സംവരണ വിഭാഗങ്ങളുടെ ജീവിതമാണ് ഓരോ ഫയൽ പരാതിയെന്നും അതിനാൽ ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കണമെന്നും നിയമസഭ പിന്നാക്ക സമുദായ ക്ഷേമ സമിതി അധ്യക്ഷൻ വി ആർ സുനിൽകുമാർ എംഎൽഎ.
കളക്ടറേറ്റ് ആസൂത്രണ ഭവൻ എപിജെ ഹാളിൽ നടന്ന നിയമസഭ പിന്നാക്ക സമുദായ ക്ഷേമസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാടൻ ചെട്ടി സമുദായ അംഗങ്ങളുടെ കൂട്ടായ്മയായ എലിമെന്ററി സ്കൂൾ അസോസിയേഷൻ നടത്തിവരുന്ന ചീരാൽ എയുപി സ്കൂളിന് അനുവദിച്ചു കിട്ടിയ മൂന്ന് ഏക്കർ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനായി സർക്കാർ തീരുമാനം ആവശ്യമാണെന്ന് സമിതി ചൂണ്ടിക്കാട്ടി.
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സ്വയം സന്നദ്ധ പദ്ധതി പ്രകാരം റിസർവ് വന ഭൂമിയിൽ നിന്നും ഒഴിഞ്ഞു പോകുന്നവർക്കുള്ള സാമ്പത്തിക സഹായവിതരണം സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ 14 സെറ്റിൽമെന്റുകളിൽ നിന്നായി 422 കുടുംബങ്ങൾക്ക് തുക അനുവദിച്ചിട്ടുണ്ട്. 384 കുടുംബങ്ങൾക്ക് 2017 വരെയുള്ള പുനരധിവാസ ധനസഹായ തുകയായ 10 ലക്ഷം രൂപയും 38 കുടുംബങ്ങൾക്ക് പുതുക്കിയ തുകയായ 15 ലക്ഷം രൂപയും അനുവദിച്ചു.
സ്വയം സന്നദ്ധ പുനരധിവാസ ധനസഹായ തുക ലഭിച്ച 422 കുടുംബങ്ങളിൽ 320 കുടുംബംങ്ങൾ സെറ്റിൽമെന്റിൽ നിന്നും വനത്തിന് പുറത്തേക്ക് മാറി താമസം തുടങ്ങിയതായി സമിതി അറിയിച്ചു.
മനുഷ്യ – വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിന് നാട്ടിലിറങ്ങിയ വന്യ മൃഗങ്ങളെ കാട്ടിലേക്ക് തിരികെ അയക്കുന്നതിന് റാപ്പിഡ് റെസ്പോൺസ് ടീമുകൾ പ്രവൃത്തിക്കുന്നു. സംഘർഷത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകി വരുന്നു. മനുഷ്യ-വന്യമൃഗ സംഘർഷത്തിൽ ജീവഹാനി സംഭവിക്കുന്ന വ്യക്തികളുടെ നിയമപരമായ അവകാശികൾക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകിവരുന്നു.
തേനീച്ച, കടന്നൽ എന്നിവയുടെ കുത്തേറ്റ് വനത്തിനുള്ളിൽ ജീവഹാനി സംഭവിക്കുകയാണെങ്കിൽ പത്ത് ലക്ഷം രൂപയും വനത്തിന് പുറത്ത് വച്ച് സംഭവിക്കുന്ന ജീവഹാനിയ്ക്ക് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരമായി അനുവദിക്കും. വനത്തിന് പുറത്ത് പാമ്പ് കടിയേറ്റ് മരണം സംഭവിച്ചാൽ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകിവരുന്നു.
സംഘർഷത്തിൽ സ്ഥായിയായ അംഗവൈകല്യം സംഭവിക്കുന്നവർക്ക് രണ്ട് ലക്ഷം രൂപയും പരിക്ക് പറ്റുന്നവർക്ക് ചികിത്സയ്ക്ക് ചെലവാകുന്ന തുക പരമാവധി ഒരു ലക്ഷം രൂപ എന്ന നിരക്കിലും നൽകുന്നുണ്ട്. പട്ടികവർഗക്കാർക്ക് ചികിത്സാർത്ഥം ചെലവാകുന്ന മുഴുവൻ തുകയും നൽകി വരുന്നു.
ജില്ലയിൽ നിന്നും ലഭിച്ചതും സമിതിയുടെ പരിഗണനയിലുള്ളതുമായ ഹർജികളിന്മേൽ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്നും തെളിവെടുത്തു. സർക്കാർ സർവീസ്, പൊതുമേഖല സ്ഥാപനങ്ങൾ, സർവകലാശാലകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ നിയന്ത്രണത്തിലുള്ള മറ്റു സ്ഥാപനങ്ങൾ എന്നിവയിലെ നിയമനങ്ങളിൽ പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് ലഭിക്കേണ്ട സാമുദായിക പ്രാധിനിധ്യം സംബന്ധിച്ചും പിന്നാക്ക സമുദായക്കാർ അഭിമുഖീകരിക്കുന്ന വിദ്യാഭ്യാസ, സാമൂഹ്യപരമായ വിവിധ പ്രശ്നങ്ങളെ സംബന്ധിച്ചും വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും മൂന്ന് പരാതികൾ സ്വീകരിച്ചു.
പിന്നാക്ക സമുദായ ക്ഷേമ അംഗങ്ങളും നിയമസഭ സാമാജികരുമായ കുറുക്കോളി മൊയ്തീൻ, എ പ്രഭാകരൻ,
ജി സ്റ്റീഫൻ, ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ, എഡിഎം കെ ദേവകി, സബ് കളക്ടർ മിസാൽ സാഗർ ഭരത്, നിയമസഭ പിന്നാക്ക സമുദായ ക്ഷേമ ജോയിന്റ് സെക്രട്ടറി ദീപ ആർ കൃഷ്ണൻ,
വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.