തലപ്പുഴ: വയനാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളേജിന്റെ ചരിത്രത്തിലെ ആദ്യ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. 2024 ബാച്ചിന്റെ ബിരുദദാന ചടങ്ങ് മുഖ്യാതിഥിയായ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. ഷാലിജ്. പി. ആര്‍ ഉദ്ഘാടനം ചെയ്തു. ഡോ.വി.സജിത്ത്, (പ്രൊഫ:എന്‍ഐടി കാലിക്കറ്റ്), മുന്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.അനിത വി. എസ്, ഡോ: ജാസ്മിന്‍ ഇ.എ (പ്രിന്‍സിപ്പാള്‍ ജിഇസി കാലിക്കറ്റ് ) എന്നിവര്‍ അതിഥികളായ ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ: രാജേഷ്. എം അധ്യക്ഷത വഹിക്കുകയും ഡോ. രമേഷ് കുമാര്‍. പി സ്വാഗതം ആശംസിക്കുകയും ചെയ്തു.
ചടങ്ങില്‍ പിടിഎ, അലൂമിനി അസ്സോസിയേഷന്‍ ഭാരവാഹികള്‍, യുജി, പിജി ഡീന്‍, വകുപ്പ് മേധാവികള്‍, മറ്റു അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധി എന്നിവര്‍ സാന്നിധ്യം അറിയിച്ചു. ബിരുദവും ബിരുദാനന്തര ബിരുദവം ഉള്‍പ്പെടെ 140 ഓളം വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുത്തു. 1999 ഇല്‍ പ്രവര്‍ത്തനമാരംഭിച്ച വയനാട് ജില്ലയുടെ അഭിമാനമായ ഏക എഞ്ചിനീയറിംഗ് കോളേജില്‍ നിലവില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ വിഭാഗം ബി.ടെക്ക് കോഴ്‌സുകള്‍ക്ക് എന്‍ബിഎയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.