തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും ഒൻപത് ബസുകളിലായി 256 വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ 512 പേരാണ് ആറളത്തെ സ്കൂളിലെത്തിയത്. വിദ്യാർത്ഥികൾക്ക് മികച്ച സൗകര്യങ്ങളാണ് ആറളത്ത് ഒരുക്കിയിരിക്കുന്നത്.
തിരുനെല്ലി ഹോസ്റ്റൽ കെട്ടിടത്തിന്റെ സുരക്ഷ പരിഗണിച്ചാണ് വിദ്യാർത്ഥികളെ അടിയന്തിരമായി ആറളത്തേക്ക് മാറ്റാൻ മന്ത്രി ഒ.ആർ കേളു നിർദേശം നൽകിയത്. ആറളത്തെ പുതിയ സ്കൂളിലെത്തിയ വിദ്യാർത്ഥികളെ പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാർത്ഥികൾ, അധ്യാപകർ, നാട്ടുകാർ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കുട്ടികളെ സുരക്ഷിതരായി സ്കൂളിലെത്തിച്ച ശേഷം രക്ഷിതാക്കളും ഉദ്യോഗസ്ഥരും മടങ്ങി. മാനന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ എം.മജീദ്, അസിസ്റ്റന്റ് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ ടി.കെ മനോജ്, സ്കൂൾ സീനിയർ സൂപ്രണ്ട് ജയൻ നാലുപുരക്കൽ, അധ്യാപകർ, ആശ്രമം സ്കൂൾ ജീവനക്കാർ എന്നിവർ വിദ്യാർത്ഥികൾക്കൊപ്പമുണ്ടായിരുന്നു.








