ദുബൈ: കുടുംബങ്ങൾക്ക് വിനോദസഞ്ചാരം, ചികിത്സ, രോഗിയോടൊപ്പം അനുഗമിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നതിന് ഗ്രൂപ് വിസ അനുവദിക്കുമെന്ന് അധികൃതർ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയാണ് (ഐ.സി.പി) ഇക്കാര്യം അറിയിച്ചത്.
സ്മാർട്ട് ചാനലുകളിലൂടെ ലഭ്യമാകുന്ന വിസ, എൻട്രി പെർമിറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട 15 സേവനങ്ങൾ അപ്ഡേറ്റ് ചെയ്തത് അറിയിച്ചാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. 60, 180 ദിന കാലയളവിലേക്കുള്ള സിംഗിൾ, മൾട്ടിപ്പിൾ എൻട്രി വിസകളാണ് ഇത്തരത്തിൽ ലഭിക്കുക. ഇതു സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
പ്രാബല്യത്തിൽ വരുന്നതോടെ പ്രവാസികളടക്കമുള്ളവർക്ക് ഉപകാരപ്പെടുന്ന സംവിധാനമാകുമിത്. 90 ദിവസത്തെ സന്ദർശക വിസ ഉടമകൾക്ക് 30 ദിവസത്തേക്ക് ഒറ്റത്തവണ വിസ നീട്ടലിനും പുതിയ പരിഷ്കരണം അനുമതി നൽകുന്നുണ്ട്. 1000 ദിർഹമാണ് ഇതിന് ചെലവ് വരുന്നത്.
എന്നാൽ, രാജ്യംവിട്ട് പുതിയ വിസയിൽ വരുമ്പോൾ രണ്ടോ മൂന്നോ മാസം താമസിക്കാൻ കഴിയും. യു.എ.ഇ താമസ വിസയുള്ളവർക്ക് മാതാപിതാക്കൾ, പങ്കാളി, മക്കൾ എന്നിവരെ സ്വന്തം സ്പോൺസർഷിപ്പിൽ 90 ദിവസത്തെ വിസയിൽ കൊണ്ടുവരാനും പുതിയ പരിഷ്കരണം വഴി സാധിക്കും.
കുറഞ്ഞത് 8000 ദിർഹമോ അതിൽ കൂടുതലോ ശമ്പളമുള്ളവർക്കാണ് വ്യക്തിഗത വിസ ലഭിക്കുക. കൂടാതെ സ്വന്തം പേരിൽ കെട്ടിട വാടകക്കരാർ ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.
അതുപോലെ ആറുമാസത്തിൽ കൂടുതൽ കാലാവധിയുണ്ടെങ്കിൽ റെസിഡൻസി വിസ പുതുക്കുന്നത് നിരോധിച്ചിട്ടുമുണ്ട്.പാസ്പോർട്ട് അപേക്ഷകൾ സമർപ്പിക്കുമ്പോൾ വിരലടയാളത്തിൽനിന്ന് നിശ്ചയദാർഢ്യ വിഭാഗത്തിലെ പൗരന്മാർക്ക് ഇളവ് നൽകുന്നതടക്കം മറ്റു നടപടികളും പ്രഖ്യാപനത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.