ബസ്സുകള്‍ വിമാനങ്ങള്‍ എന്നിവയെ അപേക്ഷിച്ച് യാത്രചെയ്യാന്‍ ആളുകള്‍ തെരഞ്ഞെടുക്കുന്ന സൗകര്യപ്രദമായ മാര്‍ഗ്ഗമാണ് ട്രെയിന്‍. രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളെപ്പോലും ബന്ധിപ്പിക്കുന്ന ഇന്ത്യന്‍ റെയില്‍വെ യാത്രക്കാരുടെ സൗകര്യത്തിനായി പല പുതിയ പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്. ട്രെയിന്‍ യാത്രയില്‍ യാത്രക്കാര്‍ പാലിക്കേണ്ടതായുള്ള ചില നിയമങ്ങള്‍ ഇന്ത്യന്‍ റെയില്‍വേയുടേതായുണ്ട്. എന്നാല്‍ ഇപ്പോഴും യാത്രക്കാര്‍ക്ക് അറിയാന്‍ ആഗ്രഹമുള്ള ഒരു കാര്യമാണ് ഇന്ത്യന്‍ റെയില്‍വെയുടെ മദ്യനിയമങ്ങള്‍.
ഇന്ത്യന്‍ റെയില്‍വെയില്‍ മദ്യം കൊണ്ടുപോകാനുള്ള നിയമങ്ങള്‍ വളരെ കര്‍ശനമാണ്. ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ ഡ്യൂട്ടി സമയത്ത് മദ്യപിക്കുന്നത് റെയില്‍വെ കര്‍ശനമായി വിലക്കുന്നുണ്ട്. അതുപോലെ റെയില്‍വെയുടെ മദ്യനിയമങ്ങള്‍ റോഡ് യാത്രയിലേയും വിമാനയാത്രയിലേയും അപേക്ഷിച്ച് വളരെ വ്യത്യസ്തമാണ്.
ട്രെയിനുകളില്‍ മദ്യം കൊണ്ടുപോകുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ട്രെയിന്‍ യാത്രയില്‍ മദ്യം കഴിക്കുന്നതും കൊണ്ടുപോകുന്നതും യാത്രക്കാര്‍ക്ക് സുരക്ഷാഭീഷണി ഉയര്‍ത്തുക മാത്രമല്ല മറ്റ് യാത്രക്കാര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യുമെന്നാണ് റെയില്‍വെ നിയമങ്ങളില്‍ പറയുന്നത്. ട്രെയിനില്‍ മദ്യപിക്കുന്നതായി കണ്ടെത്തിയാല്‍ തടവും പിഴയും ലഭിക്കും. മദ്യം കൊണ്ടുപോകുന്നതായി അറിവ് ലഭിച്ചാല്‍ 5000 മുതല്‍ 25000 രൂപവരെ പിഴ ചുമത്താം.
മദ്യനിരോധനമുള്ള സംസ്ഥാനങ്ങളായ ബിഹാര്‍, ഗുജറാത്ത്,നാഗാലാന്‍ഡ്, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ അടച്ച കുപ്പിയില്‍പോലും മദ്യം കൊണ്ടുപോകുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കപ്പെടുന്നു. ഇവിടെ മദ്യം കൊണ്ടുപോകുന്നത് പിടിക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് പിഴയും തടവും നേരിടേണ്ടിവരും.






