വയനാട് ജില്ലയില്‍ 28 ക്യാമ്പുകളിലായി 1328 പേരെ മാറ്റി താമസിപ്പിച്ചു

Advertisement
Featured Image

ജില്ലയില്‍ മഴക്കെടുതിയെ തുടർന്ന് 28 ദുരിതാശ്വാസ ക്യാമ്പുകളിലായി 1328 പേരെ മാറ്റി താമസിപ്പിച്ചു. വൈത്തിരി, മാനന്തവാടി, സുൽത്താൻ ബത്തേരി താലൂക്കുകളിൽ വെള്ളപൊക്കം- മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളിലെ ആളുകളെയാണ് മാറ്റിതാമസിപ്പിച്ചത്.  ക്യാമ്പുകളിൽ 414 കുടുംബങ്ങളിലെ 1328 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. 465 പുരുഷന്മാരും 533 സ്ത്രീകളും 330 കുട്ടികളും 73 പ്രായമായവരും അഞ്ച് ഭിന്നശേഷിക്കാരും നാല് ഗർഭിണികളെയുമാണ് ക്യാമ്പിലേക്ക് മാറ്റിയത്. വൈത്തിരി താലൂക്കിൽ 15 ഉം മാനന്തവാടി താലൂക്കിൽ പത്തും സുൽത്താൻ ബത്തേരി താലൂക്കിൽ മൂന്നും ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.  


വൈത്തിരി താലൂക്കിലെ കാപ്പുവയല്‍ ജി.എൽ.പി സ്കൂൾ, സുഗന്ധഗിരി ഗവ യു.പി സ്‌കൂള്‍, മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജ്, മുട്ടിൽ ഡബ്ല്യു.എം.ഒ ഓർഫനേജ് യു.പി സ്കൂൾ, ചുണ്ടേൽ എച്ച്.ഐ.എം സ്കൂൾ, ഇടിയംവയൽ കമ്മ്യൂണിറ്റി ഹാൾ, മേപ്പാടി ജയ്ഹിന്ദ് അങ്കണവാടി, തരിയോട് ഗവ ഹൈസ്കൂൾ, മുണ്ടേരി ജി.വി.എച്ച്.എസ് സ്കൂൾ, അച്ചൂരാനം ജി.എൽ.പി സ്കൂൾ, തെക്കുംതറ എ.യു.പി സ്കൂൾ, കരിങ്കുറ്റി ഗവ വൊക്കേഷനിൽ ഹയർ സെക്കൻഡറി സ്കൂൾ, പരളിക്കുന്ന് ഗവ യു.പി സ്കൂൾ, പരിയാരം ഗവ ഹൈസ്കൂൾ, തെക്കുംതറ അമ്മ സഹായം യു.പി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്.


മാനന്തവാടി താലൂക്കിൽ പുളിഞ്ഞാൽ ഗവ. ഹൈസ്കൂൾ, മക്കിയാട് ഹോളി ഫെയ്‌സ് സ്‌കൂൾ, പേരിയ ജി.യു.പി സ്കൂൾ, തലപ്പുഴ ഗവ. യു.പി സ്കൂൾ, കൈതകൊല്ലി ഗവ. യു.പി സ്കൂൾ, കുഞ്ഞോം എ.യു.പി സ്കൂൾ, വരടിമൂല അങ്കണവാടി, ഇല്ലത്തുവയൽ അങ്കണവാടി, തിരുനെല്ലി എസ്.എ.യു.പി.എസ്, വള്ളിയൂർക്കാവ് എൻ.എം.യു.പി.എസ് എന്നിവിടങ്ങളിൽ ക്യാമ്പുകൾ തുറന്നു.

 സുൽത്താൻ ബത്തേരി താലൂക്കിൽ ശ്രേയസ്, കല്ലിങ്കര ജി.യു.പി സ്കൂൾ, നടവയൽ സെൻ്റ് തോമസ് ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്.


*കാലവർഷക്കെടുതി: ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകന യോഗം*



കാലവർഷത്തെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ എം.എൽ.എ ഐ.സി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ സുൽത്താൻ ബത്തേരിയിൽ അവലോകന യോഗം ചേർന്നു. അപകട ഭീഷണിയുള്ള പ്രദേശങ്ങളിലെ മണ്ണിടിച്ചിൽ സാധ്യതകളും ഭൂവിള്ളലുകളും പരിശോധിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയോട് ശുപാർശ ചെയ്യാൻ യോഗം തീരുമാനിച്ചു. അപകട സാധ്യത നേരിടുന്ന കുടുംബങ്ങളെ അനുയോജ്യമായ പുനരധിവാസ പദ്ധതികളിൽ ഉൾപ്പെടുത്തി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാന്നുള്ള നടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് എം.എൽ.എ നിർദേശം നൽകി.


ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന എല്ലാവർക്കും യഥാസമയം ഭക്ഷണം, കുടിവെള്ളം, ആരോഗ്യപരിരക്ഷ, ശുചിത്വം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുകയാണ് പ്രധാനം. അപകട പ്രദേശങ്ങളിലുള്ളവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിച്ച് ആവശ്യമായ സാഹചര്യങ്ങളിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറാൻ തയ്യാറാകണമെന്നും എം.എൽ.എ അറിയിച്ചു.


സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ, തഹസിൽദാർ വി. ആർ ജയപ്രകാശ്, ഡി.വൈ.എസ്.പി. എൻ. രാജേഷ് കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ആരോഗ്യ, റവന്യൂ, പൊലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ, വില്ലേജ് ഓഫീസർമാർ, സ്റ്റേഷൻ ഹൗസ് ഓഫീസർമാർ യോഗത്തിൽ പങ്കെടുത്തു.

Advertisement

Related News