തിരുനെല്ലി: യാത്രക്കാരുടെ ജീവൻ പണയംവെച്ച് നിരന്തരം അപകടകരമായി ബസ് ഓടിക്കുന്നുവെന്ന് ആരോപിച്ച് മാനന്തവാടി-കുട്ട റൂട്ടിലെ കെഎസ്ആർടിസി ഡ്രൈവർ സുനിമോനെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.മറ്റ് വാഹനങ്ങൾക്ക് നേരെ ബസ് ഓടിച്ച് പ്രകോപനം സൃഷ്ടിക്കുക, യാത്രക്കാരോട് അപമര്യാദയായി പെരുമാറുക തുടങ്ങിയ പരാതികൾ ഇയാൾക്കെതിരെ നിരന്തരമായി ഉയരുന്നുണ്ടെന്ന് ഡിവൈഎഫ്ഐ തിരുനെല്ലി മേഖലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
രണ്ട് വർഷം മുൻപ് സ്ത്രീകളോട് മോശമായി പെരുമാറിയതിന് ഇതേ ഡ്രൈവറെ തിരുനെല്ലി റൂട്ടിൽ വെച്ച് ഡിവൈഎഫ്ഐ തടയുകയും അധികൃതർക്ക് പരാതി നൽകുകയും ചെയ്തിരുന്നുവെന്നും പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു. മനോനില തെറ്റിയതുപോലെ പെരുമാറുന്ന ഇത്തരം ജീവനക്കാരെ സർവീസിൽ തുടരാൻ അനുവദിച്ചാൽ തെരുവിൽ തടയുമെന്നും ഡിവൈഎഫ്ഐ മുന്നറിയിപ്പ് നൽകി.








