കെയര്‍ വര്‍ക്കര്‍ നിയമനം
ക്ഷീര വികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് വികസന പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തില്‍ വുമണ്‍ കാറ്റില്‍ കെയര്‍ വര്‍ക്കര്‍മാരെ നിയമിക്കുന്നു. ജില്ലയിലെ നാല് ക്ഷീര വികസന യൂണിറ്റുകളിലേക്ക് പ്രതിമാസം 8,000 രൂപ ഇന്‍സെന്റീവ് നിരക്കില്‍ 10 മാസത്തേക്കാണ് നിയമനം. 18 നും 45 വയസാണ് പ്രായപരിധി. അപേക്ഷകര്‍ ക്ഷീര വികസന യൂണിറ്റിന്റെ പരിധിയില്‍ താമസിക്കുന്ന വനിതകളായിരിക്കണം. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ആവശ്യമായ രേഖകള്‍ സഹിതം ഒക്ടോബര്‍ 12 ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട ബ്ലോക്കുതല യൂണിറ്റ് ഓഫീസുകളില്‍ നല്‍കണം. യോഗ്യത, പ്രായം, സ്ഥലം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി അപേക്ഷകര്‍ ഒക്ടോബര്‍ 17 ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ അഭിമുഖത്തിന് എത്തണം.
ഏകദിന പരിശീലനം
സംസ്ഥാന ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് 2025 വര്‍ഷത്തെ വയര്‍മാന്‍ പരീക്ഷ വിജയിച്ചവര്‍ക്ക് നിര്‍ബന്ധിത ഏകദിന പരിശീലനം നല്‍കുന്നു. കല്‍പ്പറ്റ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ഒക്ടോബര്‍ 14 ന് രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെ പരിശീലനം നടക്കും. പരീക്ഷ പാസ്സായവര്‍ എഴുത്ത്, പ്രയോഗിക പരീക്ഷകളുടെ ഹാള്‍ടിക്കറ്റുമായി ക്ലാസില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ക്ലാസ്സില്‍ പങ്കെടുക്കുന്നവര്‍ക്ക് മാത്രമേ വയര്‍മാന്‍ പെര്‍മിറ്റ് ലഭിക്കുകയുള്ളൂ. അവസാന രണ്ട് വര്‍ഷങ്ങളില്‍ പരീക്ഷ വിജയിക്കുകയും പരിശീലന ക്ലാസില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്ത അപേക്ഷകര്‍ക്ക് പരിശീലന ക്ലാസില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് വാങ്ങാം. ഫോണ്‍-04936-295004
സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് 2026: നോമിനേഷനുകള്‍ ക്ഷണിച്ചു.
സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ 2026-ലെ സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് നോമിനേഷനുകള്‍ ക്ഷണിച്ചു. ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ്, മൊമന്റോ അടങ്ങുന്നതാണ് പുരസ്‌കാരം. ഭിന്നശേഷി വിഭാഗത്തിലെ മികച്ച ജീവനക്കാരന്‍ (ഗവ/പബ്ലിക്/പ്രൈവറ്റ് സെക്ടര്‍) സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്‍കിയ തൊഴില്‍ദാതാക്കള്‍, മികച്ച എന്‍.ജി.ഒ സ്ഥാപനങ്ങള്‍, പുനരധിവാസ കേന്ദ്രങ്ങള്‍, മാതൃകാ വ്യക്തി, സര്‍ഗാത്മക കഴിവുള്ള കുട്ടി, കല/സാഹിത്യം/കായിക മേഖലകളില്‍ മികച്ച നേട്ടം കൈവരിച്ചവര്‍, ഭിന്നശേഷി സൗഹൃദ സ്ഥാപനം, ഭിന്നശേഷി സൗഹൃദ റിക്രീയേഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ 16 വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. നിര്‍ദിഷ്ട മാതൃകയിലുള്ള വിശദാംശങ്ങളും രേഖകളും സഹിതമുള്ള നോമിനേഷനുകള്‍ ഒക്ടോബര്‍ 25 നകം സാമൂഹ്യനീതി ഡയറക്ടറേറ്റിലോ ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ ഓഫീസിലോ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.swd.kerala.gov.in സന്ദര്‍ശിക്കാം. ഫോണ്‍- 04936 205307
തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽ നിരോധിത പ്ലാസ്റ്റിക്ക് പിടിച്ചെടുത്തു.
തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തവും പ്ലാസ്റ്റിക് മുക്തവുമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ശുചിത്വ ഡ്രൈവും വ്യാപക പരിശോധനയും നടത്തി. പൊതുസ്ഥലങ്ങളിലും വഴിയോരങ്ങളിലും അനധികൃതമായി സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകൾ, കൊടിതോരണങ്ങൾ, ബാനറുകൾ എന്നിവ നീക്കം ചെയ്തു. വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും കണ്ടെടുത്തു. നിയമലംഘനം നടത്തിയവർക്കെതിരെ ഫൈൻ ചുമത്തുകയും നോട്ടീസ് അയക്കുകയും ചെയ്തതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും വരും ദിവസങ്ങളിലും പരിശോധന തുടരും. പൊതുസ്ഥലങ്ങൾ മലിനമാക്കുന്നവർക്കും നിരോധിത പ്ലാസ്റ്റിക് ഉപയോഗിക്കുന്നവർക്കും എതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. പഞ്ചായത്തിനെ മാലിന്യമുക്തമാക്കാന്‍ എല്ലാവരുടേയും പൂർണ്ണ സഹകരണം ഉണ്ടാകണമെന്ന് സെക്രട്ടറി പറഞ്ഞു.
ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ അനുവദിക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി
പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളും പൂതാടി പഞ്ചായത്തിന്റെ പകുതിയോളം ഭാഗങ്ങളും ഉൾപ്പെടുന്ന കുടിയേറ്റ കാർഷിക മേഖലയിൽ അടിയന്തരമായി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. ഭൂമിശാസ്ത്രപരമായി മൂന്നു വശവും വനത്താൽ ചുറ്റപ്പെട്ട ഈ പ്രദേശത്ത് കബനി നദിയിലും കുറുവ ദ്വീപിലും ഉണ്ടാകുന്ന അപകടങ്ങൾ, കാട്ടുതീ, മറ്റ് അവിചാരിത ദുരന്തങ്ങൾ എന്നിവ നേരിടാൻ ഫയർഫോഴ്സിന്റെ സേവനം അത്യന്താപേക്ഷിതമാണ്. നിലവിൽ 25 കിലോമീറ്റർ അകലെയുള്ള സുൽത്താൻബത്തേരിയിൽ നിന്നോ 30 കിലോമീറ്റർ ദൂരമുള്ള മാനന്തവാടിയിൽ നിന്നോ ആണ് ഫയർഫോഴ്സ് എത്തുന്നത്. നിബിഡ വനപാതയിലൂടെ വേഗത കുറച്ച് സംഭവസ്ഥലത്ത് എത്തിച്ചേരുമ്പോഴേക്കും നാശനഷ്ടങ്ങൾ പൂർണമാകുന്ന സ്ഥിതിയാണുള്ളത്.മറ്റ് ജീവൻരക്ഷാ സാധ്യതകൾ ഒന്നുമില്ലാത്ത പ്രദേശത്ത് ഫയർ സ്റ്റേഷൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് എം.പി പ്രിയങ്ക ഗാന്ധി, കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, സുൽത്താൻബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ഫയർഫോഴ്സ് ഡയറക്ടർ ജനറൽ എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്. പ്രദേശത്ത് ഫയർസ്റ്റേഷൻ ആരംഭിക്കാൻ ഡിപ്പാർട്ട്മെന്റ് ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള താൽക്കാലിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയും പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്ത് സ്ഥലം ഏറ്റെടുത്ത് നൽകിയും ഈ പ്രശ്നത്തിന് സ്ഥായിയായ പരിഹാരം കാണാൻ സാധിക്കും. അതിനാൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥ മേധാവികളും ഒരുമിച്ച് പ്രവർത്തിച്ച് ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.പുൽപ്പള്ളി യൂണിറ്റ് പ്രസിഡന്റും ജില്ലാ വൈസ് പ്രസിഡന്ററുമായ മാത്യു മത്തായി ആതിരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി കെ.എസ്. അജിമോൻ, ട്രഷറർ പി.എ. ഷാജിമോൻ, വൈസ് പ്രസിഡന്റുമാരായ ജോസ് കുന്നത്ത്, കെ. ജോസഫ്, സജി വർഗീസ്, പി.എം. പൈലി, ബാബു രാജേഷ്, ഇ.കെ. മുഹമ്മദ്, ജോയിന്റ് സെക്രട്ടറിമാരായ കെ.വി. റഫീഖ്, 6വേണുഗോപാൽ, ബാബു മാക്കിയിൽ, പ്രസന്നകുമാർ, പ്രഭാകരൻ എന്നിവർ സംസാരിച്ചു.
ആർഎസ്പി യിൽ ചേർന്നവർക്ക് സ്വീകരണം നൽകി
മുട്ടിൽ പഞ്ചായത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവച്ചു ആർഎസ്പി യിലേക്ക് വന്ന ഇരുപതോളം പ്രവർത്തകർക്ക് വയനാട് ജില്ലാ സെക്രട്ടറിപ്രവീൺ തങ്കപ്പൻ സ്വീകരണം നൽകി. മുട്ടിൽ മടക്കിമല സഹകരണ ബാങ്കിൻ്റെ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സ്വീകരണയോഗത്തിൽ കൽപ്പറ്റ മണ്ഡലം സെക്രട്ടറി കുഞ്ഞുമുഹമ്മദ് കൈതപ്പള്ളി അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു .മുഹമ്മദലി എം എ ,ശ്രീജിത്ത് വി ,സ്വാമിനാഥൻ സി, പ്രസാദ് മാളിയേക്കൽ, രജനി പരിയാരം എന്നിവർ സംസാരിച്ചു.
കുടുംബ കോടതി ക്യാമ്പ് സിറ്റിംഗ്
കൽപ്പറ്റ കുടുംബ കോടതി ജഡ്ജ് കെ. കൃഷ്‌ണകുമാർ സുൽത്താൻ ബത്തേരിയിലും മാനന്തവാടിയിലും ക്യാമ്പ് സിറ്റിംഗ് നടത്തും. ഒക്ടോബർ ഒമ്പതിന് രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെ സുൽത്താൻ ബത്തേരി കുടുംബ കോടതിയിലും 17-ന് രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെ മാനന്തവാടി കുടുംബ കോടതിയിലുമാണ് സിറ്റിംഗ്
താത്പര്യപത്രം ക്ഷണിച്ചു
ജില്ലാ നിര്‍മ്മിതി കേന്ദ്രത്തില്‍ ഇന്റേണല്‍ ഓഡിറ്റ് നടത്തുന്നതിന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് / ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. മെമ്പര്‍ സെക്രട്ടറി ആന്‍ഡ് സബ് കളക്ടര്‍, ജില്ലാ നിര്‍മ്മിതി കേന്ദ്ര, മാനന്തവാടി, വയനാട് വിലാസത്തില്‍ ഒക്ടോബര്‍ 17 നകം നിശ്ചിത മാതൃകയില്‍ താല്‍പര്യപത്രം നല്‍കണം. ഫോണ്‍- 04935 244700ജില്ലാ നിര്‍മ്മിതി കേന്ദ്രത്തില്‍ ഇന്റേണല്‍ ഓഡിറ്റ് നടത്തുന്നതിന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് / ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. മെമ്പര്‍ സെക്രട്ടറി ആന്‍ഡ് സബ് കളക്ടര്‍, ജില്ലാ നിര്‍മ്മിതി കേന്ദ്ര, മാനന്തവാടി, വയനാട് വിലാസത്തില്‍ ഒക്ടോബര്‍ 17 നകം നിശ്ചിത മാതൃകയില്‍ താല്‍പര്യപത്രം നല്‍കണം. ഫോണ്‍- 04935 244700
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പീച്ചംകോട് പമ്പ്, നടക്കല്‍പ്രദേശങ്ങളില്‍ നാളെ (ഒക്ടോബര്‍ 8) രാവിലെ 8.30 മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി വിതരണം പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടും
എല്‍ നിനോ വില്ലനാകും; ലോകം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക്, അരിക്കും കാപ്പിക്കും പാമോയിലിനും വെളിച്ചെണ്ണയ്ക്കും വില കുതിച്ചുയരും
ലോകം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്.കാപ്പി, പാമോയില്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരും. യുദ്ധം മൂലം വിതരണ ശൃംഖല തകര്‍ന്നിരിക്കുന്ന ഈ സമയത്ത് എല്‍ നിനോ കൂടി വരുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. ഈ വര്‍ഷം അവസാനത്തോടെ എല്‍ നിനോ അതിന്റെ പാരമ്യത്തിലെത്തുമെന്നാണ് പ്രവചനം.വളത്തിന്റെ ക്ഷാമം, മോശം വിളവ്, കാലാവസ്ഥാ വ്യതിയാനങ്ങള്‍ എന്നിവയെ നേരിടാന്‍ ശേഷി കുറവായതിനാല്‍ വികസ്വര രാജ്യങ്ങളെയാകും ഇത് ഏറ്റവും രൂക്ഷമായി ബാധിക്കുക. കിഴക്കന്‍, ദക്ഷിണ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എല്‍ നിനോ പ്രാദേശികമായി വലിയ ഭക്ഷ്യക്ഷാമത്തിന് കാരണമാകും. പസഫിക് സമുദ്രോപരിതലത്തിലെ താപനില അസാധാരണമായി വര്‍ധിക്കുന്ന കാലാവസ്ഥാ മാറ്റമാണ് എല്‍ നിനോ. ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കൊടും വരള്‍ച്ചയും കിഴക്കന്‍ ആഫ്രിക്കയില്‍ പ്രളയവും ലോകമെമ്പാടും കടുത്ത ചൂടും ഇത് സമ്മാനിക്കും. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം കാപ്പി, പാമോയില്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളെ എല്‍ നിനോ വലിയ രീതിയില്‍ ബാധിക്കും.ലോകത്തെ പ്രധാന കാപ്പി ഉല്‍പ്പാദകരായ ബ്രസീലിലും വിയറ്റ്‌നാമിലും മധ്യ അമേരിക്കയിലും മഴയുടെ ലഭ്യതയില്‍ വലിയ മാറ്റങ്ങളുണ്ടാകും. പാമോയില്‍ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇന്തൊനീഷ്യ ഇതിനോടകം തന്നെ എല്‍ നിനോയുമായി ബന്ധപ്പെട്ട വരള്‍ച്ചയുടെ പിടിയിലാണ്. ഇവിടെ മഴ ലഭിക്കേണ്ട സമയത്ത് കൊടും വരള്‍ച്ചയും കാട്ടുതീയുമാണ് അനുഭവപ്പെടുന്നത്. 2015-16 കാലഘട്ടത്തിലുണ്ടായ സൂപ്പര്‍ എല്‍ നിനോ സമയത്തെ കാട്ടുതീയ്ക്ക് സമാനമായ അവസ്ഥയാണ് ഇന്തൊനീഷ്യയില്‍ ഇപ്പോഴുള്ളത്. ഇത് പാമോയില്‍ ഉല്‍പ്പാദനത്തെ സാരമായി ബാധിക്കും. പാമോയിലിന് ക്ഷാമം നേരിടുന്നത് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ മറ്റ് ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകും. സ്വന്തമായി മികച്ച കാര്‍ഷിക ഉല്‍പ്പാദനം ഉള്ളതിനാല്‍ അമേരിക്കയില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെങ്കിലും, 2026-2027 കാലഘട്ടത്തില്‍ അവിടെയും ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടും.പ്രതിസന്ധി ഇരട്ടിയാക്കി യുദ്ധങ്ങളുംയുദ്ധങ്ങളും വ്യാപാര നിയന്ത്രണങ്ങളും എല്‍ നിനോയും ചേരുന്നതോടെ ആഗോള തലത്തില്‍ ഭക്ഷ്യവിലകള്‍ കുതിച്ചുയരുകയാണെന്ന് യുഎന്‍ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ ചീഫ് ഇക്കണോമിസ്റ്റ് മാക്‌സിമോ ടൊറേറോ പറയുന്നു. ഇറാന്‍- ഇസ്രയേല്‍- യുഎസ് സംഘര്‍ഷങ്ങള്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നതിനൊപ്പം രാസവളങ്ങളുടെ വിതരണത്തെയും ബാധിക്കുന്നുണ്ട്. അമേരിക്കയും മറ്റ് രാജ്യങ്ങളും ഏര്‍പ്പെടുത്തിയ വ്യാപാര നിയന്ത്രണങ്ങളും പ്രതിസന്ധി രൂക്ഷമാക്കുന്നു.ഇന്ത്യയുടെ അരിയും ഓസ്‌ട്രേലിയയുടെ ഗോതമ്പുംഎല്‍ നിനോ ഇതിനോടകം തന്നെ ഭക്ഷ്യോല്‍പ്പാദനത്തില്‍ വലിയ ഇടിവ് വരുത്തിയിട്ടുണ്ട്. മഴ കുറഞ്ഞത് ഇന്ത്യയിലെ നെല്‍കൃഷിയെ സാരമായി ബാധിച്ചു. ചൂടും വരള്‍ച്ചയും കാരണം ഓസ്‌ട്രേലിയയുടെ ഗോതമ്പ് ഉല്‍പ്പാദനവും കുറയുമെന്നാണ് കണക്കുകൂട്ടല്‍. ആഭ്യന്തര ഭക്ഷ്യസുരക്ഷയെ കരുതി ഇന്ത്യ അരി കയറ്റുമതി നിയന്ത്രിച്ചാല്‍ ആഗോള വിപണിയില്‍ അരിവില കുത്തനെ ഉയരും. എല്‍ നിനോ വന്ന് മാസങ്ങള്‍ക്ക് ശേഷമായിരിക്കും പലപ്പോഴും ഭക്ഷ്യവിലകളില്‍ മാറ്റം പ്രകടമാകുക . പാമോയില്‍, വെളിച്ചെണ്ണ, കാപ്പി തുടങ്ങിയ ഉഷ്ണമേഖലാ ഉല്‍പ്പന്നങ്ങള്‍ക്കാണ് വില ഏറ്റവും കൂടുതല്‍ വര്‍ധിക്കുക. വികസിത രാജ്യങ്ങളെ കാലാവസ്ഥാ മാറ്റം കാര്യമായി ബാധിക്കാത്തതിനാല്‍ ആഗോളതലത്തില്‍ ധാന്യവിളകളുടെ വിലയെ എല്‍ നിനോ കാര്യമായി ബാധിക്കാറില്ല
പ്രിയദർശിനി റൂട്ടുകളിലെ സ്വകാര്യബസുകളെ സംരക്ഷിക്കണം; നവംബർ മുതൽ സർവീസുകൾ പൂർണമായി നിർത്താനൊരുങ്ങി സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ
നവംബര്‍ മുതല്‍ സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്താനൊരുങ്ങി സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍. പ്രിയദര്‍ശിനി സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കിയ റൂട്ടുകളില്‍ ഡീസല്‍ അടിക്കാനോ തൊഴിലാളികള്‍ക്ക് മാന്യമായ വേതനം നല്‍കാനോ പോലും വരുമാനം ലഭിക്കാതെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ പ്രക്ഷോഭ സമരങ്ങള്‍ക്ക് രൂപം നല്‍കി. ഇതിന്റെ ഭാഗമായി ഈ മാസം 14ന് ഫെഡറേഷന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും.
ദേശീയ സൈക്ലിംഗ് താരങ്ങൾക്ക് സ്വീകരണം നൽകി
ബത്തേരി : ഒഡീഷയിൽ വെച്ച് നടന്ന ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് വിജയികളായി തിരിച്ചെത്തിയ സൈക്ലിംഗ് താരങ്ങൾക്ക് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി . അണ്ടർ 16 വിഭാഗത്തിൽ ഇരട്ട സ്വർണം നേടിയ മൈസ ബക്കർ , ജൂനിയർ മിക്സഡ് റിലേയിൽ മൂന്നാം സ്ഥാനം നേടിയ ഡെൽവിൻ ജോബിഷ് , അണ്ടർ 14 വിഭാഗത്തിൽ നാലാം സ്ഥാനം നേടിയ ഡിയോണ മേരി ജോബിഷ് , അണ്ടർ 16 വിഭാഗത്തിൽ അഞ്ചാം സ്ഥാനം നേടിയ അബീഷാ സിബി , ദേശീയ മത്സരത്തിൽ പങ്കെടുത്ത മറ്റ് താരങ്ങൾ എന്നിവർക്കാണ് സ്വീകരണം നൽകിയത് . ബത്തേരി മുനിസിപ്പൽ ചെയർ പേഴ്സൺ റസീന അബ്ദുൽ ഖാദർ ഉത്ഘാടനം ചെയ്തു . സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം സ്വാഗതം പറഞ്ഞു . അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ അദ്ധ്യക്ഷത വഹിച്ചു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ, ഷിംജിത്ത് ദാമു , ടോം ജോസഫ്, സമീർ ചൂരിയൻ , സോളമൻ എൽ എ , സാജിദ് എൻ.സി ,മിഥുൻ വർഗീസ് , അർജുൻ തോമസ് എന്നിവർ സംസാരിച്ചു
ദേശീയ സൈക്ലിംഗ് താരങ്ങൾക്ക് സ്വീകരണം നൽകി
ബത്തേരി : ഒഡീഷയിൽ വെച്ച് നടന്ന ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് വിജയികളായി തിരിച്ചെത്തിയ സൈക്ലിംഗ് താരങ്ങൾക്ക് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി . അണ്ടർ 16 വിഭാഗത്തിൽ ഇരട്ട സ്വർണം നേടിയ മൈസ ബക്കർ , ജൂനിയർ മിക്സഡ് റിലേയിൽ മൂന്നാം സ്ഥാനം നേടിയ ഡെൽവിൻ ജോബിഷ് , അണ്ടർ 14 വിഭാഗത്തിൽ നാലാം സ്ഥാനം നേടിയ ഡിയോണ മേരി ജോബിഷ് , അണ്ടർ 16 വിഭാഗത്തിൽ അഞ്ചാം സ്ഥാനം നേടിയ അബീഷാ സിബി , ദേശീയ മത്സരത്തിൽ പങ്കെടുത്ത മറ്റ് താരങ്ങൾ എന്നിവർക്കാണ് സ്വീകരണം നൽകിയത് . ബത്തേരി മുനിസിപ്പൽ ചെയർ പേഴ്സൺ റസീന അബ്ദുൽ ഖാദർ ഉത്ഘാടനം ചെയ്തു . സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം സ്വാഗതം പറഞ്ഞു . അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ അദ്ധ്യക്ഷത വഹിച്ചു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ, ഷിംജിത്ത് ദാമു , ടോം ജോസഫ്, സമീർ ചൂരിയൻ , സോളമൻ എൽ എ , സാജിദ് എൻ.സി ,മിഥുൻ വർഗീസ് , അർജുൻ തോമസ് എന്നിവർ സംസാരിച്ചു
ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കും: മന്ത്രി പി.സി വിഷ്ണുനാഥ്
ബ്രാന്‍ഡ് വയനാട് ലൈഫ് എക്‌സ്പീരിയന്‍സ് ട്രെയില്‍സ് പദ്ധതികള്‍ക്ക് തുടക്കമായിടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അംഗീകാരത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ടൂറിസം സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ്. വിനോദ സഞ്ചാര വകുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന 'ബ്രാന്‍ഡ് വയനാട്' പദ്ധതി, റെസ്‌പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റിയുടെ ലൈഫ് എക്‌സ്പീരിയന്‍സ് ട്രെയില്‍സ് പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയുടെ പ്രകൃതി സൗന്ദര്യം, കൃഷി, സാഹസിക വിനോദം, ഫാം, ഹെറിറ്റേജ് ടൂറിസം മേഖലകള്‍, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍, ഭക്ഷ്യ വൈവിധ്യങ്ങള്‍, കലകള്‍, കരകൗശലവിദ്യകള്‍ കോര്‍ത്തിണക്കി ലോകത്തിന് മുന്നില്‍ ജില്ലയെ അവതരിപ്പിക്കുകയാണ് 'ബ്രാന്‍ഡ് വയനാട്' പദ്ധതിയുടെ ലക്ഷ്യം. മലബാര്‍ മേഖലയിലെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കും. മലപ്പുറം, കോഴിക്കോട് ജില്ലകളുടെ ടൂറിസം വികസനം ഉള്‍പ്പെട്ടതാണ് ബ്രാന്‍ഡ് വയനാടെന്നും മന്ത്രി പറഞ്ഞു.വയനാടിനെ കൂര്‍ഗ്, മൈസൂരു ജില്ലകളുമായി ബന്ധിപ്പിച്ച് ടൂറിസം സര്‍ക്യൂട്ട് വികസിപ്പിക്കുന്നതിന്റെ ഭാഗമായി ദസറ ആഘോഷങ്ങളില്‍ കേരളത്തിന്റെ കലാവിരുന്നും സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്ന നിശ്ചലദൃശ്യവും അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ദേശീയോത്സവമായ ഓണം മൈസൂര്‍ ദസറ, നോര്‍ത്ത് ഈസ്റ്റിലെ ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ മാതൃകയില്‍ വലിയ ഇവന്റാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. ബ്രാന്‍ഡ് വയനാട് പദ്ധതിയുടെ ഭാഗമായി വിവിധ പരിപാടികള്‍ ഡിസംബറോടെ ഡല്‍ഹിയില്‍ സംഘടിപ്പിക്കും. എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസത്തിന് സാധ്യതയുള്ള ജില്ലയില്‍ ലൈഫ് എക്‌സ്പീരിയന്‍സ് ട്രെയില്‍സ് പദ്ധതിയുടെ ഭാഗമായി തിരുനെല്ലി ട്രെയില്‍, ചേകാടി ഉള്‍പ്പെടുന്ന കോഫി ട്രെയില്‍ എന്നിവയ്ക്ക് തുടക്കമിട്ടു. കെ.റ്റി.ഡി.സി സ്ഥാപനങ്ങള്‍ നവീകരിച്ച് സാമ്പത്തിക ലാഭത്തിനുള്ള നടപടികള്‍ സ്വീകരിക്കും. വൈത്തിരി വില്ലേജില്‍ നടന്ന പരിപാടിയില്‍ എം.എല്‍.എ ഉഷ വിജയന്‍, ടുറിസം വകുപ്പ് ഡയറക്ടര്‍ എം അഞ്ജന, ടൂറിസം വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കല്‍പ്പറ്റ നാരായണന്‍, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി രാജന്‍, വൈസ് പ്രസിഡന്റ് വത്സല സദാനന്ദന്‍, വാര്‍ഡംഗം സിനി ജോജി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ തന്നെ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണം
വയനാട് മെഡിക്കൽ കോളേജ് കൽപ്പറ്റ മടക്കി മലയിൽ തന്നെ സ്ഥാപിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് കോൺഫെഡറഷൻ ഓഫ് റെസിഡന്റസ് അസോസിയേഷൻ വൈത്തിരി താലൂക് സമിതി രൂപീകരണ ജനറൽ ബോഡി യോഗത്തിൽ ആവശ്യപ്പെട്ടു. ജില്ലയിലെ റെസിഡന്റ്‌സ് അസോസിയേഷനുകളുടെ പ്രവർത്തനം ഏകോപിപ്പിച്ചു നടപ്പിലാക്കാൻ വേണ്ടി ആണ് താലൂക്ക് തല കമ്മിറ്റികൾ രൂപീകരിച്ചത്. കൽപ്പറ്റ അഫാസ് ഓഡിറ്റോറിയത്തിൽ വെച്ച നടന്ന യോഗത്തിൽ അഡ്വ. കിഷോർ ലാൽ പ്രസിഡന്റായും വിനോദ് എം. എസ് സെക്രട്ടറിയായും ഷിബു ട്രഷററായും 24 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. യോഗത്തിൽ സംസ്ഥാന വനിതാ വിംഗ് പ്രസിഡണ്ട് സതി ദേവി, സംസ്ഥാന കമ്മിറ്റി സെക്രട്ടറി പ്രസന്നകുമാർ,ജില്ലാ ട്രെഷറർ ആശ സുഗതൻ, സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് ലീല, പ്രൊഫ. ജെസ്സി മാത്യു എന്നിവർ സംസാരിച്ചു
ഇന്ധന വില ഉയര്‍ന്നു; വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് ഇന്‍ഡിഗോ
ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന എയര്‍ലൈനായ ഇന്‍ഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. ഏവിയേഷന്‍ ടര്‍ബുലിന്‍ ഫ്യുവല്‍( എടിഎഫ്) വില വര്‍ധനയെ തുടര്‍ന്നാണ് ഇന്‍ഡിഗോ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്നുമുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് അധിക ചാര്‍ജ് ബാധകമാകും എന്നാണ് അറിയിച്ചിരിക്കുന്നത്. ആഭ്യന്തര സര്‍വീസുകളില്‍ 375 രൂപ മുതല്‍ 1,300 രൂപ വരെ ഇന്ധന ചാര്‍ജ് സെസ് ഇനത്തിൽ വര്‍ധനവ് ഉണ്ടാകും. അന്താരാഷ്ട്ര സര്‍വീസുകളില്‍ 11,000 മുതല്‍ 10,000 വരെ ചാര്‍ജ് വര്‍ധന ഉണ്ടാകുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.മിഡില്‍ ഈസ്റ്റിലെ ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളെത്തുടര്‍ന്ന് എടിഎഫ് വിലയില്‍ വലിയ ചാഞ്ചാട്ടം അനുഭവപ്പെടുന്നതായി സമീപ മാസങ്ങളില്‍ ഇന്‍ഡിഗോ അറിയിച്ചിരുന്നു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 14 ശതമാനത്തിലധികം വര്‍ധനവുണ്ടായതോടെ, എടിഎഫ് ചെലവ് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കുകളിലൊന്നിലെത്തിയിരിക്കുകയാണ്.
ഇ -ലേലം
കുപ്പാടി തടി ഡിപ്പോയില്‍ തേക്ക് തടികളുടെ ഇ-ലേലംഒക്ടോബര്‍ 13 ന് നടക്കും.ലോലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്യണം. ആവശ്യമുള്ളവര്‍ക്ക് കുപ്പാടി ഡിപ്പോയില്‍ നിന്നും സൗജന്യമായി രജിസ്‌ടേഷന്‍ ചെയ്ത് നല്‍കും. ഫോണ്‍- 8547602856, 8547602858, 04936-221562
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ ആലഞ്ചേരി, മാനിയില്‍, വെള്ളമുണ്ട എച്ച്.എസ് പ്രദേശങ്ങളില്‍ നാളെ (ഒക്ടോബര്‍ 7) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായോ പൂര്‍ണ്ണമായോ തടസ്സപ്പെടും.
മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം
സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ മുട്ടക്കോഴി വളര്‍ത്തലില്‍ രണ്ട് ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 15, 16 തിയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പരിശീലനം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 13 ന് വൈകിട്ട് മൂന്നിനകം 04936-297084 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 30 പേര്‍ക്കാണ് പരിശീലനത്തില്‍ പങ്കെടുക്കാന്‍ അവസരം.
സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ അഞ്ചാം പനി വ്യാപിക്കുന്നു
കോഴിക്കോട്: സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ അഞ്ചാം പനി വ്യാപിക്കുന്നു. മലപ്പുറത്തും കോഴിക്കോടുമായി കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നു കുട്ടികൾക്കാണ് ജീവൻ നഷ്ടമായത്. രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ഇരു ജില്ലകളിലും ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പ്പിലൂടെ ഫലപ്രദമായി പ്രതിരോധിച്ചിരുന്ന ഒരു വൈറസ് രോഗമാണ് കേരളത്തിലെ ആരോഗ്യ രംഗത്ത് വീണ്ടും വെല്ലുവിളി ഉയർത്തുന്നത്, . അതും കുട്ടികൾക്കിടയിൽ. മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷം അഞ്ചാം പനി അഥവാ മീസിൽസ് ബാധിച്ചവരുടെ എണ്ണം ഗണ്യമായി ഉയർന്നിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ വർഷം 30 കേസുകളായിരുന്നു സ്ഥിരീകരിച്ചത് എങ്കിൽ ഈ വർഷം ഇതുവരെ രോഗം സ്ഥിരീകരിച്ചത് 80 പേർക്കാണ്, ഏറെയും കുട്ടികളിൽ. കഴിഞ്ഞ ഒരു മാസത്തിനിടെ കോഴിക്കോട് ജില്ലയിൽ ഒരാൾക്കും മലപ്പുറം ജില്ലയിൽ രണ്ട് പേർക്കും ജീവൻ നഷ്ടപ്പെട്ടു. കടുത്ത പനിയും ശരീരത്തിൽ പ്രത്യക്ഷമാകുന്ന തടിപ്പുകളുമാണ് പ്രധാന ലക്ഷണങ്ങൾ. രോഗനിർണയവും ശരിയായ ചികിൽസയും വൈകിയാൽ മരണം വരെ സംഭവിക്കാം.പ്രതിരോധ വാക്‌സിൻ കൃത്യമായി എടുക്കുകയാണ് അഞ്ചാം പനി പ്രതിരോധത്തിനുള്ള മാർഗ്ഗം. എന്നാൽ ഇക്കാര്യത്തിൽ താളപ്പിഴകൾ വരുന്നതായി രോഗവ്യാപനത്തിൻ്റെ തോത് വ്യക്തമാക്കുന്നു. കുട്ടികളിൽ ഒന്‌പതാം മാസവും 16 മുതൽ 24 വരെയുളള മാസങ്ങൾക്കിടെയുമാണ് മീസിൽസ് റുബെല്ല വാക്സിൻ എടുക്കേണ്ടത്. ഇത് കൃത്യമായി എടുക്കാത്തവരിലാണ് രോഗം പടരുന്നതെന്ന് ഈ രംഗത്തെ വിധഗ്‌ധർ പറയുന്നു. ഒരേ കുടുംബത്തിലെ തന്നെ ഒന്നിലേറെ കുട്ടികൾക്ക് രോഗം ബാധിച്ച സാഹചര്യവും ഇക്കുറി ഉണ്ടായി. ആരോഗ്യ വകുപ്പ് പുറത്ത് വിടുന്ന കണക്കുകളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തോടൊപ്പമോ അതിലേറയോ വരും രോഗം സംശയിക്കുന്നവരുടെ എണ്ണവും. വായുവിലൂടെയും രോഗിയുമായുള്ള സമ്പർക്കത്തിലൂടെയും പകരുന്ന വൈറസ് രോഗമായതിനാൽ പ്രതിരോധ കുത്തി വയ്പ്പ് ഊർജ്ജിതമാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ പ്രവർത്തകർ.

