മാസങ്ങളായി സ്വർണ്ണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നതോടെ രാജ്യത്തെ ബാങ്കുകളിലും ബാങ്കിംഗ് ഇതരധനകാര്യ സ്ഥാപനങ്ങളിലും സ്വർണ്ണപണയ വായ്പയിൽ വൻ വർധനവ്. കഴിഞ്ഞ ജൂൺ മാസം വരെ മാത്രം സ്വർണ്ണവായ്പ മുൻവർഷത്തേക്കാൾ 122ശതമാനം കൂടിയെന്നാണ് റിസർവ്വ് ബാങ്ക് കണക്ക്. സ്വർണ്ണവില കൂടിയതോടെ പണയത്തിലുള്ള സ്വർണ്ണമെടുത്ത് അനധികൃത വില്പന നടത്തുന്ന സംഘങ്ങൾക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് സ്വർണ്ണവ്യാപാരികളുടെ സംഘടന ധനമന്ത്രിക്ക് പരാതി നൽകി.
സ്വർണവില അടിവച്ചടിവച്ച് കുതിക്കുകയാണ് നാട്ടിൽ. പുതിയ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ വില വർധന പേടിപ്പിക്കുന്നെങ്കിലും വില കുറഞ്ഞ കാലത്ത് സ്വർണം വാങ്ങിവച്ചവരുടെ കാര്യം അങ്ങിനെയല്ല. വീട്ടിൽ സ്വർണ്ണം വെച്ചിട്ടെന്തിന്, നാട്ടിൽ തേടി നടപ്പൂ എന്ന പരസ്യ വാചകം അന്വർത്ഥമാവുകയാണ്. അണിയാനുള്ള ഭംഗിയുള്ള ആഭരണം മാത്രമല്ല, വിലപിടിപ്പുള്ള നിക്ഷേപസാധ്യതയുള്ള മഞ്ഞലോഹത്തിന്റെ വില ശരിക്കും മലയാളി തിരിച്ചറിയുകയാണ്. സ്വർണ്ണവായ്പ മേളകൾ സജീവമാക്കിയ ബാങ്കുകളിൽ പണയം അനുവദിച്ച തുകയിൽ ഇരട്ടിയാണ് സമീപകാലത്തെ ശരാശി വർധനവ്.
2000ടൺ സ്വർണ്ണം മലയാളിയുടെ കൈവശം നിക്ഷേപമായുണ്ടെന്നാണ് സ്വർണ്ണവ്യാപാരികളുടെ സംഘടനയുടെ കണക്ക്. സ്വർണ്ണം വീട്ടിൽ വയ്ക്കുന്നത് റിസ്കുണ്ട്. ലോക്കറിൽ വയ്ക്കാനും ബാങ്കിൽ പണം അടയ്ക്കണം. എങ്കിൽ പിന്നെ വില ലക്ഷമെത്തിയതോടെ പണയം വയ്ക്കുന്നതിൽ ജനങ്ങൾക്ക് വരുമാന വ്യത്യാസമില്ല. നാണക്കേടെന്ന ചിന്തയിലും മാറ്റം പ്രകടം. കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തേക്കാൾ 60ശതമാനമാണ് സ്വർണ്ണവില ഉയർന്നത്. ഇനി സ്വർണ വില കുറഞ്ഞാലും ബാങ്കുകൾക്ക് നഷ്ടം വരാത്ത രീതിയിലാണ് സ്വർണ വായ്പാ ക്രമീകരണം. ഇതിന് റിസർവ്വ് ബാങ്കിന്റെ നിയന്ത്രണങ്ങളുമുണ്ട്.