Kalpetta
ടീച്ചർ, ആയ/ഹെൽപ്പർ നിയമനം
കണിയാമ്പറ്റ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പരിധിയിലെ ചൂണ്ടക്കര മോഡൽ പ്രീസ്കൂളിൽ ടീച്ചർ, ആയ/ഹെൽപ്പർ തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. പട്ടികവർഗ്ഗക്കാർക്ക് മുൻഗണന. അവരുടെ അഭാവത്തിൽ പട്ടികജാതിക്കാരെ പരിഗണിക്കും. ടീച്ചര്‍ തസ്തികയ്ക്ക് എസ്.എസ്.എല്‍.സി/ടിഎസ്എല്‍സി, പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് യോഗ്യത ഉണ്ടായിരിക്കണം. ആയ/ഹെൽപ്പർ തസ്തികക്ക് ഏഴാം ക്ലാസാണ് യോഗ്യത. പ്രായ പരിധി 18 വയസ്സ് മുതൽ 56 വയസ്സ് വരെ. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം സെപ്റ്റംബര്‍ 26 ന് വൈകിട്ട് അഞ്ചിനകം കല്‍പറ്റ ഐ.ടി.ഡി.പി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍- 04936 202232
സ്ഥിരം കഞ്ചാവ് വിൽപ്പനക്കാരൻ പോലീസിന്റെ പിടിയിൽ
വൈത്തിരി : മേപ്പാടി, കെ.ബി റോഡ്, പഴയേടത്ത് വീട്ടിൽ കെ.ഫ്രാൻസിസ് എന്ന ഫ്രാഞ്ചി (54)യെയാണ് വൈത്തിരി പോലീസ് പിടികൂടിയത്. വൈത്തിരി ടൗണിൽ സംശയാസ്‌പദമായി കണ്ട ഇയാളെ പരിശോധിച്ചതിൽ 51.57 ഗ്രാം കഞ്ചാവും സിപ് ലോക്ക് കവറുകളും കഞ്ചാവ് വിൽപ്പന നടത്തി കിട്ടിയ 5580 രൂപയും കണ്ടെടുക്കുകയായിരുന്നു. സ്ഥിരം കഞ്ചാവ് വിൽപ്പനക്കാരനായ ഇയാൾക്കെതിരെ വൈത്തിരി, കൽപ്പറ്റ, മേപ്പാടി സ്റ്റേഷനുകളിൽ നിരവധി ലഹരിക്കേസുകളുണ്ട്. വൈത്തിരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ എം.സൗജലിന്റെ നേതൃത്വത്തിൽ സീനിയർ സി.പി.ഒ മുഹമ്മദ് ഷരീഫ്, സി.പി.ഒ മാരായ അനൂപ്, രതിലാഷ്, ജോബിൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
തരിയോട് സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണം സംഘടിപ്പിച്ചു.
കാവുമന്ദം : നാഷണൽ സർവീസ് സ്കീമിന്റെ ‘തൂഫാൻ കമാൻഡോസ്’ പദ്ധതിയുടെ ഭാഗമായി തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബെന്നി മാത്യു അധ്യക്ഷത വഹിച്ചു. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിലും പൊതുസമൂഹത്തിലും അവബോധം സൃഷ്ടിക്കുകയും ലഹരിക്കെതിരായ കൂട്ടായ പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. എൻഎസ്എസ് വളണ്ടിയർമാർ, റോവർ സ്കൗട്ടുകൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. എം പി ടി എ പ്രസിഡണ്ട് സരിത, മുഹമ്മദ് ബഷീർ, ജിഷ എം. പോൾ, റിത, നിഷ്വ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ രാധിക എം. സ്വാഗതവും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സജ്‌ന വി. നന്ദിയും പറഞ്ഞു.
എച്ച്.ഐ.എം.യു.പി.വൈത്തിരി വാർഷികാഘോഷ സ്വാഗതസംഘം രൂപീകരിച്ചു
വൈത്തിരി: എച്ച്.ഐ.എം.യു.പി സ്‌കൂൾ തൊണ്ണൂറ്റി രണ്ടാം വാർഷികാഘോഷം 2027 ജനുവരി 29 ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കുവാൻ തീരുമാനിച്ചു. വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സിവി രാജൻ മുഖ്യ രക്ഷാധികാരിയും, ഗ്രാമ പഞ്ചായത്ത് അംഗങ്ങളും, വൈത്തിരി- ചാരിറ്റി ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും രക്ഷാധികാരികളും പി.ടി.എ പ്രസിഡണ്ട് പി.ഇ.ഷംസുദ്ദീൻ ചെയർമാനും, പ്രധാനാധ്യാപിക സിസ്റ്റർ ജിജി സെബാസ്റ്റ്യൻ കൺവീനറും, അബ്‌ദുൾ സലാം മാഷ് ട്രഷററുമായി 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘം രൂപീകരണ യോഗം വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി. രാജൻ ഉദ്ഘാടനം ചെയ്തു. പി.ഇ.ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. കുന്നത്ത് സാജിത്, സിസ്‌റ്റർ അന്ന, സലീം മേമന, സി.വി. വർഗ്ഗീസ്, ഡോളി,ഫൈസൽ വൈത്തിരി, ബാബു ചാരിറ്റി,രഞ്ജിത. ആർ, സിനി ജോജി,ജിനിഷ രാഗേഷ്, സന്തോഷ് മാത്യു,ഷീജ, ദിലീപ്, സജ്ന, അഭിലാഷ്, ജോഷി ക്രിസ്റ്റി ,ജമാൽ, വിജേഷ്, ജിൻസി ടീച്ചർ, അർച്ചന മൈക്കിൾ എന്നിവർ സംസാരിച്ചു.
കുടുംബശ്രീ 'ഹാപ്പി കേരളം': ജില്ലാതല പരിശീലനം നൽകി
കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ 'ഹാപ്പി കേരളം ഫേസ് 2' ജില്ലാതല പരിശീലനം നൽകി. ഹാപ്പിനസ് സെന്ററുകൾ വഴി സമൂഹത്തിന്‍റെ ക്ഷേമവും ഉന്നമനവും ഉറപ്പാക്കി ഓരോ കുടുംബത്തെയും സന്തോഷത്തിന്റെ കേന്ദ്രമാക്കി മാറ്റുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. കുടുംബങ്ങളിലെ സന്തോഷസൂചിക ഉയർത്താനുള്ള പ്രവർത്തനങ്ങളും വ്യക്തികളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും തിരിച്ചറിയാനും പരിഹരിക്കാനുമുള്ള ഇടപെടലുകളും പരിശീലനത്തില്‍ ഉള്‍പ്പെടുത്തി. മാനസികാരോഗ്യം, ആരോഗ്യവും പോഷകാഹാരവും എന്നീ വിഷയങ്ങളിൽ സിഡിഎസ് റിസോഴ്സ്പേഴ്സൺമാർക്ക് ക്ലാസുകളും നൽകി.
ആനകൊമ്പ് കേസ് അറസ്റ്റിലായത് ആറ് പേർ
ചെതലയം ആറാംമൈലിലെ ഹോംസ്റ്റേ കേന്ദ്രീകരിച്ച് വിൽപ്പന നടത്താൻ ശ്രമിച്ച ആനക്കൊമ്പുകൾ പിടികൂടിയ സംഭവത്തിൽ ആകെ ആറ് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. ആനക്കൊമ്പുകൾ എത്തിച്ചുനൽകിയവരും വിൽപ്പനയ്ക്ക് ഇടനിലക്കാരായി പ്രവർത്തിച്ചവരുമാണ് പിടിയിലായത്. അറസ്റ്റിലായ മുഴുവൻ പ്രതികളെയും കോടതിയിൽഹാജരാക്കി റിമാൻഡ് ചെയ്തു.ചൊവ്വാഴ്ച ഉച്ചയോടെയാണ് ഒരു ജോഡി ആനക്കൊമ്പും ഒരു കഷണവും അടക്കം വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെ വടക്കനാട് പണയമ്പം സ്വദേശി ഷമിൻ ഫ്രാൻസിസ് (32), ചെതലയം ആറാംമൈൽ സ്വദേശി അഭിലാഷ് (44) എന്നിവർ പിടിയിലാകുന്നത്. തുടർന്ന് ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ആനക്കൊമ്പ് സംഘടിപ്പിച്ചു നൽകിയ മറ്റ് നാല് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. കുറിച്യാട് ഉന്നതിയിലെ രാജേഷ് (38), ബാലൻ (56), പണയമ്പം കാട്ടുനായ്ക്ക ഉന്നതിയിലെ പി.എം. ജിത്തു (27), പണയമ്പം ഉന്നതിയിലെ എൻ. മനോജ് (35) എന്നിവരാണ് പിന്നീട് വലയിലായത്.ചോദ്യം ചെയ്യലിൽ, രണ്ട് വലിയ ആനക്കൊമ്പുകൾ കർണാടക വനാതിർത്തിയിൽ നിന്നാണ് തനിക്ക്ലഭിച്ചതെന്ന് ബാലൻ മൊഴി നൽകി. ചെറിയ കഷ്ണം കൊമ്പ് ഒരു സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ചക്ക പറിക്കാൻ പോയപ്പോൾ കിട്ടിയതാണെന്ന് മനോജും മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് ജിത്തു മുഖേനയാണ് വിൽപനയ്ക്കായി ഇവ അഭിലാഷിനും ഷമിൻ ഫ്രാൻസിസിനും കൈമാറിയത്.ഫോറസ്റ്റ് ഇന്റലിജൻസ് വിഭാഗം, കുറിച്യാട് റെയ്ഞ്ച് ഓഫീസ്, കുപ്പാടി ഫോറസ്റ്റ് സ്റ്റേഷൻ എന്നിവരുടെ സംയുക്ത നീക്കത്തിലാണ് സംഘം കുടുങ്ങിയത്. സംഭവത്തിൽ മറ്റ് വന്യജീവി വേട്ട സംഘങ്ങൾക്കോ അന്തർസംസ്ഥാന ഇടപാടുകാർക്കോ പങ്കുണ്ടോ എന്ന് കണ്ടെത്താൻ വനംവകുപ്പ് അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിട്ടുണ്ട്.
ലക്കിടിയിൽ 7.028 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
വൈത്തിരി: ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി എക്സൈസ് നടത്തിയ പ്രത്യേക പരിശോധനയിൽ ലക്കിടിയിൽ അതിമാരക ലഹരിമരുന്നായ എംഡിഎംഎയു മായി യുവാവ് അറസ്റ്റിൽ. തൃശ്ശൂർ കോടന്നൂർ സ്വദേശി അജുൻ പി.എസ്. (30) ആണ് അറസ്റ്റിലായത്. കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ ലക്കിടി ഭാഗ ത്ത് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. KL 08 BM 5332 നമ്പർ കാറിൽ 7.028 ഗ്രാം എംഡിഎംഎ കടത്തിക്കൊണ്ടുവന്നതായി കണ്ടെത്തി യതിനെ തുടർന്ന് എൻഡിപിഎസ് നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുക യായിരുന്നു. ഇയാൾക്കെതിരെ തൃശൂർ ജില്ലയിൽ വിവിധ സ്‌റ്റേഷനുകളിൽ കേ സുകളുണ്ട്.എക്സൈസ് സർക്കിൾ ഇൻസ്പക്ടർ ടി. ഷറഫുദ്ദീന്റെ നേതൃത്വത്തി ലുള്ള സംഘമാണ് പരിശോധന നടത്തിയത്. സിവിൽ എക്സൈസ് ഓഫീസർമാ രായ റഷീദ് കെ., പ്രണവ് എസ്.എൽ., വനിതാ സിവിൽ എക്സൈസ് ഓഫീസർ റഈസ ഫർസാന, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജോൺ ജോസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മനുഷ്യ-വന്യജീവി സംഘർഷം; വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് എം.പി പ്രിയങ്ക ഗാന്ധി
മനുഷ്യ വന്യമൃഗ സംഘർഷം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വനം വകുപ്പിന്റെ പ്രവർത്തനം വിലയിരുത്തി പ്രിയങ്ക ഗാന്ധി എം.പി. കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ വൈൽഡ് ലൈഫ് വാർഡന്‍ വരുണ്‍ ഡാലിയ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഹാങ്ങിങ് ഫെൻസുകളുടെ നിർമ്മാണ പുരോഗതി കർഷകർക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ടെന്നും നെൽകർഷകർ കൂടുതലായി കൃഷിയിലേക്ക് കടന്നു വരുന്നതയും ഉദ്യോഗസ്ഥർ പറഞ്ഞു. വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയാൻ പ്രധാന വനാതിർത്തികളിൽ സൗരോർജ്ജ വേലികൾ, കിടങ്ങുകൾ, സ്ഥാപിച്ചിട്ടുണ്ടെന്നും അവയുടെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്തുന്നുണ്ടെന്നും വൈൽഡ് ലൈഫ് വാർഡന്‍ പറഞ്ഞു. സെൻസർ ആന്‍ഡ് എ.ഐ ക്യാമറ നിരീക്ഷണം, അലാറം സംവിധാനങ്ങള്‍, റാപ്പിഡ് റെസ്പോണ്‍സ് ടീം, റേഡിയോ കോളറിംഗ് തുടങ്ങിയ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ജില്ലയിലെ പ്രത്യേക ഭൂപ്രകൃതിയും കാടുകളോട് ചേർന്നുനിൽക്കുന്ന ജനവാസ മേഖലകളും പരിഗണിച്ച് ഹാംഗിങ് സോളാർ വേലികൾ കൂടുതൽ അതിർത്തികളിൽ സ്ഥാപിക്കേണ്ടതുണ്ടെന്നും ആക്രമണകാരികളായ വന്യമൃഗങ്ങളെ തുരത്താനും പിടികൂടാനും ദ്രുത പ്രതികരണ സേനയ്ക്ക് ആധുനിക സാങ്കേതിക വിദ്യകളും ഉപകരണങ്ങളും സജ്ജമാക്കേണ്ടതുണ്ടെന്നും ഉദ്യാഗസ്ഥര്‍ ചൂണ്ടിക്കാട്ടി. റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍ കൂമാര്‍, പി. സി. വിഷ്ണുനാഥ്, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഉഷ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ സി. ചെല്‍സാസിനി, സബ് കളക്ടര്‍ അതുല്‍ സാഗര്‍, എ.ഡി.എം കെ അജീഷ്, ടൂറിസം ഡയറക്ടർ എം അഞ്ജന, അഡീഷണൽ ഡയറക്ടർ ജനറൽ സുമിത്ത് ടാക്കൂർ, പ്രോജക്ട് എക്സിക്യൂട്ടീവ് ആർ വിദ്യ എന്നിവർ പങ്കെടുത്തു
ഊരുകളിലെ വൈദ്യുതി പ്രതിസന്ധി വേഗത്തില്‍ പരിഹരിക്കണം- എം.പി. പ്രിയങ്ക ഗാന്ധി
ജില്ലയിലെ ഊരുകളിലെ വൈദ്യുതി പ്രതിസന്ധികളും കെ.എസ്.ഇ.ബി. നിലവിൽ നേരിടുന്ന വിവിധ വെല്ലുവിളികളും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പരിഹരിക്കകാന്‍ പ്രിയങ്ക ഗാന്ധി എം.പി. നിർദ്ദേശം നൽകി. ജില്ലാ ഇലക്ട്രിസിറ്റി കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവർ. ഇതുവരെ കുടിശ്ശിക ഇല്ലാത്ത കുടുംബങ്ങൾക്ക് നിശ്ചിതയൂണിറ്റ് സൗജന്യ വൈദ്യുതി ലഭിക്കുന്നുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അതിനുമുകളിലുള്ള തുക അടയ്ക്കാൻ സാധിക്കാത്ത കുടുംബങ്ങൾക്ക് വലിയ തോതിൽ വൈദ്യുതി ബിൽ കുടിശ്ശികയുണ്ടെന്ന് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ അറിയിച്ചു. ഊരുകളില്‍ സുരക്ഷിതമായ വൈദ്യുതി വിതരണത്തിന് കേടുപാടുകൾ വന്ന വയറിങ്ങുകളും മീറ്ററുകളും മാറ്റി പുനരുദ്ധരിക്കമെന്ന് എം.പി. നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍, കെ.എസ്.ഇ.ബി, ട്രൈബൽ വകുപ്പ് എന്നിവ സംയുക്തമായി പ്രവർത്തിക്കണമെന്നും ഇതിനാവിശ്യമായ ഫണ്ടുകൾ കണ്ടെത്താനും ആവശ്യമായ സഹായങ്ങൾക്കുമായി കേന്ദ്ര-സംസ്ഥാന തലങ്ങളിൽ നേരിട്ട് ഇടപെടാമെന്നും പ്രിയങ്ക ഗാന്ധി എം.പി. ഉറപ്പുനൽകി. യോഗത്തിൽ കെ.എസ്.ഇ.ബി. നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതികളുടെ പുരോഗതിയും എം.പി. വിലയിരുത്തി. ചൂരൽമല-മുണ്ടക്കൈ പുനരധിവാസ പദ്ധതി (എസ്.എ.എസ്.സി.ഐ. സ്‌കീം അടിസ്ഥാന സൗകര്യ പ്രവൃത്തികളും സബ്‌സ്റ്റേഷൻ വികസനവും), റീവാമ്പ്ട് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്‌കീം (ആർ.ഡി.എസ്.എസ്. - ഘട്ടം I ആൻഡ് II) എന്നീ പദ്ധതികളുടെ പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി. കൽപ്പറ്റ ഇലക്ട്രിക്കൽ സർക്കിളിന് കീഴിലുള്ള സ്മാർട്ട് മീറ്റർ ഇംപ്ലിമെന്റേഷൻ കൂടുതൽ വേഗത്തിലാക്കാനും എം.പി. ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഉഷ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ സി. ചെല്‍സാസിനി, എ.ഡി.എം കെ അജീഷ്, കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എൽ സ്വാല, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഊരുകളിലെ വൈദ്യുതി പ്രതിസന്ധി വേഗത്തില്‍ പരിഹരിക്കണം- എം.പി. പ്രിയങ്ക ഗാന്ധി
ജില്ലയിലെ ഊരുകളിലെ വൈദ്യുതി പ്രതിസന്ധികളും കെ.എസ്.ഇ.ബി. നിലവിൽ നേരിടുന്ന വിവിധ വെല്ലുവിളികളും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പരിഹരിക്കകാന്‍ പ്രിയങ്ക ഗാന്ധി എം.പി. നിർദ്ദേശം നൽകി. ജില്ലാ ഇലക്ട്രിസിറ്റി കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവർ. ഇതുവരെ കുടിശ്ശിക ഇല്ലാത്ത കുടുംബങ്ങൾക്ക് നിശ്ചിതയൂണിറ്റ് സൗജന്യ വൈദ്യുതി ലഭിക്കുന്നുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അതിനുമുകളിലുള്ള തുക അടയ്ക്കാൻ സാധിക്കാത്ത കുടുംബങ്ങൾക്ക് വലിയ തോതിൽ വൈദ്യുതി ബിൽ കുടിശ്ശികയുണ്ടെന്ന് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ അറിയിച്ചു. ഊരുകളില്‍ സുരക്ഷിതമായ വൈദ്യുതി വിതരണത്തിന് കേടുപാടുകൾ വന്ന വയറിങ്ങുകളും മീറ്ററുകളും മാറ്റി പുനരുദ്ധരിക്കമെന്ന് എം.പി. നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍, കെ.എസ്.ഇ.ബി, ട്രൈബൽ വകുപ്പ് എന്നിവ സംയുക്തമായി പ്രവർത്തിക്കണമെന്നും ഇതിനാവിശ്യമായ ഫണ്ടുകൾ കണ്ടെത്താനും ആവശ്യമായ സഹായങ്ങൾക്കുമായി കേന്ദ്ര-സംസ്ഥാന തലങ്ങളിൽ നേരിട്ട് ഇടപെടാമെന്നും പ്രിയങ്ക ഗാന്ധി എം.പി. ഉറപ്പുനൽകി. യോഗത്തിൽ കെ.എസ്.ഇ.ബി. നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതികളുടെ പുരോഗതിയും എം.പി. വിലയിരുത്തി. ചൂരൽമല-മുണ്ടക്കൈ പുനരധിവാസ പദ്ധതി (എസ്.എ.എസ്.സി.ഐ. സ്‌കീം അടിസ്ഥാന സൗകര്യ പ്രവൃത്തികളും സബ്‌സ്റ്റേഷൻ വികസനവും), റീവാമ്പ്ട് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്‌കീം (ആർ.ഡി.എസ്.എസ്. - ഘട്ടം I ആൻഡ് II) എന്നീ പദ്ധതികളുടെ പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി. കൽപ്പറ്റ ഇലക്ട്രിക്കൽ സർക്കിളിന് കീഴിലുള്ള സ്മാർട്ട് മീറ്റർ ഇംപ്ലിമെന്റേഷൻ കൂടുതൽ വേഗത്തിലാക്കാനും എം.പി. ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഉഷ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ സി. ചെല്‍സാസിനി, എ.ഡി.എം കെ അജീഷ്, കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എൽ സ്വാല, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ശ്രീനാരായണ ഗുരുദേവദർശനങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കണം - സ്വാമിനി മാതാ നാരായണ ചൈതന്യമയി
ശ്രീനാരായണഗുരുവിന്റെ ദർശനങ്ങൾ എല്ലാ മതവിശ്വാസങ്ങളിലും പെട്ട മനുഷ്യർക്ക് ജീവിക്കാനുള്ള മാതൃകയാണ് പറഞ്ഞുതരുന്നതെന്ന് ശിവഗിരി മഠം സന്യാസിനി സ്വാമിനി മാതാ നാരായണ ചൈതന്യമയി പറഞ്ഞു. ഗുരുധർമ്മ പ്രചരണ സഭ മാതൃസഭ, യുവജന സഭ വയനാട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കേണിച്ചിറ ശ്രീനാരായണ ഗുരുദേവ സേവാശ്രമത്തിൽ നടന്ന 99-മത് ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.100 വർഷം മുൻപ് ഗുരു അരുളി ചെയ്ത കാര്യങ്ങൾ ഇന്ന് ലോകം മുഴുവൻ പറഞ്ഞു കൊണ്ടിരിക്കുകയാണ്.മനുഷ്യൻ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട ദർശനങ്ങളാണ് ഗുരു നമുക്ക് പറഞ്ഞു തന്നത്.ജാതി ഇല്ലാതാക്കാൻ അല്ല മറിച്ച് മനുഷ്യനെ ഒന്നായി കാണാനാണ് ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഉപദേശം പഠിപ്പിക്കുന്നത്. അറിവില്ലാത്ത ഭക്തി അന്ധതയാണെന്ന് തിരിച്ചറിഞ്ഞ ഗുരു, മാനവരാശിയോട് വിദ്യകൊണ്ട് പ്രബുദ്ധരാകുവാൻ ഉദ്ബോധിപ്പിച്ചു.അക്ഷരവിദ്യയോടൊപ്പം തൊഴിൽ വിദ്യയും ആത്മവിദ്യയും നല്ല മനുഷ്യരായി ജീവിക്കാൻ നമ്മെ പ്രാപ്തരാക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സത്യം ധർമ്മം ദയ കാരുണ്യം ഇവ ജീവിതത്തിൽ കൊണ്ടുവന്നാൽ ഏത് മതത്തിൽ വിശ്വസിച്ചാലും നല്ല മനുഷ്യരാകാൻ സാധിക്കുമെന്നാണ് മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ഉദ്ബോധനത്തിലൂടെ ഗുരു നമ്മെ പഠിപ്പിച്ചത്. ഗുരു മനുഷ്യരാശിക്ക് പകർന്ന മറ്റൊരു ഉപദേശമാണ് സ്വന്തമായി അധ്വാനിച്ച് ജീവിക്കുക എന്നത്. ഇത്തരം ഗുരുദേവദർശനങ്ങൾ ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ രാത്രി കിടക്കുന്നതു വരെ നമ്മൾ ചെയ്യുന്ന കാര്യങ്ങളിലാണ് കൊണ്ടുവരേണ്ടതെന്നും സ്വാമിനി മാതാ നാരായണ ചൈതന്യമയി അഭിപ്രായപ്പെട്ടു. ഗുരുധർമ്മ പ്രചാരണ സഭ വയനാട് ജില്ലാ പ്രസിഡണ്ട് കെ എൻ ചന്ദ്രൻ കുഴുപ്പിൽ അധ്യക്ഷത വഹിച്ചു.ഗുരുദേവ വിരചിതമായ ഹോമമന്ത്രവും ശാന്തിഹവനം, വിശേഷാൽ ഗുരുപൂജ,ഗുരുപുഷ്പാഞ്ജലിയോടുകൂടിയ പ്രാർത്ഥനകൾ എന്നിവയും നടന്നു. ഗുരുദേവൻ്റെ മഹാസമാധിയെ കുറിച്ച് ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര സമിതി അംഗം സരസുനാരായണൻ കുട്ടി പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എൻ എന്‍ ചന്ദ്രബാബു, മാതൃസഭ ജില്ലാ പ്രസിഡണ്ട് നിഷാരാജൻ, യുവജനസഭ ജില്ലാ സെക്രട്ടറി എം വി ബാബു, ജില്ലാ ഭാരവാഹികളായ സി കെ ദിവാകരൻ, ശ്രീനിവാസൻ പുന്നത്താനത്ത് ,സി കെ മാധവൻ എന്നിവർ സംസാരിച്ചു.
"മിദാദ്"ജില്ലാ തല ശില്പശാല നടത്തി വിദ്യാഭാസ രംഗത്ത് കാലോചിത മാറ്റങ്ങൾക്ക് സമസ്ത നേതൃത്വം നൽകി : കെ. വി. എസ് തങ്ങൾ
പനമരം രാജ്യത്ത് ആദ്യമായി "മിദാദ്" എന്ന പേരിൽ വിദ്യാഭ്യാസ ആപ്പ് രൂപ കൽപ്പന ചെയ്ത് സമസ്ത നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റങ്ങൾ മാതൃകാ പരമാണെന്ന് എസ്. കെ. ജെ. എം ജില്ലാ പ്രസിഡണ്ട് സയ്യിദ് കെ. വി. എസ് തങ്ങൾ അഭിപ്രായപ്പെട്ടു. എസ് .കെ.എം.എം.എ , എസ്. കെ. ജെ.എം ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പനമരം മൻസൂറുൽ ഇസ് ലാം മദ്‌റസയിൽ നടത്തിയ "മിദാദ്" ആക്ടിവേഷൻ സമ്മിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്. കെ. എം. എം. എ ജില്ലാ പ്രസിഡണ്ട് എം. മുഹമ്മദ് ബശീർ അദ്ധ്യക്ഷനായി. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ പുതു തലമുറക്ക് നൽകുന്നതിനായി മദ്‌റസകൾ സ്മാർട്ടാക്കുകയെന്ന ലക്ഷ്യത്താൽ ആവിഷ്കരിച്ച മിദാദ് ആപ്ലിക്കേഷൻ്റെ പരിശീലനത്തിനായാണ് സമ്മിറ്റ് സംഘടിപ്പിച്ചത്. വിദ്യാഭ്യാസ ബോർഡ് പ്രതിനിധി അബ്ദുൽ ഹകീം ഫൈസി മണ്ണാർക്കാട് പരിശീലനത്തിന് നേതൃത്വം നൽകി. ജില്ലയിലെ 17 റെയ്ഞ്ചുകളിൽ നിന്ന് റെയ്ഞ്ച് സെക്രട്ടറി , എസ്.കെ. എം. എം. എ സെക്രട്ടറി, ഐ. ടി കോഡിനേറ്റർമാർ സംബന്ധിച്ചു. അശ്‌റഫ് ഫൈസി പനമരം, പി സൈനുൽ ആബിദ് ദാരിമി, പനമരം മഹല്ല് പ്രസിഡണ്ട് ഇ.കുഞ്ഞമ്മദ് , കണ്ണോത്ത് മുസ്തഫ നേതൃത്വം നൽകി. എസ്.കെ. ജെ. എം ജില്ലാ സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും എസ് കെ എം എം എ സെക്രട്ടറി വി അബ്ബാസ് ഫൈസി നന്ദിയും പറഞ്ഞു
വിവാഹ വാഗ്ദാനം നൽകി വയോധികയെ പീഡിപ്പിച്ചെന്ന കേസ്; പിഡബ്ല്യുഡി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
കൽപ്പറ്റ: വിവാഹ വാഗ്ദാനം നൽകി പുൽപ്പള്ളി സ്വദേശിനിയായ വിധവയായവയോധികയെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വർണം കൈവശപ്പെടുത്തു കയും ചെയ്തെന്ന കേസിൽ പിഡബ്ല്യുഡ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കൽപ്പറ്റ പിഡബ്ല്യുഡി ഓഫീസിൽ ജോലി ചെയ്യുന്ന മുണ്ടേരി ഗവൺമെൻ്റ് ഹൗസിംഗ് കോളനി സ്വദേശിയായ സുബ്രഹ്മണ്യൻ (56) ആണ് പുൽപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായത്. ഏകദേശം അഞ്ച് വർഷം മുമ്പ് വയോധികയുടെ ബന്ധു മുഖേന പരിചയപ്പെട്ട സുബ്രഹ്മണ്യൻ താൻ അഭിഭാഷകനാണെന്നും ഭാര്യയുമായി അകന്ന് കഴിയുകയാണെന്നും പറഞ്ഞ് സൗഹൃദം സ്ഥാപിച്ചെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുക യും സ്വർണം ഉൾപ്പെടെയുള്ളവ കൈവശപ്പെടുത്തുകയും ചെയ്‌തുവെന്നാണ് പരാതിയിലെ ആരോപണം. സഹായത്തിന് ആരുമില്ലാത്ത സ്ത്രീകളുമായി സൗ ഹൃദം സ്ഥാപിച്ച് അവരുടെ നിയമപരമായ ആവശ്യങ്ങൾക്ക് സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത‌് സ്വർണവും പണവും കൈവശപ്പെടുത്തുകയും പിന്നീട് ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്യുന്ന രീതിയാണ് പ്രതി പിന്തുടരു ന്നതെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.അപമാനഭയം, പ്രതിയുടെ ഭീഷണി തുടങ്ങിയ കാരണങ്ങളാൽ പലരും പരാതി നൽകാൻ തയ്യാറാകാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
മുട്ടിൽ മരംമുറി വഞ്ചനാക്കേസ്: അഗസ്റ്റിൻ സഹോദരങ്ങളുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ഏറെ വിവാദമായ മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിലെ വിചാരണ നടപടികൾ തടയണമെന്നാവശ്യപ്പെട്ട് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ ഹർജിയിൽ ജസ്റ്റിസ് ജെ.ബി. പർദ്ദിവാല അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്.ചോറ്റാനിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ നിലവിലെ വിചാരണ നടപടികൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്നാണ് പ്രതികളുടെ പ്രധാന ആവശ്യം. വയനാടൻ വനമേഖലയിൽ നിന്ന് അനധികൃതമായി മുറിച്ചുകടത്തിയ ഈട്ടിത്തടികൾ വനംവകുപ്പിന്റെ സാധുവായ അനുമതിയുള്ളതാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു വ്യവസായിക്ക് വിറ്റ് പണം തട്ടിയെടുത്തുവെന്നാണ് അമ്പലമേട് പോലീസ് രജിസ്റ്റർ ചെയ്ത കേസ്.വയനാട്ടിലെ കേസിൽ അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ മുൻപ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളുകയായിരുന്നു. പിന്നാലെയാണ് അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയെ സമീപിച്ചത്.
പ്രസവാനന്തര സഹായ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക ;ആൾ കേരള തയ്യൽ തൊഴിലാളി യൂണിയൻ (ഐഎൻടിയുസി)
കൽപ്പറ്റ :ആൾ കേരളാ തയ്യൽ തൊഴിലാളി യൂണിയൻ (ഐഎൻടിയുസി ) വൈത്തിരി താലൂക്ക് കൺവെൻഷൻ ജില്ലാ പ്രസിഡണ്ട് ഉമ്മർ കുണ്ടാട്ടിൽ ഉദ്ഘാടനം ചെയ്തു. ക്ഷേമ നിധി ബോർഡിൽ നിന്നും ലഭിക്കേണ്ട പ്രസവാനന്തര സഹായ കുടിശ്ശിക , റിട്ടയർമെൻ്റ് കുടിശ്ശിക , ഉടൻ വിതരണം ചെയ്യുകയും ആനുകൂല്യം കാലാനുസൃതമായി വർദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തിൽ എ കെടിടിയു ജില്ലാ ജനറൽ സെക്രട്ടറി ജോയി സി.ജെ വടക്കനാട്, കൽപ്പറ്റ നിയോജക മണ്ഡലം ഐഎൻടിയുസി പ്രസിഡണ്ട് കെ.കെ രാജേന്ദ്രൻ , എകെടിയുസി ജില്ലാ ഖജാൻജി സാം കുര്യൻ, വൈത്തിരി താലൂക്ക് പ്രസിഡണ്ട് സുനീറ കാക്കവയൽ, ബത്തേരി താലുക്ക് പ്രസിഡണ്ട് ബുഷ്‌റ സലാം,ഷാഹിറ മേപ്പാടി എന്നിവർ സംസാരിച്ചു
പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ ബോധവൽക്കരണ ക്ലാസ് നടത്തി
പെൺകുട്ടികളിൽ ആത്മവിശ്വാസവും സ്വയം പ്രതിരോധശേഷിയും വളർത്തുന്നതിനായി കോട്ടത്തറ സെന്റ് ആന്റണീസ് യു.പി. സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ദൈനംദിന ജീവിതത്തിൽ നേരിടാവുന്ന സാഹചര്യങ്ങളിൽ ജാഗ്രത പാലിക്കേണ്ടതിനെക്കുറിച്ചും സ്വയം സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ക്ലാസിൽ വിശദീകരിച്ചു.ഹെഡ്മിസ്ട്രസ് ലിസി ടീച്ചർ, ജെസ്‌ലിയ ടീച്ചർ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. വിദ്യാർത്ഥിനികളുടെ സുരക്ഷയും ആത്മവിശ്വാസവും ഉറപ്പാക്കുന്നതിനുള്ള ഇത്തരം ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
തുർക്കി ജീവൻ രക്ഷാസമിതി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
തുർക്കി ജീവൻ രക്ഷാ സമിതി വാർഷിക ജനറൽ ബോ ഡി യോഗത്തിൽ പുതിയ ഭാരവാഹികളായി ശിഹാബ് ടി പ്രസിഡന്റ്, ഹംസ സി ജനറൽ സെക്രട്ടറി, ഷാഫി പി ട്ര ഷറർ എന്നിവരെയും വൈസ് പ്രസിഡന്റുമാരായി നാസർ എൻ പി, മൻസൂർ കെ, ജോ: സെക്രട്ടറിമാരായി ലാൽ പി, റസൽ കെ എന്നിവരെയും തെരഞ്ഞെടുത്തു.
വയനാട് ജില്ലാ അത്ലറ്റിക് മീറ്റ്: ആനപ്പാറ സ്പോർട്സ് അക്കാദമിക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്
കൽപ്പറ്റ: ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ മുണ്ടേരി മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച വയനാട് ജില്ലാ സീനിയർ, ജൂനിയർ അത്ലറ്റിക് മീറ്റിൽ ആനപ്പാറ സ്പോർട്സ് അക്കാദമി ഓവറോൾ ചാമ്പ്യന്മാരായി.രണ്ട് ദിവസങ്ങളിലായി നടന്ന മീറ്റിൽ വയനാട് ജില്ലയിലെ 27 സ്പോർട്സ് ക്ലബ്ബുകളിൽ നിന്നായി 275 കായികതാരങ്ങൾ പങ്കെടുത്തു. ഒക്ടോബർ 4, 5 തീയതികളിൽ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സീനിയർ, ജൂനിയർ അത്ലറ്റിക് മീറ്റിന് മുന്നോടിയായാണ് ജില്ലാതല മത്സരം സംഘടിപ്പിച്ചത്.ജൂനിയർ വിഭാഗത്തിൽ 154 പോയിന്റും സീനിയർ വിഭാഗത്തിൽ 93 പോയിന്റും നേടിയാണ് ആനപ്പാറ സ്പോർട്സ് അക്കാദമി ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്.ജൂനിയർ വിഭാഗത്തിൽ 150 പോയിന്റുമായി നവാഗതരായ പയ്യമ്പള്ളി സെന്റ് കാതറൈൻസ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 148 പോയിന്റുമായി കൽപ്പറ്റ ജില്ലാ സ്പോർട്സ് അക്കാദമി മൂന്നാം സ്ഥാനവും നേടി.സീനിയർ വിഭാഗത്തിൽ 46 പോയിന്റുമായി കാട്ടിക്കുളം സ്പോർട്സ് അക്കാദമി രണ്ടാം സ്ഥാനത്തെത്തി. 14 പോയിന്റ് നേടിയ മീനങ്ങാടി സ്പോർട്സ് അക്കാദമിയാണ് മൂന്നാം സ്ഥാനത്ത്.സമാപന സമ്മേളനത്തിൽ അത്ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് സജി ചങ്ങനാമടത്തിൽ അധ്യക്ഷനായി. എസ്.എം.എസ്.ഡി.വൈ.എസ്.പി ഷജു ജോസഫ് വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
ശ്രേയ പിബിക്ക് യാത്രയയപ്പ് നൽകി
നാഷണൽ കേഡറ്റ് കോർപ്പിൻ്റെ (എൻ.സി.സി) ആഭിമുഖ്യത്തിൽ ഇന്ത്യയിൽ നിന്നും ശ്രീലങ്ക വരെ നടത്തുന്ന സൈക്ലത്തോണിൽ പങ്കെടുക്കാൻ പോവുന്ന ശ്രേയ പി.ബിക്ക് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. എസ്എസ്കെ ജില്ലാ പ്രോഗ്രാം ഓഫീസർ പി. എസ്. ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം , ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലിം കടവൻ , സോളമൻ എൽ. എ എന്നിവർ പങ്കെടുത്തു
സൈക്ലിംഗ് അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു
വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ 2026- 30 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. സത്താർ വിൽട്ടൺ (പ്രസിഡണ്ട്),സാജിദ് എൻ.സി (വൈസ് . പ്രസിഡണ്ട് ), സുബൈർ ഇളകുളം ( സെക്രട്ടറി),സോളമൻ എൽ . എ (ജോയിൻ്റ് സെക്രട്ടറി ), ഷിംജിത് ദാമു ( ഖജാൻജി) എന്നിവരെയാണ് തെരഞ്ഞെടുത്തത്.
കെഎസ്‌ടിഎ ജില്ലാ മാർച്ചും ധർണയും
രാഷ്‌ട്രീയപ്രേരിത സ്ഥലംമാറ്റത്തിലൂടെ അധ്യാപകരെ ദ്രോഹിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നെറികെട്ട നീക്കത്തിനെതിരെ താക്കീതായി അധ്യാപകരുടെ മാർച്ച്. കെഎസ്‌ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ ആയിരത്തിലധികം അധ്യാപകർ അണിനിരന്നു. കനറാബാങ്ക് പരിസരത്തുനിന്ന് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തേക്കായിരുന്നു മാർച്ച്. ചെങ്കൊടിയേന്തിയ അധ്യാപകർ പൊള്ളുന്ന വെയിലിനെയും അവഗണിച്ച് ജനവിരുദ്ധ നയങ്ങൾക്കെതിരെ മുദ്രാവാക്യം മുഴക്കി. ദേശീയ വിദ്യാഭ്യാസനയം 2020 തള്ളിക്കളയുക, പിഎഫ്‌ആർഡിഎ നിയമം പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി നടപ്പാക്കുക, അധ്യാപകരുടെ ജോലിസംരക്ഷണം ഉറപ്പാക്കുക, ശന്പള പരിഷ്‌കരണം നടപ്പാക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിച്ച ഉത്തരവ് നടപ്പാക്കുക, ലേബർ കോഡുകൾ പിൻവലിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളും ഉന്നയിച്ചു. പത്തുവർഷത്തിന് ശേഷമുള്ള പവർകട്ടിനെതിരെയും മെന്റർ അധ്യാപകരോടുള്ള ക്രൂരതയ്‌ക്കെതിരെയും പ്രതിഷേധമിരമ്പി. ബത്തേരി ഉപജില്ലാ കമ്മിറ്റി, പനമരം ഏരിയാ കമ്മിറ്റി, മാനന്തവാടി, വൈത്തിരി ഉപജില്ലാ കമ്മിറ്റികളുടെ ബാനറിന് പിന്നിലായി അധ്യാപകർ അണിനിരന്നു. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ നടത്തിയ ധർണ കെ ടി ജലീൽ ഉദ്‌ഘാടനം ചെയ്‌തു. കെഎസ്‌ടിഎ ജില്ലാ പ്രസിഡന്റ് എ ഇ സതീഷ് ബാബു അധ്യക്ഷനായി. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സി സതീശൻ, സംസ്ഥാന കമ്മിറ്റി അംഗം വിഎ ദേവകി എന്നിവർ സംസാരിച്ചു.
ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്; കെട്ടിട നിർമാണ ചട്ടങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തൽ
കൽപറ്റ ∙ നിയമവിരുദ്ധമായ അളവിൽ മദ്യം സൂക്ഷിച്ച കേസിൽ പ്രതിയായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട് അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ. കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട് വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ പാലിക്കാതെയാണ് ആന്റോ അഗസ്റ്റിൻ വീടു നിർമിച്ചതെന്ന് അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിലുണ്ട്. വീടിന്റെ തരം മാറ്റി ഹോംസ്റ്റേ, ടൂറിസ്റ്റ് ഹോം തുടങ്ങിയ കെട്ടിടങ്ങളുടെ വിഭാഗത്തിലേക്കാക്കാൻ 2022ൽ ആന്റോ മുട്ടിൽ പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു.എന്നാൽ, സ്ഥലപരിശോധന നടത്താനെത്തിയ അധികൃതർ കെട്ടിടത്തിൽ അനധികൃത നിർമാണം നടത്തിയതായി കാണിച്ച് 2022 മാർച്ച് 28ന് ആന്റോയ്ക്ക് നോട്ടിസ് നൽകി. പിന്നീട്, അനധികൃതനിർമാണം ക്രമവൽക്കരിക്കാൻ ആന്റോ നൽകിയ അപേക്ഷ തള്ളിയ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നൽകിയിരുന്നതായും പ്രത്യേക അന്വേഷണസംഘം തലവനായ അസി. എക്സൈസ് കമ്മിഷണർ ആർ.എൻ.ബൈജു തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.പരമാവധി 3 നിലകൾ, 10 മീറ്റർ എന്നിങ്ങനെയാണ് വാഴവറ്റ ഉൾപ്പെടുന്ന മുട്ടിൽ പഞ്ചായത്തിലെ കെട്ടിടങ്ങൾക്കു ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിശ്ചയിച്ചിരിക്കുന്ന ഉയരം. എന്നാൽ, പഞ്ചായത്തിൽ നൽകിയ പ്ലാൻ പ്രകാരം, ആന്റോയുടെ വീടിനു 4 നിലകളുണ്ടെന്നും 10 മീറ്ററിലധികം ഉയരമുണ്ടെന്നും കാണിച്ചാണു പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നൽകിയത്.
വയനാട് തുരങ്കപാതയുടെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണം;എൻസിപി (എസ്പി) സംസ്ഥാന പ്രസിഡന്റ് അഡ്വ. സുരേഷ് ബാബു
കൽപ്പറ്റ: കാർഷികവൃത്തി വലിയ ലാഭകരമല്ലാതായിക്കൊണ്ടിരിക്കുകയും എന്നാൽ ടൂറിസം മേഖലയിൽ സംസ്ഥാനത്തുതന്നെ മികച്ച വളർച്ച കൈവരികുകയും ചെയ്യുന്ന ജില്ലയായ വയനാടിനോട് അടിസ്ഥാന സൗകര്യ വികസനങ്ങളിൽ സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും ടൂറിസം മേഖല വികസനത്തിന് വയനാട്ടുകാർ ഉറ്റുനോക്കുന്ന തുരങ്ക പാതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുവാനും മുത്തങ്ങ വനത്തിലൂടെയുള്ള രാത്രികാല യാത്ര നിരോധനം അവസാനിപ്പിക്കുവാനും കേരള മുഖ്യമന്ത്രിയും വയനാട് എം പി ശ്രീമതി പ്രിയങ്ക ഗാന്ധിയും നേരിട്ട് ഇടപെടണമെന്ന് എൻസിപി(എസ്പി) സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് സുരേഷ് ബാബു ആവശ്യപ്പെട്ടു ആവശ്യപ്പെട്ടു. എൻ സി പി( എസ് പി) വയനാട് ജില്ലാ നേതൃത്വ യോഗം കൽപ്പറ്റയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അനൂപ് ജോജോ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ സി സത്യ ചന്ദ്രൻ, അബ്ദുൽ റഹ്മാൻ, സലീം ജില്ലാ നേതാക്കളായ ഷാബു എ പി , സലീം കടവൻ, സുദേഷ് കുമാർ, രാജൻ മൈക്കിൾ അശോകൻ പി, മമ്മൂട്ടി എളങ്ങോളി , എം കെ ബാലൻ, സുരേന്ദ്ര ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
പൂഴിത്തോട് -പടിഞ്ഞാറത്തറ പാതയ്ക്ക് ആവശ്യമായ ഘട്ടങ്ങളിൽ വനാനുമതി ലഭ്യമാക്കും :മന്ത്രി ഷിബു ബേബി ജോൺ
പടിഞ്ഞാറത്തറ: പൂഴിത്തോട് - പടിഞ്ഞാറത്തറ പാതയുടെ കാര്യത്തിൽ ആവശ്യമായ ഘട്ടത്തിൽ വനാനുമതി ലഭ്യമാക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ ഉറപ്പു നൽകി.ബത്തേരി ഗസ്റ്റ് ഹൗസിൽ അദ്ദേഹത്തെ സന്ദർശിച്ച ജനകീയ കർമ്മ സമിതി ചെയർ പേഴ്സൺ ശകുന്തള ടീച്ചർ, അംഗങ്ങളായ ആലിക്കുട്ടി സി കെ , ഉലഹന്നാൻ പട്ടർമഠം, യു.സി ഹുസൈൻ, ജോമോൻ പി.എഎന്നിവർക്കാണ് മന്ത്രി ഉറപ്പു നൽകിയത്. ഐ സി.ബാലകൃഷ്ണൻ എം.എൽ എ സന്നിഹിതനായിരുന്നു.
വനിതാ എസ്.ഐയെ ആക്രമിച്ച് അപമര്യാദയായി പെരുമാറിയെന്ന് പരാതി; വിവിധ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ
കേണിച്ചിറ: ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും വനിതാ എസ്.ഐ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെ കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. മധുകൊല്ലി കരയംകുന്നത്ത് വീട്ടിൽ രാഹുൽ (26) ആണ്പിടിയിലായത്.വെള്ളിയാഴ്ച (സെപ്റ്റംബർ 18) വൈകിട്ട് ഇരുളം പാപ്പശ്ശേരി ഭാഗത്ത് പോലീസ് പട്രോളിങ് നടത്തുന്നതിനിടെയാണ് സംഭവം. പൊതുസ്ഥലത്ത് പരസ്യമായി മദ്യപിക്കുകയായിരുന്ന രാഹുലിന്കുറ്റകൃത്യവുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകാൻ വനിതാ എസ്.ഐ ശ്രമിച്ചു. ഇതിൽ പ്രകോപിതനായ പ്രതി ഉദ്യോഗസ്ഥയ്ക്ക് നേരെ അസഭ്യം പറയുകയും, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ ലൈംഗികച്ചുവയോടെ സംസാരിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നു. അക്രമം തടയാൻ ശ്രമിച്ച എ.എസ്.ഐ, സിവിൽ പോലീസ് ഉദ്യോഗസ്ഥർ എന്നിവരെയും പ്രതി മർദ്ദിച്ചു.തുടർന്ന് വൈദ്യപരിശോധനയ്ക്കായി സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴും പ്രതി അക്രമാസക്തനാകുകയും വനിതാ എസ്.ഐയെയും മറ്റ് ഉദ്യോഗസ്ഥരെയും വീണ്ടും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ലഹരിക്കേസുകൾ ഉൾപ്പെടെ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ രാഹുലെന്ന് പോലീസ് വ്യക്തമാക്കി. ബത്തേരി ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കായിക മിത്രം പദ്ധതിക്ക് ജില്ലയിൽ വർണ്ണാഭമായ തുടക്കം.
പിണങ്ങോട്: സംസ്ഥാന സർക്കാറിൻ്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കായിക വകുപ്പിന്റെ സഹകരണത്തോടെ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന കായിക മിത്രം പദ്ധതിക്ക് വയനാട് ജില്ലയിൽ തുടക്കമായി. കായികാധ്യാപകരുള്ള എല്ലാ സ്കൂളുകളിലും വിവിധ കായിക ഇനങ്ങളിൽ സാമൂഹ്യ പങ്കാളിത്തത്തോടെ കായിക ഉപകരണങ്ങളും പരിശീലനങ്ങളും ഒരുക്കി കായിക ക്ഷമതയും ആരോഗ്യവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുകയാണ് ഈ പദ്ധതിയിലൂടെ. ക്രെഡൻസ് എജു സൊല്യൂഷൻസ് സ്പോൺസർ ചെയ്ത കായിക ഉപകരണങ്ങൾ സ്കൂളിന് സമർപ്പിച്ചുകൊണ്ട് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പിണങ്ങോട് വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജാസർ പാലക്കൽ അധ്യക്ഷതവഹിച്ചു. എല്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി എ ശശീന്ദ്രവ്യാസ് സ്വാഗതവും വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഡോ കെ ടി അഷ്റഫ് നന്ദിയും പറഞ്ഞു പിടിഎ പ്രസിഡണ്ടും തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ഷമീം പാറക്കണ്ടി, വാർഡ് അംഗം ഷമീറ മുത്തലിബ്, എസ് എസ് കെ ജില്ലാ പ്രോജക്ട് കോഡിനേറ്റർ നിസാർ കമ്പ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ കെ ചിത്രലേഖ കെ എ എസ്, ഡയറ്റ് ലക്ചറർ ഡോ സതീഷ് ബാബു, ഹയർസെക്കൻഡറി ജില്ലാ കോഡിനേറ്റർ ഡോ പി എ അബ്ദുൽ ജലീൽ, എസ്എംസി കൺവീനർ ലത്തീഫ് പുനത്തിൽ, സ്കൂൾ പ്രധാന അധ്യാപകൻ കെ അബ്ദുൽസലാം, സ്റ്റാഫ് സെക്രട്ടറി എം അബൂബക്കർ, പിടിഎ വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ, എം പി ടി എ പ്രസിഡണ്ട് സൽമ സലാം തുടങ്ങിയവർ സംസാരിച്ചു.
മാളുകളില്‍ അമിതവില ഈടാക്കിയാല്‍ കര്‍ശന നടപടി
മാളുകള്‍, മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ കുപ്പിവെള്ളത്തിനും മറ്റു ഭക്ഷ്യ വസ്തുക്കള്‍ക്കും അമിതവില ഈടാക്കിയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. മാളുകള്‍, മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ അമിത വില ഈടാക്കുന്നെന്ന പരാതിയിന്മേല്‍ കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന സിനിമാ തിയേറ്ററില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ഇന്‍-ചാര്‍ജ്ജ് പി.എസ് പ്രവീണിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ചായ, കാപ്പി, സ്‌നാക്‌സ്, പോപ്‌കോണ്‍ എന്നിവയുടെ വില വിവര പട്ടിക ഉപഭോക്താക്കള്‍ക്ക് കാണത്തക്കവിധത്തില്‍ പ്രദര്‍ശിപ്പിക്കാത്തതിന് നടപടി സ്വീകരിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരും. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. പരിശോധനയില്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ നിഷ പി മാത്യു, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥന്‍ സുബൈര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍ യു.ധന്യ എന്നിവര്‍ പങ്കെടുത്തു.
ആവേശം, അഭിമാനം; ഒരേ ചുവടുകളുമായി വിസ്മയം തീർത്ത് കുട്ടി പോലീസ്
- ആറ് സ്കൂളുകളിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡാണ് ശ്രദ്ധേയമായത്കൽപ്പറ്റ : പോലീസ് ബാൻഡിന്റെ ഡ്രം ബീറ്റുകളുടെ അകമ്പടിയിൽ 230-ഓളം കുട്ടി പോലീസുകാർ ഒരേ മനസായി, ഒരേ ചുവടുകളുമായി ഗ്രൗണ്ടിൽ വിസ്മയം തീർത്തപ്പോൾ അദ്ധ്യാപകരും രക്ഷിതാക്കളും നാട്ടുകാരുമടങ്ങുന്ന കാണികളിൽ ആവേശവും അഭിമാനവും വാനോളമുയർന്നു. കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നടന്ന കൽപ്പറ്റ സബ്ബ് ഡിവിഷനിലെ 6 സ്ക്കൂളുകളിൽ നിന്നുള്ള സൂപ്പർ സീനിയർ കേഡറ്റുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡാണ് ശ്രദ്ധേയമായത്. ജില്ലാ പോലീസ് മേധാവി എസ്.ദേവമനോഹർ ഐ.പി.എസ് പരേഡ് വീക്ഷിച്ച് സല്യൂട്ട് സ്വീകരിച്ച് കേഡറ്റുകൾക്ക് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. എസ്.പി.സി പരിശീലനം കുട്ടികളിൽ സ്വത്തബോധവും രാജ്യസ്നേഹവും വളർത്തുമെന്നും വിദ്യാർത്ഥികൾക്കിടയിൽ തെറ്റായ പ്രവണതകളെ പ്രതിരോധിക്കാൻ ഈ പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എ ഉഷ വിജയൻ മുഖ്യാതിഥിയാവുകയും കേഡറ്റുകൾക്കുള്ള സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, അഡീഷണൽ എസ്.പിയും എസ്.പി.സി ജില്ലാ നോഡൽ ഓഫീസറുമായ എൻ.ആർ. ജയരാജ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയിൻ, ഡി.ഡി.ഇ ശശീന്ദ്രവ്യാസ്, കൽപ്പറ്റ മുനിസിപ്പാലിറ്റി ഡിവിഷൻ കൗൺസിലർ എം.പി നവാസ്, കൽപ്പറ്റ സബ് ഡിവിഷൻ ഡിവൈ.എസ്.പി ടി.എ അഗസ്റ്റിൻ,എ.ഡി.എൻ.ഒ കെ മോഹൻദാസ്, മറ്റു പോലീസ് ഉദ്യോഗസ്ഥർ, അധ്യാപകർ, രക്ഷിതാക്കൾ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ജി.എച്ച്.എസ്.എസ് മേപ്പാടി, തരിയോട് നിർമല എച്ച്.എസ്.എസ്, പിണങ്ങോട് ഡബ്ലിയു.ഒ.എച്ച് എസ്.എസ്, ജി.വി.എച്ച്.എസ്.എസ് കൽപ്പറ്റ, ജി.എച്ച്.എസ്.എസ് വൈത്തിരി, ജി.എച്ച്.എസ്.എസ് പടിഞ്ഞാറത്തറ എന്നീ സ്കൂളുകളിലെ എസ്.പി.സി കുട്ടികളുടെ പാസിംഗ് ഔട്ട് പരേഡ് ആണ് നടന്നത്. കൽപ്പറ്റ എസ്.എച്ച്.ഒ എ.യു ജയപ്രകാശ് സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. എസ്.എസ്.ബി എ.എസ്.ഐ എൻ ബഷീറിൻ്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് ബാന്റ് സംഘം പരേഡിന് പൊലിമയേകി.നിർമല എച്ച് എസ് സ്കൂളിലെ കേഡറ്റ് കെ എസ് ദിയ ഹാഷ്മി പരേഡ് കമാണ്ടറും ജി.വി.എച്ച്.എസ്.എസ് കല്പറ്റ യിലെ കേഡറ്റ് എം.ചിന്മയ് സെക്കൻഡ് ഇൻ കമാണ്ടറുമായി. 2010 ഓഗസ്റ്റ് രണ്ടാം തിയ്യതി 127 വിദ്യാലയങ്ങളിൽ ആരംഭിച്ച എസ്.പി.സി പദ്ധതി 16 വർഷങ്ങൾ പിന്നിടുമ്പോൾ സംസ്ഥാനത്താകെ 1253 സ്ക്കൂളുകളിൽ വ്യാപിച്ചു. വയനാട് ജില്ലയിൽ 45 സ്‌കൂളുകളിൽ നിലവിൽ എസ്.പി.സി പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്.
കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് എംപ്ലോയീസ് ഓർഗനൈസേഷൻ വയനാട് ജില്ലാ സമ്മേളനം നടത്തി
കൽപറ്റ: കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് എംപ്ലോയീസ് ഓർഗനൈസേഷൻ (KLEO) 44 മത് വയനാട് ജില്ലാ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കെ.എൽ.ഇ.ഒ ജില്ലാ പ്രസിഡന്റ് വി.സി. മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോൺ കെ. സ്റ്റീഫൻ മുഖ്യപ്രഭാഷണം നടത്തിചടങ്ങിൽ ജില്ലാ സെക്രട്ടറി രാകേഷ് ടി.വി, കെ.എൽ ഇ.ഒ രക്ഷാധികാരി അബ്‌ദുള്ള വട്ടക്കുടി, എൻ.ജി.ഒ അസോസിയേഷൻ വയനാട് ജില്ലാ പ്രസിഡന്റ് ഷാജി കെ.ടി, കേരള മുനിസിപ്പൽ സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെകട്ടറി ഷാനവാസ് കെ,ട്രഷറർ വിജിൽ വി.വി എന്നിവർ സംസാരിച്ചു .
ക്വട്ടേഷന്‍ ക്ഷണിച്ചു.
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലേക്ക് ആംബുലന്‍സുകള്‍ വാടകയ്ക്ക് നല്‍കുന്നതിന് വാഹന ഉടമകള്‍, അംഗീകൃത ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ 28 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും.
