തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ വിലയിൽ നേരിയ വര്‍ധന രേഖപ്പെടുത്തിയെങ്കിൽ ഇന്ന് നേരിയ ഇടിവാണ്
രെഖപ്പെടുത്തിയിരിക്കുന്നത്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്നേക്ക് 45 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 1 പവൻ സ്വർണത്തിന് 1,16, 520 രൂപയാണ് ഇന്നത്തെ വില. ഇന്ത്യയിൽ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മെയ് 13 ന് ഒറ്റയടിക്ക് വില 10,200 രൂപയോളം വിലവർധിച്ചിരുന്നു. അന്നാണ് ഈ മാസത്തിലെ ഏറ്റവും കൂടിയ സ്വര്‍ണ വില 1,23,120 ആയി രേഖപ്പെടുത്തിയത്. ശേഷം ഇടിഞ്ഞ വില തുടര്‍ച്ചയായി ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.
കേന്ദ്രസർക്കാർ സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം വർധിപ്പിച്ചതിനെതിരെ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ രംഗത്ത് വന്നിരുന്നു. സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം 6 ശതമാനത്തി നിന്നും 15 ശതമാനം ആയി വർദ്ധിപ്പിച്ചത് ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും സ്വാഭാവികമായി കള്ളക്കടത്ത് വർദ്ധിക്കുന്നതിന് ഇത് കാരണമാകുമെന്നാണ് ആരോപണം. നേരത്തെ 15 ശതമാനം ഇറക്കുമതി ചുങ്കം നിലനിൽക്കുമ്പോഴാണ് ഇന്ത്യയിലേക്ക് ആയിരം ടൺ സ്വർണം ഇറക്കുമതി ചെയ്തത്. 6 ശതമാനം ഇറക്കുമതി ചുങ്കം നിലനിൽക്കുമ്പോൾ 800 ടണ്ണിൽ താഴെയാണ് ഇറക്കുമതിയെന്നും കെജിഎസ്എംഎ (KGSMA) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ നാസർ, പ്രസിഡന്റ് കെ.സുരേന്ദ്രൻ, ട്രഷറർ കൃഷ്ണദാസ്. സി.വി എന്നിവർ പറഞ്ഞു.

