വയനാട് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില് നേത്ര പരിശോധന ക്യാമ്പുകള് നടത്തി
കല്പ്പറ്റ: വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില് പൊതുജനങ്ങള്ക്കായി പനമരം ജി.എല്.പി സ്കൂള് ഓഡിറ്റോറിയം. കേണിച്ചിറ വ്യാപാരി ഭവന്, വടുവന്ചാല് വാലുമ്മല് കോംപ്ലക്സ് എന്നിവിടങ്ങളില് മെഗാ നേത്ര പരിശോധന ക്യാമ്പുകള് സംഘടിപ്പിച്ചു. വയോജന ക്ഷേമ പ്രവര്ത്തനങ്ങളുടെ ഭാഗമായ 'പ്രശാന്തി' പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി, കോയമ്പത്തൂര് അരവിന്ദ കണ്ണാശുപത്രി എന്നിവരുമായി സഹകരിച്ചാണ് ക്യാമ്പുകള് സംഘടിപ്പിച്ചത്. ക്യാമ്പുകൾ പൊതു ജനങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രെദ്ധേയമായി.പനമരത്ത് മാനന്തവാടി എം.എല്.എ ഉഷാ വിജയൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പനമരം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ കെ.എസ്. ജിഷ്ണു അധ്യക്ഷത വഹിച്ചു. ജനമൈത്രി പ്രോജക്ട് ജില്ലാ എ.ഡി.എൻ.ഒ എൻ.കെ. ദാമോദരൻ, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി കെ. ഉസ്മാൻ, എം.കെ നാസർ, കെയർവെല് ക്ലിനിക്ക് ഡോ. ചന്ദ്രശേഖരൻ, അരവിന്ദ ഐ കെയർ ഹോസ്പിറ്റൽ ഡോ. ജയകുമാർ, സി.എച്ച് നവാസ്, സുലൈമാൻ ഹാജി, എ.എസ്.ഐ വി.എസ്. സുബീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ടി.കെ ദീപ, സിവിൽ പോലീസ് ഓഫീസർമാരായ ബഷീർ, ഷൈജൽ, തുടങ്ങിയവർ സംസാരിച്ചു. 400-ഓളം പേർ പങ്കെടുത്തു.കേണിച്ചിറ വ്യാപാര ഭവനിൽ നടന്ന ക്യാമ്പ് കേണിച്ചിറ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ കെ.സിൻഷ ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. 190-ഓളം ആളുകൾ പങ്കെടുത്തു. സി.പി.ഒ സിയാദ് സൽമാൻ, എം.ആർ. സുരേഷ്ബാബു എന്നിവർ സംസാരിച്ചു.വടുവന്ചാലില് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ജോജിന് പി. ജോയി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ.വി.വി.ഇ.എസ് വടുവഞ്ചാൽ യൂണിറ്റ് പ്രസിഡണ്ട് വി.പി. ഖാദർ അധ്യക്ഷത വഹിച്ചു. മേപ്പാടി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ ഡി. മിഥുൻ, മുപ്പനാട് പഞ്ചായത്ത് പ്രസിഡണ്ട് വി. കേശവൻ, വി.എൻ. ശശീന്ദ്രൻ, ജോളി സ്കറിയ, ഡോ. അഭിഷേക്, ഡോ. ദ്രുവ്, വി.എൻ ബൈജു, ബാലസുബ്രഹ്മണ്യം, എസ്.സി.പിഓ കമറുദ്ദീൻ വട്ടക്കര തുടങ്ങിയവർ സംസാരിച്ചു. 400-ഓളം പേർ പങ്കെടുത്തു.
കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പപാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി
പുൽപള്ളി ∙ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് കബനിക്കുകുറുകെ വിഭാവനംചെയ്ത ബൈരക്കുപ്പപാലം നിർമാണത്തിന് കേന്ദ്രാനുമതിയായി. തറക്കല്ലിട്ടശേഷം 32 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് പാലം നിർമാണത്തിനു പച്ചക്കൊടി കാണിച്ചത്. കേന്ദ്രത്തിന്റെ സേതുബന്ധൻ പദ്ധതിയിൽ പാലം നിർമാണത്തിന് 27 കോടി രൂപ അനുവദിച്ചു.40 കോടിയുടെ പദ്ധതിയാണ് കേരളസർക്കാർ ആദ്യം കേന്ദ്രത്തിനു സമർപ്പിച്ചത്. എന്നാൽ കഴിഞ്ഞമാസം 8ന് ദേശീയപാതാ വിഭാഗം ചീഫ് എൻജിനീയർ 27 കോടിയുടെ പരിഷ്കരിച്ച പദ്ധതി രൂപരേഖ തയാറാക്കി സമർപ്പിക്കുകയും അതിന് അനുമതി നൽകുകയുമായിരുന്നു. കേന്ദ്ര അടിസ്ഥാന റോഡ് വികസനഫണ്ടിൽനിന്ന് തുക അനുവദിക്കുന്നതിനാൽ അവരുടെ മാർഗനിർദേശങ്ങൾ പാലിച്ച് കേരള സർക്കാരിന്റെ ഉത്തരവാദിത്വത്തിൽ പാലംനിർമാണം നടത്തണമെന്നാണ് നിർദേശം.പാലംനിർമാണത്തിന് കർണാടക സർക്കാരും കേന്ദ്രത്തിന് താൽപര്യപത്രം നൽകിയിരുന്നു. സാമ്പത്തിക ബാധ്യതകളൊന്നും കർണാടകം വഹിക്കില്ല. പാലത്തിന്റെ അപ്രോച്ച്റോഡ് നിർമാണത്തിന് ഇരുഭാഗത്തും വേണ്ടിവരുന്ന സ്ഥലമെടുപ്പ്, നിർമാണം, മേൽനോട്ടം, അറ്റകുറ്റപ്പണികൾ എന്നിവയെല്ലാം കേരളാ മരാമത്ത് വകുപ്പ് വഹിക്കണം. ഈ വ്യവസ്ഥകളെല്ലാം അംഗീകരിച്ചാണ് പാലം നിർമാണവുമായി മരാമത്ത് വകുപ്പ് മുന്നോട്ടുപോകുന്നത്. കബനിക്കുകുറുകെ പാലംനിർമിക്കാൻ 1994 സെപ്റ്റംബർ 24 നാണ് കേരള–കർണാടക മുഖ്യമന്ത്രിമാർചേർന്ന് തറക്കല്ലിട്ടത്. അതിനുശേഷം വിവിധകാരണങ്ങളാൽ നിർമാണം ആരംഭിക്കാനായില്ല. വയനാട് എംപി പ്രിയങ്ക ഗാന്ധി താൽപര്യമെടുത്താണ് പാലംനിർമാണത്തിന് അനുകൂല സാഹചര്യമൊരുക്കിയത്. ഏതാനുംമാസങ്ങൾക്ക് മുൻപ് അവർ പെരിക്കലൂരിലെത്തി സ്ഥലംസന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കി. പിന്നീട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ എന്നിവരെ കണ്ട് പാലം യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ടിരുന്നു. സംസ്ഥാന മരാമത്ത് മന്ത്രി പി.കെ. ബഷീറും ഇക്കാര്യങ്ങളിൽ ഇടപെടൽ ശക്തമാക്കിയിരുന്നു. മരാമത്ത് വകുപ്പ് ചീഫ്എൻജിനീയർ ഉൾപ്പെട്ട സംഘം അടുത്തിടെ പെരിക്കല്ലൂർ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി.
മേപ്പാടി താഞ്ഞിലോട് കാറും ഓട്ടോയും കൂട്ടിയിടിച്ചു.
അപകടത്തിൽ പെട്ട ഓട്ടോ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. പരിക്കേറ്റവരെ അരപ്പറ്റ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം.
മാനന്തവാടിയിൽ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
ചൂട്ടക്കടവിൽ കഞ്ചാവ് വിൽപനയ്ക്ക് ശ്രമിച്ച കൊണിയൻമുക്ക് കൂവയിൽ ഹൗസിൽ മുഹമ്മദ് സിയാദ് (19), പാലമുക്ക് സ്വദേശി ഇസ്മയിൽ വീട്ടിൽ ഹനീൽ (19 ) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 65 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. മാനന്തവാടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ആനന്ദ് ടി, സുനിൽകുമാർ കെ.എൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പോലീസ് സംഘത്തിൽ സി.പി.ഒമാരായ സനൂപ്, ജബിൻ ജോയ് എന്നിവരും ഉണ്ടായിരുന്നു
ലഹരിക്കെതിരെ ജാഗ്രതയോടെ പുളിയാർമല
പുളിയാർമല: ലഹരിയുടെ വിപത്തിൽ നിന്നും യുവതലമുറയെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കൽപ്പറ്റ നഗരസഭ ഏഴാം വാർഡ് ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തിൽ പുളിയാർമല അംഗൻവാടിയിൽ വച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. 'നേർവഴി – യുവത്വത്തെ കാക്കാം, നാടിനെ വീണ്ടെടുക്കാം' എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച സെമിനാർ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം ഉദ്ഘാടനം ചെയ്ത് ക്ലാസ് നയിച്ചു. പുതുതലമുറയെ വഴിതെറ്റിക്കുന്ന ലഹരി മാഫിയകളെ പ്രതിരോധിക്കാൻ കുടുംബങ്ങളും പ്രാദേശിക ജാഗ്രതാ സമിതികളും ഒരുമിച്ച് കൈകോർക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.ചടങ്ങിൽ വാർഡ് കൗൺസിലർ ജിതേഷ് വാകയിൽ അധ്യക്ഷത വഹിച്ചു.ജാഗ്രതാ സമിതി അംഗം കെ.ബി.വസന്ത സ്വാഗതം ആശംസിച്ച ചടങ്ങിൽ,കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ സി.വിബിത വാർഡിലെ ജാഗ്രതാ സമിതി പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.ബ്രഹ്മനാഥ പ്രകാശ്, വെള്ളൻ കരടിമണ്ണ്,സി. ശാരിക എന്നിവർ സംസാരിച്ചു. പ്രദേശവാസികളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന ചടങ്ങിൽ അംഗൻവാടി ടീച്ചർ എൻ.ഒ.മീന നന്ദി രേഖപ്പെടുത്തി.
താത്പര്യപത്രം ക്ഷണിച്ചു
ജില്ലാ പഞ്ചായത്തിൻ്റെ 2026-27 വാർഷിക പദ്ധതികളിലെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി നിർവഹിക്കുന്ന വടുവൻചാൽ ഗവ ഹയർ സെക്കൻഡറി സ്കൂൾ ഓഫീസ് നവീകരണം, അമ്പലവയൽ ഗവ ഹയർ സെക്കൻഡറി സ്കൂൾ- ഓഫീസ് നവീകരണ പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന് ഗവ അക്രഡിറ്റഡ് ഏജൻസികളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യപത്രം ഒക്ടോബർ 29 ന് ഉച്ചയ്ക്ക് 12 നകം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ നൽകണം. ഫോൺ: 04936-202593
അരിവയൽ ഭൂതാനത്ത് പുള്ളിമാനിൻ്റെ ജഡം കണ്ടെത്തി
മീനങ്ങാടി അരിവയൽ ഭൂതാനത്ത് പുള്ളിമാനിന്റെ പാതി ഭക്ഷിച്ച നിലയിലുള്ള ജഡം കണ്ടെത്തി. ഭൂതാനം കരീമിന്റെ കൃഷിയിടത്തിലാണ് ജഡം കണ്ടെത്തിയത്. വന്യജീവിയുടെ ആക്രമണമാണോ മാനിൻ്റെ മരണത്തിന് കാരണമെന്നത് ഇതുവരെ വ്യക്തമായിട്ടില്ല.
ലഹരിക്കെതിരെ കൈകോർത്ത് സൂര്യകാന്തി റസിഡന്റ്സ് അസോസിയേഷൻ
വാവാടി: കോവക്കുനിയിൽ ലഹരിയുടെ വിപത്തിനെതിരെ പ്രതിരോധം തീർക്കുകയെന്ന ലക്ഷ്യത്തോടെ സൂര്യകാന്തി റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിനും സെമിനാറും സംഘടിപ്പിച്ചു. ചടങ്ങ് എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു.അസോസിയേഷൻ പ്രസിഡന്റ് വി.എസ്.മോഹൻദാസ് അധ്യക്ഷത വഹിച്ചു.എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ലഹരിവിരുദ്ധ സന്ദേശം നൽകുകയും ബോധവൽക്കരണ സെമിനാർ "മയങ്ങില്ല കേരളം ഉണരുന്ന യുവത്വം" അവതരിപ്പിക്കുകയും ചെയ്തു.സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗങ്ങൾക്കെതിരെ കുടുംബങ്ങളും റസിഡന്റ്സ് അസോസിയേഷനുകളും കൃത്യമായ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വൈത്തിരി അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് മുരളീധരൻ കെ.പി.മുഖ്യപ്രഭാഷണം നടത്തി.കൽപ്പറ്റ ജനമൈത്രി ബിറ്റ് ഓഫീസർ കെ.വിനോദ് മുഖ്യാതിഥിയായിരുന്നു. അസോസിയേഷൻ ജോയിന്റ് സെക്രട്ടറി അനിൽ കാരാട്ട് സ്വാഗതവും,സെക്രട്ടറി ഇ.എൻ.ദിലീപ് കുമാർ പ്രവർത്തന വിശദീകരണവും നടത്തി. ഡബ്ല്യു.സി.സി.(WCC) പ്രസിഡന്റ് ബിന്ദു മിൽട്ടൺ, കെ.എസ്.ഇ.ബി.ഉദ്യോഗസ്ഥൻ ഹരികുമാർ,എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പി.വി.രജിത്ത് തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ ഇൻഷ ഫാത്തിമ പ്രാർത്ഥന ഗാനം ആലപിക്കുകയും ലഹരിവിരുദ്ധ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും കുടുംബാംഗങ്ങളും ചടങ്ങിൽ സജീവമായി പങ്കെടുത്തു.
ടെന്ഡര് ക്ഷണിച്ചു.
കല്പ്പറ്റ ജനറല് ആശുപത്രിയിലെ പെയിന് ആന്ഡ് പാലിയേറ്റീവ് സെക്കന്ഡറി യൂണിറ്റിലെ ഹോം കെയര് സേവനത്തിന് വാഹനങ്ങള് വാടകയ്ക്ക് നല്കാന് താത്പര്യമുള്ള അംഗീകൃത ഏജന്സികള്, വാഹന ഉടമകളില് നിന്നും ടെന്ഡര് ക്ഷണിച്ചു. ടെന്ഡറുകള് ഒക്ടോബര് 23 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. ഫോണ്- 04936 206768കല്പ്പറ്റ ജനറല്ആശുപത്രിയില് മാതൃയാനം പദ്ധതിയിലേക്ക് വാഹനങ്ങള് വാടകയ്ക്ക് നല്കാന് താത്പര്യമുള്ള വാഹന ഉടമകള്, അംഗീകൃത ഏജന്സികളില് നിന്നും ടെന്ഡര് ക്ഷണിച്ചു. ടെന്ഡറുകള് ഒക്ടോബര് 23 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. ഫോണ്- 04936 206768
ടെന്ഡര് ക്ഷണിച്ചു.
വനിതാ ശിശു വികസന വകുപ്പിന് കീഴില് പ്രവര്ത്തിക്കുന്ന കല്പ്പറ്റ അഡീഷണല് ഐ.സി.ഡി.എസ് ഓഫീസ് ആവശ്യങ്ങള്ക്ക് കരാര് അടിസ്ഥാനത്തില് വാഹനം വാടകയ്ക്ക് നല്കാന് താത്പര്യമുള്ള വാഹന ഉടമകള്, സ്ഥാപനങ്ങളില് നിന്നും ടെന്ഡര് ക്ഷണിച്ചു. ടെന്ഡറുകള് ഒക്ടോബര് 31 ന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ഫോണ്- 04936 021110,9446042395.
എം.എല്.എ ഫണ്ട് അനുവദിച്ചു
ഐ.സി ബാലകൃഷ്ണന് എം.എല്.എയുടെ പ്രത്യേക വികസന നിധിയിലുള്പ്പെടുത്തി ചീങ്ങേരി സെന്റ് മേരീസ് എ.യു.പി സ്കൂളില് കുഴല് കിണര് അനുബന്ധ പ്രവര്ത്തികള്ക്കായി മൂന്ന് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് വ്യവസ്ഥയില് ജില്ലാ മിഷന് കോ ഓര്ഡിനേറ്റര് (14 ഒഴിവ്), ജില്ലാ മിഷന് അസിസ്റ്റന്റ് കോ ഓര്ഡിനേറ്റര് (52 ഒഴിവ്) തസ്തികകളിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ തസ്തികയ്ക്കും അനുയോജ്യമായ ശമ്പള സ്കെയിലുള്ള സര്ക്കാര് ജീവനക്കാര്ക്ക് അപേക്ഷിക്കാം. മാതൃവകുപ്പില് നിന്നുള്ള നോ ഒബ്ജക്ഷന് സര്ട്ടിഫിക്കറ്റ് സഹിതം നിര്ദിഷ്ട മാതൃകയിലുള്ള ഫോമിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകള് എക്സിക്യൂട്ടീവ് ഡയറക്ടര്, കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്മാര്ജന മിഷന്, ട്രിഡ ബില്ഡിങ്ങ്, ചാലക്കുഴി റോഡ്, മെഡിക്കല് കോളേജ് പി.ഓ, തിരുവനന്തപുരം-695 011 എന്ന വിലാസത്തില് ഒക്ടോബര് 31 നകം അയക്കണം. വിവരങ്ങള്ക്ക് www.kudumbashree.org സന്ദര്ശിക്കുക
ഫിറ്റ്നസ് ട്രെയിനർ പരിശീലനം
അസാപ് കേരള, സുൽത്താൻബത്തേരി, മാനന്തവാടി സ്ഥലങ്ങളിൽ നടത്തുന്ന ജനറൽ ഫിറ്റ്നസ് ട്രെയിനർ ബാച്ചുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഫോൺ : 9495999669
ഇറച്ചിക്കോഴി വളർത്തലിൽ പരിശീലനം
സുൽത്താൻ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില് ഒക്ടോബർ 28, 29 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ ഇറച്ചിക്കോഴി വളർത്തൽ വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. താത്പ്പര്യമുള്ളവർ ഒക്ടോബർ 22 മുതൽ 26 ന് വൈകിട്ട് മൂന്നിനകം മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 04936-297084
വാക്ക് - ഇൻ -ഇന്റർവ്യൂ
പൂക്കോട് ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ അമ്പെയ്ത്ത് പരിശീലകന്റെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിൽ ദിവസവേതനത്തിലാണ് നിയമനം. അമ്പെയ്ത്ത് പരിശീലനത്തിൽ മികച്ച പ്രായോഗിക പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ഒക്ടോബർ 27 ന് രാവിലെ ഒമ്പതിന് അഭിമുഖത്തിന് എത്തണം. ഫോൺ :04936 296095
അഭിമുഖം 28 ന്
കണിയാമ്പറ്റ ഗവ ചിൽഡ്രൻസ് ഹോമിൽ (ബോയ്സ്) കെയർടേക്കർ പാനൽ തയ്യാറാക്കുന്നു. കെയർടേക്കർമാരുടെ കോമ്പൻസേഷൻ ഓഫ്, വീക്കിലി ഓഫ്, മറ്റ് അവധി ദിവസങ്ങൾ എന്നിവയിൽ ദിവസവേതനാടിസ്ഥാനത്തിൽ സേവനമനുഷ്ഠിക്കുന്നതിനാണ് പാനൽ തയ്യാറാക്കുന്നത്. കുട്ടികളുടെ സംരക്ഷണത്തിൽ താത്പര്യവും സേവനസന്നദ്ധതയുമുള്ള പുരുഷ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പ്ലസ് ടു, പ്രീഡിഗ്രി അല്ലെങ്കിൽ തത്തുല്യ യോഗ്യതയാണ് വിദ്യാഭ്യാസ യോഗ്യത. ജെ.ജെ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഒക്ടോബർ 28 ന് രാവിലെ 10.30ന് ചിൽഡ്രൻസ് ഹോം ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോണ്- 04936 286900
വയനാട്ജില്ലയിൽ ഓറഞ്ച് അലർട്ട് വിനോദസഞ്ചാര കേന്ദ്രങ്ങൾ- ക്വാറികൾ- മണ്ണ് നീക്കം ചെയ്യൽ പ്രവർത്തികൾക്ക് നിയന്ത്രണം
കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ദുരന്ത സാധ്യത മേഖലകളിലെ ഹോംസ്റ്റേകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ,ട്രക്കിങ് പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ വി ചെൽസാസിനി ഉത്തരവിട്ടു. ജില്ലയിലെ മുഴുവൻ ക്വാറികൾ, യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കം ചെയ്യൽ പ്രവർത്തികൾ ഇനിയൊരു ഉത്തരവ് വരെ നിർത്തി വെയ്ക്കും. ദുർബല പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അതത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ ആവശ്യമായ നടപടി സ്വീകരിക്കണം. ടൗൺഷിപ്പിൽ മണ്ണൊലിപ്പ് ഭീഷണിയുള്ള പ്രദേശങ്ങളിലെ ആളുകളെ മാറ്റി താമസിപ്പിക്കേണ്ട സാഹചര്യം ഉണ്ടായാൽ കൽപ്പറ്റ നഗരസഭ സെക്രട്ടറി, വില്ലേജ് ഓഫീസർ, ടൗൺഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ എന്നിവർ സംയുക്തമായി നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. ആനക്കാംപൊയിൽ-കള്ളാടി തുരങ്ക പാത നിർമ്മാണ പ്രദേശത്തും മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിത പ്രദേശത്തും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന ദുർബല പ്രദേശങ്ങളിലെയും ആളുകളെ മാറ്റി താമസിപ്പിക്കേണ്ട ആവശ്യമുണ്ടെങ്കിൽ മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിക്കണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 51 (ബി) പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപ്തി
മാനന്തവാടി: ഫാസിസവും വര്ഗീയതയും തീര്ക്കുന്ന ഭീഷണികള്ക്ക് മേല്, ജനാധിപത്യവും മതേതരത്വവും ബദലാക്കി മുസ്ലിം യൂത്ത് ലീഗിറങ്ങിയപ്പോള് വടക്കേ വയനാടിന്റെ ഹൃദയഭൂമി അക്ഷരാര്ത്ഥത്തില് ആവേശത്തേരിലേറി. പ്രതീക്ഷയുടെ യുവശബ്ദം നഗരവീഥികളെ പ്രകമ്പനം കൊള്ളിച്ചപ്പോള്, ഇളക്കം തട്ടിയത് വര്ഗീഗ ഫാസിസ്റ്റ് ഭരണകൂടത്തിനാണ്. ആവേശത്തിരയിളക്കമായി ജനസാഗരം തീര്ത്താണ് മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളന റാലി ഗാന്ധി പാര്ക്കില് സമാപിച്ചത്. ആയിരക്കണക്കിന് യുവജന പ്രവര്ത്തകര് അണിനിരന്ന റാലി നഗരത്തെ പൂര്ണ്ണമായും ഹരിതാഭമാക്കി. ബാന്ഡ് മേളങ്ങളുടെ അകമ്പടിയോടും വിപ്ലവാത്മകമായ അക്ഷരങ്ങള് തീര്ത്ത പ്ലക്കാര്ഡുകളോടും കൂടിയാണ് പദയാത്ര മുന്നേറിയത്. നഗരവീഥികളെ ജനനിബിഡമാക്കിയ പ്രകടനം സംഘടനയുടെ കെട്ടുറപ്പും സംഘടനാ കരുത്തും വിളിച്ചോതുന്നതായിരുന്നു. കേന്ദ്രസംസ്ഥാന സര്ക്കാരുകളുടെ ജനദ്രോഹ നയങ്ങള്ക്കെതിരെയും അവകാശ സംരക്ഷണത്തിനായും ഉയര്ന്നു കേട്ട മുദ്രാവാക്യങ്ങള് റാലിക്ക് ആവേശകരമായ പശ്ചാത്തലമൊരുക്കി. യൂത്ത് ലീഗ് ജില്ലാ നേതാക്കള് റാലിയുടെ മുന്നിരയില് അണിനിരന്നു. ലീഗിന്റെയും പോഷക സംഘടനകളുടെയും മുതിര്ന്ന നേതാക്കള് പ്രകടനത്തെ അഭിവാദ്യം ചെയ്തു.തുടര്ന്ന് ഗാന്ധിപാര്ക്കില് നടന്ന പൊതുസമ്മേളനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ എം ഷാജി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എം പി നവാസ് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല് സെക്രട്ടറി ഷിബു മീരാന് മുഖ്യപ്രഭാഷണം നടത്തി. ഉഷാ വിജയന് എം എല് എ മുഖ്യാതിഥിയായി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട്കെ കെ അഹമ്മദ് ഹാജി,ജനറല് സെക്രട്ടറി ടി മുഹമ്മദ്, സ്വാഗത സംഘം ട്രഷറര് യഹ്യാ ഖാന് തലക്കല്, വര്ക്കിംഗ് ചെയര്മാന് ടി മൊയ്തു, എം എസ് എഫ് സംസ്ഥാന സെക്രട്ടറി ഫായിസ് തലക്കല് എന്നിവര് സംസാരിച്ചു.ജില്ലാ ജനറല് സെക്രട്ടറി സി എച്ച് ഫസല് സ്വാഗതവും സെക്രട്ടറി പി കെ സലാം നന്ദിയും പറഞ്ഞു. വൈസ് പ്രസിഡണ്ട് ജാഫര് മാസ്റ്റര് പ്രമേയം അവതരിപ്പിച്ചു. മുസ് ലിം ലീഗ് ജില്ലാ ഭാരവാഹികളായ എന് കെ റഷീദ്, റസാഖ് കല്പ്പറ്റ,എം മുഹമ്മദ് ബഷീര്, എന് നിസാര് അഹമ്മദ്, വി അസൈനാര് ഹാജി, അബ്ദുല്ല മാടക്കര, അഡ്വ. എം സി എം ജമാല്, പി പി അയ്യൂബ്, കെ ഹാരിസ്, സി കുഞ്ഞബ്ദുല്ല, വള്ള്യാട്ട് അബ്ദുല്ല, അസീസ് കെ സി, മണ്ഡലം ലീഗ് ഭാരവാഹികളായ സലീം മേമന, എം എ അസൈനാര്, കൊച്ചി ഹമീദ്, ഹംസ കടവന്, സി കെ ഹാരിഫ് എന്നിവര് സംസാരിച്ചു.
എൻ ഊര് ഇന്ന് തുറന്നു പ്രവർത്തിക്കില്ല
ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ (ഒക്ടോബർ 18) എൻ ഊര് ഗോത്ര പൈതൃക ഗ്രാമം സന്ദർശകർക്കായി തുറന്നു പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
ടൗണ്ഷിപ്പ്: രണ്ടാംഘട്ടത്തിലെ 149 വീടുകള് പൂര്ത്തിയാവുന്നു
മുണ്ടക്കൈ-ചൂരല്മല ദുരന്ത അതിജീവിതര്ക്കായുള്ള ടൗണ്ഷിപ്പിലെ രണ്ടാംഘട്ട നിര്മ്മാണത്തില് 149 വീടുകള് പൂര്ത്തിയാവുന്നു. വീടുകളുടെ നിര്മ്മാണം പൂര്ത്തിയാകുന്നതോടെ ദുരന്ത ബാധിത കുടുംബങ്ങള്ക്ക് സുരക്ഷിത താമസ സൗകര്യം ഉറപ്പാക്കുകയാണ് സര്ക്കാര്. ആദ്യഘട്ടത്തില് 178 വീടുകളാണ് ഗുണഭോക്താക്കള്ക്കായി കൈമാറിയത്. എല്ലാം നഷ്ടമായവര്ക്ക് സ്വന്തമായി വീട്, സമ്പൂര്ണ ജീവിതസാഹചര്യങ്ങള് ഒരുക്കുകയാണ് ടൗണ്ഷിപ്പിലൂടെ. ദ്രുതഗതിയില് നിര്മ്മാണ പ്രവര്ത്തനങ്ങള് പുരോഗമിക്കുന്ന അങ്കണവാടി, ആരോഗ്യ കേന്ദ്രം, മാര്ക്കറ്റ്, പൊതുശുചിമുറി, റോഡ് എന്നിവ ഡിസംബറോടെ ടൗണ്ഷിപ്പില് സജ്ജമാക്കും. കുട്ടികളുടെ പരിചരണം, ആരോഗ്യസംരക്ഷണം, ദൈനംദിന ആവശ്യങ്ങള് എന്നിവയ്ക്ക് ആവശ്യമായ സൗകര്യങ്ങള് ഒരുങ്ങുന്നതോടെ ടൗണ്ഷിപ്പ് കൂടുതല് ജനസൗഹൃദമാകും. പരിസ്ഥിതി സൗഹൃദ വികസനം ലക്ഷ്യമാക്കി ഗുണഭോക്താക്കള്ക്ക് കൈമാറിയ എല്ലാ വീടുകളിലും ഉത്പാദിപ്പിക്കുന്ന മാലിന്യങ്ങള് വേര്തിരിച്ച് സംസ്കരിക്കാന് ത്രീ-ലെയര് ബയോ കമ്പോസ്റ്റ് ബിന്നുകള് നല്കിയിട്ടുണ്ട്. ഓരോ വീടിനും രണ്ട് കിലോവാട്ട് ശേഷിയുള്ള നെറ്റ് മീറ്ററിങ് സംവിധാനത്തില് പ്രവര്ത്തിക്കുന്ന റൂഫ്ടോപ്പ് സൗരോര്ജ പ്ലാന്റ് ജില്ലയിലെ റസിഡന്ഷ്യല് സൗരോര്ജ കൂട്ടായ്മകളിലൊന്നായി ടൗണ്ഷിപ്പിനെ മാറ്റി. പൊതുസൗകര്യങ്ങള്ക്കായുള്ള അധിക സൗരോര്ജ സംവിധാനം വൈദ്യുതി ഗ്രിഡിനെ ആശ്രയിക്കുന്നത് കുറയ്ക്കാന് സഹായിക്കും. ആദ്യഘട്ടത്തിലെ 178 വീടുകളും രണ്ടാംഘട്ടത്തില് പൂര്ത്തിയാവുന്ന 149 വീടുകളും കൈമാറുന്നതോടെ 327 കുടുംബങ്ങള്ക്ക് സുരക്ഷിത ഇടം ഒരുക്കി ദുരന്ത പുന:രധിവാസത്തിന് മാതൃകയാവുകയാണ് ടൗണ്ഷിപ്പ്.

