പുതുവർഷത്തിൽ വമ്പൻ പദ്ധതികളുമായി ഇന്ത്യൻ റെയിൽവേ. ബുള്ളറ്റ് ട്രെയിൻ മുതൽ പരിസ്ഥിതി സൗഹൃദ ഹൈഡ്രജൻ ട്രെയിൻ വരെ നീണ്ടുനിൽക്കുന്ന പദ്ധതികൾ അണിയറയിൽ അതിവേഗം പുരോഗമിക്കുകയാണ്. ഇതിനിടെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളും ട്രാക്കിലെത്തുകയാണ്. ചുരുക്കിപ്പറഞ്ഞാൽ 2026ൽ കുതിച്ചുപായാൻ തന്നെയാണ് റെയിൽവേയുടെ തീരുമാനം.
ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ ആദ്യ റീച്ച് പരീക്ഷണ ഓട്ടം ഈ വര്‍ഷം നടക്കും. മുംബൈ – അഹമ്മദാബാദ് പാതയിൽ 320 കി.മീറ്ററാണ് വേഗം. ഈ പാതയ്ക്ക് 508 കി.മീ ദൈര്‍ഘ്യമുണ്ട്. ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റ് 15 ന് സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രധാന മേഖലകളിൽ ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാനുള്ള സാധ്യതാ പഠനവും കേന്ദ്രം ഉടൻ നടത്തുമെന്നാണ് സൂചന. അതേസമയം, രാജ്യവ്യാപകമായി വൻ സ്വീകാര്യത നേടിയ വന്ദേ ഭാരത് ട്രെയിനുകളുടെ സ്ലീപ്പര്‍ വിഭാഗം ഈ വര്‍ഷം ആദ്യം തന്നെ ഓടും. ദില്ലി – മുംബൈ പാതയിലെ കോട്ട ഡിവിഷണിൽ ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം പൂര്‍ത്തിയായിരുന്നു. അത്യാധുനിക സൗകര്യങ്ങളോടെ എത്തുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ വരവിനായി രാജ്യം കാത്തിരിക്കുകയാണ്. വൈകാതെ തന്നെ ഇവ കേരളത്തിലും ലഭ്യമാകുമെന്നാണ് വിവരം








