സാധാരണക്കാരന്റെ നടുവൊടിച്ചു പച്ചക്കറി വില കുതിക്കുന്നു. വിലക്കയറ്റത്തില്‍ കുടുംബ ബജ്റ്റ് പിടിച്ചു നിര്‍ത്താന്‍ വീട്ടമ്മമാര്‍ പെടാപ്പാടു പെടുകയാണ്.റെക്കോര്‍ഡ് കുതിപ്പു നടത്തി തേങ്ങ മുതല്‍ അടുക്കളയിലെ നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം വില കുതിച്ചു കയറി.
ഉച്ചയ്ക്കു ചോറിനൊപ്പം ബീന്‍സ് തോരന്‍ വെക്കാമെന്നു കരുതിയാല്‍ രണ്ടാഴ്ച മുന്‍പ് കിലോയ്ക്ക് 70 രൂപ ആയിരുന്ന ബീന്‍സിന് ഇപ്പോള്‍ ഹോള്‍സൈല്‍ വില 180 രൂപയാണ്. കാബേജിനും ക്യാരറ്റിനും 60 രൂപ. തോരന്‍ വെക്കാന്‍ കൂടിയ വില നല്‍കി തേങ്ങാകൂടി വാങ്ങണമെന്നതിനാല്‍ തോരന്‍ മോഹം ഉപേക്ഷിക്കാതെ തരമില്ല.
തക്കാളി കൊണ്ടു പരീക്ഷണം നടത്താമെന്നുവെച്ചാല്‍ തക്കാളി വില 60ല്‍ എത്തി, സവാളക്കും നല്‍കണം 60, ചെറിയുള്ളി വാങ്ങണമെങ്കില്‍ രൂപ 70 നല്‍കണം. വെണ്ടയ്ക്ക് കിലോ 40 രൂപ, മുളക് 35 രൂപയും വരെ എത്തി നല്‍ക്കുന്നു.
കിഴങ്ങിനും പടവലത്തിനും കിലോയ്ക്ക് അന്‍പതായി ഉയര്‍ന്നു. ചേനയ്ക്കു വില 70, ബീറ്റ്‌റൂട്ട് 50, വെള്ളരി 30, ഇഞ്ചി 190, വിലിയ നാരങ്ങ 80, പച്ചമാങ്ങ 85, മുരിങ്ങക്ക 100 എന്നിങ്ങനെയാണ് വില നിലവാരം. ഇഞ്ചിക്കൊപ്പം വെളുത്തുള്ളി വിലയും സാധാരണക്കാരുടെ കൈപൊള്ളിക്കും. വെളുത്തുള്ളി കിലോയ്ക്ക് 130 രൂപയില്‍ നിന്ന് 330 കടന്നു കുതിച്ചുകൊണ്ടിരിക്കുകയാണ്.
വില ഉയര്‍ന്നതോടെ മലയാളികള്‍ തങ്ങളുടെ പ്രിയപ്പെട്ട കറികളെല്ലാം ഉപേക്ഷിക്കേണ്ട അവസ്ഥയാണ്. വിപണയില്‍ രണ്ടാഴ്ച കൊണ്ടു വന്ന മാറ്റമാണിതെന്നു വ്യാപാരികള്‍ പറയുന്നു. ഉത്തരേന്ത്യയില്‍ വിളവു കുറഞ്ഞതാണ് സവാളയ്ക്കും ഉള്ളിക്കും വില വര്‍ധിക്കാന്‍ കാരണം. തമിഴ്‌നാട്ടിലും സമാന അവസ്ഥയാണ്.
വിളവ് കുറഞ്ഞതോടെ തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറി വില കുതിച്ചുയരുകയായിരുന്നു. അടുത്തിടെ തമിഴ്‌നാട്ടിലെ ഉല്‍പ്പാദനം കുറഞ്ഞതോടെ തേങ്ങവില 75 രൂപവരെ എത്തിയിരുന്നു.