general
റൺവേയിലൂടെ നീങ്ങുന്ന വിമാനത്തിനുള്ളിൽ നില്‍ക്കുന്ന യാത്രക്കാർ: വീഡിയോയിൽ പ്രതികരണവുമായി എയർ ഇന്ത്യ എക്‌സ്പ്രസ്
ന്യൂഡൽഹി: റണ്‍വേയിലൂടെ നീങ്ങുന്ന വിമാനത്തിനുള്ളില്‍ നിരവധി യാത്രക്കാര്‍ നില്‍ക്കുന്ന ദൃശ്യങ്ങൾ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായതിന് പിന്നാലെ വിശദീകരണം നല്‍കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഓണ്‍ബോര്‍ഡ് സുരക്ഷയെയും യാത്രക്കാരുടെ അച്ചടക്കത്തെയും കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് IX1236 വിമാനത്തിനുള്ളിലെ വീഡിയോയാണ് പ്രചരിച്ചത്.റണ്‍വേയിലൂടെ നീങ്ങുന്ന വിമാനത്തിനുള്ളില്‍ നിരവധി യാത്രക്കാര്‍ നില്‍ക്കുന്നതാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അവസ്ഥ ഇതാണ്. നിങ്ങള്‍ക്ക് കാണാന്‍ കഴിയും എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ പങ്കുവെച്ചിരുന്നത്. IX1236 വിമാനത്തിലെ വീഡിയോയില്‍ ഖേദം പ്രകടിപ്പിച്ച് എയര്‍ ഇന്ത്യ മറുപടിയുമായി രംഗത്തെത്തിയിരുന്നു. വിമാനത്തിലെ സാഹചര്യം മൂലമുണ്ടായ ആശങ്കയ്ക്ക് ആത്മാര്‍ത്ഥമായി ഖേദിക്കുന്നു. നിങ്ങളുടെ സുരക്ഷ ഞങ്ങളുടെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയാണെന്നും സുരക്ഷാ നടപടിക്രമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും അനുസൃതമായാണ് എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നതെന്നും എയര്‍ലൈന്‍ പറഞ്ഞു.
ആഡംബര കാറുകളിൽ കഞ്ചാവ് കടത്ത്; ഗൂഡല്ലൂരിൽ നിന്ന് 190 കിലോഗ്രാം കഞ്ചാവ് പിടികൂടി
കുമളി∙ ആഡംബര കാറുകളിൽ കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ച ഒരു കോടി രൂപയോളം വിലമതിക്കുന്ന 190 കിലോഗ്രാം കഞ്ചാവ് പിടികൂടി. തേനി ജില്ലയിലെ ഗൂഡല്ലൂരിൽ നിന്നാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ചിരുന്ന 2 കാറുകളും കസ്റ്റഡിയിലെടുത്തു. രാമനാഥപുരം സ്വദേശി മുത്തുപ്പാണ്ടി (25), സായൽകുടി സ്വദേശികളായ മുഹമ്മദ് അനീഫ (45), അലിയാർ (46), കടലാടി അപ്പനൂർ വെസ്റ്റ് സ്ട്രീറ്റ് സ്വദേശി ഈശ്വരമൂർത്തി (34) എന്നിവരാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ രാമനാഥപുരം സ്വദേശി കാളീശ്വരനായുള്ള (34) പൊലീസ് അന്വേഷണം തുടരുകയാണ്. ഗൂഡല്ലൂർ നോർത്ത് പൊലീസ് ഇൻസ്പെക്ടർ പ്രഭുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കമ്പം- കുമളി റോഡിൽ വാഹന പരിശോധന നടത്തിയിരുന്ന പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. പരിശോധനയിൽ 2 കാറുകളിലുമായി 2 കിലോഗ്രാം വീതമുള്ള 95 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 190 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. ഇതേത്തുടർന്ന് കഞ്ചാവും കടത്താൻ ഉപയോഗിച്ച 2 കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. കഞ്ചാവ് എവിടെ നിന്നാണ് കൊണ്ടുവന്നതെന്നും ആർക്കാണ് കൈമാറാൻ ഉദ്ദേശിച്ചതെന്നും, സംഭവത്തിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് വിശദമായി അന്വേഷിച്ച് വരികയാണ്.
ബയോമെട്രിക് ആധാർ ഓതന്‍റിക്കേഷൻ ചെയ്തില്ലേ? എൽപിജി സിലിണ്ടറുകൾക്ക് സബ്സിഡി കിട്ടില്ല, അവസാന തിയ്യതി ഒക്ടോബർ 1
ഒക്ടോബർ ഒന്നിനകം ഗാർഹിക എൽപിജി ഉപഭോക്താക്കൾ ബയോമെട്രിക് ആധാർ ഓതന്‍റിക്കേഷൻ (ബിഎഎ) പൂർത്തിയാക്കണം എന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഇതിനോടകം 89 ശതമാനത്തിലധികം പേർ ഇത് പൂർത്തിയാക്കി. ഓതന്‍റിക്കേഷൻ പൂർത്തിയാക്കാത്തവർക്ക് സബ്സിഡി ലഭിക്കില്ലെന്നും എന്നാൽ സിലിണ്ടർ ലഭിക്കുന്നത് തുടരുമെന്നുമാണ് പെട്രോളിയം മന്ത്രാലയത്തിന്‍റെ അറിയിപ്പ്. സിലിണ്ടർ ഡെലിവറി സമയത്തോ ഡിസ്ട്രിബ്യൂട്ടർ ഷോറൂമിൽ നിന്നോ ഓയിൽ മാർക്കറ്റിംഗ് കമ്പനിയുടെ മൊബൈൽ ആപ്പ് വഴിയോ ഓതന്‍റിക്കേഷൻ ചെയ്യാം. ഇതിനോടകം നാല് തവണ ഇതിനായി സമയം നീട്ടി നൽകിയെന്ന് മന്ത്രാലയം ഓർമിപ്പിക്കുന്നു.സ്വയം ഇ-കെവൈസി പൂർത്തിയാക്കുന്നതിനുള്ള വീഡിയോ ട്യൂട്ടോറിയലുകൾ പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) പോർട്ടലിൽ ലഭ്യമാണ്. ഇന്ത്യൻ ഓയിൽ ഉപഭോക്താക്കൾക്ക് IndianOil ONE, ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്ക് HelloBPCL, എച്ച്പി ഗ്യാസ് ഉപഭോക്താക്കൾക്ക് HP PAY വഴി സ്വയം ഈ-കെവൈസി പൂർത്തിയാക്കാം.
തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് മുന്‍പ് നിര്‍ബന്ധമായും പൂര്‍ത്തിയാക്കേണ്ട കാര്യങ്ങള്‍
ഉത്സവ കാലങ്ങളിലോ, അവധി ദിവസങ്ങളിലോ, അപ്രതീക്ഷിതമായുണ്ടാകുന്ന യാത്രകളിലോ, സ്ഥിരീകരിച്ച ട്രെയിന്‍ ടിക്കറ്റ് ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും. അത്തരം സാഹചര്യങ്ങളില്‍ തത്കാല്‍ ടിക്കറ്റുകള്‍ യാത്രക്കാര്‍ക്ക് വളരെ ഉപയോഗപ്രദമാണ്. പക്ഷേ ടിക്കറ്റുകള്‍ക്കുള്ള ഉയര്‍ന്ന ഡിമാന്‍ഡ് മൂലം ബുക്കിംഗ് തുറക്കുമ്പോള്‍ത്തന്നെ സീറ്റുകള്‍ വേഗത്തില്‍ നിറയുകയും ചെയ്യും. അതുകൊണ്ടുതന്നെ നിങ്ങള്‍ക്ക് ഒരു തത്കാല്‍ ടിക്കറ്റ് വാങ്ങാന്‍ പദ്ധതിയുണ്ടെങ്കില്‍ ബുക്കിംഗ് വിന്‍ഡോ തുറക്കുന്നതിന് മുമ്പ് കുറച്ച് അവശ്യ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ഓരോ മിനിറ്റും പ്രധാനമാണ്. അതിനാല്‍ യാത്രാ വിവരങ്ങള്‍, ട്രെയിനുമായി ബന്ധപ്പെട്ട വിവരങ്ങള്‍, പണമടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇവ മുന്‍കൂട്ടി തയ്യാറാക്കിയാല്‍ ബുക്കിംഗ് സമയത്ത് സമയം ലാഭിക്കാന്‍ കഴിയും. ബുക്കിംഗിലെ ചെറിയ കാലതാമസം പോലും ടിക്കറ്റ് സ്ഥിരീകരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം.തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് എന്തുചെയ്യണം?നിങ്ങളുടെ IRCTC അക്കൗണ്ടില്‍ മുന്‍കൂട്ടി ലോഗിന്‍ ചെയ്യുകബുക്കിംഗ് ആരംഭിച്ചതിന് ശേഷം User ID യും പാസ്വേഡും നല്‍കി സമയം കളയരുത്. ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുന്നതിന് കുറച്ച് മിനിറ്റ് മുമ്പ് IRCTC അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുക.പാസഞ്ചര്‍ മാസ്റ്റര്‍ ലിസ്റ്റ് തയ്യാറാക്കി വയ്ക്കുകനിങ്ങള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോവേണ്ടി ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കില്‍ ബുക്കിംഗ് സമയത്ത് എല്ലാ വിശദാംശങ്ങളും വീണ്ടും വീണ്ടും പൂരിപ്പിക്കേണ്ട ആവശ്യമില്ലാത്തവിധം പേര്, പ്രായം, ലിംഗഭേദം തുടങ്ങിയ പ്രധാനപ്പെട്ട വിവരങ്ങള്‍ പാസഞ്ചര്‍ മാസ്റ്റര്‍ ലിസ്റ്റില്‍ മുന്‍കൂട്ടി സൂക്ഷിക്കാന്‍ കഴിയും.
റഷ്യന്‍ ഉപരോധ ബില്ലില്‍ ഒപ്പുവെച്ച് ഡോണള്‍ഡ് ട്രംപ്; ഇന്ത്യക്കും ചൈനക്കും കനത്ത തിരിച്ചടിയാകും
വാഷിങ്ടണ്‍: റഷ്യക്കെതിരെ കര്‍ശന ഉപരോധവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യന്‍ ഉപരോധ ബില്ലില്‍ ട്രംപ് ഒപ്പുവെച്ചു. ഇന്ത്യക്കും ചൈനക്കും കനത്ത തിരിച്ചടിയാകുന്നതാണ് യുഎസ് നടപടി. യുഎസിന്റെ ഉപരോധ നടപടിയെ യുക്രെയ്ന്‍ സ്വാഗതം ചെയ്തു.ബില്‍ സെനറ്റില്‍ 11ന് എതിരെ 86 വോട്ടുകള്‍ക്കും ഹൗസ് ഓഫ് റപ്രസന്റേറ്റീവ്‌സില്‍ 159ന് എതിരെ 262 വോട്ടുകള്‍ക്കും പാസാക്കിയിരുന്നു. നൂറ് ശതമാനം തീരുവ ഏതൊക്കെ രാജ്യങ്ങക്കുമേല്‍ ചുമത്തണമെന്ന് ട്രംപിന് അധികാരം നല്‍കുന്ന ബില്ലാണിത്. കടുത്ത റഷ്യന്‍ വിമര്‍ശനകനായിരുന്ന അന്തരിച്ച സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം നേരത്തേ അവതരിപ്പിച്ച ബില്ലാണ് ഭേദഗതികളോടെ യുഎസ് പാസാക്കിയത്. അഞ്ഞൂറ് ശതമാനം തീരുവ ചുമത്താനായിരുന്നു ഗ്രമാമിന്റെ നിര്‍ദേശം. ഇതാണ് നൂറ് ശതമാനമായി കുറച്ചത്.ഇന്ത്യ, റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഉല്‍പ്പന്നങ്ങളുടെ വാങ്ങല്‍ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് 100 ശതമാനം വരെ തീരുവ ചുമത്താന്‍ പുതിയ ബില്ലിനാകും. റഷ്യയുടെ ഊര്‍ജ വരുമാനത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളില്‍ സമ്മര്‍ദം ചെലുത്തുക എന്നതാണ് തീരുവ വ്യവസ്ഥയുടെ പ്രധാന ലക്ഷ്യം. റഷ്യന്‍ എണ്ണയുടെയോ പ്രകൃതിവാതകത്തിന്റെയോ ഏറ്റവും വലിയ അഞ്ച് ഇറക്കുമതിക്കാര്‍ക്ക് 100 ശതമാനം വരെ തീരുവ ചുമത്താന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്നതാണ് ബില്‍. എന്നാല്‍ റഷ്യയുടെ പ്രകൃതി വാതക കയറ്റുമതിയുടെ 15 ശതമാനത്തില്‍ താഴെ മാത്രം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കും വാങ്ങലുകള്‍ ഗണ്യമായി കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിച്ച രാജ്യങ്ങള്‍ക്കും ഇളവ് ലഭിക്കും.
പാചകവാതകത്തിന് ഒക്ടോബർ ഒന്ന് മുതൽ ബയോമെട്രിക് ഒതന്റിക്കേഷൻ നിർബന്ധം
ന്യൂഡൽഹി: ഗാർഹിക പാചകവാതക (എൽപിജി) സിലിണ്ടറുകൾ ബുക്ക് ചെയ്യാൻ ഒക്ടോബർ ഒന്ന് മുതൽ ആധാർ അധിഷ്ടിത ബയോമെട്രിക് ഒതന്റിക്കേഷൻ (ബിഎഎ) നിർബന്ധം. ഒതന്റിക്കേഷൻ ചെയ്യാത്തവർക്ക് ഒക്ടോബർ ഒന്ന് മുതൽ സബ്‌സിഡി നിരക്കിൽ പാചകവാതകം കിട്ടില്ല. നേരത്തേ തന്നെ ബിഎഎ പൂർത്തിയാക്കിയവർ ഇനി ഒന്നും തന്നെ ചെയ്യേണ്ടതില്ലെന്നും പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 19 വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ 89.9 ശതമാനം ഗാർഹിക ഉപഭോക്താക്കളും ബിഎഎ ചെയ്തുകഴിഞ്ഞു.സബ്‌സിഡിയുള്ള എൽപിജി സിലിണ്ടറുകൾ അർഹരായ ഉപഭോക്താക്കൾക്ക് തന്നെയാണ് കിട്ടുന്നത് എന്ന് ഉറപ്പാക്കാനും ഗാർഹിക സിലിണ്ടറുകൾ വാണിജ്യാവശ്യങ്ങൾക്കും വ്യാവസായിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത് തടയാനുമാണ് ബിഎഎ നിർബന്ധമാക്കുന്നത് എന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ബിഎഎ ചെയ്യേണ്ടെന്ന് തീരുമാനിക്കുന്ന ഉപഭോക്താക്കൾക്ക് മാർക്കറ്റ് വില നൽകി സിലിണ്ടറുകൾ വാങ്ങി ഉപയോഗിക്കാവുന്നതാണ്.എങ്ങനെ ചെയ്യാം?മൂന്ന് മാർഗങ്ങളിലൂടെ ഉപഭോക്താക്കൾക്ക് ബിഎഎ ചെയ്യാവുന്നതാണ്.ഗ്യാസ് ഏജൻസിയിൽ നേരിട്ട് പോയി ബയോമെട്രിക് ആധാർ ഒതന്റിക്കേഷൻ പൂർത്തിയാക്കാംഗ്യാസ് നൽകുന്ന എണ്ണക്കമ്പനിയുടെ മൊബൈൽ ആപ്പിലൂടെ ബിഎഎ ചെയ്യാം. ഇന്ത്യൻ ഓയിൽ വൺ (ഇൻഡേൻ), ഹലോ ബിപിസിഎൽ (ഭാരത്ഗ്യാസ്), എച്ച്പി പേ (എച്ച്പി ഗ്യാസ്) എന്നിവയാണ് ആപ്പുകൾസിലിണ്ടർ വീട്ടിൽ കൊണ്ടുവരുമ്പോൾ ഡെലിവറി ഏജന്റിന്റെ മൊബൈൽ ആപ്പ് ഉപയോഗിച്ച് ബിഎഎ ചെയ്യാംബിഎഎ എങ്ങനെ ചെയ്യാമെന്ന് വിശദീകരിക്കുന്ന ട്യൂട്ടോറിയൽ വീഡിയോകൾ പ്രധാനമന്ത്രി ഉജ്ജ്വല യോജന പോർട്ടലിൽ ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു. ബിഎഎ ചെയ്യാൻ താത്പര്യമില്ലാത്ത ഉപഭോക്താക്കൾ അക്കാര്യം ആപ്പ് വഴി അറിയിക്കണം. അത്തരം ഉപഭോക്താക്കൾക്ക് മാർക്കറ്റ് വിലയിൽ സിലിണ്ടർ തുടർന്നും ലഭിക്കും.
സിഗരറ്റ് പൊള്ളും! രാജ്യത്ത് സിഗരറ്റ് വില കുതിക്കുന്നു; ITC ബ്രാന്‍ഡുകള്‍ക്ക് വീണ്ടും വിലവര്‍ധന
രാജ്യത്ത് സിഗരറ്റ് വില കുതിക്കുന്നു എന്ന് വിവരം. ഐടിസിയുടെ പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് വീണ്ടും വില വര്‍ധനവെന്നാണ് വിവരം. ക്ലാസിക് കണക്ട് 20 സിഗററ്റുള്ള പാക്കറ്റിന് 38 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ക്ലാസിക് കണക്ടിന്റെ വില 390 രൂപയില്‍ നിന്ന് 428 രൂപ ആയി ഉയര്‍ന്നിട്ടുണ്ട്. ഗോള്‍ഡ് ഫ്‌ളേക്ക് സൂപ്പര്‍ സ്റ്റാര്‍ 10 സിഗററ്റുള്ള പാക്കറ്റിന് 10 രൂപ വര്‍ധിച്ചിട്ടുണ്ട്. ഇതോടെ ഗോള്‍ഡ് ഫ്‌ലേക്ക്‌സിന് 79 രൂപയില്‍ നിന്ന് 89 ആയി വില ഉയര്‍ന്നു.തിരഞ്ഞെടുത്ത സിഗരറ്റ് ബ്രാന്‍ഡുകളുടെ പരമാവധി ചില്ലറ വില്‍പ്പന വിലയാണ് ഐടിസി വര്‍ദ്ധിപ്പിച്ചതെന്നാണ് ഡീലര്‍മാരില്‍ നിന്നുള്ള വിവരം. പുതുക്കിയ വില രേഖപ്പെടുത്തിയ സ്റ്റോക്കുകള്‍ ഇതിനകം വിപണിയില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. പുകയില നികുതിയിലുണ്ടായ മാറ്റങ്ങളെത്തുടര്‍ന്ന് സിഗരറ്റ് നിര്‍മ്മാതാക്കള്‍ വില ക്രമീകരിക്കുന്നതിന്റെ ഭാഗമായി, ഈ വര്‍ഷം ഐടിസി പലതവണ വില വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് പുതിയ വര്‍ദ്ധനവും ഉണ്ടായിരിക്കുന്നത്.
വായ്‌പാ തിരിച്ചടവ് മുടങ്ങിയാല്‍ ബലം പ്രയോഗിച്ച് വാഹനം പിടിച്ചെടുക്കരുത്: സുപ്രീംകോടതി
വായ്‌പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ വാഹനങ്ങള്‍ ബലം പ്രയോഗിച്ച് പിടിച്ചെടുക്കരുതെന്ന് സുപ്രീംകോടതി. വാഹനം ബലംപ്രയോഗിച്ച് പിടിച്ചെടുക്കാന്‍ ഗുണ്ടകളെ നിയോഗിക്കരുത്. ബാങ്കുകളും നോണ്‍-ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനി(എന്‍ബിഎഫ്‌സി)കളും ബലംപ്രയോഗിച്ച് വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് ആര്‍ബിഐക്ക് കര്‍ശന നിര്‍ദേശവും സുപ്രീംകോടതി നല്‍കി. ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.റിക്കവറി നടപടികള്‍ സംബന്ധിച്ച് ആര്‍ബിഐ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളും മാസ്റ്റര്‍ സര്‍ക്കുലറുകളും പ്രാവര്‍ത്തികമാക്കുന്നില്ലെന്ന വിമര്‍ശനവും കോടതി ഉന്നയിച്ചു. ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി പാതിരാത്രിയില്‍ അക്രമം നടത്തി ട്രക്ക് കടത്തിക്കൊണ്ട്‌പോയ കേസില്‍ ട്രക്ക് ഉടമയ്‌ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.വായ്‌പ അടവ് മുടങ്ങിയാല്‍ വാഹനം പിടിച്ചെടുക്കുന്നതിനുള്ള 10 നിബന്ധനകളും ഉത്തരവിലുണ്ട്. വായ്‌പ തിരിച്ചടവിനായി അസമയത്ത് നിരന്തരം ശല്യപ്പെടുത്തുകയോ കായികബലം ഉപയോഗിക്കുകയോ ചെയ്യരുതെന്നും വാഹനം പിടിച്ചെടുക്കുന്നത് നിയമപരമായ മാര്‍ഗങ്ങളിലൂടെ മാത്രമായിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വായ്‌പാ കരാറിലെ വാഹനം തിരിച്ചുപിടിക്കല്‍ വ്യവസ്ഥകള്‍ 1872-ലെ കരാര്‍ നിയമത്തിന് അനുസൃതമായിരിക്കണം. വാഹനം പിടിച്ചെടുക്കുന്നതിന് മുമ്പുള്ള നോട്ടീസ് കാലാവധി, ലേലത്തിന് മുന്‍പ് തിരിച്ചടവിന് നല്‍കുന്ന അവസാന അവസരം, വാഹനം തിരികെ നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ എന്നിവ കരാറില്‍ വ്യക്തമാക്കണം. റിക്കവറി ഏജന്റുമാരെ നിയമിക്കുമ്പോള്‍ ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഫീല്‍ഡ് സ്റ്റാഫുകള്‍ക്ക് മതിയായ പരിശീലനവും യോഗ്യതയും ഉണ്ടായിരിക്കണം.റിക്കവറി ഏജന്റുമാര്‍ ബാങ്കിങ് കോഡുകളും നിര്‍ദേശങ്ങളും പാലിക്കണം. റിക്കവറി സംബന്ധിച്ച അതിക്രമങ്ങളിലോ ചട്ടലംഘനങ്ങളിലോ ഉയരുന്ന പരാതികള്‍ ആര്‍ബിഐ ഗൗരവമായി പരിഗണിക്കണം. ചട്ടങ്ങള്‍ ആവര്‍ത്തിച്ച് ലംഘിച്ചാല്‍ ആര്‍ബിഐ വിലക്ക് ഏര്‍പ്പെടുത്തണം. വായ്‌പക്കാര്‍ക്ക് പിന്തുണ നല്‍കാന്‍ ക്രഡിറ്റ് കൗണ്‍സിലര്‍മാരെ നിയോഗിക്കണം. എന്‍ബിഎഫ്‌സി-മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ തങ്ങളുടെ പെരുമാറ്റച്ചട്ടം ശാഖകളില്‍ പ്രാദേശിക ഭാഷയില്‍ പ്രദര്‍ശിപ്പിക്കണം. റിക്കവറി നടപടികള്‍ മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലങ്ങളില്‍ വെച്ചായിരിക്കണമെന്നും രണ്ടോ അതിലധികമോ തവണ ഹാജരാകാതിരുന്നാല്‍ മാത്രമേ വായ്‌പക്കാരന്റെ വീട്ടിലോ ജോലിസ്ഥലത്തോ പോകാവൂയെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
അടുത്ത മാസം 6 ലക്ഷം റേഷൻ കാർഡ് റദ്ദായേക്കും; റേഷൻ വാങ്ങാത്തവ മരവിപ്പിക്കും
കേന്ദ്ര സർക്കാർ പദ്ധതിയായ സ്മാർട്ട് പിഡിഎസ് അടുത്ത മാസം നടപ്പാക്കുന്നതോടെ, സംസ്ഥാനത്തെ 6 ലക്ഷത്തിലേറെ റേഷൻ കാർഡുകളെങ്കിലും റദ്ദായേക്കും. 6 മാസത്തിലേറെയായി റേഷൻ വാങ്ങാത്ത ഈ കാർഡുകളിൽ 16 ലക്ഷത്തിലേറെ ഗുണഭോക്താക്കളാണുള്ളത്. കാർഡ് അംഗങ്ങളുടെ വിവരങ്ങൾ കേന്ദ്രീകൃതമായി സൂക്ഷിക്കുകയും താഴെത്തട്ടിൽവരെ വിതരണം പൂർണമായി കേന്ദ്രം നിരീക്ഷിക്കുകയും ചെയ്യുന്നതാണ് സ്മാർട്ട് പിഡിഎസ് (സ്കീം ഫോർ മോഡനൈസേഷൻ ആൻഡ് റിഫോംസ് ത്രൂ ടെക്നോളജി ഇൻ പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം). 2024ലാണ് കേരളം ധാരണാപത്രം ഒപ്പിട്ടത്.റേഷൻ 6 മാസത്തിലേറെയായി വാങ്ങാത്ത കാർഡുകൾ മരവിപ്പിക്കും. തുടർന്നു 3 മാസത്തിനകം കാർഡിലെ മുഴുവൻ അംഗങ്ങളും ഇ കെവൈസി പൂർത്തിയാക്കിയാൽ മാത്രമേ റേഷൻ വിതരണം പുനരാരംഭിക്കൂ. രാജ്യത്തെ ഏതെങ്കിലും സംസ്ഥാനങ്ങളിൽ ഒന്നിലധികം റേഷൻ കാർഡുകളിൽ ഒരേ വ്യക്തി ഉൾപ്പെട്ടിട്ടുണ്ടോ എന്നും കണ്ടെത്തും. ഇത്തരം ഗുണഭോക്താക്കളെയും മരവിപ്പിച്ചുനിർത്തും. തുടർന്ന് 3 മാസത്തിനകം ഇ കെവൈസി പൂർത്തിയാക്കി, നിലനിർത്തേണ്ട റേഷൻ കാർഡ് മാത്രം നിശ്ചയിച്ച് മറ്റുള്ളവയിൽനിന്നു പേര് ഒഴിവാക്കണം.ആദ്യഘട്ടത്തിൽ നടപടി മുൻഗണനാ കാർഡുകളിൽ ∙സ്മാർട്ട് പിഡിഎസിന്റെ ആദ്യഘട്ടത്തിൽ മഞ്ഞ, പിങ്ക് എന്നീ വിഭാഗങ്ങളിലെ മുൻഗണനാ കാർഡുകളിൽ 6 മാസമായി റേഷൻ വാങ്ങാത്തവർക്ക് എതിരെയാകും കർശന നടപടി. കേരളത്തിൽ ഇത്തരം ഏകദേശം 45,000 കാർഡുകളും 66,000 ഗുണഭോക്താക്കളുമുണ്ടെന്നാണു പ്രാഥമിക വിവരം.നീല, വെള്ള, ബ്രൗൺ എന്നിങ്ങനെയുള്ള മുൻഗണന ഇതര വിഭാഗത്തിൽ ഇത്തരം 5.6 ലക്ഷത്തിലേറെ കാർഡുകളും 15 ലക്ഷത്തിലേറെ ഗുണഭോക്താക്കളുമുണ്ട്.
ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം; കർശന നിയന്ത്രണവുമായി കേന്ദ്രം
ആന്റിബയോട്ടിക്കുകളുടെയും ഉറക്കഗുളികകളുടെയും ദുരുപയോഗത്തിലും വിൽപ്പനയിലും കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിനായി ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി. ഷെഡ്യൂൾ എച്ച്, ഷെഡ്യൂൾ എച്ച് 1 എന്നീ വിഭാഗത്തിലുള്ള മരുന്നുകളുടെ വിതരണത്തിലാണ് പുതിയ നിബന്ധനകൾ കൊണ്ടുവന്നിട്ടുള്ളത്.ഇനി ഡോക്ടർമാരുടെ കുറിപ്പടികൾ ഇല്ലാതെ ഇത്തരം മരുന്നുകൾ വിൽക്കാൻ പാടില്ല. കൂടാതെ ഇനി ഇത്തരം മരുന്നുകൾ നൽകുമ്പോൾ രോഗിയുടെ പേര്, വിലാസം, നിർദേശിച്ച ഡോക്ടറുടെ പേരും രജിസ്ട്രേഷൻ നമ്പറും, നൽകിയ മരുന്നിന്റെ അളവ്, തീയതി എന്നിവ വ്യക്തമായി രേഖപ്പെടുത്തിയ പ്രത്യേക രജിസ്റ്റർ മെഡിക്കൽ സ്റ്റോറുകളിൽ സൂക്ഷിക്കേണ്ടതാണ്.രജിസ്റ്ററിൽ രേഖപ്പെടുത്തുന്ന ഈ വിവരങ്ങൾ കുറഞ്ഞത് മൂന്ന് വർഷമെങ്കിലും മെഡിക്കൽ സ്റ്റോറുകൾ സൂക്ഷിച്ചുവെക്കണമെന്നും കേന്ദ്രത്തിന്റെ കർശന നിബന്ധനയുണ്ട്. ഇത്തരം മരുന്നുകളുടെ അനധികൃത വിൽപനയെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെ തുടർന്നാണ് നടപടി.
76ന്റെ നിറവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി; ജന്മദിനം വിപുലമായ ആഘോഷമാക്കാൻ ബിജെപി, രാജ്യവ്യാപകമായി ദീപം തെളിയിക്കാനും രക്തദാന ക്യാംപിനും പ്രവർത്തകരോട് ആഹ്വാനം
76ന്റെ നിറവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഏറ്റവും ജനപ്രിയ നേതാവായി തുടരുന്ന മോദി പാർട്ടിയിലെയും സർക്കാരിലെയും ആധിപത്യം നിലനിർത്തുകയാണ് ഇന്നും. യുവാക്കളുടെ സമരത്തിന് പിന്നാലെ മാറിമറിഞ്ഞ ദേശീയ രാഷ്ട്രീയമാണ് അധികാരത്തിൽ 25 വർഷം പൂർത്തിയാക്കുന്ന മോദിക്ക് മുന്നിലുള്ള വെല്ലുവിളി. മോദിയുടെ ജന്മദിനത്തിൽ വീടുകളിൽ ദീപം തെളിയിക്കാനാണ് ബിജെപി അഭ്യർത്ഥന.ഗുജറാത്ത് മെഹ്സാന ജില്ലയിലെ വട്നഗറിൽ 1950 സെപ്റ്റംബർ 17ന് തുടങ്ങിയ നരേന്ദ്ര ദാമോദർ ദാസ് മോദിയുടെ ജീവിതം ഓരോ വർഷം പിന്നിടുമ്പോഴും ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലും നിർണായക ഏടുകൾ എഴുതിചേർക്കുകയാണ്. പതിനേഴാം വയസിൽ ആർഎസ്എസിലൂടെ തുടങ്ങിയ പൊതുപ്രവർത്തനമാണ്. 1987ൽ മുപ്പത്തിയേഴാം വയസിൽ ഗുജറാത്ത് ബിജെപി ജനറൽ സെക്രട്ടറിയായി. 2001ൽ മുഖ്യമന്ത്രിയായി. ഗുജറാത്ത് കലാപത്തിനു ശേഷമുള്ള വിവാദങ്ങളും നിയമനടപടികളും നേരിട്ട് 2014 മുതൽ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലുമെത്തി. ഇന്ന് ലോകത്തെ കരുത്തരായ നേതാക്കളിൽ ഒരാളായി മോദി മാറി കഴിഞ്ഞു. സംഘപരിവാർ സ്വപ്നം കണ്ട പല ലക്ഷ്യങ്ങളും മോദി ഭരണത്തിലാണ് യാഥാർത്ഥ്യമായത്. അയോധ്യ രാമക്ഷേത്രം, ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, വഖഫ് നിയമ ഭേദഗതി എന്നിവ നടപ്പിലാക്കി. ഏകീകൃത സിവിൽകോഡ് സംസ്ഥാനങ്ങളിൽ നടപ്പാക്കാൻ നടപടിയും തുടങ്ങി.
യുപിഐ ഇടപാടുകൾക്ക് ഫീസ്: വിശദീകരണവുമായി ആർ ബി ഐ, 'കൂടുതൽ പേരിലേക്കെത്തിക്കാൻ സഹായിക്കുന്ന നടപടി'
യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുന്ന നടപടിയിൽ വിശദീകരണവുമായി ആർബിഐ. രാജ്യത്തിൻ്റെ ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനം ദീർഘകാലത്തേക്ക് ശക്തമായി നിലനിർത്താൻ അനിവാര്യമെന്ന് ആർ ബി ഐ. യുപിഎ കൂടുതൽ പേരിലേക്കും, വ്യാപാരികളിലേക്കും എത്തിക്കാൻ ഇത് സഹായിക്കുമെന്നും ന്യായമായ ഫീസ് ഈടാക്കുന്നത് സാങ്കേതികവിദ്യയിലടക്കം കൂടുതൽ നിക്ഷേപങ്ങൾക്കും സഹായിക്കുമെന്നും ആർ ബി ഐയുടെ വിശദീകരണം. വ്യക്തികളിൽ നിന്നും വ്യക്തികളിലേക്കും, വ്യക്തികളിൽ നിന്ന് വ്യാപാരികളിലേക്കും ഇത് സൗജന്യമായി തുടരും. 2000 രൂപവരെയുള്ള ഇടപാട് വ്യാപാരികൾക്കും സൗജന്യമാകും. 2000 രൂപക്ക് മുകളിൽ വ്യാപാരികളിൽ നിന്നാണ് ഈടാക്കുക എന്നും ആർ ബി ഐ അറിയിച്ചു.അതേ സമയം, നടപടിയിൽ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ്. യു പി ഐക്ക് ഫീസ് ചുമത്തിയത് ആലോചനയില്ലാതെ എന്ന് കോൺഗ്രസ്. വ്യാപാരികളുമായും രാഷ്ട്രീയ കക്ഷികളുമായും ആലോചന നടത്താൻ സർക്കാർ തയ്യാറായില്ല. ആദ്യം പ്രഖ്യാപിക്കുക പിന്നെ ആലോചിക്കുക എന്നതാണ് സർക്കാർ നയമെന്ന് ജയറാം രമേശ്. ഫോൺ പേ, ഗൂഗിൾ പേ തുടങ്ങിയവയെ സഹായിക്കാനാണ് നീക്കമെന്നും കോൺഗ്രസ്. ചെറുകിട വ്യാപാരികളെ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സർക്കാർ.
ബാംഗ്ളൂർ ഹൈവേയിൽ വാഹനപകടത്തിൽ മാനന്തവാടി സ്വദേശിയായ യുവതി മരിച്ചു
ബെംഗളൂരു:ബെംഗളൂരു- മൈസൂർ ഹൈവേയിൽ അപകടംകാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ചു മാനന്തവാടി പാണ്ടിക്കടവ് സ്വദേശിനി അഫ്രീന (23) മരിച്ചുകുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റു
ഹോർമൂസിന് പിന്നാലെ ബാബ് അൽ മന്ദബും അടയ്ക്കുമോ? കടലിടുക്കിൽ മൈനുകൾ സ്ഥാപിച്ച് ഹൂതികൾ, കരയിൽ ട്രഞ്ചുകളും; ആശങ്ക അറിയിച്ച് ഇന്ത്യ
സൗദി അറേബ്യയ്ക്ക് നേരെയുള്ള ഹൂതി വിമതരുടെ ആക്രമണങ്ങൾ ബാബ് അൽ മന്ദബ് ജലപാതയിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും പശ്ചിമേഷ്യൻ മേഖലയുടെ സുരക്ഷയ്ക്കും കടുത്ത ഭീഷണിയാകുന്നതായി റിപ്പോർട്ട്. ഹോർമൂസ് കടലടക്കിന് പിന്നാലെ ചെങ്കടലിലെ ബാബ് അൽ മന്ദബും അടയ്ക്കുമോ എന്ന് ആശങ്കയിൽ ലോക രാജ്യങ്ങൾ. കടലിടുക്കിൽ ഹൂതികൾ മൈനുകൾ സ്ഥാപിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. കരയിൽ ട്രഞ്ചുകൾ സ്ഥാപിച്ച് നിരീക്ഷണത്തിന് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിൽ മേഖലയിലെ ക്രമസമാധാന തകർച്ചയിലും കപ്പൽ ഗതാഗത തടസ്സത്തിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.അന്താരാഷ്ട്ര സമുദ്ര പാതകളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞു വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ. വ്യാപാര ആവശ്യങ്ങൾക്കായി ഈ ജലപാതയെ വൻതോതിൽ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് മേഖലയിലെ സംഘർഷങ്ങൾ സാമ്പത്തികമായും കപ്പൽ ഗതാഗതപരമായും വലിയ തിരിച്ചടിയാണ്. സമുദ്ര പാതകൾ സുരക്ഷിതമാക്കാൻ ലോകം ഒന്നിക്കണമെന്ന് ഖത്തറും ആവശ്യപ്പെട്ടു. ജലപാതകൾ അടച്ചിടുന്നത് സാധാരണ സംഭവമായി കാണാനാകില്ലെന്നും അത് ഖത്തറിനും അന്താരാഷ്ട്ര സമൂഹത്തിനും ഒരുപോലെ അസ്വീകാര്യമാണെന്നും വിദേശകാര്യ മന്ത്രാലയം മാധ്യമ വിഭാഗം ഡയറക്ടർ പ്രതികരിച്ചു.
50 ശതമാനം വിലക്കുറവിൽ വ്യാജ ക്യാൻസർ മരുന്നുകൾ; 90ലധികം ആശുപത്രികളിലേക്ക് വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി സംശയം, ബെംഗളൂരുവിൽ അറസ്റ്റ്
ക്യാൻസർ മരുന്നുകളും ജീവൻരക്ഷാ കുത്തിവയ്പ്പുകളും ഉൾപ്പെടെയുള്ള വ്യാജ മരുന്നുകൾ വിതരണം ചെയ്ത വൻ മാഫിയ ബെംഗളൂരുവിൽ പിടിയിലായി. നഗരത്തിലെ തൊണ്ണൂറിലധികം ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും വ്യാജവും കാലഹരണപ്പെട്ടതുമായ മരുന്നുകൾ എത്തിച്ചുനൽകിയ സംഭവത്തിൽ ബെംഗളൂരു പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘവും ഡ്രഗ്സ് കൺട്രോൾ വകുപ്പും ചേർന്ന് അന്വേഷണം ഊർജ്ജിതമാക്കി. സംഭവത്തിൽ കൃപാ ഹെൽത്ത് കെയർ എന്ന ഫാർമസിയുടെ ഉടമ വീരേഷ് കുമാർ ജെയിൻ അറസ്റ്റിലായിട്ടുണ്ട്.മിനർവ സർക്കിളിന് സമീപമുള്ള കൃപാ ഹെൽത്ത് കെയറിൽ നടത്തിയ പരിശോധനയിലാണ് കോടിക്കണക്കിന് രൂപയുടെ വ്യാജ മരുന്നുകൾ പിടിച്ചെടുത്തത്. കാൻസർ മരുന്നുകളും ഐസിയു കുത്തിവയ്പ്പുകളും പകുതിയോളം വിലക്കുറവിൽ നൽകിയാണ് ഇവർ വിപണിയിൽ വിതരണം ചെയ്തിരുന്നത്. കാലാവധി കഴിഞ്ഞ മരുന്നുകൾ ശേഖരിച്ച് പുതിയ കവറുകളിലാക്കി പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ വ്യാജ ലേബലുകൾ പതിച്ചാണ് ഇവർ വിറ്റഴിച്ചിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ഒടുവിൽ മടക്കാവുന്ന ഐഫോണുമായി ആപ്പിൾ; ഐഫോൺ ഡ്യൂയോവിന്റെ വില അമ്പരപ്പിക്കും
തിരുവനന്തപുരം :ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഐഫോൺ മോഡലായ ഐഫോൺ ഡ്യൂയോ അവതരിപ്പിച്ചു. വർഷങ്ങളായി മടക്കാവുന്ന സ്മാർട്ട്ഫോൺ വിപണിയിൽ സാംസങ് ആധിപത്യം പുലർത്തുന്നതിനിടെയാണ് ആപ്പിളും പുതിയ മോഡലുമായി രംഗപ്രവേശനം ചെയ്യുന്നത്. ഒക്ടോബർ അവസാനത്തോടെ ഐഫോൺ ഡ്യൂയോ വിൽപ്പനയ്‌ക്കെത്തും. ഇന്ത്യയിൽ 2,99,900 രൂപ മുതലാണ് വില.രണ്ട് സ്ക്രീനുകളുമായി പുതിയ രൂപകൽപ്പനപുസ്തകം പോലെ തുറക്കാനും അടയ്ക്കാനും കഴിയുന്ന രൂപകൽപ്പനയാണ് ഐഫോൺ ഡ്യൂയോയുടേത്. എയ്‌റോസ്‌പേസ് നിലവാരത്തിലുള്ള ടൈറ്റാനിയം ഫ്രെയിമിനുള്ളിൽ 7.6 ഇഞ്ച് വലുപ്പമുള്ള മടക്കാവുന്ന അകത്തെ സ്ക്രീനും 5.4 ഇഞ്ച് പുറം സ്ക്രീനുമാണ് നൽകിയിരിക്കുന്നത്. ഐഫോൺ 18 പ്രോ മാക്സിലെ സ്ക്രീനിനെക്കാൾ 50 ശതമാനം വലുതാണ് അകത്തെ ഡിസ്പ്ലേ. രണ്ട് സ്ക്രീനുകളിലും യുഎസ്ബി-സി ആപ്പിൾ പെൻസിൽ പിന്തുണയുണ്ട്.ടൈറ്റാനിയം ഫ്രെയിം; മടക്കിൽ പുതിയ സാങ്കേതികവിദ്യഗ്രേഡ് 5 ടൈറ്റാനിയവും സെറാമിക് ഷീൽഡ് 2ഉം ചേർന്നാണ് ഫോണിന്റെ പുറംഭാഗം നിർമിച്ചിരിക്കുന്നത്. നൈറ്റ് സ്കൈ, സ്റ്റാർ വൈറ്റ് എന്നീ രണ്ട് നിറങ്ങളിലാണ് ഫോൺ ലഭിക്കുക.
ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് ഇന്ത്യയിൽ; വില 1,64,900 രൂപ മുതൽ
തിരുവനന്തപുരം :ആപ്പിളിന്റെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോൺ മോഡലുകളായ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവ അവതരിപ്പിച്ചു. ബുധനാഴ്ച നടന്ന ‘സർപ്രൈസ് ആൻഡ് ഷൈൻ’ പരിപാടിയിലാണ് പുതിയ മോഡലുകൾ കമ്പനി അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ 17 പ്രോ മോഡലുകളെ അപേക്ഷിച്ച് ക്യാമറ, പ്രകടനം, കൃത്രിമബുദ്ധി, ബാറ്ററി എന്നിവയിൽ ഉൾപ്പെടെ നിരവധി മാറ്റങ്ങളോടെയാണ് പുതിയ ഫോണുകൾ എത്തിയിരിക്കുന്നത്.ഇന്ത്യയിലെ വിലഐഫോൺ 18 പ്രോയുടെ 256 ജിബി അടിസ്ഥാന മോഡലിന് അമേരിക്കയിൽ 1,199 ഡോളറാണ് വില. ഐഫോൺ 18 പ്രോ മാക്സിന്റെ 256 ജിബി മോഡലിന് 1,299 ഡോളറാണ് വില. ഇന്ത്യയിൽ ഐഫോൺ 18 പ്രോയുടെ വില 1,64,900 രൂപ മുതലാണ്. ഐഫോൺ 18 പ്രോ മാക്സിന് 1,79,900 രൂപയാണ് പ്രാരംഭ വില. 256 ജിബിക്ക് പുറമെ 512 ജിബി, 1 ടിബി, 2 ടിബി സംഭരണശേഷിയുള്ള മോഡലുകളും ലഭ്യമാകും.പുതിയ നിറങ്ങളും വിൽപ്പനയുംകറുപ്പ്, വെള്ളി, ഗ്ലേഷ്യർ എന്നീ നിറങ്ങൾക്ക് പുറമെ പുതിയ ബർഗണ്ടി നിറത്തിലും ഐഫോൺ 18 പ്രോ, പ്രോ മാക്സ് മോഡലുകൾ ലഭിക്കും. സെപ്റ്റംബർ 12 മുതൽ മുൻകൂർ ബുക്കിങ് ആരംഭിക്കും. സെപ്റ്റംബർ 18 മുതൽ ഫോണുകൾ വിപണിയിലെത്തും.
ഇനി ബസുടമകൾ കുടുങ്ങും; സ്വകാര്യ ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി എംവിഡി
സ്വകാര്യ ബസ് ജീവനക്കാരുടെ പശ്ചാത്തലം പരിശോധിക്കുന്നതിനായി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ് (എംവിഡി) നടപടി ശക്തമാക്കി. യാത്രക്കാരോടുള്ള മോശം പെരുമാറ്റം, റോഡ് നിയമലംഘനം, അപകടകരമായ ഡ്രൈവിങ് തുടങ്ങിയ പരാതികൾ വർധിച്ചതിനെ തുടർന്നാണ് പുതിയ നടപടി.പിസിസി ഇല്ലാത്ത ജീവനക്കാരെ ബസിൽ ജോലിക്ക് നിയോഗിച്ചാൽ ബസ് ഉടമകൾക്കെതിരെയും നടപടിയുണ്ടാകും. നിയമം ലംഘിക്കുന്നവർക്ക് 7,500 രൂപ വരെ പിഴ ചുമത്തുന്നതിനൊപ്പം ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് എംവിഡി അറിയിച്ചു.കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ നിയമലംഘനങ്ങളുടെ പേരിൽ നിരവധി സ്വകാര്യ ബസ് ജീവനക്കാരുടെ ഡ്രൈവിങ് ലൈസൻസ് എംവിഡി റദ്ദാക്കിയിട്ടുണ്ട്. അടുത്തിടെ നടത്തിയ മിന്നൽ പരിശോധനകളിൽ ഭൂരിഭാഗം സ്വകാര്യ ബസ് ജീവനക്കാരുടെയും കൈവശം പിസിസി ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് പരിശോധനകൾ കൂടുതൽ കർശനമാക്കാൻ വകുപ്പ് തീരുമാനിച്ചത്. സ്വകാര്യ ബസുകളുടെ അമിതവേഗം, അശ്രദ്ധമായ ഡ്രൈവിങ്, യാത്രക്കാരോടും കാൽനട യാത്രക്കാരോടുമുള്ള മോശം പെരുമാറ്റം, റോഡിലെ നിയമ ലംഘനങ്ങൾ തുടങ്ങിയ പരാതികളാണ് എംവിഡിയുടെ ഇടപെടലിന് കാരണം.
ബോക്‌സ് ഓഫീസിൽ ചരിത്രം കുറിച്ച് 'ബെത്‌ലഹേം കുടുംബയൂണിറ്റ്'; എമ്പുരാനെയും മറികടന്ന് കുതിപ്പ്, ലക്ഷ്യം ഇനി ഒന്നാം സ്ഥാനം
മലയാള സിനിമാ ബോക്സ് ഓഫീസിൽ പുതിയ കളക്ഷൻ വിസ്മയം തീർക്കുകയാണ് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത് നിവിൻ പോളി കേന്ദ്രകഥാപാത്രമായെത്തിയ 'ബെത്‌ലഹേം കുടുംബയൂണിറ്റ്'. പ്രദർശനത്തിനെത്തി വെറും 18 ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോളതലത്തിൽ 270.45 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. ഇതോടെ പൃഥ്വിരാജ്–മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങി 268 കോടി നേടിയ 'എമ്പുരാന്റെ' ലൈഫ് ടൈം റെക്കോർഡ് മറികടന്ന്, മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമായി ഇത് മാറി.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആശ്വാസം; എല്‍പിജി ബുക്കിങ് നിയന്ത്രണം നീക്കി
തിരുവനന്തപുരം :എല്‍പിജി ബുക്കിങ് നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ നീക്കി. ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ബുക്കിങ്ങിന് 45 ദിവസത്തെ ഇടവേള വേണമെന്ന നിയന്ത്രണമാണ് നീക്കിയത്. പാചകവാതക സിലിണ്ടര്‍ വിതരണം മെച്ചപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ തീരുമാനം.നഗര-ഗ്രാമ വ്യത്യാസമില്ലാതെ 25 ദിവസത്തെ ഇടവേളയില്‍ ഇനി എല്‍പിജി ബുക്ക് ചെയ്യാവുന്നതാണെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു. എല്‍പിജി ബുക്കിങ്ങിന് 25 ദിവസമെന്ന ഏകീകൃത നിബന്ധന നടപ്പിലാക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു.പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായപ്പോള്‍, പാചകവാതക വിതരണം തടസ്സപ്പെട്ട ഘട്ടത്തിലാണ് 2026 ഫെബ്രുവരിയില്‍ എല്‍പിജി ബുക്കിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നഗരപ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് 25 ദിവസവും ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കള്‍ക്ക് 45 ദിവസവും ബുക്കിങ് ഇടവേള നടപ്പാക്കുകയായിരുന്നു.
എണ്ണക്കമ്പനികൾക്ക് സുപ്രധാന നിർദേശം നൽകി കേന്ദ്രസർക്കാർ: രാജ്യത്ത് നഗര - ഗ്രാമ വ്യത്യാസമില്ലാതെ ഗാർഹിക എൽപിജി ബുക്ക് ചെയ്യാനുള്ള സമയപരിധി ഏകീകരിച്ചു.
ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. രാജ്യത്ത് നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഇനിമുതൽ 25 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഉപഭോക്താക്കൾക്ക് അടുത്ത സിലിണ്ടർ ബുക്ക് ചെയ്യാൻ സാധിക്കും. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം എണ്ണ വിതരണ കമ്പനികൾക്ക് ഇത് സംബന്ധിച്ച നിർദേശം നൽകി.നേരത്തെ നഗരപ്രദേശങ്ങളിൽ 25 ദിവസവും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസവുമായിരുന്നു രണ്ടു ബുക്കിംഗുകൾ തമ്മിൽ ഉണ്ടായിരിക്കേണ്ട നിർബന്ധിത സമയപരിധി. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ തുടർന്ന് എൽ.പി.ജി ലഭ്യതയിൽ തടസം നേരിട്ട പശ്ചാത്തലത്തിലായിരുന്നു തീരുമാനം. വിതരണം ക്രമീകരിച്ച് എല്ലാവർക്കും എൽ.പി.ജി ലഭ്യമാക്കുന്നതിൻ്റെ ഭാഗമായാണ് ഗ്രാമപ്രദേശങ്ങളിൽ 45 ദിവസത്തെ ഇടവേള ഏർപ്പെടുത്തിയിരുന്നത്. ഈ നിയന്ത്രണത്തിലാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ഇളവ് വരുത്തിയിരിക്കുന്നത്.
ഹോർമുസിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ; മേഖലയിൽ പ്രവേശിക്കുന്ന കപ്പൽ ഉപരോധ പട്ടികയിൽ ചേർക്കും
ഹോർമുസ് കടലിടുക്കിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ. ഗൾഫിലെ പ്രദേശങ്ങൾ ഈ നിയന്ത്രിത മേഖലയിൽ ഉൾപ്പെടുമെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി വ്യക്തമാക്കി. അമേരിക്കൻ നാവികസേന ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള പ്രദേശത്തുനിന്നാണ് ഈ നിയന്ത്രിത മേഖല ആരംഭിക്കുന്നതെന്നും നിയന്ത്രിത മേഖലയിലേക്ക് പ്രവേശിക്കുന്ന ഏതൊരു കപ്പലും ഇറാന്റെ ഉപരോധ പട്ടികയിൽ ചേർക്കുമെന്നും റെസായി പറഞ്ഞു.അതിനിടെ, ഹോർമുസിലെ കപ്പൽച്ചാലിന്റെ കാര്യത്തിൽ ഒമാനുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ അവയിൽ ഒപ്പുവെക്കുമെന്നും റെസായി കൂട്ടിച്ചേർത്തു. ഇറാനെതിരെയുള്ള അമേരിക്കയുടെ ആക്രമണങ്ങൾക്ക് അതിവേഗം ശക്തവും കൂടുതൽ വേദനാജനകവുമായ പ്രതികരണം നേരിടേണ്ടിവരുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബാഫ് പ്രസ്താവനയിൽ പറഞ്ഞു. ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ഇന്നലെ അമേരിക്ക ആക്രമിച്ചതിനു പിന്നാലെ, ആറു കപ്പലുകൾ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് ലക്ഷ്യം വച്ചിരുന്നു. അമേരിക്കയുടെ മൂന്നു കപ്പലുകൾ ഉൾപ്പടെ ഹോർമുസ് കടലിടുക്കിൽ ബദൽ ജലപാത ഉപയോഗിച്ച മൂന്നു എണ്ണക്കപ്പലുകൾക്കു നേരെയാണ് ഇറാന്റെ ആക്രമണം.
'ഓരോ വിദ്യാര്‍ത്ഥിയുടെയും ജീവന്‍ വിലപ്പെട്ടത്, അത് സംരക്ഷിക്കപ്പെടണം'; ഡൽഹി അപകടത്തിൽ രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ പ്രതികരിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഓരോ വിദ്യാര്‍ത്ഥിയുടെയും ജീവന്‍ വിലപ്പെട്ടതാണെന്നും എന്തുവിലകൊടുത്തും അത് സംരക്ഷിക്കപ്പെടണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോളേജുകളിലും സര്‍വകലാശാലകളിലും നല്ല ഹോസ്റ്റലുകളുടെ അഭാവം കാരണം വിദ്യാര്‍ത്ഥികള്‍ പിജികളില്‍, 40 പേരടങ്ങുന്ന ഗ്രൂപ്പുകളായി താമസിക്കുന്നു. മനുഷ്യത്വരഹിതമായ സാഹചര്യങ്ങളില്‍ താമസിക്കാന്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിതരാകുന്നുവെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
പാന്‍കാർഡും ആധാറുമൊക്കെ വാട്സാപ്പിൽ അയച്ച് നല്‍കാറുണ്ടോ: സൂക്ഷിക്കാന്‍ ഏറെയുണ്ട്
വായ്പകൾക്കായി അപേക്ഷിക്കുമ്പോഴോ, ഹോട്ടൽ മുറികൾ ബുക്ക് ചെയ്യുമ്പോഴോ, എന്തിനേറെ ഒരു വീട് വാടകയ്‌ക്കെടുക്കുമ്പോൾ പോലും തിരിച്ചറിയൽ രേഖകൾ വാട്സാപ്പിൽ അയച്ചു നൽകുന്നത് ഇന്ന് സർവസാധാരണമാണ്. "പാന്‍കാർഡും ആധാറും ബാങ്ക് സ്റ്റേറ്റ്‌മെന്റും വാട്സാപ്പ് ചെയ്യുമോ" എന്ന ചോദ്യം ഒരു സാധാരണ കാര്യമായി നമ്മളില്‍ പലരും കാണുന്നു. എന്നാൽ, അത്ര നിസ്സാരമായി കാണേണ്ട ഒന്നല്ല ഇതെന്നാണ് വിദഗ്ധർക്ക് പറയാനുള്ളത്.ബാങ്കുകളുടെയോ സ്ഥാപനങ്ങളുടെയോ ഔദ്യോഗിക സംവിധാനങ്ങൾക്ക് പകരം ഇടനിലക്കാരുടെയും ജീവനക്കാരുടെയും സ്വകാര്യ ഫോണുകളിലേക്കാണ് ഇത്തരം അതീവ സുരക്ഷിത രേഖകൾ എത്തുന്നത് എന്നതാണ് ഏറ്റവും വലിയ അപകടം. നാം അയക്കുന്ന ഈ രേഖകൾ അവരുടെ വ്യക്തിഗത ഫോണുകളിലും ലാപ്ടോപ്പുകളിലും ക്ലൗഡ് ബാക്കപ്പുകളിലും വർഷങ്ങളോളം യാതൊരു സുരക്ഷയുമില്ലാതെ കിടക്കും. രേഖകൾ കൈപ്പറ്റുന്ന വ്യക്തി തികച്ചും വിശ്വസ്തനായിരുന്നാൽ പോലും, അദ്ദേഹത്തിന്റെ ഫോൺ നഷ്ടപ്പെടുകയോ ഹാക്ക് ചെയ്യപ്പെടുകയോ ചെയ്താൽ നിങ്ങളുടെ വിവരങ്ങൾ തട്ടിപ്പുകാരുടെ കൈകളിലെത്തും.ഔദ്യോഗിക സംവിധാനങ്ങള്‍ക്ക് പുറത്ത് ഇത്തരം രേഖകൾ കൈകാര്യം ചെയ്യപ്പെടുമ്പോൾ, അവയുടെ ഒന്നിലധികം പകർപ്പുകൾ പലയിടങ്ങളിലായി ശേഖരിക്കപ്പെടുകയും ഇത് വഴി വ്യാജ വായ്പകൾ എടുക്കുന്നതിനും വ്യക്തിത്വം മോഷ്ടിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾക്കും വഴിതുറക്കുകയും ചെയ്യുന്നു.ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ തിരിച്ചറിയൽ വിവരങ്ങൾ പങ്കുവെക്കുമ്പോൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. വ്യക്തികളുടെ സ്വകാര്യ വാട്സാപ്പ് നമ്പറുകളിലേക്ക് ഡോക്യുമെന്റുകൾ അയക്കുന്നതിന് പകരം, സ്ഥാപനങ്ങളുടെ സുരക്ഷിതമായ ഔദ്യോഗിക പോർട്ടലുകൾ വഴിയോ മൊബൈൽ ആപ്പുകൾ വഴിയോ മാത്രം വിവരങ്ങൾ സമർപ്പിക്കുക.
അമൃതംപൊടിയിൽ ഇനി പഞ്ചസാരയില്ല, പകരം ശർക്കര!; നിർദേശവുമായി വനിതാ ശിശുവികസന വകുപ്പ്
അമൃതംപൊടിയിൽ മുഴുവൻ പഞ്ചസാരയാണല്ലോ എന്ന പരാതി ഇനി വേണ്ട. സംസ്ഥാനത്തെ അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന 'അമൃതംപൊടി'യിൽ നിന്നും പഞ്ചസാര പൂർണമായി ഒഴിവാക്കി പകരം ശർക്കര ഉൾപ്പെടുത്താൻ നിർദേശം നൽകി വനിതാ ശിശുവികസന വകുപ്പ്. കുട്ടികളുടെ ആരോഗ്യം മുൻനിർത്തി അമൃതംപൊടിയിലെ പഞ്ചസാരയുടെ ഉപയോഗം അവസാനിപ്പിക്കണമെന്ന സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനെ തുടർന്നാണ് ഈ അടിയന്തര നടപടി. നിലവിൽ തയാറാക്കുന്ന ബാച്ച് കഴിഞ്ഞാൽ അടുത്ത ബാച്ച് നിർമാണം മുതൽ മധുരത്തിനായി കുറഞ്ഞ അളവിൽ ശർക്കര മാത്രമായിരിക്കും ചേർക്കുക." എന്നാൽ, കുട്ടികളുടെ ആരോഗ്യത്തിന് മുൻഗണന നൽകിക്കൊണ്ടുള്ള ഈ മാറ്റം പ്രായോഗികമായി നടപ്പിലാക്കുന്നതിൽ ചില വലിയ ആശങ്കകളും ഉയർന്നുവരുന്നുണ്ട്. ധാന്യപ്പൊടികളിൽ ശർക്കര ചേർക്കുമ്പോൾ അത് കേടുകൂടാതെ സൂക്ഷിച്ചുവെക്കാവുന്ന സമയപരിധി ഗണ്യമായി കുറയുമെന്നതാണ് പ്രധാന വെല്ലുവിളി. കൂടാതെ, പഞ്ചസാരയ്ക്ക് പകരമായി ശർക്കര ഉപയോഗിക്കുന്നതിനോടും ആരോഗ്യ വിദഗ്ധർ പൂർണമായി യോജിക്കുന്നില്ല.രണ്ടു വയസിൽ താഴെയുള്ള കുട്ടികളുടെ ഭക്ഷണത്തിൽ പഞ്ചസാരയോ ശർക്കരയോ ഉൾപ്പെടെ യാതൊരുവിധ അധിക മധുരവും നൽകരുതെന്നാണ് ഐസിഎംആർ കേന്ദ്ര സർക്കാരും നൽകുന്ന കർശന മാർഗനിർദേശം. രണ്ടു വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മധുരം നൽകാം എങ്കിലും അത് ആകെ കലോറിയുടെ അഞ്ച് ശതമാനത്തിൽ താഴെയായിരിക്കുന്നതാണ് ഉചിതം. ഈ സാഹചര്യത്തിൽ ശർക്കര ഉപയോഗത്തെക്കുറിച്ചും അമൃതംപൊടിയുടെ പോഷകഘടനയിൽ ഭാവിയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും പഠിക്കാൻ ഒരു പ്രത്യേക സമിതിയെ രൂപീകരിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണ്.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവില്ല; ഇറാന്റെ പികാക്‌സ് മലനിര ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്
ഇറാന്റെ പികാക്‌സ് മലനിരയില്‍ വീണ്ടും ആക്രമണം നടത്തുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. ഇറാന്റെ യുറേനിയം ശേഖരമുള്ള മലനിര വൈകാതെ തന്നെ ആക്രമിക്കുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനിലെ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച നതാന്‍സ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന് സമീപമാണ് 'പികാക്‌സ് മൗണ്ടന്‍' സ്ഥിതി ചെയ്യുന്നത്. ഭൂമിക്കടിയില്‍ ആഴത്തില്‍ സ്ഥിതി ചെയ്യുന്ന രണ്ട് തുരങ്ക സമുച്ചയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള ഒരു കേന്ദ്രം കൂടിയാണ് ഇത്.ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ മാസങ്ങളായി തുടരുന്ന യുദ്ധത്തിന്റെ ലക്ഷ്യം ആണവായുധം സ്വന്തമാക്കുന്നതില്‍ നിന്ന് തെഹ്റാനെ തടയുക എന്നതാണെന്ന് ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ഇറാന്‍ ആണവായുധം സ്വന്തമാക്കില്ല. അവര്‍ക്ക് അങ്ങനെയൊന്നുണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ ഒരുപക്ഷേ അധികനേരം ഇവിടെ ജീവനോടെ നില്‍ക്കുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമൃതം പൊടിയിൽ ഇനി പഞ്ചസാരയ്ക്ക് പകരം ശർക്കര നിർദേശവുമായി വനിതാ ശിശുവികസന വകുപ്പ്
സംസ്ഥാനത്തെ അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതംപൊടിയിൽ ഇനി മുതൽ മധുരത്തിനായി പഞ്ചസാരയ്ക്ക് പകരം ശർക്കര ഉൾപ്പെടുത്തും. അമൃതംപൊടിയിലെ പഞ്ചസാരയുടെ ഉപയോഗം പൂർണമായി ഒഴിവാക്കണമെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനെ തുടർന്നാണ് വനിതാ ശിശുവികസന വകുപ്പിന്റെ നിർദേശം. നിലവിലെ ബാച്ചിന്റെ നിർമാണം പൂർത്തിയാകുന്നതോടെ അടുത്ത ബാച്ച് മുതൽ കുറഞ്ഞ അളവിൽ ശർക്കര മാത്രമായിരിക്കും ചേർക്കുക.എന്നാൽ, നിർദേശം പ്രായോഗികമായി നടപ്പിലാക്കുന്നതിൽ വെല്ലുവിളികളും ഉയരുന്നുണ്ട്. ധാന്യപ്പൊടികളിൽ ശർക്കര ചേർക്കുന്നത് അമൃതംപൊടി കേടുകൂടാതെ ഇരിക്കുന്ന സമയപരിധി കുറയ്ക്കുമെന്നതാണ് പ്രധാന ആശങ്ക. കൂടാതെ, രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളുടെ ഭക്ഷണത്തിൽ പഞ്ചസാരയോ ശർക്കരയോ ഉൾപ്പെടെ യാതൊരുവിധ അധിക മധുരവും നൽകരുതെന്നാണ് ഐസിഎംആർ നിർദേശം.
വാട്‍സാപ്പിലൂടെ ഇനി വൈദ്യുതി, ഗ്യാസ്, വെള്ളം ബില്ലുകളും അടയ്ക്കാം; ഇന്ത്യയിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചു
വാട്‍സാപ്പിലൂടെ ഇനി വിവിധ വീട്ടുബില്ലുകളും യൂട്ടിലിറ്റി ബില്ലുകളും നേരിട്ട് അടയ്ക്കാം. ഇന്ത്യയിൽ ബിൽ പേയ്‌മെന്റ്സ് എന്ന പുതിയ ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചു. മെസേജിങ് ആപ്പ് വിട്ടുപോകാതെ തന്നെ ബില്ലുകൾ കണ്ടെത്താനും പരിശോധിക്കാനും പണമടയ്ക്കാനും ഇതിലൂടെ സാധിക്കും. വ്യാഴാഴ്ചയാണ് പുതിയ സേവനം ഇന്ത്യയിൽ അവതരിപ്പിച്ചത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് ഭാരത് കണക്ട് എന്ന ബിൽ പേയ്‌മെന്റ് സംവിധാനത്തിന്റെ ശൃംഖലയാണ് ഇതിനായി ഉപയോഗിക്കുന്നത്. വൈദ്യുതി, ഗ്യാസ്, വെള്ളം, ഫാസ്റ്റാഗ്, ഇൻഷുറൻസ്, ക്രെഡിറ്റ് കാർഡ്, വായ്പ തിരിച്ചടവ് തുടങ്ങി 30 വിഭാഗങ്ങളിലായി 22,722 ബില്ലർമാരുടെ സേവനം ലഭ്യമാകും.എങ്ങനെ ബിൽ അടയ്ക്കാം?വാട്സ്ആപ്പിന്റെ ഹോം സ്ക്രീനിൽ മുകളിൽ കാണുന്ന രൂപ ചിഹ്നത്തിൽ ടാപ്പ് ചെയ്താണ് ബിൽ പേയ്‌മെന്റ്സ് വിഭാഗത്തിലേക്ക് പ്രവേശിക്കേണ്ടത്. തുടർന്ന് ആവശ്യമായ ബിൽ വിഭാഗവും ബില്ലറും തിരഞ്ഞെടുക്കണം. അക്കൗണ്ട് വിവരങ്ങൾ നൽകിയ ശേഷം അവ സ്ഥിരീകരിക്കാം. വാട്സ്ആപ്പ് ബിൽ തുക ലഭ്യമാക്കും. തുക പരിശോധിച്ച ശേഷം പേയ്‌മെന്റ് പൂർത്തിയാക്കാം. യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റർഫേസ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് പണമടയ്ക്കാനുള്ള സൗകര്യവും പുതിയ ഫീച്ചറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.വീട്ടിലെ ബില്ലുകൾ ഒറ്റയിടത്ത്വീട്ടിലെ വിവിധ ബില്ലുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനായി ഹൗസ്ഹോൾഡ് ബിൽസ് സമ്മറിയും വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. നേരത്തെ പണമടച്ചിട്ടുള്ള ബില്ലർമാരെ പേയ്‌മെന്റ്സ് ഹോം സ്ക്രീനിൽ കാണിക്കും. അതുവഴി ഒരൊറ്റ ടാപ്പിലൂടെ വീണ്ടും ബിൽ പേയ്‌മെന്റിലേക്ക് എത്താം. ഒരേ ബില്ലറിന് കീഴിൽ ഒന്നിലധികം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനും ഉപയോക്താക്കൾക്ക് സാധിക്കും. വീട്ടിലെ ബില്ലുകൾക്ക് പുറമെ ഓഫീസ്, കുടുംബാംഗങ്ങൾ എന്നിവരുടെ ബില്ലുകളും കൈകാര്യം ചെയ്യാൻ ഈ സൗകര്യം സഹായിക്കും.
ISRO വീണ്ടും വിജയ വഴിയില്‍; ജിഎസ്എല്‍വി എഫ് -17 വിജയകരമായി വിക്ഷേപിച്ചു.
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഇഒഎസ്-05 വഹിച്ചുകൊണ്ടുള്ള ജിഎസ്എല്‍വി എഫ് -17 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ജിഎസ്എല്‍വിയുടെ പത്തൊമ്പതാം ദൗത്യമാണിത്. നീണ്ട എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഐഎസ്ആര്‍ഒ വിജയ വഴിയില്‍ തിരിച്ചെത്തിയിരിക്കുന്നു എന്നതാണ് പ്രധാനം. ഇന്ന് പുലര്‍ച്ചെ 2.55നായിരുന്നു വിക്ഷേപണം. അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ബഹിരാകാശത്തേക്ക് അയച്ച ഇഒഎസ്-05.ജനുവരിയിലെ പിഎസ്എല്‍വി സി 62 പരാജയത്തിന് ശേഷമുള്ള ആദ്യ ഐഎസ്ആര്‍ഒ വിക്ഷേപണമാണ് ജിഎസ്എല്‍വിയുടെ 19ആം ദൗത്യം. ഇരുപത്തിയേഴര മണിക്കൂര്‍ നീളുന്ന കൗണ്ട് ഡൗണിന് കഴിഞ്ഞ ദിവസം രാത്രി 11:25നാണ് തുടക്കമായത്. ഇഒഎസ് 05 എന്ന കോഡ് നാമം നല്‍കിയിരിക്കുന്ന ജിയോ ഇമേജിംഗ് സാറ്റലൈറ്റ് വണ്‍ എ രാജ്യ സുരക്ഷ മുതല്‍ ദുരന്തനിവാരണം വരെ വിവിധ മേഖലകളില്‍ മുതല്‍ക്കൂട്ടാകേണ്ട ഉപഗ്രഹമാണ്. ഭൂസ്ഥിര പരിക്രമണപഥത്തില്‍ നിന്ന് മുഴുവന്‍ സമയം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ നിരീക്ഷിക്കുകയാണ് ഉപഗ്രഹത്തിന്റെ ദൗത്യം. 2021 ആഗസ്റ്റ് 12ന് ഇതേ ഉപഗ്രഹം വിക്ഷേപിക്കാന്‍ നടന്ന ജിഎസ്എല്‍വി എഫ് 10 ദൗത്യം പരാജയപ്പെട്ടിരുന്നു. അതിന് പകരം നിര്‍മ്മിച്ചതാണ് പുത്തന്‍ പേടകം.
ഭീതിയിൽ ലോകം, 2027 ഫെബ്രുവരി വരെ എൽ നിനോ അതിശക്തമായി തുടരാൻ സാധ്യത; കേരളത്തിൽ ഇത്തവണ ലഭിച്ചത് 21 ശതമാനം കുറവ് മഴ, മുന്നറിയിപ്പ്
ഉഷ്ണമേഖലാ പസഫിക് സമുദ്രത്തിലെ അസാധാരണമായ ഉയർന്ന താപനില എൽ നിനോ കൂടുതൽ ശക്തിപ്പെടാനുള്ള അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്ന് ലോക കാലാവസ്ഥ സംഘടനയുടെ മുന്നറിയിപ്പ്. 2027 ഫെബ്രുവരി വരെ എൽ നിനോ തുടരാനുള്ള സാധ്യതയുണ്ടെന്നും വളരെ ശക്തമായ എൽ നിനോ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മഴയുടെയും താപനിലയുടെയും സാധാരണ രീതികളിൽ വലിയ മാറ്റങ്ങൾ വരുത്തുകയും തീവ്ര കാലാവസ്ഥാ സംഭവങ്ങൾക്ക് കാരണമാകുകയും ചെയ്യാമെന്ന് ലോക കാലാവസ്ഥ സംഘടന വ്യക്തമാക്കുന്നു.എന്നാൽ വളരെ ശക്തമായ എൽ നിനോ എല്ലായിടത്തും ഒരേ തരത്തിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കണമെന്നില്ല. അതോടൊപ്പം എൽ നിനോയുടെ ശക്തി മാത്രം ഒരു രാജ്യത്തോ പ്രദേശത്തോ ഉണ്ടാകുന്ന ആഘാതത്തിന്റെ തീവ്രത നിർണയിക്കുന്നില്ല. ഇതിന്റെ സ്വാധീനം പ്രദേശത്തിനും കാലാവസ്ഥാ സീസണിനും അനുസരിച്ച് വ്യത്യാസപ്പെടും. കൂടാതെ ഇന്ത്യൻ മഹാസമുദ്രം, അറ്റ്ലാന്റിക്ക് മഹാസമുദ്രം തുടങ്ങിയ മേഖലകളിലെ മറ്റ് കാലാവസ്ഥാ ഘടകങ്ങൾ ചേർന്ന് ചില പ്രദേശങ്ങളിൽ എൽ നിനോയുടെ സ്വാധീനം ശക്തിപ്പെടുത്തുകയോ, ദുർബലപ്പെടുത്തുകയോ, വ്യത്യസ്തമാക്കുകയോ ചെയ്യാമെന്നും ലോക കാലാവസ്ഥ സംഘടന വ്യക്തമാക്കുന്നു.
