തിരുവനന്തപുരം: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിക്കും ഇനി പബ്ലിക്കായി കമന്റ് ചെയ്യാം. സ്റ്റോറീസിനെ പോലെ തന്നെ പരിമിതമായ സമയത്തേക്ക് മാത്രമേ കമന്റുകൾ കാണാനാകൂ. സമയപരിധി കഴിയുമ്പോൾ സ്റ്റോറിക്കൊപ്പം കമന്റും അപ്രത്യക്ഷമാകും. മെറ്റ സിഇഒ മാർക് സക്കർബർഗാണ് പുതിയ ഫീച്ചർ ഇൻസ്റ്റയിൽ വരുന്ന വിവരം അറിയിച്ചത്.
ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുകൾക്ക് സമാനമായ രീതിയിൽ സ്റ്റോറീസിനും ഇനി മുതൽ കമന്റുകൾ രേഖപ്പെടുത്താം. 24 മണിക്കൂർ കഴിയുമ്പോൾ സ്റ്റോറീസ് അപ്രത്യക്ഷമാവുന്നതിനൊപ്പം തന്നെ കമന്റുകളും നീക്കം ചെയ്യപ്പെടും എന്നുമാത്രം. നേരത്തെ തന്നെ സ്റ്റോറീസിനോട് പ്രതികരിക്കാൻ റിപ്ലൈ ഫീച്ചർ ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരുന്നു. ഇത് സ്വകാര്യ സന്ദേശമായാണ് സ്റ്റോറിയുടെ ഉടമയ്ക്ക് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന പുതിയ ഫീച്ചർ വഴി സ്റ്റോറീസിന് നൽകുന്ന കമന്റുകൾ മറ്റ് യൂസർമാർക്ക് കാണാനാവും. എന്നാൽ കമന്റുകൾ മറ്റുള്ളവർ കാണണോ എന്ന് ഉപഭോക്താവിന് സെറ്റിങ്സിൽ തീരുമാനിക്കാനുള്ള ഓപ്ഷനുണ്ട്