇളകുളം സ്വാഗതം പറഞ്ഞു . പി.പി ആലി അദ്ധ്യക്ഷത വഹിച്ചു വർക്കിംഗ് പ്രസിഡണ്ട് പി.കെ മുരളീധരൻ, ഖജാൻജി ഗിരീഷ് പെരുന്തട്ട , ഷംസുദ്ധീൻ, അഡ്വ. ജോസ് തേരകം സോളമൻ എൽഎ എന്നിവർ സംസാരിച്ചു
നടൻ പ്രദീപ് റാവത്ത് അന്തരിച്ചു
മുംബൈ: നടൻ പ്രദീപ് റാവത്ത് (പ്രദീപ് റാം സിങ് റാവത്ത്-74) അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. രക്താർബുദ ബാധിതനായ അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു.ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, പഞ്ചാബി, ഭോജ്പുരി, നേപ്പാളി, ബംഗാളി തുടങ്ങിയ ഭാഷകളിൽ അഭിനയിച്ച പ്രദീപ് റാവത്ത് ഇംഗ്ലീഷ് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. സൂപ്പർഹിറ്റ് തമിഴ് ചിത്രം ഗജനി, ചിത്രത്തിന്റെ ഹിന്ദി പതിപ്പ്, ലഗാൻ, സർഫറോഷ്, തെലുങ്ക് ചിത്രം സൈ തുടങ്ങിയവയാണ് പ്രദീപ് റാവത്ത് അഭിനയിച്ച പ്രധാന ചിത്രങ്ങൾമോഹൻലാൽ നായകനായി 2011-ൽ പുറത്തിറങ്ങിയ ചൈനാടൗൺ, ഇത് പാതിരാമണൽ, കസിൻസ്, ഒരു കടത്തനാടൻ കഥ എന്നിവയാണ് അദ്ദേഹം വേഷമിട്ട മലയാള ചിത്രങ്ങൾ. 1988-ൽ സംപ്രേഷണം ചെയ്ത മഹാഭാരതം ടിവി സീരിയലിൽ അശ്വത്ഥാമാവായും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. തെലുങ്ക് ചിത്രമായ 'ഗായപദ്ദ സിംഹം' ആണ് പ്രദീപ് റാവത്തിന്റെ അവസാന ചിത്രംകല്യാണി റാവത്താണ് ഭാര്യ. വിക്രം റാവത്ത്, സിങ് റാവത്ത് എന്നിവർ മക്കളാണ്.
വാട്സാപ്പിൽ അസാധാരണ പ്രശ്നം, ഇന്ത്യയിൽ ചില യൂസർമാരുടെ അക്കൗണ്ട് ആപ്പ് ബ്ലോക്ക് ചെയ്തു
ഇന്ത്യയിലെ വാട്സാപ്പ് ഉപയോക്താക്കൾക്കിടയിൽ അസാധാരണമായ പ്രതിസന്ധി. യാതൊരു മുന്നറിയിപ്പുമില്ലാതെ നിരവധി യൂസർമാരുടെ അക്കൗണ്ടുകൾ വാട്സാപ്പ് ബ്ലോക്ക് ചെയ്യുന്നതായാണ് പരാതികൾ. പ്രമുഖ ടെക് പ്ലാറ്റ്ഫോമുകളിലും മറ്റ് സമൂഹമാധ്യമങ്ങള തങ്ങളുടെ വാട്സാപ്പ് അക്കൗണ്ട് നഷ്ടപ്പെട്ടതായി പരാതിപ്പെട്ടുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.അക്കൗണ്ട് 24 മണിക്കൂർ നേരത്തേക്ക് മരവിപ്പിച്ചിരിക്കുന്നു എന്ന സന്ദേശമാണ് ബ്ലോക്ക് ചെയ്യപ്പെട്ട യൂസർമാർക്ക് ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ ലഭിക്കുന്നത്. എന്ത് കാരണത്താലാണ് നടപടിയെന്ന് സന്ദേശത്തിൽ വ്യക്തമാക്കുന്നില്ല. പെട്ടെന്നുള്ള ഒരു നടപടിയായതിനാൽ ജോലി ആവശ്യങ്ങൾക്കും മറ്റും വാട്സാപ്പ് ഉപയോഗിക്കുന്നവർ വലിയ ബുദ്ധിമുട്ടിലാണ്. പലരും തങ്ങളുടെ അനുഭവങ്ങൾ എക്സ് പോലുള്ള പ്ലാറ്റ്ഫോമുകളിൽ പങ്കുവെക്കുന്നുണ്ട്.അതേസമയം, പ്രശ്നം വ്യാപകമായതോടെ വാട്സാപ്പ് വക്താവ് ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തി. വാട്സാപ്പിന്റെ സുരക്ഷാ സംവിധാനങ്ങൾ ചില അക്കൗണ്ടുകളെ തെറ്റായി തിരിച്ചറിഞ്ഞ് ബ്ലോക്ക് ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം. ഓട്ടോമേറ്റഡ് സുരക്ഷാ സംവിധാനങ്ങൾക്ക് ചിലപ്പോൾ ഇത്തരം അബദ്ധങ്ങൾ സംഭവിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ പരാതിപ്പെട്ടതിന് പിന്നാലെ ചിലർക്ക് അക്കൗണ്ടുകൾ തിരികെ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ബ്ലോക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകൾ തിരികെ ലഭ്യമാക്കാനുള്ള നടപടികൾ വാട്സാപ്പ് സ്വീകരിക്കുന്നുണ്ടെന്നാണ് സൂചന.
കാശ് വേണ്ടാത്ത KSRTC ബസിൽ സ്ത്രീകൾ തള്ളി കയറുന്നു; മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കും; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി
വിവാദ പരാമർശവുമായി ഗതാഗത മന്ത്രി സി.പി.ജോൺ. കാശ് വേണ്ടാത്ത കെഎസ്ആർടിസി ബസിൽ സ്ത്രീകൾ തള്ളി കയറുകയാണ്. എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കും. അതേസമയം അസുഖം വന്നാൽ സ്വകാര്യ ആശുപത്രികളിൽ പോകാതെ സർക്കാർ ആശുപത്രി വരാന്തയിൽ കിടക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ജനതയുടെ പെരുമാറ്റം അതിശയിപ്പിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രി വിവാദ പ്രസ്താവന നടത്തിയത്.സർക്കാർ സ്കൂളുകളിൽ പോലും സ്ത്രീകൾ കുട്ടികളെ വിടില്ല. അസുഖം വന്നാലോ ഇതേ സ്ത്രീ തന്റെ ഭർത്താവിനെയും അച്ഛനെയും കൊണ്ട് സർക്കാർ ആശുപത്രിയിലെ വരാന്തയിൽ കിടക്കുകയാണെന്നായിരുന്നു മന്ത്രിയുടെ പരാമർശം. സ്ത്രീകൾക്കായി പ്രഖ്യാപിച്ച പ്രിയദർശിനി പദ്ധതി പരാമർശിച്ചായിരുന്നു മന്ത്രിയുടെ അധിക്ഷേപം. പ്രിയദർശിനി പദ്ധതി സർക്കാർ ഔദാര്യം എന്ന നിലയ്ക്കാണ് മന്ത്രിയുടെ പരാമർശം വന്നിരിക്കുന്നത്.ലജ്ജകരമായ പ്രസ്താവനയാണ് മന്ത്രി നടത്തിയതെന്ന് ചിന്ത ജെറോം പ്രതികരിച്ചു. ഒരു ഘട്ടത്തിലും പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയുന്നതല്ല. സർക്കാർ നടപ്പാക്കിയ പദ്ധതിയാണത്. അത് ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണെന്ന് ചിന്ത ജെറോം പറഞ്ഞു. മന്ത്രി ഒരിക്കലും ഇങ്ങനെ പറയാൻ പാടില്ലെന്ന് പികെ ശ്രീമതി പ്രിതകരിച്ചു. സൗജന്യ യാത്രയെ താനടക്കം സ്വാഗതം ചെയ്തിരുന്നു. മന്ത്രി പ്രതികരണം തിരുത്തണമെന്ന് പികെ ശ്രീമതി ആവശ്യപ്പെട്ടു.

