മാനന്തവാടി ടൗണിൽ സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് ഡിജിറ്റൽ സ്റ്റിക്കർ അനുവദിക്കാനും പെർമിറ്റ് വെരിഫിക്കേഷൻ നടത്താനും തീരുമാനം. വ്യാഴാഴ്ച ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നഗരസഭയിലെ വിവിധ സ്റ്റാൻഡുകളിൽ സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് തിരിച്ചറിയൽ കാർഡ് അനുവദിക്കാനും കുറുക്കൻമുല ഗവ. എൽപി സ്കൂളിനു മുൻവശം സ്പീഡ് ബ്രേക്കർ സ്ഥാപിക്കാനും യോഗത്തിൽ തീരുമാനമായി.
നഗരസഭയിലെ വിവിധ ഓട്ടോറിക്ഷ സ്റ്റാന്റുകളിൽ കൂടുതൽ പെര്‍മിറ്റുകൾ അനുവദിക്കും. പയ്യംപള്ളി – അഞ്ച്, കൊയിലേരി – നാല്, കുഴിനിലം – രണ്ട്, ഒണ്ടയങ്ങാടി – ഏഴ്, പിലാക്കാവ് – മൂന്ന്, പാൽവെളിച്ചം – നാല് , താഴെയങ്ങാടി – ഒന്ന്, വള്ളിയൂർക്കാവ് – ഒന്ന്, അടിവാരം – നാല് എന്നിങ്ങനെയായിരിക്കും പെർമിറ്റുകൾ അനുവദിക്കുക. മാനന്തവാടി ടൗണിൽ ട്രാഫിക് ഐലന്റ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഗാന്ധി പാർക്കിലുള്ള ഹൈമാസ്റ്റ് ലൈറ്റിനു ചുറ്റുമുള്ള പരസ്യ ബോർഡുകൾ, നടപ്പാതകളിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ കച്ചവടക്കാർ നടപ്പാതകളിലേക്ക് കെട്ടിയിട്ടുള്ള ഷീറ്റുകൾ എന്നിവ അടിയന്തിരമായി നീക്കം ചെയ്യാനും യോഗം ആവശ്യപ്പെട്ടു.
മലയോര ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായി ടൗണിലെ ഇന്റര്‍ലോക്ക് പ്രവൃത്തികളും നടപ്പാതകളിൽ കൈവരി സ്ഥാപിക്കുന്ന ജോലികളും അടിയന്തിരമായി പൂര്‍ത്തിയാക്കാൻ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് നിർദേശം നൽകി.
മുൻസിപ്പൽ കൗൺസിൽ ഹാളിൽ നടന്ന യോഗത്തിൽ ചെയർപേഴ്സൺ സി കെ രത്നവല്ലി അധ്യക്ഷത വഹിച്ചു.
മാനന്തവാടി നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ലേഖ രാജീവൻ, വിപിൻ വേണുഗോപാൽ, കൗൺസിലർമാരായ പി വി ജോർജ്ജ്, അബ്ദുൾ ആസ്സിഫ്, വി യു ജോയി, ടി ജി ജോൺസൺ, എഎംവി ഐ സനിൽ കുമാർ, എസ്ഐ ശിവാനന്ദൻ, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ നിത്യ മോൾ, ട്രാഫിക് യൂണിറ്റ് എസ്ഐ സെബാസ്റ്റ്യൻ, നഗരസഭ അസി. സെക്രട്ടറി എ ആർ രമ്യ, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.