പ്രവാസ ജീവിതം സുരക്ഷിതമാക്കാൻ ക്ഷേമനിധിയില്‍ അംഗമാവണമെന്ന് സംസ്ഥാന പ്രവാസിക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ പി ലില്ലിസ് പറഞ്ഞു.
പ്രവാസികള്‍ക്കായി കളക്ടറേറ്റ് പഴശ്ശി ഹാളിൽ സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ സാമ്പത്തിക വളർച്ചയിലും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും പ്രവാസി മലയാളികളുടെ പങ്ക് നിർണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിൽ അംശദായത്തിൽ കുടിശ്ശിക വരുത്തിയ 82 പ്രവാസികൾ നിലവിലുള്ള പിഴ ആനുകൂല്യം ഉപയോഗപ്പെടുത്തി അംഗത്വം വീണ്ടെടുത്തു.
അംഗത്വ ക്യാമ്പയിനിൽ 118 ആളുകൾ പുതുതായി രജിസ്ട്രേഷൻ എടുത്തു. രജിസ്ട്രേഷൻ പൂർത്തീകരിച്ച് 10 ദിവസത്തിനകം അംഗത്വം നൽകും.
പ്രവാസി മലയാളികളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പ്രവാസി ക്ഷേമബോർഡ് നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്.
ലോകത്തിന്റെ ഏത് കോണിൽ നിന്നും ക്ഷേമനിധി അംഗത്വം എടുത്ത് അംശദായം അടയ്ക്കുന്നതിനും ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും പ്രവാസികൾക്ക് സാധിക്കും.
അംഗത്വമെടുത്ത് മുടങ്ങാതെ അംശദായം അടയ്ക്കുന്നവർക്ക് 3000 മുതൽ 7000 രൂപ വരെ പെൻഷൻ ലഭിക്കും.
അംഗത്വം ചേർന്ന് അഞ്ച് വർഷക്കാലയളവ് പൂർത്തീകരിച്ചതും കൃത്യമായി അംശദായം അടച്ച് അംഗത്വത്തിൽ തുടർന്ന് വരുന്നതുമായ അംഗം മരണപ്പെട്ടാൽ അർഹതപ്പെട്ട കുടുംബാംഗത്തിന് കുടുംബ പെൻഷൻ ലഭിക്കും.
ശാരീരിക അവശത മൂലം കഷ്ടത അനുഭവിക്കുന്നവർക്ക് അവശത പെൻഷൻ, മരണാനന്തര ധനസഹായം, വിവാഹ ധനസഹായം, പ്രസവാനുകൂല്യം, വിദ്യാഭ്യാസ ആനുകൂല്യം തുടങ്ങി ഒട്ടനവധി ആനുകൂല്യങ്ങൾ പദ്ധതിയിലൂടെ നൽകുന്നുണ്ട്.
സംസ്ഥാന പ്രവാസി ക്ഷേമനിധി ബോർഡ്
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (ഇൻ ചാർജ്) ടി ജയകുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സംസ്ഥാന പ്രവാസി ക്ഷേമനിധി ബോർഡ് സീനിയർ ഓഫീസ് അസിസ്റ്റന്റ് കെ എൽ അജിത്ത് കുമാർ,
വിവിധ പ്രവാസി സംഘടന ഭാരവാഹികൾ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വയനാട് ജില്ലയിൽ പുതിയ അംഗത്വം എടുക്കാനും കുടിശ്ശിക അടച്ച് അംഗത്വം വീണ്ടെടുക്കാനും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ സംഘടിപ്പിക്കുന്ന അംഗത്വ ക്യാമ്പും കുടിശ്ശിക നിവാരണ പരിപാടിയും ഉപയോഗപ്പെടുത്താം.കൂടുതല്‍ വിവരങ്ങള്‍ക്ക് 9847874082, 9447793859.