ചർമത്തെ സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന സൺസ്ക്രീനുകൾ അപകടകാരിയാണെന്ന തരത്തിൽ പലതരം പ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ നടക്കുന്നത്. ചർമത്തെ അൾട്രാ വൈലറ്റ് രശ്മികളിൽ നിന്നും സൺസ്ക്രീൻ സംരക്ഷിക്കുമെന്ന് പലതരം പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതും സൂര്യാഘാതത്തിൽ നിന്നും ചർമത്തിലുണ്ടാകുന്ന കാൻസറിൽ നിന്നുമെല്ലാം ഇവ സംരക്ഷണം നൽകുമെന്നാണ് ഗവേഷണങ്ങളും സൂചിപ്പിക്കുന്നത്.
എന്നിരുന്നാലും ചില ഇൻഫ്ളുവൻസർമാരും ഓൺലൈൻ വിദഗ്ദരും വാദിക്കുന്നത് സൺസ്ക്രീനുകൾ ടോക്സിക്കാണെന്നാണ്. മാത്രമല്ല ഇവയിലുള്ള രാസവസ്തുക്കൾ ചർമത്തിൽ കാൻസറിന് കാരണമാകുമെന്നും ഇവർ പറയുന്നു. അതിനിടയിലാണ് ജോൺസ് ഹോപ്കിൻസ് പബ്ലിക്ക് ഹെൽത്ത് അക്കൗണ്ടിൽ ഡോ അഷാനി വീരരത്ന ഇതിലെ വാസ്തവമെന്താണെന്ന് വിശദീകരിച്ചിരിക്കുന്നത്.
ത്വക്കിലുണ്ടാകുന്ന അർബുദത്തെ കുറിച്ചുള്ള ധാരണ എല്ലാവർക്കുമുണ്ടാകണമെന്നും വർഷത്തിലൊരിക്കലെങ്കിലും നമ്മുടെ ചർമം പരിശോധിക്കാൻ സമയം കണ്ടെത്തണമെന്നും ഡോക്ടർ പറയുന്നു. നിങ്ങളുടെ ചർമത്തിലെവിടെയാണെങ്കിലും അത് കൈപത്തി, പാദത്തിന് താഴ്ഭാഗം, നഖങ്ങൾക്ക് അടിഭാഗം എന്നിവിടങ്ങളിലൊക്കെ കാൻസർ വരാൻ സാധ്യതയുണ്ട്. ആർക്കുവേണമെങ്കിലും ഇത്തരം കാൻസർ ഉണ്ടാവാമെന്ന് ഡോക്ടർ പറയുന്നു.