45 വർഷങ്ങൾക്കു മുമ്പ് ഒൻപതാം ക്ലാസിൽ ഉപേക്ഷിച്ച സ്വപ്നങ്ങൾക്കുവേണ്ടി അറുപതാം വയസ്സിൽ ചിറകു വിരിക്കുകയാണ് അയ്യപ്പൻ. എസ്.കെ.എം.ജെ ഹൈസ്കൂളിൽ നടന്ന പത്താംതരം തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ ഏറെ സന്തോഷത്തിലാണ് അയ്യപ്പനെത്തിയത്. റേഷൻ കടയിലെ സെയിൽസ്‍മാനായ അദ്ദേഹം പരീക്ഷ കഴിയുംവരെ പകരക്കാരനെ കട ഏൽപ്പിച്ചാണ് പരീക്ഷയെഴുതുന്നത്. ആദ്യ പരീക്ഷയായ മലയാളത്തിന് നല്ല മാർക്ക് ലഭിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. പ്രായമുള്ള പഠിതാക്കൾക്കുള്ള തുല്യതാ പരീക്ഷയിൽ ഒരു ദിവസം രണ്ട് പരീക്ഷ നടത്തുന്നതിൽ അൽപം പരിഭവവും അദ്ദേഹത്തിനുണ്ട്. വെങ്ങപ്പള്ളി സ്വദേശിയായ അയ്യപ്പൻ അവിവാഹിതനാണ്.
ഭിന്നശേഷിക്കാരനായ നിതിനും പരീക്ഷ സഹായിയായ വൈഗയുമൊത്ത് ഇന്നത്തെ പത്താംതരം തുല്യത പരീക്ഷ എഴുതാനെത്തി. സഹോദരിമാരായ ജെസിയയും വാഹിദയും മത്സരിച്ച് പഠിച്ചാണ് പരീക്ഷക്ക് എത്തിയത്. ദമ്പതികളായ 40 കാരൻ അസീസും 39 കാരി സുനീറയും മകളുടെ കൂടെ പ്ലസ് ടു പഠിക്കണമെന്ന ആഗ്രഹത്തോടെ പത്താം തരം തുല്യതയെഴുതുകയാണ്.






