കൊവിഡിന്റെ രണ്ടാം തരംഗത്തിൽ വർധിച്ചു വരുന്ന രോഗികളുടെ എണ്ണം മൂലം ആശുപത്രിയിൽ വേണ്ടത്ര ബെഡുകളും ഓക്സിജനും ഉണ്ടാവാതിരിക്കുന്ന സാഹചര്യം ഇന്ത്യയിൽ ഉടനീളം നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ആശുപത്രിയിൽ ചികിത്സ വേണ്ടവർക്ക് മാത്രമേ മെഡിക്കൽ ഉദ്യോഗസ്ഥർ അത് ശുപാർശ ചെയ്യുന്നുള്ളു. അല്ലാത്തവർക്ക് ഹോം ക്വാറന്റൈൻ ആണ് നിർദ്ദേശിക്കുന്നത്. ഹോം ക്വാറന്റൈൻ ചെയ്യുമ്പോൾ മറ്റു ആളുകൾക്ക് രോഗം പടരാനുള്ള സാധ്യത പൂർണമായും ഇല്ലാതാക്കുക എന്നുള്ളത് നമ്മുടെ കർത്തവ്യം ആണ്. കാരണം രണ്ടാം തരംഗത്തിൽ അതിവേഗമാണ് രോഗം വ്യാപിക്കുന്നത്. എന്നാൽ ഹോം ക്വാറന്റൈനിൽ എന്തൊക്കെ കാര്യങ്ങൾ ആണ് ശ്രദ്ധിക്കേണ്ടതെന്ന് നമുക്ക് പൂർണമായും അറിയാമോ..? നോക്കാം…
കൊവിഡ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. ശ്വാസകോശ സംബന്ധിയായ രോഗം ഇല്ലെങ്കിൽ കൂടി രോഗികൾ ആയവരൊക്കെ ഒരു പൾസ് ഓക്സിമീറ്റർ കയ്യിൽ കരുതുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. പൾസ് ഓക്സി മീറ്റർ ഉപയോഗിച് ഓക്സിജൻ ലെവൽ ഇടയ്ക്കിടയ്ക്ക് പരിശോധിക്കാവുന്നതാണ്. ഓക്സിജൻ ലെവൽ 95 ൽ കുറവാണെങ്കിൽ എത്രയും പെട്ടെന്ന് ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുക. ഹോം ക്വാറന്റൈൻ സൗകര്യം ഉണ്ടോ എന്നുള്ളത് തീർച്ചപ്പെടുത്താൻ നമ്മുടെ വീട്ടിൽ അറ്റാച്ച്ഡ് ബാത്രൂമും വായു സഞ്ചാരമുള്ള മുറിയും ഉണ്ടോ എന്ന് നോക്കിയാൽ മതി. രോഗിക്ക് ഭക്ഷണം സമയാസമയം യാതൊരു വിധത്തിലുമുള്ള ഇടപഴകലുകൾ ഇല്ലാതെ വേണം നൽകാൻ. രോഗിയടക്കം വീട്ടിലെ എല്ലാവരും മാസ്ക്കും സാനിറ്റയ്‌സറും ഉപയോഗിക്കുക.രോഗിയുമായി പ്രൈമറി കോൺടാക്ട് ഉണ്ടെന്ന് തോന്നുന്ന വ്യക്തിയും ഏഴു ദിവസത്തിന് ശേഷം പരിശോധനക്ക് വിധേയമാകണം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ചു കൊവിഡ് രോഗികളുടെ എണ്ണത്തിൽ വന്ന മാറ്റം മൂലം ഇപ്പോൾ രോഗികളായി ക്വാറന്റൈനിൽ കഴിയുന്ന എല്ലാവരും പത്തു ദിവസത്തിന് ശേഷം ടെസ്റ്റ് ചെയ്യണം എന്ന് നിർബന്ധം ഇല്ല. വീണ്ടും എന്തെങ്കിലും രീതിയിലുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം അത്തരക്കാർ ടെസ്റ്റ് ചെയ്താൽ മതിയാകും. ലക്ഷണങ്ങൾ ഒന്നും ഇല്ലെങ്കിൽ റിവേഴ്‌സ് ക്വാറന്റൈൻ കൂടി കഴിഞ്ഞതിനു ശേഷം അയാൾക്ക് പതിനേഴാം ദിവസം ക്വാറന്റൈൻ അവസാനിപ്പിക്കാവുന്നതാണ്. ക്വാറന്റൈൻ അവസാനിച്ചു എന്ന് കരുതി അത് വീണ്ടും രോഗം വരില്ല എന്നോ ഇനി ധൈര്യമായി പുറത്തിറങ്ങാൻ കഴിയും എന്നോ സങ്കൽപ്പിക്കരുത്.