രണ്ടുമിനിറ്റ് വൈകി വന്നതിന് തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളില്‍ അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്ക് ഇരുത്തിയ സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊച്ചിന്‍ പബ്ലിക് സ്‌കൂളിലെ സംഭവം അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും കുട്ടികളെ അനാവശ്യമായി ശിക്ഷിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ അധികാരികള്‍ കുട്ടിയുടെ അച്ഛനോട് വേണമെങ്കില്‍ ടിസി വാങ്ങി പോകാന്‍ പറഞ്ഞെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ വിഷയം പഠിക്കാന്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
‘അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടി ക്ലാസില്‍ താമസിച്ചെത്തി എന്ന കാരണം കൊണ്ട് സ്‌കൂള്‍ ഗ്രൗണ്ടില്‍ മൂന്നു റൗണ്ട് ഓടിച്ചു. ഭയം നിറഞ്ഞ ഒരു ക്ലാസ് മുറിയില്‍ ഒറ്റയ്ക്ക് കൊണ്ടിരുത്തി. ഇത് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. കുട്ടികളെ അനാവശ്യമായി ശിക്ഷിക്കാന്‍ ആര്‍ക്കും അവകാശമില്ല. ടി സി വാങ്ങിപ്പോകേണ്ട എന്ന് കുട്ടിയുടെ പിതാവിനോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. കുട്ടി അവിടെത്തന്നെ പഠിക്കണം. സ്‌കൂളിനെപ്പറ്റി മുന്‍പും ആരോപണങ്ങളുണ്ട്. വൈകി എത്തിയാല്‍ രണ്ടുമൂന്ന് റൗണ്ട് ഓടിക്കുന്ന രീതിയുണ്ട്. നിയമം എന്ന് പറഞ്ഞ് ഡയറിയിലും ഇതൊക്കെ പ്രിന്റ് ചെയ്തിട്ടുണ്ട്. അങ്ങനെയൊക്കെ പ്രിന്റ് ചെയ്യാന്‍ ഇവര്‍ക്ക് ആരാണ് അധികാരം കൊടുത്തത്? വിഷയത്തില്‍ ഇടപെടലുണ്ടാകും’-മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.